ലോകമുസ്‌ലിംകളില്‍ ഒരു വിഭാഗം റബീഉല്‍അവ്വല്‍ മാസം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. റബീഉല്‍ അവ്വല്‍ 12 നബിദിനമെന്ന പേരിലാണ് ആഘോഷിക്കുന്നത്. പ്രമാണങ്ങളുടെ പിന്‍ബലമില്ലാതെയാണ് ഈ ആഘോഷം. അന്ധമായ അനുകരണമാണ് പ്രവാചകജയന്തി ആഘോഷിക്കുന്നവരുടെ മുഖമുദ്ര. തങ്ങളുടെ ഇമാമായി അംഗീകരിച്ച വ്യക്തിയെ തഖ്‌ലീദ് ചെയ്യുക എന്നതാണ് അവരുടെ ആദര്‍ശം. ഇമാമിന്റെ പേരില്‍ തങ്ങള്‍ അറിയപ്പെടാനാണ് അവരുടെ ആഗ്രഹം. ശാഫികള്‍, ഹനഫികള്‍, ഹന്‍ബലികള്‍, മാലിക്കികള്‍, അശ്അരികള്‍, മാതുരീദികള്‍ എന്നിങ്ങനെ പോകുന്നു അവരെ അനുഗമിക്കുന്നവരുടെ വംശപ്പേരുകള്‍.
യാതൊരു തെളിവും കൂടാതെ ഒരാളുടെ അഭിപ്രായം അന്ധമായി അനുകരിക്കുന്നവരാണ് മുഖല്ലിദുകള്‍. ഏതെങ്കിലും ഒരു പണ്ഡിതനെ തഖ്‌ലീദ് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഒരു മുജ്തഹിദും പറഞ്ഞിട്ടില്ല. മുഖല്ലിദുകള്‍ ഇജ്തിഹാദ് ചെയ്ത് അഭിപ്രായപ്പെടുന്ന ഒരു ഫത്‌വ മാത്രമാണ് തഖ്‌ലീദ് നിര്‍ബന്ധമാണ് എന്നുള്ളത്. ഏതെങ്കിലും ഒരു പണ്ഡിതന്റെ അഭിപ്രായം അന്ധമായി അനുകരിച്ച് അയാള്‍ ഹറാമാണെന്ന് പറഞ്ഞത് ഹറാമായി അംഗീകരിക്കുകയും അയാള്‍ ഹലാലാണെന്നു പറഞ്ഞത് ഹലാല്‍ എന്ന് അംഗീകരിക്കുകയും ചെയ്യുന്നവര്‍ അവരെ ആള്‍ദൈവങ്ങളായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അവരുടെ പുരോഹിതന്മാരെയും പാതിരിമാരെയും 'അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കിയിരിക്കുന്നു' എന്ന് പൂര്‍വ വേദക്കാരെപ്പറ്റി ഖുര്‍ആനില്‍ പറഞ്ഞത് (വി.ഖു 9:39) ഇവര്‍ക്ക് ബാധകമാണ്. ഒരുതരം ആത്മീയ അടിമത്വം മാത്രമാണിത്. സ്വതന്ത്ര ചിന്ത അവര്‍ക്ക് അന്യമായിരിക്കുകയാണ്.
ത്വരീഖത്തുകളെ പിന്തുടരുന്ന മുരീദന്മാരുടെയും അവസ്ഥ ഇതു തന്നെയാണ്. അവരുടെ ശൈഖുമാരുടെ അടിമകളാണ് തങ്ങളെന്ന് സമ്മതിക്കുകയും അവരോട് മോക്ഷത്തിനായി തേടുകയും ചെയ്യുന്നു. അവരുടെ ശൈഖിനോട് പറയുന്ന പ്രാര്‍ഥനയാണ് ശൈഖേ അങ്ങയുടെ ദാസന്മാരില്‍ ഒരു ദാസനായും അങ്ങയെ ലക്ഷ്യം വെച്ചു ജീവിക്കുന്ന അങ്ങയുടെ ഒരു മുരീദായും എന്നെ പരിഗണിക്കണമേ എന്നത്.
ഇങ്ങനെയുള്ള മുസ്‌ലിം സമൂഹമാണ് നബിദിന ആഘോഷങ്ങളില്‍ മുഴുകുന്നവര്‍. എന്നാല്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവന്റെ മാത്രം അടിമകളായി ജീവിക്കുന്ന റബ്ബാനികളായ മുസ്‌ലിംകള്‍ ലോകത്ത് എവിടെയും നബിദിനം ആഘോഷിക്കുകയോ അതിന് പ്രത്യേക പുണ്യം നല്കുകയോ ചെയ്യുകയില്ല. അതുകൊണ്ടുതന്നെ നബി(സ) ജനിച്ചുവളരുകയും അവിടത്തെ മൂന്ന് തലമുറകള്‍ ജീവിക്കുകയും ചെയ്ത പ്രദേശങ്ങളിലൊന്നും നബിദിനാഘോഷം കാണാന്‍ കഴിയില്ല. പ്രവാചകന്റെ കാലത്തോ ശേഷമുള്ള അനുചരന്മാരുടെ ഉത്തമരായ മൂന്ന് തലമുറകള്‍ ജീവിച്ച കാലത്തോ നബിദിനാഘോഷം ഉണ്ടായിരുന്നില്ല എന്ന കാര്യത്തില്‍ എതിരഭിപ്രായമില്ല.
മൗലീദാഘോഷം ആദ്യത്തെ മൂന്ന് തലമുറകള്‍ക്ക് ശഷം പുതുതായി ഉണ്ടായതാണ് (ഇആനത്തു ത്വാലിബീന്‍). ഇങ്ങനെ മതപരമായ കാര്യങ്ങള്‍ പുതുതായി ഉണ്ടാക്കുന്നതിന് ബിദ്അത്ത് അഥവാ അനാചാരം എന്നാണ് പറയുക. മതത്തില്‍ ഒരു ആചാരമുണ്ടാക്കി അത് നല്ലതാണെന്ന് പറഞ്ഞാല്‍ മുഹമ്മദ് നബി(സ) ദൗത്യനിര്‍വഹണത്തില്‍ വഞ്ചന കാണിച്ചിരിക്കുന്നു എന്നതാണതിന്റെ അര്‍ഥം. കാരണം ഇസ്‌ലാംമതം പ്രവാചകന്റെ കാലത്ത് തന്നെ പൂര്‍ത്തിയായിട്ടുണ്ട് എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും നരകത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന കാര്യങ്ങള്‍ യാതൊന്നും നിങ്ങള്‍ക്ക് വ്യക്തമാക്കി തരാതിരുന്നിട്ടില്ല. ഈ മതകാര്യത്തില്‍ പുതുതായി ഉണ്ടാക്കുന്നത് അനാചാരമാണെന്നും അങ്ങനെ വല്ലതും ഉണ്ടാക്കുന്നത് തള്ളിക്കളയേണ്ടതാണെന്നും നബി(സ) പ്രഖ്യാപിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള അനാചാരങ്ങള്‍ നല്ലതാണെന്ന് പറഞ്ഞാല്‍ ഈ പ്രഖ്യാപനങ്ങള്‍ മുഖേന നബി(സ) അവരെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. കാരണം നബി(സ) അത് പറഞ്ഞുതരുകയോ കാണിച്ചുതരുകയോ ചെയ്തില്ലല്ലോ. പിന്നെ നല്ലതാണെന്ന് പറയുന്നവര്‍ ഭൗതികമായ കാര്യങ്ങളെ പറ്റിയാണ് പറയുന്നത്.
മതപരമായ ഒരു കാര്യം നന്മയാണെന്ന് പറയണമെങ്കില്‍ അതിന് മരണാനന്തരം അല്ലാഹുവിന്റെ അടുക്കല്‍ നിന്ന് പ്രതിഫലം ലഭിക്കുമെന്ന ഉറപ്പുണ്ടായിരിക്കണം. അല്ലാഹുവിന്റെ പക്കല്‍ നിന്ന് അങ്ങനെയുള്ള വിവരം വഹ്‌യ് മുഖേന മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. നബി(സ) ക്ക് ശേഷം പിന്നെ ആര്‍ക്കും വഹ്‌യില്ലല്ലോ. നബി(സ)യുടെ കാലശേഷം ഭൗതിക കാര്യങ്ങളില്‍ പലതും പുതുതായി ഉണ്ടായിട്ടുണ്ട്. നാം സംസാരിക്കുന്ന ഉച്ചഭാഷിണിയും നമുക്ക് കുളിര്‍മ നല്കുന്ന എയര്‍കണ്ടീഷനുകളും നാം യാത്ര ചെയ്യുന്ന വാഹനങ്ങളുമെല്ലാം ആ കൂട്ടത്തില്‍ ചിലതാണ്. അതിന്റെ നന്മകള്‍ ദുന്‍യാവില്‍ അനുഭവിക്കുന്നവര്‍ക്ക് അത് നല്ലതാണെന്ന് പറയാം. എന്നാല്‍ ഈ മൗലീദ് ആഘോഷങ്ങള്‍ കൊണ്ട് സാധാരണ മുസ്‌ലിംകള്‍ക്ക് യാതൊരു നന്മയും ലഭിക്കാനില്ല. മാത്രമല്ല ധാരാളം തിന്മകള്‍ക്കും മഹാപാപങ്ങള്‍ക്കും അത് നിമിത്തമായിത്തീരുന്നു. ഇതിന് പ്രോത്സാഹനം നല്കുന്ന മുല്ലമാര്‍ക്കും മുസ്‌ലിയാന്മാര്‍ക്കും ചില നേട്ടങ്ങള്‍ ഉണ്ടായേക്കാം. അത് അനുഭവിച്ചുകൊണ്ടാണ് ഉത്തമ തലമുറകള്‍ക്ക് ശേഷം ഉണ്ടായതാണെങ്കിലും അത് നല്ല ബിദ്അത്താണ് എന്ന് അവര്‍ പറയുന്നത്.
മതത്തില്‍ കടന്നുകൂടുന്ന ബിദ്അത്തുകള്‍ എല്ലാം വഴികേടിലാണ് എന്നതില്‍ യാതൊരു സംശയവുമില്ല. അല്ലാഹു പറയുന്നു: പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നഷ്ടപ്പെട്ടവരെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ. ഭൗതിക ജീവിതത്തില്‍ അവരുടെ അധ്വാനം വഴികേടിലായിത്തീരുകയും തീര്‍ച്ചയായും തങ്ങള്‍ നല്ലതാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ കരുതുകയും ചെയ്യുന്നു. അവരാണ് ആ നഷ്ടകാരികള്‍.'' (വി.ഖു 18:104)
മൗലീദാഘോഷത്തിലെ മഹാപാപങ്ങള്‍
ഈ മൗലീദാഘോഷം ഒരു അനാചാരം മാത്രമല്ല, നിരവധി മഹാപാപങ്ങള്‍ അതിലൂടെ അറിഞ്ഞോ അറിയാതെയോ അതിന്റെ ആളുകള്‍ ചെയ്തുവരുന്നുണ്ട്.
1). അതില്‍ ഏറ്റവും വലിയ മാഹാപാപം ശിര്‍ക്ക് (അല്ലാഹുവിനോട് പങ്കുചേര്‍ക്കല്‍) ഉള്‍പ്പെടുന്നുണ്ട്. അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാന സിദ്ധാന്തമായ ഏകദൈവ വിശ്വാസം. അത് അക്ഷരങ്ങളില്‍ മാത്രം പരിമിതപ്പെടുത്തിക്കൊണ്ട് അതിന്റെ ആശയത്തിന് വിരുദ്ധമായി ബഹുദൈവാരാധനയിലേക്ക് വ്യതിചലിച്ചുപോകുന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്. പ്രാര്‍ഥനയാണ് യഥാര്‍ഥ ആരാധനയെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. ''ആരാധനലായങ്ങള്‍ അല്ലാഹുവിന്റേതാണ്. അതുകൊണ്ട് അല്ലാഹുവിന്റെ കൂടെ മറ്റാരെയും നിങ്ങള്‍ പ്രാര്‍ഥിക്കരുത്'' (72:18). ''പറയുക, ഞാന്‍ എന്റെ റബ്ബിനോട് മാത്രമേ പ്രാര്‍ഥിക്കുകയുള്ളൂ അവനോട് (പ്രാര്‍ഥനയില്‍) ആരെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.'' (72:20)
എന്നാല്‍ നബി(സ)യോട് പ്രാര്‍ഥിക്കാനാണ് മൗലിദ് ആഘോഷിക്കുന്നവര്‍ അനുയായികളെ പഠിപ്പിക്കുന്നത്. അത് അറിയാതെ ശിര്‍ക്ക് ചെയ്യാനുള്ള ആഹ്വാനമാണ്. പാപം പൊറുക്കുന്നവന്‍ അല്ലാഹു മാത്രമാണ്. എല്ലാ പാപങ്ങളും അറിയുന്നവനും അവന്‍ തന്നയാണ്. പാപമോചനത്തിന് എല്ലാവരുടെയും തേട്ടങ്ങള്‍ കേള്‍ക്കുന്നതും അവന്‍ തന്നെയാണ്. അതിനൊന്നും പരിധിയും പരിമിതിയും ഇല്ല. എന്നാല്‍ ഇതെല്ലാം നബി(സ)ക്ക് കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് നബിയോടുള്ള പ്രാര്‍ഥനയാണ് ഇപ്പോള്‍ മൗലീദാഘോഷത്തിലെ ഒരു പ്രധാനഘടകം. ആരാധകര്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു: ''നബിയേ ഞാന്‍ കണക്കില്ലാത്തത്ര പാപങ്ങള്‍ ചെയ്തുകൂട്ടിയിരിക്കുന്നു. അതിനാല്‍ താങ്കളോട് മാത്രം സങ്കടം ബോധിപ്പിക്കുന്നു.'' ഈ സങ്കടം പറയുന്ന പ്രാര്‍ഥന നബിക്ക് നല്കുന്ന ആരാധനയാണ്.
2). ആരാധനയിലുള്ള ശിര്‍ക്ക് മാത്രമല്ല, ഉടമാവകാശത്തിലുള്ള ശിര്‍ക്കും മൗലീദില്‍ വളരെ പ്രകടമാണ്. എല്ലാ മനുഷ്യരും അല്ലാഹുവിന്റെ ഉടമയിലുള്ള അവന്റെ അടിമകള്‍ മാത്രമാണ്. അല്ലാഹുവിന്റെ ഉടമാവകാശത്തില്‍ മറ്റാര്‍ക്കും പങ്കില്ല എന്നത് യാഥാര്‍ഥ്യമാണ്. നബി(സ) പ്രാര്‍ഥനയില്‍ അല്ലാഹുവിനോട് ഇങ്ങനെ പറയാറുണ്ട്: അല്ലാഹുവേ നീയാണ് എന്റെ റബ്ബ്. നീയല്ലാതെ വേറെ ഇലാഹില്ല. ഞാന്‍ നിന്റെ അടിമയാകുന്നു. എനിക്ക് പൊറുത്ത് തരേണമേ. എന്നാല്‍ ഇങ്ങനെ അല്ലാഹുവോട് പറയുന്നതുപോലെ നബി(സ)യോടും മൗലീദുകാരന്‍ പ്രാര്‍ഥിക്കുന്നു. ''സൃഷ്ടികളില്‍ ഉത്തമരായ പ്രവാചകരേ ഞാന്‍ നിങ്ങളുടെ സാധുവായ ഒരു അടിമയാണ്. അങ്ങയുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.''
ഇവിടെ അല്ലാഹുവിന്റെ ഉടമാവകാശത്തില്‍ നബിയെ കൂടി പങ്കുചേര്‍ത്ത് പ്രാര്‍ഥിക്കാന്‍ പണ്ഡിതന്മാര്‍ മൗലീദാഘോഷിക്കുന്നവര്‍ക്ക് പ്രചോദനം നല്കുന്നു. നബി(സ) അല്ലാഹുവിനോടായി പാപമോചനത്തിന് തേടിയ പോലെയും സത്യവിശ്വാസികളോട് അല്ലാഹുവിനോട് പാപമോചനം തേടാന്‍ പഠിപ്പിച്ചതുപോലെയും അല്ലാഹുവിനെ ഒഴിവാക്കി നബിയോട് പാപമോചനം തേടാനും മൗലിദാഘോഷക്കാര്‍ മുസ്‌ലിംകളെ പഠിപ്പിക്കുന്നുണ്ട്. മൗലിദില്‍ ഇങ്ങനെ പറയുന്നു:
''ഞാന്‍ എണ്ണവും കണക്കുമില്ലാത്തത്ര പാപങ്ങള്‍ ചെയ്തിരിക്കുന്നു. അതിനാല്‍ പ്രവാചകരില്‍ ഉത്തമനായ എന്റെ യജമാനനേ, ഞാന്‍ അങ്ങയോട് മാത്രമാണ് സങ്കടപ്പെടുന്നത്. ആദ്യം നബിയോട് അങ്ങയുടെ ഒരടിമയാണ് ഞാന്‍ എന്ന് പറഞ്ഞു. ഇപ്പോള്‍ നബിയെ എന്റെ യജമാനനാണെന്ന് വിളിച്ച് സങ്കടപ്പെടുന്നു. ഇതെല്ലാം അല്ലാഹുവിന്റെ സ്ഥാനത്തേക്ക് നബിയെ ഉയര്‍ത്തുകയാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ സ്ഥാനത്തേക്ക് നബിയെ ഉയര്‍ത്തുമ്പോള്‍ നബിയെ അവഹേളിക്കുകയും മൗലിദാഘോഷക്കാര്‍ തങ്ങളുടെ ആഘോഷത്തില്‍ ചെയ്യുന്നത്.
നബിയുടെ ജന്മദിനമാണല്ലോ മൗലിദാഘോഷത്തില്‍ ഉദ്ദേശിക്കുന്നത്. ജനിച്ചപ്പോള്‍ നബി(സ) നബിയോ റസൂലോ ആയിരുന്നില്ല. നാല്പത് കൊല്ലം കഴിഞ്ഞ് പക്വത വന്ന കാലഘട്ടത്തില്‍ ഒരു റമദാനിലാണ് നബി(സ)ക്ക് ദിവ്യസന്ദേശം ലഭിച്ചത്. അങ്ങനെ ആ പ്രവാചകത്വം ലഭിച്ച പ്രവാചകന്‍ തന്റെ അനുയായികളെ ഒരിക്കലും എന്റെ അടിമകള്‍ എന്ന് പറഞ്ഞ് അഭിസംബോധന ചെയ്തിട്ടില്ല. അത് മാത്രമല്ല, അടിമത്വം നിലനിന്ന കാലഘട്ടത്തില്‍ എന്റെ അടിമ എന്ന് പറഞ്ഞുകൊണ്ട് ഒരു മനുഷ്യന്‍ തന്റെ കീഴിലുള്ള ദാസന്മാരെ അഭിസംബോധന ചെയ്യരുതെന്ന സംസ്‌കാരം പഠിപ്പിച്ച ആ പ്രവാചകനോട് ഒരാള്‍ താന്‍ അങ്ങയുടെ അടിമയാണെന്ന് പറയുമ്പോള്‍ പ്രവാചകനെ ആരാധിക്കുകയോ അവഹേളിക്കുകയോ ആണ്. അങ്ങനെ പറയുന്നത് പ്രവാചകത്വം ലഭിച്ച ഒരു മനുഷ്യന് ചേര്‍ന്നതല്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അല്ലാഹു പറയുന്നു: ''അല്ലാഹു ഒരു മനുഷ്യന് വേദഗ്രന്ഥവും മതവിജ്ഞാനവും പ്രവാചകത്വവും നല്കുകയും എന്നിട്ട് അദ്ദേഹം തന്നെ ജനങ്ങളോട് നിങ്ങള്‍ അല്ലാഹുവിനെ വിട്ട് എന്റെ ദാസനായിരിക്കുവീന്‍ എന്ന് പറയുക എന്നത് ഒരിക്കലും ഉണ്ടാവുന്നതല്ല. എന്നാല്‍ നിങ്ങള്‍ വേദഗ്രന്ഥം പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലും അല്ലാഹുവിന്റെ നിഷ്‌കളങ്കമായ ദാസന്മാരായിരിക്കുവിന്‍ എന്നായിരിക്കും അദ്ദേഹം പറയുക'' (3:79).
ഇത്രയും വ്യക്തമായി പഠിപ്പിച്ചിട്ടും ആ പ്രവാചകന്റെ അനുയായികളാണെന്ന് പറയുന്നവന്‍ പ്രവാചകനോട് ഞാന്‍ അടിമയാണെന്ന് അഭിസംബോധന ചെയ്യുന്നത് പ്രവാചകനെയും അദ്ദേഹം പ്രബോധനം ചെയ്യുന്ന മതത്തെയും ജനങ്ങളെയും അനാദരിക്കാനും അവഹേളിക്കാനും വേണ്ടി മാത്രമാണ്. ഈ മൗലീദുകളത്രയും ഇസ്‌ലാമിന്റെ ശത്രുക്കളായ ജൂതന്മാരിലൂടെ മാത്രമാണ് മുസ്‌ലിംകളിലേക്ക് കടന്നുവന്നിരിക്കുന്നത്. പല മൗലിദുകളുടെയും രചയിതാവാരാണെന്ന് പോലും അറിയില്ല. മൗലിദുകള്‍ കള്ളക്കഥകളും വ്യാജ നബിവചനങ്ങളും അടങ്ങിയതാണ്. നബിയെ സംബന്ധിച്ച് വ്യാജ ഹദീസുകള്‍ പറയുക എന്നത് മഹാപാപമാണ്. കള്ള ഹദീസുകള്‍ക്ക് സാധാരണയില്‍ ഉദാഹരണം പറയുന്ന ഹദീസ് 'നബിയേ താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ പ്രപഞ്ചം തന്നെ ഞാന്‍ സൃഷ്ടിക്കുമായിരുന്നില്ല' എന്ന് അല്ലാഹു പറഞ്ഞതായി നബി(സ) പറഞ്ഞുവെന്നാണ് നബിദിനാഘോഷക്കാര്‍ ജല്‍പിക്കുന്നത്. എത്ര വലിയ മഹാപാപമാണ് അവരിതിലൂടെ ചെയ്യുന്നത്. നബി(സ) പറയാത്ത കാര്യം നബി(സ) പറഞ്ഞുവെന്ന് പറഞ്ഞാല്‍ നരകത്തില്‍ സ്ഥാനം പിടിക്കാന്‍ അത് മതി. എന്നെപ്പറ്റി ആരെങ്കിലും മനപ്പൂര്‍വം കളവ് പറഞ്ഞാല്‍ അവന്‍ നരകത്തില്‍ ഇരിപ്പിടം തയ്യാറാക്കുകയാണ് (നബിവചനം). അല്ലാഹു പറഞ്ഞുവെന്ന് പറയുമ്പോള്‍ അല്ലാഹുവിനെ പറ്റിയും കളവ് പറയുകയാണ്. അല്ലാഹുവിന് മേല്‍ കളവ് പറയുന്നതിനെക്കാള്‍ അക്രമി ആരാണുള്ളത് (61:7). ഈ മഹാപാപങ്ങള്‍ എല്ലാം മൗലീദാഘോഷത്തില്‍ നിന്ന് വരുന്നതാണ്.
നബി(സ) അനുയായികളെ അടിമകള്‍ എന്നോ മുരീദുകള്‍ എന്നോ ശിഷ്യന്മാര്‍ എന്നോ അല്ല അഭിസംബോധന ചെയ്തത്. മറിച്ച് അസ്ഹാബ് (സുഹൃത്തുക്കള്‍) എന്നാണ്. ഇത്രയും ഉയര്‍ന്ന സംസ്‌കാരം പഠിപ്പിച്ച നബി(സ)യെ മൗലീദുകള്‍ അവഹേളിക്കുകയാണ്. മൗലീദ് രചനകളിലെ മിക്ക റിപ്പോര്‍ട്ടര്‍മാരും മുമ്പ് ജൂതന്മാരായിരുന്നവരാണ്. അതില്‍ പ്രധാനി കഅ്ബുല്‍ അഹ്ബാര്‍ എന്ന ഒരു ജൂത പുരോഹിതനായിരുന്നു. അദ്ദേഹം ഉമറിബ്‌നു ഖത്വാബി(റ)ന്റെ കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നു. ഖലീഫയുടെ കഥ കഴിക്കണമെന്ന ദുരുദ്ദേശ്യം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ചരിത്രകാരന്മാരില്‍ ചിലര്‍ സൂചിപ്പിക്കുന്നു. സുബ്ഹി നമസ്‌കാരത്തിന് ഇമാം നില്ക്കുന്ന സമയത്ത് ഒരു കപടന്‍ വിഷത്തില്‍ ഊട്ടിയ കഠാര കൊണ്ട് ഉമറിനെ(റ) കുത്തുകയായിരുന്നു ചെയ്തത്. അതിന് മുമ്പ് മൂന്ന് ദിവസത്തിനുള്ളില്‍ ഉമര്‍(റ) മരിക്കുമെന്ന് കഅ്ബ് പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടും പരിഗണിച്ചാണ് ഉമറിനെ (റ) വധിക്കാനുള്ള ഗൂഢാലോചനയില്‍ കഅ്ബിന് പങ്കുണ്ടോ എന്ന് സംശയിക്കുന്നത്.
മുസ്‌ലിമായതിന് ശേഷവും ഇസ്‌റാഈലി കഥകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ദുസ്സ്വഭാവം കഅ്ബിനുണ്ടായിരുന്നു. പലതിലും ജൂത വിശ്വാസമാണ് കഅ്ബിനുണ്ടായിരുന്നത്. ഇബ്‌റാഹീം നബി(അ) അല്ലാഹുവിന്റെ നിര്‍ദേശ പ്രകാരം തന്റെ പുത്രനെ ബലികൊടുക്കാന്‍ മുന്നോട്ട് വരികയുണ്ടായി. അത് അല്ലാഹുവിന്റെ പരീക്ഷണമാണ്. ആ പുത്രന്‍ ഇസ്മാഈല്‍ നബി(അ) ആയിരുന്നുവെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ കഅ്ബുല്‍ അഹ്ബാര്‍ പറയുന്നത് ഇബ്‌റാഹീം നബി(അ) ബലികൊടുത്തത് തന്റെ പുത്രന്‍ ഇസ്ഹാഖിനെയാണ് എന്നാണ്. ജൂതന്മാര്‍ എല്ലാവരും അങ്ങനെയാണ് പറയുന്നത്.
കഅ്ബിന്റെ ഈ അഭിപ്രായം ഉദ്ദരിച്ചുകൊണ്ട് ഇബ്‌നു കസീര്‍ പറയുന്നു: മുസ്‌ലിംകള്‍ക്ക് കഅ്ബിന്റെ അഭിപ്രായം ആവശ്യമില്ല. കഅ്ബ് ആരാണെന്ന് മനസ്സിലാക്കാന്‍ ഈയൊരു റിപ്പോര്‍ട്ട് മതിയാകും. ഇത്തരം കള്ളക്കഥകള്‍ നിറഞ്ഞതാണ് മൗലിദുകളെല്ലാം. മുസ്‌ലിംകളെ വഴിതെറ്റിക്കാനും പ്രവാചകനെയും ഇസ്‌ലാം ദീനിനെയും പരിഹസിക്കാനും ഉദ്ദേശിച്ചുകൊണ്ട് രചിക്കപ്പെട്ടതാണ് ഈ കഥകളത്രയും.
എന്ത് തെറ്റുകള്‍ ചെയ്താലും മൗലിദ് ഓതിക്കഴിഞ്ഞാല്‍ അതുകൊണ്ട് എല്ലാത്തിനും മുക്തി ലഭിക്കും എന്ന ധാരണ മുസ്‌ലിംകളില്‍ ഉണ്ടാക്കിയാല്‍ മുസ്‌ലിംകളെ പാപങ്ങളിലേക്ക് തള്ളിവിടാന്‍ എളുപ്പമാകുമല്ലോ. ഈ മാലമൗലൂദുകളാണ് മുസ്‌ലിം സമുദായത്തെ ഇന്ന് കാണുന്ന അധാര്‍മികതയിലേക്ക് തള്ളിവിടാനുള്ള പ്രചോദനം നല്കുന്നത്. പാപം ചെയ്താല്‍ പശ്ചാത്താപമാണ് അതിന് പരിഹാരം. അതിന് പകരം മുഹമ്മദ് നബിയെക്കൊണ്ട് ഇടതേടുകയാണ് വേണ്ടത് എന്ന് മൗലീദുകള്‍ പഠിപ്പിക്കുന്നു. ആദം നബി(അ)യും ഇണയും സ്വര്‍ഗത്തില്‍ നിന്ന് ചെയ്ത അബദ്ധം പിന്നീട് ആയിരക്കണക്കിന് സംവത്സരങ്ങള്‍ കഴിഞ്ഞ് ജനിച്ച മുഹമ്മദ് നബിയെക്കൊണ്ട് ഇട തേടിയതുകൊണ്ടാണ് പാപം പൊറുത്തു കിട്ടിയത് എന്ന് മൗലീദുകള്‍ തെറ്റിദ്ധരിപ്പിക്കുന്നു.
എന്നാല്‍ ഖുര്‍ആന്‍ അതിനു നേരെ വിരുദ്ധമാണ്. അല്ലാഹു പഠിപ്പിച്ച പ്രാര്‍ഥന ആദം നബിയും സഹധര്‍മിണിയും പ്രാര്‍ഥിച്ചതുകൊണ്ടാണ് അവരുടെ പശ്ചാത്താപം സ്വീകരിച്ചതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ആ പ്രാര്‍ഥനയും ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. അവര്‍ രണ്ടു പേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ ഞങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്കും പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തില്‍ ആയിരിക്കും'' (2:37). ഒരു ഇടതേട്ടവും അതിലില്ല. ദുര്‍ബല ഹദീസല്ലാതെ ശരിയായ ഹദീസും ഈ വിഷയത്തിലില്ല. ഖുര്‍ആന്‍ വചനത്തിന് ശേഷം ദുര്‍ബലമായ നബിവചനങ്ങളെ സത്യവിശ്വാസികള്‍ക്കും ആവശ്യമില്ല. ഇതിന്റെ പിന്നില്‍ എല്ലാം ഈ ജൂത റിപ്പോര്‍ട്ടുകള്‍ തന്നെയാണുള്ളത്.
നബിയുടെ ജന്മത്തെപ്പറ്റി നിരവധി കള്ളക്കഥകള്‍ കുത്തിനിറച്ച് മുസ്‌ലിംകളിലെ വിശ്വാസം തെറ്റിക്കുകയെന്ന ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണ് മൗലിദുകള്‍. നബി ജനിച്ചപ്പോള്‍ വിഗ്രഹങ്ങള്‍ക്ക് ജീവന്‍ വെച്ച് അത് തലകുത്തി നിന്നു. പിന്നെ വിഗ്രഹങ്ങളെ വിളിച്ച് കൊണ്ടുള്ള പ്രാര്‍ഥനയാണ്, മൗലിദിലെ ചില പ്രാര്‍ഥനകള്‍. മലബാറിലെ മുസ്‌ലിംകള്‍ മുമ്പില്ലാത്ത വിധം ഈ അനാചാരം പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഇത് എത്രമാത്രം പ്രചരിക്കുന്നുവോ അതിനെക്കാള്‍ ശക്തമായി മുസ്‌ലിംകള്‍ അധാര്‍മികതയിലേക്ക് കൂപ്പുകുത്തി വീഴുകയും ചെയ്യുന്നു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ പള്ളികളില്‍ നിന്ന് ഈ കള്ളക്കഥകളുടെ പാരായണങ്ങളാണ് കേട്ടുകൊണ്ടിരിക്കുന്നത്. നബി(സ)യുടെ പേരില്‍ ഭക്തിപുരസ്സരം സ്വലാത്തും സലാമും ചൊല്ലാന്‍ അല്ലാഹു വിശ്വാസികളോട് കല്പിച്ചിട്ടുണ്ട് (വി.ഖു 33:56). ആ സ്വലാത്ത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നബി(സ) വിവരിച്ച് തന്നിട്ടുണ്ട്.
നബി(സ) പഠിപ്പിച്ചു തന്ന സ്വലാത്താണ് സത്യവിശ്വാസികള്‍ നമസ്‌കാരത്തില്‍ ചൊല്ലുന്ന സ്വലാത്ത്. എന്നാല്‍ നബി പഠിപ്പിച്ച സ്വലാത്ത് അപൂര്‍ണമാണ് എന്നാണ് മൗലീദ് ആഘോഷക്കാര്‍ ജല്പിക്കുന്നത്. പൂര്‍ണമായ സ്വലാത്ത് വേറെയുണ്ട്. അതത്രെ സ്വലാത്തുനാരിയ അഥവാ നരകത്തിലേക്കുള്ള സ്വലാത്ത്! എന്നാല്‍ ഈ സ്വലാത്തും മൗലിദിന്റെ കാര്യങ്ങളില്‍ പാട്ടാക്കിയാണ് ചൊല്ലുന്നത്. അക്ഷരങ്ങള്‍ തെറ്റിച്ച് കൊണ്ടും വാക്കുകളും സ്ഥാനങ്ങളും അലങ്കോലപ്പെടുത്തിക്കൊണ്ടും തോറ്റം ചൊല്ലുന്ന ഈണത്തില്‍ മൗലായ സ്വല്ലി വസല്ലം എന്ന് ചൊല്ലുന്ന ആ കവിത പരിഹാസ രൂപത്തിലാണ്. അത് വേദക്കാരുടെയും ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും പ്രാര്‍ഥനകള്‍ കവിതാ രൂപത്തില്‍ ആണല്ലോ. ക്രിസ്തുമസും ശ്രീകൃഷ്ണ ജയന്തിയും അനുകരിച്ച് നബി ജയന്തി കൊണ്ടാടുന്നവര്‍ നബിയെ തന്നെ പരിഹാസമാക്കുകയാണ്. മുമ്പൊന്നും ഇല്ലാത്ത ആചാരമാണ് പള്ളികളില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. റബീഉല്‍ അവ്വല്‍ 12-നാണ് നബി ജനിച്ചത് എന്ന് ഉറപ്പിച്ച്, നബി ജനിച്ചത് പ്രഭാതത്തിന് മുമ്പാണെന്ന് സങ്കല്പിച്ച് വിവരമില്ലാത്ത മുസ്‌ലിയാക്കന്മാര്‍ നബി(സ) ജന്മസമയം സങ്കല്പിച്ചുകൊണ്ട് ഭൂമിയിലേക്കു വന്ന പ്രവാചകനെ സ്വാഗതം ചെയ്തുകൊണ്ടും ആര്‍ത്തുവിളിക്കുന്നു. പിശാചിന്റെ ഉദ്ദേശ്യം ശരിക്കും നിറവേറ്റുന്നു. കാരണം ഖുര്‍ആന്‍ കല്പനകള്‍ നിരന്തരം ലംഘിക്കുകയാണ്.
നബി(സ) ലോകത്തിന് ആകമാനം കാരുണ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഈ ആഘോഷക്കാര്‍ ഇതിന് പ്രോത്സാഹനം നല്കാറുള്ളത്. എന്നാല്‍ നബിയുടെ ജന്മം കൊണ്ടാണ് ആ കാരുണ്യം ഉണ്ടായത് എന്നല്ല, പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. നബി(സ)യെ അല്ലാഹുവിന്റെ ദൂതനായി നിശ്ചയിച്ചതുകൊണ്ടാണ് ആ കാരുണ്യം.
ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം നിയോഗിച്ചിട്ടില്ല (റസൂലാക്കിയിട്ടില്ല) (21:107). അപ്പോള്‍ റസൂലാക്കി നിയോഗിച്ചതാണ് കാരുണ്യം. ജന്മം നല്കിയതല്ല. റമദാന്‍ മാസത്തിലാണ് നബിക്ക് ദൗത്യം നല്കി ദൂതനായി നിയോഗിച്ചത്. ആ മാസം മുസ്‌ലിംകള്‍ അര്‍ഹിക്കുന്ന വിധത്തില്‍ അനുഷ്ഠിക്കുന്നുണ്ട്. പരിശുദ്ധ ഖുര്‍ആന്റെ അവതരണത്തില്‍ സന്തോഷിക്കാന്‍ വേണ്ടി അല്ലാഹു കല്പിച്ചിട്ടുണ്ട്. ഇതും ഖുര്‍ആനും നബിയുടെ വഹ്‌യായി പരിഗണിക്കാത്തവര്‍ നബിയുടെ ജന്മദിനാഘോഷം കൊണ്ടാടുവാനാണ് ഇത് പറഞ്ഞതെന്ന് ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് നബിദിനാഘോഷത്തെ പ്രോത്സാഹിപ്പിക്കുന്നു.
ഖുര്‍ആനെ പരിചയപ്പെടുത്തിക്കൊണ്ട് അല്ലാഹു പറയുന്നു: ''ജനങ്ങളേ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളില്‍ ഉള്ള രോഗത്തിന് ശമനവും സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും നിങ്ങള്‍ക്കിതാ വന്നുകിട്ടിയിരിക്കുന്നു. പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണ്. അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നതിനേക്കാള്‍ ഉത്തമം പരിശുദ്ധ ഖുര്‍ആന്‍. (10:57,58)
ഖുര്‍ആന്റെ മഹത്വത്തെ പറഞ്ഞുകൊണ്ട് അതവതരിച്ച് കിട്ടിയതില്‍ സന്തോഷിക്കാനാണ് അല്ലാഹു കല്പിച്ചിരുന്നത്. എന്നാല്‍ ഈ മുസ്‌ലിയാക്കന്മാര്‍ ഖുര്‍ആനിനോ അതിന്റെ അവതരണത്തിനോ യാതൊരു വിലയും കല്പിക്കുന്നില്ല. നബിയുടെ ജന്മത്തിന് പ്രാധാന്യം നല്കി ആഘോഷിക്കാനാണ് ഈ സൂക്തം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ആഹ്വാനം ചെയ്യുന്നത്. മറ്റു സമുദായങ്ങള്‍ അവരുടെ നേതാക്കന്മാരുടെ ജയന്തി ആഘോഷിക്കുമ്പോള്‍ അവരുടെ സമാധിയും അവര്‍ കൊണ്ടാടുന്നു. എന്നാല്‍ ഈ നബിദിന ആഘോഷക്കാര്‍ നബിയുടെ ജയന്തി ദിനമാണ് ആഘോഷിക്കുന്നത്. നബിയുടെ സമാധിയില്‍ അവര്‍ക്കും യാതൊരു ദു:ഖവും ഇല്ല. അതോടുകൂടി വഹ്‌യ് നിലയ്ക്കുകയാണല്ലോ ചെയ്തത്.
സി പി ഉമര്‍ സുല്ലമി @ Shabab Weekly