വിശുദ്ധ ഹജ്‌ജ്‌ ചില പ്രായോഗിക പ്രശ്‌നങ്ങള്‍

ഇസ്‌ലാമിന്റെ അടിസ്ഥാനപരമായ അഞ്ച്‌ തൂണുകളിലൊന്നാണത്‌. കേവലം ഒരു ചടങ്ങ്‌ എന്ന നിലയില്‍ അതിനെ കണ്ടുകൂടാ. ചരിത്രത്തിന്റെ പ്രധാനപ്പെട്ട ഒരധ്യായം. തൗഹീദ്‌ പ്രബോധനത്തിന്റെ പരിച്ഛേദം. പ്രവാചകപിതാവ്‌, അല്ലാഹുവിന്റെ കൂട്ടുകാരന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ഇബ്‌റാഹീം(അ) പില്‍ക്കാലക്കാര്‍ക്കു വേണ്ടി ചര്യയാക്കിയ കര്‍മാനുഷ്‌ഠാനം. മുഹമ്മദ്‌ നബി(സ) പരിപൂര്‍ണമാക്കി കാണിച്ചുതന്ന ആഗോള ഒത്തുചേരല്‍. ചെയ്‌തവന്‌ പ്രതിഫലം സ്വര്‍ഗം മാത്രം. വിശ്വാസപരവും ചരിത്രപരവും സാമൂഹികപരവുമായ ഒട്ടേറെ മാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഹജ്ജ്‌ കര്‍മത്തെ ആ അളവില്‍ പരിഗണിക്കുകയും അതിന്റെ അന്തസ്സാരം ഉള്‍ക്കൊള്ളുകയും അതേ `സ്‌പിരിറ്റി'ല്‍ അത്‌ നിര്‍വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കൂ. നമ്മുടെ ചുറ്റുപാടില്‍ ഹജ്ജിനു പോകുന്ന ആളുകള്‍ എല്ലാവരും ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവാന്മാര്‍ അല്ലെന്നതാണ്‌ നേര്‌.

 പഴയ കാലത്ത്‌ പ്രതാപത്തിന്റെ പ്രതീകമായിരുന്നു ഹജ്ജ്‌. നാട്ടിലെ പ്രമാണിയും പ്രഥമഗണനീയനുമായിരുന്നു ഹാജിയാര്‍. എഴുപതില്‍ തുടങ്ങിയ അറേബ്യന്‍ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുത്തൊഴുക്കോടെ എല്ലാവരും ഹാജിമാരായിത്തീര്‍ന്നു. എന്നിരുന്നാലും ഇപ്പോഴും `ഹാജി' എന്ന പട്ടം പേരിനൊപ്പം പെരുമക്കു വേണ്ടി ചേര്‍ക്കുന്ന ആളുകളുണ്ട്‌. പ്രവാചകനോ സ്വഹാബികളോ ഖലീഫമാരോ ഇസ്‌ലാമിക പണ്ഡിതന്മാരോ ചെയ്യാത്ത ഒരു മാതൃകയാണത്‌. നമസ്‌കാരം, നോമ്പ്‌, സകാത്ത്‌ പോലുള്ള ഒരു നിര്‍ബന്ധ കടമയത്രെ ഹജ്ജ്‌. അത്‌ നിര്‍വഹിച്ചവര്‍ അത്‌ വിളിച്ചുപറഞ്ഞു നടക്കുന്നതും എഴുതിതൂക്കുന്നതും ഒട്ടും ശരിയല്ല. അഭംഗിയാണ്‌. ``മാര്‍ഗം സൗകര്യപ്പെടുന്നവര്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജ്‌ നിര്‍വഹിക്കണം'' (3:97) എന്നാണ്‌ ഖുര്‍ആന്‍ പറഞ്ഞത്‌. അഥവാ മറ്റു അനുഷ്‌ഠാനങ്ങളെപ്പോലെയല്ല എന്നര്‍ഥം.

നമസ്‌കാരം എല്ലാവര്‍ക്കും ഏതു പരിതസ്ഥിതിയിലും നിര്‍ബന്ധം. ഏത്‌ പ്രതിസന്ധിഘട്ടത്തിലും നമസ്‌കാരം നിര്‍വഹിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ചില സൗകര്യങ്ങളും സൗജന്യങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്‌ എന്നുമാത്രം. നോമ്പാകട്ടെ ആരോഗ്യമുള്ളവനും നാട്ടില്‍ നില്‍ക്കുന്നവരും നിര്‍വഹിക്കുക. രോഗികളും യാത്രക്കാരും ശാരീരിക ശുദ്ധിയില്ലാത്ത സ്‌ത്രീകളും പിന്നീട്‌ നിര്‍വഹിക്കുക. സകാത്ത്‌ സാമ്പത്തിക ശേഷിയുള്ളവര്‍ക്കാണ്‌ നിര്‍ബന്ധം. ഹജ്ജാകട്ടെ ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങള്‍ ഒത്തുചേരണം. വളരെ ദൂരെ, മറ്റൊരു രാജ്യത്ത്‌ നിശ്ചിത ദിവസങ്ങളില്‍ പോയിവരാന്‍ സൗകര്യം വേണമെന്നര്‍ഥം. ``ഇസ്‌ലാം സ്ഥാപിച്ചിരിക്കുന്നത്‌ അഞ്ച്‌ പ്രധാന കാര്യങ്ങളിലാണ്‌. അല്ലാഹുവല്ലാതെ ആരാധനക്ക്‌ അര്‍ഹമായി ഒന്നുമില്ല, മുഹമ്മദ്‌(സ) അല്ലാഹുവിന്റെ ദൂതനാണ്‌ എന്നീ സാക്ഷ്യവചനങ്ങള്‍, നമസ്‌കാരം മുറപോലെ നിര്‍വഹിക്കല്‍, സകാത്ത്‌ കൊടുക്കല്‍, റമദാനില്‍ വ്രതമെടുക്കല്‍, മാര്‍ഗം സൗകര്യപ്പെട്ടവര്‍ കഅ്‌ബയില്‍ ചെന്ന്‌ ഹജ്ജ്‌ ചെയ്യല്‍ (എന്നിവയത്രെ അത്‌)'' (ബുഖാരി) ഹജ്ജിനെപ്പറ്റി പറഞ്ഞപ്പോള്‍ മനിസ്‌തത്വാഅ ഇലൈഹി സബീലന്‍ എന്ന പരാമര്‍ശം ശ്രദ്ധേയം. ആരോഗ്യം, സാമ്പത്തികശേഷി, ദേശാന്തഗമന സൗകര്യം എല്ലാം ഒത്തിണങ്ങിയവനു മാത്രമേ ഹജ്ജ്‌ ചെയ്യേണ്ടതുളളൂ. സമ്പത്തുണ്ട്‌ ആരോഗ്യമില്ല, അതല്ലെങ്കില്‍ സമ്പത്തും ആരോഗ്യവുമുണ്ട്‌ രാഷ്‌ട്രത്തിന്റെ അനുമതിയില്ല. അതുമല്ലെങ്കില്‍ വേണ്ടത്ര ആരോഗ്യശേഷിയില്ല. ഇത്തരക്കാര്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമില്ല. സമ്പത്തില്ലാത്തവന്‍ സകാത്ത്‌ നല്‍കാന്‍ ബാധ്യസ്ഥനല്ലാത്തതു പോലെ മേല്‍പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങാത്തവന്‌ ഹജ്ജും ബാധ്യതയില്ല. ഇതിന്റെ വെളിച്ചത്തില്‍ പ്രായോഗികരംഗത്തെ ചില കാര്യങ്ങള്‍ ഓര്‍ത്തുപോവുകയാണ്‌. മേല്‍പറഞ്ഞ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ ഒരു സുഹൃത്തിനോട്‌ മുമ്പൊരിക്കല്‍ ഹജ്ജിനെപ്പറ്റി പറഞ്ഞപ്പോള്‍ `നാല്‌പത്‌ വയസ്സെങ്കിലുമാകട്ടെ' എന്ന മറുപടി കേട്ട്‌ അത്ഭുതപ്പെട്ടു. വികലമായ ഒരു ധാരണയാണിത്‌. വയസ്സായിട്ട്‌ ഹജ്ജ്‌ ചെയ്‌ത്‌ നല്ലവനായിത്തീരാം. അതുവരെ ഇങ്ങനെയൊക്കെ അങ്ങ്‌ പോകട്ടെ എന്ന ഒരു ലാഘവത്വം ഈ ചിന്താഗതിയിലുണ്ട്‌. ഇത്തരം ചിന്താഗതി ഒടുവില്‍ എത്തിച്ചേരുന്നത്‌ വാര്‍ധക്യത്തിന്റെ പ്രയാസങ്ങളോടെ കഷ്‌ടപ്പെട്ട്‌ ഹജ്ജ്‌ യാത്ര ചെയ്യുന്നതിലാണ്‌.

തന്റെ ശാരീരിക പ്രയാസങ്ങള്‍ക്കിടയില്‍ എങ്ങനെയെങ്കിലും `കര്‍മം കഴിച്ചുകൂട്ടുക' എന്ന രീതിയില്‍ അത്‌ പര്യവസാനിക്കുന്നു, ചൈതന്യം നഷ്‌ടപ്പെട്ട ഹജ്ജായി മാറുന്നു. ഇപ്പറഞ്ഞതിനര്‍ഥം പ്രായമായവര്‍ക്ക്‌ ഹജ്ജിന്‌ പോകാന്‍ പാടില്ല എന്നല്ല. മറിച്ച്‌ ശരീരവും മനസ്സും ആരോഗ്യത്തോടെയിരിക്കുമ്പോള്‍ ഹജ്ജ്‌ നിര്‍വഹിക്കണം എന്നാണ്‌. വാര്‍ധക്യത്തിന്റെയോ മാറാരോഗങ്ങളുടെയോ പിടിയില്‍പെട്ട ശേഷമാണ്‌ മറ്റു സൗകര്യങ്ങള്‍ ഒത്തിണങ്ങിയത്‌ എന്നിരിക്കട്ടെ; അയാള്‍ക്ക്‌ ഹജ്ജ്‌ ബാധ്യതയില്ല എന്നു മനസ്സിലാക്കണം. പുരയിടം വിറ്റ്‌ ഹജ്ജിന്‌ പോകുന്നവരുണ്ട്‌. തന്റെ പിന്‍ഗാമിക്ക്‌ ദാരിദ്ര്യം ബാക്കിവെച്ചുകൊണ്ട്‌ ഹജ്ജ്‌ നിര്‍വഹിച്ച്‌ ഹാജിയായിത്തീരാന്‍ ഇസ്‌ലാം കല്‌പിക്കുന്നില്ല. എങ്ങനെയെങ്കിലും കഷ്‌ടെപ്പട്ട്‌ ഹജ്ജിന്റെ `പൂതി' തീര്‍ക്കുന്ന ഏര്‍പ്പാടല്ല ഇസ്‌ലാം കാര്യങ്ങളില്‍ ഉള്‍പ്പെട്ട ഹജ്ജ്‌. ഹജ്ജിന്‌ പോകാനുള്ള ആഗ്രഹം സഫലമാകാന്‍ സംഭാവന ചോദിക്കുന്ന വിരുതന്മാരും കൂട്ടത്തിലുണ്ട്‌. ഒരു സംഭവം: ഒരിക്കല്‍ ചെയ്‌ത ഹജ്ജിനിടയില്‍ അയാള്‍ക്ക്‌ സംഗതിവശാല്‍ മദീനയില്‍ പോകാന്‍ കഴിഞ്ഞില്ല. ഏറെ വൈകാതെ പറമ്പ്‌ വിറ്റ്‌ വീണ്ടും ഹജ്ജിന്‌ പോയി. ഇതില്‍ രണ്ടു പ്രശ്‌നങ്ങള്‍, മദീനയില്‍ പോകലും മസ്‌ജിദുന്നബവിയില്‍ നമസ്‌കരിക്കലും പുണ്യകരമാണ്‌ എന്നല്ലാതെ ഹജ്ജിന്റെ ഭാഗമല്ല. ഈ തിരിച്ചറിവ്‌ നഷ്‌ടപ്പെടുമ്പോള്‍ സ്വയം ദാരിദ്ര്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടെങ്കിലും `കടം'വീട്ടുന്നു. ആവശ്യത്തിലേറെ വരുമാനമുണ്ടായിട്ടും ആഡംബരങ്ങള്‍ക്കും ധൂര്‍ത്തിനും വേണ്ടി പണം തുലച്ചുകളഞ്ഞ്‌, സകാത്തും ഹജ്ജും നിര്‍വഹിക്കാനാകാത്ത ഹതഭാഗ്യരും സമൂഹത്തിലുണ്ട്‌. അല്ലാഹുവിന്റെ അനുഗ്രഹത്തിന്‌ നന്ദി ചെയ്യാന്‍ സാധിക്കാത്തവന്‌ ദൈവകോപം ഏറ്റുവാങ്ങേണ്ടിവരും. `ശരിയായി ഹജ്ജ്‌ നിര്‍വഹിച്ച മനുഷ്യന്‍ നവജാത ശിശുവിനെപ്പോലെ നിര്‍മലമാണ്‌' എന്ന പ്രവാചക വചനം ഒരു മുസ്‌ലിമില്‍ എത്ര സ്വാധീനം ചെലുത്തണം. എന്നാല്‍ നാട്ടില്‍, ചട്ടമ്പികളായി നടക്കുന്ന, നമസ്‌കരിക്കാത്തെ, മുസ്‌ലിം സമൂഹത്തിന്‌ ഭാരമായി നടക്കുന്ന ചില ഹാജിമാരെങ്കിലുമുണ്ട്‌. നന്നെ ചുരുങ്ങിയത്‌ അവരെ ഹാജിയെന്ന്‌ വിളിക്കാതിരിക്കാനെങ്കിലും സമൂഹം ഉണരണം. നമസ്‌കാരവും സകാത്തും നോമ്പും ഹജ്ജും മനുഷ്യന്റെ മനസ്സ്‌ മാലിന്യമുക്തമാക്കാനുള്ളതാണ്‌. ഫലം സ്വര്‍ഗപ്രാപ്‌തിയും. അതിലൂടെ ഭൗതികവും ഐഹികവുമായ ഒട്ടേറെ ഗുണങ്ങളും ഇസ്‌ലാം വാഗ്‌ദാനം ചെയ്യുന്നു. ഈ വസ്‌തുതകള്‍ ഉള്‍ക്കൊണ്ടുവേണം ഹജ്ജിനെ സമീപിക്കാന്‍; ഹജ്ജ്‌ ചെയ്‌തവരും ഈ വര്‍ഷം ചെയ്യുന്നവരും ഹജ്ജ്‌ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവരും.

By മുഹമ്മദ്‌ അമീന്‍

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts