പുകവലി ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍

ലോകം ഇന്ന്‌ അഭിമുഖീകരിക്കുന്ന മാരകമായ ഒരു ഭീഷണിയാണ്‌ വര്‍ധിച്ച്‌ വരുന്ന പുകയില ഉപയോഗം. ലോകാരോഗ്യ സംഘടനയുടെ 2008ലെ പുകയില ഉപയോഗ പഠനറിപ്പോര്‍ട്ട്‌ പ്രകാരം പുകയില ഉപയോഗം ഇരുപതാം നൂറ്റാണ്ടില്‍ 100 ദശലക്ഷം ജനങ്ങളുടെ മരണത്തിനു കാരണമായതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇതുമൂലം പ്രതിവര്‍ഷം 5.4 ദശലക്ഷം മനുഷ്യര്‍ മരണമടയുന്നുണ്ട്‌. അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2030ഓടെ മരണസംഖ്യ പ്രതിവര്‍ഷം 8 ദശലക്ഷം ആയി ഉയരുമെന്നും അതില്‍ തന്നെ 80 ശതമാനം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്‌ നല്‍കുന്നു. ലോകാരോഗ്യ സംഘടനയുടെ തന്നെ 2009ലെ റിപ്പോര്‍ട്ട്‌ പറയുന്നത്‌ പുകവലി പ്രതിവര്‍ഷം 6 ലക്ഷം പേരുടെ ജീവന്‍ അപഹരിക്കുന്നു എന്നാണ്‌. ആഗോളതലത്തില്‍ മുന്നില്‍ ഒരു ഭാഗം സ്ഥിരമായി പുകവലിയുടെ ഇരകളാകുന്നു എന്നും റിപ്പോര്‍ട്ട്‌ ഉണര്‍ത്തിക്കുന്നു. ഈ രണ്ടു റിപ്പോര്‍ട്ടുകളും വിരല്‍ ചൂണ്ടുന്നത്‌ പുകയില ലോകജനതയ്‌ക്ക്‌ നല്‍കുന്ന ദൂഷ്യഫലങ്ങളുടെ വ്യാപ്‌തിയിലേക്കാണ്‌.

പുകയില ഉപയോഗം ശ്വാസകോശാര്‍ബുദം, സ്‌തനാര്‍ബുദം, രക്താര്‍ബുദം, ശ്വസനനാളി, ആമാശയം, മൂത്രസഞ്ചി, സെര്‍പിക്‌സ്‌, അന്നനാളി തുടങ്ങിയ ഭാഗങ്ങളിലെ കാന്‍സര്‍ എന്നിവയ്‌ക്കും മസ്‌തിഷ്‌കാഘാതം, അന്ധത, തിമിരം, ഹൃദയരോഗങ്ങള്‍, ആസ്‌തമ, ന്യുമോണിയ, വന്ധ്യത, കുട്ടികളില്‍ ഭാരക്കുറവ്‌ എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നു. നിഷ്‌ക്രിയ ധൂമപാനം തലച്ചോറിലെ കാന്‍സര്‍, മസ്‌തിഷ്‌കാഘാതം, വന്ധ്യത, സഡന്‍ ഇന്‍ഫാന്റൈല്‍ ഡെത്ത്‌ സിന്‍ഡ്രം എന്നീ രോഗങ്ങള്‍ക്കും കാരണമാകുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ പുകയില ഉപയോഗം ധാരാളം സാമ്പത്തിക, പാരിസ്ഥിക ജൈവിക പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ്‌ ഓഫ്‌ ഇന്ത്യന്‍ എകണോമിയുടെ 2004 റിപ്പോര്‍ട്ട്‌ പ്രകാരം 2001-2002 കാലയളവില്‍ മാത്രം സിഗരറ്റ്‌ കമ്പനികള്‍ ഇന്ത്യയില്‍ 99381.4 ദശലക്ഷം രൂപയുടെ വ്യാപാരം നടത്തിയിട്ടുണ്ട്‌. ഇന്ത്യന്‍ പുകയില വിപണിയില്‍ 81 ശതമാനവും കൈയടക്കിയിട്ടുള്ളത്‌ ബീഡി, ഗുട്ട്‌ക എന്നിങ്ങനെയുള്ള സിഗരറ്റല്ലാത്ത പുകയില വസ്‌തുക്കളാണെന്നതിന്‌ റിപ്പോര്‍ട്ട്‌ നിലവിലുണ്ട്‌. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ ഇന്ത്യയില്‍ പുകയില ഉപയോഗത്തിന്റെ തീവ്രതയാണ്‌.

ഇസ്‌ലാമിക കാഴ്‌ചപ്പാട്‌

ഒട്ടുമിക്ക മതങ്ങളും പുകയില ഉപയോഗത്തിനെതിരെ ശക്തമായ എതിര്‍പ്പ്‌ പ്രകടിപ്പിക്കുന്നതായി കാണാം. ഇതു മനസ്സിലാക്കിയ ലോകാരോഗ്യ സംഘടന 1999 മെയ്‌ 3ന്‌ സ്വിറ്റ്‌സര്‍ലന്റിലെ ജനീവയില്‍ പുകയിലയും മതവും എന്ന പേരില്‍ ഒരു ചര്‍ച്ച സംഘടിപ്പിക്കുകയും വ്യത്യസ്‌ത മതപണ്ഡിതര്‍ അവരുടെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്‌തു. പുകയില ഉപയോഗത്തിനെതിരെയുള്ള ഇസ്‌ലാമിക കാഴ്‌പ്പാട്‌ വളരെ ശ്രദ്ധേയമാണ്‌.

ഇസ്‌ലാമിക നിയമരൂപീകരണം ഉപകാരപ്രദമായ കാര്യങ്ങളെ അനുവദിക്കുന്നതിലും ഉപദ്രവകരമായ കാര്യങ്ങളെ നിരോധിക്കുന്നതിനും അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ഉപകാരവും ഉപദ്രവവുമുള്ള ഒരു വസ്‌തുവില്‍ ഉപദ്രവ സ്വഭാവമാണ്‌ അധികമെങ്കില്‍ ഇസ്‌ലാം അതിനെ നിരോധിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. ഖുര്‍ആന്‍ പറയുന്നു: ``മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന്‌ അവര്‍ നിന്നോട്‌ ചോദിക്കുന്നുവല്ലോ. പറയുക: അവ രണ്ടിലും വലുതായ തിന്മകളാണുള്ളത്‌. ആളുകള്‍ക്ക്‌ അല്‍പം പ്രയോജനമുണ്ടെങ്കിലും. എന്നാല്‍ പ്രയോജനത്തേക്കാള്‍ വളരെ വലുതാകുന്നു അവയുടെ തിന്മ.''(അല്‍ബഖറ 219-220)

ഹിജ്‌റ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെ പുകയില ഉപയോഗം ഇസ്‌ലാമിക ലോകത്തിന്‌ പരിചിതമായ ഒന്നായിരുന്നില്ല. പിന്നീട്‌ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌ പുകയില ഇസ്‌ലാമികലോകത്ത്‌ വ്യാപിക്കുകയും അതൊരു സാധാരണ കാഴ്‌ചയായി മാറുകയും ചെയ്‌തു. ഖുര്‍ആനില്‍ ഹദീസിലും പുകയിലയെ പേരെടുത്ത്‌ പരാമര്‍ശിക്കാത്തത്‌ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ക്ക്‌ കളമൊരുക്കി.

ഹനഫി പണ്ഡിതന്‍മാരായിരുന്ന ശൈഖ്‌ അബ്‌ദുല്‍ ഗനി അല്‍നബുല്‍സി, ശൈഖ്‌ മുഹമ്മദ്‌ അമീന്‍ ഇബ്‌നു ആബ്‌ദീന്‍, ശൈഖ്‌ മുഹമ്മദ്‌ അല്‍ അബ്ബാസി അല്‍ മഹദി, മാലിക്കി പണ്ഡിതനായിരുന്ന ശൈഖ്‌ അലി അല്‍ അജൗറി, ശാഫീ പണ്‌ഡിതനായിരുന്ന ശൈഖ്‌ അല്‍ ശര്‍വാനി, ഹന്‍ബലി പണ്ഡിതനായിരുന്ന ശൈഖ്‌ മാരി അല്‍ കര്‍മി എന്നിവര്‍ പുകയില ഉപയോഗം അനുവദനീയമാണെന്ന്‌ വിധിയെഴുതി. ഇതിനു അവര്‍ നിരത്തിയ കാരണങ്ങള്‍ പുകയില ആരോഗ്യത്തിന്‌ അപകടം ജനിപ്പിക്കുമെന്നതിന്‌ വ്യക്തമായ തെളിവുകളില്ല എന്നു മാത്രമല്ല അവ പല രോഗങ്ങള്‍ക്കും ശമനമാണ്‌ എന്നാണ്‌.

ഹനഫി പണ്ഡിതനായിരുന്ന ശൈഖ്‌ അല്‍ ഇമാദി, മാലിക്കി പണ്ഡിതനായിരുന്ന ശൈഖ്‌ മുഹമ്മദ്‌ ഇലായിഷ്‌, ശാഫി പണ്ഡിതനായിരുന്ന അബ്‌ദുല്ല അല്‍ശര്‍ഖാവി, ഹന്‍ബലി പണ്ഡിതന്മാരായിരുന്ന ശൈഖ്‌ മുസ്‌തഫ അല്‍ റഹിബാനി, ശൈഖ്‌ മന്‍സൂര്‍ അല്‍ബഹൂത്തി എന്നിവര്‍ പുകയില ഉപയോഗം കറാഹത്താണ്‌ എന്നു വിധിയെഴുതി. ഇതിന്‌ അവര്‍ നിരത്തിയ കാരണങ്ങള്‍ പുകയില ഉപയോഗം ഉള്ളി, വെളുത്തുള്ളി എന്നിവ പോലെ ദുര്‍ഗന്ധത്തിന്‌ കാരണമാകുന്നു, ശുദ്ധ വ്യക്തിത്വത്തിന്‌ ഭംഗം ഏല്‌പിക്കും, പ്രാര്‍ഥനയ്‌ക്ക്‌ തടസ്സമാകും, ധൂര്‍ത്തിന്‌ വഴിയൊരുക്കും എന്നൊക്കെയാണ്‌.

ഹനഫി പണ്ഡിതനായിരുന്ന ശൈഖ്‌ ശിര്‍നിബലി, ശൈഖ്‌ അല്‍ മിസൈലി ശൈഖ്‌ അല്‍ ഇമാദി, അലാ അല്‍ ദീന്‍ അല്‍ അസ്‌ഖാഫി, മാലിഖി പണ്ഡിതനായിരുന്ന ശൈഖ്‌ ഇബ്‌റാഹിം അല്‍ ലക്കാനി, ശൈഖ്‌ സലീം അല്‍ സന്‍ഹൗരി, ശാഫി പണ്ഡിതന്മാരായിരുന്ന ശൈഖ്‌ ശിഹാബ്‌ അല്‍ ദീന്‍ അല്‍ ഖല്‍യൂബി, ശൈഖ്‌ അല്‍ നദ്‌മ്‌ അല്‍ ഖാസി, സുലൈമാന്‍ അല്‍ ബുജൈറാമി, ഹന്‍ബലി പണ്ഡിതനായിരുന്ന ശൈഖ്‌ മുസ്‌തഫ അല്‍ റഹിബാനി എന്നിവര്‍ പുകയില ഉപയോഗം തീര്‍ത്തും ഹറാമാണെന്നു വിധിയെഴുതി. പുകയില ആലസ്യമുണ്ടാക്കുമെന്നും, ശരീരത്തിന്‌ ആലസ്യവും നാശവും ഉണ്ടാക്കുന്ന എന്തും റസൂല്‍ (സ) നിരോധിച്ചിട്ടുണ്ടെന്നും പുകയില ഉപയോഗം ധൂര്‍ത്താണെന്നും, ധൂര്‍ത്ത്‌ അനിസ്‌ലാമികമാണെന്നും അവര്‍ വാദിച്ചു.

പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിലാണ്‌ മേല്‍പറഞ്ഞ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ക്കിടയില്‍ രൂപപ്പെട്ടത്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഈ കാലയളവുകളില്‍ പുകയില ആരോഗ്യത്തിന്‌ ഗുണകരമാണെന്നും രോഗശമനത്തിനു വരെ സഹായിക്കുമെന്നുമുള്ള തെറ്റിദ്ധാരണകള്‍ നിലനിന്നിരുന്നു. ചില പഠന റിപ്പോര്‍ട്ടുകള്‍ പുകയിലയുടെ അനാരോഗ്യവശം പുറത്തുവിട്ടു എങ്കിലും പുകയില കമ്പനികള്‍ അതിനെ എതിര്‍ക്കുകയും അവര്‍ തന്നെ നടത്തിയ ചില പഠനങ്ങള്‍ അവ യാതൊരു വിധ രോഗങ്ങള്‍ക്കും വഴി തെളിയിക്കുന്നില്ല എന്നും റിപ്പോര്‍ട്ട്‌ ചെയ്‌തു. പുകയില ആരോഗ്യത്തിന്‌ ഹാനികരമല്ലെന്നും രോഗശമനത്തിന്‌ ഉപകരിക്കുമെന്നും കരുതിയ പണ്ഡിതര്‍ അത്‌ ഹലാലാണെന്നും, ആരോഗ്യത്തിന്‌ ഹാനികരവും ധൂര്‍ത്തുമാണ്‌ എന്നു കരുതിയ പണ്ഡിതര്‍ അത്‌ ഹറാമാണെന്നും ഇവ രണ്ടിനും ഇടയില്‍ ചിന്തിച്ച പണ്ഡിതര്‍ അത്‌ കറാഹത്താണ്‌ എന്നും വിധിയെഴുതി.

പുകയില ഒരു മാരക രോഗകാരിയാണെന്നും അത്‌ പുകവലിക്കുന്നവനെ മാത്രമല്ല അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ ബാധിക്കുന്നുവെന്നും പിന്നീട്‌ നടന്ന പഠനങ്ങളില്‍ സംശയഭേദമന്യേ തെളിയിക്കപ്പെടുകയുണ്ടായി. ഭരണാധികാരികളുടെ നിര്‍ദേശാനുസരണം പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ച്‌ പുകയില ഉല്‍പന്നങ്ങളില്‍ മുന്നറിയിപ്പ്‌ നല്‍കാന്‍ ഉല്‍പാദകര്‍ നിര്‍ബന്ധിതരാവുകയും ചെയ്‌തു.

ആധുനിക പണ്ഡിതന്മാരുടെ കാഴ്‌ചപ്പാട്‌

ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേണ്‍ മെഡിറ്ററേനിയന്‍ വിഭാഗം പുകയിലയുടെ ഇസ്‌ലാമിക സമീപനത്തെ കുറിച്ച്‌ സമകാലിക പണ്ഡിതന്മാരായ ഡോ. നാസര്‍ ഫരീദ്‌ വാസില്‍, ഡോ. ഹാമിദ്‌ ജാമി, മുസ്‌തഫ മുഹമ്മദ്‌ അല്‍ഹദീദി അല്‍ തയ്യര്‍, യൂസുഫല്‍ ഖര്‍ദാവി എന്നിവരോട്‌ ആരായുകയുണ്ടായി. പുകയിലയുടെ ഉപയോഗം ഇസ്‌ലാമില്‍ നിഷിദ്ധമാണെന്ന ഇവരുടെ കാഴ്‌ചപ്പാട്‌ ഇസ്‌ലാമിക്‌ റൂളിംഗ്‌ ഓണ്‍ സ്‌മോക്കിംഗ്‌ എന്ന പേരില്‍ ലോകാരോഗ്യ സംഘടന പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടില്‍ പുകയില ഇസ്‌ലാമില്‍ നിഷിദ്ധമാകുന്നത്‌ താഴെ വിവരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്‌.

1). പുകയില ഉപയോഗം ആരോഗ്യത്തിന്‌ ഹാനികരവും മരണത്തിന്‌ തന്നെ കാരണമാവുകയും ചെയ്യുന്നു. ഇത്‌ പുകവലിക്കുന്നവന്റെയും അവനോട്‌ സഹവസിക്കുന്നവന്റെയും ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇസ്‌ലാം സ്വയം നശിക്കുന്നതിനെയും മറ്റുള്ളവരെ അപായപ്പെടുത്തുന്നതിനെയും നിരോധിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നിങ്ങള്‍ സ്വയം കൊല്ലരുത്‌, അല്ലാഹു നിങ്ങളോട്‌ കരുണയുള്ളവനാണ്‌ എന്ന്‌ അറിയുവിന്‍.'' (അന്നിസാഅ്‌ 29). ``സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 195).

2). പുകയിലയുടെ ഉപയോഗം തീര്‍ച്ചയായും ദുര്‍വ്യയമാണ്‌. ഇസ്‌ലാം ശക്തമായി നിരോധിച്ച കാര്യമാണ്‌ ദുര്‍വ്യയം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ദുര്‍വ്യയം അരുത്‌. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്‍മാരുടെ സഹോദരങ്ങളാകുന്നു'' (ബനീഇസ്‌റാഈല്‍ 26,27), ``ധൂര്‍ത്തടിക്കാതിരിക്കുവിന്‍, ധൂര്‍ത്തന്‍മാരെ അല്ലാഹു സ്‌നേഹിക്കുന്നില്ല.'' (അല്‍അഅ്‌റാഫ്‌ 31). റസൂല്‍(സ) പറഞ്ഞു:�``ധൂര്‍ത്തന്‍മാരെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല.'' (ബുഖാരി മുസ്‌ലിം)

3). പുകയില ലഹരിയും മനുഷ്യ ശരീരത്തെ ദുഷിപ്പിക്കുന്നതുമാണ്‌. അല്ലാഹു അത്തരം വസ്‌തുക്കളെ നിഷിദ്ധമാക്കിയിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``അവന്‍ അവര്‍ക്കായി ശുദ്ധ വസ്‌തുക്കള്‍ അനുവദിച്ചു കൊടുക്കുന്നു. അശുദ്ധ വസ്‌തുക്കളെ നിരോധിക്കുകയും ചെയ്യുന്നു.'' (അല്‍അഅ്‌റാഫ്‌ 157). ഉമ്മുസല്‍മ(റ)യില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ റസൂല്‍(സ) ലഹരിയുണ്ടാക്കുന്നതും ആലസ്യമുണ്ടാക്കുന്നതുമായ വസ്‌തുക്കളെ നിരോധിച്ചതായി പരാമര്‍ശമുണ്ട്‌.

4). ഇസ്‌ലാം നല്ല വാസനയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുണ്ട്‌. പുകവലി ദുര്‍ഗന്ധമുണ്ടാക്കുന്നതും മറ്റുള്ളവരെ അലോസരപ്പെടുത്തുന്നതുമാണ്‌. റസൂല്‍(സ) പറഞ്ഞു: ``ആരെങ്കിലും വെളുത്തുള്ളിയോ ഉള്ളിയോ ഭക്ഷിച്ചാല്‍ നമ്മില്‍ നിന്നും അല്ലെങ്കില്‍ നമ്മുടെ പള്ളിയില്‍ നിന്നും അകന്നു നില്‍ക്കട്ടെ. അവന്‍ തന്റെ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെ.'' (മുസ്‌ലിം)

ഈ പണ്ഡിതന്മാരുടെ കാഴ്‌ചപ്പാടിനെ പല ഇസ്‌ലാമിക സംഘടനകളുടെയും സമ്മേളനങ്ങളുടെയും തീരുമാനങ്ങള്‍ ബലപ്പെടുത്തുന്നു. പാകിസ്‌താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ്‌ ഇസ്‌ലാമിക്‌ ഐഡിയോളജി ഓഫ്‌ പാകിസ്‌താന്‍ പുകയില ഉപയോഗം അനിസ്‌ലാമികമാണെന്ന്‌ വിധിയെഴുതി. ഈജിപ്‌തിലെ മതതീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഔദ്യോഗിക സംഘടനയായ ദാറുല്‍ ഇഫ്‌ത പുകയില ഉപയോഗം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള വിധി പ്രഖ്യാപിച്ചു. ഈജിപ്‌തിലെ തന്നെ അല്‍അസ്‌ഹര്‍ ഫത്‌വാ കമ്മിറ്റി പുകയിലയുടെ ഇറക്കുമതി, കയറ്റുമതി, കച്ചവടം, ഉപയോഗം എന്നിവ തടഞ്ഞുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടു. ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ പോരാടുന്നതിനുള്ള അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനം പുകയിലയുടെ ഉല്‍പാദനം, ഉപയോഗം, കച്ചവടം എന്നിവ ഹറാമാണെന്ന്‌ വിധി എഴുതുകയുണ്ടായി.

പുനശ്ചിന്ത അനിവാര്യം

ഇസ്‌ലാം മദ്യം നിരോധിച്ചപ്പോള്‍ മദ്യം കുടിക്കുന്നതോടൊപ്പം ഉല്‍പാദിപ്പിക്കുന്നതും, കൊടുക്കുന്നതും, വില്‍ക്കുന്നതും നിരോധിച്ചതായി കാണാം. അങ്ങനെ നോക്കുകയാണെങ്കില്‍ പുകവലിക്കുന്നതു പോലെ തന്നെ പുകയില വില്‍ക്കുന്നതും, വാങ്ങുന്നതും ഉല്‌പാദിപ്പിക്കുന്നതും വില്‍പനയ്‌ക്ക്‌ കൂട്ടുനില്‍ക്കുന്നതുമെല്ലാം ഇസ്‌ലാമില്‍ അനുവദനീയമല്ലാതെ വരും. ഇങ്ങനെ നേടുന്ന സമ്പത്ത്‌ ഹജ്ജ്‌ കര്‍മ്മത്തിനു പോലും ഉപകരിക്കാവതല്ല.

പുകയില ഏതു രൂപത്തിലാണെങ്കിലും മനുഷ്യനെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുന്നു. മുസ്‌ലിംകള്‍ പുകയില ഉപയോഗത്തിന്റെ ഇസ്‌ലാമിക വശം മനസ്സിലാക്കുകയും നമ്മുടെയും, കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, സമൂഹത്തിന്റെയും ആരോഗ്യം കണക്കിലെടുത്ത്‌ പുകയിലയുടെ ഉപയോഗം, കച്ചവടം എന്നിവ വെടിയേണ്ടതുമാണ്‌. എല്ലാ ഇസ്‌ലാമിക സംഘടനകളും പുകയിലയുടെ ദൂഷ്യഫലത്തെ കുറിച്ചും അതിന്റെ ഇസ്‌ലാമിക വശത്തെ കുറിച്ചും സമൂഹത്തെ ബോധവല്‍കരിക്കേണ്ടതുണ്ട്‌.

വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``നന്മയിലേക്ക്‌ ക്ഷണിക്കുകയും ധര്‍മം കല്‌പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത്‌ അനിവാര്യമാകുന്നു. ഈ ദൗത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍'' (ആലു ഇംറാന്‍ 104). �സത്യവിശ്വാസികളും വിശ്വാസിനികളും പരസ്‌പരം സഹായികളും മിത്രങ്ങളുമാകുന്നു. അവര്‍ ധര്‍മ്മം കല്‍പിക്കുന്നു. അധര്‍മ്മം നിരോധിക്കുന്നു. റസൂല്‍ (സ) പറഞ്ഞു:�``ഇസ്‌ലാമില്‍ ഒരാള്‍ നല്ല ചര്യക്ക്‌ മാതൃക കാണിച്ചാല്‍ അവന്‌ അതിന്റെ പ്രതിഫലവും അദ്ദേഹത്തിനു ശേഷം അത്‌ ചെയ്യുന്നവരുടെ പ്രതിഫലവും ലഭിക്കും (അവരുടേത്‌ ഒട്ടും കുറയാതെ തന്നെ). ഒരാള്‍ ഒരു ചീത്ത കാര്യത്തിന്‌ മാതൃക കാണിച്ചാല്‍ ആ ചെയ്‌തതിന്റെ കുറ്റവും ശേഷം അത്‌ ചെയ്യുന്നവരുടെ കുറ്റവും ഉണ്ടാകും. ചെയ്യുന്നവരുടെ കുറ്റത്തിന്‌ യാതൊരു കുറവുമില്ലാതെ തന്നെ'' (മുസ്‌ലിം).�ഒരാള്‍ വെറുക്കപ്പെടുന്ന ഒരു കാര്യം കണ്ടാല്‍ അതിനെ അവന്റെ കൈകൊണ്ട്‌ തടയട്ടെ. അതിന്‌ സാധ്യമല്ലെങ്കില്‍ അവന്റെ നാവുകൊണ്ട്‌ തടയട്ടെ, അതിനും സാധ്യമല്ലെങ്കില്‍ അവന്റെ ഹൃദയം കൊണ്ട്‌ വെറുക്കട്ടെ. അത്‌ ഈമാനില്‍ നിന്നും ഏറ്റവും ബലഹീനമായതാകുന്നു.

By സി അനീസുര്‍റഹ്‌മാന്‍ @ SHABAB WEEKLY

(ദല്‍ഹി ഹംദര്‍ദ്‌ യൂനിവേഴ്‌സിറ്റിയില്‍ എം ഫാം വിദ്യാര്‍ഥിയാണ്‌ ലേഖകന്‍)

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts