വാര്‍ധക്യത്തിന്റെ വ്യഥകളും സമൂഹത്തിന്റെ നിസ്സംഗതയും

 എന്താണ്‌ വൃദ്ധസദനം? വൃദ്ധജനങ്ങളെ സംരക്ഷിക്കാനാളില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങളും മറ്റും പൊതുസേവനമെന്ന നിലയില്‍ അനാഥശാല പോലെ, അഗതി മന്ദിരം പോലെ, കൗമാരക്കാര്‍ക്കുള്ള ദുര്‍ഗുണപാഠശാല പോലെ, റസ്‌ക്യൂ ഹോം പോലെ വൃദ്ധര്‍ക്കായി ഒരുക്കി വെക്കുന്ന താമസസ്ഥലം. അതാണ്‌ വൃദ്ധമന്ദിരങ്ങള്‍. ഫീസ്‌ വാങ്ങി അന്തേവാസികളെ നോക്കുന്നവരുണ്ട്‌. സേവനമെന്ന നിലയില്‍ പാവപ്പെട്ടവരെ പരിചരിക്കുന്നവരുമുണ്ട്‌.

 ഏതാണീ വൃദ്ധജനങ്ങള്‍? നമ്മുടെയൊക്കെ പിതാവോ പിതാമഹനോ മാതാവോ തന്നെ. വാര്‍ധക്യത്തിന്റെ വ്യഥകള്‍ പേറി സമൂഹത്തില്‍ നിന്നകന്ന്‌ ഒറ്റപ്പെട്ട ഒരു കേന്ദ്രത്തില്‍ തുല്യദു:ഖിതര്‍ക്കൊപ്പം ശിഷ്‌ടജീവിതം കഴിച്ചുകൂട്ടുന്ന ഈ വയോധികര്‍ക്ക്‌ മക്കളും പേരമക്കളുമില്ലേ? ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ അപൂര്‍വം ചിലര്‍ സമൂഹത്തിന്റെ കാരുണ്യം കാത്തുകഴിയുന്നവരുണ്ടെന്നത്‌ നേരാണ്‌. എന്നാല്‍ ബന്ധപ്പെട്ട ആളുകളും സാമ്പത്തിക ശേഷിയും ഉള്ളവര്‍ തന്നെയാണ്‌ പാര്‍ശ്വവല്‍കരിക്കപ്പെട്ട ഈ വൃദ്ധ സമൂഹം. പൗരന്മാര്‍ എന്ന നിലയില്‍ ഇവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്‌ എന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ മാനവിക മൂല്യങ്ങള്‍ കാത്തുപോരുന്ന ഒരു സമൂഹത്തിന്‌ ഈ പ്രശ്‌നത്തെ നിസ്സംഗതയോടെ കാണാനൊക്കുമോ? ഭൂമി വികസിക്കുന്നില്ല. ജനം പെരുകിയാല്‍ അപകടമാണ്‌. അതിനാല്‍ ഇനിയാരും ജനിച്ചുകൂടാ. ജന്മം നല്‍കിയവര്‍ പിഴയൊടുക്കേണ്ടി വരും എന്ന തരത്തില്‍ നിയമമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കും എല്ലാം ഭൗതികമായും കമ്പോളക്കണ്ണോടെയും കാണുന്നവര്‍ക്കും, ഒരു പ്രയോജനവും ഇനി പ്രതീക്ഷിക്കാനില്ലാത്ത ഈ വൃദ്ധസമൂഹത്തെ പറ്റി `ഡിസ്‌പോസിബ്‌ള്‍ തിയറി' ആയിരിക്കും അവതരിപ്പിക്കാനുണ്ടാവുക. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക എന്ന ആധുനിക കാഴ്‌ചപ്പാട്‌ മാനവികതയെപ്പോലും ഡിസ്‌പോസിബ്‌ള്‍ ആക്കിത്തീര്‍ക്കുമോ എന്ന്‌ നാം ഭയക്കണം.

ഇവിടെയാണ്‌ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, ധര്‍മചിന്ത കൈമുതലാക്കിയ മതവിശ്വാസികളുടെ ബാധ്യത. ജന്തുക്കളെപ്പോലെയോ ഉരുപ്പടികള്‍ പോലെയോ അല്ല മനുഷ്യനെ കൈകാര്യം ചെയ്യേണ്ടത്‌ എന്നാണ്‌ മതങ്ങള്‍ പഠിപ്പിക്കുന്നത്‌; ഇസ്‌ലാം വിശേഷിച്ചും. ഇസ്‌ലാം മാനവികതയുടെ മതമാണ്‌. മനുഷ്യത്വത്തിന്റെ സകലമാന മാതൃകകളും ഇസ്‌ലാമികാധ്യാപനങ്ങളില്‍ കാണാം. അത്‌ ഔപചാരികമല്ല. യാഥാര്‍ഥ്യവും പ്രായോഗികതയും ഉള്‍ക്കൊള്ളുന്നതാണ്‌. ഇതര ജന്തുക്കളില്‍ നിന്ന്‌ മനുഷ്യനെ വ്യതിരിക്തനാക്കുന്ന ഒരു പ്രധാന ഘടകം മനുഷ്യബന്ധങ്ങളാണ്‌. ഭൗതികരായ ചിലര്‍ പറയാറുള്ളതു പോലെ കേവല യാദൃച്ഛികതയല്ല മനുഷ്യജന്മം. മുട്ടത്തോടും പക്ഷിക്കുഞ്ഞും തമ്മിലുള്ള ബന്ധമല്ല അമ്മയും മക്കളും തമ്മിലുള്ളത്‌. അത്‌ ആജീവനാന്തമാണ്‌; മരണാനന്തരവും നിലനില്‌ക്കുന്ന ബന്ധമാണ്‌. മനുഷ്യന്റെ പ്രത്യേകതയും ഉത്തരവാദിത്വവും ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്‌. മനുഷ്യന്റെ പ്രത്യേകതയും ദൗത്യവും വിവരിച്ചിട്ടുണ്ട്‌. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്ക്‌ ഇസ്‌ലാം വളരെയേറെ വില കല്‌പിക്കുന്നുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ വിലയിരുത്തുന്നു: ``അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ മക്കളെയും പേരമക്കളെയും ഉണ്ടാക്കിത്തരികയും വിശിഷ്‌ട വസ്‌തുക്കളില്‍ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‌കുകയും ചെയ്‌തിരിക്കുന്നു''(16:72).

 മനുഷ്യന്‍ ഒറ്റയാനല്ല. മൃഗങ്ങളെപ്പോലെ തന്‍കാര്യം മാത്രം നോക്കുന്നവനല്ല. തേനീച്ച പോലുള്ള കൂട്ടമല്ല. ഒരാള്‍, അയാള്‍ക്ക്‌ ഒരിണ, ആജീവനാന്ത ഇണ, ഇണകളിലൂടെ മക്കള്‍...! മക്കള്‍ക്ക്‌ ഇവര്‍ മാതാപിതാക്കള്‍. മക്കള്‍ക്ക്‌ വീണ്ടും മക്കള്‍. പേരക്കുട്ടിയും പിതാമഹനും. ഒരേസമയം ചുരുങ്ങിയത്‌ മൂന്ന്‌ തലമുറ. മരിച്ചാലും ബന്ധുക്കള്‍ക്ക്‌ മരണമില്ല. ഈ വിശിഷ്‌ടബന്ധങ്ങളുടെ ബലിഷ്‌ഠകവചമാണ്‌ മനുഷ്യസമൂഹത്തിന്റെ യഥാര്‍ഥ ശക്തി. മനുഷ്യന്റെ ജീവിതവും മരണവും അവന്റെ നിയന്ത്രണത്തിലല്ല. സ്രഷ്‌ടാവിന്റെ ഇച്ഛയ്‌ക്കൊത്ത്‌ മാത്രമേ അത്‌ നടപ്പിലാവൂ. എല്ലാവര്‍ക്കും ഒരേ ആയുസ്സല്ല. എല്ലാവരുടെയും ജീവിതപ്രക്രിയ ഒരുപോലെയല്ല. മനുഷ്യന്റെ ജന്മവും ശൈശവവും പക്ഷിമൃഗാദികളെക്കാള്‍ ദുര്‍ബലമാണ്‌. അല്ലാഹു പറയുന്നു: ``നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങളെ യാതൊന്നും അറിഞ്ഞു കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തുകൊണ്ടുവന്നു. നിങ്ങള്‍ക്ക്‌ അവന്‍ കേള്‍വിയും കാഴ്‌ചയും ഹൃദയങ്ങളും നല്‍കുകയും ചെയ്‌തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി'' (16:78).

ദുര്‍ബലനായി ജനിച്ച മനുഷ്യന്‍ പഞ്ചേന്ദ്രിയങ്ങളും ബുദ്ധിയും ഉപയോഗിച്ച്‌ ലോകത്തിന്റെ അധിപനായി. ഭൂമിയിലെ ഖലീഫ എന്നാണ്‌ അല്ലാഹു മനുഷ്യനെ വിശേഷിപ്പിച്ചത്‌. ശക്തിമാനായ ഈ മനുഷ്യന്‍ ദുര്‍ബലതയിലേക്ക്‌ മടങ്ങുന്ന പ്രകൃതിയുടെ പ്രതിഭാസത്തിലേക്ക്‌ ഖുര്‍ആന്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു: ``അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്‌ടിച്ചത്‌. പിന്നീട്‌ അവന്‍ നിങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു. പലതും അറിഞ്ഞതിനു ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്ക വിധം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു'' (16:70). അവശതയനുഭവിക്കുന്ന വൃദ്ധജനങ്ങളെ എന്തു ചെയ്യണം? ശേഷിയും കഴിവുമുള്ള മനുഷ്യനോട്‌ അല്ലാഹു കല്‌പിക്കുന്നു: ``തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ്‌ വിധിച്ചിരിക്കുന്നു. മാതാപിതാക്കളില്‍ ഒരാളോ അവര്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച്‌ വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട്‌ നീ `ഛെ' എന്നു പോലും പറയരുത്‌; അവരോട്‌ കയര്‍ക്കുകയും അരുത്‌. അവരോട്‌ നീ മാന്യമായ വാക്കുപറയുക. കാരുണ്യത്തോടു കൂടി എളിമയുടെ ചിറക്‌ നീ അവര്‍ ഇരുവര്‍ക്കും താഴ്‌ത്തിക്കൊടുക്കുക. അവര്‍ക്കു വേണ്ടി നീ ഇങ്ങനെ പ്രാര്‍ഥിക്കുക: രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയതു പോലെ ഇവരോട്‌ നീ കരുണ കാണിക്കേണമേ.'' (17:24,25)

ഇവിടെ ചിത്രം പൂര്‍ത്തിയാകുന്നു. പിഞ്ചുകുഞ്ഞിനെ ലാളിച്ചുവളര്‍ത്തുന്നു. വൃദ്ധമാതാപിതാക്കളെ കാരുണ്യത്തോടെ സംരക്ഷിക്കുന്നു. ഈ സുഭദ്രമായ സമൂഹത്തില്‍ വൃദ്ധസദനങ്ങള്‍ക്ക്‌ സ്ഥാനമെവിടെ? ഓരോ വീടും വൃദ്ധസദനങ്ങളാകട്ടെ. തങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രായാധിക്യത്തിന്റെ അവശതയനുഭവിക്കുന്നവരെ കഴിവതും സംരക്ഷിച്ചുപോരുന്ന മനുഷ്യന്‍ സ്വന്തം കാര്യത്തില്‍ ഇങ്ങനെ പ്രാര്‍ഥിക്കണമെന്ന്‌ നബി മാതൃക കാണിച്ചു: അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അന്‍ഉറദ്ദ ഇലാ അര്‍ദലില്‍ ഉമൂര്‍ (അല്ലാഹുവേ, വാര്‍ധക്യത്തിന്റെ അവശതയിലേക്ക്‌ തള്ളിവിടപ്പെടുന്നതില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ രക്ഷ തേടുന്നു). തികഞ്ഞ കാഴ്‌ചപ്പാടും വ്യക്തമായ നിലപാടുമുള്ള ഒരു സമൂഹം ഇങ്ങനെ ചെയ്യുന്നതെന്തിന്‌?

ദൈവപ്രീതിക്കു വേണ്ടി മാത്രം കുടുംബസമേതം അനന്തമായ യാത്രയിലാണ്‌ നമ്മള്‍ എന്നോര്‍ക്കുക. അതിഭൗതികതയില്‍ കഴിഞ്ഞുകൂടുന്ന ഒരു ജനതക്ക്‌ ഇങ്ങനെ ചിന്തിക്കാനാവില്ല. കമ്പോളവത്‌കൃത സമൂഹത്തിലാകട്ടെ ഈ അവധാനതയ്‌ക്ക്‌ നേരമില്ല. വലിയുപ്പയുടെയും വലിയുമ്മയുടെയും സാന്നിധ്യമുള്ള വീടിന്റെ ആന്തരികമായ ഐശ്വര്യം ആസ്വദിക്കാന്‍ നമുക്ക്‌ കഴിയുന്നില്ല. ഉദാത്തമായ മാനവിക മാതൃകയും ഉന്നതമായ മാനുഷിക ബന്ധങ്ങളും കാഴ്‌ച വച്ച ഇസ്‌ലാമിന്റെ അനുയായികള്‍ തന്നെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത ദുരവസ്ഥയിലേക്ക്‌ കാലം കൂപ്പുകുത്തുമ്പോള്‍ പ്രവാചകന്റെ തിരുവചനങ്ങള്‍ നമുക്ക്‌ വഴിവിളക്കായി മാറട്ടെ. `സ്വര്‍ഗം മാതൃപാദത്തിനടിയിലാണ്‌. അല്ലാഹുവിന്റെ തൃപ്‌തി മാതാപിതാക്കളുടെ തൃപ്‌തിയിലാണ്‌'. എങ്കില്‍ വൃദ്ധസദനമോ വൃദ്ധദിനമോ പ്രസക്തമാകുന്നില്ല.

 From ശബാബ് എഡിറ്റോറിയൽ

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts