ഇസ്സത്ത്‌ അഥവാ പ്രതാപം

മുസ്‌ലിം വിശ്വാസിയുടെ സവിശേഷതയാണ് ഇസ്സത്ത്. സ്രഷ്ടാവിന്റെ മുമ്പിലല്ലാതെ മറ്റാരുടെ മുമ്പിലും അവന്‍ തലകുനിക്കുകയില്ല. ഈമാന്‍ അവനില്‍ ഒരു പ്രതാപ ബോധം വളര്‍ത്തുന്നു. താന്‍ ആരുടേയും താഴെയല്ല, മറിച്ചു മേലെയാണെന്ന ബോധം. ‘നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് മേലെ നില്‍ക്കുന്നവര്‍’- ഖുര്‍ആന്‍. ഒരു മുതലാളിയുടെ മുമ്പില്‍ എന്തെങ്കിലും ഭൗതികമായ അംശം ലഭിക്കാന്‍ ചൂളി നിന്നാല്‍ അവന്റെ മതവിശ്വാസത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും നഷ്ടപ്പെട്ടു’- പ്രവാചകന്‍ താക്കീത് ചെയ്യുന്നു. എന്താണ് ഒരു വിശ്വാസിയുടെ പ്രൗഢി. സ്വത്തോ അധികാര പദവിയോ ആകര്‍ഷിക്കുന്ന വേഷ വിധാനമോ കൊട്ടാര സദൃശമായ വീടോ മറ്റു ഭൗതിക സൗകര്യങ്ങളോ ഒന്നുമല്ല. ഇവയെല്ലാം അഭികാമ്യം തന്നെ. മറിച്ച് അടിയുറച്ച ആദര്‍ശ ബോധവും അതില്‍ നിന്നു ഉല്‍ഭൂതമായ കര്‍മ്മവുമാണ്.

അറിവും സംസ്‌കാരവും വിശ്വാസിയുടെ മുഖമുദ്രയാണ്. മുസ്‌ലിംകള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതാപശാലികളായി വിലസിയിരുന്ന ഒരു കാലമുണ്ടായിരുന്നുവല്ലോ. അന്ന് ഭൗതിക പ്രൗഢിയില്‍ അവര്‍ ഏറ്റവും പിന്നണിയില്‍ നിലകൊള്ളുന്ന സമൂഹമായിരുന്നു. പക്ഷേ അവരുടെ ഈമാനിന്റെ ശക്തി ഇന്നത്തെ സമൂഹത്തിന്റേതിനേക്കാള്‍ എത്രയോ ഇരട്ടിയായിരുന്നു. ഈ ഈമാന്‍ കൊണ്ടാണ് അവര്‍ ലോകത്തെ വിറപ്പിച്ചതും വന്‍ സാമ്രാജ്യങ്ങളെ കീഴ്‌പെടുത്തിയതും.
ബൈത്തുല്‍മുഖദ്ദസ് അധീനപ്പെടുത്തുമ്പോള്‍ റോമക്കാര്‍ ഖലീഫ നേരിട്ടു വന്ന് അതിന്റെ താക്കോല്‍ ഏറ്റുവാങ്ങണമെന്ന് ശഠിച്ചു. ഉമര്‍ (റ) മദീനയില്‍ നിന്ന് പരിചാരകന്‍ മൈസറിനോടൊപ്പം ഒരു ഒട്ടകപ്പുറത്ത് യാത്രയായി. അവര്‍ രണ്ടു പേരും ഊഴം വെച്ചാണ് ഒട്ടകത്തെ ഉപയോഗിച്ചത്. അതായത് കുറേനേരം ഉമര്‍ ഒട്ടകപ്പുറത്ത്. പിന്നെ താഴെ ഇറങ്ങി മൈസറയെ കയറ്റി ഖലീഫ പിറകില്‍ നടക്കും. രാജ്യങ്ങളെ പ്രകമ്പനം കൊള്ളിച്ച മുസ്‌ലിം മഹാരാജാവിന്റെ ആഗമനം കാണാന്‍ ജനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

‘അമീറുല്‍ മുഅ്മിനീന്‍, ഇതാ നാം സ്ഥലത്ത് എത്തിക്കഴിഞ്ഞു. ഞാന്‍ ഇറങ്ങട്ടെ- മൈസറ’ ഇത് നിന്റെ ഊഴമോ അതോ എന്റേതോ’ – ഖലീഫ. ‘എന്റേത്’- മൈസറ. ‘എങ്കില്‍ ഇറങ്ങേണ്ടതില്ല’- ഖലീഫ. ഈ മഹാരാജ്യത്തില്‍ മുസ്‌ലിംകളുടെ ഖലീഫ ഒരു സാധാരണ അറബിയുടെ വേഷത്തില്‍, സന്ദര്‍ഭം ആവശ്യപ്പെടുന്ന യാതൊരു ബാഹ്യ പ്രൗഢിയുമില്ലാതെ പ്രത്യക്ഷപ്പെടുന്നതില്‍ സേനാ നായകനായ അബൂ ഉബൈദക്ക് മനഃപ്രയാസം. ഇത് മനസ്സിലാക്കിയ ഉമര്‍ പറയുകയാണ്. ‘ഇസ്‌ലാം കൊണ്ട് അല്ലാഹു ഇസ്സത്ത് നല്‍കിയ ഒരു സമൂഹമാണ് നാം. മറ്റെന്തിലെങ്കിലും നാം ഇസ്സത്ത് തേടിയാല്‍ അവന്‍ നമ്മെ നിന്ദ്യതയിലേക്ക് തള്ളിയിടും’ അതെ, മരുഭൂമിയില്‍ ആട് മേച്ചും കലഹിച്ചും മദ്യപിച്ചും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗത്തെ ഇത്രയും വലിയ പ്രതാപത്തിലേക്കുയര്‍ത്തിയ ശക്തി ഈമാന്‍ തന്നെ.

ഒരു മൃഗത്തെ പോലെ തിന്നും കുടിച്ചും ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു നിസ്സാര മനുഷ്യനായി കഴിഞ്ഞിരുന്ന ബിലാല്‍ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം പിന്നെ എന്തായി അവസ്ഥ. ഖലീഫ ഉമര്‍ അദ്ദേഹത്തിന്റെ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ കരയുമായിരുന്നു. അബൂബക്കര്‍ അദ്ദേഹത്തെ ‘സയ്യിദുനാ’ എന്നാണ് വിളിച്ചിരുന്നത്. ഒരു അടിമക്ക് ഈ ഇസ്സത്ത് എവിടുന്ന് ലഭിച്ചു.
ഏത് ശക്തനും പ്രതാപവാനുമായ രാജാവിന്റെ മുമ്പിലും തല ഉയര്‍ത്തി നില്‍ക്കാനുള്ള ധീരതയും ആഭിജാത്യവും ഈമാന്‍ വിശ്വാസിക്ക് പ്രദാനം ചെയ്യുന്നു. മുസ്‌ലിം സൈന്യം പേര്‍ഷ്യയിലേക്ക് കടന്നപ്പോള്‍ അവിടത്തെ ഭരണാധികാരി റുസ്തം സേനാ നായകനായ സഅദിനോട് സംഭാഷണത്തിനായി ഒരു പ്രതിനിധിയെ അയക്കാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹം ഭക്തനും ആദര്‍ശ ധീരനും യുക്തിമാനുമായ രിബ്ഇയ്യിനെയാണ് തെരഞ്ഞെടുത്തത്.

സാധാരണ വേഷത്തില്‍ കൈയ്യില്‍ ശീല ചുറ്റിയ ഒരു കുന്തവും കുത്തിപ്പിടിച്ച് കുതിരപ്പുറത്ത് റുസ്തം. വിരിച്ച പരവതാനിയിലൂടെ അദ്ദേഹം പ്രവേശിക്കുന്നു. റുസ്തം സ്വര്‍ണ കിരീടമണിഞ്ഞ് പരിവാര സമേതം ഇരിക്കുകയാണ്. കുതിരയെ പുറത്ത് കെട്ടണം- റുസ്തമിന്റെ സൈന്യം താക്കീത് ചെയ്യുന്നു. ഒട്ടും കൂസാതെയുള്ള രിബ്ഇയ്യിന്റെ മറുപടി: ‘നിങ്ങള്‍ വിളിച്ചിട്ടാണ് ഞാന്‍ വന്നത്. കടക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ തിരിച്ചുപോകാം’. കണ്ടമാത്രയില്‍ തന്നെ റുസ്തം പരിഹാസ പൂര്‍വം പൊട്ടിച്ചിരിച്ചു. ‘ഈ പൊട്ടിയ കുന്തവുമേന്തിക്കൊണ്ടാണോ നിങ്ങള്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ പുറപ്പെട്ടിരിക്കുന്നത്? ഇതിന് രിബ്ഇയ്യിന്റെ മറുപടി: ‘സൃഷ്ടി പൂജയില്‍ നിന്ന് ദൈവ പൂജയിലേക്ക്, മതങ്ങളുടെ അതിക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്ക് ജനങ്ങളെ ആനയിക്കാനാണ് ദൈവം ഞങ്ങളെ നിയോഗിച്ചത്’. ഈ മറുപടി കേട്ട് റുസ്തം ഞെട്ടി. രിബ്ഇയ്യിനെ അപമാനിക്കാന്‍ കുറച്ച് മണ്ണ് ഒരു ചട്ടിയില്‍ നിറച്ച് അദ്ദേഹത്തിന്റെ തലയില്‍ വെച്ചുകൊടുക്കാന്‍ സൈന്യത്തോടാവശ്യപ്പെട്ടു. റുസ്തം ഭരിക്കുന്ന രാജ്യം കീഴടക്കാന്‍ പോകുന്നതിന്റെ ശുഭ സൂചനയായി രിബ്ഇയ്യ് അതിനെ ദര്‍ശിച്ചു. ആയുധ ശക്തികൊണ്ടല്ല മുസ്‌ലിംകള്‍ വന്‍ ശക്തികളെ ഭയപ്പെടുത്തിയത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തികൊണ്ട്.

ലാളിത്യം അവര്‍ മുഖമുദ്രയായി സ്വീകരിച്ചു. ഭരണാധികാരികള്‍ അതിന് മാതൃകകളായി. കിസ്‌റാ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ മന്ത്രി ഹുര്‍മുസാനെ മുസ്‌ലിംകളുടെ ഖലീഫയായ ഉമറുമായി സംസാരിക്കാന്‍ മദീനയിലേക്കയക്കുന്നു. എവിടെ രാജകൊട്ടാരം? മന്ത്രി അന്വേഷിച്ചു. ഉമര്‍ കൊട്ടാരമില്ലാത്ത രാജാവ്. ചെറിയൊരു വീട്ടിലാണ് താമസം. അവിടെ അന്വേഷിച്ചപ്പോള്‍ പുറത്താണ്. പള്ളിയിലുമില്ല. ജനം തെരുവിലിറങ്ങി ആടയാഭരണങ്ങളണിഞ്ഞു പ്രൗഢിയില്‍ നടന്നുനീങ്ങുന്ന ഹുര്‍മുസാനെയും പരിവാരത്തേയും കൗതുകത്തോടെ നോക്കുന്നു. ഉമര്‍ പട്ടണത്തിന് പുറത്ത് ഒരു മരച്ചുവട്ടില്‍ കിടന്നുറങ്ങുന്നു. അതെ, ഉമര്‍ നീതിപൂര്‍വ്വം ഭരണം നടത്തി. അപ്പോള്‍ നിര്‍ഭയനായി ഉറങ്ങാന്‍ കഴിഞ്ഞു. ഹുര്‍മുസാന്‍ വന്ന വിവരം അറിയിച്ചു ഉമറിനെ അനുയായികള്‍ വിളിച്ചുണര്‍ത്തി.

മുസ്‌ലിം വിശ്വാസികളില്‍ ചിലര്‍ ഇന്ന് മറ്റുള്ളവരുടെ മതിപ്പും അംഗീകാരവും ആര്‍ജിക്കാന്‍ സ്വന്തം സംസ്‌കാരത്തിന് വിരുദ്ധമായ എന്തെല്ലാം വേഷങ്ങള്‍ കെട്ടുന്നു. ഇസ്‌ലാം കൊണ്ട് അഭിമാനിക്കാത്ത അവര്‍ താന്‍ ഒരു മുസ്‌ലിമാണെന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നതില്‍ ലജ്ജിക്കുന്നവരാണ്. എന്നാല്‍ ഇവിടെ പൂര്‍വകാല മുസ്‌ലിംകളുടെ മാതൃക പിന്‍പറ്റി സ്വന്തം സംസ്‌കാരത്തെ മുറുകെ പിടിച്ച ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കഥ പ്രസിദ്ധ എഴുത്തുകാരനായ മുഹമ്മദ് നാബല്‍സി ‘നിഭാഉല്ലാഹി ലില്‍ മുഅ്മിനീന്‍’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നതിങ്ങനെ: ഒരു വനിതാ ബ്രിട്ടീഷ് മന്ത്രി അറബ് നാട് സന്ദര്‍ശിക്കാനെത്തി. ഇവിടുത്തെ മന്ത്രിയും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഹസ്തദാനം ചെയ്തു അവരെ സ്വീകരിച്ചു. ഒരാള്‍ മാത്രം കൈകൊടുക്കാതെ മാറിനിന്നു. ഈ നടപടി ഇവിടുത്തെ മന്ത്രിയെ പ്രകോപിപ്പിച്ചു. അതിഥിക്ക് ഏര്‍പ്പെടുത്തിയ വിരുന്നില്‍നിന്ന് അയാളെ ഒഴിവാക്കി. വിരുന്നിനിടക്ക് ബ്രിട്ടീഷ് മന്ത്രി ചോദിച്ചു’ ‘ഇന്നലെ എനിക്ക് ഹസ്തദാനം ചെയ്യാത്ത ആ ഉദ്യോഗസ്ഥന്‍ എവിടെ?’ അവര്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി. ‘താങ്കള്‍ എന്തുകൊണ്ട് എനിക്ക് കൈ തരാതെ മാറിനിന്നു?’ – ഈ ചോദ്യത്തിന് ആ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ: ‘ഞാന്‍ മുസ്‌ലിം വിശ്വാസിയാണ്. എന്റെ മതം ഒരു അന്യസ്ത്രീയുടെ കൈ പിടിക്കുന്നത് അനുവദിക്കുന്നില്ല’. ഈ മറുപടി ബ്രിട്ടീഷ് വനിതാ മന്ത്രിയെ അത്ഭുതപ്പെടുത്തി. അവര്‍ ഇങ്ങനെ പ്രതികരിച്ചു. ‘നിങ്ങള്‍ എല്ലാവരും ഇദ്ദേഹത്തെ പോലെയാണെങ്കില്‍ ഞങ്ങളെല്ലാം നിങ്ങളുടെ ഭരണത്തില്‍ കീഴിലാകും’.

ഇസ്‌ലാം പേടി എന്നൊരു പ്രതിഭാസം ഇന്ന് ലോകത്ത് നിലനില്‍ക്കുന്നു. ഐ.എസും അവരുടെ ചിന്താരീതി സ്വീകരിച്ചവരും ഇസ്‌ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുകയാണ്. മുസ്‌ലിംകളുടെ ഒളിപ്പോരാക്രമണങ്ങളെയും സ്‌ഫോടനങ്ങളെയും ജീവനും സ്വത്തും നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെയുമായിരുന്നില്ല ലോകം ഭയപ്പെട്ടിരുന്നത്. മറിച്ച് അവരുടെ ഈമാനിന്റെ ശക്തിയെയായിരുന്നു. അവരുടെ ആദര്‍ശവും മതവും സംസ്‌കാരവും ജനങ്ങളെ കീഴ്‌പ്പെടുത്തുന്നതിനെയായിരുന്നു. ഇന്നത്തെ ഈ നടപടികള്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ കടുത്ത വെറുപ്പ് മാത്രമേ സൃഷ്ടിക്കുകയുള്ളൂ.

ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന മുസ്‌ലിംകള്‍ ഈ രാജ്യത്തെ പൗരന്മാരും ഈ നാട് പടുത്തുയര്‍ത്തുന്നതില്‍ മറ്റുള്ളവരെപ്പോലെ നിര്‍ണായക പങ്കു വഹിച്ചവരുമാണ്. അവരുടെ കൂടി സമരം കൊണ്ട് നേടിയതാണ് ഈ നാടിന്റെ സ്വാതന്ത്ര്യം. ഇന്ത്യന്‍ ഭരണഘടന അവരുടെ മതപരമായ എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുന്നു. എന്നാല്‍ അവരുടെ മനസ്സില്‍ ഒരുതരം ഭീതി സൃഷ്ടിക്കാനുള്ള പ്രവണതകള്‍ അടുത്ത കാലത്തായി നാമ്പെടുത്തിട്ടുണ്ട്. മുസ്‌ലിംകളുടെ വ്യക്തി നിയമങ്ങളില്‍ കൈവെക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു. മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഹനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരില്‍ ഏറ്റുമുട്ടലുകളുടേയും സംഘര്‍ഷത്തിന്റെയും മാര്‍ഗത്തിലൂടെയല്ല, ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും മാര്‍ഗമുപയോഗിച്ചും ഇതര ജനവിഭാഗങ്ങളെ കൂട്ടുപിടിച്ചും ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇസ്സത്തുള്ള ഒരു സമുദായം എന്ന നിലക്ക് ഭീരുത്വവും കീഴടങ്ങലും പ്രീണന നയം സ്വീകരിക്കലും മുസ്‌ലിംകള്‍ക്കനുയോജ്യമല്ല.

✍P മുഹമ്മദ്‌ കുട്ടശ്ശേരി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts