ഖുര്‍ആന്റെ മുന്നറിയിപ്പും മുല്ലപ്പെരിയാറും

'ലോകാവസാനത്തിനു മുമ്പായി നശിപ്പിക്കപ്പെടുകയോ കഠിനമായി ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരു നാടും ഉണ്ടാകുന്നതല്ല' എന്ന ഖുര്‍ആന്റെ പ്രഖ്യാപനം മുല്ലപ്പെരിയാറിന്നു ബാധകമാകുമോ?
ദൈവനിഷേധികളായി കഴിയുകയും അനീതിയിലും അക്രമത്തിലും മറ്റും മുഴുകി ജീവിക്കുകയും പ്രവാചകന്മാരുടെ ഉപദേശങ്ങള്‍ ചെവിക്കൊള്ളാതിരിക്കുകയും ചെയ്ത പ്രാചീന ജനതകളെ അല്ലാഹു നശിപ്പിച്ചതിന്റെ കഥകള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഇത് ബാധകമാണ്. സമീപകാലത്തും വെള്ളപ്പൊക്കം, ഭൂകമ്പം മുതലായ പ്രകൃതി വിപത്തുകള്‍ മൂലം എത്രയോ പട്ടണങ്ങള്‍ തുടച്ചുനീക്കപ്പെട്ടതായി നമുക്കറിയാം.

ഈസാനബിക്കു ശേഷം തകര്‍ന്നടിഞ്ഞ അനേകം അണക്കെട്ടുകളുടെ കഥ ചരിത്രത്തിലുണ്ട്. അവയിലൊന്നാണ് യമനിലെ മആരിബ് ഡാം. ആധുനിക യമന്റെ തലസ്ഥാനമായ സന്‍ആയില്‍ നിന്ന് 50 നാഴിക അകലെയുള്ള സബഅ് പട്ടണത്തിലായിരുന്നു ഈ ഡാം. ഇതിന്റെ തകര്‍ച്ചയെപ്പറ്റിയും അതിനുമുമ്പ് വളരെ സമ്പല്‍സമൃദ്ധമായിരുന്ന ആ നാട്ടിനെ ദൈവശിക്ഷ ബാധിച്ചതിനെപ്പറ്റിയും 1500 കൊല്ലംമുമ്പ് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനിലുണ്ട്. സബഅ് എന്ന അധ്യായത്തില്‍ ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു 'തീര്‍ച്ചയായും സബഅ് ദേശക്കാര്‍ക്ക് തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തങ്ങളുണ്ടായിരുന്നു. അതായത് വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങള്‍. അവരോട് പ്രവാചകന്‍ പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുകയും അവനോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക.' നല്ലൊരു രാജാവും ഏറെ പൊറുക്കുന്ന രക്ഷിതാവുമാണവന്‍. എന്നാല്‍ ആ ജനത പിന്തിരിഞ്ഞു കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം(അല്ലാഹു) അയച്ചു. അവരുടെ രണ്ട് തോട്ടങ്ങള്‍ക്ക് പകരം (പിന്നീട്) കയ്പ്പുള്ള കായ്കനികളും കാറ്റാടി മരവും അല്പം ചില വാകമരങ്ങളും മുള്‍ച്ചെടികളും ഉള്ള രണ്ട് തോട്ടങ്ങള്‍ നാം അവര്‍ക്ക് നല്‍കുകയും ചെയ്തു. അവര്‍ നന്ദികേട് കാണിച്ചതിന്ന് നാം അവര്‍ക്ക് പ്രതിഫലമായി നല്‍കിയതാണത്. കടുത്ത കൃതഘ്‌നത കാണിക്കുന്നവന്റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ? അവര്‍ക്കും നാം അനുഗ്രഹം നല്‍കിയ(സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞു കാണാവുന്ന പല ഗ്രാമങ്ങളും നാം ഉറപ്പാക്കി. അവിടെ നാം യാത്രക്ക് താവളങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. രാപ്പകലുകളില്‍ നിര്‍ഭയരായിക്കൊണ്ട് നിങ്ങള്‍ അതിലൂടെ സഞ്ചരിച്ചുകൊള്ളുക എന്ന് (നാം നിര്‍ദേശിക്കുകയും ചെയ്തു).' 34: 15-18

ഈ വാക്യങ്ങളുടെ വ്യാഖ്യാനം ഇങ്ങനെ സംഗ്രഹിക്കാം: ഡാമിന്റെ ജലപ്രവാഹം വഴി കനാലുകള്‍ നിര്‍മിക്കപ്പെടുകയും ജലസേചനം വഴി സിറിയവരെ രാജ്യം ഫലഭൂയിഷ്ഠമാക്കുകയും തുറമുഖങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സ്ഥാപിതമാകുകയും ചെയ്തു. കാര്‍ഷിക, ജലസേചന രംഗങ്ങളിലും എഞ്ചിനീയറിങ് വൈദഗ്ധ്യത്തിലും യമന്‍ ജനത അഹങ്കരിക്കുകയും പൊങ്ങച്ചം കാണിക്കുകയും ചെയ്തു. ദൈവാനുഗ്രഹങ്ങളെ മറന്ന് ജീവിച്ച സബഅ് നഗരം മആരിബ് ഡാമിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് കാട്ടുചെടികളും കള്ളിമുള്‍ച്ചെടികളും പാഴ്മരങ്ങളും വളര്‍ന്ന് ഉപയോഗശൂന്യമായ നാടായി മാറി. കായ്കനികള്‍ കയ്പ്പുള്ളവയായിത്തീര്‍ന്നു.

ഡാം തകരുനനതനുമുമ്പുള്ള സ്ഥിതി 1813 ല്‍ ആ ദുരന്തഭൂമി സന്ദര്‍ശിച്ച് ഫ്രഞ്ച് സഞ്ചാരി ടി ജെ ആര്‍നോള്‍ഡ് രേഖപ്പെടുത്തിയതായി അബ്ദുല്ല യൂസുഫ് അലി തന്റെ വിഖ്യാതമായ ഇംഗ്ലിഷ് ഖുര്‍ആന്‍ പരിഭാഷയില്‍ പറയുന്നു. (1934 ല്‍ ലാഹോറിലെ പ്രസിദ്ധ ഇസ്‌ലാമിക പ്രസിദ്ധീകരണമായ മുഹമ്മദ് അഷ്‌റഫ് ആണ് ഈ പരിഭാഷ പ്രസിദ്ധീകരിച്ചത്.) ദുരന്തത്തെപ്പറ്റി ഖുര്‍ആനില്‍ പറഞ്ഞ കാര്യങ്ങള്‍ ആര്‍നോഡ് ശരിവെച്ചത് ഖുര്‍ആന്റെ അമാനുഷികതക്കുള്ള മറ്റൊരു തെളിവാണ്. സുലൈമാന്‍ നബി(സോളമന്‍)യുടെയും അദ്ദേഹത്തിന്റെ കൈക്ക് ഇസ്‌ലാംമതം ആശ്ലേഷിച്ച യമനിലെ രാജ്ഞി ബല്‍കീസിന്റെയും കാലത്തിനുശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട് പണിത മആരിബ് ഡാമിന്റെ നീളം രണ്ട് മൈലും ഉയരം 120 അടിയുമായിരുന്നുവെന്ന് ഫ്രഞ്ച് സഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്. എ ഡി 120 ലോ അതിനുശേഷമോ ആയിരുന്നു നാശം. സബഅ് ലെ ഡാം തകര്‍ന്നതിനാല്‍ എത്ര ലക്ഷം പേര്‍ മരിച്ചുവെന്നറിയില്ല. ഇതുമൂലം സമ്പല്‍സമൃദ്ധമായിരുന്ന യമനിലുണ്ടായ ദുരന്തങ്ങളെപ്പറ്റി ഊഹിക്കാവുന്നതാണ്.

നമ്മുടെ മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ 40 ലക്ഷം പേര്‍ക്ക് ജീവഹാനി സംഭവിക്കുമെന്നാണ് കേരളസര്‍ക്കാരിന്റെ കണക്ക്. പ്രധാനമന്ത്രിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും നിസ്സംഗതമൂലം വന്‍ദുരന്തമുണ്ടായാല്‍, 'കരയിലും കടലിലും മനുഷ്യന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചതിനാല്‍ (ഭൂമിയില്‍) കുഴപ്പമുണ്ടായി'’എന്ന ഖുര്‍ആന്‍ വാക്യം അന്വര്‍ഥമാകും.

മുല്ലപ്പെരിയാര്‍ തകരുകയും തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ചും തമിഴരും മലയാളികളും തമ്മില്‍ ആക്രമണങ്ങള്‍ നടമാടുകയും ചെയ്താല്‍ അത് ദൈവശിക്ഷയായിക്കരുതാം. കേരളത്തേക്കാളും പാപപങ്കിലമായ നാടുകള്‍ വേറെ ഉള്ള സ്ഥിതിക്ക് നമ്മെ ദൈവം ശിക്ഷിക്കുകയില്ലെന്ന് കരുതരുത്. ദൈവം ചിലരെ ഇഹലോകത്ത് വെച്ച് ശിക്ഷിക്കും. ചിലര്‍ക്ക് ചെറിയശിക്ഷ, പരലോകത്ത് വലിയ ശിക്ഷ. മറ്റുചിലര്‍ക്ക് ഇഹലോകത്തും പരലോകത്തും ശിക്ഷ. ചിലര്‍ക്ക് മാപ്പ് നല്‍കും, വേറെ ചിലരുടെ ശിക്ഷ അവന്‍ നീട്ടിവെക്കും. ആരെ, എപ്പോള്‍ എങ്ങനെ ശിക്ഷിക്കണമെന്നത് അല്ലാഹുവിന്റെ അഭീഷ്ടമാണ്.

എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. 'നിങ്ങളില്‍പ്പെട്ട അക്രമകാരികളെ മാത്രമല്ല ശിക്ഷ പിടികൂടുക, സൂക്ഷിക്കുക.'(ഖുര്‍ആന്‍)

by മൂസക്കോയ പാലാട്ട് @ വര്‍ത്തമാനം

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts