അന്ധവിശ്വാസത്തിന്റെ വേരും വ്യാപ്തിയും

വിശ്വാസം മനുഷ്യനില്‍ വിശുദ്ധിയുണ്ടാക്കുമെങ്കില്‍ അന്ധവിശ്വാസം മനുഷ്യനെ ഏത് വൃത്തികേടും കൊടിയ പാപങ്ങള്‍ പോലും ചെയ്യാന്‍ പ്രേരിപ്പിക്കുന്നുവെന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്. അന്ധവിശ്വാസത്തിന്റെ ഇരകളായി ജീവന്‍ ത്യജിക്കേണ്ടിവന്ന സ്ത്രീകളും കുട്ടികളും പ്രബുദ്ധ കേരളത്തില്‍ വാര്‍ത്തയായത് കഴിഞ്ഞ വര്‍ഷമാണ്. ഇപ്പോഴിതാ നിഷ്‌കളങ്കതയുടെ പ്രതിരൂപമായ ഒരു നവജാതശിശു അന്ധവിശ്വാസത്തിന്റെ ഇരയായ അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത വന്നിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മുക്കം ഇ എം എസ് സഹകരണ ആശുപത്രിയിലാണ് സംഭവം. ഓമശ്ശേരിക്കാരന്‍ അബൂബക്കര്‍ എന്ന യുവാവിന് ഒരു കുഞ്ഞ് പിറക്കുന്നു . അല്പനേരം കഴിഞ്ഞ് കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നു. പക്ഷെ കുഞ്ഞിന്റെ പിതാവ് ആ കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍പാടില്ലെന്ന് ശഠിക്കുന്നു. മുക്കത്തിനടുത്തുള്ള കള്ളന്‍തോട്ടിലെ ഒരു സിദ്ധന്‍ പറഞ്ഞുവത്രേ 'അഞ്ചു ബാങ്കുവിളി കേട്ടശേഷമേ കുഞ്ഞിന് പാല്‍ കൊടുക്കാവൂ' എന്ന്. വിചിത്രമായ ഈ വിധി അക്ഷരംപ്രതി അനുസരിച്ചതാണ് ആ യുവാവിന്റെ ക്രൂരതയ്ക്ക് കാരണം. ഡോക്ടര്‍മാരും തുടര്‍ന്ന് പോലീസും പിന്നെ നാട്ടുകാരും പറഞ്ഞുനോക്കിയിട്ടും കൂസാത്ത ഇയാളുടെ അന്ധവിശ്വാസത്തിന്റെ വേരും വ്യാപ്തിയും എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

മുസ്‌ലിം നാമധാരികളുടെ ദുഷ്‌ചെയ്തികള്‍ ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും നാണക്കേടു വരുത്തിവച്ചുകൊണ്ടിരിക്കുന്നു. പുറത്തുവന്ന ഈ സംഭവം ഇസ്‌ലാമിനെപ്പറ്റി മുസ്‌ലിംകളില്‍ ചിലര്‍ക്കെങ്കിലുമുള്ള അറിവില്ലായ്മയുടെ ആഴം വിളിച്ചോതുന്നു. ഒരമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും മഹത്തായ കടമയുമാണ് കുഞ്ഞിന് മുലയൂട്ടല്‍. വിശുദ്ധ വേദഗ്രന്ഥത്തിന്റെ പ്രധാനപ്പെട്ട ഒരു കല്പനയാണ് കുഞ്ഞിന് മുലയൂട്ടണമെന്നത്. 'മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടണം. പൂര്‍ണമായ മുലകുടി രണ്ട് വര്‍ഷമാണ്. അതിന്നാവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും കുഞ്ഞിന്റെ പിതാക്കള്‍ കണ്ടെത്തണം. വിവാഹമോചനം ചെയ്യപ്പെട്ട അവസരമാണെങ്കില്‍പോലും കുഞ്ഞിന്റെ മുലപ്പാല്‍ കൊടുക്കല്‍ രണ്ടുപേരും കൂടിയാലോചിച്ച് ചെയ്യണം. പിതാവിന്റെ അഭാവത്തില്‍ അയാളുടെ അവകാശികള്‍ക്കും കുട്ടിയുടെ കാര്യത്തില്‍ ബാധ്യതയുണ്ട്' (2:233). ഇത്ര കൃത്യമായി മുലയൂട്ടല്‍ നിഷ്‌കര്‍ഷിച്ച ഏതെങ്കിലും പ്രത്യയശാസ്ത്രമുണ്ടോ?

ഈ പ്രത്യയശാസ്ത്രത്തിന്റെ അനുയായികളാണ് മതത്തിന്റെ പേരു പറഞ്ഞ് കുഞ്ഞിനെ പീഡിപ്പിച്ചത്. ഏതായാലും ഈ സിദ്ധനും അനുയായിയും ഇപ്പോള്‍പോലീസ് പിടിയിലായിരിക്കുന്നു. അഞ്ചുനേരത്തെ ബാങ്കുകേട്ടശേഷമേ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാവൂ എന്ന് ഒരു സിദ്ധന്‍ പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ വിവരമില്ലാത്ത സമൂഹവും മുസ്‌ലിമേതര സമൂഹവും അതില്‍ ഇസ്‌ലാമികത കണ്ടേക്കാം. എന്നാല്‍ ഇസ്‌ലാമുമായി ഇത്തരം അത്യാചാരങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

മുലയൂട്ടലുമായി അതിനുബന്ധമില്ല. വിശ്വാസി ഒരു കാര്യം ചെയ്യുമ്പോള്‍ അതിനു മതവിധിയുണ്ടാവണം. മതവിധിയില്ലെങ്കില്‍ ശാസ്ത്ര വസ്തുതയുടെ പിന്‍ബലം വേണം. മതവും ശാസ്ത്രവും ഇല്ലെങ്കില്‍ യുക്തിസഹമായിരിക്കണം ആ കാര്യം. ഇത് ഒന്നുമില്ലെങ്കില്‍ കേവലം ഒരു നാട്ടുനടപ്പെങ്കിലും ഉണ്ടാവണം. എന്നാല്‍ വിവരദോഷികളായ സിദ്ധന്മാരുടെ മുഷ്‌കിന് വേദവാക്യത്തിന്റെ പ്രാധാന്യം നല്കുന്ന സമൂഹത്തില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കേണ്ടതില്ല.

ഈ സംഭവത്തിലെ പ്രതികള്‍ ഇപ്പോള്‍ അറസ്റ്റിലായെങ്കിലും ഒന്നോ രണ്ടോ നാള്‍ കഴിഞ്ഞു അവര്‍പുറത്തിറങ്ങും. പൂര്‍വോപരി ആവേശത്തോടെ പഴയ പണി തുടരും. ശൈശവാവകാശ നിയമത്തിലെ വളരെ ദുര്‍ബലമായ വകുപ്പനുസരിച്ചാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കാരണം അന്ധവിശ്വാസത്തെ നേരിടാന്‍ നമുക്ക് ഇപ്പോഴും നിയമമില്ല. ഈ പശ്ചാത്തലത്തിലാണ് അന്ധവിശ്വാസ ജീര്‍ണതകള്‍ക്കെതിരില്‍ നിയമം കൊണ്ടുവരണമെന്ന ഐ എസ് എം ഉള്‍പ്പെടയെുള്ള സംഘടനകളുടെ ആവശ്യത്തിന്റെ പ്രസക്തി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ ആവശ്യമുന്നയിച്ചു ഐ എസ് എം നിരവധി സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ഈ വിഷയത്തില്‍ഒരു മാതൃക ബില്‍അവതരിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനൊക്കെ അല്പായുസ് മാത്രമായിരുന്നു. ഏത് കക്ഷി ഭരണത്തിലെത്തിയാലും ഇത്തരം മാഫിയകളെ പിടിച്ചുകെട്ടാന്‍ കഴിയില്ല. കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ഡിവൈഎഫ്‌ഐ വ്യാജ സിദ്ധന്മാര്‍ക്കെതിരെ പ്രത്യക്ഷ സമരം തുടങ്ങിവെച്ചത് പാതിവഴിയില്‍ ഇട്ടേച്ചുപോയതിന് കാരണവും മറ്റൊന്നല്ല. അത്രയും വലിയ സ്വാധീനമാണ് വിശ്വാസക്കച്ചവട മാഫിയക്കുള്ളത്.അന്ധവിശ്വാസ നിര്‍മാര്‍ജനത്തിനു കരുത്തുള്ള നിയമ നിര്‍മാണം ആവശ്യപ്പെട്ടു ബഹുജന സമരം ആവശ്യമാണെന്ന് പുതിയ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നു.
അന്ധവിശ്വാസികളെ തിരുത്തേണ്ടതും നേര്‍വഴിക്ക് നടത്തേണ്ടതും മുസ്‌ലിം പണ്ഡിതന്മാരും നേതൃത്വവുമാണ്. മുസ്‌ലിംകളിലെ ഭൂരിപക്ഷമെന്നവകാശപ്പെടുന്നവരുടെ വാല്‍ പക്ഷേ, സിദ്ധന്മാരുടെ അമ്മിക്കു കീഴിലാണ്. ഇതാണ് സമുദായം നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന്. ഇസ്‌ലാമിനെ യഥാതഥം പഠിപ്പിക്കുന്നവരെ തീവ്രവാദ മുദ്രകുത്തി നിശബ്ദമാക്കാനും അവര്‍ മത്സരിച്ചു കൊണ്ടിരിക്കുന്നു.

From ശബാബ് വാരിക
11-11-2016

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts