ലോകത്തിലെ ജനങ്ങള്‍ എല്ലാ അര്‍ഥത്തിലും വ്യത്യസ്തരും വൈവിധ്യമുള്ളവരുമാണ്. ജീവിത സാഹചര്യങ്ങളിലും സാമ്പത്തികാവസ്ഥയിലും ആരോഗ്യത്തിലുമെല്ലാം ഏറ്റക്കുറച്ചിലുകളുണ്ട്. എന്നിരിക്കെ, അവയൊന്നും അനീതിയോടെയല്ല വിന്യസിക്കപ്പെട്ടിരിക്കുന്നത് (10:44). ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും സൂക്ഷ്മാര്‍ഥത്തില്‍പോലും ഏറ്റക്കുറച്ചിലില്ലാതെ അല്ലാഹു നല്‍കിയ അമൂല്യ നിധിയാണ് സമയം. എല്ലാവര്‍ക്കും ഒരു ദിവസം 24 മണിക്കൂര്‍ മാത്രം. സമയം സക്രിയമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് പ്രസ്തുത സമയം ഏറെ മതിയായതാണെന്നതുകൊണ്ടാണ് ഒരു ദിനം 24 മണിക്കൂറായി ക്രമീകരിച്ചിരിക്കുന്നത്. ഈ വിശ്വാസം വഴി അല്ലാഹുവിന്റെ നിശ്ചയവും വ്യവസ്ഥയും പരിപൂര്‍ണമാണെന്ന് നമുക്ക് ബോധ്യപ്പെടും.
വര്‍ത്തമാനകാലത്തെ present എന്ന് പരിചയപ്പെടുത്തുന്നു. യഥാര്‍ഥത്തില്‍ ഓരോ നിമിഷങ്ങളും അവ ലഭ്യമാവുമ്പോള്‍ മാത്രമേ നമ്മുടെ ആയുസ്സിനോട് ചേരുന്നുള്ളൂ. അതിനാല്‍ ഓരോ നാനോ നിമിഷങ്ങളും നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്റെ മഹോന്നത സമ്മാനം(പ്രസന്റ്) ആണ്. തിരിച്ചുപിടിക്കാനോ പുന:സൃഷ്ടിക്കാനോ കഴിയാത്ത ഈ പ്രപഞ്ചത്തിലെ അമൂല്യ വസ്തുവാണ് സമയം. എന്നാല്‍ ഈ അമൂല്യാവസ്ഥ നമുക്ക് ബോധ്യപ്പടുന്നത് അവസാന മണിക്കൂറുകളില്‍ മാത്രം. ജീവിതത്തിലേക്ക് തിരിച്ചുനടക്കാനാവില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് ലഭ്യമായ സമയത്തെക്കുറിച്ച ആശങ്കയും അല്പംകൂടി ആയുസ്സിലേക്ക് ചേര്‍ന്നെങ്കിലെന്ന പ്രതീക്ഷയും സജീവമാകുന്നത്. പക്ഷേ, എല്ലാ ചിന്തയും ഫലശൂന്യമായവ മാത്രം.
കലണ്ടറുകള്‍ ഒട്ടും ആശങ്കയില്ലാതെ നാം പുതുക്കുന്നു. ഡയരികളില്‍ പേജുകള്‍ നിസ്സങ്കോചം മറിച്ചിടുന്നു. ആയുസ്സില്‍നിന്നും നഷ്ടപ്പെട്ടതും കര്‍മതലത്തിലേക്ക് ചേര്‍ത്തുവെച്ചതും എത്രയെന്ന് ഓരോ പേജും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. സമയത്തെ ഓഡിറ്റിന് വിധേയമാക്കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അന്ന് കാര്യങ്ങളടെ ആധിക്യവും ജീവിതവിഭവങ്ങളുടെ പരിമിതികള്‍ തീര്‍ത്ത പരിക്കുകളും ശക്തമായിട്ടും പൂര്‍വീക പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും സമയത്തെ എത്ര ക്രിയാത്മകമായാണ് ഉപയോഗപ്പെടുത്തിയത്. ബൃഹദ്ഗ്രന്ഥങ്ങള്‍ രചിച്ചും നവോത്ഥാന ഭൂമികയില്‍ കേരളത്തെ വ്യതിരിക്തമാക്കാന്‍ കഠിനാധ്വാനം ചെയ്തും ആയുസ്സിനെ സഫലമാക്കിയ യുഗുപുരുഷന്മാര്‍-സൗകര്യങ്ങളുടെ ആധി ക്യം പക്ഷേ നമ്മെ അലോസരമാക്കുന്നുണ്ടോ?
സമയത്തെ ആസൂത്രണം ചെയ്ത് ഫലപ്രദമയി വിനിയോഗിക്കുന്നതിന് കൃത്യവും ചിട്ടയാര്‍ന്നതുമായ ക്രമീകരണങ്ങള്‍ ഉണ്ടാവണം. യോഗങ്ങളുടെ ശാസ്ത്രീയതയും പ്രായോഗികതയും വ്യവസ്ഥാപിതമാക്കണം. അതുവഴി ധാരാളം പേരുടെ സമയനഷ്ടം കുറക്കാനും വിഭവവിനിയോഗം ക്രിയാത്മകമാക്കാനും കഴിയണം. ദഅ്‌വ, സംഘടനാ രംഗത്ത് സമയം വിനിയോഗിക്കുന്നവരുടെ ദൗത്യങ്ങളെ മഹോന്നതമായി പരിഗണിക്കണം. പണം വീണ്ടും വീണ്ടെടുക്കാം. സമയ മോ? അപരന്റെ സമയത്തിന് വില കല്പിക്കണം. സമയനഷ്ടം അപരാധമായി തിരിച്ചറിയണം. ആയുസ്സിനെ സ്വയം കൊല്ലുന്നതും സമയം വെറുതെ നശിപ്പിക്കുന്നതും സമാനഗൗരവത്തില്‍ കാണണം.
ലഭ്യമാവാന്‍ സാധ്യതയുള്ള സമയവും ദൗത്യത്തിന്റെ വൈവിധ്യ കാര്യങ്ങളും കണ്ടെത്തി സംഘടനയില്‍ 'സമയബജറ്റ്' സിസ്റ്റം കൊണ്ടുവരണം. നിര്‍ദിഷ്ട സമയത്തുതന്നെ ഫലപ്രദമായി കര്‍മതലം ലക്ഷ്യപ്രാപ്തി കൈവരിക്കുംവിധം ഉപയോഗപ്പെടുത്തണം. സമയത്തിന്റെ സദ്‌വിനിയോഗത്തിന് 'മോണിറ്ററിംഗ്' ഉണ്ടാവണം. പ്രപഞ്ചസംവിധാനങ്ങളും ആരാധനാനുഷ്ഠാനവും സമയനിഷ്ഠയില്‍ കണിശത പുലര്‍ത്തുമ്പോള്‍, അവയുടെ പ്രബോധനം എങ്ങിനെയെങ്കിലും തീര്‍ക്കാവുന്ന വഴിപാടുകളാവരുതല്ലോ.
'സമയമില്ലെന്ന്' പരാതിപ്പെടുമ്പോള്‍ അല്ലാഹുവിന്റെ നടപടിക്രമങ്ങളിലാണ് ഒരാള്‍ ചോദ്യം ഉന്നയിക്കുന്നത്. എനിക്ക് ആവശ്യമുള്ളത്ര സമയം സ്രഷ്ടാവ് പ്രദാനം ചെയ്തില്ലെന്നാണ് ഓരോ പരാതിയിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്ന് നാം ചിന്തിക്കാറുണ്ടോ?
ഒരു സംഘടനാ പ്രവര്‍ത്തകന്/പ്രബോധകന് നിര്‍വഹിക്കേണ്ട ദൗത്യങ്ങള്‍ കൃത്യമായും അല്ലാഹുവിന്റെ നിശ്ചയവും തീരുമാനവുമാണ്(22:78). എങ്കില്‍ അവയുടെ ഫലപ്രദമായ നിര്‍വഹണത്തിനാവശ്യമായ സൂക്ഷ്മമായ സമയവും സാഹചര്യവും അല്ലാഹു നല്കുകയില്ലെന്നെങ്ങനെ വിശ്വസിക്കാനാവും?! മറിച്ച്, സമയത്തെ കൃത്യവും കണിശവുമായി ഉപയോഗപ്പെടുത്തുന്നതില്‍ നമ്മളാണ് പരാജയപ്പെട്ടിട്ടുള്ളത് എന്നതല്ലേ ശരി?
ഒരു വസ്തുവിന്റെയും വ്യവസ്ഥയുടെയും 'മൂല്യം' സാമ്പത്തിക മാനദണ്ഡങ്ങളിലാണ് നാം നിജപ്പെടുത്തുന്നത്. ആയിരങ്ങള്‍ സംഭാവന നല്കിയാല്‍ നല്ലകാര്യം ആയിരം മിനുട്ട് ചെലവഴിച്ചാലോ? നൂറ് രൂപ നഷ്ടപ്പെട്ടാല്‍ മനസ്സ് വിഷമിക്കുന്നു. നൂറ് മിനുട്ട് നഷ്ടമായാല്‍? സമയത്തിന്റെ മൂല്യം ബോധ്യപ്പെടുകയാണ്, സമയാസൂത്രണത്തിന്റെ ഫലപ്രാപ്തിക്ക് ആദ്യമായി വേണ്ടത്. മിനുട്ടുകള്‍ സൂക്ഷിക്കുക. മണിക്കൂര്‍ സ്വയമേവ സുരക്ഷിതമായിത്തീരും.
അന്ത്യനാളില്‍, അപരാധികള്‍ തങ്ങള്‍ അല്‍പം സമയം മാത്രമേ ഭൂമിയില്‍ കഴിച്ചുകൂട്ടിയിട്ടുള്ളുവെന്ന് പറയുമെന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. സമയ ത്തിന്റെ അനുഭവതലം പരലോകവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത്രമേല്‍ ചെറുതായിരിക്കും- കണ്ണ് ചിമ്മി തുറക്കുന്ന നിമിഷങ്ങള്‍ മാത്രം. നമ്മുടെ ദൗത്യനിര്‍വഹണങ്ങള്‍ക്കായി നിശ്ചയിച്ച് നിജപ്പെടുത്തിയ അതിനിസ്സാരമായ നിമിഷാര്‍ദ്ധങ്ങള്‍ അലസമായി കഴിച്ചുകൂട്ടുമ്പോള്‍ തിരിച്ചെടുക്കാനാവാത്ത നഷ്ടമാണ് ഇഹ-പര ലോകത്ത് അനുഭവിക്കാനുള്ളതെന്ന് ഗ്രഹിക്കണം.
'എവിടുന്നാ ഇതിനൊക്കെ സമയം' എന്ന് പരാതിപ്പെടുന്നവര്‍ക്ക് ധാരാളം ഒഴിവുസമയം ഉണ്ടായിരിക്കും. തിരക്കുപിടിച്ച് ജോലികളില്‍ മുഴുകുന്നവര്‍ക്കും എല്ലാ കാര്യങ്ങള്‍ക്കും സമയം കാണും. ഒരാള്‍ ഒട്ടും ആസൂത്രമണമില്ലാത്തവനും മറ്റൊരാള്‍ ടൈം മാനേജ്‌മെന്റ് രംഗത്ത് ശ്രദ്ധിക്കുന്നവനുമാണ്. mission statement കൃത്യമായി നിര്‍വഹിച്ച് Long /Short term ലക്ഷ്യങ്ങള്‍ക്കായി പദ്ധതികള്‍ കാണുകയും കൃത്യമായ മൂല്യനിര്‍ണയ സംവിധാനങ്ങളിലൂടെ സമയത്തിന്റെ സാഹസം ഓരോ പ്രവര്‍ത്തക നും പഠിച്ച് പരിശീലിച്ചേ പറ്റൂ. പുതിയകാലത്തെ നവോത്ഥാന സരണിയില്‍ 'ഉടായിപ്പുകള്‍' ഫലപ്പെടില്ലെന്ന് തിരിച്ചറിഞ്ഞേ പറ്റൂ.
പരലോക വിചാരണയില്‍ സമയം കണിശമായി പരിശോധിക്കുന്നുണ്ട്. യുവതയുടെ സമയ വിനിയോഗം പ്രത്യേകിച്ചും. ദയാലുവായ സ്രഷ്ടാവിന്റെ മഹാദാനമായ സമയം, കണ്ണും കാതും ജാഗ്രതയോടെ തുറന്നുവെച്ച് ഫലപ്രദമായി വിനിയോഗിക്കാത്തവര്‍ക്ക് കാലം മാപ്പ് നല്കില്ല. ദൗത്യത്തിന്റെ വിപുലത കാരണം സ്വയം പകുത്ത് നല്കാനാവാതെ സാഹസപ്പെടുന്നവന്റെ മുന്നില്‍, നാം ഉറങ്ങിയും ഗൗരവമായി സമീപിക്കാതെയും 'സമയത്തെ' (exess) അധികമായി തോന്നുന്നുവെങ്കില്‍, ആദ്യത്തെ വ്യക്തി മര്‍ദിതന് സമാനമാണ്. അവന്റെ പ്രാര്‍ഥനയെ നാം ഭയപ്പെടുക.
By ജാബിര്‍ അമാനി