ഹജ്‌ജിന്‌ പോകുന്നവരോട്‌

അതിമഹത്തായൊരു ആരാധനാകര്‍മമെന്ന നിലയില്‍ ഹജ്ജ്‌ ചെയ്യാനുദ്ദേശിക്കുന്നവര്‍ കാത്തുസൂക്ഷിക്കേണ്ടതായ ചില നിയമങ്ങളുണ്ട്‌. അതൊന്നും പാലിക്കാതെയുള്ള ഹജ്ജ്‌ ലക്ഷ്യപ്രാപ്‌തി കൈവരിക്കില്ല. ഒരാള്‍ ഭൂമിയില്‍ പിറന്നുവീഴുമ്പോള്‍ എത്രമാത്രം ശുദ്ധപ്രകൃതനായിരുന്നുവോ അതുപോലെ വീണ്ടും വിശുദ്ധമായ ഒരു സൃഷ്‌ടിപ്പിനെ അനുസ്‌മരിപ്പിക്കും വിധം പരിവര്‍ത്തിപ്പിക്കപ്പെടാന്‍ വേണ്ടിയാണ്‌ ഹജ്ജ്‌ നിശ്ചയിച്ചിട്ടുള്ളതെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌. ഇസ്‌ലാം മതത്തിന്റെ ചിഹ്നങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള മതചിഹ്നങ്ങളുടെയടുക്കല്‍ ചെന്ന്‌ വിശ്വാസങ്ങളുടെയും കര്‍മചൈതന്യങ്ങളുടെ വിതാനത്തെ സ്വയം അളന്നെടുക്കാന്‍ വിശ്വാസിക്ക്‌ അവസരം നല്‌കുന്ന ഏറ്റവും നല്ലൊരു സുവര്‍ണാവസരമാണ്‌ ഹജ്ജിലൂടെ സംജാതമാവുന്നത്‌. പ്രതിഫലം ആഗ്രഹിച്ച്‌ യാത്രക്കൊരുങ്ങിപ്പുറപ്പെടാന്‍ ഇസ്‌ലാം അനുമതി നല്‌കിയ തീര്‍ഥാടന കേന്ദ്രങ്ങള്‍ മൂന്ന്‌ പള്ളികളാണ്‌; മസ്‌ജിദുല്‍ ഹറാം, മസ്‌ജിദുന്നബവി, മസ്‌ജിദുല്‍ അഖ്‌സാ. ഈ മസ്‌ജിദുകളും അവയുടെ പരിസരങ്ങളും ഒട്ടനേകം ദൃഷ്‌ടാന്തങ്ങളും മതചിഹ്നങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്‌. പ്രവാചകന്മാരുടെ പാദസ്‌പര്‍ശമേറ്റ പുണ്യഭൂമിയാണിവിടം. നിരവധി ചരിത്ര സംഭവങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച സ്ഥലങ്ങളും അനുഗ്രഹീതവുമാണാ പ്രദേശങ്ങള്‍. പക്ഷെ, ചരിത്രസ്‌മരണകള്‍ അയവിറക്കുന്നതിലുപരിയായി പ്രവാചകസന്ദേശങ്ങളുടെ സമുന്നതമായ ലക്ഷ്യവും ദൗത്യവും പ്രാപിക്കുകയെന്നതായിരിക്കണം തീര്‍ഥാടകന്റെ ലക്ഷ്യം. ഇവിടെ വെച്ച്‌ നമസ്‌കാരം നിര്‍വഹിച്ചാല്‍ ലഭ്യമാകുന്ന പ്രതിഫലങ്ങളെ പ്രവാചകന്‍(സ) വിശദമാക്കിയിട്ടുണ്ട്‌. അതില്‍ ഒന്നാം സ്ഥാനം മസ്‌ജിദുല്‍ ഹറാമിനും രണ്ടാം സ്ഥാനം മദീനാ പള്ളിക്കും മൂന്നാം സ്ഥാനം മസ്‌ജിദുല്‍ അഖ്‌സക്കുമാണ്‌. ആരാധനകളുടെ സ്വീകാര്യതക്കും അവയിലെ ആത്മീയതയുടെ വര്‍ധനവിനും അനുപേക്ഷ്യമായിട്ടുള്ള നിയ്യത്ത്‌, ഇഖ്‌ലാസ്‌, തഖ്‌വ, ഇഹ്‌തിസാബ്‌ എന്നിവ പ്രത്യേകം കാത്തുസൂക്ഷിക്കപ്പെടേണ്ടതുണ്ട്‌. സര്‍വോപരി ഇസ്‌ലാമിക ശരീഅത്തിന്റെ പൂര്‍ത്തീകരണം സംഭവിച്ചിട്ടുള്ള മുഹമ്മദ്‌ നബി(സ)യിലൂടെ അറിയിക്കപ്പെട്ട ചര്യകളും അധ്യാപനങ്ങളും പാലിക്കപ്പെടുകയും വേണം.

ആരാധനകളുടെ ലക്ഷ്യം ലോകപ്രശസ്‌തിയും കച്ചവടക്കണ്ണുമാവാന്‍ പാടില്ല. തീര്‍ഥാടനമുദ്ദേശിച്ചുപോകാന്‍ മതം നിശ്ചയിച്ച പള്ളികള്‍ മൂന്നെണ്ണമാണെങ്കിലും ഹജ്ജ്‌ കര്‍മം മസ്‌ജിദുല്‍ ഹറാമിന്റെയും അതിന്റെ പരിസരങ്ങളിലും വെച്ചാണ്‌ നിര്‍വഹിക്കേണ്ടത്‌. അഥവാ, ഹജ്ജ്‌ കര്‍മങ്ങളില്‍ ഒന്നും തന്നെ മദീനയിലോ ബൈത്തുല്‍ മുഖദ്ദസിലോ പോയി നിര്‍വഹിക്കാനില്ലെന്ന്‌ സാരം. മക്കയിലും മദീനയിലും അവിടുത്തെ മറ്റു ചില പ്രദേശങ്ങളിലും മറമാടപ്പെട്ട പുണ്യപുരുഷന്മാരുടെ ഖബറിടങ്ങള്‍ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തില്‍ അവിടേക്ക്‌ ഒരുങ്ങിപ്പുറപ്പെടുന്ന ധാരാളം പേരുണ്ട്‌. അത്തരക്കാരില്‍ ചിലര്‍ പോകുന്നതിനു മുമ്പായി നാട്ടിലെ ചില മഖാമുകള്‍ സന്ദര്‍ശിക്കുകയും സുഖമായി മടങ്ങിയെത്തിയാല്‍ മറ്റു ചില മഖാമുകളും ദര്‍ഗ്ഗകളും സന്ദര്‍ശിച്ചുകൊള്ളാമെന്ന്‌ നേര്‍ച്ച ചെയ്യുകയും ചെയ്യുന്നവരാണ്‌. നബിതിരുമേനിയുടെ ഖബറിടവും റൗളാശരീഫും ദര്‍ശിക്കുകയെന്നത്‌ മാത്രം ലക്ഷ്യമാക്കി ഹജ്ജിനുപോകുന്നവരുമുണ്ട്‌. മരണപ്പെട്ടുപോയ മഹാന്മാരുടെ ഖബറുകള്‍ സന്ദര്‍ശിക്കുകയെന്നത്‌ ഹജ്ജ്‌ കര്‍മങ്ങളില്‍ പെട്ടതല്ല. മൂന്നു പള്ളികളിലേക്കല്ലാതെ തീര്‍ഥാടനമുദ്ദേശിച്ചു ഒരുങ്ങിപ്പുറപ്പെടാവതല്ലെന്ന നബിതിരുമേനിയുടെ കല്‌പനയില്‍ നിന്നും ഈ വസ്‌തുത ബോധ്യമാവും. ഹജ്ജിനായി തീരുമാനിച്ചയാള്‍ അതിനുള്ള ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിനു മുമ്പായി മഹാന്മാരുടെ ഖബറിടങ്ങളില്‍ ദര്‍ശനം നടത്തല്‍ അനിവാര്യമായ കാര്യമാണെന്ന്‌ വിശ്വസിക്കുന്ന ചിലരുണ്ട്‌. ഇത്തരക്കാരെ ചൂഷണം ചെയ്‌തു മുതലെടുപ്പു നടത്തുന്ന ചില ഏജന്‍സികളും നമ്മുടെ നാടുകളിലുണ്ട്‌.

 `ഇഹ്‌റാമില്‍' പ്രവേശിച്ചു കഴിഞ്ഞാല്‍ ജമാഅത്തായി അത്യുച്ചത്തില്‍ ഒരാള്‍ ചൊല്ലിത്തരുന്ന `തല്‍ബിയത്ത്‌' ഏറ്റുപറയുന്ന രീതിയും ശൈലിയും ഭൂഷണമല്ല. `ഇഹ്‌റാമി'നുള്ള വസ്‌ത്രം ധരിച്ചിട്ടുണ്ടെങ്കില്‍ നിശ്ചയിക്കപ്പെട്ട `മീക്കാത്തി'ല്‍ എത്തുന്നതിനു മുമ്പായി ഇഹ്‌റാമില്‍ പ്രവേശിക്കാവതുമല്ല. അറിവില്ലാത്ത ചിലര്‍ സ്വന്തം നാട്ടില്‍ നിന്ന്‌ വാഹനത്തില്‍ കയറുമ്പോള്‍ തന്നെ ഇഹ്‌റാമില്‍ പ്രവേശിച്ചതായി പ്രഖ്യാപിക്കാറുണ്ട്‌. ഇതൊരിക്കലും ശരിയല്ല. ചില ഗ്രാമങ്ങളില്‍ നിന്നും ഹജ്ജിന്‌ പുറപ്പെടുന്നവരെ അവരുടെ നാടിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി അവിടെവെച്ച്‌ യാത്ര അയയ്‌ക്കുന്ന ആളുകളെല്ലാവരും കൂടി ഒന്നിച്ച്‌ കൂട്ടബാങ്ക്‌ കൊടുത്തശേഷം വാഹനത്തില്‍ കയറ്റുന്നതായി കാണാറുണ്ട്‌. കുറേയാളുകള്‍ ഒന്നിച്ച്‌ കൂട്ടബാങ്ക്‌ കൊടുക്കുകയെന്നതു തന്നെ മതം നിര്‍ദേശിച്ചിട്ടില്ല. നബി(സ)യും സഹാബത്തും കൂടി ഹജ്ജിനായി പുറപ്പെട്ട സന്ദര്‍ഭത്തിലൊന്നും ഇത്തരമൊരു കൂട്ടബാങ്ക്‌ രീതി ഉദ്ധരിക്കപ്പെട്ടിട്ടില്ല. തല്‍ബിയത്ത്‌ ചൊല്ലുന്നതിനു പകരമായി തല്‍സ്ഥാനത്ത്‌ അല്‍ഹംദുലില്ലാഹ്‌, അല്ലാഹു അക്‌ബര്‍, സുബ്‌ഹാനല്ലാഹ്‌ എന്നീ വചനങ്ങളും ചൊല്ലാവതല്ല. തല്‍ബിയത്ത്‌ ശബ്‌ദമുയര്‍ത്തി ചൊല്ലേണ്ട സന്ദര്‍ഭത്തില്‍ മൗനമവലംബിച്ച്‌ മനസ്സില്‍ മാത്രം കരുതുന്നത്‌ തല്‍ബിയത്ത്‌ ചൊല്ലലായി ഗണിക്കപ്പെടുന്നതല്ല. തല്‍ബിയത്ത്‌ കഅ്‌ബാലയം കാണുന്നതു വരെ തുടരേണ്ടതാണ്‌. ഇഹ്‌റാമിന്റെ വസ്‌ത്രങ്ങളില്‍ നിന്ന്‌ പുതക്കാനുള്ള തുണിയുടെ മധ്യഭാഗം വലത്തെ കക്ഷത്തിലൂടെ തുണിയുടെ ഇരുതല ഭാഗവും ഇടത്തെ ചുമലിലേക്ക്‌ വരത്തക്കവിധം ഇടുന്ന `ഇള്‌ത്വിബാഅ്‌' എന്ന രീതി ആദ്യത്തെ ത്വവാഫിലൂള്ള മൂന്ന്‌ ത്വവാഫില്‍ മാത്രം മതിയാകും. ബാക്കിയുള്ള ത്വവാഫുകളിലോ ത്വവാഫ്‌ തുടങ്ങുന്നതിനു മുമ്പോ അങ്ങനെ ധരിക്കേണ്ടതില്ല. ചിലയാളുകള്‍ വീട്ടില്‍ നിന്ന്‌ ഇറങ്ങുമ്പോള്‍ തന്നെ അങ്ങനെ ധരിക്കുകയും ഹജ്ജ്‌ കഴിയും വരെ അത്‌ തുടരുകയും ചെയ്യാറുണ്ട്‌. അത്‌ വേണ്ടതില്ല.

ഹജറുല്‍ അസ്‌വദിനെ ചുംബിക്കാന്‍ വേണ്ടി തിക്കും തിരക്കും ഉണ്ടാക്കുന്നതും അവിടെവെച്ച്‌ നടക്കുന്ന ഫര്‍ള്‌ നമസ്‌കാരത്തില്‍ പങ്കെടുക്കുന്ന മഅ്‌മൂം ഇമാം സലാം വീട്ടുന്നതിനു മുമ്പായി സ്വയം സലാം വീട്ടിക്കൊണ്ട്‌ ഹജറുല്‍ അസ്‌വദ്‌ ചുംബിക്കാന്‍ വേണ്ടി ചാടിയെഴുന്നേല്‌ക്കുന്നതും പാടില്ലാത്തതാണ്‌. ചിലര്‍ ഖബറുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭക്തിയുടെ പാരമ്യത പ്രകടിപ്പിച്ചും ഖിബ്‌ലയിലേക്ക്‌ തിരിഞ്ഞും അത്‌ ചെയ്യാറുണ്ട്‌. കൂടാതെ ഖബറാളികളെ മധ്യസ്ഥന്മാരാക്കി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാറുമുണ്ട്‌. ഇത്തരം ചെയ്‌തികളും ഖബറുകള്‍ക്കു ചുറ്റും നടന്നുകൊണ്ട്‌ ഖുര്‍ആന്‍ ഓതുന്നതും ഓരോ നമസ്‌കാരശേഷവും നബി(സ)യുടെ ഖബറിടം ഉദ്ദേശിച്ച്‌ പോകലും അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്‌ എന്ന്‌ അത്യുച്ചത്തില്‍ ഓരോ നമസ്‌കാരശേഷവും പറയുന്നതും മദീനാപള്ളിയുടെ സമീപത്തുള്ള മഖ്‌ബറയായ `ബഖീഅ്‌' എല്ലാ ദിവസവും സന്ദര്‍ശിക്കുന്നതും വ്യാഴാഴ്‌ച ദിവസം പ്രത്യേകം തെരഞ്ഞെടുത്ത്‌ ഉഹ്‌ദിലെ രക്തസാക്ഷികളുടെ ഖബറുകള്‍ സന്ദര്‍ശിക്കുന്നതും അത്യാവശ്യമായ കാര്യങ്ങളല്ലെന്ന്‌ മാത്രമല്ല മതം നിര്‍ദേശിച്ചിട്ടില്ലാത്തതുമാണ്‌. തന്റെ മരണശേഷം കഫന്‍ ചെയ്യാനുള്ള വസ്‌ത്രം `സംസം' ജലത്തില്‍ മുക്കിയ ശേഷം അത്‌ ഉണക്കി സൂക്ഷിച്ചുവെക്കുന്ന ചിലരുണ്ട്‌. മറ്റു ചിലര്‍ ജനിച്ചയുടനെയുള്ള ചെറിയ കുട്ടിക്കും മരണാസന്ന നിലയില്‍ കിടക്കുന്ന രോഗിക്കും സംസം വെള്ളം ബര്‍ക്കത്ത്‌ വിചാരിച്ച്‌ തൊട്ടുകൊടുക്കാറുണ്ട്‌. അത്തരം ബര്‍ക്കത്ത്‌ കരുതി സംസം ജലം ഉപയോഗിക്കുന്നത്‌ നബിയുടെ അധ്യാപനങ്ങളിലില്ലാത്തതാണ്‌. ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ പെറുക്കിയെടുത്ത്‌ കഴുകിത്തുടച്ച്‌ ഭക്തിയോടെ ഭംഗിയുള്ള ഒരു ഉറയില്‍ സൂക്ഷിച്ചുവെക്കുന്ന ചിലരെയും അവിടെ കാണാം. അറഫ, മിനാ, മുസ്‌ദലിഫ എന്നിവിടങ്ങളിലുള്ള കല്ലും മണ്ണും ദിവ്യത്വം കരുതി എടുത്തുകൊണ്ട്‌ നാട്ടിലേക്ക്‌ കൊണ്ടുവരുന്ന തീര്‍ഥാടകരുമുണ്ട്‌. ഇതെല്ലാം അറിവില്ലായ്‌മ കൊണ്ട്‌ ചെയ്യുന്നതാണ്‌.

 ജംറകളില്‍ ചെറിയ മണിക്കല്ലുകള്‍ കൊണ്ട്‌ എറിയുന്നതിനു പകരം വടിയും കുടയും ചെരിപ്പുകളും എറിയാന്‍ ഉപയോഗിക്കുന്ന ചിലരുണ്ട്‌. കൂടാതെ താന്‍ അവിടുത്തെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന്‌ അതുവഴി വരുന്നവരെയറിയിക്കാന്‍ വേണ്ടി അവിടങ്ങളിലെല്ലാം ചോക്കുകൊണ്ടോ കരിക്കട്ടകൊണ്ടോ പേരെഴുതി വെക്കുന്നവരുമുണ്ട്‌. വേറെ ചിലര്‍ ഇഹ്‌റാമിന്റെ വസ്‌ത്രത്തില്‍ നിന്നെടുത്ത നൂല്‌ അവിടത്തെ തൂണുകളിലും ജനവാതിലുകളിലും കെട്ടിവെക്കുന്നതും കാണാം. ഈ രൂപത്തിലുള്ള ഒട്ടേറെ അനാവശ്യകാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ ഹജ്ജിന്റെ മഹത്വത്തിനു നിരക്കുന്നതല്ല. യഥാര്‍ഥത്തില്‍ ഹൃദയവിശുദ്ധി, ദൃഢവിശ്വാസം, സഹനശീലം, ക്ലേശങ്ങള്‍ സഹിക്കാനുള്ള കഴിവ്‌, പാപമോചനം, സാഹോദര്യം ശക്തിപ്പെടുത്തല്‍, ദൈവത്തോടുള്ള കരാര്‍ പുതുക്കല്‍, അല്ലാഹുവിന്റെ സന്നിധിയിലാണ്‌ താന്‍ എത്തിനില്‌ക്കുന്നതെന്ന ബോധം എന്നിവ നേടിയെടുക്കാനാണ്‌ ഹജ്ജ്‌ നിയമമാക്കിയിട്ടുള്ളത്‌. കൂടാതെ, പിശാചുക്കളെ നിസ്സാരമാക്കി തള്ളിക്കളയാനും, ഐഹിക ജീവിതത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാനും, മരണവും മരണാനന്തര ജീവിതവും ഓര്‍ക്കാനും, ഞാന്‍ എന്ന ഗര്‍വും അഹന്തയും ഇല്ലാതാക്കാനും, ദൈവ സ്‌മരണകൊണ്ട്‌ തന്റെ മനസ്സിനെ കുളിര്‍മയുള്ളതാക്കാനുമെല്ലാം വേണ്ടിയുള്ളതാണത്‌.

ആയതിനാല്‍ ഹജ്ജിന്‌ പോകുന്നവന്‍ കഅ്‌ബാലയത്തിന്റെ ഭംഗിയും ഗാംഭീര്യവും ഉള്‍ക്കൊള്ളാതെയും മാതൃത്വത്തിന്റെ നിലയും വിലയും മനസ്സിലാക്കാതെയും തന്റെ മനസ്സില്‍ കുടിയിരുത്തപ്പെട്ട പൈശാചിക ചിന്തകളെ എറിഞ്ഞാട്ടതെയുമാണ്‌ മടങ്ങിവരുന്നതെങ്കില്‍ അത്തരക്കാരുടെ ഹജ്ജിന്റെ സ്വീകാര്യത സംശയാസ്‌പദമാണ്‌. ചിലയിടങ്ങളില്‍ വലിയ സദ്യയുണ്ടാക്കി ധാരാളം പേരെ ക്ഷണിച്ചുവരുത്തി യാത്ര ചോദിക്കുന്നതും പണം വിതരണം നടത്തുന്നതും കാണുന്നുണ്ട്‌. മിനയിലും അറഫയിലും തമ്പുകളില്‍ വെച്ച്‌ `ഖുത്ത്‌ബിയ്യത്തും' കുത്താറാത്തീബും മന്‍കൂസ്‌ മൗലീദും ഓതാനാണ്‌ ആരെങ്കിലും ഹജ്ജ്‌ ഗ്രൂപ്പ്‌ കൊണ്ടുപോകുന്നതെങ്കില്‍ അവരുടെ കാര്യം മഹാ കഷ്‌ടം.

by അബ്ദുൽ അലി മദനി 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts