തിക്താനുഭവങ്ങളാണ് തിളക്കം നല്‍കുക

തലച്ചോറുകള്‍ക്ക് ജീവനുണ്ടെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വൈവിധ്യസമീപനങ്ങളും വ്യത്യസ്ത ചിന്തകളും സ്വാഭാവികമാണ്. മൗലീക ദര്‍ശനങ്ങള്‍ക്ക് ഐക്യരൂപവും നിര്‍വഹണ തലങ്ങളില്‍ ബഹുസ്വരതയും ഉണ്ടാവും. ആദര്‍ശത്തെ രൂപപ്പെടുത്തുന്നത് സ്രഷ്ടാവും പ്രവര്‍ത്തന തലം സജ്ജമാക്കുന്നത് സൃഷ്ടികളുമാണ്. പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കേണ്ട മൗലികാശയങ്ങളില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും വൈവിധ്യങ്ങള്‍ പ്രവാചകരുടെ പ്രബോധനങ്ങളില്‍ കാണാം. വ്യക്തികളുടെ അഭിപ്രായ വൈവിധ്യങ്ങള്‍ മൂലം സ്വരച്ചേര്‍ച്ചക്ക് വിഷമങ്ങള്‍ നേരിട്ട സംഭവങ്ങളും ഇസ്‌ലാമിക ചരിത്രത്തില്‍ കാണാം.

നാലാം ഖലീഫ അലി(റ)യും അമവി ഭരണാധികാരി മുആവിയ്യയും(റ) തമ്മിലുള്ള സമീപന വ്യത്യാസങ്ങള്‍ സുപരിചിതമാണ്. അലി(റ)യും ആഇശ(റ)യും തമ്മിലും നമുക്കിത് കാണാവുന്നതാണ്. നാല് ഖലീഫമാരും ഒരേ ആദര്‍ശത്തിന്റെ പ്രബോധന നിര്‍വഹണ തലത്തില്‍ ഏക രൂപം സ്വീകരിച്ചവരായിരുന്നില്ലല്ലോ. അലി (റ)യും മുആവിയ്യ(റ)യും തമ്മിലുള്ള ചെറിയ പിണക്കങ്ങളുടെ പരിഹാരശ്രമമെന്ന നിലക്ക് ഖുര്‍ആനിക ആയത്തുകളും പ്രവാചകാധ്യാപനങ്ങളും സമചിത്തതയോടെയും ഗുണകാംക്ഷയോടെയും ബോധ്യപ്പെടുത്തി, മുആവിയ (റ)യെ ഇണക്കിയെടുക്കുന്ന മഹാ ദൗത്യവാഹകനായിരുന്നു, അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ). അത്തരം ഘട്ടങ്ങളില്‍ പ്രമാണങ്ങള്‍ക്ക് മുമ്പില്‍ കൊച്ചു കുട്ടിയെപ്പോലെ വിനയാന്വിതരാവുന്ന സ്വഭാവമാണ് സ്വഹാബികളില്‍ നാം കാണുന്നത്. ഏറ്റവും ചൊവ്വായത് ഖുര്‍ആനിക അധ്യാപനങ്ങളും ശരിയായ വെളിച്ചം പകരുന്നത് പ്രവാചക മാതൃകകളുമാണെന്ന് തിരിച്ചറിയാനുള്ള മാനസിക വിശാലതയാണ് അവരുടെ മുഖമുദ്ര. തെറ്റുകളോട് തെറ്റുന്ന സമയത്തു തന്നെ തെറ്റുകാരനോട് തെറ്റാതിരിക്കാന്‍ ജാഗ്രത കാണിച്ചിരുന്നു പൂര്‍വികര്‍. നാം പിന്തുടരേണ്ട വഴിയും അതാണ്. മനസ്സിന് സമാധാനവും കര്‍മങ്ങളില്‍ ആത്മാര്‍ഥതയും ഗുണകാംക്ഷയും പ്രതിഫലിക്കുക അപ്പോഴാണ്.

പ്രമാണങ്ങളും ചരിത്ര സത്യങ്ങളും പ്രബോധന അനുഭവങ്ങളുമാണ് 'ജാഹിലിയ്യത്തിന്റെ' ഇരുട്ടകറ്റാനുള്ള ആയുധം. കരിച്ചുകളയാന്‍ കഴിയില്ലെന്ന് തോന്നുന്നതെന്തും ഖുര്‍ആനിക വചനങ്ങളില്‍ കഴുകിയെടുക്കാവുന്ന രാസപ്രക്രിയയുടെ മാതൃകകളായിരുന്നു സ്വഹാബികള്‍. അന്യന് വെളിച്ചം പകരുന്നതിന് മുന്‍പേ സ്വജീവിതത്തിന് വിളക്കായി മാറണം ദിവ്യവചനങ്ങളെന്ന് സ്വഹാബികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പലവുരു കേട്ട വചനങ്ങളും നബി(സ)യുടെ മാതൃകയും സ്വന്തത്തിനു നേരെ കൈ ചൂണ്ടുമ്പോള്‍, 'ഈ വചനങ്ങളെല്ലാം മുന്‍പുള്ളതല്ലേ' എന്ന അന്യായത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നില്ല സ്വഹാബികള്‍. ഖുര്‍ആന്‍ വചനവും പ്രവാചക മാതൃകയും തന്റെ ജീവിതത്തില്‍ എങ്ങിനെ ഇടപെടുന്നുവെന്നായിരുന്നു അവരുടെ ആലോചനകള്‍.

ആഇശ(റ)മായുള്ള വ്യഭിചാര ആരോപണങ്ങളില്‍ പങ്കാളികളായ ഹസ്സാന്‍(റ)വിനെക്കുറിച്ച് ചിലര്‍ പരാതിപ്പെട്ട സമയത്ത് മഹതി ആഇശ(റ) നല്കിയ മറുപടി ശ്രദ്ധേയമാണ്. അത് ഇപ്രകാരമാണ്. 'നിങ്ങള്‍ അദ്ദേഹത്തെ വിട്ടേക്കൂ... പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് വേണ്ടി പടപൊരുതിയ വ്യക്തിയാണ് അദ്ദേഹം''(മുസ്‌ലിം 8:163)

തെറ്റുകളുടെയും അപരാധങ്ങളുടെയും കറുത്ത പുകപടലങ്ങള്‍ വഴി വ്യക്തിത്വം തമസ്‌കരിക്കപ്പെട്ടവരോടും അന്യായമായ കൊലക്കും വധശ്രമങ്ങള്‍ക്കും വരെ നേതൃത്വം നല്കിയ 'മാപ്പര്‍ഹിക്കാത്തവര്‍'(?) പോലും സത്യശുദ്ധമായ ആദര്‍ശ തണലിലേക്ക് മനസ്സ് പരിവര്‍ത്തിക്കുമ്പോള്‍ വിട്ടുവീഴ്ചയുടെ മഹാമാതൃകകളാണ് ഇസ്‌ലാമിക ചരിത്രത്തിലും പ്രവാചക നടപടികളിലും നിഴലിക്കുന്നത്.

ആശങ്കകളുടെ പെരുമഴയേക്കാള്‍ പ്രതീക്ഷയുടെ കൊടുങ്കാറ്റുകളായിരുന്നു സ്വഹാബികള്‍ക്ക് പ്രബോധന നൊമ്പരങ്ങളില്‍ ഊര്‍ജവും ഉണര്‍വും നല്കിയത്. തെറ്റു പറ്റാത്തതും തെറ്റു പറ്റാത്ത ഏറ്റവും വലിയവനും അല്ലാഹു മാത്രമാണെന്ന അംഗീകാരം വിശ്വാസത്തില്‍ മാത്രം ഉരുവിടേണ്ടതല്ല. കര്‍മ തലത്തില്‍ ആരും വലിയവരല്ലെന്ന വിനയാന്വിത ഭാവം ജീവിതത്തില്‍ പ്രതിഫലിക്കാത്തവന് വിട്ടുവീഴ്ചയുടെ നാലയലത്ത് പോലും നില്ക്കാനാവില്ല. പ്രതികാരവും പ്രതിരോധവും അവകാശമായി നില നില്ക്കുമ്പോള്‍ തന്നെ, പ്രതികളെ മുട്ടുകുത്തിക്കുന്ന വജ്രായുധമാണ് വിട്ടുവീഴ്ചയും കാരുണ്യവും മാപ്പ് നല്‍കലും (3:159) മക്കാ വിജയത്തിന്റെ ചരിത്രം ബോധ്യപ്പെടുത്തുന്നു. ചരിത്രങ്ങള്‍ കേവലം കഥകളോ കഥാപ്രസംഗങ്ങളോ ആയി പരിമിതപ്പെടരുതെന്നും ജീവിതമാതൃകകളായി പുനര്‍ജനിക്കേണ്ടതാണെന്നും നവോത്ഥാന പോരാളികളെങ്കിലും തിരിച്ചറിയേണ്ടതില്ലേ.

അനാദര്‍ശങ്ങളോടും അസത്യങ്ങളോടും അനുകമ്പ കാണിക്കാതിരിക്കുകയും അസത്യവാദികളെ അനുകമ്പയിലും അനുനയത്തിലും വീണ്ടെടുക്കാന്‍ പരിശ്രമിക്കുകയുമാണ് മുസ്‌ലിമിന്റെ ദൗത്യം. ഓരിയിട്ട് മനസ്സ് മടുപ്പിച്ച 'ഒച്ച'പ്പാടുകളോട് കലഹിച്ചിരുന്നാല്‍ ഒരുമയോടെ ഉയര്‍ത്തെഴുന്നേല്‍ക്കാനാവില്ല. അന്യായങ്ങളോട് രാജിയാവാതെ കരുത്ത് കാട്ടിയ ഇന്നലെകളുടെ പോരാട്ട വീര്യം കാലം തേടിയ കര്‍മങ്ങളായിരുന്നു. യുദ്ധത്തില്‍ പങ്കെടുത്ത പോരാളികള്‍ തന്നെയാണ് സന്ധികളില്‍ ഒപ്പുവെക്കുന്നവരും. 'ബദറില്‍' പങ്കെടുത്തവര്‍ തന്നെയാണ് 'മക്കാവിജയത്തിന്' ശക്തിപകര്‍ന്നവരും. 'ബയ്അത്തു റിള്‌വാനി'ല്‍ പ്രതിജ്ഞയെടുത്ത തൗഹീദിന്റെ തേരാളികള്‍ തന്നെയാണ് ഹുദൈബിയയില്‍ സന്ധിക്ക് പാകപ്പെടാവുന്ന മനസ്സിന്റെ ഉടമകളായി വര്‍ത്തിച്ചവരും. 'പിണങ്ങി പിന്‍വാങ്ങുന്നതിനേക്കാള്‍ പതിന്മടങ്ങ് പ്രതിഫലം മനസ്സിണങ്ങി ഒത്തുതീര്‍പ്പിലെത്തുന്നതാണ്' എന്ന് എന്ന് ഖുര്‍ആന്‍ ബോധ്യപ്പെടുത്തിയത് (4:128) കാണാം. പിണങ്ങരുതെന്നല്ല, രഞ്ജിപ്പിന്റെ വഴിയടച്ചുകളഞ്ഞ് നിത്യമായി തുടരരുതെന്നാണ് മതദര്‍ശനം. രഞ്ജിപ്പുകള്‍ ഒട്ടും ഫലപ്പെടാതെ വരുമ്പോള്‍ മാന്യമായി വിടുതല്‍ വാങ്ങുന്നതിനെ അപരാധമായി കാണുന്നുമില്ല. വിവാഹം മാത്രമല്ല, വിവാഹമോചനവും മതത്തിന്റെ ഭാഗമാണ്. പക്ഷേ, അനിവാര്യത പരലോകത്ത് നീതീകരിക്കാനാവുന്നതായിരിക്കണം. സൂക്ഷ്മജ്ഞാനിയായ അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ പ്രായോഗികവും കാലാതീതവുമാണ്. 

ശാന്തമായ കടല്‍ പരപ്പിലൂടെ കപ്പലോടിക്കുന്നവനല്ല യഥാര്‍ഥ കപ്പിത്താന്‍. മറിച്ച് കാറ്റിലും കോളിലും ആടിയുലഞ്ഞ് അപകടത്തില്‍ പെടാതെ ലക്ഷ്യം നേടാനായി നൗക തുഴയുന്നവനാണ് നിപുണന്‍. പ്രതിബന്ധങ്ങളെ ചെറുത്ത് മുന്നേറുന്നവനാണ് കരുത്തന്‍. അതിനുള്ള അകബലം നേടലാണ് വിശ്വാസവും സമര്‍പ്പണവും. തിക്താനുഭവങ്ങളാണ് തിളക്കമാര്‍ന്ന വിജയം സമ്മാനിക്കുക.

പ്രതിസന്ധികളെയും പ്രതിബന്ധങ്ങളെയും തേടി യാത്ര തിരിക്കണമെന്നല്ല ഇതിനര്‍ഥം. പരിപൂര്‍ണരല്ലാത്ത മനുഷ്യരായ നമ്മള്‍ ആസൂത്രണങ്ങളിലൂടെയും കൂടിയാലോചനകളിലൂടെയും രൂപപ്പെടുത്തിയെടുക്കുന്നവയില്‍ ന്യൂനതകള്‍ സ്വാഭാവികമാണ്. ശുഭാപ്തി നിറഞ്ഞ മനസോടെയും അല്ലാഹുവിന്റെ നിശ്ചയത്തില്‍ സദ്‌വിചാരം പുലര്‍ത്തിയും മുന്നേറുകയാണ് അനുഗ്രഹീതരാവാനുള്ള മാര്‍ഗം.

പ്രതിസന്ധികളെ മുന്‍കൂട്ടിക്കണ്ട് പരിഹാരം കാണുകയെന്നത് നല്ല നേതൃത്വത്തിന്റെ ലക്ഷണമാണ്. നേതാവ് 'പ്രൊആക്ടീവ്' (Proactive) ആയിരിക്കണം എന്നര്‍ഥം. ചിരപരിചിതമായ പ്രവര്‍ത്തനങ്ങളില്‍ ഇത് എളുപ്പമായിരിക്കും. ഒട്ടും മുന്‍ മാതൃകയില്ലാത്ത കാര്യങ്ങളിലും നവനിര്‍മിതികളിലും (Innovative)  ഇത് പൂര്‍ണമായി നേടിയെടുക്കുക പ്രയാസമായിരിക്കും. അത്തരം ഘട്ടങ്ങളിലാണ് 'തവക്കുലിന്' പ്രസക്തി കൂടിവരുന്നത്. മദീന ഹിജറ ചരിത്രത്തില്‍ ഉദാഹരണമാണ്. 'തവക്കുലിന്റെ' ശക്തിയും അല്ലാഹുവിന്റെ തീരുമാനങ്ങള്‍ അതിജീവനം നേടിയതിന്റെയും ചരിത്രമാണല്ലോ തുടര്‍ന്നുള്ള മദീനാ ജീവിതം.

'വഴികളിലുള്ള കാര്യങ്ങള്‍ കൃത്യമായി പറയാനാവുക ആമകള്‍ക്കാണ്, മുയലുകള്‍ക്കല്ല' എന്ന് പറയാറുണ്ട്. ലക്ഷ്യം നേടാനുള്ള ഓട്ടപ്പാച്ചിലില്‍ അഹങ്കാരം കൊണ്ട് ആലസ്യം പിടിപെട്ട് 'ഫിനിഷിംഗ് പോയിന്റി'ലെത്താത്തവരാണ് മുയലുകള്‍ എന്നത് എല്ലാവര്‍ക്കും അറിയാം. കര്‍മ മണ്ഡലത്തില്‍ കാലിടറാതെ കരുത്തോടെ മുന്നേറിയവര്‍ക്ക്, ത്യാഗത്തിന്റെ കണ്ണുനീര്‍ കഥകള്‍ ധാരാളമുണ്ടാവും. നടന്നുനീങ്ങിയ നവോത്ഥാനത്തിന്റെ കനല്‍പഥങ്ങളില്‍ ആലസ്യവും നിര്‍ജീവതയും വീഴുമോയെന്ന ആശങ്കയാല്‍ ജാഗ്രതയുടെ ഉറച്ച ശബ്ദങ്ങളും  ഗദ്ഗദങ്ങളും ശുഭസൂചനകളാണ്. എന്നാല്‍ കെട്ടിപ്പടുത്ത ത്യാഗ ഗന്ധമുള്ള ആദര്‍ശ കോട്ടകളെ പിടിച്ചുലയ്ക്കാന്‍ നാഥന്റെ തീരുമാനത്തിനേ കഴിയൂ. അല്ലാഹു അക്ബര്‍. അല്ലാഹുവിന്റെ പാശം ശക്തമായി മുറുകെ പിടിക്കുന്ന തൗഹീദിന്റെ തേരാളികളെ ചരിത്രത്തില്‍ പരാജയപ്പെടുത്തിയ സംഭവങ്ങളില്ല. മറിച്ച്, പരീക്ഷണങ്ങളുടെ തീച്ചൂളകള്‍ ധാരാളമുണ്ട്. ഈമാനിന്റെ ശക്തിയും തവക്കുലിന്റെ കരുത്തും സുവ്യക്ത വിജയങ്ങള്‍ക്ക് നിദാനമായി വര്‍ത്തിച്ചു. നടന്നു കയറുന്ന പ്രബോധനവഴികളെല്ലാം പട്ടുമെത്തകളാവില്ല. നമുക്ക് മുന്‍പേ നടന്നവര്‍ വെട്ടിത്തെളിച്ച സുവര്‍ണ പാതകളില്‍ മുന്നേറുക എളുപ്പമായിരിക്കാം. എന്നാല്‍ അല്ലാഹുവിന്റെ അനുഗ്രഹവും സംരക്ഷണവും ദൗത്യനിര്‍വഹണത്തിന് ജീവിതം സമര്‍പ്പിച്ച് മുന്നേറിയവരുടെ കൂടെയാണ് (47:31) പ്രാപഞ്ചിക നിയമങ്ങള്‍ക്ക് പോലും താല്ക്കാലിക വിരാമമിട്ട് 'സത്യപ്രബോധകര്‍'ക്ക് സംരക്ഷണ കവചം ഒരുക്കിക്കൊടുത്ത മതചരിത്രം. അതാണ് പാഠമാകേണ്ട ചരിത്രം. നമ്മുടെ വിളക്കും വഴിവെളിച്ചവും.

By ജാബിര്‍ അമാനി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts