അക്ഷരജാലകം തുറന്നപ്പോള്‍

പി എം എ ഗഫൂര്‍ 

 അറബി മലയാളത്തില്‍ സജീവമായിത്തുടങ്ങിയ കേരളത്തിലെ മുസ്‌ലിംസാഹിത്യം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ മലയാള ഭാഷയിലേക്ക്‌ കാല്‍വെച്ചു. സയ്യിദ്‌ സനാഉല്ലാഹ്‌ മക്തി തങ്ങളുടെ കാലം തൊട്ട്‌ മലയാളത്തില്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നെങ്കിലും വക്കം മൗലവിയാണ്‌ ആദ്യമായി ഒരു പ്രസാധനാലയം തുടങ്ങിയത്‌. മുസ്‌ലിംകള്‍ക്കിടയില്‍ പല സംരംഭങ്ങളുടെയും ആരംഭം വക്കം മൗലവിയില്‍ നിന്നാണ്‌. 1917ല്‍ തിരുവനന്തപുരം ജില്ലയിലെ വക്കത്ത്‌ ഇസ്‌ലാമിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ വക്കം മൗലവി സ്ഥാപിച്ചു. മൗലവിയുടെ ദീപിക മാസികയുടെ പ്രസാധനത്തോടെയായിരുന്നു തുടക്കം. ദീപികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഖുര്‍ആന്‍ പംക്തിയും The New World of Islam എന്ന ലൂത്‌റോപ്‌ സ്റ്റൊഡാര്‍ഡിന്റെ കൃതിയും ഇസ്‌ലാമിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ പുസ്‌തമാക്കി. അഭിനവ ഇസ്‌ലാംലോകം എന്നായിരുന്നു പരിഭാഷാ ഗ്രന്ഥത്തിന്റെ പേര്‌. സയ്യിദ്‌ സുലൈമാന്‍ നദ്‌വിയുടെ അഹ്‌ലുസ്സുന്നവല്‍ ജമാഅ എന്ന ഗ്രന്ഥവും അവിടെ പ്രസിദ്ധീകരിച്ചു. വക്കം മൗലവിക്കു ശേഷം ആ പ്രസാധനാലയം മുന്നോട്ടുപോയില്ല. ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പ്രസാധനത്തിന്‌ മുന്‍കൈയെടുത്ത മറ്റൊരാള്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബാണ്‌. അദ്ദേഹത്തിന്റെ വരവോടെയാണ്‌ മലബാറില്‍ പ്രസാധനരംഗം സജീവമായതെന്ന്‌ പറയാം. 1924ല്‍ അദ്ദേഹം കോഴിക്കോട്ട്‌ സ്ഥാപിച്ച അല്‍അമീന്‍ പ്രസ്സ്‌ മലയാള ഭാഷയില്‍ അനേകം ഗ്രന്ഥങ്ങളും പുറത്തിറക്കി. കണിയാപുരം അബ്‌ദുല്ല തമിഴില്‍ നിന്ന്‌ മൊഴിമാറ്റിയ ഹദ്‌റത്ത്‌ ബിലാല്‍ ജീവചരിത്രം, ആനിബസന്റ്‌ രചിച്ച ഇസ്‌ലാം മത മഹാത്മ്യം, പി അബ്‌ദുല്‍ഖാദിര്‍ മൗലവിയുടെ ഖുര്‍ആനും ഖാദിയാനികളും, ഇ മൊയ്‌തുമൗലവിയുടെ വിശുദ്ധ നബി, കെ മൂസാന്‍കുട്ടി മൗലവി വിവര്‍ത്തനം ചെയ്‌ത തുഹ്‌ഫതുല്‍ മുജാഹിദീന്‍ എന്നിവ അല്‍അമീന്‍ പ്രസ്സിലാണ്‌ അച്ചടിച്ചത്‌.

1932ല്‍ രൂപമെടുത്ത മുസ്‌ലിം ലിറ്ററേച്ചര്‍ സൊസൈറ്റിയാണ്‌ മറ്റൊരു സംരംഭം. കെ എം മൗലവി, പി കെ മൂസാ മൗലവി, എം സി സി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി എന്നിവര്‍ മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബിന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയുടെ ആദ്യഭാഗങ്ങള്‍ സൊസൈറ്റിയാണ്‌ പ്രസിദ്ധീകരിച്ചത്‌. പരോപകാരി, മുസ്‌ലിം സഹകാരി, ഹിദായത്‌, യുവലോകം, ഇഖ്‌ബാല്‍, ടാഗോര്‍ ഗ്രന്ഥാവലി, പൗരശക്തി, മാപ്പിള റിവ്യൂ എന്നിവയും മലയാളത്തില്‍ പുറത്തിറങ്ങി. വ്യക്തികളും സംഘങ്ങളും പുസ്‌തകങ്ങള്‍ അച്ചടിച്ച്‌ വിതരണം ചെയ്യുന്ന രീതി പതുക്കെ അവസാനിച്ച്‌ പ്രസാധനാലയങ്ങള്‍ രംഗം കൈയ്യടക്കിയത്‌ മലയാള ലിപിയുടെ വ്യാപനത്തോടെയാണ്‌. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ മാര്‍ഗങ്ങള്‍ അന്വേഷിച്ചവര്‍ക്കുള്ള നല്ല ഉപായങ്ങളിലൊന്നായിരുന്നു പുസ്‌തക പ്രസാധനം.

1945ല്‍ മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന സമിതിക്കു കീഴില്‍ വി പി മുഹമ്മദലി ഹാജി സ്ഥാപിച്ച ഇസ്‌ലാമിക്‌ പബ്‌ളിഷിംഗ്‌ ഹൗസ്‌ ശ്രദ്ധേയമായ സംരംഭമാണ്‌. ജമാഅത്ത്‌ സ്ഥാപകന്‍ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ രിസാലേ ദീനിയ്യാത്തിന്റെ മലയാള ഭാഷാന്തരം ഇസ്‌ലാംമതം എന്ന പേരില്‍ പ്രസിദ്ധീകരിച്ചായിരുന്നു ഐ പി എച്ചിന്റെ ആരംഭം. രക്ഷാസരണി, ഖുത്വ്‌ബാത്ത്‌, സത്യസാക്ഷ്യം, തഫ്‌ഹീമുല്‍ ഖുര്‍ആന്‍ തുടങ്ങിയവയാണ്‌ പിന്നീട്‌ പുറത്തിക്കിയത്‌. ഐ പി എച്ച്‌ കൃതികളുടെ വ്യാപനത്തിന്റെ തോത്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കൂടി വ്യാപനമായിരുന്നു. അറുപതിലേറെ വര്‍ഷത്തിനിടയില്‍ അഞ്ഞൂറോളം ഗ്രന്ഥങ്ങള്‍ ഐ പി എച്ച്‌ പുറത്തിറക്കി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങള്‍, ഇസ്‌ലാമിക വിജ്ഞാനകോശം, ഹദീസ്‌ പരിഭാഷകള്‍, നിരൂപണം, ബാലസാഹിത്യം, കര്‍മശാസ്‌ത്രം, ഗവേഷണ പഠനങ്ങള്‍, ചരിത്രം തുടങ്ങിവയില്‍ ഈടുറ്റ ഗ്രന്ഥങ്ങള്‍ ഐ പി എച്ചിന്റേതായുണ്ട്‌. ഖുര്‍ആന്‍ ബോധനം, അമൃതവാണി, ഖുര്‍ആന്‍ ലളിതസാരം, ഫിഖ്‌ഹുസ്സുന്ന, ഖറദാവിയുടെ ഫത്‌വകള്‍, പ്രശ്‌നങ്ങള്‍ വീക്ഷണങ്ങള്‍, ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, മക്കയിലേക്കുള്ള പാത, ഇസ്‌ലാം രാജമാര്‍ഗം, ഇസ്‌ലാമിലെ സാമൂഹ്യനീതി, വിധിവിലക്കുകള്‍, ഫാറൂഖ്‌ ഉമര്‍, ഇസ്‌ലാം-പ്രബോധവും പ്രചാരണവും, ഇബാദത്ത്‌ ഒരു സമഗ്രപഠനം, അല്ലാഹു ഖുര്‍ആനില്‍, വിശ്വാസവും ജീവിതവും, ഖിലാഫത്തും രാജവാഴ്‌ചയും, മലബാര്‍ സമരം: എം പി നാരായണ മേനോനും സഹപ്രവര്‍ത്തരും, തെറ്റിദ്ധരിക്കപ്പെട്ട മതം, പരലോകം ഖുര്‍ആനില്‍, യുക്തിവാദികളും ഇസ്‌ലാമും തുടങ്ങിയ ഐ പി എച്ചിന്റെ ശ്രദ്ധേയ സംരംഭങ്ങളാണ്‌.

 1948ല്‍ കെ ബി അബൂബക്കര്‍ തൃശൂരിലെ വിയ്യൂരില്‍ സ്ഥാപിച്ച ആമിന ബുക്ക്‌സ്റ്റാള്‍ അനേകം കൃതികള്‍ പുറത്തിറക്കി. ബദ്‌ര്‍ വിജയം ആണ്‌ ആദ്യകൃതി. സി എച്ച്‌ മുഹമ്മദ്‌ കോയയും അബൂസ്സ്വിദ്ദീഖ്‌ എന്ന അബ്‌ദുര്‍റഹിമാനും 1950ല്‍ സ്ഥാപിച്ച പുസ്‌തകാലയമാണ്‌ കോഴിക്കോട്ടെ ഗ്രീന്‍ഹൗസ്‌. എം അലവിക്കുട്ടി രചിച്ച മൂന്ന്‌ മുസ്‌ലിംലീഗ്‌ നേതാക്കള്‍ കെ കെ മുഹമ്മദ്‌ മദനിയുടെ പ്രവാചകന്മാര്‍, അബുസ്സ്വിദ്ദീഖിന്റെ മുസ്‌ലിംലീഗ്‌: ഭൂതം ഭാവി വര്‍ത്തമാനം, സി എച്ചിന്റെ ഹജ്ജ്‌ യാത്ര, ലണ്ടന്‍- കൈറോ ലോകം ചുറ്റിക്കണ്ടു, കെ എം പന്നിക്കോട്ടൂരിന്റെ നബിയുടെ ഭാര്യമാര്‍ തുടങ്ങി ഒട്ടേറെ കൃതികള്‍ ഗ്രീന്‍ഹൗസിന്റേതായുണ്ട്‌. എറണാകുളത്ത്‌ സ്ഥാപിക്കപ്പെട്ട മുജാഹിദ്‌ പബ്ലിഷിംഗ്‌ ഹൗസാണ്‌ മറ്റൊന്ന്‌. 1944 ല്‍ പി എം നൈനാര്‍ കുട്ടി മുജാഹിദ്‌ എന്ന വാരിക ആരംഭിച്ചുവെങ്കിലും ആറു മാസത്തിലധികം അതിന്‌ ആയുസ്സുണ്ടായിരുന്നില്ല. പിന്നീട്‌ അതേ പേരില്‍ അദ്ദേഹം സ്ഥാപിച്ച പ്രസാധനാലയമാണ്‌ മുജാഹിദ്‌ പബ്ലിഷിംഗ്‌ ഹൗസ്‌. കര്‍ബലാ രക്തക്കളം, മലപ്പുറം രക്തസാക്ഷികള്‍, ഹിറ്റ്‌ലറെ വഞ്ചിച്ച ഹൃദയേശ്വരി എന്നീ കൃതികള്‍ പുറത്തിറക്കി. പുനലൂരില്‍ ക്രസന്റ്‌ പബ്ലിഷിംഗ്‌ എന്ന പേരില്‍ മറ്റൊരു പ്രസാധനാലയവുമുണ്ടായിരുന്നു. വക്കം മൗലവിയുടെ പുത്രന്‍ എം അബ്‌ദുല്‍ഹഖ്‌ രചിച്ച മുസ്‌ലിം ഇന്ത്യയുടെ ഉദ്ധാരകന്മാര്‍ രണ്ടു വാള്യങ്ങളിലായി 1947ല്‍ ക്രസന്റിലൂടെ പുറത്തിറങ്ങി. ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണ ചരിത്രം ആഴത്തില്‍ വിലയിരുത്തപ്പെടുന്ന ഗ്രന്ഥമാണിത്‌. ദക്ഷിണ കേരളത്തിലെ ഇസ്‌ലാമിക വൈജ്ഞാനിക പ്രചാരണത്തിന്‌ മികച്ച സേവനമര്‍പ്പിച്ച സ്ഥാപനമാണ്‌ ആലുവയിലെ ഇസ്‌ലാമിയ്യാ ബുക്‌സ്റ്റാള്‍. ലേഖനം, കഥ, കവിത, നാടകം തുടങ്ങിയ വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങള്‍ ഇസ്‌ലാമിയ്യ പുറത്തിറക്കി. പെരുമ്പാവൂരിലെ ഭാരതചന്ദ്രിക പ്രസ്സാണ്‌ മറ്റൊന്ന്‌. അബ്‌ദുല്‍മജീദ്‌ മരക്കാരാണ്‌ സ്ഥാപകന്‍. സി എന്‍ അഹ്‌മദ്‌ മൗലവിയുടെ ഒരു ഖുര്‍ആന്‍ പരിഭാഷയായിരുന്നു ഭാരതചന്ദ്രികയുടെ പ്രധാന പദ്ധതി. കെ മുഹമ്മദലി വിവര്‍ത്തനം ചെയ്‌ത 700 ഹദീസുകള്‍ അല്‍ഹദീസ്‌ എന്ന പേരില്‍ ഭാരതചന്ദ്രിക പുറത്തിറക്കി. പി മുഹമ്മദ്‌ മൈതീന്റെ വിശുദ്ധ ഖുര്‍ആനിലെ ദുആകള്‍, വക്കം അബ്‌ദുല്‍ ഖാദിറിന്റെ ഇസ്‌ലാമിലെ ചിന്താപ്രസ്ഥാനങ്ങള്‍, എസ്‌ മുഹമ്മദ്‌ അബ്‌ദു, എം അബ്‌ദുല്‍ വഹ്‌ഹാബ്‌ എന്നിവര്‍ വിവര്‍ത്തനം ചെയ്‌ത ഇസ്‌ലാം ചരിത്രത്തിലെ സുവര്‍ണ സംഭവങ്ങള്‍ എം അബ്‌ദുല്‍ ഖാദിര്‍ മൗലവിയുടെ ഹൃദയകൗമുദി തുടങ്ങി അനേകം നല്ല ഗ്രന്ഥങ്ങള്‍ ഭാരതചന്ദ്രിക പുറത്തിറക്കി. തിരുവനന്തപുരത്തെ കരമനയില്‍ അല്‍ഇസ്‌ലാം പബ്ലിഷിംഗ്‌ ഹൗസ്‌ നിരവധി ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. കരമനയിലെ എ മുഹമ്മദ്‌ സാഹിബാണ്‌ സ്ഥാപകന്‍. അഅ്‌ളംഗഢിലെ ദാറുല്‍ മുസ്വന്നിഫീന്‍ പുറത്തിറക്കിയ കൃതികള്‍ മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യാനുള്ള അംഗീകാരം നേടിടെയെടുത്ത അല്‍ഇസ്‌ലാം അതുവഴി ഒട്ടേറെ മികച്ച ഗ്രന്ഥങ്ങള്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി, ഖുലഫായേ റാശിദീന്‍, അല്‍ഗസ്സാലി, ചാര്‍ ദര്‍വേശ്‌, സല്‍മ, നമസ്‌കാര ക്രമം, ഏഴു മുസ്‌ലിം നേതാക്കള്‍, മിഅ്‌റാജുന്നബി എന്നിവ അവയില്‍ പെട്ടതാണ്‌.

1951ല്‍ പരപ്പനങ്ങാടിയില്‍ ടി കെ അബ്‌ദുല്ലാ മൗലവി സ്ഥാപിച്ച ബയാനിയ്യാ ബുക്‌സ്റ്റാള്‍ നിരവധി ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. ഖുര്‍ആന്‍ പരിഭാഷ, കീമിയായെ സആദ, ഇസ്‌ലാം ചരിത്ര സംഭവം, സ്വഹാബിവര്യന്മാര്‍, ടിപ്പുസുല്‍ത്താന്‍, ഹജ്ജാജി മാര്‍ഗദര്‍ശകന്‍ എന്നിവ അതില്‍പ്പെടുന്നു. 1952 ല്‍ ഉബൈദിയ്യാ പബ്ലിഷിംഗ്‌ ഹൗസ്‌ തിരൂരങ്ങാടിയില്‍ സ്ഥാപിതമായി. കെ കെ ജമാലുദ്ദീന്‍ മൗലവിയുടെ ഖുത്വ്‌ബയുടെ വിധികള്‍, ഖിദ്‌ര്‍ നബിയെ കണ്ട നഫീസ, സൈനബ്‌ എന്നീ നോവലുകളും ഉബൈദിയ്യാ ഹൗസ്‌ പുറത്തിറക്കി. 

1960ല്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ കെ എന്‍ എം പബ്ലിഷിംഗ്‌ ഹൗസ്‌ സ്ഥാപിക്കപ്പെട്ടു. മുഹമ്മദ്‌ അമാനി മൗലവിയുടെ നാലു വാള്യങ്ങളുള്ള വിശുദ്ധ ഖുര്‍ആന്‍ വിവരണമാണ്‌ പ്രധാന കൃതി. കെ പി മുഹമ്മദ്‌ ബിന്‍ അഹ്‌മദിന്റെ ഇബാദത്തും ഇത്വാഅതും, പി എം അബ്‌ദുര്‍റഹീം മൗലവിയുടെ ജുമുഅ ഖുത്വ്‌ബ മാതൃഭാഷയില്‍, കെ കുഞ്ഞീതു മദനിയുടെ ഇസ്‌ലാമിന്റെ അടിത്തറ തൗഹീദ്‌, പി മുഹമ്മദ്‌ കുട്ടശ്ശേരിയുടെ ഇതാണ്‌ ഇസ്‌ലാം, എ അബ്‌ദുസ്സലാം സുല്ലമിയുടെ ഹദീസ്‌ രണ്ടാം പ്രമാണമോ? എന്നിവ പ്രധാനകൃതികളാണ്‌.

 ഐ എസ്‌ എം സംസ്ഥാന സമിതിയുടെ കീഴില്‍ 1987ല്‍ ആരംഭിച്ച യുവത ബുക്‌ഹൗസ്‌ പേരിലും കൃതികളുടെ വൈവിധ്യത്തിലും വേറിട്ടുനിന്നു. ഇസ്വ്‌ലാഹീ ആദര്‍ശ പ്രചാരണത്തിലും നവോത്ഥാന സംരംഭങ്ങളിലും യൗവന തീക്ഷ്‌ണമായ പ്രസരിപ്പ്‌ പുലര്‍ത്തിയ `യുവത' കുറഞ്ഞ കാലം കൊണ്ട്‌ മുന്നൂറിലേറെ മികച്ച ഗ്രന്ഥങ്ങള്‍ പുറത്തിറക്കി. മൗലിക പ്രതിഭകളുടെ ഉത്‌കൃഷ്‌ട രചനകള്‍ കൊണ്ട്‌, വിവര്‍ത്തനകൃതികളെ അധികം ആശ്രയിക്കാതെ മികച്ചുനിന്നുവെന്നത്‌ യുവതയുടെ പ്രത്യേകതയാണ്‌. ഇസ്‌ലാമിക ആദര്‍ശത്തെയും അനുഷ്‌ഠാനങ്ങളെയും സംസ്‌കൃതിയെയും ചരിത്രത്തെയും ബൗദ്ധികമായി സമര്‍ഥിക്കുന്ന ഇസ്‌ലാം അഞ്ചു വാള്യങ്ങള്‍ യുവതയുടെ സമുന്നത ഗ്രന്ഥപരമ്പരയാണ്‌. ഖുര്‍ആന്‍ ഹദീസ്‌ പരിഭാഷകള്‍, കര്‍മശാസ്‌ത്രഗ്രന്ഥങ്ങള്‍, ചരിത്രം, സാഹിത്യം, സ്വഭാവശാസ്‌ത്രം, ബാലസാഹിത്യം, ശാസ്‌ത്രകൃതികള്‍, കഥ, കവിത, നോവല്‍, ഐ ടി, മതാന്തര സംവാദം തുടങ്ങി ഭിന്നവിഷയങ്ങളില്‍ ഒട്ടേറെ രചനകള്‍ ഇതിനകം പുറത്തിറങ്ങി. ഇസ്‌ലാം വെല്ലുവിളിക്കുന്നു, കെ എം മൗലവിയുടെ ഫത്‌വകള്‍, മതമൈത്രിയും ഇസ്‌ലാമിന്റെ മാനുഷികമുഖവും, മുഹമ്മദ്‌ നബി ലോകവേദങ്ങളില്‍, ഖുര്‍ആന്‍ സത്യാന്വേഷിയുടെ മുന്നില്‍, ഖാദിയാനിസം, വിപ്ലവത്തിന്റെ പ്രവാചകന്‍, ദൈവാസ്‌തിക്യത്തിന്റെ അടയാളങ്ങള്‍, ഇസ്‌ലാമികചിന്ത ഇരുപത്തൊന്നാം നൂറ്റാണ്ടില്‍, ദൈവം മതം വേദം പ്രവാചകന്‍, ഇബാദത്ത്‌ വീക്ഷണങ്ങളുടെ താരതമ്യം, പ്രകാശത്തിനു മേല്‍ പ്രകാശം, സ്ഥലകാല സങ്കല്‌പം ഖുര്‍ആനില്‍, ദൈവവിശ്വാസവും ബുദ്ധിയുടെ വിധിയും, മതവും യുക്തിവാദവും, മുഹമ്മദ്‌ നബി ജീവചരിത്ര സംഗ്രഹം, മുസ്‌ലിം ചിന്താപ്രസ്ഥാനങ്ങള്‍, ദൈവിക നിയമത്തിന്റെ ശാസ്‌ത്ര വിസ്‌മയങ്ങള്‍, ദിവ്യദീപ്‌തി ഖുര്‍ആന്‍ കാവ്യാവിഷ്‌കാരം, വികസിക്കുന്ന പ്രപഞ്ചം, പദാര്‍ഥത്തിന്റെ പൊരുള്‍, ഖുര്‍ആനും പ്രപഞ്ച ശാസ്‌ത്രവും, ഹദീസ്‌ നിഷേധികള്‍ക്ക്‌ മറുപടി, ഖുര്‍ആനും പാലിയന്തോളജിയും, മുഅ്‌ജിസത്തും കറാമത്തും, മതം-രാഷ്‌ട്രീയം- ഇസ്‌ലാഹീ പ്രസ്ഥാനം, ധിഷണയും വെളിപാടും, തീവ്രവാദം-ഭീകരവാദം-ജിഹാദ്‌, ദഅ്‌വത്ത്‌ ചിന്തകള്‍- അഞ്ചു വാള്യം, അന്ധവിശ്വാസങ്ങളുടെ ലോകം, മുസ്‌ലിംകളിലെ അനാചാരങ്ങള്‍, കെ എം മൗലവിയുടെ ജീവചരിത്രം, കെ എം മൗലവിയുടെ ഫത്‌വകള്‍, സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം നായകര്‍, വര്‍ഗീയത-മതനിരപേക്ഷത-സംസ്‌കാരം, ആഗോളവത്‌കരണത്തിന്റെ അനന്തര ഫലങ്ങള്‍, ഇസ്‌ലാമില്‍ സ്‌ത്രീയുടെ പദവി, ഹദീസ്‌ സമാഹാരങ്ങള്‍ എന്നിവ യുവതയുടെ പ്രസിദ്ധീകരണങ്ങള്‍ ചിലതാണ്‌. 1977ല്‍ കോഴിക്കോട്ട്‌ തുടങ്ങിയ പ്രതിഭാ ബുക്‌സ്‌ ശ്രദ്ധേയമായ അനേകം കൃതികള്‍ ഭാഷയ്‌ക്ക്‌ നല്‍കി. വക്കം അബ്‌ദുല്‍ഖാദിറിന്റെ അതുലനായ മനുഷ്യന്‍, ഗിദ്വാനിയുടെ ടിപ്പുവിന്റെ കരവാള്‍, മുഹമ്മദ്‌ ഹുസൈന്‍ ഹൈകലിന്റെ അബൂബക്‌ര്‍ എന്നിവ അതില്‍ പെടുന്നു. മാഹിന്‍ അലി സാഹിബ്‌ തലശ്ശേരിയില്‍ ആരംഭിച്ച ജിന്നാ ബുക്‌സ്‌ മികച്ച ഗ്രന്ഥങ്ങളുടെ വിതരണക്കാരുമായിരുന്നു.

1949ല്‍ വി അബ്‌ദുല്‍ഖയ്യും കോഴിക്കോട്‌ എരഞ്ഞിപ്പാലത്ത്‌ സ്ഥാപിച്ച ബുശ്‌റാ പബ്ലിഷിംഗ്‌ഹൗസും നല്ല കൃതികളുടെ പ്രസാധകരായി. മൗലാനാ ശംസുദ്ദീന്‍ ഖാദിരിയുടെ പ്രാചീന മലബാര്‍, തുര്‍ക്കി വിപ്ലവം, ഒ അബുവിന്റെ ദീനുല്‍ ഇസ്‌ലാമിന്റെ ദിവ്യസംഭാവന, ഇഖ്‌ബാലിന്റെ കത്തുകള്‍ എന്നിവ ബുശ്‌റയുടെ പ്രസിദ്ധീകരണങ്ങളാണ്‌. ഡോ. എം വി മുഹമ്മദ്‌ തലശ്ശേരിയില്‍ സ്ഥാപിച്ച അനീസ്‌ പബ്ലിക്കേഴ്‌സ്‌, സി എന്‍ അഹ്‌മദ്‌ മൗലവിയുടെ അന്‍സ്വാരി ബുക്‌ ഡിപ്പോ, ആയഞ്ചേരിയിലെ നാസ്വിര്‍ ബുക്‌സ്റ്റാള്‍, വളാഞ്ചേരിയിലെ മുഹമ്മദിയ്യാ ബുക്‌സ്റ്റാള്‍, ചെമ്മാട്‌ സ്ഥാപിതമായ സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, സമസ്‌ത വിദ്യാര്‍ഥി വിഭാഗത്തിന്റെ ഇസ പബ്ലിക്കേഷന്‍സ്‌, മഞ്ചേരിയിലെ ഹാദി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്ടെ കലിമ ബുക്‌സ്‌, 1962ല്‍ തിരൂരങ്ങാടിയില്‍ തുടങ്ങിയ കെ മുഹമ്മദ്‌കുട്ടി സണ്‍സ്‌, വൈലത്തൂരിലെ അല്‍ഹിന്ദ്‌ ബുക്‌സ്റ്റാള്‍ എന്നിവയും നിരവധി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ തിരൂരിലെ പൊന്മുണ്ടം സ്വദേശി കെ ഹംസ സ്ഥാപിച്ച അല്‍ഹുദാ ബുക്‌സ്റ്റാള്‍ കുറേ നല്ല ഗ്രന്ഥങ്ങളുടെ പ്രസാധകരാണ്‌. ഹദീസ്‌ ഗ്രന്ഥങ്ങളുടെ പരിഭാഷ, മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, പി എ സൈത്‌ മുഹമ്മദിന്റെ കേരള മുസ്‌ലിം ചരിത്രം, പി കെ ബാലകൃഷ്‌ണന്റെ ടിപ്പുസുല്‍ത്താന്‍, ഉര്‍ദു-മലയാളം നിഘണ്ടു, ഇ മൊയ്‌തു മൗലവിയുടെ ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യസമര പ്രസ്ഥാനവും എന്നിവ അല്‍ഹുദായുടെ സംഭാവനയാണ്‌. വൈലത്തൂരിലെ അല്‍അമാന്‍ കിതാബ്‌ ഭവന്‍ 1977ല്‍ എം ആലിക്കുട്ടി ഹാജി സ്ഥാപിച്ച അയ്യൂബി ബുക്‌ഹൗസ്‌, ഡോ. സി കെ കരീം സ്ഥാപിച്ച ചരിത്രം പബ്ലിക്കേഷന്‍സ്‌-തിരുവനന്തപുരം എന്നിവയും ഏറെ ശ്രദ്ധേയ രചനകള്‍ പുറത്തിറക്കി. ഇന്ത്യാ ചരിത്രത്തിന്‌ ഒരുമുഖവുര, ചരിത്രത്തിലെ ഗുണപാഠങ്ങള്‍, ഇബ്‌നുബതൂതയുടെ കള്ളക്കഥകള്‍, മുഹമ്മദ്‌ തുഗ്ലക്ക്‌ ഒരു പഠനം, ഡോ. സി കെ കരീമിന്റെ ചരിത്രപഠനങ്ങള്‍, കേരള മുസ്‌ലിം ചരിത്രം: സ്ഥിതിവിവരക്കണക്ക്‌ ഡയറക്‌ടറി (മൂന്ന്‌ വാള്യങ്ങള്‍) എന്നിവ ചരിത്രം പബ്ലിക്കേഷന്‍സിന്റെ പ്രധാന കൃതികളാണ്‌.

 ശഹീദ്‌ സയ്യിദ്‌ ഖുത്വ്‌ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍ വിവര്‍ത്തനം ലക്ഷ്യമാക്കി സ്ഥാപിതമായ ആലുവയിലെ മനാസ്‌ ഫൗണ്ടേഷന്‍ (1991) ഖുര്‍ആന്റെ തണലില്‍ എന്ന പ്രസ്‌തുത വിവര്‍ത്തനത്തിനു പുറമെ ഖുര്‍ആന്‍ മലയാളസാരം, കുടുംബവിജ്ഞാനകോശം, മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ എന്നിവയും പുറത്തിറക്കി. 1986ല്‍ സ്ഥാപിക്കപ്പെട്ട തിരൂരങ്ങാടി ബുക്‌സ്റ്റാള്‍, 1992ല്‍ ആരംഭിച്ച അശ്‌റഫി ബുക്‌സ്റ്റാള്‍, 1999ല്‍ തുടങ്ങിയ വചനം, ദഅ്‌വ ബുക്‌സ്‌, മഹിമ പബ്ലിക്കേഷന്‍, അല്‍ ഇര്‍ശാദ്‌ ബുക്‌സ്‌, പൂങ്കാവനം, പബ്ലിക്കേഷന്‍സ്‌, ഇസ്‌ലാം പബ്ലിഷിംഗ്‌ ബ്യൂറോ, മക്‌തബ അന്‍സ്വാറുല്‍ ഇസ്‌ലാം, അരീക്കോട്ടെ ഇസ്‌ലാമിക്‌ ഫൗണ്ടേഷന്‍, അദര്‍ ബുക്‌സ്‌ കോഴിക്കോട്‌, സമന്വയം ബുക്‌സ്‌-കോഴിക്കോട്‌ തുടങ്ങി അനേകം പ്രസാധനാലയങ്ങള്‍ വഴി നിരവധി രചനകള്‍ മുസ്‌ലിം സാഹിത്യത്തെ സമ്പന്നമാക്കി.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts