വായുവില്‍ പറക്കുന്ന അപകടസന്ദേശങ്ങള്‍

വൈകി വിവാഹമുറപ്പിച്ച ഒരു പെണ്‍കുട്ടി, തന്റെ അനുജത്തിക്ക്‌ തമാശ രൂപേണ ഒരു എസ്‌ എം എസ്‌ അയക്കുന്നു. ``വൃദ്ധ വിവാഹം.'' അത്‌ വായിക്കുന്ന അനുജത്തിയുടെ ഭര്‍ത്താവ്‌ കോപിഷ്‌ഠനാകുന്നു. വിവാഹാലോചന നടത്തുകയും അതുറപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്‌ത അയാള്‍ വരന്റെ കുടുംബത്തെ വിളിച്ചറിയിക്കുന്നു. ഈ വിവാഹം നടക്കില്ല. വൈകിയ വേളയില്‍ ഒരു പെണ്‍കുട്ടിക്ക്‌ നടന്നു കിട്ടേണ്ടിയിരുന്ന നിക്കാഹ്‌ അതോടെ മുടങ്ങുന്നു. വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരു കുടുംബത്തില്‍ ഈയിടെ നടന്ന അനുഭവമാണ്‌ ഇത്‌.

നമ്മുടെ വായു മണ്ഡലങ്ങളിലൂടെ തലങ്ങും വിലങ്ങും സെക്കന്റുകള്‍ വച്ച്‌ പാഞ്ഞുകൊണ്ടിരിക്കുന്ന എസ്‌ എം എസ്സ്‌ (short message service) സന്ദേശങ്ങള്‍ എത്രമാത്രം അപകടകരമായ രൂപഭാവം ആര്‍ജിക്കുന്നു എന്ന്‌ തിരിച്ചറിയാന്‍ മുകളില്‍ വിവരിച്ച സംഭവം തന്നെ ധാരാളം. ദോഷകരവും നിര്‍ദോഷകരവുമായ മൊബൈല്‍ എസ്‌ എം എസ്സുകള്‍ നമ്മെ ഉറക്കമുണര്‍ത്തുകയും ഉറക്കം കെടുത്തുകയുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുന്ന സാങ്കേതികപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം വ്യാപകമായി മാറിയതോടെയാണ്‌ നമുക്കിടയില്‍ എസ്‌ എം എസ്സുകളും വര്‍ധിച്ചുവന്നത്‌. തുടക്ക കാലത്ത്‌ അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കപ്പെട്ടിരുന്ന എസ്‌ എം എസ്സുകള്‍ പ്രധാനമായും രണ്ടു വിധത്തില്‍ സാങ്കേതികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വ്യക്തി മറ്റു വ്യക്തിക്കോ വ്യക്തികള്‍ക്കോ അയയ്‌ക്കുന്ന എസ്‌ എം എസ്സുകള്‍ പി പി വിഭാഗത്തിലും മെസ്സെജ്‌ സെന്ററുകളില്‍ നിന്നു കമ്പനികളോ മൊബൈല്‍ ദാതാക്കളോ അയക്കുന്ന വ്യാപക എസ്‌ എം എസ്സുകള്‍ സി ബി വിഭാഗത്തിലും പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ കേവലം 2000 കോടി എസ്സ്‌ എം എസ്സുകളാണ്‌ ലോകത്തെമ്പാടും അയക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ നാല്‌പതിനായിരം കോടിയിലെത്തി നില്‌ക്കുകയാണ്‌. തെക്കുകിഴക്കന്‍ ഏഷ്യയിലാണ്‌ ഏറ്റവും കൂടുതല്‍ എസ്‌ എം എസ്സുകള്‍ പറന്നുനടക്കുന്നതത്രേ! തൊട്ടുപിന്നില്‍ യൂറോപ്പും. അമേരിക്കന്‍ ഐക്യനാടുകളില്‍ എസ്‌ എം എസ്സിനോടുള്ള പ്രിയം അത്രക്കില്ലെങ്കിലും എണ്ണം വര്‍ധിച്ചുവരുന്നതായാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

സാങ്കേതികതയുടെ വളര്‍ച്ച നമ്മുടെ ധാര്‍മിക ബോധത്തെ അതിന്റെ ആരൂഢമായ തായ്‌വേരുകളില്‍ നിന്നാണ്‌ പലപ്പോഴും പിഴുതെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ ലാഘവത്തോടെ വായിച്ചുതള്ളേണ്ട അറിവല്ല. ഇന്റര്‍നെറ്റ്‌ വലകളെക്കാളേറെ നമ്മുടെ സമൂഹത്തില്‍ അതിവേഗം പ്രാപ്യമായ സാങ്കേതികതയാണല്ലോ മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ ഫോണുകള്‍ക്കിടയിലെ നിശ്ശബ്‌ദനായ കൊലയാളിയായി എസ്‌ എം എസ്സുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത്‌ പലരും തിരിച്ചറിയാതെ പോവുകയാണ്‌. ഇന്റര്‍നെറ്റുകളും മറ്റും സമൂഹത്തില്‍ ധാര്‍മികബോധമുള്ള വിഭാഗം ജാഗ്രതയോടെ നിരീക്ഷിക്കുമ്പോഴും എസ്‌ എം എസ്സുകള്‍ സര്‍വസ്വതന്ത്രനായി വിലസുകയാണ്‌ നമുക്കിടയില്‍. സമൂഹത്തിലെ കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മാധ്യമങ്ങള്‍ പടച്ചുവിട്ടിരിക്കുന്ന ജുഗുപ്‌സാവഹമായ സിദ്ധാന്തങ്ങള്‍ക്ക്‌ എസ്‌ എം എസ്സുകള്‍ ഇന്ന്‌ പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുന്നുണ്ട്‌.

മൊബൈല്‍ ഫോണിലൂടെയുള്ള ശബ്‌ദകോളുകള്‍ നിരീക്ഷിക്കപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ഇന്ന്‌ കൗമാരക്കാര്‍ തെറ്റായ സഞ്ചാരങ്ങള്‍ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത്‌ എസ്‌ എം എസ്സുകളെയാണ്‌. മൊബൈല്‍ നമ്പറുകളില്‍ സ്‌ത്രീശബ്‌ദം തിരയുന്ന കൂട്ടരും തുടക്കത്തില്‍ നിര്‍ദോഷകരമായ എസ്‌ എം എസ്‌ പറത്തിവിടുന്നു. മറുപടി അനുകൂലമാവുമ്പോള്‍ ഒരു പുതിയ `ബന്ധം' നാമ്പിടുകയായി. സ്‌ത്രീകള്‍ക്കിടയില്‍ ഇങ്ങനെ വ്യാപകമാവുന്ന എസ്‌ എം എസ്സുകള്‍ നമ്മുടെ ധാര്‍മിക ചുറ്റുപാടുകളില്‍ വിഷപദാര്‍ഥങ്ങളാണ്‌ തൊടുത്തുവിടുന്നത്‌. എസ്‌ എം എസ്സിനു വേണ്ടി മാത്രമുള്ള പുതിയ ഭാഷകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രൂപപ്പെട്ടുകഴിഞ്ഞു. വ്യംഗ്യാര്‍ഥമുള്ള പദങ്ങള്‍ ലൈംഗിക അരാജകത്വത്തിനുള്ള താവളങ്ങള്‍ തേടി തരംഗങ്ങളായി പടര്‍ന്നുപന്തലിക്കുമ്പോള്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ പുതിയ പ്രതിസന്ധികളിലേക്ക്‌ ആടിയുലഞ്ഞ്‌ നിപതിക്കുന്നതാണ്‌ കാണുന്നത്‌!

എസ്‌ എം എസ്സുകളിലെ ഭാഷ പലപ്പോഴും തെറ്റായ അര്‍ഥങ്ങളോടെ വായിക്കപ്പെടുന്നത്‌ അടുത്ത കാലത്തുണ്ടായ കുടുംബപ്രശ്‌നങ്ങളില്‍ ഒരു ചര്‍ച്ചാഘടകമായി മാറിയിരിക്കുന്നു. മലയാളത്തില്‍ അയക്കപ്പെടുന്നവ പ്രത്യേകിച്ചും. ഇംഗ്ലീഷ്‌ മലയാളത്തില്‍ അയക്കപ്പെട്ട ഒരു സന്ദേശം ``ഉറങ്ങിയോ, ഒരു കാര്യം പറയാനുണ്ടായിരുന്നു... ഉമ്മ... ഉമ്മറത്തുള്ള ചെരിപ്പെടുത്ത്‌ അകത്തു വെക്കാന്‍ മറക്കരുത്‌.'' ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്‌ വന്ന ഈ സന്ദേശം പകുതി വായിച്ചപ്പോഴേക്കും തെറ്റിദ്ധരിച്ച ഭാര്യ, ഭര്‍ത്താവിന്റെ രഹസ്യകാമുകിയെപ്പറ്റിയറിയാന്‍ തുനിഞ്ഞിറങ്ങുന്നതോടെ വിശ്വാസദൃഢതയുള്ള ഒരു കുടുംബത്തിലാണ്‌ സംശയത്തിന്റെ പുഴുക്കുത്തുകള്‍ വീണത്‌! ഇങ്ങനെ എത്രയെത്ര അപകടകാരികളായ സന്ദേശങ്ങള്‍.

മതമേഖലയില്‍ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസ്‌ എം എസ്സുകള്‍ പലപ്പോഴും വാറോലകളെയാണ്‌ വായുവില്‍ പറത്തിവിടുന്നത്‌. `അവസാനത്തെ ബസ്സ്‌' എന്ന പേരില്‍ മയ്യിത്ത്‌ കട്ടിലിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്ത ഒരു സഹോദരന്‍ ഔചിത്യബോധത്തെക്കുറിച്ച്‌ അധികം ചിന്തിക്കാതിരുന്ന ശുദ്ധഹൃദയനായിരുന്നു. എന്നാല്‍ ഗൗരവമേറിയ ബിസിനസ്‌ ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തായ വ്യവസായി തനിക്ക്‌ അഞ്ചു പ്രാവശ്യം നിരന്തരം ലഭിച്ച ഈ `അടിയന്തിര സന്ദേശ'ത്തില്‍ ക്ഷുഭിതനായപ്പോള്‍ സുഷിരങ്ങള്‍ വീണത്‌ നിര്‍മലമായൊരു സുഹൃദ്‌ ബന്ധത്തിന്നായിരുന്നു. ഇംഗ്ലീഷിനെ മലയാളത്തില്‍ വളച്ചൊടിച്ച്‌ കുഴച്ച്‌, ഗഗനത്തിലേക്കയക്കുന്ന സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ചില്ലറയല്ല.

അടുത്ത കാലത്തായി മൊബൈല്‍ ദാതാക്കളായ കമ്പനികളും പുതിയ അശ്ലീലങ്ങളെ അച്ചുനിരത്തിവിടുന്നത്‌ ഏറിവരികയാണ്‌. ഇത്തരം സി ബി സന്ദേശങ്ങളില്‍ പലപ്പോഴും കാമുകിയെക്കുറിച്ചും ഭാര്യയുടെ പ്രണയാധിക്യത്തിന്റെ തോതളക്കുന്ന ജാതകക്കുറിപ്പുകളെക്കുറിച്ചുമാണ്‌ വിവരിക്കപ്പെടുന്നത്‌. മറുപടി അയക്കുന്നവന്റെ പോക്കറ്റ്‌ ഓരോ ഇംഗ്ലീഷ്‌ ലിപികള്‍ക്കൊപ്പം ചോര്‍ന്നുപോവുന്നു എന്നതാണ്‌ രസകരമായ സത്യം. റിയാലിറ്റിഷോകള്‍ കോടിക്കണക്കിനു ജനങ്ങളില്‍ നിന്ന്‌ ഇങ്ങനെ കവര്‍ന്നെടുക്കുന്ന ശതകോടി രൂപകളുടെ കണക്കുകള്‍ ആദായനികുതിയുടെ ശീതളിമയില്‍ ഭരണകൂടത്തിനു പോലും ഹൃദയം കുളിര്‍പ്പിക്കുന്നതായിമാറുന്നു! ഇത്തരം കവര്‍ച്ചകള്‍ക്കെതിരായി നിയമനിര്‍മാണം നടത്തേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു താനും!

`കോടികളുടെ ലോട്ടറികള്‍ താങ്കള്‍ക്കു ലഭിച്ചിരിക്കുന്നു' എന്ന പേരില്‍ അന്താരാഷ്‌ട്ര സന്ദേശങ്ങള്‍ ചിലര്‍ക്കു ലഭിക്കുന്നുണ്ട്‌. പണം പിടുങ്ങാനുള്ള ഇത്തരം വലകളില്‍ കുടുങ്ങരുതെന്ന റിസര്‍വ്‌ ബാങ്ക്‌ സന്ദേശങ്ങളും അടുത്ത കാലത്ത്‌ ഇറങ്ങിയിരുന്നു.

എസ്‌ എം എസ്സുകളും ഫോണ്‍ സന്ദേശങ്ങളും അത്യാവശ്യ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതിക സൗകര്യങ്ങളാണെന്ന്‌ മറന്നുപോകുന്നവരാണ്‌ നമ്മില്‍ പലരും. തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ എസ്‌ എം എസ്സിന്റെ അപകടച്ചുഴിയിലേക്ക്‌ ഒലിച്ചിറങ്ങുന്നത്‌ തടയിടേണ്ടവരാകട്ടെ വേണ്ടത്ര ജാഗരൂകരുമല്ല! വേണ്ടപ്പെട്ടവരുടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ചോര്‍ത്താവുന്ന സൗകര്യപ്രദമാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ ഇന്ന്‌ ലഭ്യമാണ്‌. പ്രായപൂര്‍ത്തിയാകാത്തവരോ ഫോണ്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളവരോ ഇത്തരം സോഫ്‌റ്റ്‌വെയറുകള്‍ വഴി നിരീക്ഷിക്കപ്പെടുന്നത്‌ നിയമപരമായി കുറ്റകരമല്ല.

സാങ്കേതികത നമ്മുടെ മനസ്സുകളെ അവിശുദ്ധമാക്കാതിരിക്കാന്‍ മതത്തെ പരിചയിക്കേണ്ടവരാണ്‌ മുസ്‌ലികള്‍. അല്ലാഹുവിന്റെ മഹത്തായ ജ്ഞാനത്തിന്റെ ആഴക്കടലുകള്‍ക്കിടയിലെ കേവലം അണുകണങ്ങള്‍ മാത്രമാണ്‌ നമ്മുടെ ചുറ്റിലും അതിശീഘ്രം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ എന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവേണ്ടതുണ്ട്‌. സൗകര്യങ്ങള്‍ നമ്മെ ദുഷിച്ച ലോകത്തേക്ക്‌ കൈപിടിച്ചു നടത്താവുന്ന മലിനമായ സാമൂഹിക ചുറ്റുപാടുകളും നമുക്കുണ്ടെന്ന്‌ നാം മനസ്സിലാക്കണം. എസ്‌ എം എസ്സുകളില്‍ നിന്നുടലെടുക്കുന്ന ചില തമാശകള്‍ സ്വന്തം ജീവിതമോ അന്യരുടെ ജീവിതമോ അപകടപ്പെടുത്തിയേക്കാം. എസ്‌ എം എസ്സുകള്‍ നന്മയില്‍ പങ്കാളിയാവേണ്ട സന്ദേശ സഹായിയാവണം, തിന്മയുടെ അതിപ്രസരം ചുറ്റുപാടുകളെ മലിനമാക്കുമ്പോള്‍ സൂക്ഷ്‌മതയുടെ കവചമണിയേണ്ടവരാണല്ലോ വിശ്വാസികള്‍.


by KP Khalid @ Shabab Weekly

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts