വിവാഹവും തട്ടിപ്പിന്റെ മാര്‍ഗമോ?

`കളിയല്ല കല്യാണം' എന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. എന്നാല്‍ വര്‍ത്തമാനകാല സംഭവവികാസങ്ങളിലേക്ക്‌ കണ്ണോടിച്ചാല്‍ `തട്ടിപ്പല്ല കല്യാണം' എന്ന മൊഴിമാറ്റം ആവശ്യമാണെന്നു തോന്നുന്നു. നിത്യവും പ്രഭാതത്തില്‍ നമ്മുടെ മുന്നിലെത്തുന്ന വാര്‍ത്തകളില്‍ പ്രധാന ഇനമായി വിവാഹത്തട്ടിപ്പും അനുബന്ധ കഥകളും മാറിയിരിക്കുന്നു. തട്ടിപ്പു നടത്തുന്നതും തട്ടിപ്പിന്നു വിധേയരാകുന്നതും അധികവും മുസ്‌ലിംകളാണ്‌. മറ്റുള്ളവരുടെ പണം അവിഹിതമായി കൈക്കലാക്കാനുള്ള മാര്‍ഗമാണല്ലോ തട്ടിപ്പ്‌. വിവാഹമെങ്ങനെ തട്ടിപ്പുവീരന്മാര്‍ക്ക്‌ വിലസാനുള്ള രംഗമായി മാറി എന്നതും ചിന്താവിഷയമാണ്‌.

 യഥാര്‍ഥത്തില്‍ എന്താണ്‌ വിവാഹം? ലോകത്തുള്ള ജന്തുജാലങ്ങളില്‍ മനുഷ്യന്‍ വ്യതിരിക്തനാകുന്ന നിരവധി ഘടകങ്ങളുണ്ട്‌. അവയിലൊന്നാണ്‌ വിവാഹം. പ്രായപൂര്‍ത്തിയെത്തിയാല്‍ ഇണചേരുകയും പ്രത്യുല്‌പാദനം നടത്തുകയും ചെയ്യുക എന്നത്‌ ജന്തുക്കള്‍ക്ക്‌ അല്ലാഹു നല്‌കിയ പ്രകൃതിയാണ്‌. ഒരു ജീവിവര്‍ഗം എന്ന നിലയില്‍ മനുഷ്യനും ഇത്‌ ബാധകമാണ്‌. എന്നാല്‍ വിശേഷബുദ്ധിയുള്ള മനുഷ്യന്‍ ഈ രംഗത്ത്‌ ഏറെ വ്യതിരിക്തനാണ്‌. പ്രായപൂര്‍ത്തി എത്തുകയും കാര്യപ്രാപ്‌തി നേടുകയും ചെയ്‌താല്‍ സ്‌ത്രീപുരുഷന്മാര്‍ വിവാഹിതരാകുന്നു. അഥവാ ആജീവനാന്തം ഒരിണയെ തെരഞ്ഞെടുക്കുന്നു. പ്രജനനത്തിനുവേണ്ടി ഇണ ചേരുക എന്ന ജന്തുതൃഷ്‌ണയ്‌ക്കപ്പുറം മനുഷ്യന്‍ തന്റെ ഇണയോടൊത്ത്‌ ജീവിതം നയിക്കുകയാണ്‌; മരണംവരെ. ഈ തെരഞ്ഞെടുപ്പാണ്‌ വിവാഹം. ഈ `ഇണയെ കണ്ടെത്തല്‍' പ്രക്രിയ കുറ്റമറ്റ രീതിയില്‍ ഇസ്‌ലാം വരച്ചുവെച്ചിട്ടുണ്ട്‌. ഇത്‌ മനുഷ്യചരിത്രത്തിന്റെ ഭാഗമാണ്‌. വിശുദ്ധ ഖുര്‍ആന്‍ ഇക്കാര്യം ഉണര്‍ത്തുന്നു: ``മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്‌ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്‌ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്‌ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്‌തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവീന്‍'' (4:1).

ഇത്‌ മനുഷ്യ വര്‍ഗത്തിന്റെ പൊതുപ്രകൃതിയാണ്‌. ഓരോ വ്യക്തിയുടെയും വിവാഹജീവിതം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതാണ്‌'' (30:21). ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ അഥവാ വിവാഹം നടത്തുമ്പോള്‍ പുരുഷന്‍ തന്റെ കഴിവനുസരിച്ച്‌ വിവാഹമൂല്യം നല്‌കി ഇണയെ (ഭാര്യയെ) അവളുടെ രക്ഷിതാവില്‍ നിന്ന്‌ സ്വീകരിക്കുന്നു (4:4). സാമ്പത്തിക ബാധ്യതയും കുടുംബച്ചെലവും പുരുഷനില്‍ നിക്ഷിപ്‌തം. എന്നാല്‍ രണ്ടുപേരും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍പോലെ ജീവിക്കുക; ആ ജീവിതത്തിന്നിടയില്‍ മക്കള്‍, മാതാപിതാക്കള്‍, പേരമക്കള്‍, പിതാമഹന്‍മാര്‍ തുടങ്ങിയ ബന്ധങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു (16:72). വിവാഹം അതീവലളിതവും സുതാര്യവും ചെലവുകുറഞ്ഞതുമായ ഒരു നടപടിയായിട്ടാണ്‌ ഇസ്‌ലാം നിശ്ചയിച്ചത്‌. വിശുദ്ധമായ ഈ ബന്ധമെങ്ങനെ തട്ടിപ്പിന്റെ മാര്‍ഗമായി എന്ന്‌ ചിന്തിക്കേണ്ടതല്ലേ?

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌. എറണാകുളത്തുകാരനായ ജോണ്‍സന്‍ എന്ന യുവാവ്‌ ജമാല്‍ എന്ന മുസ്‌ലിം പേര്‌ സ്വീകരിച്ചുകൊണ്ട്‌ മുസ്‌ലിം കേന്ദ്രമായ മലപ്പുറം ജില്ലയില്‍ നിന്ന്‌ നിരവധി വിവാഹങ്ങള്‍ നടത്തി. തിരുവനന്തപുരം സ്വദേശി ഷറഫുദ്ദീന്‍ പത്രപരസ്യങ്ങള്‍ ദുരുപയോഗപ്പെടുത്തി അനവധി വിവാഹങ്ങള്‍ കഴിച്ചു. നിലമ്പൂര്‍ കരുളായി സ്വദേശി കരീം ഏഴു വിവാഹം കഴിച്ചു. തോന്നിയ പോലെ വിവാഹം ചെയ്യുക, പൊന്നും പണവും മാനവും കവര്‍ന്ന്‌ തടിതപ്പുക, അടുത്ത ഇരയെ തേടുക. ഇത്‌ പതിവാക്കിയവരുടെ ഏറ്റവും പുതിയ ചില പ്രതീകങ്ങള്‍ മാത്രമാണ്‌ ഇയ്യിടെ അറസ്റ്റ്‌ ചെയ്യപ്പെട്ട മേല്‍പറഞ്ഞവര്‍. ഇത്തരക്കാരുടെ ഈ `വിവാഹയാത്ര'യില്‍ സംഭവിക്കുന്നതെന്താണ്‌? നിരവധി പതിവ്രതകളുടെ സ്‌ത്രീത്വം അപഹരിക്കപ്പെടുന്നു. ഇരയായ സ്‌ത്രീകളും അവരുടെ കുടുംബങ്ങളും കണ്ണീരും ദുരിതവും മാനഹാനിയുമായി കഴിഞ്ഞുകൂടുന്നു. അതിന്നിടയില്‍ ജനിച്ച നിരപരാധികളായ കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥകളായി വളരുന്നു. തിരിച്ചറിവു നേടുമ്പോള്‍ തന്റെ പിതാവ്‌ ഒരു വിവാഹതട്ടിപ്പുകാരനായിരുന്നു എന്ന `സത്യം' തിരിച്ചറിയുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥ അചിന്ത്യമാണ്‌. ആ തലമുറ എങ്ങനെയാണ്‌ സമൂഹത്തിന്‌ ഗുണകരമായി വളര്‍ന്നുവരിക!

എല്ലാറ്റിനും പുറമെ മുസ്‌ലിം സമുദായം അവമതിക്കപ്പെടുന്നു. ലോകോത്തരനിയമം കയ്യില്‍വച്ചുകൊണ്ട്‌ ലോകത്തിനു മുന്നില്‍ പരിഹാസ്യരാവുന്നു! ഉദാത്തമായ വിവാഹ സമ്പ്രദായം തട്ടിപ്പുവീരന്മാര്‍ക്ക്‌ വിലസാനുള്ള വിഹാരരംഗമായി മാറിയതെന്തുകൊണ്ട്‌ എന്ന്‌ ചിന്തിക്കേണ്ടതാണ്‌. പണമുണ്ടാക്കാനുള്ള മാര്‍ഗമായി വിവാഹം അധപ്പതിച്ചു. ഭാരിച്ച തുക (ലക്ഷങ്ങള്‍) സ്‌ത്രീധനമായും അതിലേറെ തുകയ്‌ക്കുള്ള സ്വര്‍ണം ആഭരണ വകയിലും വരന്‍ വധൂപിതാവില്‍ നിന്ന്‌ കൈപ്പറ്റുന്നു; ഇത്‌ ഇസ്‌ലാമിന്റെ വഴിയല്ല. ഈ തലതിരിഞ്ഞ സമ്പ്രദായം സമുദായത്തിന്റെ `സംസ്‌കാരമായി' മാറിയപ്പോള്‍ പെണ്‍മക്കള്‍ ഭാരമായിത്തീര്‍ന്നു. എങ്ങനെയെങ്കിലും `കെട്ടിച്ചയക്കുക' എന്ന മിനിമം പരിപാടിയില്‍ രക്ഷിതാവ്‌ എല്ലാം മറക്കുന്നു. സാമാന്യം കുറഞ്ഞ `റെയ്‌റ്റിന്‌' കിട്ടുന്ന വരന്മാര്‍ക്ക്‌ മകളെ പിടിച്ചു കൊടുക്കുന്നു. `മൈസൂര്‍ വിവാഹവും അറബിക്കല്യാണവും' അരങ്ങുതകര്‍ത്തിരുന്നതും ഇപ്പോള്‍ തട്ടിപ്പുവീരന്മാര്‍ നിര്‍ബാധം വിലസുന്നതും ഈ ദൗര്‍ബല്യം ചൂഷണം ചെയ്‌തുകൊണ്ടാണ്‌. കൈനിറയെ പണവും പീഡനമെന്ന ആക്ഷേപമില്ലാതെ ലൈംഗികാസ്വാദനവും! ആര്‍ത്തിപൂണ്ട മനുഷ്യാധമന്മാര്‍ക്ക്‌ ഇതിലപ്പുറം എന്തുവേണം? സമുദായ നേതൃത്വത്തിനും മഹല്ലുകള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ പാതകത്തില്‍ പങ്കുണ്ട്‌. മതിയായ അന്വേഷണമില്ലാതെ, പണത്തിന്‌ രേഖകളില്ലാതെ നടത്തപ്പെടുന്ന ഏര്‍പ്പാട്‌ ഇസ്‌ലാമികമല്ലെന്ന്‌ മാത്രമല്ല, ഒരു നീതിശാസ്‌ത്രവും അംഗീകരിക്കുന്നതുമല്ല.

തട്ടിപ്പിന്‌ വിധേയരായവര്‍ അതു തുറന്നുപറയുന്നില്ല എന്നത്‌ തട്ടിപ്പ്‌ വ്യാപിക്കാനുള്ള കാരണങ്ങളിലൊന്നാണെന്ന്‌ മറക്കരുത്‌. മുസ്‌ലിം സമൂഹത്തില്‍ മാത്രമാണ്‌ ഈ തട്ടിപ്പുകളെല്ലാം എന്ന്‌ ഇപ്പറഞ്ഞതിന്നര്‍ഥമില്ല. എന്നാല്‍ മുസ്‌ലിംകള്‍ക്കിടയിലെ ജീര്‍ണതകളില്‍ നാം ഏറെ ആശങ്കപ്പെടുന്നതുകൊണ്ടാണ്‌ സമുദായത്തെ ഇത്‌ തെര്യപ്പെടുത്തുന്നത്‌. ഈ ദുരവസ്ഥയ്‌ക്ക്‌ എന്തുണ്ട്‌ പരിഹാരം എന്നുകൂടി ആലോചിക്കണമല്ലോ. വിവാഹം മഹത്തരമായ ഒരു ബന്ധമാണെന്നും അതിലൂടെ ഉത്തരവാദിത്തമാണ്‌ ഏറ്റെടുക്കേണ്ടത്‌ എന്നും ബോധവത്‌കരണം നടത്തുക എന്നാണ്‌ ഒന്നാമത്തെതും അതിപ്രധാനമായതുമായ പരിഹാരമാര്‍ഗം. സാമ്പത്തിക സ്രോതസ്സായി വിവാഹത്തെ കാണാതെ വിവാഹകര്‍മവും രീതിയും ഇസ്‌ലാമികമാക്കുക എന്നതാണ്‌ അടുത്തപടി. മക്കള്‍ ഭാരമല്ലെന്ന ബോധം രക്ഷിതാക്കള്‍ക്കുണ്ടാവണം. നിസ്സാഹായത ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ ഇല്ലാതാക്കാന്‍ പെണ്‍മക്കള്‍ക്ക്‌ ധൈര്യം പകരണം. വനിതാ സംഘടനകള്‍ക്കും സ്‌ത്രീ കൂട്ടായ്‌മകള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാകും. വനിതാസമ്മേളനങ്ങളില്‍ ഇത്തരം ബോധവത്‌കരണങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതാണ്‌. മഹല്ലുകമ്മിറ്റിയും `നിക്കാഹ്‌ നടത്തുന്ന' ഖാദിമാരും വേണ്ടത്ര അന്വേഷണം നടത്താന്‍ ശ്രമിച്ചാല്‍ തന്നെ ഒരു പരിധി വരെ തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കഴിയും. സമുദായത്തിന്റെ എല്ലാ തലങ്ങളിലും ജാഗ്രത പാലിക്കുന്നു എന്നറിഞ്ഞാല്‍ കള്ളനാണയങ്ങള്‍ ഏറെ വിലപ്പോവില്ല. തട്ടിപ്പു വീരന്മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരിക എന്നത്‌ പ്രശ്‌നം വ്യാപകമാകാതിരിക്കാന്‍ പര്യാപ്‌തമാണ്‌. മാനഹാനി ഭയന്ന്‌ ഇരകള്‍ മിണ്ടാതിരുന്നാല്‍ ഇരകളുടെ എണ്ണം കൂടുക മാത്രമായിരിക്കും ഫലം. തട്ടിപ്പിന്‌ വിധേയരായവര്‍ക്ക്‌ നിയമത്തിന്റെ കൈത്താങ്ങ്‌ ലഭിക്കാന്‍ പൗരസമിതികളും മതസംഘടനകളും അധികൃതരും ആത്മാര്‍ഥമായി ശ്രമിക്കേണ്ടതുണ്ട്‌. ഈ സാമൂഹിക തിന്മയില്‍ കൂട്ടുപ്രതി ആകാതിരിക്കാനെങ്കിലും നമുക്ക്‌ ബാധ്യതയുണ്ട്‌.

From ശബാബ് എഡിറ്റോരിയൽ 

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts