ഹിജ്‌റ : പരിശുദ്ധിയുടെ പുതുവര്‍ഷം

പുതിയൊരു വര്‍ഷം പിറന്നിരിക്കുന്നു. ഒരു ആരവവുമില്ലാതെ, ഹിജ്‌റ 1433. രണ്ടായിരത്തി പന്ത്രണ്ടാമാണ്ടിന്റെ പിറവി അടുത്തുകൊണ്ടേയിരിക്കുന്നു. അതിനിടയ്‌ക്ക്‌ കടന്നുവന്ന ഈ അതിഥിയെ ശ്രദ്ധിക്കാതിരിക്കുന്നത്‌ സ്വാഭാവികം. അല്ലെങ്കിലും മുസ്‌ലിംകള്‍പോലും ഹിജ്‌റ കലണ്ടറിനെ അവഗണിക്കുകയല്ലേ പതിവ്‌.

മുഹര്‍റം, റമദാന്‍, ദുല്‍ഹിജ്ജ എന്നീ മാസങ്ങള്‍ പിറക്കുമ്പോള്‍ അനുഷ്‌ഠാനങ്ങളുമായി ബന്ധപ്പെട്ടതായതു കൊണ്ട്‌ അവയെ ഓര്‍ക്കുന്നു. ഹിജ്‌റ കൊല്ലവും തിയ്യതിയും നിത്യജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന ഒരു സംസ്‌കാരം ദൗര്‍ഭാഗ്യവശാല്‍ മുസ്‌ലിംകള്‍ക്കിടയില്‍ വളര്‍ത്തപ്പെട്ടില്ല.

യഥാര്‍ഥത്തില്‍ ക്രിസ്‌തുവര്‍ഷവും ഹിജ്‌റവര്‍ഷവും തമ്മില്‍ അവയുടെ ചരിത്രപശ്ചാത്തലത്തിലെന്ന പോലെ അവ ഉളവാക്കുന്ന അനുഭൂതിവിശേഷത്തിലും വലിയ വ്യത്യാസമുണ്ട്‌. ഹിജ്‌റ, ആ പേര്‌ ധ്വനിപ്പിക്കുംപോലെ വിശ്വാസദാര്‍ഢ്യത്തെയും അതിനു വേണ്ടി പ്രിയപ്പെട്ടതെന്തും ഉപേക്ഷിച്ചു നടത്തുന്ന ത്യാഗത്തെയും അനുസ്‌മരിപ്പിക്കുന്നു. ക്രിസ്‌തുവര്‍ഷത്തിന്റെ ഒന്നാം മാസമായ ജനുവരിയില്‍ നിന്ന്‌ വ്യത്യസ്‌തമായി മുഹര്‍റത്തില്‍ സുപ്രധാനമായ ഒരു കര്‍മം- ഉപവാസം അനുഷ്‌ഠിക്കപ്പെടുന്നു. ഹിജ്‌റ വര്‍ഷ നിര്‍ണയത്തിന്റെ അടിസ്ഥാനം തന്നെ ചന്ദ്രക്കലയാണ്‌. ഈ ചന്ദ്രക്കലയെ ആധാരമാക്കിയാണ്‌ നോമ്പും ഹജ്ജും പെരുന്നാളും ആചരിക്കപ്പെടുന്നത്‌. ചന്ദ്രക്കല കാണുമ്പോള്‍ തന്നെ വിശ്വാസിയുടെ ഉള്ളില്‍ അവാച്യമായ ഒരാത്മീയ സൗന്ദര്യം അനുഭവപ്പെടുന്നു. ചന്ദ്രക്കലയുളവാക്കുന്ന ബാഹ്യസൗന്ദര്യം ആസ്വദിക്കാത്ത ഒരു സഹൃദയനുമുണ്ടാവുകയില്ല. പക്ഷേ, അതില്‍ അന്തര്‍ലീനമായ ആന്തരികരഹസ്യങ്ങളെയും അത്‌ ദ്യോതിപ്പിക്കുന്ന ദൈവിക മഹത്വത്തെയും വായിക്കാന്‍ വിശ്വാസിയുടെ കണ്ണിനു മാത്രമേ കഴിയുകയുള്ളൂ. ഓരോ ചന്ദ്രക്കലയും ആയുസ്സില്‍നിന്ന്‌ കടന്നുപോയ ഒരു മാസത്തെയും അഭിമുഖീകരിക്കാന്‍ പോകുന്ന പുതിയ മാസത്തെയും പറ്റി മനുഷ്യനെ ഉണര്‍ത്തുന്നു. അറബി അക്ഷരമാലയിലെ `നൂന്‌' പോലെ പ്രത്യക്ഷപ്പെട്ട്‌ പൗര്‍ണമിയായി വളര്‍ന്നു വീണ്ടും പൂര്‍വസ്ഥിതിയിലേക്ക്‌ ക്ഷയിക്കുന്ന ചന്ദ്രക്കലയും അതിന്റെ പോക്കുവരവുമെല്ലാം കാലം എന്ന ഒരു സത്യത്തിന്റെ നേരെയാണ്‌ വിരല്‍ചൂണ്ടുന്നത്‌.

ഓരോ പുതിയ വര്‍ഷം പിറക്കുമ്പോഴും കാലം എന്ന മഹാത്ഭുതത്തെപ്പറ്റിയുള്ള ചിന്ത ഉയര്‍ന്നുവരുന്നു. കാലം എപ്പോള്‍ തുടങ്ങി? എപ്പോള്‍ അവസാനിക്കും? ഇത്‌ അനാദിയാണോ? അനന്തമാണോ? നാം കാലത്തെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിങ്ങനെ മൂന്നായി വിഭജിക്കുന്നു. പക്ഷേ, ഇത്‌ ആപേക്ഷികം മാത്രം. നാളെ പിറന്നാല്‍ ഇന്ന്‌ ഭൂതകാലമായി. കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇതൊരു ദുരൂഹമായ പ്രതിഭാസം തന്നെ. കാലത്തിന്റെ ഏറ്റവും ചെറിയ അളവിനെ നാം ഇന്നു സെക്കന്റ്‌ എന്നു വിശേഷിപ്പിക്കുന്നു. അതിനെയും എത്രയോ അംശമായി വിഭജിക്കാം. ഇന്നത്തെ നമ്മുടെ സങ്കല്‌പപ്രകാരം ഭൂമി അതിന്റെ അച്ചുതണ്ടില്‍ ഒരു വട്ടം തിരിയുമ്പോള്‍ പകലും രാത്രിയും അടങ്ങുന്ന ഒരു ദിവസമുണ്ടാകുന്നു. ഭൂമി സൂര്യനെ ഒരു വട്ടം ചുറ്റുമ്പോള്‍ ഒരു വര്‍ഷവും. ഒരു ഹിലാല്‍ പിറന്ന്‌ അടുത്ത ഹിലാല്‍ പ്രത്യക്ഷപ്പെടും വരെയുള്ള കാലയളവാണ്‌ ഹിജ്‌റ കലണ്ടര്‍ പ്രകാരം മാസം. ഇങ്ങനെ വര്‍ഷത്തെ പന്ത്രണ്ടു മാസങ്ങളായി വ്യവസ്ഥപ്പെടുത്തിയ അല്ലാഹുവിന്റെ നടപടിയിലേക്കു ഖുര്‍ആന്‍ 9:73ല്‍ മനുഷ്യന്റെ ശ്രദ്ധ തിരിക്കുന്നു. ഇങ്ങനെ രാവും പകലും മാസവും വര്‍ഷവുമായി അതിവേഗം കൃത്യമായ വ്യവസ്ഥയോടെ ഓടിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ കറക്കത്തില്‍ ഒരു ബിന്ദുവായി മനുഷ്യനും കറങ്ങുന്നു. പക്ഷേ, കാലത്തിന്റെ പ്രവാഹത്തില്‍ അവന്‍ വെറും ഒരു പൊങ്ങുതടിയായാലോ? എങ്കില്‍ അവന്റെ ജീവിതം എത്ര വലിയ നഷ്‌ടമാകും! ``കാലം തന്നെ സത്യം! നിശ്ചയം, മനുഷ്യന്‍ നഷ്‌ടത്തിലാണ്‌.'' (വി.ഖു.103:1,2)

ഒരു മനുഷ്യനു ജീവിക്കാന്‍ നിശ്ചയിക്കപ്പെട്ട കാലയളവ്‌ അവനറിയുകയില്ല. അറിയുന്നവന്‍ അല്ലാഹു മാത്രം! ഏതു നിമിഷവും കാലം അവനെ വഴിക്കു വലിച്ചെറിഞ്ഞു യാത്ര തുടര്‍ന്നെന്നുവരാം. തന്റെ ഈ യാത്ര എവിടെവെച്ചും ഏതു നിമിഷവും അവസാനിക്കാം എന്ന ഈ വിചാരമാണ്‌ യഥാര്‍ഥത്തില്‍ മനുഷ്യന്റെ ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്നത്‌. അഹ്‌മദ്‌ ശൗഖി പാടിയത്‌ എത്ര സത്യം:

ഹൃദയമിടിപ്പുകള്‍
പറയുന്നു, മനുഷ്യനോടെപ്പോഴും
ഈ ജീവിതം
മിനുറ്റുകളും സെക്കന്റുകളും മാത്രം.


അപ്പോള്‍ ജീവിതത്തിലെ ഓരോ സെക്കന്റും എത്ര വിലയുള്ളതാണ്‌! ഒരു സെക്കന്റിന്റെ എത്രയോ ചെറിയ ഒരംശത്തിന്റെ വ്യത്യാസത്തിന്‌ ഓട്ടമത്സരത്തില്‍ ഒരു താരത്തിനു സ്ഥാനം നഷ്‌ടപ്പെടുമ്പോള്‍ സെക്കന്റിന്റെ വില മനുഷ്യന്‍ അറിയുന്നു. സമയം ഫലപ്രദമായി നന്മയ്‌ക്കു ഉപയോഗപ്പെടുത്തുന്നതിലാണ്‌ മനുഷ്യന്റെ സാമര്‍ഥ്യം. അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുക, നല്ലതുപ്രവര്‍ത്തിക്കുക, സത്യവും ക്ഷമയും ഉപദേശിക്കുക എന്നീ ബാധ്യതകള്‍ നിര്‍വഹിക്കുന്നവനേ ജീവിതം ഒരു നഷ്‌ടമായിത്തീരുക എന്ന മഹാവിപത്തില്‍ നിന്നു രക്ഷപ്പെടാന്‍ കഴിയുകയുള്ളൂവെന്നു ഖുര്‍ആന്‍ 103ാം അധ്യായത്തില്‍ ഉണര്‍ത്തുന്നു.

പുതിയൊരു വര്‍ഷം പിറക്കുമ്പോള്‍ സംഘടനകളും സ്ഥാപനങ്ങളും ഭരണസംവിധാനങ്ങളുമെല്ലാം മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടും കണക്കും അവലോകനം ചെയ്യാറുണ്ട്‌. ഈ കണക്കു പരിശോധന ഓരോ വ്യക്തിയുടെ ജീവിതത്തിലും ആവശ്യമല്ലേ? ജീവിച്ച കാലയളവ്‌ വയസ്സുകൊണ്ടാണല്ലോ സാധാരണ കണക്കാക്കാറുള്ളത്‌. പുതിയൊരു വര്‍ഷം പിറന്നപ്പോള്‍ നമ്മുടെ ആയുസ്സില്‍ നിന്നും ഒരു കൊല്ലം കടന്നുപോയി; അഥവാ നമുക്കു ഒരു വയസ്സുകൂടി. ഇനി എത്രകാലം? ഈ ചോദ്യത്തിന്റെ ഉത്തരത്തിലെ അനിശ്ചിതത്വം ഒരു പേടിസ്വപ്‌നമായി എപ്പോഴും മനുഷ്യന്റെ മുമ്പില്‍ ഫണമുയര്‍ത്തിനില്‌ക്കുന്നു.

പെടുന്നനവെ, ഓര്‍ക്കാപ്പുറത്ത്‌ നമുക്ക്‌ അനുവദിക്കപ്പെട്ട കാലാവധി തീര്‍ന്നെന്നു വരാം. ഏതു നാട്ടില്‍ വെച്ചു മരണം സംഭവിക്കുമെന്നു ഒരു മനുഷ്യനുമറിഞ്ഞുകൂടാ (വി.ഖു. 31:34). നാളെ എന്തുചെയ്യുമെന്നും ഒരു മനുഷ്യനുമറിഞ്ഞുകൂടാ (വി.ഖു. 31:34). പോയവര്‍ഷത്തിന്റെ കണക്കു പരിശോധന നടത്തുമ്പോള്‍ നമ്മുടെ മനസ്സിനു സന്തോഷവും സമാധാനവും അനുഭവപ്പെടുന്നുണ്ടോ? പുണ്യങ്ങള്‍ എത്ര കൂടുതല്‍ ചെയ്‌തു? നാവുകൊണ്ടു ചെയ്‌തുകൂട്ടിയ പാപങ്ങള്‍ എത്ര? താന്‍ കാരണമായി വേദനയനുഭവിക്കേണ്ടിവന്ന മനുഷ്യരുണ്ടായിട്ടില്ലേ? സാമ്പത്തികരംഗത്തു പൂര്‍ണമായും സംശുദ്ധത പാലിക്കാന്‍ കഴിഞ്ഞുവോ? അല്ലാഹുവിനോടും മനുഷ്യരോടുമുള്ള കടമകള്‍ നിര്‍വഹിക്കുന്നതില്‍ വീഴ്‌ചകള്‍ പറ്റിയിട്ടില്ലേ? ഇത്തരം ഒരു വിചാരണ, ആത്മപരിശോധന ഓരോ വ്യക്തിക്കും ഈ സന്ദര്‍ഭത്തില്‍ ആവശ്യമാണ്‌. നബി(സ) പറഞ്ഞു: ``നിങ്ങള്‍ വിചാരണ ചെയ്യപ്പെടും മുമ്പ്‌ നിങ്ങളെത്തന്നെ സ്വയം വിചാരണ നടത്തുക.''

ജീവിതത്തിന്റെ ഒരു വാര്‍ഷികാവലോകനം നടത്തുമ്പോള്‍ മരണമെന്ന പൊള്ളുന്ന സത്യത്തെപ്പറ്റി എങ്ങനെ പറയാതിരിക്കും? കഴിഞ്ഞ വര്‍ഷം നാം അതിന്റെ പിടുത്തത്തില്‍ നിന്നു രക്ഷപ്പെട്ടു. ഒരുപക്ഷേ, മരണത്തിന്റെ വക്കോളമെത്തിയ സന്ദര്‍ഭങ്ങളുമുണ്ടാകാം. എങ്കിലും നമ്മുടെ ബന്ധുക്കളും പരിചയക്കാരും നമ്മുടെ ആദരവിനും സ്‌നേഹത്തിനും പാത്രമായവരുമടക്കം പലരുടെയും ജനാസ സംസ്‌കരണ രംഗത്തിനു നാം സാക്ഷികളാകേണ്ടിവന്നു. അവരുടെ ചലനമറ്റ ശരീരം അവസാനമായി കണ്ടും അവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ചും അവരെ മറവുചെയ്‌ത ഖബ്‌റിലേക്കു മൂന്നു പിടി മണ്ണുവാരിയെറിഞ്ഞും നാം തിരിച്ചുപോന്നു. അവരെല്ലാം ഇപ്പോള്‍ വല്ലപ്പോഴും മനസ്സിലേക്കു കടന്നു വരുന്ന ഓര്‍മകള്‍ മാത്രമായി മാറി. നാളെ, വരും വര്‍ഷത്തില്‍ തനിക്കും ഈ ഗതി വന്നുചേരുകയില്ലെന്നു ആരുകണ്ടു? ഈറനണിഞ്ഞ കണ്ണുകളോടെ ബന്ധുമിത്രാദികള്‍ തന്നെ യാത്രയയക്കുന്ന ആ നിമിഷം....

ഈ മരണചിന്തയാണ്‌ മനുഷ്യനെ കര്‍മോന്മുഖനാക്കുന്നത്‌; നേടിയതൊക്കെ ഇവിടെ ഉപേക്ഷിച്ചുപോകുമ്പോള്‍ കൂടെകൊണ്ടുപോകാന്‍ ഉതകുന്ന ഒരു ധനം സമ്പാദിക്കുന്നതിനെപ്പറ്റി ബോധമുളവാക്കുന്നത്‌. ``നാളെക്കു വേണ്ടി മുന്‍കൂട്ടി എന്തുചെയ്‌തു എന്നു ഓരോ മനുഷ്യനും ചിന്തിക്കട്ടെ'' (വി.ഖു. 59:18). കുറച്ചുകാലം കൂടി ജീവിക്കാന്‍ കഴിഞ്ഞെങ്കില്‍ കുറേ നന്മകള്‍ ചെയ്യാമായിരുന്നു എന്നു മനുഷ്യന്‍ കൊതിക്കുക; ഒരു നിമിഷവും ഇനി അവധി നീട്ടിത്തരികയില്ലെന്നു വെട്ടിമുറിച്ച്‌ മറുപടി അവനു ലഭിക്കുക -ഈ രംഗം ഭയാനകം തന്നെ. ഇതാണ്‌ മനുഷ്യന്റെ അവസ്ഥയെങ്കില്‍ അനന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ ഓരോ നിമിഷവും മനുഷ്യന്‍ എത്ര ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണം? ആയുഷ്‌കാലം എങ്ങനെ ചെലവഴിച്ചു എന്ന ചോദ്യത്തിനു മറുപടി പറയാതെ ഒരടിയും മുന്നോട്ടുപോകാന്‍ ആരെയും അല്ലാഹു അനുവദിക്കുകയില്ലെന്നു റസൂല്‍(സ) ഉണര്‍ത്തുന്നു.

ഈ മനോഭാവം പുലര്‍ത്തി ജീവിക്കുകയും മരണത്തിനുശേഷമുള്ള ജീവിതത്തില്‍ ശാശ്വത സൗഭാഗ്യം ലഭിക്കാനായി ഇഹലോകത്ത്‌ കഷ്‌ടനഷ്‌ടങ്ങള്‍ സഹിച്ചു ത്യാഗംവരിക്കാന്‍ സന്നദ്ധരാവുകയും ചെയ്‌ത ഒരു ജനവിഭാഗത്തിന്റെ സ്‌മരണ തുടിക്കുന്നതാണ്‌ ഹിജ്‌റ വര്‍ഷാരംഭം. നാടും വീടും കുടുംബവും സ്വത്തുക്കളുമെല്ലാം അവര്‍ ഉപേക്ഷിച്ചു. എന്തിനു വേണ്ടി? തങ്ങള്‍ വിശ്വസിക്കുന്ന ആദര്‍ശമനുസരിച്ചു ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി. മറ്റെന്തിനേക്കാളും കൂടുതല്‍ അവര്‍ തങ്ങളുടെ മതത്തിനു, ആദര്‍ശത്തിനു പ്രാമുഖ്യം നല്‌കി. അല്ലാഹുവിങ്കല്‍ അവര്‍ ഏറ്റവും പ്രിയങ്കരരായി. ചരിത്രത്തില്‍ അവര്‍ എന്നും അനുസ്‌മരിക്കപ്പെട്ടു. ലോകത്തുള്ളവര്‍ക്കു മുഴുവന്‍ അനുഗ്രഹമായ നബിയുടെ ജനനമല്ല, ആട്ടിയോടിക്കപ്പെട്ട ശേഷം അഭിമാനപൂര്‍വം പിറന്ന നാട്ടിലേക്കു തിരിച്ചുവന്ന മക്കാവിജയമല്ല ചരിത്രത്തിന്റെ തുടക്കമായി തെരഞ്ഞെടുക്കപ്പെട്ടത്‌. മറിച്ച്‌ ചരിത്രത്തിന്റെ ഒരു വഴിത്തിരിവായ `ഹിജ്‌റ'യാണ്‌. തീവ്രയത്‌നത്തിന്റെയും ഒരു നല്ല ലക്ഷ്യത്തിനു വേണ്ടി എന്തും ത്യജിക്കാനുള്ള സന്നദ്ധതയുടെയും പ്രതീകമായ ഹിജ്‌റ. ഓരോ വ്യക്തിക്കും എന്നും എപ്പോഴും സ്വന്തം ജീവിതത്തില്‍ ഹിജ്‌റ മനോഭാവം വേണം. ജീവിതത്തില്‍ ലക്ഷ്യപ്രാപ്‌തിക്കു അത്‌ അനിവാര്യമാണ്‌.

മുഹര്‍റത്തിന്റെ ചന്ദ്രക്കലയുടെ വെണ്മയും വിശുദ്ധിയുമുള്ള ഒരു പുതുജീവിതത്തിനു വര്‍ഷാരംഭം പ്രചോദനമേകേണ്ടതുണ്ട്‌. മനുഷ്യന്റെ കളങ്കത്തെപ്പറ്റിയുള്ള വാര്‍ത്തകളേ ഇന്നു കേള്‍ക്കുന്നുള്ളൂ.

ഉള്ളും പുറവും ഒരുപോലെ ശുദ്ധമായ മനസ്സിന്റെ ഉടമകളായാലേ ജീവിതം കളങ്കരഹിതമാവുകയുള്ളൂ. കടലിനെ പിളര്‍ത്ത്‌ അക്കരെ കടക്കാന്‍ മൂസാ (അ)ക്കു കഴിഞ്ഞു. അതേ കടല്‍ തന്നെ ഫിര്‍ഔനിനെ വിഴുങ്ങുകയും ചെയ്‌തു. ഓരോ വ്യക്തിയിലുമുണ്ട്‌ മൂസായും ഫിര്‍ഔനും, ഇവര്‍ തമ്മിലുള്ള പോരാട്ടവും. നാം ഓരോരുത്തരും മൂസാ ആകുമ്പോഴേ അല്ലാഹു നമ്മിലെ ഫിര്‍ഔനിനെ നശിപ്പിച്ചു നമ്മെ രക്ഷപ്പെടുത്തുകയുള്ളൂവെന്ന സന്ദേശം മുഹര്‍റം നല്‌കുന്നുണ്ട്‌.

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും തെറ്റുകള്‍ ചെയ്യാത്ത, കൂടുതല്‍ നന്മകള്‍ നിറഞ്ഞ, വെണ്മയാര്‍ന്ന ഒരു പുതിയ ജീവിതം നയിക്കാന്‍ പടച്ചവനേ, എന്നെ അനുഗ്രഹിക്കേണമേ! എന്നായിരിക്കട്ടെ ഈ വര്‍ഷാരംഭത്തില്‍ നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ഥന.

by പി മുഹമ്മദ്‌ കുട്ടശ്ശേരി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts