ധര്‍മസരണിയില്‍ ഐക്യത്തോടെ

അന്തിമ പ്രവാചകനായ മുഹമ്മദ്(സ) നബിയുടെയും അനുചരന്‍മാരുടെയും സവിശേഷത വിശുദ്ധ ഖുര്‍ആന്‍ വിവരിച്ചതിങ്ങനെയാണ്: ''മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ശനമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു" (48:20), സ്വഭാവത്തിലെ പാരുഷ്യമല്ല, ആദര്‍ശത്തിലെ നിഷ്‌കര്‍ഷയാണിവിടെ ഉദ്ദേശ്യം. വരാനിരിക്കുന്ന ഈ സമൂഹത്തെ പറ്റി മുന്‍ വേദഗ്രന്ഥങ്ങളായ തൗറാത്തിലും ഇന്‍ജീലിലും വന്ന ഉദാഹരണങ്ങളും വിശുദ്ധ ഖുര്‍ആന്‍ തുടര്‍ന്നറിയിച്ചിട്ടുണ്ട്.

ഈ സമൂഹത്തെപ്പറ്റി തൗറാത്തില്‍ ഉപമിച്ചത് ഇപ്രകാരമാണ്: ''അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടിക്കൊണ്ട് അവര്‍ കുമ്പിട്ടും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളങ്ങള്‍ അവരുടെ മുഖങ്ങളിലുണ്ട്." (48:29) ഇന്‍ജീലില്‍ അവരെപ്പറ്റിയുള്ള ഉപമ ഇങ്ങനെയാകുന്നു. "ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത്  കര്‍ഷകര്‍ക്ക് കൗതുകം തോന്നുംവിധം അതിന്റെ കാണ്ഡത്തിനുമേല്‍ നിവര്‍ന്നു നിന്നു. അവര്‍മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കുവാന്‍ വേണ്ടിയത്രേ ഇത്" (48:29)

അതിമനോഹരമായ ഉപമയാണിത്. മൂന്ന് ദിവ്യഗ്രന്ഥങ്ങളിലും പരാമര്‍ശിക്കപ്പെട്ട മാതൃകാസമൂഹം ഏതെന്നു ചോദിച്ചാല്‍ കിട്ടുന്ന ഏക ഉത്തരം 'മുഹമ്മദ് നബിയും സ്വഹാബികളും' എന്നതു മാത്രം. എന്തുകൊണ്ട് സ്വഹാബികള്‍ ഇങ്ങനെ ആയിത്തീര്‍ന്നു എന്നതാണ് നമുക്ക് പാഠമായിത്തീരേണ്ടത്. ലോക സമൂഹങ്ങളില്‍ ഒരു പ്രത്യേക ജനുസ്സിനെ തെരഞ്ഞെടുത്ത് അവരില്‍ ഒരു പ്രത്യയശാസ്ത്രം പരീക്ഷണാര്‍ഥം നടപ്പാക്കുകയായിരുന്നില്ല പ്രവാചകന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 'മുന്തിയ തരം' മനുഷ്യരെ മാത്രം തെരഞ്ഞെടുത്ത് മദീനയില്‍ കൊണ്ടുവന്ന് ഒരു 'ഗ്രാമം' ഉണ്ടാക്കുകയുമല്ല മുഹമ്മദ് നബി ചെയ്തത്. നന്മകളും തിന്മകളും സമ്മിശ്രമായി സമ്മേളിച്ച, പ്രഗത്ഭരും സാധാരണക്കാരും ഇടകലര്‍ന്ന ഒരു സാധാരണ സമൂഹത്തിലാണ് പ്രവാചകന്‍ തന്റെ ദൗത്യം നിര്‍വഹിച്ചത്. എ ഡി ആറാം നൂറ്റാണ്ടില്‍ മക്കയിലും മദീനയിലും പരിസരങ്ങളിലും ജീവിക്കുന്ന നാടോടി സമൂഹങ്ങളെക്കാള്‍ നാഗരികത കൈവരിച്ച സമൂഹങ്ങള്‍ അക്കാലത്ത് ലോകത്ത് വേറെ ഉണ്ടായിരുന്നുതാനും. എന്നിട്ടുമെങ്ങനെ മുഹമ്മദ് നബിക്ക് ഇത് സാധിച്ചു എന്നത് ചിന്താര്‍ഹമാണ്.

'അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ (അല്ലാഹു). അവന്റെ ദൃഷ്ടാന്തങ്ങള്‍ ദൂതന്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കുവേണ്ടി വേദഗ്രന്ഥവും തത്വജ്ഞാനവും പഠിക്കുകയും ചെയ്യാന്‍ വേണ്ടിയത്രെ ആ നിയോഗം. തീര്‍ച്ചയായും ആ സമൂഹം മുന്‍പ് വ്യക്തമായ വഴികേടിലായിരുന്നു.' (62:2) ഉത്തമ സമൂഹ സൃഷ്ടിക്ക് ഇതുമാത്രമാണ് വഴി. മനുഷ്യന്‍ എന്ന സാകല്യം മഹാ അത്ഭുതമാണ്.  അവനില്‍ കുടികൊള്ളുന്ന ദുഷ്ടതകളെ നിയന്ത്രിക്കുകയും അവനില്‍ കുടികൊള്ളുന്ന നന്മകളെ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതോടെ അയാള്‍ ഉത്തമനായിത്തീരുന്നു. പ്രവാചകന്‍ കാണിച്ചുകൊടുത്ത ധര്‍മസരണിയില്‍ ഐക്യത്തോടെ മുന്നേറിയപ്പോള്‍ സ്വഹാബികള്‍ ലോകോത്തര സമൂഹമായി മാറി. അവര്‍ക്ക് ചിന്താപരമായി ലോകത്തിന്റെ മുന്നില്‍ നടക്കാന്‍ കഴിഞ്ഞു. ആ സമൂഹമാണ് യൂറോപ്പിനെ വിളിച്ചുണര്‍ത്തിയത്. ധൈഷണിക വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. അതിനുള്ള ചാലകശക്തി വിശുദ്ധ ഖുര്‍ആനായിരുന്നു.

'ഈ സമുദായത്തിന്റെ ആരംഭദശയിലുണ്ടായിട്ടുള്ള ഉണര്‍വിനു നിദാനമായ ഇസ്‌ലാഹ് കൊണ്ടുമാത്രമേ പില്ക്കാലത്തും ഉണര്‍വും ഉയര്‍ച്ചയും ഉണ്ടാവൂ' എന്ന തിരിച്ചറിവാണ് ഓരോ കാലഘട്ടത്തിലുമുള്ള സമുദായപരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരും വിശുദ്ധ ഖുര്‍ആന്‍കൊണ്ട് സമുദായോദ്ധാരണത്തിനിറങ്ങിത്തിരിക്കാന്‍ കാരണം. ഇരുപതാം നൂറ്റാണ്ടില്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന നവോത്ഥാനം ഇതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു. 'അതിനാല്‍ സത്യനിഷേധികളെ നീ അനുസരിച്ചുപോകരുത്. ഖുര്‍ആന്‍കൊണ്ട് നീ അവരോട് വലിയൊരു സമരം നടത്തിക്കൊള്ളുക' (25:52) എന്ന അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരള മുസ്‌ലിംകളുടെ മുന്നില്‍ നവോത്ഥാന നേതാക്കള്‍ നടന്നത്. 'വലിയപ്രയത്‌നം' എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച അതേപദം സ്വീകരിച്ചുകൊണ്ടാണ് 'മുജാഹിദുകള്‍' എന്ന പേര് സ്വീകരിച്ചതും. അര നൂറ്റാണ്ടുകൊണ്ട് വലിയ നേട്ടം ഉണ്ടാക്കുവാനും ഈ പ്രസ്ഥാനത്തിനു കഴിഞ്ഞു. നേട്ടമുണ്ടായത് സമൂഹത്തിന് ഒന്നടങ്കമാണ്.

സുഭദ്രമായ കോട്ടപോലെ ഒന്നിച്ച (61:4) ആദ്യകാല സമൂഹത്തെപ്പോലെ നിലനില്ക്കാന്‍ സാധിച്ച ഇസ്‌ലാഹീ പ്രസ്ഥാനത്തിന് ഇടക്കാലത്തുവന്ന ഭിന്നിപ്പിന്റെ കാര്യത്തിലും ആദ്യകാല സമൂഹവുമായി സമാനതകള്‍ കാണാം. പ്രവാചകവിയോഗാനന്തരം പുതുതായി ഇസ്‌ലാമിലേക്ക് കടന്നുവന്നവര്‍ക്കിടയില്‍ തല്പരകക്ഷികള്‍ ഭിന്നിപ്പിന്റെ വിത്തിട്ടത് ഉപജാപങ്ങളുടെ രൂപത്തിലായിരുന്നു. അത് തിരിച്ചറിയാന്‍ വൈകിയപ്പോഴേക്ക് അമീറുല്‍ മുഅ്മിനീന്‍ ഉസ്മാന്‍(റ) വധിക്കപ്പെട്ടുകഴിഞ്ഞിരുന്നു. മനുഷ്യമനസ്സുകളെ അടുപ്പിക്കുവാനും ഈമാന്‍കൊണ്ട് ഉറപ്പിക്കുവാനും പ്രവാചകന്‍ ശ്രമിച്ചു. എന്നാല്‍ മനസ്സുകളെ അകറ്റുവാനും ഊഹങ്ങളുടെ മറവില്‍ ഛിദ്രിപ്പിക്കുവാനും പിശാച് പണിയെടുത്തു. ഇത് കാലാകാലവും നടക്കും. ഇക്കാര്യം വിശുദ്ധ വചനങ്ങളിലൂടെ അല്ലാഹു താക്കീതു നല്കുന്നു. 'ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തില്‍നിന്ന് പുറത്താക്കിയതുപോലെ പിശാച് നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ' (7:27)

'പിശാച് നമ്മെ ഭിന്നിപ്പിച്ചു; അല്ലാഹു നമ്മെ ഒന്നിപ്പിച്ചു എന്ന് ഓരോ ഇസ്‌ലാഹീ പ്രവര്‍ത്തകനും തിരിച്ചറിയുക. ഐക്യത്തിന്റെ പാതയില്‍ പുനക്രമീകരണത്തിന്റെ ശ്രമത്തിലാണ് പ്രസ്ഥാനം. ഈ ധര്‍മസരണിയില്‍ നമുക്ക് ഐക്യത്തോടെ മുന്നേറാം. സര്‍വശക്തന്‍ തുണയ്ക്കട്ടെ.

from എഡിറ്റോറിയൽ - ശബാബ് വാരിക
2016 ഡിസ. 23 വെള്ളി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts