വേട്ടക്കാരുടെ രാഷ്ട്രീയവും പ്രബോധന അജണ്ടയും


ഇസ്‌ലാമിക പ്രബോധനം മനുഷ്യരോടുള്ള സമ്പര്‍ക്കവും സ്‌നേഹശുശ്രൂഷയും ആശയ സംവാദവുമാണ്. ജനനം ശുദ്ധ പ്രകൃതിയിലാണെങ്കിലും അത് ആശയ നിലപാടുകളെ ശക്തമായി സ്വാധീനിക്കുന്ന ഘടകം കൂടിയാണിപ്പോള്‍. നന്മയിലേക്കുള്ള തിരിച്ചുനടത്തങ്ങള്‍ക്ക് വലിയ ത്യാഗപരിശ്രമങ്ങള്‍ ആവശ്യമാകുംവിധം സാമൂഹ്യ സാഹചര്യങ്ങള്‍ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി സ്വീകരിച്ചാചരിച്ച് പോരുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടാല്‍ തന്നെ അവ ഉപേക്ഷിക്കാനുള്ള ഇച്ഛാശക്തി പലരിലും പ്രകടമല്ല. വ്യത്യസ്ഥവും വൈവിധ്യവുമുള്ള വഴികളിലൂടെയാണ് കേരളത്തില്‍ മതപ്രബോധനം നടക്കുന്നത്. ശാസ്ത്രീയതയും വ്യവസ്ഥാപിതത്വവും ആസൂത്രണ മികവുകളും പൊതുവെ കാണാമെങ്കിലും പരസ്പര സൗഹൃദവും ആശയ  വിനിമയത്തിലെ ഗുണകാംക്ഷാരീതികളും അത്രതന്നെ അനുകരണീയമല്ല എന്ന് വേണം കരുതാന്‍. അതോടൊപ്പം പ്രാമാണികവും പക്വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നവരും വിരളമല്ല. സംഘടനാപരമായും ആശയ തലത്തിലും വ്യതിരിക്തതയുണ്ടെങ്കിലും ഒട്ടും ബഹുമാനാദരവുകളില്ലാത്ത വെള്ളം കേറാത്ത 'അറകളിലേക്ക്' ചുരുക്കിയെറിയുന്ന സമീപനരീതി ധാര്‍മികമല്ലാണ് മതം പഠിപ്പിക്കുന്നത്.
പ്രബോധിത സമൂഹത്തോട് പ്രവാചകര്‍ പ്രഖ്യാപിച്ചിട്ടുള്ളത്, ഞങ്ങള്‍ ഗുണകാംക്ഷയുള്ളവരും വിശ്വസ്തരുമാണ് എന്നതത്രെ  (വി.ഖു 7:68, 28:20)

ആള്‍ക്കൂട്ട മനശ്ശാസ്ത്രവും ആശയ വിനിമയ സംവിധാനങ്ങളും പഠനങ്ങളും ഏറ്റവും ശക്തമായ ആധുനിക കാലത്ത്, സന്ദേശ കൈമാറ്റങ്ങളുടെ രീതിശാസ്ത്രം മൗലികവും മാതൃകാപരവുമായിരിക്കണം. പ്രബോധകര്‍ 'ചുട്ട മറുപടി' കൊടുത്ത് നിര്‍വൃതിയടയേണ്ടവരല്ല. ഫലപ്രാപ്തിയും ഗുണപരതയും ഉറപ്പുവരുത്തി സത്യത്തിലേക്കുള്ള മനസടുപ്പത്തിന് വഴിയൊരുക്കേണ്ടവരാണവര്‍. അങ്ങാടികളിലെ ഒറ്റമൂലി മരുന്ന് വില്പനക്കാരെപ്പോലെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ദേശാടനം ചെയ്ത് 'കടമ' നര്‍വഹിച്ചെന്നാശ്വസിപ്പിക്കലല്ല പ്രബോധനം. പ്രഭാഷകരുടെ ബാധ്യത നിര്‍വഹണമെന്ന നിലയില്‍ പല പല സ്ഥലങ്ങളില്‍ എത്തിപ്പെട്ടേക്കാം. എന്നാല്‍ തദ്ദേശീയരുടെ ബാധ്യതാപാലനം 'നന്ദി' പ്രസംഗത്തോടെ അവസാനിക്കുന്നില്ലെന്ന് തിരിച്ചറിയണം.

പ്രബോധക സംഘങ്ങള്‍ക്ക് പ്രവര്‍ത്തന അജണ്ടകളും നിലപാടുകളും അനിവാര്യമാണ്. അവ നിശ്ചയിക്കേണ്ടത് അതത് സംഘങ്ങളാണ്. തികച്ചും പ്രമാണബന്ധിതമായി മുന്നോട്ടു പോവുന്നവര്‍, എല്ലാ വിഷയങ്ങളിലും മൗലികമായി അവലംബിക്കുന്നത് പ്രമാണങ്ങളെയായിരിക്കണം. കാലവും സാഹചര്യവും വിസ്മരിച്ചുള്ള പ്രബോധനം ഫലപ്രദമല്ല. കാലാതിവര്‍ത്തിയായ ദൈവീക സന്ദേശങ്ങളുടെ പ്രചാരണ പ്രബോധനങ്ങള്‍ കാലഘട്ടങ്ങളുടെ സ്പിരിട്ട് അറിഞ്ഞായിരിക്കണം. കാലത്തിന്റെ ഏത് വേഷവും കെട്ടിയാടുകയല്ല, മറിച്ച് കാലത്തില്‍ നിന്ന് ബഹുദൂരം അകന്ന ആശയവിനിമയ സമീപനവും രീതിശാസ്ത്രവുമല്ല പ്രബോധകര്‍ സ്വാംശീകരിക്കേണ്ടത് എന്നര്‍ഥം. പ്രവാചകര്‍ അഖിലവും അവരവര്‍ ജീവിക്കുന്ന കാലവും സാഹചര്യവും ആവശ്യപ്പെടന്ന ചോദ്യങ്ങളുടെ ഉത്തരം കണ്ടവരാണ്. കാലത്തിന്റെ ജ്ഞാനതല്പരതയും നിര്‍മിതികളും തിരിച്ചറിഞ്ഞവരാണ്. കാലത്തിന് അപരിചിതമായ വഴികളിലൂടെ ആശയ വിനിമയം നിര്‍വഹിച്ചവരല്ല. പച്ചപ്പരിഷ്‌ക്കാരികളായി മാറണമെന്നല്ല. മറിച്ച്, പരിഷ്‌ക്കരണത്തിന്റെ (ഇസ്വ്‌ലാഹ്) പ്രവര്‍ത്തനങ്ങള്‍ കാലബന്ധിതമായി ധര്‍മബോധത്തോടെ പരിഷ്‌കരിച്ചെടുക്കുന്നതില്‍ ശ്രദ്ധയുണ്ടാവണം.

ആശയാദര്‍ശങ്ങളുടെ മൗലീകതയെ കാലഘട്ടങ്ങള്‍ക്കനുസൃതമായി തിരുത്തുക എന്നതല്ല, ആശയ വിനിമയങ്ങള്‍ വര്‍ത്തമാനകാല ബന്ധിതമായിരിക്കണം. ഏക ദൈവ വിശ്വാസ ദര്‍ശനത്തിന് ആദിമ പ്രവാചകന്‍ മുതല്‍ ഇന്നുവരെ ഇനിയും മൗലികമായ വ്യത്യാസങ്ങളില്ല. എന്നാല്‍ അന്തിമ പ്രവാചകന്‍ വരെയുള്ള പ്രബോധകരുടെ തൗഹീദിന്റെ നിര്‍വഹണ പ്രബോധന വഴികള്‍ വൈവിധ്യവും വ്യത്യസ്തവുമായിരുന്നുവെന്ന് ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നു. ആശയാദര്‍ശങ്ങളുടെ വ്യക്തതക്ക് അവ അനിവാര്യമാണെന്ന് പ്രവാചക ചരിത്രങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. (14:4)

പ്രബോധനം, കാലവുമായി ചേര്‍ത്തു പറയുമ്പോള്‍ നെറ്റി ചുളിക്കുന്നവരുണ്ട്. സൂറത്തുല്‍ ഇബ്‌റാഹീം 14-ാം വചനവും സൂറ: അല്‍അസ്വ്‌റും പഠിപ്പിക്കുന്ന ഖുര്‍ആനിക സന്ദേശങ്ങളെ മനസ്സിരുത്തി വായിക്കുമ്പോള്‍ ബോധ്യപ്പെടുന്ന യാഥാര്‍ഥ്യങ്ങളെയും ചരിത്രത്തെയും വിസ്മരിക്കുന്നത്. പുതിയ കാലത്തെ പ്രബോധകന് വലിയ പരിക്കുകളേല്പിക്കും. ജീവിതത്തില്‍ പ്രബോധനം ഒഴിച്ചുള്ള മുഴുവന്‍ സന്ദര്‍ഭങ്ങളും സങ്കേതങ്ങളും സമഗ്രമായി 'കാലം' സ്വാംശീകരിച്ചെടുത്തിട്ടും മതപ്രബോധനം മാത്രം പടിക്കുപുറത്ത് നിര്‍ത്തുന്ന സമീപനത്തോട് ദൈവിക വചനങ്ങളുടെ അന്തസ്സത്തയെ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ വരുത്താന്‍ സാധിക്കേണ്ടതുണ്ട്. അപരിഷ്‌കൃതരുടെ അത്താണിയായല്ല പരിഷ്‌കൃതരാവാന്‍ ശ്രമിക്കുന്നവരുടെ അവലംബം കൂടിയാണ് സത്യമതം.

പ്രബോധനത്തിന്റെ അജണ്ടകള്‍ തീരുമാനിക്കേണ്ടത് പ്രമാണങ്ങളും ദര്‍ശനങ്ങളുമാണ്. കേരളത്തിന്റെ മതപ്രബോധന ചരിത്രത്തില്‍ ഓരോ കാലത്തും 'ഇഷ്യൂ'കള്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രബോധകര്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് ഇന്ന് കാണുന്ന തെളിച്ചങ്ങള്‍ക്ക് കാരണം. ഇസ്‌ലാഹീ പ്രസ്ഥാനം പ്രത്യേകിച്ചും ഈ രംഗത്ത് സ്തുത്യര്‍ഹ സേവനമാണ് നിര്‍വഹിച്ചത്. കേരള മുസ്‌ലിംകളുടെ 'അവ്യക്തതകളും അങ്കലാപ്പുകളും' പരിഹരിക്കാനുതകും വിധം സുവ്യക്തമായ ആശയ പ്രചാരണങ്ങള്‍ കാലാനുസൃതമായി പ്രസ്ഥാനം നിര്‍വഹിച്ചിട്ടുണ്ട്. നിര്‍വഹിക്കുന്നുണ്ട്.

'മോഡേണിസ്റ്റുകളും' തല്പര കക്ഷികളും ഖുര്‍ആനികാദര്‍ശങ്ങളെ പുതിയ തിരുത്തലുകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും വിധേയമാക്കുന്നതില്‍ സജീവമായപ്പോള്‍, ഖുര്‍ആന്‍ പരിഭാഷയടക്കമുള്ള നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ പ്രബോധന രംഗത്ത് ആവശ്യമായിരുന്നു. ശാസ്ത്ര പഠനങ്ങള്‍ ദൈവനിഷേധത്തിനും ധാര്‍മികനിരാസത്തിനും പ്രേരണയേകുമാറ് ശക്തിപ്പെടുത്താന്‍ ശ്രമിച്ച കാലങ്ങളില്‍ ഖുര്‍ആനും ശാസ്ത്രവും, ശാസ്ത്രം ദൈവാസ്തിത്വത്തെ ബോധ്യപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയ സന്ദേശ പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തി മുസ്‌ലിം കൈരളത്തിക്ക് പ്രത്യേകിച്ചും തിരിച്ചറിവ് പ്രദാനം ചെയ്തിട്ടുണ്ട്. തീവ്രവാദ ചിന്തകള്‍ സ്വാധീനം ചെലുത്തിയ പശ്ചാത്തലങ്ങളില്‍ ചടുലമായ പ്രബോധനങ്ങളിലൂടെ മതം തീവ്രവാദത്തിനെതിരാണെന്ന സന്ദേശ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കി പിശാചു ബാധ, അനുഷ്ഠാന തീവ്രത തുടങ്ങിയ തലങ്ങളിലും പ്രമാണബന്ധിതമായ വിശകലനം സാഹര്യതേട്ടമായി നിര്‍വഹിച്ചിട്ടുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആശയ ദാരിദ്ര്യത്തെയും ദേശവിരുദ്ധ സമീപനങ്ങളെയും പ്രബോധന അജണ്ടയാക്കിയതിനും പശ്ചാത്തലങ്ങളുടെ പിന്‍ബലമുണ്ടായിരുന്നു. അന്ധവിശ്വാസ- ആത്മീയ ചൂഷണങ്ങള്‍ക്കെതിരില്‍ സ്വീകരിച്ച സക്രിയമായ പ്രബോധനങ്ങള്‍ ശരീഅത്ത് വിവാദത്തിലെ ആശയ പ്രചാരണങ്ങള്‍ തുടങ്ങി അനവധി പ്രബോധന സംരംഭങ്ങള്‍ കാലത്തിന്റെ തുടിപ്പും തേട്ടവും കണ്ടറിഞ്ഞ് നിര്‍വഹിച്ച അജണ്ടകളായിരുന്നു. എല്ലാം പലപ്പോഴും തുടര്‍ത്തിക്കൊണ്ട് പോയിട്ടില്ല. തുടര്‍ച്ച ആവശ്യമുള്ളതേ പ്രബോധന വിഷയമാക്കി സജീവമായിരുന്നുള്ളൂ.

മതത്തിലെ മുഴുവന്‍ കാര്യങ്ങളും മനുഷ്യരോട് പറയാനുള്ളവ തന്നെയാണ്. എന്നാല്‍ മുന്‍ഗണനാ ക്രമവും പ്രയോഗഫലപ്രാപ്തിയും സാഹചര്യ സാധുതയും പരിഗണിക്കേണ്ടതുണ്ട്. യുദ്ധ നിര്‍ദേശങ്ങള്‍, ബഹുഭാര്യാത്വം, അടിമത്തം തുടങ്ങി പല മേഖലകളും മുഖ്യപ്രബോധന വിഷയങ്ങളല്ല, മതനിര്‍ദേശങ്ങളാണെങ്കിലും. എന്നാല്‍ സാഹചര്യം അത്തരം വിഷയങ്ങളെ പ്രബോധനരംഗത്ത് സജീവ ചര്‍ച്ചയാക്കിയേക്കാം. എല്ലാ കാലത്തും തുടരേണ്ടവയല്ലെന്ന തിരിച്ചറിവോടെ തന്നെ.

പ്രസ്ഥാനം നാളിതുവരെ സ്വീകരിച്ച നിലപാടുകളാണിവ. മുസ്‌ലിം ലോകത്ത് ഏക അഭിപ്രായമുള്ള കാര്യങ്ങളില്‍ പ്രസ്ഥാനത്തില്‍ ഭിന്നാഭിപ്രായമോ മുസ്‌ലിംലോകത്ത് ഭിന്നാഭിപ്രായമുള്ളതില്‍ പ്രസ്ഥാനത്തില്‍ ഏകാഭിപ്രായമോ ഇല്ല. ഉണ്ടാവാനുള്ള സാധ്യതയും കുറവാണ്. വിവിധ അഭിപ്രായങ്ങള്‍ പക്ഷേ മൗലികവും അടിസ്ഥാന പരവുമായ വിഷയങ്ങളില്‍ അല്ല താനും. വീക്ഷണ വ്യത്യാസമുള്ള വിഷയങ്ങളുടെ പ്രചാരണ പ്രബോധനരംഗത്ത് സ്വീകരിക്കുന്ന നയനിലപാടുകള്‍ പക്ഷേ കൃത്യവും കണിശവുമാണുതാനും.

പ്രബോധന അജണ്ടകള്‍ രൂപപ്പെടേണ്ടത് പ്രമാണങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ നിന്നും കാലവും സാഹചര്യവും താല്പര്യപ്പെടുന്നതിന്റെ തീക്ഷ്ണതയനുസരിച്ചുമാണ്. പ്രബോധന സംഘടനകള്‍ ധാരാളമുള്ള ഒരു നാട്ടില്‍, പരസ്പരാരോപണങ്ങളും വെല്ലുവിളികളും സ്വാഭാവികമാണ്. ഒരു വിഷയത്തില്‍ കൃത്യവും വ്യക്തവുമായ വിശകലനം നിര്‍വഹിക്കപ്പെട്ടിട്ടും വീണ്ടും അവ ചര്‍ച്ചയാക്കുന്നുവെങ്കില്‍ അവിടെ സോദ്ദേശം കുറവായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ദിശാബോധവും ദീര്‍ഘവീക്ഷണവുമുള്ള പ്രസ്ഥാനങ്ങള്‍ നമ്മുടെ 'അജണ്ടകള്‍' ഏതെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം 'വേട്ടക്കാരുടെ രാഷ്ട്രീയ'മാണ് വിജയം കാണുക.

ജ്ഞാനപ്രബുദ്ധതുള്ളവര്‍ നേര്‍പഥത്തിലാണ് സഞ്ചരിക്കുക. എന്നാല്‍ സ്വാര്‍ഥ ലക്ഷ്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ പ്രബുദ്ധത പ്രശ്‌നാധിഷ്ഠിതമാവും. പ്രസ്ഥാനങ്ങള്‍ സ്ഥാപനവല്ക്കരിക്കപ്പെടും. ആള്‍ക്കൂട്ട മനശ്ശാസ്ത്രമനുസരിച്ച് അണികളുടെ തിരിച്ചൊഴുക്ക് തടയാന്‍ വിവാദങ്ങള്‍ നിലനിര്‍ത്തേണ്ടത് പ്രസ്ഥാന അജണ്ടയായി മാറും. അതാണ് 'വേട്ടക്കാരന്റെ രാഷ്ട്രീയം'. ലോകത്ത് ഇസ്‌ലാം വിരുദ്ധ ഫോബിയാ യുദ്ധങ്ങള്‍ ആസൂത്രിതമായി ശക്തിപ്പെടുത്തുന്നത് ഇസ്‌ലാമികാദര്‍ശ വ്യാപനത്തിലെ അകാരണ ഭീതികളാണ്. ഇസ്‌ലാമിക സന്ദേശങ്ങളുടെ പ്രചാരണം ലക്ഷ്യം വെക്കുന്ന സംഘങ്ങള്‍ ഈ മാര്‍ഗം അവലംബിക്കുന്നത് ലജ്ജാകരമാണ്.

ഇസ്‌ലാമിക പ്രബോധനവും മുസ്‌ലിംകളും ആഗോള തലത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും ചെറുതല്ലാത്ത ഒട്ടേറെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. ആഭ്യന്തരമായ വിഷമതകളും ഉണ്ട്. പ്രബോധകരും പ്രവര്‍ത്തരും പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ട അജണ്ടകള്‍ നിശ്ചയിക്കുന്നിടത്ത് സുചിന്തിതമായ നിലപാടുകളുടെ അവ്യക്തതകള്‍ ഉണ്ടാവരുത്. പ്രബോധനത്തിന് 'അക്കര പച്ച'യൊന്നുമില്ല. ഓരോ പ്രസ്ഥാനവും അവരുടെ അജണ്ടകള്‍ തീരുമാനിക്കുന്നു. നടപ്പില്‍ വരുത്തുന്നു. മറ്റൊരാളുടെ അജണ്ടകളില്‍ കാലം കഴിയേണ്ടിവരുന്നത് മഹാദുരന്തമാണ്. തിളക്കവും തെളിച്ചവുമുള്ള നേതൃത്വവും അണികളും കണ്ണും കാതും തുറന്ന് വെക്കേണ്ട സമയമാണിത്. കത്തുന്ന പുരയില്‍ നിന്ന് കിട്ടാവുന്നത്ര കഴുക്കോലുകള്‍ ഊരിയെടുക്കാന്‍ 'സ്ട്രാറ്റജികള്‍' രൂപപ്പെടുത്തുന്നതിനാണ് പലരും ശ്രദ്ധിക്കുന്നത്. ഒരു തുള്ളി വെള്ളം കിട്ടിയില്ലെങ്കിലും ഊക്കോടെയൊന്ന് ഒരുമിച്ചിരുന്ന് ഊതിയാല്‍ അണഞ്ഞുപോകാവുന്ന ജ്വാലകളെ ഊതിയൂതി കത്തിപ്പടര്‍ത്താതിരിക്കുക. മര്‍ദനം (ഫസാദ്) കൊലയേക്കാള്‍ നിഷ്ഠൂരമാവുന്നു. (2:191)  

By ജാബിര്‍ അമാനി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts