ശുറൈഹുല്‍ ഖാസി : നീതിമാനായ ന്യായാധിപന്‍


അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌

അമീറുല്‍ മുഅ്‌മിനീന്‍ ഉമറുബ്‌നുല്‍ ഖത്വാബ്‌ ഒരു ഗ്രാമീണനില്‍ നിന്ന്‌ ഒരു കുതിരയെ വാങ്ങി. അതിന്റെ വിലയും നല്‌കി. അതിന്റെ പുറത്ത്‌ കയറി ഖലീഫ യാത്രയായി. പക്ഷെ വളരെ ദൂരെയെത്തുംമുമ്പെ കുതിര ക്ഷീണിച്ചവശനായിക്കഴിഞ്ഞിരുന്നു. നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. കുതിരയെയും കൊണ്ട്‌ തിരിച്ചുവന്ന ഉമര്‍ ഗ്രാമീണനോട്‌ പറഞ്ഞു: ``നിന്റെ കുതിരയെ നീ തന്നെ തിരിച്ചെടുത്തുകൊള്ളൂ. അത്‌ വൈകല്യമുള്ള കുതിരയാണ്‌.''അമീറുല്‍ മുഅ്‌മിനീന്‍! ഞാനതു തിരിച്ചുവാങ്ങില്ല. ഒരു കുഴപ്പവുമില്ലാത്ത, ആരോഗ്യമുള്ള കുതിരയെയാണ്‌ ഞാന്‍ അങ്ങേക്കു വിറ്റത്‌. ഇപ്പോള്‍ അതിനു വൈകല്യമുണ്ടെന്ന്‌ പറയുന്നത്‌ ശരിയല്ല'' -ഗ്രാമീണന്‍ തീര്‍ത്തുപറഞ്ഞു.

എങ്കില്‍ നമുക്കു കോടതിയെ സമീപിക്കാം എന്നായി ഉമര്‍

``എന്നാല്‍ ശുറൈഹ്‌ ബിന്‍ ഹാരിസുല്‍ കിന്‍ദിയുടെ കോടതി നമുക്കിടയില്‍ തീര്‍പ്പുകല്‌പിക്കട്ടെ'' -ഗ്രാമീണന്‍ പറഞ്ഞു.

രണ്ടുപേരും ശുറൈഹിന്റെ കോടതിയിലെത്തി. കുതിരയെ വിറ്റ ഗ്രാമീണന്റെ വാദംകേട്ട ശുറൈഹ്‌ ഉമറിന്റെ നേരെ തിരിഞ്ഞു ചോദിച്ചു: ``അമീറുല്‍ മുഅ്‌മിനീന്‍, നിങ്ങള്‍ കുതിരയെ വാങ്ങുമ്പോള്‍ അതിനു വല്ല ന്യൂനതയും വൈകല്യവും ഉണ്ടായിരുന്നോ?''

ഉമര്‍: ``കുഴപ്പമൊന്നും കണ്ടിരുന്നില്ല.''

``അപ്പോള്‍ യാതൊരു വൈകല്യവുമില്ലാത്ത കുതിരയെയാണ്‌ അങ്ങ്‌ വാങ്ങിയത്‌. അല്ലേ? അതുകൊണ്ട്‌ അങ്ങ്‌ വാങ്ങിയ കുതിരയെ കൈവശം വെച്ച്‌ നന്നായി നോക്കുക. അല്ലെങ്കില്‍ വാങ്ങിയതുപോലെ കുതിരയെ തിരിച്ചുകൊടുക്കുക'' -ശുറൈഹ്‌ പറഞ്ഞു.

വിധികേട്ട്‌ അമ്പരന്ന ഖലീഫ ചോദിച്ചു: ``ഇത്‌ തന്നെയാണോ അങ്ങയുടെ വിധി തീര്‍പ്പ്‌?''


``അതെ. നാം സത്യത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ചു. നീതിയോടെയുള്ള വിധിയാണിത്‌'' -ശുറൈഹ്‌ പറഞ്ഞു.

``താങ്കളെ ഞാന്‍ കൂഫയിലെ ഖാസിയായി നിയമിച്ചിരിക്കുന്നു. അതുകൊണ്ട്‌ താങ്കള്‍ അങ്ങോട്ട്‌ പോവുക'' -ശുറൈഹിന്റെ നീതിയുക്തതയിലും ന്യായസാമര്‍ഥ്യത്തിലും മതിപ്പുതോന്നിയ ഉമര്‍(റ) കല്‌പിച്ചു.

ഉമര്‍ബിന്‍ ഖത്വാബ്‌ ശുറൈഹിനെ ന്യായാധിപനായി നിയമിക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ അദ്ദേഹം അപരിചിതനായിരുന്നില്ല. പ്രമുഖ സഹാബിമാരുടെയും താബിഉകളുടെയും പണ്ഡിതന്മാരുടെയും ഇടയില്‍ അപ്രശസ്‌തനായിരുന്നില്ല. ശുറൈഹിന്റെ ജീവിതാനുഭവങ്ങളും എല്ലാവരുടെയും അംഗീകാരവും പ്രശംസയും പിടിച്ചുപറ്റിയതാണ്‌. യമനിലെ കിന്‍ദി ഗോത്രത്തിലാണ്‌ അദ്ദേഹം ജനിച്ചത്‌. ജീവിതത്തിലെ നല്ല പങ്ക്‌ ജാഹിലിയ്യത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. ജസീറതുല്‍ അറബില്‍ ഇസ്‌ലാം പ്രഭ പരത്തുകയും അതിന്റെ കിരണങ്ങള്‍ യമനില്‍ അടിച്ചുവീശുകയും ചെയ്‌തപ്പോള്‍ ആദ്യം വിശ്വസിച്ചവരുടെ കൂടെ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ അറിയുകയും സ്വഭാവ വിശേഷങ്ങളെ ആദരിക്കുകയും ചെയ്യുന്നവര്‍ ഒരു കാര്യത്തില്‍ ദു:ഖിതരാണ്‌. വിശ്വാസം കൈകൊണ്ട ഉടനെ അദ്ദേഹം മദീനയിലേക്കു പുറപ്പെട്ടിരുന്നുവെങ്കില്‍ പ്രവാചക തിരുമേനിയെ ഒരു നോക്കുകാണാനും ആ നിര്‍മലമായ അരുവിയില്‍ നിന്ന്‌ നേരിട്ട്‌ പാനം ചെയ്യാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. അങ്ങനെ വിശ്വാസസൗഭാഗ്യം നേടിയതിനു ശേഷം തിരുനബിയുടെ സ്വഹാബിയായിത്തീരാനുള്ള അസുലഭ സന്ദര്‍ഭവും ലഭിക്കുമായിരുന്നു എന്നതാണ്‌ അവരെ ദു:ഖിപ്പിച്ചത്‌. പക്ഷെ, വിധിച്ചതല്ലേ നടക്കൂ.

പ്രമുഖ സ്വഹാബികള്‍ ജീവിച്ചിരിക്കെ താബിഉകളില്‍ പെട്ട ശുറൈഹിനെ പരമോന്നത നീതിപീഠത്തിലേക്കു ഉയര്‍ത്തിയ നടപടി ഉചിതമായോ എന്ന്‌ പലര്‍ക്കും തോന്നിയിരിക്കാം. പക്ഷെ, ഉമറിന്റെ നടപടി പിഴച്ചിട്ടില്ലെന്ന്‌ പില്‍ക്കാല സംഭവങ്ങള്‍ തെളിയിച്ചു. നീണ്ട അറുപത്‌ വര്‍ഷക്കാലം അദ്ദേഹം ന്യായാധിപസ്ഥാനത്തിരുന്നു. ഉമര്‍, ഉസ്‌മാന്‍, അലി, മുആവിയ(റ) തുടങ്ങി മാറിമാറി വന്ന ഭരണാധികാരികള്‍ ആ നിയമനം സ്ഥിരപ്പെടുത്തിപ്പോന്നു. മുആവിയയ്‌ക്കു ശേഷം വന്ന ബനൂഉമയ്യാ ഭരണാധികാരികളും അദ്ദേഹത്തെ തന്നെ ന്യായാധിപനായി അംഗീകരിച്ചു. എന്നാല്‍ ഹജ്ജാജ്‌ ഭരണാധികാരിയായതോടെ അദ്ദേഹം ന്യായാധിപസ്ഥാനം രാജിവെച്ച്‌ ഒഴിഞ്ഞു. നൂറ്റിയേഴ്‌ വര്‍ഷം നീണ്ട ആ ധന്യജീവിതത്തിന്‌ തിളക്കമാര്‍ന്ന ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കാനുണ്ട്‌.

ഇസ്‌ലാമിക നിയമനിര്‍മാണ ചരിത്രം ശുറൈഹിന്റെ ധീരവും അവിസ്‌മരണീയവും ശോഭനവുമായ വിധിതീര്‍പ്പുകളാല്‍ നിറഞ്ഞുനില്‍ക്കുന്നതാണ്‌. ശുറൈഹിന്റെ വിധിതീര്‍പ്പുകളില്‍ലെ നീതിയുടെ ഔന്നത്യവും നര്‍മത്തിന്റെ മധുരവും ചരിത്രഗ്രന്ഥങ്ങളില്‍ നിറഞ്ഞുനില്‌ക്കുന്നു.

നാലാം ഖലീഫ അലിയ്യുബ്‌നി അബീത്വാലിബിന്റെ(റ) പ്രിയപ്പെട്ടതും വില കൂടിയതുമായ പടയങ്കി ഒരിക്കല്‍ നഷ്‌ടപ്പെട്ടു. ദിവസങ്ങള്‍ക്കു ശേഷം സംരക്ഷിതപ്രജകളില്‍ പെട്ട ഒരാള്‍ കൂഫയിലെ അങ്ങാടിയില്‍ അത്‌ വില്‌ക്കാന്‍ ശ്രമിക്കുന്നത്‌ അലി(റ) കാണാനിടയായി. പടയങ്കി തിരിച്ചറിഞ്ഞ ഖലീഫ പറഞ്ഞു: ``ഇത്‌ എന്റേതാണ്‌. കഴിഞ്ഞ രാത്രി ഒട്ടകപ്പുറത്ത്‌ സഞ്ചരിക്കുമ്പോള്‍ താഴെ വീണുപോയതാണ്‌.''

``ഇത്‌ എന്റേതാണ്‌, എന്റെ കൈവശവുമാണ്‌'' -ദിമ്മിയ്യ്‌ തറപ്പിച്ചു പറഞ്ഞു.

``ഇത്‌ എന്റെ അങ്കി തന്നെയാണ്‌. ഞാന്‍ ഇത്‌ ആര്‍ക്കും വില്‍ക്കുകയോ ദാനം ചെയ്യുകയോ ചെയ്‌തിട്ടില്ല. എങ്കിലല്ലേ അത്‌ താങ്കളുടേതാകുന്നുള്ളൂ'' -അലി(റ) വളരെ ശക്തമായി തന്റെ കാര്യങ്ങള്‍ ധരിപ്പിച്ചു.

``എന്നാല്‍ നമുക്കു കോടതിയെ സമീപിച്ച്‌ ഒരു തീര്‍പ്പിലെത്താം'' -ദിമ്മിയ്യ്‌ പറഞ്ഞു.

അലി(റ)യും കാര്യം അംഗീകരിച്ചു.

രണ്ടുപേരും ശുറൈഹിന്റെ കോടതിയിലെത്തി. ന്യായാധിപന്‍ അലി(റ)യോട്‌ ചോദിച്ചു: അമീറുല്‍ മുഅ്‌മിനീന്‍, താങ്കള്‍ക്കെന്താണു പറയാനുള്ളത്‌?''

``ഇദ്ദേഹത്തിന്റെ കൈവശമുള്ള പടയങ്കി എന്റേതാണ്‌. ഞാനത്‌ വില്‌ക്കുകയോ ദാനം ചെയ്യുകയോ ചെയ്‌തിട്ടില്ല. കഴിഞ്ഞ രാത്രി യാത്രയില്‍ എന്റെ ഒട്ടകപ്പുറത്തു നിന്ന്‌ താഴെ വീണുപോയതാണ്‌. ഇപ്പോള്‍ ഇദ്ദേഹമിത്‌ മാര്‍ക്കറ്റില്‍ വില്‌ക്കാന്‍ ശ്രമിക്കുന്നുണ്ട്‌'' -അലി(റ) തന്റെ വാദം അവതരിപ്പിച്ചു.

പ്രതിയുടെ നേരെ തിരിഞ്ഞു ന്യായാധിപന്‍ ചോദിച്ചു: ``അമീറുല്‍ മുഅ്‌മീനിന്റെ പരാതിയെക്കുറിച്ച്‌ താങ്കള്‍ക്കെന്താണ്‌ പറയാനുള്ളത്‌?''

``ഇത്‌ എന്റെ കൈവശമുള്ള എന്റെ പടയങ്കിയാണ്‌. അമീറുല്‍ മുഅ്‌മിനീന്‍ കള്ളം പറയുമെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല'' -അയാള്‍ ബോധിപ്പിച്ചു.

ശുറൈഹ്‌ അലി(റ)യോട്‌ പറഞ്ഞു: ``അമീറുല്‍ മുഅ്‌മിനീന്‍, അങ്ങയുടെ വാദം സത്യമാണെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. പടയങ്കി നിങ്ങളുടേത്‌ തന്നെയാണ്‌. പക്ഷെ, നിങ്ങളുടെ വാദം ശരിയാണെന്ന തീര്‍പ്പിലെത്തണമെങ്കില്‍ കോടതിക്കും രണ്ടു സാക്ഷി വേണം. അതിനു കഴിയുമോ?'' 

``അതെ, എന്റെ ഭൃത്യന്‍ ഖന്‍ബറും എന്റെ മകന്‍ ഹസനും എനിക്കു വേണ്ടി സാക്ഷി പറയും'' -അലി(റ) പറഞ്ഞു. 

ശുറൈഹ്‌ പറഞ്ഞു: ``പിതാവിനു വേണ്ടി പുത്രന്‍ സാക്ഷി പറയുന്നത്‌ സ്വീകരിക്കാന്‍ നിര്‍വാഹമില്ല.''

``സുബ്‌ഹാനല്ലാഹ്‌. സ്വര്‍ഗാവകാശികളില്‍ പെട്ട ഒരാളുടെ സാക്ഷ്യം അങ്ങേക്ക്‌ സ്വീകാര്യമല്ലെന്നോ? ഹസനും ഹുസൈനും സ്വര്‍ഗീയ യുവാക്കളുടെ നേതാക്കന്മാരാണെന്ന ഹദീസ്‌ നിങ്ങള്‍ കേട്ടിട്ടില്ലേ?'' -അലി(റ) ചോദിച്ചു.

``അമീറുല്‍ മുഅ്‌മിനീന്‍, നിങ്ങള്‍ പറഞ്ഞത്‌ മറ്റൊരു കാര്യം. അത്‌ സത്യവുമാണ്‌. പക്ഷേ പിതാവിനു വേണ്ടി പുത്രന്റെ സാക്ഷ്യം സ്വീകരിക്കാന്‍ കോടതിക്കു സാധ്യമല്ല'' -ജഡ്‌ജി വ്യക്തമാക്കി.

തത്സമയം പ്രതിയുടെ നേരെ തിരിഞ്ഞു അലി(റ) പറഞ്ഞു: ``പടയങ്കി നിങ്ങള്‍ എടുത്തോളൂ. ഇവരല്ലാതെ മറ്റു സാക്ഷികളെ ഹാജരാക്കാന്‍ എനിക്ക്‌ കഴിയില്ല.''

പടയങ്കിയുമായി എഴുന്നേറ്റ പ്രതി പറഞ്ഞു: ``ദൈവമാണ്‌ സത്യം. ഈ അങ്കി അങ്ങയുടേതാണെന്ന്‌ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. പക്ഷെ, എനിക്കത്ഭുതം തോന്നുന്നു. മുസ്‌ലിം ലോകത്തിന്റെ ഭരണാധികാരിയായ അമീറുല്‍ മുഅ്‌മിനീന്‍ ഒരു സാധാരണ വ്യക്തിയെപ്പോലെ കോടതിയില്‍ എനിക്കെതിരെ പരാതി നല്‌കുക. പരാതി തെളിയിക്കാന്‍ രണ്ടു സാക്ഷികളെ ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ ന്യായാധിപന്‍ ഖലീഫക്കെതിരെ വിധിക്കുക. ഈ സമത്വസുന്ദരസിദ്ധാന്തം പഠിപ്പിക്കുന്ന പ്രത്യയശാസ്‌ത്രം ഒരു പ്രവാചകനിലൂടെ അവതരിച്ചതാണെന്ന്‌ ഞാനിതാ സാക്ഷ്യം വഹിക്കുന്നു. അശ്‌ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹ്‌...''

അദ്ദേഹം തുടര്‍ന്നു: ``പടയങ്കി അമീറുല്‍ മുഅ്‌മിനീനിന്റേതു തന്നെയാണ്‌. സ്വിഫ്‌ഫീനിലേക്കു യാത്ര പുറപ്പെട്ടപ്പോള്‍ ഞാന്‍ സൈന്യത്തെ പിന്തുടര്‍ന്നിരുന്നു. ചാരനിറത്തിലുള്ള അദ്ദേഹത്തിന്റെ ഒട്ടകപ്പുറത്തു നിന്ന്‌ അങ്കി താഴെ വീണു. ആരും കാണാതെ ഞാനതു കൈവശപ്പെടുത്തി. ഇതാണ്‌ സത്യം.'' 

``ഇനി അങ്കി താങ്കള്‍ തന്നെ എടുത്തുകൊള്ളുക. ഒപ്പം ഈ കുതിരയെയും ഞാന്‍ നിങ്ങള്‍ക്കു സമ്മാനമായി നല്‌കുന്നു'' -അമീറുല്‍ മുഅ്‌മിനീന്‍ പറഞ്ഞു.

കാലം ഏറെ കഴിയുന്നതിനു മുമ്പ്‌ നഹ്‌റുവാന്‍ യുദ്ധത്തില്‍ ഖവാരിജുകള്‍ക്കെതിരെ അലി(റ)യുടെ പക്ഷത്തു നിന്നു അദ്ദേഹം പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്‌തു.

മറ്റൊരു മനോഹര സംഭവം ഇങ്ങനെ: ശുറൈഹിന്റെ പുത്രന്‍ ഒരു ദിവസം അദ്ദേഹത്തോട്‌ പറഞ്ഞു: ``പിതാവേ, എനിക്കും മറ്റൊരു കക്ഷിക്കുമിടയില്‍ ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌. അങ്ങ്‌ അതൊന്ന്‌ പരിശോധിക്കണം. സത്യം എന്റെ പക്ഷത്താണെങ്കില്‍ കേസ്‌ ഞാന്‍ കോടതിയില്‍ എത്തിക്കാം. ഇനി സത്യം അവരുടെ പക്ഷത്താണെങ്കില്‍ ഞാന്‍ അവരുമായി ചര്‍ച്ച നടത്തി അനുരഞ്‌ജനത്തില്‍ എത്തിച്ചേരാം.''

പുത്രന്‍ ശുറൈഹിനു മുമ്പാകെ സംഭവം വിശദീകരിച്ചു. എല്ലാം കേട്ടുകഴിഞ്ഞ ശുറൈഹ്‌ എതിര്‍കക്ഷിയെ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. മറുകക്ഷി കോടതിയില്‍ ഹാജറായി വിശദീകരണം നല്‌കിക്കഴിഞ്ഞപ്പോള്‍ ശുറൈഹ്‌ പുത്രന്‌ പ്രതികൂലമായി വിധി പ്രസ്‌താവിച്ചു.

പിതാവും പുത്രനും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പുത്രന്‍ പിതാവിനോട്‌ പറഞ്ഞു: ``നിങ്ങളെന്നെ വഷളാക്കിക്കളഞ്ഞു. ഞാന്‍ അങ്ങയോട്‌ നേരത്തെ കൂടിയാലോചിച്ചിരുന്നില്ലെങ്കില്‍ ഇങ്ങനെ ഞാന്‍ ആക്ഷേപിക്കുമായിരുന്നില്ല.''
മകന്റെ പരാതി കേട്ട്‌ ശുറൈഹ്‌ പറഞ്ഞു: ``ഈ ഭൂമിയില്‍ അവരെക്കാളെല്ലാം എനിക്കേറ്റവും പ്രിയപ്പെട്ടവന്‍ നീ തന്നെയാണ്‌. പക്ഷെ, നിന്നേക്കാള്‍ എനിക്ക്‌ വേണ്ടപ്പെട്ടതും കടപ്പാടുള്ളതും എല്ലാം അറിയുന്ന അല്ലാഹുവോടാണ്‌. സത്യം അവരുടെ പക്ഷത്താണെന്ന്‌ ഞാന്‍ നിന്നോട്‌ പറഞ്ഞാല്‍ അവരുടെ ചില അവകാശങ്ങളെങ്കിലും നഷ്‌ടപ്പെടുന്ന രൂപത്തില്‍ നീ അവരുമായി അനുരഞ്‌ജനത്തില്‍ എത്തിച്ചേരും. അതിനാലാണ്‌ ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനിന്നത്‌. ആരുടെയും അവകാശങ്ങള്‍ അണു അളവ്‌ നഷ്‌ടപ്പെട്ടുകൂടാ എന്ന കാര്യത്തില്‍ എനിക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു.''

മറ്റൊരിക്കല്‍ ശുറൈഹിന്റെ പുത്രന്‍ ഒരാള്‍ക്കു ജാമ്യം നിന്നു. ജാമ്യം ശുറൈഹ്‌ സ്വീകരിച്ചു. കുറ്റവാളി നിയമത്തിന്റെ മുന്നില്‍ നിന്ന്‌ ഓടി രക്ഷപ്പെട്ടു. അയാള്‍ക്കു പകരം ശുറൈഹ്‌ മകനെ ജയിലിലടച്ചു. ദിനേന ശുറൈഹ്‌ ജയിലിലായ മകന്‌ ഭക്ഷണം സ്വയം അവിടെ എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.

ചില സാക്ഷികളുടെ കാര്യത്തിലുള്ള സംശയം ശുറൈഹിനെ വേട്ടയാടിക്കൊണ്ടിരുന്നു. പക്ഷെ, നീതിയുടെ നിബന്ധനകള്‍ അവരില്‍ പൂര്‍ണമായി കണ്ടതിനാലും സാക്ഷ്യം തള്ളിക്കളയുന്നതിനുള്ള കാരണങ്ങള്‍ അവരില്‍ കണ്ടെത്താത്തതുകൊണ്ടും സാക്ഷ്യം അംഗീകരിക്കുന്നതിനു മുമ്പ്‌ അദ്ദേഹം അവരെ ഇങ്ങനെ ഉപദേശിക്കാറുണ്ടായിരുന്നു:

``അല്ലാഹു നിങ്ങളെ സന്മാര്‍ഗത്തിലാക്കട്ടെ. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ വളരെ ഗൗരവപൂര്‍വം ശ്രദ്ധിക്കണം. ഈ വ്യക്തിക്കെതിരെ വിധിക്കുന്നത്‌ യഥാര്‍ഥത്തില്‍ നിങ്ങളാണ്‌. നിങ്ങളുടെ സാക്ഷ്യം അടിസ്ഥാനമാക്കി വിധിക്കുന്നതു മൂലം ഞാന്‍ നരകത്തില്‍ നിന്നു സുരക്ഷിതനുമാണ്‌. നരകത്തെ സൂക്ഷിക്കാന്‍ ഏറ്റവും അര്‍ഹര്‍ നിങ്ങളാണ്‌. ഈ സമയത്ത്‌ നിങ്ങളുടെ സാക്ഷിമൊഴി പിന്‍വലിക്കാനും നിങ്ങള്‍ക്കവകാശമുണ്ട്‌. 

സാക്ഷി സാക്ഷ്യത്തില്‍ ഉറച്ചുനില്‌ക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കുവേണ്ടിയാണോ സാക്ഷി പറയുന്നത്‌ അയാളെ നോക്കി ശുറൈഹ്‌ പറയും: ``നീ ഒരു കാര്യം മനസ്സിലാക്കണം. അവരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ്‌ ഞാന്‍ നിനക്കനുകൂലമായി വിധി പ്രസ്‌താവിക്കുന്നത്‌ എങ്കിലും നീ അക്രമിയാണെന്ന്‌ എനിക്കു തോന്നുന്നു. പക്ഷെ, ധാരണയുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്‌താവിക്കാവതല്ലല്ലോ? അതിനാല്‍ എന്റെ ഈ വിധി മൂലം അല്ലാഹു നിനക്ക്‌ നിഷിദ്ധമാക്കിയ ഒരു കാര്യവും നിനക്കനുകൂലമായിത്തീരുന്നില്ല എന്ന കാര്യം നീ മനസ്സിലാക്കണം.''

കോടതിയില്‍ ശുറൈഹ്‌ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു മുദ്രാവാക്യം ഇങ്ങനെയായിരുന്നു: ``നാളെ പരാജിതന്‍ ആരാണെന്ന്‌ തീര്‍ച്ചയായും അക്രമി മനസ്സിലാക്കേണ്ടിവരും. അക്രമിക്ക്‌ ശിക്ഷയും അക്രമിക്കപ്പെട്ടവന്‌ നീതിയും പ്രതീക്ഷിക്കാം. ഒരാള്‍ക്കും അല്ലാഹുവിനു വേണ്ടി മാറ്റിവെച്ച ഒരു കാര്യവും നഷ്‌ടപ്പെടുകയില്ലന്ന്‌ ഞാനിതാ സത്യം ചെയ്യുന്നു.''

അല്ലാഹുവിനോടും റസൂലിനോടും മാത്രമല്ല, സകല ജനങ്ങളോടുമുള്ള ഗുണകാംക്ഷയായിരുന്നു ശുറൈഹിന്റെ ജീവിതം. 

ഒരാള്‍ തന്റെ അനുഭവം വിവരിക്കുന്നു: എനിക്കുണ്ടായ ചില ദുരനുഭവങ്ങളില്‍ എനിക്ക്‌ മനപ്രയാസമുണ്ടെന്നും ഞാന്‍ സ്‌നേഹിതനോട്‌ പരാതിപ്പെടുന്നുണ്ടെന്നും മനസ്സിലാക്കിയ ശുറൈഹ്‌ എന്റെ അടുത്തെത്തി. എന്റെ കൈപിടിച്ച്‌ ഒരു ഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തി പറഞ്ഞു: ``സഹോദരപുത്രാ, അല്ലാഹു അല്ലാതെ ആരോടും പരാതിപറയുന്നത്‌ സൂക്ഷിക്കണം. നീ പരാതി ബോധിപ്പിക്കുന്ന ആള്‍ ഒരുപക്ഷെ നിന്റെ മിത്രമായിരിക്കും. അല്ലെങ്കില്‍ ശത്രുവായിരിക്കും. മിത്രമാണെങ്കില്‍ നിങ്ങളുടെ പ്രയാസങ്ങള്‍ അയാളെ ദു:ഖിപ്പിക്കും. ശത്രുവാണെങ്കില്‍ നിങ്ങളുടെ പ്രയാസങ്ങള്‍ അയാളെ സന്തോഷിപ്പിച്ചേക്കും.'' 

ഒരു കണ്ണിലേക്ക്‌ ചൂണ്ടിക്കാണിച്ച്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ``നിങ്ങള്‍ എന്റെ ഈ കണ്ണ്‌ നോക്കൂ. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇതുകൊണ്ട്‌ ഒരാളെയോ ഒരു വഴിയോ ഞാന്‍ കണ്ടിട്ടില്ല. ഇത്‌ നിങ്ങളോട്‌ ഇപ്പോള്‍ പറഞ്ഞതല്ലാതെ മറ്റൊരാളോടും ഇതിനെക്കുറിച്ച്‌ ഞാന്‍ സംസാരിച്ചിട്ടില്ല. മഹാനായ പ്രവാചകന്‍ യഅ്‌ഖൂബ്‌ നബിയുടെ വാക്കുകള്‍ നീ കേട്ടിട്ടില്ലേ? എന്റെ സങ്കടവും ദു:ഖവും ഞാന്‍ ആവലാതിയായി അല്ലാഹുവില്‍ മാത്രം സമര്‍പ്പിക്കുകയാണ്‌ എന്ന്‌. അതിനാല്‍ ഏത്‌ പ്രതിസന്ധിയിലും പ്രയാസങ്ങളിലും നീ പരാതിയുമായി സമീപിക്കേണ്ടത്‌ അല്ലാഹുവിനെയാണ്‌. ആവലാതികള്‍ ഏറ്റവും നന്നായി കേള്‍ക്കുകയും ഉത്തരം നല്‌കുകയും ചെയ്യുന്നവന്‍ അവന്‍ മാത്രം.''

മറ്റൊരാളോട്‌ എന്തോ ചോദിക്കുന്ന ഒരാളോട്‌ അദ്ദേഹം പറഞ്ഞു: ``സുഹൃത്തേ, നിങ്ങള്‍ ഒരാവശ്യത്തിനായി മറ്റൊരാളോട്‌ യാചിക്കുന്നുവെങ്കില്‍ നിങ്ങളുടെ സ്വാതന്ത്ര്യം അയാള്‍ക്കു പണയപ്പെടുത്തുകയാണ്‌. അദ്ദേഹം കാര്യം നിറവേറ്റിത്തന്നാല്‍ നീ അയാള്‍ക്കു വിധേയനായി. അഥവാ അയാള്‍ നിന്നെ വെറും കയ്യോടെ മടക്കിയാല്‍ രണ്ടുപേരും അപമാനിതരായി. ഒരാള്‍ പിശുക്കുകൊണ്ട്‌ അപമാനിതനാണെങ്കില്‍ അപരന്‍ വെറുതെ മടങ്ങേണ്ടിവന്നതുകൊണ്ട്‌ അപമാനിതനായി. അതിനാല്‍ വല്ലതും ചോദിക്കുന്നുവെങ്കില്‍ അല്ലാഹുവിനോട്‌ ചോദിക്കുക. അവനോട്‌ മാത്രം സഹായം അര്‍ഥിക്കുക.''

കൂഫയില്‍ പ്ലേഗ്‌ പടര്‍ന്നുപിടിച്ചപ്പോള്‍ നജ്‌ഫിലേക്കു ആത്മരക്ഷാര്‍ഥം ഓടിപ്പോയ സുഹൃത്തിന്‌ അദ്ദേഹം എഴുതി: ``സുഹൃത്തെ, നീ ഓടിപ്പോന്ന പ്രദേശം നിന്നെ മരണത്തിലേക്കു എടുത്തെറിയുകയില്ല. നിന്റെ ദിനങ്ങള്‍ നഷ്‌ടപ്പെടുത്തുകയുമില്ല. നീ ഇപ്പോള്‍ എത്തിപ്പെട്ട പ്രദേശം എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ പരിധിയില്‍പെട്ടതാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.''

അറുപത്‌ വര്‍ഷം ജനങ്ങളില്‍ നീതി നടപ്പിലാക്കിയ അല്ലാഹുവിന്റെ ശരീഅത്തിന്റെ വ്യാഖ്യാതാവും സാത്വികനുമായ ശുറൈഹിനെ പടച്ചവന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍ 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts