ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് അഞ്ചു കാര്യങ്ങളടങ്ങിയ അടിത്തറയിലാണ്. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹമായി യാതൊന്നുമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും (ജീവിതംകൊണ്ട്) സാക്ഷിയാവുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സകാത്തുകൊടുക്കുക, കഅ്‌ബയില്‍ ഹജ്ജ് നിര്‍വഹിക്കുക, റമദാനില്‍ വ്രതമനുഷ്‌ഠിക്കുക.'' (ബുഖാരി, മുസ്‌ലിം)
എല്ലാ മതങ്ങളിലും അടിസ്ഥാനകര്‍മങ്ങള്‍ ഏകദേശം ഒന്നുതന്നെയാണെന്നു കാണാം. നിര്‍ണിതവും നിശ്ചിതവുമായ പ്രാര്‍ഥനകള്‍ (നമസ്‌കാരം), ദാനധര്‍മങ്ങള്‍ (സകാത്തും സ്വദഖയും), വ്രതാനുഷ്‌ഠാനം, തീര്‍ഥാടനം, ബലിദാനം തുടങ്ങിയ പല കാര്യങ്ങളും രൂപഭാവഭേദങ്ങളോടെ എല്ലാ മതങ്ങളിലും കാണാം. മതങ്ങളുടെ സ്രോതസ്സ് ഒന്നുതന്നെയാണെന്നും പില്‍ക്കാലത്ത് വികലമാക്കപ്പെട്ടതാണെന്നും നമുക്ക് മനസ്സിലാക്കാം. ``ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ അതാണ് അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്.''(വി.ഖു. 22:67)
തീര്‍ഥാടനം പുണ്യകരമായി കാണാത്ത ഒരു മതവുമില്ല. മുസ്‌ലിംലോകം ഹജ്ജ് യാത്രയ്‌ക്കുള്ള ഒരുക്കം തുടങ്ങുന്ന ഈ സമയത്ത് തീര്‍ഥാടനചിന്തയ്‌ക്ക് പ്രസക്തിയുണ്ടെന്ന് പറയേണ്ടതില്ല. പ്രത്യേക വിശുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് അങ്ങോട്ട് തീര്‍ഥാടനം നടത്തുകയും നിശ്ചിതകാലത്തും സ്ഥലത്തും സമ്മേളിക്കുകയും ചെയ്യാത്ത മതസമൂഹങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. തീര്‍ഥാടനത്തിനുള്ള താല്‍പര്യം ഒരര്‍ഥത്തില്‍ മനുഷ്യപ്രകൃതിയുടെ താല്‍പര്യം കൂടിയാണ്.
തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന് അല്‌പം ആശ്വാസം ലഭിക്കാനും ഇതര സമൂഹങ്ങളുമായി ഇഴുകിച്ചേര്‍ന്ന് കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനും അതുവഴി മനസ്സമാധാനം കൈവരിക്കാനും ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. ഭൂമുഖത്ത് മണ്‍മറഞ്ഞുപോയ നാഗരികതകളില്‍ വിശുദ്ധ തീര്‍ഥാടനകേന്ദ്രങ്ങളുണ്ടായിരുന്നുവെന്ന് പുരാവസ്‌തു ഗവേഷകര്‍ അനുമാനിക്കുന്നു. നിലവിലുള്ള മതസമൂഹങ്ങളില്‍ ജൂത- ക്രൈസ്‌തവര്‍ക്കും ഹൈന്ദവര്‍ക്കുമൊക്കെ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്.
വര്‍ഷത്തില്‍ മൂന്നുതവണ ജൂതര്‍ ബൈതുല്‍ മുഖദ്ദസിലേക്ക് (ഹജ്ജ്) തീര്‍ഥാനം നടത്തിയിരുന്നുവെന്നും Harvest festival, E-aster, Feast of Tabernacles എന്നീ പേരുകളില്‍ അവ അറിയപ്പെട്ടിരുന്നുവെന്നും പതിനായിരക്കണക്കിനാളുകള്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നും ജൂയിഷ് എന്‍സൈക്ലോപീഡിയ പറയുന്നു. എ ഡി പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്ക് ബൈത്തുല്‍ മുഖദ്ദസിലേക്കുള്ളതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ റോമിലേക്കായിരുന്നുവത്രെ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരമായ റോം കത്തോലിക്കരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്നു. (എന്‍സൈക്ലോപീഡിയ ഓഫ് റിലീജ്യന്‍ ആന്റ് എത്തിക്‌സ്)
ബുദ്ധ- ജൈനരുള്‍പെടെ ഭാരതത്തിലെ ഹൈന്ദവര്‍ക്കും അവരുടേതായ പുണ്യസ്ഥലങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളുമുണ്ട്. ഗംഗാനദിയുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ് ഇവയിലധികവും. ഗംഗാസ്‌നാനവും കാശിയാത്രയും പുണ്യമായി കരുതുന്നു അവര്‍. എല്ലാ സമൂഹവും തങ്ങളുടെ തീര്‍ഥാടനകേന്ദ്രമായി കാണുന്നത് ആചാര്യന്മാരുടെയോ പുണ്യപുരുഷന്മാരുടെയോ ശ്‌മശാനങ്ങളാണ്. അവരുടെ ജനനമോ മരണമോ ആയി ബന്ധപ്പെട്ട ദിനങ്ങളാണ് തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കാറുള്ളത്.
ഇസ്‌ലാം തീര്‍ഥാടനത്തിന്റെ കാര്യത്തിലും ഉത്തമമായ മാതൃക കാണിക്കുന്നു. ഏകദൈവവിശ്വാസമാണ് ഹജ്ജിന്റെ മര്‍മം. ലോകത്തിലാദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി `പ്രവാചകപിതാവ്' എന്ന് വിശേഷിപ്പിക്കാവുന്ന ഇബ്‌റാഹീം(അ) പടുത്തുയര്‍ത്തിയ കഅ്‌ബയാണ് ഹജ്ജിന്റെ ആസ്ഥാനം. ഇബ്‌റാഹീമിന്റെ(അ)യും ഇസ്‌മാഈലിന്റെ(റ)യും തൗഹീദ് പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രം നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ് ഹജ്ജിന്റെ പശ്ചാത്തലം. എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന് വിളിച്ചോതുന്ന സാഹോദര്യവും സമത്വവുമാണ് ഹജ്ജിന്റെ സന്ദേശം.
ഒരേ വേഷവും ഒരേ മന്ത്രവും ഒരേ ലക്ഷ്യവുമായി ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയത്ത് ഒന്നിച്ചുചെയ്യുന്ന ഒരു കര്‍മവുമില്ല; ഹജ്ജല്ലാതെ. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എത്തിച്ചേരുന്ന മനുഷ്യര്‍ ഓരോ കാലഘട്ടത്തിലെയും മനുഷ്യവര്‍ഗത്തിന്റെ പരിച്ഛേദമാണ്. ബാഹ്യകര്‍മങ്ങള്‍ക്കപ്പുറം ആത്മീയോത്‌കര്‍ഷം പ്രദാനംചെയ്യുന്ന ഹജ്ജ് കര്‍മത്തിന്റെ ഫലം സ്വര്‍ഗമാണ്. ഭാര്യാസമേതം ഹജ്ജിന് പോകുന്നു; സല്ലാപങ്ങളിലേര്‍പ്പെടാതെ. എതിരാളിയോടൊത്ത് ഹജ്ജ് ചെയ്യുന്നു; ശണ്‌ഠയില്ലാതെ. കൂട്ടുകാരനോടൊത്ത് ഹജ്ജിന് പോകുന്നു; തമാശകളിലേര്‍പ്പെടാതെ. അതായത്, മനുഷ്യനെ ഉത്തമവ്യക്തിത്വത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കുന്ന കര്‍മവും കൂടിയാണ് ഹജ്ജ്. അതേസമയം ഭൗതികജീവിത പരിത്യാഗമല്ല ഹജ്ജ്. ``അവര്‍ക്ക് പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും....''(22:28) എന്ന് ഹജ്ജിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത് ആത്മീയതക്കൊപ്പം ഭൗതികനേട്ടങ്ങളും ആഗ്രഹിക്കുന്നതിനു വിരോധമില്ല എന്ന് അറിയിക്കാനാണ്.
ഇസ്‌ലാമിന്റെ അടിസ്ഥാനകര്‍മങ്ങള്‍ വ്യത്യസ്‌ത രീതിയിലാണ്. നമസ്‌കാരം ഒരു പരിതസ്ഥിതിയിലും മാറ്റിവെക്കാനോ ഉപേക്ഷിക്കാനോ പാടില്ല. സമ്പത്ത് ഉള്ളവര്‍ക്കു മാത്രമേ സകാത്ത് നിര്‍വഹിക്കേണ്ടതുള്ളൂ. നോമ്പിന് വിഘാതം സൃഷ്‌ടിക്കുന്ന രോഗമോ യാത്രയോ ഉണ്ടെങ്കില്‍ താത്‌കാലികമായി മാറ്റിവെക്കാം. പിന്നീട് നിര്‍വഹിച്ചാല്‍ മതി. ഹജ്ജിനെപ്പറ്റി അല്ലാഹു പറഞ്ഞതിങ്ങനെയാണ്: ``ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് തീര്‍ഥാടനം നടത്തല്‍ അയാള്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു.''(വി.ഖു. 3:97)
`എത്തിച്ചേരാനുള്ള കഴിവ്' എന്നത് ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങളാണ്. അവ ഒത്തിണങ്ങിയാല്‍ അയാള്‍ക്ക് ഹജ്ജ് നിര്‍ബന്ധമായി. ചില ആളുകള്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇപ്പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങിയിട്ടും `നാല്‌പത് വയസ്സ് കഴിയട്ടെ' എന്നു കരുതി കാത്തിരിക്കുന്നവര്‍ മുസ്‌ലിംസമൂഹത്തിലുണ്ട്. ഇത് തെറ്റായ ഒരു ധാരണയാണ്. ബ്രഹ്‌മചര്യവും ഗാര്‍ഹസ്ഥ്യവും കഴിഞ്ഞ് വാനപ്രസ്ഥത്തിലേക്ക് നീക്കുക എന്ന ഹൈന്ദവ സങ്കല്‌പമായിരിക്കണം ഇതിന്റെ അടിത്തറ. ദാമ്പത്യ- കുടുംബജീവിതമൊക്കെ കഴിഞ്ഞ് കുഴിയിലേക്ക് കാലുനീട്ടിയ കാലത്ത് ഗംഗാസ്‌നാനവും കഴിഞ്ഞ് കാശിക്കുപോയി അവിടെക്കിടന്ന് മരിക്കുക എന്ന സങ്കല്‌പവും നാം പറഞ്ഞുകേള്‍ക്കുന്നവയാണ്.
ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട് അതല്ല. ആരോഗ്യവും കരുത്തും ഐശ്വര്യവും ഉള്ളപ്പോള്‍ ഹജ്ജ് ചെയ്യുക. അതുപോലെത്തന്നെ എല്ലാ ബാധ്യതയും തീര്‍ത്തിട്ടേ ഹജ്ജിന് പോകാവൂ എന്ന കാഴ്‌ചപ്പാട് തെറ്റായ രീതിയിലേക്ക് നയിക്കപ്പെടുന്നതു കാണാം. ഒരാള്‍ സംസാരത്തിന്നിടയില്‍ പറഞ്ഞത് ഇവിടെ അനുമസ്‌മരിക്കട്ടെ: ``ഒരു വിവാഹവും കൂടി നടത്താനുണ്ട്. എന്നിട്ടുവേണം ഹജ്ജിനു പോകാന്‍.'' അദ്ദേഹത്തിന്റെ മകള്‍ എട്ടാംതരത്തില്‍ പഠിക്കുന്നു. ആ കുട്ടി വലുതായി വിവാഹം നടത്തിയിട്ടേ ഹജ്ജിന് പോകാവൂ എന്ന ധാരണ തെറ്റാണ്. `കഅ്‌ബയില്‍ എത്തിച്ചേരാനുള്ള കഴിവ്' എന്ന് അല്ലാഹു പറഞ്ഞ സൗകര്യം ലഭിച്ചിട്ടും അതു നിര്‍വഹിച്ചില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്. ബാധ്യതകള്‍ ഓരോന്നു വരുമ്പോള്‍ അപ്പപ്പോള്‍ കഴിവനുസരിച്ച് നിര്‍വഹിക്കുകയാണ് വേണ്ടത്. എന്നാല്‍ തന്റെ യാതൊരു ബാധ്യതകളും തീരെ പരിഗണിക്കാതെ എങ്ങനെയെങ്കിലും പണമുണ്ടാക്കി ഹജ്ജ് നിര്‍വഹിക്കുക എന്നത് ജീവിതാഭിലാഷമായി കാണുന്നതും ശരിയല്ല.
സകാത്ത് നല്‌കാന്‍ വേണ്ടി ആരും പണമുണ്ടാക്കാറില്ല. സമ്പത്ത് അതിന്റെ നിശ്ചിത പരിധിയെത്തിയാല്‍ സകാത്ത് നിര്‍ബന്ധമാകുന്നതു പോലെ തന്നെയാണ് ഹജ്ജിന്റെയും സ്ഥിതി. ഹജ്ജ് പോലെത്തന്നെ ജീവിതത്തിലൊരിക്കല്‍ ഉംറയും നിര്‍ബന്ധമാണ്. എന്നാല്‍ `ഉംറവിസ' എന്ന ഒരു മാധ്യമത്തിന്റെ ഭാഗമായി മാത്രം ഉംറ എന്ന പദം കേള്‍ക്കുന്നവരും സമൂഹത്തിലുണ്ട്. വിവരമില്ലായ്‌മയാണ് ഇതിനെല്ലാം കാരണം.
സമൂഹത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി ഹജ്ജിനെ കണ്ടിരുന്ന കാലവുമുണ്ടായിരുന്നു. `ഹാജിയാര്‍' സമൂഹത്തിലെ പരമോന്നതനായിരുന്നു. ഹജ്ജ് നിര്‍വഹിച്ചവരെ ഹാജി എന്നു വളിച്ചില്ലെങ്കില്‍ കുറച്ചിലായി കാണുന്നവരുമുണ്ട്. വാസ്‌തവത്തില്‍ നമസ്‌കാരം, സകാത്ത്, നോമ്പ് എന്നിവ പോലെത്തന്നെ ഒരു സത്യവിശ്വാസിക്ക് നിര്‍ബന്ധമായ കര്‍മമാണത്. `എത്തിച്ചേരാനുള്ള കഴിവ്' ഉണ്ടാവുകയും ഹജ്ജ് നിര്‍വഹിക്കുകയും ചെയ്‌തയാളും `കഴിവി'ല്ലാത്ത കാരണത്താല്‍ ഹജ്ജ് നിര്‍വഹിക്കാത്തവനും അല്ലാഹുവിന്റെ മുമ്പില്‍ തുല്യരാണ്.
സകാത്ത് നല്‌കുന്ന മുതലാളി ധര്‍മിഷ്‌ഠനും നല്‌കാത്ത മുതലാളി പിശുക്കനുമല്ല. സമ്പത്തുണ്ടായിട്ട് സകാത്ത് നല്‌കിയവന്‍ ബാധ്യത നിര്‍വഹിച്ചവനും അതു ചെയ്യാത്തവന്‍ സത്യനിഷേധിയുമാണ്. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സകാത്ത് നല്‌കാത്തവന്‍ സത്യവിശ്വാസിയാണല്ലോ. ഹജ്ജിന്റെ കാര്യവും ഇങ്ങനെത്തന്നെയാണ്. പ്രവാചകന്മാരുടെ ധീരോദാത്തമായ ഏകദൈവവിശ്വാസ പ്രബോധനത്തിന്റെയും ഒരു മാതാവിന്റെ ത്യാഗോജ്വലമായ സഹനത്തിന്റെയും ചരിത്രമാണ് ഹജ്ജിനുള്ളത്. ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നിവരുടെ ജീവിതപശ്ചാത്തലം ഹജ്ജില്‍ അനുസ്‌മരിക്കപ്പെടുന്നു.
മക്കാ പ്രദേശത്ത് മനുഷ്യവാസമുണ്ടാവുകയും അന്ത്യപ്രവാചകന്‍ മുഹമ്മദിന്റെ(സ) നിയോഗവും ഇസ്‌ലാമിന്റെ പൂര്‍ത്തീകരണവും നടന്നത് അല്ലാഹുവിന്റെ പ്രത്യേകമായ ഉദ്ദേശ്യത്തോടു കൂടി തന്നെയാണ്. ഇബ്‌റാഹീമി(അ)ന്റെ പ്രപൗത്രനായ മുഹമ്മദ്‌നബി(സ) ജീവിതത്തിന്റെ അവസാനവര്‍ഷം ഹജ്ജ് നിര്‍വഹിച്ചതും `ഇന്ന് നിങ്ങള്‍ക്ക് ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു' (വി.ഖു. 5:3) എന്ന് ദിവ്യസന്ദേശം ലഭിച്ചതും മക്കയില്‍ വെച്ചുതന്നെയായിരുന്നു.
കേവലം ഒരു തീര്‍ഥാടനം എന്നതിലുപരി മനുഷ്യവര്‍ഗത്തിന്റെ സോേദ്ദശ്യ സൃഷ്‌ടിപ്പും മാര്‍ഗദര്‍ശനവും അതിന്റെ പരിപൂര്‍ണതയും എല്ലാം വിളിച്ചോതുന്ന ഒരു മഹത്തായ മനുഷ്യസംഗമം തന്നെയാണ് ഹജ്ജ്. അതിനെ ആ അര്‍ഥത്തിലെടുക്കാനും അതു നിര്‍വഹിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.
by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ് വാരിക
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്‌പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്‌നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...