ഇബ്നു ജരീര്‍, ഇബ്നു അബീഹാതിം (റ) എന്നിവര്‍ ഉദ്ധരിക്കുന്ന ഒരു രിവായത്തിന്റെ സാരം ഇപ്രകാരമാണ്: ചില ഖുറൈശീ നേതാക്കള്‍ നബി(സ)യോടു ഇങ്ങനെ പറഞ്ഞു: *‘മുഹമ്മദേ, ഞങ്ങളുടെ മതം നീ പിന്‍പറ്റുക. നിന്റെ മതം ഞങ്ങളും പിന്‍പറ്റാം. ഞങ്ങളുടെ ദൈവങ്ങളെ നീയും ആരാധിക്കുക. നിന്റെ ദൈവത്തെ ഞങ്ങളും ആരാധിക്കാം. എന്നാല്‍ നിന്റെതാണ് ഉത്തമമെങ്കില്‍ അതില്‍ ഞങ്ങളും, ഞങ്ങളുടേതാണ് ഉത്തമമെങ്കില്‍ അതില്‍ നീയും ഭാഗഭാക്കാകുമല്ലോ.‘ അപ്പോള്‍ നബി(സ) പറഞ്ഞു : معاذ الله ان اشرك به غيره “അല്ലാഹുവിനോടു മറ്റൊന്നിനെ പങ്കു ചേര്‍ക്കുന്നതില്‍ നിന്നു ഞാന്‍ അവനോടു ശരണം തേടുന്നു!”* ഇതിനെ തുടര്‍ന്നു ഈ സൂറത്തു അവതരിച്ചു. അനന്തരം മസ്ജിദുല്‍ഹറാമില്‍ വെച്ച് ഖുറൈശീ പ്രമാണികളുടെ സാന്നിദ്ധ്യത്തില്‍ തിരുമേനി (സ) ഈ അദ്ധ്യായം ഓതി വിളംബരം ചെയുകയും ചെയ്തു.
بِسْمِ ٱللَّهِ ٱلرَّحْمَـنِ ٱلرَّحِيمِ
പരമ കാരുണികാനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ
(നബിയേ) പറയുക : 'ഹേ , അവിശ്വാസികളേ!
لَآ أَعْبُدُ مَا تَعْبُدُونَ
*'നിങ്ങള്‍ ആരാധിച്ചു വരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല;*
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
*'ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.*
وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ
*'നിങ്ങള്‍ ആരാധിച്ചുവന്നതിനെ ( അഥവാ നിങ്ങളുടെ ആരാധന ) ഞാനും ആരാധിക്കുന്നവനല്ല;*
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
*ഞാന്‍ ആരാധിച്ചുവരുന്നതിനെ (അഥവാ എന്റെ ആരാധന ) നിങ്ങളും ആരാധിക്കുന്നവരല്ല.*
لَكُمْ دِينُكُمْ وَلِىَ دِينِ
*നിങ്ങള്‍ക്കു നിങ്ങളുടെ മതം; എനിക്ക് എന്റെ മതവും!*
----
ഇസ്‌ലാമിന്റെ പരിപാവന സന്ദേശങ്ങള്‍ പ്രബോധനം ചെയ്‌വാനും, അത് പ്രായോഗികമായി നടപ്പില്‍ വരുത്തുവാനുമാണല്ലോ നബി(സ) നിയുക്തനായിട്ടുള്ളത് . ഇസ്‌ലാമിന്റെ പ്രഥമവും പരമ പ്രധാനവുമായ ലക്ഷ്യമാകട്ടെ, ശിര്‍ക്കിനെ നിര്‍മാര്‍ജ്ജനം ചെയ്ത് തൗഹീദിനെ സ്ഥാപിക്കുകയുമാണ്. മറ്റുള്ളതെല്ലാം ഈ ലക്ഷ്യത്തിന്റെ വിശദാംശങ്ങളും അനിവാര്യഫലങ്ങളുമാകുന്നു. അപ്പോള്‍, *ബഹുദൈവാരാധനയാകുന്ന ശിര്‍ക്കും, ഏകദൈവാരാധനയാകുന്ന തൗഹീദും തമ്മില്‍ ഭാഗികമോ നാമമാത്രമോ ആയ സന്ധി പോലും ഉണ്ടാകുക സാധ്യമല്ല. രണ്ടും തമ്മില്‍ പൂര്‍വാപരവിരുദ്ധങ്ങളായിരിക്കയേ ഉള്ളു. ഈ യാഥാര്‍ത്ഥ്യം സുസ്പഷ്ടവും ഖണ്ഡിതവുമായ ഭാഷയില്‍ ശക്തിയുക്തം തുറന്നു പ്രഖ്യാപിക്കുന്ന ഒരു ചെറു അദ്ധ്യായം ആണ് ഇത്.* തൗഹീദിന്റെ മൗലികവശങ്ങളെ സുവ്യക്തമായ ഭാഷയില്‍ സംക്ഷിപ്തമായി വിവരിക്കുന്ന ഒരു ചെറു അദ്ധ്യായമാണ് സൂറത്തുല്‍ ഇഖ്‌ലാസ്. അപ്പോള്‍, ഈ രണ്ടു സൂറത്തുകളും തമ്മിലുള്ള പൊരുത്തവും ബന്ധവും, അവയിലെ ആശയങ്ങളുടെ പ്രാധാന്യവും വ്യക്തമാണല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍لا اله الاالله ( അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല ) എന്ന കലിമത്തു തൗഹീദിന്റെ ആദ്യഭാഗമായ لا اله ( ഒരാരാധ്യനുമില്ല ) എന്നതിന്റെ വിശദീകരണമാണ് ഈ സൂറത്ത് എന്നും, അവസാനഭാഗമായ الا الله ( അല്ലാഹു ഒഴികെ ) എന്നതിന്റെ വിശദീകരണമാണ് സൂ: ഇഖ്‌ലാസ് എന്നും പറയാം. ഈ രണ്ടു സൂറത്തുകള്‍ക്കും നബി(സ) വളരെ പ്രാധാന്യം കല്പിച്ചിരുന്നതിന്റെ രഹസ്യം ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.
ഈ സൂറത്തിലെ ആശയം ഇങ്ങനെ സംഗ്രഹിക്കാം: *അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിച്ചുവരുന്ന യാതൊരു ദൈവത്തെയും – അവ വിഗ്രഹങ്ങളാവട്ടെ, മറ്റേതെങ്കിലുമാകട്ടെ – ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ അതിനു തയ്യാറുമില്ല. ഞാന്‍ ആരാധിച്ചുവരുന്നത് അല്ലാഹുവിനെ മാത്രമാണ്. അവനെ നിങ്ങളും ആരാധിക്കുന്നില്ല . അതിനു നിങ്ങള്‍ തയ്യാറുമില്ല. നിങ്ങള്‍ നടത്തി വരുന്ന ശിര്‍ക്കുപരമായ ആരാധനാമുറകള്‍ ഒന്നും എനിക്ക് സ്വീകാര്യമല്ല. എന്റെ ആരാധനാമുറകള്‍ നിങ്ങളും സ്വീകരിക്കുന്നില്ല എന്റെ ആരാധ്യനായ അല്ലാഹു നിര്‍ദ്ദേശിച്ചു തന്ന ആരാധനാ രൂപം മാത്രമാണ് ഞാന്‍ സ്വീകരിച്ചുവരുന്നത്. നിങ്ങള്‍ നടത്തിവരുന്ന ആരാധനകളാകട്ടെ, അവ നിങ്ങള്‍ തന്നെ സ്വയം കെട്ടിയുണ്ടാക്കിയ ചില ചടങ്ങുകള്‍ മാത്രമാണ്. അതുകൊണ്ടു നാം തമ്മില്‍ ഒരു കാലത്തും യോജിക്കുക എന്ന പ്രശ്നമേ ഇല്ല. നിങ്ങള്‍ നിങ്ങളുടെ മതവും നടപടിക്രമവും പിന്‍പറ്റിക്കൊള്ളുക. ഞാന്‍ എന്റെ മതവും നടപടിയും പിന്‍പറ്റിക്കൊള്ളാം. അതതിന്റെ ഫലം നമുക്ക് ഇരുകൂട്ടര്‍ക്കും വഴിയെ കണ്ടറിയുകയും ചെയ്യാം.*
ഇബ്റാഹീം (അ) നബിയും, അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചവരും അവരുടെ ജനതയായ മുശ്രിക്കുകളോടു, നാം തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതുവരേക്കും നാം തമ്മില്‍ പ്രത്യക്ഷ ശത്രുതയാണുള്ളതെന്നും മറ്റും തുറന്നു പ്രഖ്യാപിച്ച വിവരം സൂറത്തുല്‍ മുംതഹിനഃ (الممتحنة) യില്‍ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. അതില്‍ നിങ്ങള്‍ക്ക് നല്ലതായ ഒരു മാതൃകയുണ്ട് എന്നും അതോടൊപ്പം നമ്മെ അല്ലാഹു ഉണര്‍ത്തുകയും ചെയ്തിരിക്കുന്നു. (സൂ : മുംതഹിനഃ 4 – ആം വചനം നോക്കുക ) അത് പോലെയുള്ള ഒരു പ്രഖ്യാപനം ഈ സമുദായത്തിലെ മുശ്രിക്കുകളോടും ചെയ്യുവാന്‍ ആണ് ഈ സൂറത്തില്‍ അല്ലാഹു നബി(സ)യോടു കല്‍പിക്കുന്നത്. നബി(സ)യോടുള്ള കല്‍പന അവിടുത്തെ അനുയായികള്‍ക്കും ബാധകമാണെന്ന്‍ പറയേണ്ടതില്ലല്ലോ. والله اعلم
From വിശുദ്ധ ഖുർആൻ വിവരണം
by മുഹമ്മദ് അമാനി മൗലവി