ഭൗതികത മതരംഗത്ത്‌

ആധുനിക ജീവിതത്തെ ആമൂലാഗ്രം ഗ്രസിച്ചുകളഞ്ഞ കാര്യമാണ്‌ ഭൗതികത. ജീവിതത്തിന്റെ എല്ലാ തലങ്ങളും ഒരു തരത്തിലുള്ള ഭൗതികവത്‌കരണത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്നു. ബാഹ്യവും ഭൗതികവുമായ സുഖ-സൗകര്യങ്ങള്‍ക്ക്‌ ആധുനിക ജീവിതത്തില്‍ പ്രാധാന്യം കൂടിക്കൊണ്ടിരിക്കുന്നു. ശരീര പ്രധാനമായ സംസ്‌കരണ പ്രക്രിയകള്‍ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ മനുഷ്യരെല്ലാം നടത്തിക്കൊണ്ടിരിക്കുന്നു. ആത്മീയവും മാനസികവുമായ സംസ്‌കരണത്തിന്‌ താരതമ്യേന പ്രാധാന്യം കുറഞ്ഞുവരുന്നു. ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമെന്ന പോലെ മതരംഗത്തും ഒരു തരത്തിലുള്ള ഭൗതികതയുടെ അധിനിവേശം നടന്നുകൊണ്ടിരിക്കുന്നു. മതം ആത്മീയപ്രധാനവും പാരത്രികമോക്ഷത്തിന്‌ സര്‍വ പ്രാധാന്യവും നല്‌കുന്നതുമാണ്‌. ഐഹിക സുഖങ്ങളും സൗകര്യങ്ങളും കേവലമായ ഒരാവശ്യം മാത്രമായിട്ടാണ്‌ മതം കാണുന്നത്‌. ലൗകികവും ഭൗതികവുമായ ആവശ്യങ്ങള്‍ മുഖ്യ ലക്ഷ്യമായി മതം കാണുന്നില്ല. ലൗകികമായ നേട്ട-കോട്ടങ്ങള്‍ ആത്യന്തികമായി നേട്ടമായോ കോട്ടമായോ മതം വിലയിരുത്തുന്നില്ല. ദുനിയാവ്‌, മുറിച്ചെവിയനായ ഒരു ചത്ത ആടിന്റെ വിലപോലും കല്‌പിക്കപ്പെടാന്‍ മാത്രം പ്രാധാന്യമില്ലാത്തതായി അല്ലാഹു കാണുന്നു. പാരത്രിക ജീവിതമാകട്ടെ, അത്‌ യഥാര്‍ഥ ജീവിതമായി കാണുകയും ചെയ്യുന്നു. (വി.ഖു 29:64)

 വിശ്വാസികള്‍ പോലും, അവരുടെ മതപ്രവര്‍ത്തനങ്ങളിലും മതാചരണത്തിലും ആത്മീയതയെക്കാളേറെ ഭൗതികതക്ക്‌ പ്രാധാന്യവും ഊന്നലും നല്‍കിവരുന്നു. കരഞ്ഞു പ്രാര്‍ഥിക്കുന്ന വിശ്വാസികളിലധികവും കരഞ്ഞുകൊണ്ട്‌ അല്ലാഹുവോട്‌ തേടുന്നത്‌ ഇഹലോകജീവിതത്തിലെ ഏതെങ്കിലും കാര്യങ്ങളായിരിക്കും. രോഗവിമുക്തിയോ സാമ്പത്തിക പ്രയാസത്തില്‍ നിന്നുള്ള മോചനമോ ആവശ്യപ്പെട്ടുകൊണ്ട്‌ നിരന്തരം കരഞ്ഞുതേടുന്ന വിശ്വാസിയുടെ പ്രാര്‍ഥനയില്‍ അപൂര്‍വമായി മാത്രമാണ്‌ പരലോകത്തെ രക്ഷയും നരകവിമുക്തിയും കടന്നുവരുന്നത്‌! എന്നാല്‍ അല്ലാഹുവും റസൂലും കരഞ്ഞുപ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടത്‌ പാരത്രിക രക്ഷയുടെ കാര്യത്തിലാണ്‌ (17:107-109). ഏഴു വിഭാഗമാളുകള്‍ക്ക്‌ പരലോകത്ത്‌ അല്ലാഹു തണലിട്ടു കൊടുക്കുമെന്ന്‌ പറഞ്ഞതില്‍ ഒരു വിഭാഗം. `ഒറ്റക്കിരുന്ന്‌ അല്ലാഹുവിനെ ഓര്‍ത്ത്‌ കരയുന്നവന്‍' ആണെന്ന്‌ തിരുദൂതര്‍ പഠിപ്പിക്കുന്നു. അല്ലാഹുവിനെ ഓര്‍ത്ത്‌ കരയുന്ന മനുഷ്യന്‍ നരകത്തില്‍ പ്രവേശിക്കുകയില്ലെന്ന്‌ തിരുദൂതര്‍ മറ്റൊരിക്കല്‍ പറയുകയുണ്ടായി (തിര്‍മിദി).

മുസ്‌ലിമായി ജീവിച്ചു മരിക്കുകയും പരലോകത്ത്‌ സദ്‌വൃത്തരോടൊന്നിച്ച്‌ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ ഭാഗ്യം സിദ്ധിക്കുകയും ചെയ്യുക എന്നതാണ്‌ ജീവിതത്തിന്റെ ഏറ്റവും വലിയ വിജയം. യൂസുഫ്‌ നബി(അ) അല്ലാഹുവിന്റെ മുമ്പില്‍ നടത്തുന്ന പ്രാര്‍ഥന ഇത്തരമൊരു കാര്യം മുന്നില്‍ വെച്ചുകൊണ്ടാണ്‌. അല്ലാഹു നല്‌കിയ എല്ലാ അനുഗ്രഹങ്ങളും എടുത്തുപറഞ്ഞും നന്ദിപൂര്‍വം സ്‌മരിച്ചും അദ്ദേഹം നടത്തുന്ന പ്രാര്‍ഥന ഏറെ ഹൃദയസ്‌പര്‍ശിയാണ്‌. പരലോകരക്ഷ തന്നെയാണ്‌ അതിലെ വിഷയം. ``എന്റെ രക്ഷിതാവേ, നീ എനിക്ക്‌ ഭരണാധികാരത്തില്‍ നിന്ന്‌ (ഒരംശം) നല്‌കുകയും പഠിപ്പിച്ചുതരികയും ചെയ്‌തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്‌ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയായിരിക്കുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.'' (വി.ഖു 12:101) 

വിശ്വാസികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന നേര്‍ച്ചകളും വഴിപാടുകളും ജാറങ്ങളിലും പ്രതിഷ്‌ഠകളിലും വിഗ്രഹങ്ങളിലും മറ്റും സമര്‍പ്പിക്കുന്ന കാണിക്കകളും കാഴ്‌ചകളും പാരത്രിക ജീവിതത്തില്‍ വിജയം വരിക്കാന്‍ വേണ്ടി സമര്‍പ്പിക്കപ്പെടുന്നവയല്ല. ഐഹിക ജീവിതത്തില്‍ ഉപകാരം നേടാനും ഉപദ്രവം തടുക്കാനും ഏതെങ്കിലും ദേവന്മാരുടെയോ ദേവിമാരുടെയോ ശാപകോപങ്ങളില്‍ നിന്ന്‌ രക്ഷ നേടാനും വേണ്ടിയാണ്‌. മതപരമായ വലിയ ഒരു ആചാരമെന്ന നിലക്ക്‌ ഇന്ന്‌ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ്‌ കൈകളിലും ഭുജങ്ങളിലും കെട്ടുന്ന നൂലുകള്‍. പ്രത്യേക ഉപകാരമോ ഉപദ്രവമോ ചെയ്യാനാവാത്ത ഈ നൂലുകളും ചരടുകളും മന്ത്രിച്ചൂതുന്നതോടു കൂടി മാന്ത്രികച്ചരടുകളായി മാറുകയാണ്‌. ഇവയൊന്നും തന്നെ ആത്മീയ വിശുദ്ധി നേടാനോ മരണാനന്തര ജീവിതത്തില്‍ മോക്ഷം നേടാനോ വേണ്ടിയുള്ളവയല്ല. പ്രത്യുത, ഐഹിക ജീവിതത്തില്‍ പലരെയും മുന്‍കടന്ന്‌ വിജയം വരിക്കാനും ശത്രുദോഷം തടുക്കാനും കരുത്തക്കേടുകളും പൊരുത്തക്കേടുകളും പറ്റാതിരിക്കുന്നതിനും വേണ്ടിയാണ്‌. എല്ലാം ദുനിയാവിന്‌ വേണ്ടിത്തന്നെ! വലിയ ഒരു മതകാര്യമെന്ന നിലക്ക്‌ ഇന്ന്‌ പ്രചരിപ്പിക്കപ്പെടുന്ന `തിരുമുടി'യുടെ കാര്യവും ഇങ്ങനെത്തന്നെ. മനാസില്‍ എന്നും മഫാസ്‌ എന്നും അറിയപ്പെടുന്ന പുസ്‌തകത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം തന്നെ ഐഹിക ജീവിതത്തിലെ വിവിധങ്ങളായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാണ്‌. പാരത്രിക ജീവിതത്തിന്റെ നേട്ടത്തിന്‌ പാരായണം ചെയ്യാന്‍ ഒരു വരി പോലും അതിലില്ല! ഹൈന്ദവര്‍ക്കിടയില്‍ അത്ഭുത പ്രവര്‍ത്തനങ്ങള്‍ എന്ന നിലയ്‌ക്ക്‌ നടത്തുന്ന തീയില്‍ നടക്കല്‍, ശരീരത്തില്‍ ഇരുമ്പു കമ്പികള്‍ കുത്തിക്കയറ്റല്‍ തുടങ്ങിയ ശാരീരിക പീഡകളടങ്ങിയ മതപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുന്നത്‌ ദുനിയാവ്‌ സമ്പാദിക്കാന്‍ തന്നെയാണ്‌. ജോത്സ്യവും മാന്ത്രികവും ക്ഷേത്രങ്ങളിലും അമ്പലങ്ങളിലും സമര്‍പ്പിക്കുന്ന വിലപിടിപ്പുള്ള ആടയാഭരണങ്ങളും അമൂല്യങ്ങളായ നിധിശേഖരങ്ങളുമെല്ലാം എന്തിനു വേണ്ടിയാണെന്നാലോചിച്ചാല്‍ കേവല ലൗകികമായ നേട്ടങ്ങളും ഗുണങ്ങളും മുന്നില്‍ കണ്ടുമാത്രമാണെന്ന്‌ മനസ്സിലാകും.

 ഇങ്ങനെ മതമെന്നത്‌ ഇഹലോകം നേടാനുള്ള ഒരേര്‍പ്പാടായി മാറിക്കഴിഞ്ഞിരിക്കുന്നു. കോടികളുടെ സമ്പാദ്യവുമായി മതപുരോഹിതന്മാരും മേലധ്യക്ഷന്മാരും അങ്കിയും ളോഹയുമണിഞ്ഞു നില്‌ക്കുമ്പോള്‍ ലൗകിക താല്‌പര്യങ്ങള്‍ മതത്തെ എത്രത്തോളം കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന്‌ ബോധ്യമാകും. ഭൗതിക പരിത്യാഗികളായ യോഗിമാരും സന്യാസിമാരും പരശ്ശതം കോടികളുടെ അധിപന്മാരായി മാറുന്നത്‌ ഒരു നാണക്കേടായിപ്പോലും തോന്നാത്ത വിധം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു! ചെവി മുറിഞ്ഞ ആട്ടിന്‍ കുട്ടിയുടെ ശവശരീരത്തിന്റെ വിലപോലും കല്‌പിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ലൗകിക സൗകര്യങ്ങള്‍ക്ക്‌ വേണ്ടി മതമാചരിക്കുന്ന വിശ്വാസികള്‍, മതം യഥാര്‍ഥഏത്തില്‍ എന്ത്‌ ലക്ഷ്യം വെക്കുന്നുവെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. ഒരാത്മപരിശോധനയ്‌ക്ക്‌ വിശ്വാസികളെ ഇത്‌ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌.

By അബൂമാജിദ 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts