റബീഅതുര്‍റഅ്‌യ്‌ വിജ്‌ഞാന കുതുകിയായ പണ്ഡിതന്‍

അബ്‌ദുര്‍റഹ്‌മാന്‍ മങ്ങാട്‌ 

 ഹിജ്‌റ അമ്പത്തിയൊന്നാം വര്‍ഷം മുസ്‌ലിം സൈനികവിഭാഗങ്ങള്‍ വിവിധ രാജ്യങ്ങള്‍ അധീനപ്പെടുത്തി കിഴക്കോട്ടും പടിഞ്ഞാറോട്ടും മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. നിര്‍മാണാത്മകമായ ഒരു പ്രത്യയശാസ്‌ത്രം വഹിച്ചും സ്‌നേഹപൂര്‍ണമായ പരിഷ്‌കരണ നടപടികള്‍ അവരുടെ നേരെ നീട്ടിയും, മനുഷ്യന്റെ അടിമത്തത്തില്‍ നിന്നു ജനങ്ങളെ വിമോചിപ്പിക്കുന്ന നിയമങ്ങള്‍ അവരില്‍ പ്രചരിപ്പിച്ചും പങ്കാളികളില്ലാത്ത ഏകഇലാഹിനു മാത്രമാണ്‌ അധികാര-രക്ഷാകര്‍തൃത്വമെന്ന്‌ ഉത്‌ബോധിപ്പിച്ചുമായിരുന്നു ജൈത്രയാത്ര. ഖുറാസാന്‍ ഭരണാധികാരി, സിജിസ്‌താന്‍ കീഴടക്കിയ വ്യക്തി, ശക്തനായ പടനായകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന മഹാനായ സ്വഹാബി റബീഉബ്‌നു സിയാദില്‍ ഹാരിസിയാണ്‌ സൈന്യത്തിനു നേതൃത്വംനല്‌കി പ്രയാണമാരംഭിച്ചിരിക്കുന്നത്‌. ധീരനായ പടയാളി ഫര്‍റൂഖും കൂടെയുണ്ട്‌. സിജിസ്‌താന്‍ തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കിയ അദ്ദേഹം ഒരു ദൃഢനിശ്ചയം ചെയ്‌തു. സൈഹൂന്‍ നദി മുറിച്ചുകടന്നു മാവറാഅന്നഹ്‌റ്‌ എന്ന പേരിലറിയപ്പെടുന്ന രാജ്യത്ത്‌ ഉച്ചിയില്‍ തൗഹീദിന്റെ വെന്നിക്കൊടി പറത്തിയശേഷമേ തന്റെ സംഭവബഹുലമായ ജീവിതത്തിന്‌ അന്ത്യമുണ്ടാകാവൂ എന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. റബീഅ്‌ബിന്‍ സിയാദ്‌ നിശ്ചിതയുദ്ധത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും വേണ്ട മുന്‍കരുതലുകളെല്ലാം ചെയ്യുകയും ചെയ്‌തതിന്‌ ശേഷം അതിനുവേണ്ടി സമയവും സ്ഥലവും നിര്‍ണയിക്കുകയും ചെയ്‌തു. ചരിത്രം തങ്കലിപികളാല്‍ രേഖപ്പെടുത്തിയ, ആവേശത്തോടെ സ്‌മരിക്കുന്ന പ്രസ്‌തുത യുദ്ധത്തില്‍ റബീഉം തന്റെ സൈന്യവും വിവിധ പരീക്ഷണങ്ങള്‍ക്ക്‌ വിധേയരായി. തന്റെ അടിമയായ ഫര്‍റൂഖ്‌ എന്ന ചെറുപ്പക്കാരന്‍ യുദ്ധരംഗത്ത്‌ പ്രകടിപ്പിച്ച അനന്യ സാധാരണമായ ധീരതയും നെഞ്ചൂക്കും കടന്നുകയറ്റവും സേനാനായകനായ റബീഇന്‌ ഭയങ്കര മതിപ്പുളവാക്കുകയും തന്മൂലം അവനെ സര്‍വവിധേനയും ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്‌തു. മുസ്‌ലിംകള്‍ക്ക്‌ ശക്തമായ വിജയത്തോടെയാണ്‌ യുദ്ധം അവസാനിച്ചത്‌. ശത്രുക്കളെ ശിഥിലമാക്കുകയും അവരുടെ ശക്തി ക്ഷയിപ്പിക്കുകയും മുന്നണിപ്പോരാളികളെ വിറകൊള്ളിക്കുകയും ചെയ്‌തു പ്രസ്‌തുത യുദ്ധം. അനന്തരം തുര്‍ക്കിയിലേക്കു പ്രവേശിക്കുന്നതിന്‌ തടസ്സമായി നിന്നിരുന്ന സൈഹൂന്‍ നദി അവര്‍ മുറിച്ചുകടന്നു. ചൈനയിലേക്കും സഗദ്‌ രാഷ്‌ട്രത്തിലേക്കും പ്രവേശിക്കുന്നതിനുള്ള തടസ്സവും ആ നദിയായിരുന്നു. മഹാനായ ആ പടയാളി നദി മുറിച്ചുകടന്നു അക്കരെ കാലുകുത്തിയ ഉടന്‍ അദ്ദേഹവും സൈന്യവും വുദ്വൂവെടുത്ത്‌ ഖിബ്‌ലക്ക്‌ തിരിഞ്ഞു നന്ദി സൂചകമായി രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിച്ചു. സ്‌തുത്യര്‍ഹമായ സേനവത്തിന്‌ തന്റെ ഭൃത്യന്‍ ഫര്‍റൂഖിന്‌ പാരിതോഷികം നല്‌കുകയും അവനെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കുകയും ചെയ്‌തു. മാത്രമല്ല കൂമ്പാരമായി കുന്നുകൂടിയ സമരാര്‍ജിത സമ്പത്തില്‍ നിന്ന്‌ അവന്റെ ഓഹരിയും സൈനിക നായകന്റെ വകയായി പ്രത്യേക വിഭാഗവും അവന്‌ നല്‌കി. റബീഉബിന്‍ സിയാദ്‌ പിന്നീട്‌ അധിക കാലം ജീവിച്ചില്ല. തന്റെ മഹത്തായ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച്‌ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹം സംതൃപ്‌തനായി തന്റെ റബ്ബിങ്കലേക്ക്‌ യാത്രയായി. ധീരനും ശൂരനുമായ ചെറുപ്പക്കാരന്‍ ഫര്‍റൂഖ്‌ തനിക്കു ലഭിച്ച വമ്പിച്ച ഗനീമത്തും സേനാനായകന്‍ നല്‌കിയ പാരിതോഷികങ്ങളുമായി മദീനയിലേക്കു മടങ്ങി. ഇതിന്റെ കൂടെ തനിക്ക്‌ ലഭിച്ച അമൂല്യമായ സ്വാതന്ത്ര്യവും മധുരിക്കുന്ന ഓര്‍മകളും ഫര്‍റൂഖിനു മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. ധീരതയും ശൂരതയും മേളിച്ച ചുറുചുറുക്കുള്ള യൗവനം കത്തിനില്‌ക്കുന്ന ഫര്‍റൂഖ്‌ മദീനയില്‍ തിരിച്ചെത്തുമ്പോള്‍ മുപ്പതിലേക്കു കാലെടുത്തുവെക്കുകയായിരുന്നു. തനിക്കു താമസിക്കാന്‍ ഒരു വീടും അനുയോജ്യയായ ഒരു വധുവിനെയും സ്വന്തമാക്കുകയെന്നത്‌ അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അങ്ങനെ മദീനയിലെ വീടുകള്‍ക്കു മധ്യേ ഒരു വീട്‌ വിലക്കു വാങ്ങി. ബുദ്ധിമതിയായ സ്വഭാവവൈശിഷ്‌ട്യവും ദീനിനിഷ്‌ഠയുമുള്ള ഏതാണ്ട്‌ തന്റെ പ്രായത്തോടടുത്ത ഒരു സ്‌ത്രീയെ അദ്ദേഹം വധുവായി തെരഞ്ഞെടുക്കുകയും ചെയ്‌തു. അല്ലാഹു കനിഞ്ഞേകിയ ഭവനം ഫര്‍റൂഖിനു സുഖജീവിതം പ്രദാനം ചെയ്‌തു. ഭാര്യയുമൊത്തുള്ള ജീവിതം താന്‍ പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്‌തതിനപ്പുറം ആനന്ദവും സന്തോഷവും നല്‌കി. എല്ലാം ഒത്തിണങ്ങിയ സമൃദ്ധമായ വീടും സ്‌നേഹസമ്പന്നയും നല്ലവളുമായ ഭാര്യയുടെ സഹവാസവുമൊന്നും, പോര്‍ക്കളത്തില്‍ അടരാടുന്ന ഒരു മുസ്‌ലിം യോദ്ധാവിന്റെ സൈനിക നീക്കമെന്ന ആഗ്രഹത്തെ അതിജീവിക്കാന്‍ പര്യാപ്‌തമായിരുന്നില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിനുള്ള താല്‌പര്യവും പടക്കളത്തിലെ ഏറ്റമുട്ടലുകളുടെ ശബ്‌ദവും അദ്ദേഹത്തിന്റെ ആഗ്രഹം വര്‍ധിപ്പിച്ചു. യുദ്ധമുഖത്തു നിന്ന്‌ സൈനിക വിജയങ്ങളുടെ വാര്‍ത്ത മദീനയില്‍ എത്തുമ്പോള്‍ ജിഹാദി അഭിനിവേശവും രക്തസാക്ഷിത്വത്തിനുള്ള ആഗ്രഹവും ഉത്തരോത്തരം വര്‍ധിച്ചുവന്നു. ഒരു വെള്ളിയാഴ്‌ച. മസ്‌ജിദുന്നബവിയിലെ ഖത്തീബ്‌, അധികമേഖലകളിലും ഇസ്‌ലാമിക സൈന്യം നേടിക്കൊണ്ടിരിക്കുന്ന നിര്‍ണായക വിജയങ്ങളെക്കുറിച്ചുള്ള സന്തോഷവാര്‍ത്തകള്‍ പറഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദിന്നിറങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ആ ഖുതുബ ഫര്‍റൂഖും ശ്രവിച്ചിരുന്നു. തന്റെ മതത്തിന്റെ അന്തസ്സ്‌ കാത്തുസൂക്ഷിക്കാനും രക്തസാക്ഷിത്വം വഹിക്കാനും അതിലൂടെ നാഥന്റെ സംതൃപ്‌തി കരസ്ഥമാക്കാനും ഖതീബ്‌ ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഒരു പതാകയ്‌ക്കു കീഴില്‍ സൈനിക മേഖലയിലേക്കു പുറപ്പെടണമെന്ന ദൃഢനിശ്ചയവുമായാണ്‌ ഫര്‍റൂഖ്‌ വീട്ടില്‍ മടങ്ങിയെത്തിയത്‌. തന്റെ തീരുമാനം ഭാര്യയെ അറിയിക്കുകയും ചെയ്‌തു. ഭാര്യ ചോദിച്ചു: ``അബൂ അബ്‌ദിര്‍റഹ്‌മാന്‍, എന്നെയും ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിനെയും ആരെ ഏല്‌പിച്ചാണ്‌ നിങ്ങള്‍ പോകാനൊരുങ്ങുന്നത്‌? നിങ്ങളാണെങ്കില്‍ മദീനയില്‍ വന്നു താമസമാക്കിയ ആളുമാണ്‌. ഇവിടെ നിങ്ങള്‍ക്ക്‌ കുടുംബമോ ബന്ധുമിത്രാദികളോ ആരുമില്ല.'' അദ്ദേഹം പറഞ്ഞു: ``നിന്നെ ഞാന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഏല്‌പിക്കുന്നു. അതിനു പുറമെ മുപ്പതിനായിരം ദീനാര്‍ നിനക്കു വേണ്ടി ഞാന്‍ കരുതിവെച്ചിട്ടുണ്ട്‌. യുദ്ധമേഖലയില്‍ നിന്ന്‌ സമ്പാദിച്ചതാണിതെല്ലാം. നീ അവനെ നോക്കി വളര്‍ത്തുക. മാന്യമായ രീതിയില്‍ നിനക്കും കുഞ്ഞിനും വേണ്ടി ചെലവഴിക്കുക. ഒരുപക്ഷെ ഞാന്‍ സമരാര്‍ജിത സമ്പത്തുമായി സുരക്ഷിതനായി മടങ്ങിവരാം. അല്ലെങ്കില്‍ ഞാനാഗ്രഹിക്കുന്ന രക്തസാക്ഷ്യമെന്ന സൗഭാഗ്യം എനിക്ക്‌ ലഭിച്ചേക്കാം'' -അങ്ങനെ യാത്ര പറഞ്ഞു അദ്ദേഹം തന്റെ ലക്ഷ്യസ്ഥാനത്തേക്കു പുറപ്പെട്ടു. ഭര്‍ത്താവ്‌ പോയിക്കഴിഞ്ഞ്‌ ഏതാനും മാസം കഴിഞ്ഞപ്പോള്‍ മഹതി ഒരു കുഞ്ഞിനു ജന്മം നല്‌കി. മുഖകാന്തിയും ആകാരസൗന്ദര്യവും ഒത്തിണങ്ങിയ, ആരെയും ആകര്‍ഷിക്കുന്ന ഒരു ആണ്‍കുട്ടി. കുട്ടിയുടെ സാന്നിധ്യം പിതാവിന്റെ അസാന്നിധ്യം മറന്നുപോകുന്ന രീതിയിലുള്ള സന്തോഷം അവര്‍ക്ക്‌ നല്‌കി. കുട്ടിക്ക്‌ റബീഅ എന്ന പേരുവിളിച്ചു. ചെറുപ്പം മുതല്‍ തന്നെ കുട്ടിയില്‍ ബുദ്ധിസാമര്‍ഥ്യം പ്രകടമായിരുന്നു. വാക്കിലും പ്രവൃത്തിയിലും കാര്യബോധത്തിന്റെ അടയാളങ്ങള്‍ കാണാമായിരുന്നു. ഉമ്മ കുട്ടിയെ അധ്യാപകരെ ഏല്‌പിച്ചു. നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‌കാന്‍ അവര്‍ക്ക്‌ നിര്‍ദേശം നല്‌കി. സംസ്‌കാര സമ്പന്നരുടെ സമ്പര്‍ക്കത്തിലൂടെ നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനു പ്രോത്സാഹനം നല്‌കി. അധികം കഴിയുന്നതിനു മുമ്പെ അവന്‍ എഴുത്തും വായനയും സ്വായത്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. നബിതിരുമേനിക്കവതരിപ്പിക്കപ്പെട്ടത്‌ പോലെ ഖുര്‍ആന്‍ ഭംഗിയായി പാരായണം ചെയ്യാനും അവന്‍ പഠിച്ചു. കഴിയുന്നത്ര ഹദീസുകള്‍ പഠനവിധേയമാക്കി. അറബികളുടെ ഭാഷാശൈലിയിലും മറ്റു കാര്യങ്ങളിലും പ്രാഗത്ഭ്യം നേടി. റബീഅയുടെ ഉമ്മ അധ്യാപകര്‍ക്ക്‌ സമ്പത്തും സമ്മാനങ്ങളും വാരിക്കോരി നല്‌കി. അവന്റെ വൈജ്ഞാനിക നിലവാരമുയരുന്നതിനനുസരിച്ച്‌ അവരോടുള്ള ആദരവും അനുകമ്പയും വര്‍ധിച്ചുകൊണ്ടിരുന്നു. പിതാവിന്റെ മടങ്ങിവരവ്‌ അവര്‍ വളരെയധികം ആഗ്രഹിച്ചു. രണ്ടുപേര്‍ക്കും പൂര്‍ണസന്തോഷം നല്‌കുന്ന നിലയില്‍ കുട്ടിയെ വളര്‍ത്തുന്നതില്‍ ആ ഉമ്മ എല്ലാ നിലക്കും പരിശ്രമിച്ചു. നാടുവിട്ടുപോയി വളരെക്കാലം കഴിഞ്ഞിട്ടും പിതാവ്‌ മടങ്ങിവരാതായപ്പോള്‍ നാട്ടില്‍ പലവിധ അഭിപ്രായങ്ങളും പ്രചരിച്ചു. ശത്രുക്കളുടെ തടങ്കലില്‍പ്പെട്ടിരിക്കുമെന്ന്‌ ഒരു കൂട്ടര്‍ പറഞ്ഞപ്പോള്‍ ഒരു യുദ്ധമുഖത്തു നിന്ന്‌ മറ്റൊന്നിലേക്കു മാറി യുദ്ധമുഖത്ത്‌ തന്നെ നിലയുറപ്പിച്ചിരിക്കുമെന്നു വേറൊരു കൂട്ടര്‍. അദ്ദേഹം ആഗ്രഹിച്ച രക്തസാക്ഷിത്വം നേടിയിരിക്കുമെന്ന്‌ മൂന്നാമത്തെ കൂട്ടര്‍. മൂന്നാമത്തെ അഭിപ്രായത്തിനാണു റബീഅയുടെ ഉമ്മ മുന്‍ഗണന നല്‌കിയത്‌. കാരണം അത്രയും കാലമായിട്ടു യാതൊരു വിവരവും അദ്ദേഹത്തെക്കുറിച്ചില്ല. അവര്‍ വളരെയധികം ദു:ഖിച്ചെങ്കിലും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിക്കുന്ന സമാധാനത്തില്‍ കഴിഞ്ഞു. ഇപ്പോള്‍ റബീഅക്ക്‌ പ്രായപൂര്‍ത്തി ആവാറായി. പലരും ഉമ്മയെ ഉപദേശിച്ചു: അവനെപ്പോലെയുള്ള കുട്ടികള്‍ സ്വായത്തമാക്കിയതിനേക്കാള്‍ എഴുത്തും വായനയും അവന്‍ ആര്‍ജിച്ചുകഴിഞ്ഞിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇനി അവനെ വല്ല ജോലിയിലേക്കും തിരിച്ചുവിടുകയാണെങ്കില്‍ അതില്‍ അവന്‍ പ്രാഗത്ഭ്യം നേടുകയും നിങ്ങള്‍ക്കും അവനും ചെലവിനു ആവശ്യമുള്ളത്‌ അവന്‍ സമ്പാദിക്കുകയും ചെയ്യും. ഇഹ-പര ലോകത്ത്‌ അവന്‌ നന്മയുണ്ടാവുന്നത്‌ തെരഞ്ഞെടുക്കാന്‍ അവനെ സഹായിക്കണമെന്ന്‌ ഞാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. റബീഅ തനിക്കു വേണ്ടി തെരഞ്ഞെടുത്തത്‌ വിജ്ഞാനത്തിന്റെ വഴിയാണ്‌. വിദ്യാര്‍ഥിയും അധ്യാപകനുമായി ജീവിതകാലമത്രയും കഴിയണമെന്നാണ്‌ അവന്‍ തീരുമാനിച്ചത്‌. യാതൊരു വീഴ്‌ചയും വരുത്താതെ റബീഅ താന്‍ തെരഞ്ഞെടുത്ത വഴിയിലൂടെ മുന്നോട്ടുപോയി. മസ്‌ജിദുന്നബവിയെ ശബ്‌ദമുഖരിതമാക്കിയിരുന്ന വിജ്ഞാനക്ലാസുകളില്‍ പങ്കെടുത്തു; ദാഹാര്‍ത്തനായ ഒരാള്‍ ശുദ്ധജലത്തിന്നരികിലേക്കു പാഞ്ഞടുക്കുന്നതുപോലെ. ജീവിച്ചിരിക്കുന്ന പല സ്വഹാബിമാരെയും പിന്തുടര്‍ന്നു. അവരില്‍ പ്രമുഖന്‍ റസൂലിന്റെ(സ) പരിചാരകനായിരുന്ന അനസ്‌ബിന്‍ മാലിക്‌(റ) ആയിരുന്നു. ഒന്നാംനിരയിലുള്ള താബിഉകളില്‍ നിന്നു വേണ്ടത്ര കരസ്ഥമാക്കി. സഈദുബ്‌നുല്‍ മുസയ്യബ്‌, മക്‌ഹൂലുശ്ശാമി, സലമതുബിന്‍ ദീനാര്‍ തുടങ്ങിയവരാണ്‌ പ്രമുഖര്‍. രാപ്പകലില്ലാതെയുള്ള പരിശ്രമം ശരീരത്തെ വല്ലാതെ ക്ഷീണിപ്പിച്ചു. ഇതിനെക്കുറിച്ചു ഗുണദോഷിക്കുന്നവരോട്‌ അദ്ദേഹം പറഞ്ഞു: ``വിജ്ഞാനത്തില്‍ നിന്ന്‌ അല്‌പമെങ്കിലും നിനക്ക്‌ ലഭിക്കണമെങ്കില്‍ നിന്റെ ശരീരത്തെ പൂര്‍ണമായും നീ അതിനു നല്‌കിയേ പറ്റൂ എന്ന്‌ നമ്മുടെ ഗുരുനാഥന്‍മാര്‍ പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.'' അധികകാലം വേണ്ടിവന്നില്ല. റബീഅ നാട്ടിലാകെ പ്രശസ്‌തനായി. തന്റെ നക്ഷത്രം ഉദിച്ചുയര്‍ന്നു. സുഹൃത്തുക്കള്‍ വര്‍ധിച്ചു. ശിഷ്യന്മാര്‍ തന്നിലേക്ക്‌ ആകൃഷ്‌ടരായി. ജനം നേതാവായി അംഗീകരിച്ചു. അങ്ങനെ ജീവിതം ശാന്തവും സമാധാനപൂര്‍ണവുമായി. ദിവസത്തിന്റെ ഒരു ഭാഗം വീട്ടില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി നീക്കിവെച്ചു. മറ്റൊരു ഭാഗം മസ്‌ജിദുന്നബവിയിലെ വിജ്ഞാന സദസ്സുകള്‍ക്കായി മാറ്റിവെച്ചു. ഇങ്ങനെ ജീവിതം മുന്നോട്ടുപോകുന്നതിന്നിടയില്‍ അവിചാരിതമായി അത്‌ സംഭവിച്ചു. ചന്ദ്രന്‍ പ്രകാശം പരത്തി നില്‌ക്കുന്ന ഒരു രാത്രി അറുപത്‌ വയസ്സ്‌ പിന്നിട്ട ഒരു യോദ്ധാവ്‌ മദീന മുനവ്വറയില്‍ എത്തിച്ചേര്‍ന്നു. തന്റെ സവാരികുതിരയുടെ പുറത്തുകയറി വീടന്വേഷിച്ച്‌ അയാള്‍ നടന്നു. തന്റെ വീട്‌ പഴയതുപോലെ യഥാസ്ഥാനത്ത്‌ സ്ഥിതിചെയ്യുന്നുണ്ടോ അല്ലെങ്കില്‍ കാലപ്പഴക്കത്താല്‍ നശിച്ചുപോയോ എന്നൊന്നും അയാള്‍ക്കറിയില്ല. മുപ്പത്‌ വര്‍ഷത്തിലധികമായി ഈ നാട്‌ വിട്ടുപോയിട്ട്‌. താന്‍ പോകുമ്പോള്‍ തനിച്ചാക്കിവിട്ട യുവതിയായ തന്റെ ഭാര്യയുടെ അവസ്ഥ എന്തായിരിക്കും. താന്‍ പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ആ കുഞ്ഞിനു ജന്മം നല്‌കിയോ? എങ്കില്‍ കുഞ്ഞ്‌ ആണോ പെണ്ണോ? ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടാകുമോ? അല്ലെങ്കില്‍ മരണപ്പെട്ടുപോയിട്ടുണ്ടാകുമോ? ജീവിച്ചിരിക്കുമെങ്കില്‍ ഇപ്പോഴത്തെ അവസ്ഥയെന്തായിരിക്കും തുടങ്ങിയ നൂറുകൂട്ടം ചോദ്യങ്ങള്‍ അയാള്‍ തന്നോട്‌ തന്നെ ചോദിച്ചു. ബുഖാറ, സമര്‍ഖന്ദ്‌ തുടങ്ങിയ രാജ്യങ്ങളിലേക്ക്‌ തിരിച്ച ഇസ്‌ലാമിക സൈന്യത്തോടൊപ്പം യോദ്ധാവായി പുറപ്പെടുന്ന സമയത്ത്‌ ഭാര്യയുടെ കൈവശം ഏല്‌പിച്ച വമ്പിച്ച സമ്പത്തിനെ കുറിച്ച്‌ അദ്ദേഹം ആലോചിച്ചു. മദീനയിലെ ഇടവഴികളും റോഡുകളും സഞ്ചാരികളെ കൊണ്ട്‌ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. ജനങ്ങള്‍ ഇശാനമസ്‌കാരം കഴിഞ്ഞ്‌ ഇപ്പോള്‍ പുറത്തിറങ്ങിയതേയുള്ളൂ. പക്ഷേ, അരികിലൂടെ നടന്നുപോയ ആരും ഈ വൃദ്ധയോദ്ധാവിനെ അറിയുന്നില്ല. ആരും തന്നെ ശ്രദ്ധിക്കുന്നുമില്ല. തന്റെ കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വാളിലേക്കോ തന്റെ മേത്തരം കുതിരയിലേക്കോ ആരും തിരിഞ്ഞു നോക്കുന്നുമില്ല. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനു പുറപ്പെടുന്നവരെയും മടങ്ങിവരുന്നവരെയുമെല്ലാം മുസ്‌ലിംനാടുകളിലെ നിവാസികള്‍ തിരിച്ചറിയാറുണ്ട്‌. ഇവിടെ നേരെ മറിച്ചാണ്‌ സംഭവങ്ങള്‍. അത്‌ യോദ്ധാവിന്റെ ദു:ഖങ്ങള്‍ അണപൊട്ടി ഒഴുകാനും സന്ദേഹങ്ങള്‍ വര്‍ധിക്കാനും കാരണമായിത്തീര്‍ന്നു. ഇത്തരം ചിന്തകളില്‍ മുഴുകി ധാരാളം മാറ്റങ്ങള്‍ക്ക്‌ വിധേയമായ ഇടവഴിയിലൂടെ നടന്നു നീങ്ങുന്നതിനിടയില്‍ പെട്ടെന്ന്‌ തന്റെ വീടിനു മുമ്പില്‍ എത്തിപ്പെട്ടതായി അദ്ദേഹത്തിനു തോന്നി. മുമ്പില്‍ വാതില്‍ കണ്ടു. സന്തോഷാധിക്യത്താല്‍ ആരോടും ചോദിക്കാന്‍ കാത്തുനില്‌ക്കാതെ ധൃതിയില്‍ അകത്തുകടന്ന്‌ നടുത്തളത്തില്‍ എത്തി. വാതിലിന്റെ കിറുകിറു ശബ്‌ദം കേട്ടു വീട്ടുടമസ്ഥന്‍ മുകളില്‍ നിന്ന്‌ എത്തിനോക്കി. വാള്‍ ധരിച്ചു കുന്തം കഴുത്തില്‍ തൂക്കി ആയുധ ധാരിയായ ഒരാള്‍ രാത്രിയില്‍ വീട്ടിലേക്ക്‌ തള്ളിക്കയറുന്നത്‌ നിലാവില്‍ അദ്ദേഹം കണ്ടു. അപരിചിതനായ മനുഷ്യന്റെ ദൃഷ്‌ടിയില്‍ നിന്നു വളരെ അകലെയല്ലാതെ അയാളുടെ ചെറുപ്പക്കാരിയായ ഭാര്യ നില്‌ക്കുന്നുണ്ടായിരുന്നു. കോപാകുലനായ അയാള്‍ താഴത്തേക്ക്‌ ഓടി ഇറങ്ങിവന്നു പറഞ്ഞു: ``അല്ലാഹുവിന്റെ ശത്രു! രാത്രിയുടെ മറവില്‍ പതുങ്ങി നീ എന്റെ വീട്ടിലേക്ക്‌ അതിക്രമിച്ചു കയറുന്നോ? എന്റെ ഭാര്യയെ കയ്യേറ്റം ചെയ്യുന്നോ?'' -ക്രുദ്ധനായ സിംഹം തന്റെ ഇരയുടെ മേല്‍ ചാടിവീഴുന്നതു പോലെ സംസാരിക്കാന്‍ അവസരം ലഭിക്കുന്നതിനു മുമ്പെ അയാളുടെ മീതെ ചാടിവീണു. രണ്ടുപേരും പരസ്‌പരം കയ്യേറ്റം നടത്തി. വാളുകള്‍ മിന്നി പ്രകാശിച്ചു. ശബ്‌ദമുയര്‍ന്നു. ചുറ്റുഭാഗത്തുള്ള അയല്‍വാസികള്‍ അങ്ങോട്ട്‌ പ്രവഹിച്ചു. അപരിചിതനായ അയാളെ അവരെല്ലാം ചേര്‍ന്ന്‌ ചങ്ങലയില്‍ ബന്ധിച്ചു. എല്ലാവരും വീട്ടുകാരെ സഹായിച്ചു. വീട്ടുകാര്‍ അയാളെ ബന്ധനസ്ഥനാക്കി കഴുത്തിന്‌ പിടിച്ചു പറഞ്ഞു: ``അല്ലാഹുവിന്റെ ശത്രു! നിന്നെ ഞാന്‍ വെറുതെ വിടുന്ന പ്രശ്‌നമില്ല. നിന്നെ ഞാന്‍ അധികാരിയുടെ മുമ്പില്‍ ഹാജരാക്കും.'' അപ്പോള്‍ അയാള്‍ ദയനീയസ്വരത്തില്‍ പറഞ്ഞു: ``ഞാന്‍ അല്ലാഹുവിന്റെ ശത്രുവല്ല. ഒരു തെറ്റും ഞാന്‍ ചെയ്‌തിട്ടുമില്ല. ഇതെന്റെ വീടാണ്‌. ഇപ്പോഴും എന്റെ കൈവശവുമാണ്‌. വാതില്‍ തുറന്നുകിടക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ അകത്ത്‌ കയറി. അത്രമാത്രം.'' പിന്നെ ജനങ്ങളുടെ നേരെ തിരിഞ്ഞു അദ്ദേഹം പറഞ്ഞു: ``ജനങ്ങളേ, ഞാന്‍ പറയുന്നത്‌ കേള്‍ക്കൂ. ഇതെന്റെ വീടാണ്‌. ഞാന്‍ വില കൊടുത്തുവാങ്ങിയതാണ്‌. ജനങ്ങളെ ഞാന്‍ ഫര്‍റൂഖാണ്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നതിനായി മുപ്പത്‌ വര്‍ഷം മുമ്പ്‌ ഇറങ്ങിത്തിരിച്ച ഫര്‍റൂഖിനെ അറിയുന്ന ഒരു അയല്‍വാസിയും ഇന്നില്ലേ?'' ഉറങ്ങിക്കിടന്നിരുന്ന വീട്ടുകാരി ഈ ശബ്‌ദകോലാഹലങ്ങളെല്ലാം കേട്ടുണര്‍ന്നു. ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ എല്ലാവരാലും വലയംചെയ്യപ്പെട്ടിരിക്കുന്ന തന്റെ പ്രിയ ഭര്‍ത്താവിനെയാണ്‌ അവള്‍ കണ്ടത്‌. അമ്പരപ്പ്‌ കൊണ്ട്‌ ആദ്യം ഒന്നും പറയാന്‍ കഴിഞ്ഞില്ലെങ്കിലും ധൈര്യം സംഭരിച്ച്‌ അവര്‍ പറഞ്ഞു: ``അദ്ദേഹത്തെ വിടൂ! റബീഅ്‌ അദ്ദേഹത്തെ വിട്ടേക്കൂ!! ജനങ്ങളേ, നിങ്ങളെല്ലാം പിരിഞ്ഞുപോയ്‌ക്കോളൂ. പടച്ചവന്‍ നിങ്ങളെയൊക്കെ അനുഗ്രഹിക്കട്ടെ.'' ``അബൂ അബ്‌ദുര്‍റഹ്‌മാന്‍! സൂക്ഷിക്കുക. നിങ്ങള്‍ക്കു തടസ്സമുണ്ടാക്കിയത്‌ നിങ്ങളുടെ മകനും കരളിന്റെ കഷ്‌ണവുമാണ്‌.'' അവരുടെ വാക്കുകള്‍ മുഴുമിക്കും മുമ്പേ ഫര്‍റൂഖ്‌ മകന്റെ അടുത്തേക്ക്‌ നീങ്ങി അവനെ കെട്ടിപ്പിടിച്ച്‌ ആലിംഗനം ചെയ്‌തു. റബീഅ പിതാവിനെയും കെട്ടിപ്പിടിച്ച്‌ കൈയിലും നെറ്റിയിലും മുഖത്തും മാറിമാറി ചുംബിക്കുകയും ചെയ്‌തു. ജനം പിരിഞ്ഞുപോയി. ഏതാണ്ട്‌ മുപ്പത്‌ വര്‍ഷക്കാലം യാതൊരു വിവരവുമില്ലാതിരുന്ന, ഇനിയൊരിക്കലും ഇഹലോകത്തുവെച്ച്‌ തന്റെ പ്രിയതമനെ കാണാന്‍ കഴിയുകയില്ലെന്ന്‌ വിചാരിച്ചിരുന്ന വ്യക്തിയെ വിചാരിക്കാതെ കണ്ടപ്പോള്‍ അവര്‍ പെട്ടെന്ന്‌ താഴെ ഇറങ്ങിവന്ന്‌ സലാം ചൊല്ലി. രണ്ടുപേരും അടുത്തിരുന്ന്‌ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാന്‍ തുടങ്ങി. വിവരങ്ങള്‍ അറിയിക്കാന്‍ കഴിയാത്തതിനെ കുറിച്ചു വിശദീകരിച്ചു. അയാള്‍ പറയുന്നതൊന്നും കേള്‍ക്കാതെ ഭാര്യയുടെ മനസ്സ്‌ എവിടെയോ വിഹരിക്കുകയായിരുന്നു. ഭര്‍ത്താവ്‌ തിരിച്ചുവന്നതും മകനുമായി കണ്ടുമുട്ടിയതുമായ സന്തോഷങ്ങളെല്ലാം ഒരു നിമിഷംകൊണ്ട്‌ മാറിമറഞ്ഞു. ഭര്‍ത്താവ്‌ തന്നെ ഏല്‌പിച്ച ഭീമമായ സംഖ്യ മുഴുവന്‍ ചെലവഴിച്ചുപോയതും അതിനെക്കുറിച്ച്‌ കേള്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ ദേഷ്യത്തെ കുറിച്ചുമായിരുന്നു അവര്‍ ചിന്തിച്ചുകൊണ്ടിരുന്നത്‌. അവര്‍ സ്വയം ചോദിച്ചുകൊണ്ടിരുന്നു: എന്റെ കൈവശം അമാനത്തായി ഏല്‌പിച്ച ഭീമമായ സംഖ്യയെ കുറിച്ച്‌ ചോദിച്ചാല്‍ എന്താകും അവസ്ഥ? മാന്യമായ രീതിയില്‍ ചെലവഴിക്കാനാണ്‌ നിര്‍ദേശിച്ചിരുന്നത്‌. അതില്‍ ഒരു സംഖ്യപോലും ബാക്കിയില്ലെന്ന്‌ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? മകന്റെ വിദ്യാഭ്യാസത്തിനും ശിക്ഷണത്തിനുമാണ്‌ അവയത്രയും ചെലവഴിച്ചതെന്ന്‌ പറഞ്ഞാല്‍ അദ്ദേഹം സംതൃപ്‌തനാകുമോ? ഒരു കുട്ടിയുടെ ചെലവ്‌ മുപ്പതിനായിരം ദീനാര്‍ വരുമോ? മഴ വര്‍ഷിക്കുന്ന മേഘത്തേക്കാള്‍ ഉദാരമാണ്‌ തന്റെ മകന്റെ കൈ എന്നു പറഞ്ഞാല്‍ അദ്ദേഹം വിശ്വസിക്കുമോ? ഒരു ദീനാറോ ദിര്‍ഹമോ അവന്‍ ബാക്കിയാക്കാറില്ലെന്ന്‌ പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ? നിര്‍ധനരായ ആയിരക്കണക്കിനു സുഹൃത്തുക്കള്‍ക്ക്‌ അവന്‍ ചെലവഴിക്കാറുണ്ടെന്ന്‌ മദീനക്കാര്‍ക്കു മുഴുവനുമറിയാം. ഇത്യാദി ചിന്തകളില്‍ മുഴുകിയിരിക്കെ അയാള്‍ ഭാര്യയുടെ നേരെ തിരിഞ്ഞുപറഞ്ഞു: ``ഉമ്മു റബീഅ! ഞാന്‍ നാലായിരം ദീനാര്‍ കൂടി കൊണ്ടുവന്നിട്ടുണ്ട്‌. ഞാന്‍ നിന്റെ അരികെ സൂക്ഷിച്ചിരുന്ന ധനമെവിടെ? ഇതുകൂടി അതോടൊപ്പം ചേര്‍ക്കാം. എന്നിട്ട്‌ ഒരു തോട്ടമോ ജീവിക്കാന്‍ വരുമാനം ലഭിക്കുന്ന ഒരു പറമ്പോ മറ്റോ വാങ്ങാം.'' ഭാര്യ ഇതൊന്നും ശ്രദ്ധക്കുകയോ മറുപടി പറയുകയോ ചെയ്‌തില്ല. അയാള്‍ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു: ``എവിടെ ആ ധനം? ഇതും അതുമായി ചേര്‍ത്ത്‌ നമുക്കു എണ്ണി തിട്ടപ്പെടുത്താമല്ലോ?'' അവള്‍ പറഞ്ഞു: ``സൂക്ഷിക്കേണ്ട സ്ഥലത്ത്‌ ഞാനത്‌ സൂക്ഷിച്ചിട്ടുണ്ട്‌. ഇന്‍ശാഅല്ലാഹാ... ഏതാനും ദിവസങ്ങള്‍ക്കകം ഞാനത്‌ പുറത്തെടുക്കാം.'' ബാങ്ക്‌ വിളിക്കുന്ന ശബ്‌ദം കേട്ടപ്പോള്‍ രണ്ടുപേരും സംസാരം അവസാനിപ്പിച്ചു. ഫര്‍റൂഖ്‌ അംഗശുദ്ധി വരുത്തി വാതിലിന്നരികിലേക്കു ധൃതിയില്‍ നടക്കുന്നതിനിടെ ചോദിച്ചു: `റബീഅ എവിടെ?' ``ഒന്നാംബാങ്ക്‌ വിളിച്ച ഉടനെ നിങ്ങള്‍ക്കു മുമ്പെ റബീഅ പള്ളിയിലേക്കു പോയിക്കഴിഞ്ഞു. നിങ്ങള്‍ക്ക്‌ ജമാഅത്ത്‌ കിട്ടുമെന്ന്‌ തോന്നുന്നില്ല.'' ഫര്‍റൂഖ്‌ പള്ളിയിലെത്തിയപ്പോള്‍ അല്‌പം മുമ്പ്‌ ജമാഅത്ത്‌ കഴിഞ്ഞതായി മനസ്സിലായി. ഉടന്‍ ഫര്‍ദ്വ്‌ നമസ്‌കാരം നിര്‍വഹിച്ച്‌ തിരുനബി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തേക്കു നീങ്ങി നബി(സ)ക്ക്‌ സലാം ചൊല്ലി. പിന്നീട്‌ റസൂലിന്റെ(സ) ഖബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള റൗദ്വയിലേക്ക്‌ മടങ്ങിവന്നു. അവിടെ കുറേ നേരം ചെലവഴിക്കണമെന്ന ആഗ്രഹവും അവിടെ വെച്ച്‌ നമസ്‌കരിക്കാനുള്ള ആശയും മനസ്സ്‌ നിറയെ ഉണ്ടായിരുന്നു. പ്രശോഭനമായ ആ ഭാഗത്ത്‌ ഒരു സ്ഥലം തെരഞ്ഞെടുത്തു സംതൃപ്‌തി വരുന്നതുവരെ സുന്നത്ത്‌ നമസ്‌കാരത്തിലും പ്രാര്‍ഥനയിലുമായിക്കഴിഞ്ഞു. പള്ളിയില്‍ നിന്നു വിടവാങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ അതിന്റെ അകത്തളങ്ങള്‍ വിശാലമായിരുന്നിട്ടു കൂടി ഇല്‍മിന്റെ സദസ്സുകളെക്കൊണ്ട്‌ ഞെരുങ്ങുന്നതായി അദ്ദേഹം മനസ്സിലാക്കി. ഇതുപോലെ ഒരു അനുഭവം മുമ്പുണ്ടായിട്ടില്ല. കാല്‍വെക്കാന്‍ ഇടമില്ലാത്ത വിധം സദസ്സിലെ ശൈഖിനു ചുറ്റും ജനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി വട്ടമിട്ടിരിക്കുന്നത്‌ അദ്ദേഹം കണ്ടു. അദ്ദേഹം ചുറ്റും കണ്ണോടിച്ചു. പല്ലുപോയ ശിരോവസ്‌ത്ര ധാരികളായ ശൈഖുമാര്‍, ഉന്നതസ്ഥാനീയരെന്ന്‌ ഒറ്റനോട്ടത്തില്‍ തന്നെ തോന്നിപ്പോകുന്ന രൂപഭാവങ്ങളോടെയുള്ള വ്യക്തികള്‍, കാല്‍മുട്ടില്‍ പതിഞ്ഞിരിക്കുന്ന യുവാക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുമുണ്ട്‌ സദസ്സില്‍. മുത്തുകള്‍ പെറുക്കിയെടുക്കുന്നതുപോലെ അദ്ദേഹത്തിന്റെ മൊഴികള്‍ രേഖപ്പെത്തുന്നതിനു വേണ്ടി അവര്‍ പേനകള്‍ കൈയില്‍ പിടിച്ചിരിക്കുന്നു. എല്ലാം കടലാസില്‍ പകര്‍ത്തുന്നു. വളരെ നിശ്ശബ്‌ദരായി ശൈഖിലേക്ക്‌ നോക്കിയാണ്‌ അവരുടെ ഇരുപ്പ്‌. ശൈഖിന്റെ രൂപം വ്യക്തമായി കിട്ടുന്നതിന്‌ ഫര്‍റൂഖ്‌ വളരെയധികം ശ്രമിച്ചു. പക്ഷെ അകലം കാരണം അതിനു കഴിഞ്ഞില്ല. അത്ഭുതകരമായ ഓര്‍മശക്തിയും നിറഞ്ഞുതുളുമ്പുന്ന വിജ്ഞാനവും വിശദീകരണത്തിലെ സുതാര്യതയും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ശൈഖിന്റെ മുമ്പില്‍ ജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിനയം കണ്ടപ്പോള്‍ ഫര്‍റൂഖ്‌ അമ്പരന്നു. അല്‌പം കഴിഞ്ഞപ്പോള്‍ ശൈഖ്‌ ക്ലാസ്‌ അവസാനിപ്പിച്ച്‌ പോകാന്‍ എഴുന്നേറ്റു. അദ്ദേഹത്തിനു മുമ്പില്‍ തിങ്ങിക്കൂടിയ ജനങ്ങള്‍ അദ്ദേഹത്തെ വളഞ്ഞു. പള്ളിയുടെ പുറത്തേക്കിറങ്ങുന്ന ശൈഖിനെ യാത്രയയക്കാന്‍ അവര്‍ ആവേശം കാണിച്ചു. തന്റെ അരികിലിരിക്കുന്ന ആളുടെ നേരെ തിരിഞ്ഞു ഫര്‍റൂഖ്‌ ചോദിച്ചു: ``ആരാണീ ശൈഖ്‌?'' ``നിങ്ങള്‍ മദീനക്കാരനല്ലേ?'' -അത്ഭുതത്തോടെ അയാള്‍ ചോദിച്ചു. ``അതെ.'' ``ശൈഖിനെ പരിചയമില്ലാത്ത വ്യക്തികള്‍ മദീനയിലുണ്ടെന്നോ?'' -അയാള്‍ അത്ഭുതപ്പെട്ടു. ``ക്ഷമിക്കണം എനിക്കു പരിചയമില്ല. ഞാന്‍ മുപ്പത്‌ വര്‍ഷമായി മദീനയില്‍ നിന്നു വിട്ട്‌ അകലെ കഴിയുകയായിരുന്നു. ഇന്നലെയാണ്‌ മടങ്ങിവന്നത്‌'' -ഫര്‍റൂഖ്‌ വിശദീകരിച്ചു. ``എങ്കില്‍ കുഴപ്പമില്ല. അടുത്തിരിക്കൂ. ശൈഖിനെ കുറിച്ച്‌ ഞാന്‍ പറഞ്ഞുതരാം'' -എന്നിട്ട്‌ അയാള്‍ തുടര്‍ന്നു. ``നിങ്ങള്‍ ക്ലാസ്‌ ശ്രവിച്ച ശൈഖ്‌ താബിഈ പ്രമുഖനും മുസ്‌ലിംകളിലെ ഉന്നത വ്യക്തിയുമാണ്‌. മദീനയിലെ മുഹദ്ദിസും കര്‍മശാസ്‌ത്രപണ്ഡിതനും ഇമാമും അദ്ദേഹമാണ്‌. പ്രായം ചെറുപ്പമാണെങ്കിലും.'' ``മാശാ അല്ലാഹ്‌'' -ഫര്‍റുഖ്‌ പറഞ്ഞു. ``നിങ്ങള്‍ കണ്ടതു പോലെ അദ്ദേഹത്തിന്റെ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ മാലിക്‌ ബിന്‍ അനസ്‌, അബൂഹനീഫ, യഹ്‌യബ്‌നുസഈദില്‍ അന്‍സാരി, സുഫ്‌യാനുസ്സൗരി, അബ്‌ദുര്‍റഹ്‌മാന്‍ ബിന്‍ അംറില്‍ ഔസാഇ, ലൈസ്‌ബിന്‍സഅ്‌ദ്‌ തുടങ്ങിയ മഹത്തുക്കളാണ്‌'' -അയാള്‍ പറഞ്ഞു. ``ഇതിനൊക്കെ പുറമെ അദ്ദേഹം നേതാവും വിശിഷ്‌ട ഗുണങ്ങളുടെ ഉടമയും വിനയാന്വിതനും, ധര്‍മിഷ്‌ഠനുമാണ്‌. സുഹൃത്തുക്കള്‍ക്കു അദ്ദേഹത്തേക്കാള്‍ ധര്‍മിഷ്‌ഠനായ ഒരാളെ പരിചയമില്ല. അന്യരുടെ സമ്പത്തില്‍ തീരെ താല്‌പര്യമില്ലാതെയും അല്ലാഹുവില്‍ നിന്നുള്ളതിനെ മാത്രം ആഗ്രഹിച്ചുകൊണ്ടും ദാനം ചെയ്യുന്ന മറ്റൊരാളുമില്ല.'' ``എന്നിട്ടും നിങ്ങള്‍ പേരു പറഞ്ഞില്ല'' -ഫര്‍റൂഖ്‌. ``റബീഅതുര്‍റഅ്‌യ്‌ എന്നാണ്‌ പേര്‌'' -അയാള്‍ പറഞ്ഞു. ``റബീഅതുര്‍റഅ്‌യ്‌ എന്നോ?'' -ഫര്‍റൂഖ്‌ അത്ഭുതത്തോടെ ചോദിച്ചു. ``അതെ, പേര്‌ റബീഅ എന്നാണ്‌. മദീനയിലെ പണ്ഡിതന്മാരും ശൈഖുമാരും അങ്ങനെയാണ്‌ വിളിക്കുന്നത്‌. കാരണം വല്ല പ്രശ്‌നങ്ങളിലും വിശുദ്ധ ഖുര്‍ആനിലോ ഹദീസിലോ അവര്‍ ഖണ്ഡിതമായ രേഖ കണ്ടില്ലെങ്കില്‍ അദ്ദേഹത്തെയാണ്‌ അവലംബിക്കാറുള്ളത്‌. അദ്ദേഹം ഗവേഷണം നടത്തി പ്രശ്‌നങ്ങള്‍ പരസ്‌പരം തുലനം ചെയ്‌ത്‌ അതില്‍ വിധി പറയും. അത്‌ എല്ലാവരെയും തൃപ്‌തിപ്പെടുത്തുകയും ചെയ്യും.'' ``പക്ഷെ, നിങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബ ബന്ധങ്ങള്‍ പറഞ്ഞില്ല'' -ഫര്‍റൂഖ്‌ ശാന്തനായി പറഞ്ഞു. ``അബൂ അബ്‌ദിര്‍റഹ്‌മാന്‍ എന്ന്‌ വിളിപ്പേരുള്ള ഫര്‍റൂഖ്‌ എന്ന വ്യക്തിയുടെ പുത്രനാണ്‌ റബീഅ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യോദ്ധാവായി പിതാവ്‌ മദീന വിട്ടുപോയതിനു ശേഷമാണ്‌ അദ്ദേഹം ജനിക്കുന്നത്‌. അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും വളര്‍ച്ചയുമെല്ലാം ഉമ്മയുടെ സംരക്ഷണത്തിലായിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ ഉപ്പ മടങ്ങിവന്നതായി സുബ്‌ഹിനു മുമ്പ്‌ ജനങ്ങള്‍ പറയുന്നത്‌ ഞാന്‍ കേട്ടു. ആ സന്ദര്‍ഭത്തില്‍ ഫര്‍റൂഖിന്റെ കണ്ണില്‍ നിന്ന്‌ രണ്ടു വലിയ കണ്ണീര്‍ കണങ്ങള്‍ ഉതിര്‍ന്നുവീണു. ഫര്‍റൂഖ്‌ വളരെ വേഗം വീട്ടിലേക്ക്‌ നടന്നു. കണ്ണീര്‍ കണങ്ങള്‍ കണ്ടപ്പോള്‍ റബീഅയുടെ ഉമ്മ ചോദിച്ചു: ``അബൂറബീഅ: താങ്കള്‍ക്കെന്തുപറ്റി?'' ``നന്മയല്ലാതെ എനിക്കൊന്നും സംഭവിച്ചിട്ടില്ല.'' റബീഅ പറഞ്ഞു: ``മറ്റൊരാള്‍ക്കു കണ്ടിട്ടില്ലാത്ത മഹത്വവും മാന്യതയും വൈജ്ഞാനിക പദവിയുമാണ്‌ നമ്മുടെ മകന്‍ റബീഅക്ക്‌ ഞാന്‍ കണ്ടത്‌.'' സന്ദര്‍ഭം മുതലെടുത്തുകൊണ്ട്‌ ഉമ്മുറബീഅ ചോദിച്ചു: ``പറയൂ. നിങ്ങള്‍ക്ക്‌ ഏതാണ്‌ ഏറെ ഇഷ്‌ടം? മുപ്പതിനായിരം ദീനാറോ, അല്ലെങ്കില്‍ മകന്‍ നേടിയെടുത്ത ഈ മഹോന്നതപദവിയോ?'' ``അല്ലാഹുവാണ്‌ സത്യം! ഇതാണ്‌ എനിക്ക്‌ ഏറെ ഇഷ്‌ടം. ദുന്‍യാവിലെ സര്‍വ സമ്പത്തിനെക്കാളും ഇതാണ്‌ ഞാന്‍ തെരഞ്ഞെടുക്കുന്നത്‌'' -ഫര്‍റുഖ്‌ പറഞ്ഞു. ``നിങ്ങള്‍ എന്റെ കൈവശം ഏല്‌പിച്ചിരുന്നതെല്ലാം മകനു വേണ്ടിയാണ്‌ ഞാന്‍ ചെലവഴിച്ചത്‌. ഇപ്പോള്‍ നിങ്ങള്‍ക്ക്‌ സംതൃപ്‌തിയായോ?'' -ഉമ്മുറബീഅ. ``അതെ! നിനക്ക്‌ എല്ലാവിധ നന്മയും ലഭിക്കട്ടെ.'' ഫര്‍റൂഖിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts