തൗഹീദ്: കണിശമായ വിശ്വാസം കലര്‍പ്പറ്റ ആരാധന


അക്രമിയും സ്വേച്ഛാധിപതിയുമായ ഒരു രാജാവിന് സദ്‌വൃത്തനായൊരാളെ കാരാഗൃഹത്തിലിടാന്‍ കഴിയും. നന്മയുടെ സാക്ഷാല്‍ക്കാരത്തിനായി നിലകൊണ്ട അയാള്‍ ജയിലിലും ധിക്കാരിയായ രാജാവ് സുഭിക്ഷതയനുഭവിച്ച് സര്‍വതന്ത്രസ്വതന്ത്രനായി പുറത്തും കഴിച്ചുകൂട്ടുന്ന അവസ്ഥ ഇഹലോകജീവിതത്തില്‍ നാം കാണുന്നു. ഇതു നീതിയല്ലെങ്കില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം എവിടെ നിന്ന് നല്കുമെന്ന് ചോദിച്ചാല്‍ കുയുക്തികള്‍ പറഞ്ഞ് മനുഷ്യരെ വളച്ചെടുക്കാന്‍ പാടുപെടുന്നവരാണ് യുക്തിവാദികള്‍. അവര്‍ പദാര്‍ത്ഥങ്ങള്‍ക്കപ്പുറമുള്ള എല്ലാറ്റിനെയും നിരാകരിക്കുന്നു. ഇതൊന്നും ഉറപ്പായ പ്രമാണങ്ങളുടെയടിസ്ഥാനത്തിലല്ല. മറിച്ച്, ദുരൂഹതകളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്നതിലൂടെയാണ്. ആയതിനാല്‍ ലാഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധ്യനില്ല) എന്ന വചനം ഇത്തരം വാദഗതികളുടെ മുനയൊടിക്കുന്ന ഒരായുധവും കൂടിയാണ്. സൂര്യനെയും ചന്ദ്രനെയും ആപേക്ഷികമായി വലുതാണെന്നും മെച്ചപ്പെട്ടവയാണെന്നും കരുതി അവയെ ആരാധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നതിതാണ്: ''അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക. നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.'' (വി.ഖു 41:37)

തെറ്റിപ്പോകുന്നവര്‍ക്ക് ദിശാബോധം കാണിച്ചുകൊടുക്കുന്നതും ഖുര്‍ആനിന്റെ എടുത്തുപറയത്തക്കത്ത ഒരു ശ്രേഷ്ഠതയാണ്. മനുഷ്യന്‍ സ്രഷ്ടാവായ അല്ലാഹുവിനു പുറമെ എന്തിനെയൊക്കെ ആരാധിക്കുന്നുവോ, ആരോടൊക്കെ പ്രാര്‍ഥിക്കുന്നുവോ അവയൊന്നും ഇങ്ങനെയൊരാവശ്യം മനുഷ്യരോട് തേടിയിട്ടില്ല. അവയെ ആരാധിക്കാന്‍ അവയൊന്നും കല്‍പിച്ചിട്ടുമില്ല. യേശു, കന്യാമറിയം, ഉസൈര്‍, പുണ്യവാന്മാര്‍, മാലാഖമാര്‍, ദേവീദേവന്മാര്‍, ജിന്ന്, പിശാച്, കല്ല്, വൃക്ഷം, സര്‍പ്പം, മറ്റു ചില മൃഗങ്ങള്‍ എന്നിവയെ ആരാധിക്കുമ്പോള്‍ അവ മനുഷ്യരോട് അങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടതായി രേഖയുണ്ടോ? ഒരിക്കലുമില്ല. അവ തമ്മത്തമ്മില്‍ ആരാധിക്കാറുണ്ടോ? അതുമില്ല. എന്നിട്ടും ഇവയെ ആരാധിക്കാന്‍ മനുഷ്യന്‍ തയ്യാറാവുന്നു. ബഹുദൈവാരാധന ഒരവിഹിത ഇടപെടലായി സൂചിപ്പിക്കുന്നതായി ഖുര്‍ആനില്‍ കാണാം. ''വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു''(വി.ഖു 24:3). ഈ സൂക്തത്തില്‍ വ്യഭിചാരവും ബഹുദൈവാരാധനയും ഒന്നിച്ചാണ് വിവരിക്കുന്നത്.

വ്യഭിചാരം അനുവദിക്കപ്പെടാത്ത വേഴ്ചയായ പോലെത്തന്നെ അല്ലാഹുവല്ലാത്തവരെ ആരാധിക്കുകയെന്നതും അനുവദിക്കപ്പെടാത്ത കാര്യമാണ്. രണ്ടും നിയമവിരുദ്ധവും അവിഹിത ഇടപെടലുമാണ്. ബഹുദൈവാരാധകര്‍ പോലും അല്ലാഹുവിന്ന് മാത്രമാണെന്ന് സമ്മതിക്കുന്ന ദൈവിക വിശേഷണങ്ങളും കഴിവുകളും ഉണ്ടെന്നതാണത്. അത്തരം കഴിവുകള്‍ സാക്ഷാല്‍ ദൈവത്തിനു മാത്രമേയുള്ളൂ എന്ന് സമ്മതിക്കുന്ന ബഹുദൈവ വിശ്വാസികളെ ഏകദൈവാരാധനയിലേക്ക് തിരിച്ചുവിളിക്കാനാണ് ഖുര്‍ആന്‍ ശ്രമിക്കുന്നത്. എന്നിട്ടും ഈ ആശയം ഉള്‍ക്കൊള്ളുന്നവരെന്ന് അഭിമാനിക്കുന്ന ചിലര്‍ അല്ലാഹുവല്ലാത്തവരോട് പ്രാര്‍ഥിക്കാനും ആരാധിക്കാനും ന്യായീകരണം തേടുന്നവരാണ്. അവരുടെ പൊതു സമ്മതം നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. ''ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും പ്രതാപിയും സര്‍വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്''(വി.ഖു 43:9)

''ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും അല്ലാഹു എന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെടുന്നത്.''(വി.ഖു 43:87). ''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്‌പ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവ വിശ്വാസികളോട്) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്.'' (വി.ഖു 29:61)

''ആകാശത്തുനിന്ന് വെള്ളം ചൊരിയുകയും ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന് ജീവന്‍ നല്കുകയും ചെയ്തതാരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും അല്ലാഹുവാണെന്ന്. പറയുക: അല്ലാഹുവിന് സ്തുതി. പക്ഷെ, അവരില്‍ അധികപേരും ചിന്തിച്ചുമനസ്സിലാക്കുന്നില്ല.'' (വി.ഖു 29:63)
''നീ ചോദിക്കുക. എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്റെ കൈവശത്തിലാണ്. അവന്‍ അഭയം നല്കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ). അവര്‍ പറയും (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്. നീ ചോദിക്കുക. പിന്നെ എങ്ങനെയാണ് നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്?'' (വി.ഖു 23:88,89)

തൗഹീദ് (ഏകദൈവ വിശ്വാസം, ഏകദൈവാരാധന) എന്ന ഇസ്‌ലാമിന്റെ അടിത്തറയെ ഇസ്‌ലാമികാധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അനാവരണം ചെയ്യുമ്പോള്‍ ഏതു നിലക്കു ചിന്തിച്ചാലും പ്രപഞ്ചനാഥന്‍ മാത്രമാണ് ഏകത്വത്തിന്റെ പൂര്‍ണ രൂപവും എല്ലാറ്റിന്റെയും സ്രോതസ്സുമെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടും.അല്ലാഹുവിന്റെ ഏകത്വത്തെ മൂന്ന് അവസ്ഥകളിലും അംഗീകരിക്കണമെന്നാണ് പണ്ഡിതന്മാര്‍ വിശദമാക്കിയിട്ടുള്ളത്. ഖുര്‍ആനിന്റെയും പ്രവാചകന്റെയും(സ) വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകളാണിത്.

ഒന്ന്): സൃഷ്ടിക്കുക, സംരക്ഷിക്കുക, സംഹരിക്കുക തുങ്ങിയവയിലെ അല്ലാഹുവിന്റെ ഏകത്വം. ഇതിന്ന് തൗഹീദുന്‍ ഫില്‍ റുബൂബിയ്യത്ത് എന്ന് പറയുന്നു. സൃഷ്ടിക്കല്‍, സംരക്ഷിക്കല്‍, ശിക്ഷിക്കല്‍, മഴ വര്‍ഷിപ്പിക്കല്‍, മരിപ്പിക്കല്‍, ഉയിര്‍ത്തെഴുന്നേല്പിക്കല്‍ എന്നീ കാര്യങ്ങളെല്ലാം ഇതില്‍ പെടുന്നതാണ്.

രണ്ട്). ആരാധനയിലെ ഏകത്വം. ഇതിന്ന് സാങ്കേതികമായി തൗഹീദുന്‍ ഫില്‍ ഉലൂഹിയ്യത്ത് എന്നാണ് പറയുക. ഭയം, ഭരമേല്പിക്കല്‍, പ്രതീക്ഷ, പ്രാര്‍ഥന എന്നിവയിലൂടെ മനുഷ്യര്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ എല്ലാം തന്നെ പ്രപഞ്ചനാഥന്ന് മാത്രമാക്കുക. ഇലാഹായിരിക്കാന്‍ അല്ലാഹു മാത്രമാണ് അര്‍ഹന്‍ എന്നതാണിതിന്റെ വിവക്ഷ.

മൂന്ന്) നാമവിശേഷണങ്ങളില്‍ അവനെ ഏകനാക്കല്‍. ഇതിന്ന് തൗഹീദുന്‍ ഫില്‍ അസ്മാഇ വസ്വിഫാത്ത് എന്ന് പറയുന്നു. അതിവിശിഷ്ടമായ നാമങ്ങളും ഗുണവിശേഷണവും അവനു മാത്രമേ ചേരുകയുള്ളൂ. എല്ലാം അറിയുന്നവന്‍, എല്ലാറ്റിനും കഴിവുള്ളവന്‍, വിവേകമുള്ളവന്‍, കരുണ ചെയ്യുന്നവന്‍, ഭക്ഷണം നല്കുന്നവന്‍, പൊറുക്കുന്നവന്‍, വിധിക്കുന്നവന്‍ തുടങ്ങി എല്ലാ വിശേഷണങ്ങളും അതിന്റെ സമ്പൂര്‍ണ ഭാവത്തില്‍ അല്ലാഹുവിന്ന് മാത്രമേയുള്ളൂ എന്നതിനാല്‍ അതിലെല്ലാം അല്ലാഹുവിനെ ഏകനായി അംഗീകരിക്കുക. സത്തയിലും ഗുണവിശേഷണത്തിലും പ്രവര്‍ത്തനത്തിലും അല്ലാഹുവെ ഏകനാക്കുകയെന്ന് പറഞ്ഞാലും ഇതുതന്നെയാണുദ്ദേശം.

അല്ലാഹുവിനെപ്പോലെ മറ്റൊരു ഇലാഹ് ഇല്ല എന്നതാണ് സത്തയിലെ ഏകമാക്കല്‍. ഗുണഗണങ്ങളിലും അവന്ന് തുല്യരായി ആരുമില്ലെന്നതാണ് സ്വിഫാത്തിലെ ഏകമാക്കല്‍. അവന്റെ പ്രവൃത്തി മറ്റൊരാള്‍ക്കും കഴിയില്ലെന്ന് സമ്മതിക്കലാണ് പ്രവൃത്തിയിലെ ഏകമാക്കല്‍. അല്ലാഹു കാണുംപോലെ ആരും ആരെയും കാണുന്നില്ല. അല്ലാഹു അറിയുംപോലെ സൂക്ഷ്മമായി ആര്‍ക്കും ആരുടെയും രഹസ്യമറിയില്ല. അല്ലാഹുവിന്നു കഴിയുന്നതൊന്നും മറ്റാര്‍ക്കും കഴിയില്ല. അല്ലാഹു കാരുണ്യം ചൊരിയും പോലെ മറ്റാര്‍ക്കും കരുണ ചെയ്യാനാവില്ല. ആയതിനാല്‍ അല്ലാഹുവെ കവച്ചുവെക്കാന്‍ ആരുമില്ലെന്ന് ഉറച്ചുവിശ്വസിക്കല്‍ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന താല്പര്യങ്ങളില്‍ പെട്ടവയാണ്.

മാനവതക്ക് വഴി കാണിക്കാന്‍ നിയുക്തരായ പ്രവാചകന്മാരെല്ലാം ഏകദൈവ വിശ്വാസവും ഏകദൈവാരാധനയും ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. അഥവാ ആരാധനയിലെ ഏകത്വം എന്ന് നാം പറയുന്ന തൗഹീദുന്‍ ഫില്‍ ഉലൂഹിയ്യത്തിന്നായിരുന്നു അവര്‍ പ്രാമുഖ്യം നല്കിയിരുന്നത്. പ്രവാചകന്മാര്‍ ത്യാഗം സഹിച്ചു പഠിപ്പിച്ച തൗഹീദ് ഇതാണ്.

സൃഷ്ടി, സംഹാരം, രക്ഷ നല്കല്‍, ഭക്ഷണം നല്കല്‍, ജനിപ്പിക്കല്‍, മരിപ്പിക്കല്‍, മഴ വര്‍ഷിപ്പിക്കല്‍ എന്നിവയിലെ പൂര്‍ണ നിയന്ത്രണം അല്ലാഹുവിന് മാത്രമാണെന്ന് അംഗീകരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ആരാധനയിലെ ഏകത്വവും കൂടി അല്ലാഹുവിന് വകവെച്ചു കൊടുത്തുകൂടാ എന്ന ചോദ്യമാണതില്‍ അടങ്ങിയിട്ടുള്ളത്. അല്ലാഹുവിന്റെ നാമവിശേഷണങ്ങള്‍ അംഗീകരിക്കുന്ന ഒരാള്‍ക്ക് എന്തുകൊണ്ട് ആരാധ്യനാകാനും അവന്‍ മാത്രമേയുള്ളൂ എന്ന് അംഗീകരിച്ചുകൂടാ?

ഭക്ഷണം തരുന്ന, മഴ വര്‍ഷിപ്പിക്കുന്ന, ജനിപ്പിക്കുന്ന, മരിപ്പിക്കുന്ന അല്ലാഹുവിനു മാത്രമാണ് ആരാധനയും അര്‍ഹതയും പ്രാര്‍ഥനയും വഴിപാടുകളും നല്‌കേണ്ടതെന്ന കാര്യമാണ് പ്രവാചകന്മാര്‍ മൗലികമായി മനുഷ്യരെ ബോധ്യപ്പെടുത്തിയിരുന്നത്. ''ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും അയച്ചിട്ടില്ല.'' (വി.ഖു 21:25). ''തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണമെന്ന പ്രബോധനം ചെയ്യുന്നതിന് വേണ്ടി) എന്നിട്ട് അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി...'' (വി.ഖു 16:36)

ലാഇലാഹ ഇല്ലാല്ലാഹ് (അല്ലാഹു അല്ലാതെ ആരാധ്യനില്ല) എന്ന വചനത്തിന്റെ ശക്തി പ്രഭാവം അറിയണമെങ്കില്‍ മരണാസന്ന നിലയില്‍ കിടക്കുന്ന യഅ്ഖൂബ് നബിയുടെ ഉപദേശവും ജയിലില്‍ വെച്ച് യൂസുഫ് നബി(അ) നടത്തിയ പ്രബോധനവും ഇബ്‌റാഹീം(അ) നബിയുടെ പ്രബോധന ഘട്ടവും പ്രാര്‍ഥനകളും, മൂസാനബി(അ) ഫിര്‍ഔനുമായി നടത്തിയ വാഗ്ദാനങ്ങളുമെല്ലാം വിശകലനം ചെയ്താല്‍ മതിയാകും (വി.ഖു 2:133, 12:39, 14:35,36, 20:49,50) ഇതില്‍ നിന്നെല്ലാം അല്ലാഹുവിന്റെ ഏകത്വം ഉള്‍ക്കൊള്ളുന്നതിന്റെ മഹത്വം എത്ര ഉന്നതമായ കാര്യമാണെന്ന് ഗ്രഹിക്കാം. എന്നാല്‍ കാലദൈര്‍ഘ്യവും സാമൂഹികാന്തരീക്ഷവും ഈ വഴിയില്‍ നിന്ന് മനസ്സുകളെ അകറ്റിനിര്‍ത്തിക്കൊണ്ടിരിക്കുന്നു. അത്തരം ഘട്ടങ്ങളില്‍ അല്ലാഹു യഥാര്‍ഥ വിശ്വാസികളെ രക്ഷപ്പെടുത്തി അവിശ്വാസികളെ നശിപ്പിക്കുന്ന ചര്യയാണ് സ്വീകരിച്ചിരുന്നത്.

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യോടെ വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും ഗുണദോഷങ്ങള്‍ അവരവര്‍ ഇഹത്തിലും പരത്തിലും ദൈവനിശ്ചയപ്രകാരം അനുഭവിക്കേണ്ടിവരുമെന്നറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്രഷ്ടാവും നാഥനുമായ അല്ലാഹുവോട് മനുഷ്യര്‍ ചെയ്യുന്ന ഏറ്റവും കടുത്ത അക്രമം അവനില്‍ പങ്കുകാരെ ചേര്‍ക്കുകയെന്നതാണ്. 'ശിര്‍ക്ക്' എന്ന് സാങ്കേതികമായി പറയപ്പെടുന്ന ഈ അപരാധം മനുഷ്യര്‍ മാത്രമാണ് ദൈവത്തിന്റെ പേരില്‍ കെട്ടിയേല്പിക്കുന്നത്. വി.ഖുര്‍ആന്‍ ഏറ്റവും വലിയ പാതകമായി എടുത്തുപറഞ്ഞിട്ടുള്ള ഒന്നാണിത്. ''നിശ്ചയമായും ശിര്‍ക്ക് (ബഹുദൈവാരാധന) വമ്പിച്ച അക്രമം തന്നെയാകുന്നു.'' (വി.ഖു 31:13)

പ്രവാചകനോട്(സ) പോലും അല്ലാഹു ഉണര്‍ത്തിയത് ബഹുദൈവാരാധനയുടെ ദൂഷ്യ ഫലത്തെപ്പറ്റിയാണ്. നോക്കുക: ഇതത്രെ (അല്ലാഹുവിന്) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്റെ കര്‍മം നിഷ്ഫലമായിപ്പോവുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.'' (വി.ഖു 39:65)

''വക്രതയില്ലാതെ (ഋജുമാനസരായി) അല്ലാഹുവിലേക്ക് തിരിഞ്ഞവരും അവനോട് യാതൊന്നും പങ്കുചേര്‍ക്കാത്തവരുമായിരിക്കണം (നിങ്ങള്‍). അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണതു പോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയിത്തള്ളുന്നു''(വി.ഖു 22:31). ദൈവിക സന്നിധിയില്‍ എത്തിച്ചേരാനാവാതെ അവന്റെ അനുഗ്രഹത്തില്‍ നിന്നെല്ലാം വിദൂരമാക്കപ്പെട്ട ഒരവസ്ഥയാണ് ബഹുദൈവാരാധകന് സംഭവിക്കുക എന്നു സാരം. ആയതിനാല്‍ രക്ഷാകര്‍തൃത്വത്തിലും, ആരാധനക്കുള്ള അര്‍ഹതയിലും ഗുണവിശേഷങ്ങളിലും അല്ലാഹുവിന് സമന്മാരെ സങ്കല്പിക്കാവതല്ല. ആരാധ്യതയിലെ ഏകത്വത്തില്‍ ഊന്നല്‍ നല്കിക്കൊണ്ടാണ് പ്രവാചകന്മാരെല്ലാം പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് (വി.ഖു 7:59, 7:65, 7:73, 7:85, 29:16,17)

നരകശിക്ഷയെക്കുറിച്ചുള്ള ഭയവും സ്വര്‍ഗീയ ജീവിതത്തെപ്പറ്റിയുള്ള പ്രതീക്ഷയും വെച്ചുപുലര്‍ത്തിക്കൊണ്ട്, അല്ലാഹുവെ മാത്രമാണ് എല്ലാം ഏല്പിക്കാന്‍ കരുത്തുള്ളവന്‍ എന്നുറപ്പിച്ച് അവനില്‍ ഭരമേല്പിച്ചുകൊണ്ട്, തന്റെ നാഥനില്‍ പ്രത്യാശയര്‍പ്പിച്ച് നേര്‍ച്ചകളും വഴിപാടുകളും അവന്റെ പ്രീതിക്കായി നല്കിക്കൊണ്ട് ഒരു സത്യവിശ്വാസി പ്രാര്‍ഥനാ ഭാവത്തോടെ ചെയ്യുന്നതെല്ലാം ആരാധനയുടെ പരിധിയില്‍ വന്നുചേരുന്നു. ഇതെല്ലാം വഴി തെറ്റിപ്പോയാല്‍ ബഹുദൈവാരാധനയില്‍ എത്തിപ്പെടുകയും ചെയ്യും.

സ്രഷ്ടാവായ അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ടല്ലാതെ സത്യം ചെയ്യുന്നതും ഭൂതവും ഭാവിയും വര്‍ത്തമാനവും മറ്റു അദൃശ്യകാര്യങ്ങളും പ്രവചിക്കാന്‍ സ്വയം കഴിവുള്ളവനാണെന്ന് കരുതി ഒരു ജ്യോത്സ്യന്റെയോ ഗണിതക്കാരന്റേയോ അടുക്കല്‍ പോയി അയാള്‍ പറയുന്നതില്‍ വിശ്വാസമര്‍പ്പിക്കലും പ്രവാചകനിലുള്ള അവിശ്വാസത്തിലും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നതിലുമാണ് കലാശിക്കുകയെന്നത് ഇസ്‌ലാമികാധ്യാപനങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. ഇങ്ങനെയെല്ലാം 'ശിര്‍ക്ക്' ചെയ്യുന്ന ഒരാള്‍ ഞാന്‍ വിളിച്ചു തേടുന്നവരെല്ലാം അല്ലാഹുവാണെന്ന് കരുതിക്കൊണ്ടല്ല അങ്ങനെ ചെയ്യുന്നതെന്ന് ന്യായീകരിക്കാറുണ്ട്. ഇത് ഏറ്റവും വലിയൊരു അബദ്ധമാണ്. കാരണം, ബഹുദൈവാരാധകരൊന്നും ആരാധിക്കുമ്പോള്‍ സാക്ഷാല്‍ ദൈവമാണവയെല്ലാം എന്ന് കരുതിക്കൊണ്ടല്ലല്ലോ ചെയ്യുന്നത്. മറിച്ച്, അവക്കെല്ലാം ദൈവിക സാമീപ്യമോ പ്രത്യേകതകളോ ലഭിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ്.
ആയതിനാല്‍ അല്ലാഹുവാണെന്ന് വിശ്വസിക്കാതെ അല്ലാഹു അല്ലാത്ത സൃഷ്ടികള്‍ക്ക് ആരാധനകള്‍ സമര്‍പ്പിച്ചാലും ബഹുദൈവാരാധന തന്നെയാണത്.

അല്ലാഹു വിലക്കിയ കാര്യങ്ങളും വലിയ അനുഗ്രഹവും ചെയ്യാന്‍ 'നിയ്യത്തി'ന്റെ (ഉദ്ദേശ്യം) പ്രശ്‌നമുത്ഭവിക്കുന്നില്ല. വ്യഭിചരിക്കുമ്പോഴും മോഷ്ടിക്കുമ്പോഴും കൊലപാതകം നടത്തുമ്പോഴും കള്ളസാക്ഷ്യം പറയുമ്പോഴും ഇത്തരം തിന്മകള്‍ തന്നെയാണ് ഞാന്‍ ചെയ്യുന്നതെന്ന് മനസ്സില്‍ കരുതിയാലും ഇല്ലെങ്കിലും തെറ്റുകള്‍ തെറ്റാവാതിരിക്കുകയില്ലല്ലോ. ബഹുദൈവാരാധന നടത്തുന്നതും അങ്ങനെ തന്നെയാണ്. താന്‍ ബഹുദൈവാരാധനയൊന്നുമല്ല ചെയ്യുന്നതെന്ന് വിശ്വസിച്ച് ബഹുദൈവങ്ങളെ ആരാധിച്ചാലും 'ശിര്‍ക്ക്' തന്നെയാണത്. എന്നാല്‍ സല്‍കര്‍മങ്ങളുടെ സ്വീകാര്യത ആത്മാര്‍ഥതയുടെയും നിയ്യത്തിന്റെയും അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക. ചുരുക്കത്തില്‍ 'മഅ്‌സിയത്ത്' (വിലക്കിയ പാപകൃത്യങ്ങള്‍) ചെയ്യുന്ന ആള്‍ക്ക് ഉദ്ദേശ്യം വേണ്ടതില്ല. 'ശിര്‍ക്കാ'ണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെടുമ്പോള്‍ അതിനെ വ്യാഖ്യാനിച്ച് ബഹുദൈവാരാധനയല്ലാതാക്കാന്‍ ചിലര്‍ നെയ്‌തെടുത്ത സൂത്രങ്ങളാണിതെല്ലാം.

ആരാധനകളിലെ കാതലായ ഭാഗം അതിലടങ്ങിയ പ്രാര്‍ഥനയാണ്. പ്രാര്‍ഥനകള്‍ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനോടല്ലാതെ ഒരിക്കലും പാടില്ല. സൃഷ്ടികള്‍ എത്ര വലിയവയായിരുന്നാലും ശരി, അവയെ സ്രഷ്ടാവിനോളം ഉയര്‍ത്താന്‍  പാടില്ല. അവയെ മധ്യവര്‍ത്തികളാക്കേണ്ടതുമില്ല. സ്രഷ്ടാവിലേക്ക് അടുക്കാന്‍ ഇടയില്‍ മധ്യവര്‍ത്തികളുടെ ഇടപെടല്‍ പരിശുദ്ധമായ മനുഷ്യപ്രകൃതിയില്‍ സ്രഷ്ടാവ് നിശ്ചയിച്ച വ്യവസ്ഥയെ അട്ടിമറിക്കലാണ്. പ്രാര്‍ഥനകളില്ലാത്ത വിധം ഒരു സദ്കര്‍മങ്ങളും സ്വീകരിക്കപ്പെടുകയില്ല. സദ്കര്‍മമാണെന്ന് മതം പഠിപ്പിച്ചിട്ടില്ലാത്തത് എത്ര നീണ്ട പ്രാര്‍ഥനകള്‍ അതില്‍ ഉള്‍പ്പെടുത്തിയാലും സദ് കര്‍മമാവുകയുമില്ല. സ്രഷ്ടാവിനോട് നേരിട്ട് പ്രാര്‍ഥിക്കുന്നതാണ് ശുദ്ധ പ്രകൃതി. ഇത് കാത്തുസൂക്ഷിച്ചവരായിരുന്നു പുണ്യവാന്മാര്‍. നോക്കുക! 'അവര്‍ രണ്ടുപേരും പറഞ്ഞു: (ആദമും ഹവ്വയും) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.''(വി.ഖു 7:23)

നൂഹ്(അ) പ്രാര്‍ഥിച്ചു: ''എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും എന്റെ വീട്ടില്‍ വിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവന്നും സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കും നീ പൊറുത്ത് തരേണമേ.''(വി.ഖു 71:28)

ലൂത്ത്(അ) പ്രാര്‍ഥിക്കുന്നു: ''എന്റെ രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ.'' (വി.ഖു 26:169)

അയ്യൂബ് നബിയുടെ പ്രാര്‍ഥന: ''അയ്യൂബിനേയും (ഓര്‍ക്കുക) തന്റെ രക്ഷിതാവിനെ വിളിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രാര്‍ഥിച്ച സന്ദര്‍ഭം. എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ.'' (വി.ഖു 21:83). യൂനുസ്(അ)യുടെ പ്രാര്‍ഥന: ''അനന്തരം ഇതളുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ചു. നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു''(വി.ഖു 21:87)

സക്കരിയ്യ(അ)യുടെ പ്രാര്‍ഥന: ''എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്‍തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ, നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍.''(വി.ഖു 21:89)

ഇബ്‌റാഹീം നബിയും(അ) ഇസ്മാഈല്‍(അ)യും കൂടി പ്രാര്‍ഥിച്ചത്. ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പ്പെടുത്തുന്നവരാക്കുകയും ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്ക് കീഴ്‌പ്പെടുന്ന ഒരു സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനാക്രമങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 2:127, 128).

യൂസുഫ്(അ)യുടെ പ്രാര്‍ഥന: ''എന്റെ രക്ഷിതാവേ, നീ എനിക്ക് ഭരണാധികാരത്തില്‍ നിന്ന് (ഒരംശം) നല്കുകയും സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനത്തില്‍ നിന്നും (ചിലത്) നീ എനിക്ക് പഠിപ്പിച്ചു തരികയും ചെയ്തിരിക്കുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു. നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.''(വി.ഖു 12:101)

ഈ വിധത്തിലുള്ള അനേകം പ്രാര്‍ഥനകള്‍ വി.ഖുര്‍ആന്‍ എടുത്ത് പറയുന്നുണ്ട്. യമനിലുണ്ടായിരുന്ന ബില്‍ക്കീസ് രാജ്ഞി സത്യവിശ്വാസം സ്വീകരിച്ച ശേഷം നടത്തിയ പ്രാര്‍ഥനയും, ഫറോവയുടെ ഭാര്യയുടെ പ്രാര്‍ഥനയും ഗുഹാവാസികളുടെയും മറ്റു സത്യവിശ്വാസികളുടെയും പ്രാര്‍ഥനകളും അതില്‍ പെടുന്നു. ഈ പ്രാര്‍ഥനകളെല്ലാം നേര്‍ക്കുനേരെ സ്രഷ്ടാവും നാഥനുമായ അല്ലാഹുവോടാണ്. ഇടയില്‍ മധ്യവര്‍ത്തികളില്ല. ഏകദൈവാരാധനയുടെ താല്പര്യവും ഇതു തന്നെയാണ്. സൃഷ്ടികള്‍ക്ക് സ്രഷ്ടാവ് നിശ്ചയിച്ച ശുദ്ധ പ്രകൃതിയാണത്.

പ്രാര്‍ഥനകളും ആരാധനകളും പ്രപഞ്ചത്തിന്റെ അധിപനുമാത്രം സമര്‍പ്പിക്കുകയെന്ന വിശിഷ്ടമായ ഒരാശയം. ഭക്ഷണം നല്കുന്നത്, മരിപ്പിക്കുന്നത്, ജനിപ്പിക്കുന്നത്, മഴവര്‍ഷിപ്പിക്കുന്നത്, പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത് എന്നിവ അല്ലാഹു മാത്രമാണെന്ന് ഒരാള്‍ അംഗീകരിച്ചതുകൊണ്ടു മാത്രം അയാള്‍ 'മുവഹിദ്' (ഏകദൈവാരാധകന്‍) ആവുകയില്ല. അതുപോലെത്തന്നെ ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്ന് സമ്മതിച്ച ശേഷം അല്ലാഹുവിന്റെ വിശിഷ്ട നാമങ്ങള്‍ മറ്റാര്‍ക്കെങ്കിലും വകവെച്ചു കൊടുത്താല്‍ അവരും 'മുവഹിദാ'വുകയില്ല.

മനുഷ്യര്‍ക്ക് പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് പ്രാപിച്ചെടുക്കാന്‍ കഴിയാത്ത ശക്തികള്‍ക്കും സൃഷ്ടികള്‍ക്കും (ഉദാ: മലക്കുകള്‍, ജിന്ന്, പിശാച്, മരണപ്പെട്ടവര്‍). സ്വന്തമായി ഉപകാരവും ഉപദ്രവവും വരുത്തി വെക്കാന്‍ ദൈവാനുമതിയില്ലാതെ സാധിക്കുമെന്ന് കരുതി സഹായാര്‍ഥനയും രക്ഷതേടലും പ്രാര്‍ഥനയും അവയോട് നടത്തിയാല്‍ അതും തൗഹീദില്‍ പെട്ടതല്ല. അത്തരമൊരു കീഴ്‌വഴക്കം തന്നെ പ്രവാചകന്മാരോ പുണ്യവാന്മാരോ കാണിച്ചിട്ടില്ല. അങ്ങനെ വല്ലവനും ചെയ്താല്‍ അവര്‍ ഗ്വയ്ബിലുള്ള വിശ്വാസത്തിന്റെ അതിര്‍ വരമ്പുകള്‍ ലംഘിച്ചവനാകും.

റുബൂബിയ്യത്തിലും ഉലൂഹിയ്യത്തിലും അസ്മാഅ്‌സ്വിഫാത്തിലും അല്ലാഹുവിന്ന് സമന്മാരില്ലെന്ന് ഉറപ്പിച്ചു അംഗീകരിച്ചു ആരാധിക്കുമ്പോള്‍ മാത്രമേ ഇസ്‌ലാം ഉയര്‍ത്തിക്കാട്ടുന്ന 'തൗഹീദ്' ഉള്‍ക്കൊണ്ടവനാവുകയുള്ളൂ. തൗഹീദിന്റെ വാഹകരൊന്നും തിന്മകള്‍ക്ക് കൂട്ടുനില്ക്കുന്നവരുമാകരുത്.

മനുഷ്യരുടെ ഗവേഷണങ്ങള്‍ കൊണ്ട് പ്രാപിക്കാന്‍ കഴിയാത്ത അറിവുകളാണ് പ്രവാചകന്മാരിലൂടെ അല്ലാഹു അറിയിക്കുന്നത്. മലക്കുകള്‍, ജിന്ന്, പിശാച്, റൂഹ്, സ്വര്‍ഗം, നരകം, ദൈവവിധി, അന്ത്യദിനം എന്നിവയെല്ലാം അതില്‍ പെടുന്നു. പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടില്ലാത്ത കാര്യങ്ങളില്‍ ഗവേഷണം നടത്തി കാടു കയറേണ്ട ആവശ്യവുമില്ല. മലക്കുകളെക്കാളധികം ഭീതിയും ദുരൂഹതകളും അന്ധവിശ്വാസങ്ങളും ഉണ്ടായിട്ടുള്ളത് ജിന്ന്, പിശാച് എന്നിവയെപ്പറ്റിയാണ്.

മനുഷ്യമനസ്സുകളെ ഭീതിപ്പെടുത്തുന്ന ജിന്നുകഥകള്‍ കമ്പോളങ്ങളില്‍ സുലഭമായി ലഭിക്കും. റൂഹാനികള്‍ (പ്രേതം) എന്നറിയപ്പെടുന്ന ബാധകളെപ്പറ്റിയും അത് ഒഴിപ്പിക്കാന്‍ കഴിയുന്നവരാണ് മന്ത്രവാദികളെന്നും ചിലര്‍ കരുതുന്നുണ്ട്. ഇത്തരം പഴുതുകളിലൂടെയാണ് ചൂഷണങ്ങളും തട്ടിപ്പുകളും വ്യാപകമാകുന്നത്. പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസത്തെയും ഏകദൈവാരാധനയെയും മലീമസമാക്കുന്ന പ്രവണതകള്‍ വര്‍ധിച്ചുവരികയാണ്. യഥാര്‍ഥ വിശ്വാസികള്‍ ജാഗ്രതയുള്ളവരാവുക. സ്രഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യതിരിക്തത മനസ്സിലാക്കാതെ സൃഷ്ടികളെ സ്രഷ്ടാവിന്റെ വിതാനത്തിലേക്ക് ഉയര്‍ത്തുകയോ സൃഷ്ടികള്‍ക്കൊന്നും നല്കപ്പെട്ടിട്ടില്ലാത്ത കഴിവുകള്‍ അവയുടെ മേല്‍ ആരോപിക്കുകയോ ചെയ്യാന്‍ പാടില്ല. പ്രാര്‍ഥനകള്‍ കേട്ട് ഉത്തരം ചെയ്യാനുള്ള കഴിവ് അല്ലാഹു ആര്‍ക്കും നല്കിയിട്ടില്ല. എന്തൊക്കെ വ്യാഖ്യാന കസര്‍ത്തുകള്‍ കളിച്ചാലും അതെല്ലാം മതത്തിനു പുറത്തായിരിക്കും.       

By അബ്ദുല്‍അലി മദനി
ശബാബ് വാരിക / 2016 ജൂലൈ 15

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts