ജീര്‍ണതയുടെ അടിയൊഴുക്ക്‌

മീഡിയകള്‍ വിളമ്പിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ ജീര്‍ണതയുടെ പര്യായമായിക്കൊണ്ട്‌ ആവര്‍ത്തിക്കപ്പെടുന്ന വന്‍ പാപങ്ങളില്‍ മുസ്‌ലിം സമുദായാംഗങ്ങളുടെ സാന്നിധ്യം കൂടിവരികയാണെന്നു തോന്നുന്നു. എന്തൊക്കെ പോരായ്‌മകളുണ്ടെങ്കിലും മദ്യപാനം, ഭവനഭേദനം, കളവ്‌, കൊടുംചതി, വ്യഭിചാരം, കൊലപാതകം തുടങ്ങിയ വന്‍ പാപങ്ങളില്‍ നിന്ന്‌ മുസ്‌ലിം സമൂഹം താരതമ്യേന അകലം പാലിച്ചു നില്‌ക്കുന്നു. എന്നാല്‍ ഈ സമാശ്വാസം നഷ്‌ടപ്പെടുമോ എന്നു തോന്നുമാറ്‌ ഭീതിതമായിക്കൊണ്ടിരിക്കുകയാണ്‌ ലഭ്യമാകുന്ന വര്‍ത്തമാനങ്ങള്‍. സമൂഹത്തില്‍ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന തിന്മകളില്‍ പ്രധാനമാണ്‌ മയക്കുമരുന്ന്‌ കച്ചവടം, കള്ളപ്പണ വ്യവഹാരം, പിടിച്ചുപറി തുടങ്ങിയവ. ലഹരിക്കടിമപ്പെടുക എന്ന വലിയ അപരാധം മാത്രമല്ല, ലഹരിമരുന്നിന്റെ വാഹകരോ ഏജന്റുമാരോ ആയിത്തീരുന്ന പ്രവണതയാണ്‌ യുവതലമുറക്കിടയില്‍ നാം കണ്ടുവരുന്നത്‌. യുവതയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. മയക്കുമരുന്നിന്റെയും സ്‌ത്രീപീഡനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളില്‍ നിരവധി മധ്യവയസ്‌കരും പ്രതികളാണ്‌. പ്രതികളെല്ലാം കുറ്റക്കാരല്ല പൊതു ന്യായത്തിനപ്പുറം പിടിക്കപ്പെടുന്നവരില്‍ മിക്കയാളുകളും അനേകം കുറ്റത്തിന്‌ നിരവധി തവണ ശിക്ഷയനുഭവിച്ച `കേഡി'കളാണ്‌.

ഈ പ്രശ്‌നം ചൂണ്ടിക്കാണിക്കുന്നത്‌ സമുദായത്തിനകത്ത്‌ ജീര്‍ണത പെരുകുന്നു എന്ന്‌ വിളിച്ചുപറയാനോ ഒറ്റപ്പെട്ട സംഭവങ്ങള്‍ സാമാന്യവല്‍കരിച്ച്‌ പെരുപ്പിച്ച്‌ കാണിക്കാനോ അല്ല. മറിച്ച്‌ ചെറുപാപങ്ങളില്‍ നിന്നുപോലും അകന്നു നില്‌ക്കാന്‍ നിരന്തരം ഉപദേശിക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തിനിടയിലും -ഒറ്റപ്പെട്ടതെങ്കിലും-വന്‍ പാപങ്ങള്‍ കടന്നുവരുന്നു എന്ന ആശങ്കകള്‍ പങ്കുവെയ്‌ക്കാനും അതിന്‌ പരിഹാരമായി എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന്‌ ചിന്തിക്കാനും വേണ്ടിയാണ്‌. ജീവിതത്തിന്റെ ലക്ഷ്യബോധം നഷ്‌ടപ്പെടുമ്പോള്‍ ഭൗതിക ജീവിതസുഖം പരമലക്ഷ്യമായി കാണുന്നു. ഈ ലോകജീവിതം കഴിയുന്നേടത്തോളം `സുഖ സമൃദ്ധ'മായി കഴിഞ്ഞുകൂടണമെന്ന നിലപാടു മൂലമാണ്‌ പലരും ജീര്‍ണതകളുടെ മാര്‍ഗം അവലംബിക്കുന്നത്‌. എങ്ങനെയെങ്കിലും പണമുണ്ടാക്കണമെന്നതാണ്‌ ഈ നിലപാടിന്റെ മുഖമുദ്ര. ഫലത്തില്‍ ഇത്‌ പിശാചിന്റെ മാര്‍ഗത്തിലേക്കുള്ള കൂപ്പുകുത്തലാണെന്ന്‌ തിരിച്ചറിയുമ്പോഴേക്ക്‌ നേരം ഏറെ വൈകിയിരിക്കും. മനുഷ്യസമൂഹത്തെ വിളിച്ചുകൊണ്ട്‌ സ്രഷ്‌ടാവായ അല്ലാഹു ഓര്‍മപ്പെടുത്തുന്നു: ``മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. പിതാവ്‌ തന്റെ സന്തതിക്കോ സന്തതികള്‍ പിതാവിനോ ഒട്ടും പ്രയോജനകാരിയാവാത്ത ഒരു ദിവസത്തെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്‌ദാനം സത്യമാകുന്നു. അതിനാല്‍ ഐഹിക ജീവിതം നിങ്ങളെ വഞ്ചിച്ചു കളയാതിരിക്കട്ടെ. പരമവഞ്ചകനായ പിശാചും അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങളെ വഞ്ചിച്ചുകളയാതിരിക്കട്ടെ.'' (31:33)

 ലോകത്ത്‌ മുസ്‌ലിംകള്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. പ്രശ്‌ന സങ്കീര്‍ണമാണെങ്കിലും ഇന്ത്യയില്‍ മുസ്‌ലിംകളുടെ പൊതുസ്ഥിതി ഭിന്നമാണ്‌. അതില്‍ നിന്നൊക്കെ വ്യത്യസ്‌തമായി ഒട്ടൊക്കെ നല്ല നില കൈവരിക്കാന്‍ സാധിച്ച കേരള മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളിലൊന്ന്‌ ആഭ്യന്തര ജീര്‍ണതകളാണ്‌. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്ന്‌ ഈയടുത്ത കാലത്തായി പിടിക്കപ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ മുസ്‌ലിം സമുദായത്തില്‍ പിറന്നവര്‍ ധാരാളമായി അകപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്‌. എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള വിദ്യ തേടുന്നതിനിടയിലാണ്‌ പലരും അധോലോക ബന്ധത്തിലേക്കും അതുവഴി മയക്കുമരുന്നു `ക്യാരിയര്‍' തൊഴിലിലേക്കും നീങ്ങുന്നത്‌. അതിന്റെ ഫലം താല്‍ക്കാലിക പണലബ്‌ധി എന്നതിനേക്കാള്‍ ആത്യന്തിക ജീവിത നഷ്‌ടമാണ്‌. കോടിക്കണക്കിന്‌ രൂപ വിലവരുന്ന മയക്കുമരുന്നുകള്‍ ദേശീയപാതയുടെ ഓരങ്ങളില്‍ നിന്ന്‌ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി നിത്യവും പിടിക്കപ്പെടുന്നു. ആകര്‍ഷകമായ സമ്പാദ്യം, ദുര്‍ബലമായ നിയമവ്യവസ്ഥ, അഴിമതി നിറഞ്ഞ നിയമ പാലക സംവിധാനം, അപര്യാപ്‌തമായ ശിക്ഷാ നിയമം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയ്‌ക്ക്‌ വളമേകുന്നു. കള്ളക്കടത്തുകള്‍ ഒരുകാലത്ത്‌ കേരളത്തില്‍, വിശിഷ്യാ തീരദേശങ്ങളില്‍ വ്യാപകമായിരുന്നു. സ്വര്‍ണമുള്‍പ്പെടെ എന്തും സ്വതന്ത്രമായി കൈകാര്യം ചെയ്യാവുന്ന വിപണിയുടെ അവസ്ഥാമാറ്റം കള്ളക്കടത്തിന്‌ പ്രസക്തി നഷ്‌ടപ്പെടുത്തിയെങ്കിലും കുഴല്‍ പണം അരങ്ങുതകര്‍ത്താടുകയാണ്‌. നിരവധി ഏജന്റുമാര്‍, നാടുനീളെ കാരിയര്‍മാര്‍, സംരക്ഷണത്തിന്‌ ഗുണ്ടകള്‍, തെറ്റിയാല്‍ ക്വട്ടേഷന്‍ സംഘങ്ങള്‍. നീളുന്ന മുറുകുന്ന നെറ്റ്‌ വര്‍ക്കുകള്‍. ലാഭം കൊതിക്കുന്ന ചെറുപ്പക്കാര്‍ അതിവേഗം കണ്ണികളാകുന്നു. കരിയര്‍മാരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. അതിനു ചോദ്യമില്ല. കേസ്‌ കൊടുക്കാന്‍ മാര്‍ഗവുമില്ല. കടുവായെ പിടിക്കുന്ന കിടുവകള്‍. പിന്നെ ശരണം ക്വട്ടേഷന്‍. നോക്കുകുത്തിയാകുന്ന നിയമവ്യവസ്ഥ. കൂട്ടപ്രതികളായി ചേര്‍ത്തുവെക്കാവുന്ന നിയമപാലകവൃന്ദം. ഫലം അധോലോകം തടിച്ചുകൊഴുക്കുന്നു. ബൈക്കിലെത്തി വഴിയേ പോകുന്ന പെണ്ണിന്റെ കഴുത്തിലെ മാല പിടിച്ചുപറിച്ച്‌ രക്ഷപ്പെടുന്നത്‌ ത്രില്‍ ആയി കാണുന്ന കൗമരക്കാര്‍. ഏറ്റവും റിസ്‌ക്‌ കുറഞ്ഞ പരിപാടി!

 ഈ മൂന്നു മാര്‍ഗങ്ങളിലൂടെയും പണം സമ്പാദിക്കുന്നത്‌ ജീവിതത്തിന്റെ അടിസ്ഥാനാവാശ്യങ്ങള്‍ക്കുവേണ്ടിയല്ല. ആഡംബരപൂര്‍ണമായ `അടിച്ചുപൊളിക്കു' വേണ്ടിയാണ്‌ എന്തു കിട്ടിയാലും മതിവരാത്ത സുഖലോലുപതയിലേക്കാണ്‌ ഇതു മനുഷ്യനെ നയിക്കുക. സമൂഹത്തിന്റെ ഒന്നാകെയുള്ള നാശമായിരിക്കും ഫലം. പൗരാണിക സമൂഹങ്ങള്‍ കൂട്ടനാശത്തിന്‌ ഹേതുവായ സാഹചര്യം ഖുര്‍ആന്‍ വിവരിക്കുന്നു: ``ഏതെങ്കിലും ഒരു രാജ്യം നാം നശിപ്പിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടത്തെ സുഖലോലുപന്മാര്‍ക്ക്‌ നാം ആജ്ഞകള്‍ നല്‌കും. എന്നാല്‍ അത്‌ വകവയ്‌ക്കാതെ അവര്‍ അവിടെ താന്തോന്നിത്തം നടത്തും. ശിക്ഷയെപ്പറ്റിയുള്ള വാക്ക്‌ അങ്ങനെ ആ രാജ്യത്തിന്റെ കാര്യത്തില്‍ സ്ഥിരപ്പെടുകയും നാം അതിനെ നിശ്ശേഷം തകര്‍ക്കുകയും ചെയ്യുന്നതാണ്‌.'' (17:16) അകവും പുറവും ബന്ധമില്ലാത്ത ഒരു മുഖം കൂടിയുണ്ട്‌ സമുദായത്തിന്‌. കേരള മുസ്‌ലിംകള്‍ സംഘടനാ ബന്ധിതങ്ങളാണ്‌. മതസംഘടനകള്‍ നിരവധി. ആദര്‍ശ വൈജാത്യം ശക്തമായിത്തന്നെ പ്രകടിപ്പിക്കുന്നവര്‍. ഓരോരുത്തര്‍ക്കും പദ്ധതികളും പരിപാടികളുമുണ്ട്‌. അവയിലേറെയും സമൂഹനന്മയ്‌ക്കു വേണ്ടിയാണ്‌. എന്നാല്‍ ഇതൊന്നും ബാധകമാവാത്ത ഒരു വലിയ വിഭാഗം തോന്നിയ പോലെ ജീവിതം നയിക്കുന്നു. മതനിഷേധികളല്ല; മതകീയ ജീവിതം ഉള്‍ക്കൊള്ളുന്നവര്‍ തന്നെ. എന്നാല്‍ അവരുടെ വിവാഹം, വ്യവഹാരം, തൊഴില്‍, സമ്പാദനം, വിനിമയം തുടങ്ങിയ ഒരു കാര്യത്തിലും സ്വന്തം താല്‌പര്യങ്ങള്‍ക്കപ്പുറം ആലോചന പോകാറില്ല.

 മുസ്‌ലിം സമൂഹത്തിന്റെ സമഗ്രോന്നമനം ആഗ്രഹിക്കുന്നവരെ മഥിക്കുന്ന ചിന്തകള്‍ പങ്കുവെച്ചതാണിവിടെ. നമുക്ക്‌ എന്തു ചെയ്യാന്‍ പറ്റും! കൂട്ടായി ആലോചിക്കാം. നിയമങ്ങള്‍ക്കോ അധികാര കൈകള്‍ക്കോ കല്‍ത്തുറുങ്കുകള്‍ക്കോ ചെയ്യാന്‍ കഴിയാത്തത്‌ സ്‌നേഹ സഹവാസങ്ങള്‍ക്ക്‌ ചിലപ്പോള്‍ കഴിഞ്ഞേക്കാം. മുസ്‌ലിം സമുദായങ്ങള്‍ക്ക്‌ ലക്ഷ്യബോധം (പരലോക വിശ്വാസം) നല്‌കുക എന്നതാണ്‌ ആദ്യപടി. ലക്ഷ്യത്തിലൂന്നിയ ജീവിത വീക്ഷണം തകര്‍ന്നടിയാത്ത കുടുംബബന്ധങ്ങള്‍. മഹല്ലടിസ്ഥാനത്തില്‍ ആത്മാവുണര്‍ത്തുന്ന ആത്മാര്‍ഥ ബോധവത്‌കരണം. സാമൂഹിക കൂട്ടായ്‌മ. ഇത്യാദി കാര്യങ്ങളിലൂടെ ഒരളവോളം പിടിച്ചുനിര്‍ത്താനാവുന്നതാണ്‌ ഈ വ്യാധി. മേല്‍പറഞ്ഞ ശ്രമങ്ങള്‍ സംഘടനാപരമായ വീക്ഷണ വൈജാത്യങ്ങള്‍ക്കപ്പുറം സമാനതയുള്ളതാണ്‌. തിക്തഫലം -ഏറ്റക്കുറവു കാണാമെങ്കിലും- എല്ലാവര്‍ക്കുമുള്ളതാണ്‌. അതുകൊണ്ടു തന്നെ പരിഹാരമാര്‍ഗത്തിലും അഭിപ്രായൈക്യം അസാധ്യമാകേണ്ടതില്ല. ഓരോ നാട്ടിലും വിവിധ മുസ്‌ലിം സംഘടനകള്‍ ജീര്‍ണതകള്‍ക്കെതിരില്‍ പൊതുവായും വന്‍ പാപങ്ങള്‍ വ്യാപിക്കാനിടയാകുന്ന സാഹചര്യങ്ങള്‍ക്കെതിരില്‍ പ്രത്യേകിച്ചും കൂട്ടായ്‌മകള്‍ ഉണ്ടാക്കുകയും തിന്മക്കെതിരെ സക്രിയമായി ഇടപെടുകയും ചെയ്‌താല്‍ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാനാവുമെന്നതില്‍ തര്‍ക്കമില്ല. നന്മയില്‍ പരസ്‌പരം സഹകരിക്കല്‍ (വി.ഖു 5:2) എല്ലാവരുടെയും ബാധ്യതയാണല്ലോ.

From ശബാബ് Editorial 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts