സംഗീതത്തിന്റെ വിധി
സംഗീതം പാടില്ലെന്ന് ശക്തമായി വാദിക്കുന്ന ഒരു സുഹൃത്തുമായി നടന്ന ഒരു സംഭാഷണം വിഷയത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഇവിടെ ചേര്‍ക്കട്ടെ:
ചോദ്യം: സംഗീതത്തെ പറ്റിയുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
ഉത്തരം: ഹറാം.
ചോദ്യം: സംഗീതം കേള്‍ക്കുന്നതും സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതും ഒരുപോലെ ഹറാമാണോ? അതോ ഏതെങ്കിലും ഒന്ന് മാത്രമാണോ?
ഉത്തരം: രണ്ടും ഹറാം തന്നെ.
സംഗീതോപകരണങ്ങള്‍ ഉപയോഗിക്കുന്നതും അത് ശ്രവിക്കുന്നതും വിധിയില്‍ ഒരുപോലെ തന്നെയാണ്.
ചോദ്യം: അല്‍പമായാലും അധികമായാലും പാടില്ലെന്നാണോ? അതോ ഏതാനും സെക്കന്റുകളോ മിനിറ്റുകളോ ആണെങ്കില്‍ വല്ല ഇളവുമുണ്ടോ?
ഉത്തരം: മദ്യം അല്‍പമാണെങ്കില്‍ ഹറാമല്ലാതാകുമോ? ഇല്ലെങ്കില്‍ ഇതും അതുപോലെത്തന്നെ അല്‍പമായാലും അധികമായാലും ഹറാം തന്നെ.
ചോദ്യം: താങ്കളുടെ മൊബൈല്‍ നമ്പര്‍ തന്നാല്‍ നന്നായിരുന്നു. ഇനിയും ബന്ധപ്പെടണമെങ്കില്‍ സൗകര്യമാവുമല്ലോ.
ഉത്തരം: ഇതാ എന്റെ നമ്പര്‍ .................... എപ്പോള്‍ വേണമെങ്കിലും വിളിക്കാം.
എങ്കില്‍ ഇപ്പോള്‍ തന്നെ ഒന്ന് വിളിച്ചുനോക്കട്ടെ. എന്റെ നമ്പര്‍ താങ്കള്‍ക്കും സേവ് ചെയ്യാമല്ലോ.
ഉടനെ വിളിച്ചു. അപ്പോള്‍ വളരെ നല്ല ഒരു ട്യൂണ്‍ അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്നും പുറത്ത് വരാന്‍ തുടങ്ങി.
ചോദ്യം: ഈ കേട്ടതിന്റെ പേരെന്താണ്? ഇത് സംഗീതമല്ലേ? അല്‍പം മദ്യം ഹലാലാവില്ലെങ്കില്‍ അല്‍പസമയം ഈ മ്യൂസിക് റിംഗ്ട്യൂണ്‍ ഹറാമാവാതിരിക്കുമോ?
അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാത്തതിനാല്‍ അദ്ദേഹത്തിനുത്തരം ഇല്ലായിരുന്നു. അതിനാല്
സംഗീതവുമായി ബന്ധപ്പെട്ട് നില നല്‍ക്കുന്ന വീക്ഷണ വൈജാത്യങ്ങളിലെ ശരിയായ വീക്ഷണമെന്താണെന്ന് മനസ്സിലാക്കാന്‍ വേണ്ടി ചില അടിസ്ഥാന കാര്യങ്ങള്‍ വ്യക്തമാക്കാനാണ് ഉദ്ദേശിക്കുന്നത്.
എന്താണ് മ്യൂസിക് അഥവാ സംഗീതം? അതേക്കുറിച്ച് ഖുര്‍ആനിലും സുന്നത്തിലും പരാമര്‍ശമുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ താല്‍പര്യവും വിവക്ഷയും സ്വഭാവവും എന്ത്? അവ ഉപയോഗിക്കുന്നതിന്റെയും ശ്രവിക്കുന്നതിന്റെയും വിധിയെന്താണ്? പ്രവാചകന്റെ കാലത്ത് അത് ഉപയോഗിച്ചിരുന്നുവോ? അതെക്കുറിച്ച് അവിടുന്ന് വല്ല പ്രതികരണവും നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ തേട്ടമെന്താണ്? എപ്പോഴാണ് ഒരു സംഗതി ഹറാമാവുക? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് പ്രമാണബദ്ധവും ആധികാരികവുമായ മറുപടി കണ്ടെത്തുന്നതോടെ വിഷയത്തെക്കുറിച്ച് വ്യക്തമായ ഒരു നയം രൂപപ്പെടുത്താന്‍ സാധിക്കുന്നതാണ്. ചോദ്യങ്ങള്‍ ഓരോന്നെടുത്ത് നമുക്ക് പരിശോധിക്കാം.
സംഗീതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് അടിസ്ഥാനപരമായി ഗൗനിക്കേണ്ട ചില മൗലികാടിത്തറകളുണ്ട്. വിശിഷ്യാ സംഗീതം ഹറാമാണോ അല്ലേ എന്ന് ചര്‍ച്ചചെയ്യുമ്പോള്‍. അങ്ങനെ വരുമ്പോള്‍ പ്രാഥമികമായി എന്താണ് ഹറാം, എപ്പോഴാണ് ഒരു സംഗതി ഇസ്‌ലാമിക ദൃഷ്ട്യാ ഹറാമാകുക എന്ന് പരിശോധിക്കണം.
ഹറാമിനെ പണ്ഡിതര്‍ വിവക്ഷിച്ചിട്ടുള്ളത് ഖണ്ഡിതവും സ്പഷ്ടവുമായ തെളിവുകളിലൂടെ നിഷിദ്ധമെന്ന് തെളിഞ്ഞ കാര്യങ്ങള്‍ക്കാണ്. ഇങ്ങനെ പ്രമാണങ്ങളിലൂടെ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളോട് സാദൃശ്യവും സമാനതയുമുള്ള സംഗതികളും ഹറാമായിതീരും.
ഉദാഹരണമായി, മയക്കുമരുന്ന് ഹറാമാണെന്ന വിധിപോലെ. ഇതിനാണ് ഖിയാസ് എന്ന് പറയുന്നത്. അതുപോലെ ഹറാമാണെന്നതില്‍ മുസ്‌ലിം ലോകം ഏകോപിച്ചിട്ടുണ്ടെങ്കില്‍ അതും ഹറാമുതന്നെ. ഇതിന് ഇജ്മാഅ് എന്ന് പറയുന്നു.
ഇങ്ങനെയുള്ള ഹറാമുകള്‍ രണ്ട് വിധമുണ്ട്. ഒന്ന്: സ്വതവേ തന്നെ നിഷിദ്ധമാണെന്ന് ശരീഅത്ത് പരിഗണിച്ചവ. മദ്യപാനം, പലിശ മുതലായവ. ഇത്തരം കാര്യങ്ങള്‍ ജീവനപായപ്പെടുത്തുക പോലുള്ള നിര്‍ബന്ധിത സാഹചര്യങ്ങളില്‍ മാത്രമേ അനുവദനീയമാവൂ. രണ്ട്: സ്വന്തം നിലക്ക് മോശമോ വൃത്തികെട്ടതോ അല്ല. എങ്കിലും അത് നേരത്തെ പറഞ്ഞതു പോലുള്ള ശുദ്ധ ഹറാമിലേക്ക് നയിക്കാനിടയുള്ളവയാണ്. ഇത്തരം കാര്യങ്ങള്‍ ആവശ്യാനുസൃതം അനുവദനീയമായിത്തീരുന്നതാണ്. ജീവനപകടപ്പെടുക പോലുള്ള നിര്‍ബന്ധിത സാഹചര്യം വേണ്ടെന്നര്‍ത്ഥം.
സംഗീതമെന്നത് ഇതില്‍ ഏത് ഗണത്തില്‍ പെടുമെന്നതാണ് നമുക്ക് പരിശോധിക്കേണ്ടത്.
കേള്‍ക്കാനിമ്പമുള്ളതും മനസ്സിന് ആനന്ദം പകരുന്നതുമായ ശബ്ദത്തെക്കുറിച്ച് ഇസ്‌ലാമിന്റെ വിധിയെന്താണ്?
ഒരാള്‍ തന്റെ വീട്ടുപരിസരത്ത് പാടത്തും പറമ്പിലുമുള്ള കുയിലിന്റെ രാഗവും കളകള നാദവും കേള്‍ക്കുന്നതും ആസ്വദിക്കുന്നതും ഹറാമാണെന്നാരെങ്കിലും പറഞ്ഞതായി അറിയില്ല. ഇനി അത് തന്നെ ഒരാള്‍ തന്റെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്ത് വീണ്ടും കേള്‍ക്കുന്നത് ഹറാമാണെന്ന് പറയാനൊക്കുമോ? ഇനി മറ്റൊരാള്‍ അത്തരം ശബ്ദങ്ങള്‍ അനുകരിച്ച് കേള്‍പ്പിച്ചാല്‍ അത് ഹറാമാകുമോ? സ്വയം അനുകരിക്കാതെ വല്ല ഉപകരണങ്ങളിലൂടെയോ മറ്റോ അങ്ങനെ ചെയ്താല്‍ അത് ഹറാമാകുമോ? ഇത്തരം ധാരാളം ചോദ്യങ്ങള്‍ക്കു കൂടി യുക്തവും തൃപ്തികരവുമായ മറുപടി പറയാന്‍ കഴിയേണ്ടതുണ്ട്.
യഥാര്‍ത്ഥത്തില്‍ ശബ്ദത്തെക്കുറിച്ച് ഇസ്‌ലാമിന്റെ വീക്ഷണം അത് മൗലികമായി അനുവദനീയമാണെന്നതാണ്. കാരണം ഇത്തരം 'ആദാത്തു'കളില്‍ പെടുന്ന കാര്യങ്ങളുടെയെല്ലാം മൗലികത അവ അനുവദനീയമാണ് എന്നതാണ്. അവ ഹറാമാണെന്നതിനാണ് തെളിവ് വേണ്ടതെന്നര്‍ത്ഥം. വാദ്യോപകരണങ്ങളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും യാതൊന്നും വന്നില്ലെങ്കിലാണിപ്പറഞ്ഞത്. എന്നാല്‍ പ്രവാചക കാലത്ത് തിരുമേനിയുടെ അറിവിലോ സന്നിധിയിലോ അങ്ങനെ വല്ലതും നടക്കുകയും അവിടുന്ന് അതെക്കുറിച്ച് മൗനം ദീക്ഷിക്കുകയോ അല്ലെങ്കില്‍ വിലക്കാതിരിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ പിന്നെ പറയാനുമില്ല. എന്നാല്‍ പരിശോധിച്ചാല്‍ ബോധ്യമാകുന്ന കാര്യം അങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടായതായിട്ടാണ്. തിരുമേനിയുടെ കാലത്ത് ഉണ്ടായിരുന്നു എന്നതില്‍ പരിമിതമല്ല അതിലുപരി തിരുസന്നിധിയില്‍, തിരുഗൃഹത്തില്‍ എല്ലാം അതിന് ഉദാഹരണങ്ങള്‍ ഉണ്ട്. ചിലതുമാത്രം ഇവിടെ ചേര്‍ക്കട്ടെ.
സുന്ദരവും പ്രിയങ്കരവും ആസ്വാദ്യജനകവുമായ ശബ്ദമുള്ളവരെ സംഗീതത്തോടുപമിക്കുക എന്നത് പണ്ടുമുതലേ ഉണ്ടായിരുന്നു. അത് ഖുര്‍ആന്‍ പാരായണമെന്ന ഇബാദത്താണെങ്കിലും.
കര്‍ണാനന്ദകരമായ ശബ്ദമാധുര്യത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്ന മഹാനായിരുന്നു അബൂ മൂസല്‍ അശ്അരി(റ). അദ്ദേഹത്തിന്റെ പാരായണത്തിലാകൃഷ്ടനായി തിരുമേനി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ''ദാവൂദ് കുടുംബത്തിന് നല്‍കപ്പെട്ട പുല്ലാങ്കുഴലില്‍നിന്ന് താങ്കള്‍ക്കും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നത്'' (ബുഖാരി, മുസ്‌ലിം). പുല്ലാങ്കുഴലില്‍ നിന്നുയരുന്ന സംഗീതത്തോട് ഖുര്‍ആന്‍ പാരായണം പോലുള്ള ആരാധനയെ ഉപമിക്കുമ്പോള്‍ ആ സംഗീതം ഇസ്‌ലാം ഹറാമാക്കിയ ഒന്നാകുക വയ്യ. കാരണം 'മോശമായ ഉപമകള്‍ നമുക്ക് ചേര്‍ന്നതല്ല'(ബുഖാരി: 2479) എന്ന് പ്രവാചകന്‍(സ) പറഞ്ഞിരിക്കേ വിശേഷിച്ചും.
അബൂമൂസ(റ)വിന്റെ ശബ്ദമാധുര്യത്തെക്കുറിച്ച് മഹാനായ താബിഇ അബൂ ഉസ്മാന്‍ പറയുന്നത് നോക്കൂ: ''അബൂമൂസയുടെ ശബ്ദത്തെക്കാള്‍ ആനന്ദമുള്ള പുല്ലാങ്കുഴലോ തംബുരുവോ, വീണയോ രാഗമോ ഞാന്‍ ശ്രവിച്ചിട്ടില്ല. അദ്ദേഹം ഞങ്ങള്‍ക്ക് ഇമാമായി നമസ്‌കരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദമാധുരി കാരണം അല്‍ ബഖറ ചെയ്തിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ ആഗ്രഹിച്ചുപോകും'' (ഫദാഇലുല്‍ ഖുര്‍ആന്‍: 163).
വീണ, തംബുരു, പുല്ലാങ്കുഴല്‍ തുടങ്ങി പല രാഗങ്ങളും ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അബൂമൂസയുടെ ഖുര്‍ആന്‍ പാരായണത്തെക്കാള്‍ ഇമ്പമാര്‍ന്ന മറ്റൊന്നും താന്‍ കേട്ടിട്ടില്ല എന്നാണദ്ദേഹം പറയുന്നത്.
ഇവിടെ പുല്ലാങ്കുഴല്‍ രാഗത്തോട് അബൂമൂസയുടെ പാരായണത്തെ ഉപമിക്കുമ്പോള്‍, അത് ഹറാമായ വാദ്യോപകരണത്തില്‍ പെടുന്നുവെന്നു പറഞ്ഞാല്‍ സംസം വെള്ളത്തെക്കാള്‍ ഹൃദ്യമായ ഒരു കള്ളും ഞാന്‍ കുടിച്ചിട്ടില്ല എന്ന് പറയും പോലെയാവില്ലേ? അഊദു ബില്ലാഹ്.
സംഗീതം ഹറാമാണെന്ന് വാദിക്കുന്നവരുടെ തെളിവുകള്‍ ഒരു വിശകലനം:
1. ഖുര്‍ആന്‍: സൂറത്തു ലുഖ്മാനില്‍:
'ലഹ്‌വുല്‍ ഹദീസ്' എന്നതിന്റെ വിവക്ഷ പാട്ടാണ് എന്ന് സ്വഹാബി പണ്ഡിതന്മാരായ ഇബ്‌നു അബ്ബാസും ഇബ്‌നു മസ്ഊദും വ്യക്തമാക്കിയതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഈ ആയത്തിന്റെ വ്യാഖ്യാനമനുസരിച്ച് പാട്ട് വാങ്ങിക്കുന്നവരെ അല്ലാഹു അധിക്ഷേപിച്ചിരിക്കുന്നു. അവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താക്കീത് ചെയ്യുകയും ചെയ്തിരിക്കുന്നു. ആയതിനാല്‍ പാട്ടും സംഗീതവും ഹറാമാകുന്നു. ഇതാണ് വാദം.
വിശകലനം:
1. സ്വഹാബിമാരില്‍ നിന്നുതന്നെ ലഹ്‌വുല്‍ ഹദീസ് എന്നതിന് വേറെയും വിശദീകരണങ്ങള്‍ വന്നിരിക്കേ ഈയൊരു വ്യാഖ്യാനം മാത്രമേ ഇതിനുള്ളൂ എന്ന് വെക്കാന്‍ നിര്‍വാഹമില്ല. നള്‌റുബ്ന്‍ ഹാരിസെന്ന പ്രവാചക ശത്രു ഇറാഖില്‍നിന്ന് ഗായികമാരെയും നര്‍ത്തകിമാരെയും കൊണ്ടുവന്ന് കലാപരിപാടികള്‍ സംഘടിപ്പിക്കുകയും അങ്ങനെ ഖുര്‍ആനില്‍നിന്നും പ്രവാചകനില്‍നിന്നും ജനങ്ങളെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും അതാണിവിടെ ഉദ്ദേശ്യമെന്നും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. തിരുമേനി നേരിട്ട് നല്‍കിയ വിശദീകരണമല്ലാതിരിക്കെ ഒരേയൊരു വ്യഖ്യാനത്തിന് മാത്രം പ്രാമാണികത കല്‍പിക്കാന്‍ നിര്‍വാഹമില്ല. പ്രവാചക മൊഴികളുടെ പദവിയും അതിന് കൈവരുന്നില്ല.
2. ഇനി ആ വ്യാഖ്യാനം മാത്രം പരിഗണിച്ചാല്‍ തന്നെ അതില്‍ നിന്ന് പാട്ട് ഹറാമാണെന്ന് വിധിത്തീര്‍പ്പിലെത്താനും കഴിയില്ല. ഇവിടെ ലഹ്‌വുല്‍ ഹദീസ് വാങ്ങി എന്നതല്ല പ്രശ്‌നം. പ്രത്യുത അതെന്തിന് വേണ്ടി എന്നതാണ്. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ആളുകളെ വഴിതെറ്റിക്കാന്‍ വേണ്ടി ലഹ്‌വുല്‍ ഹദീസ് വാങ്ങുകയെന്നതാണ്. അപ്പോള്‍ വാങ്ങി എന്നതിലുപരി അതിലുള്ള ദുരുദ്ദേശ്യം കൂടി പരിഗണിച്ചാണ് നോവേറിയ ശിക്ഷയെന്നര്‍ത്ഥം. ഇമാം ഇബ്‌നു ഹസ്മ് പറഞ്ഞത്: ദുരുദ്ദേശ്യത്തോടെ വിശുദ്ധ ഖുര്‍ആന്‍ തന്നെയാണ് വാങ്ങുന്നതെന്നിരിക്കട്ടെ അവര്‍ക്കും ഈ ശിക്ഷ ലഭിക്കുമെന്നാണ് (അല്‍ മുഹല്ല: 910). ഖുര്‍ആനും ദീനും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കും ഭൗതിക നേട്ടത്തിനും എത്ര സമര്‍ത്ഥമായാണ് ഉപയോഗപ്പെടുത്തുക എന്നത് ഇക്കാലത്ത് ഏറെ വിശദീകരിക്കേണ്ടതില്ലല്ലോ.
ഇതേ കാര്യം ഇമാം ഗസ്സാലിയും തന്റെ ഇഹ്‌യാഇല്‍ (2/260) വ്യക്തമാക്കിയത് കാണാം. ഇങ്ങനെ വെക്കാനേ നിര്‍വാഹമുള്ളൂ. കാരണം അന്‍സ്വാരികള്‍ ലഹ്‌വ് ഇഷ്ടപ്പെടുന്നു എന്നുപറഞ്ഞുകൊണ്ട് തിരുമേനി ലഹ്‌വ് അനുവദിച്ചിട്ടുണ്ട് (ബുഖാരി: 5162).
പ്രമാണങ്ങള്‍ പരിശോധിച്ചാല്‍ സംഗീതത്തിന്റെ വിധി മൗലികമായി അനുവദനീയത എന്നതാണെന്നാണ് ബോധ്യമാവുക. ഇബാദത്തുകളില്‍നിന്ന് വ്യത്യസ്തമായി ആദാത്തു(പതിവ് സമ്പ്രദായങ്ങള്‍)കളുടെ ഗണത്തിലേ സംഗീതത്തെ ഉള്‍പ്പെടുത്താനൊക്കൂ. ആദാത്തുകളുടെ മൗലികത അനുവദനീയത എന്നതാണ്. അവ നിഷിദ്ധമാണെന്നതിന് തെളിവ് ഉണ്ടാകുവോളം പ്രസ്തുത വിധിയില്‍ മാറ്റമില്ല. ഇവിടെ പഠിക്കാന്‍ ശ്രമിച്ചിടത്തോളം സംഗീതം ഹറാമാണെന്ന് വിധിയെഴുതാന്‍ പാകത്തില്‍ വ്യക്തവും സ്വഹീഹായതുമായ പ്രമാണങ്ങളൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. സ്പഷ്ടമായി ഹറാമാണെന്ന് വിധിക്കാവുന്ന ഹദീസുകള്‍ ഉണ്ട്. അതുപക്ഷെ ഹദീസ് നിദാനശാസ്ത്രത്തിന്റെ അളവുകോല്‍ വെച്ച് ആധികാരികതയോ പ്രാമാണികതയോ കല്‍പ്പിക്കാന്‍ കൊള്ളുന്നവയല്ല. ഇക്കാര്യമാണ് ഇമാം ഇബ്‌നുഹസ്മും ഇബ്‌നുല്‍ അറബിയും ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ഇവ്വിഷയകമായിവന്ന സ്വഹീഹായ ചില ഹദീസുകളില്‍ ഒരെണ്ണം പോലും സംഗീതം ഹറാമാണെന്ന് വിധിക്കാന്‍ മാത്രം സ്പഷ്ടമോ ഖണ്ഡിതമോ അല്ല. അവയുടെ താല്‍പര്യമെന്താണെന്നത് നമുക്ക് വഴിയെ വിവരിക്കാം. സംഗീതത്തിന്റെ മൗലിക വിധി അനുവദനീയത എന്നതാണ്. അത് ആദാത്തുകളുടെ ഗണത്തിലാണെന്നത് തന്നെ കാരണം. ഹറാമാണെന്നതിലാണ് തെളിവ് വേണ്ടത്. എങ്കിലും സംഗീതം അനുവദനീയമാണെന്ന് പ്രാമാണികമായിത്തന്നെ തെളിയിക്കാന്‍ കഴിയും.
പ്രവാചകന്‍ (സ) യുടെ കാലഘട്ടത്തില്‍ അവിടുത്തെ സാന്നിദ്ധ്യത്തില്‍ വെച്ച് പോലും വാദ്യ ഉപകരണങ്ങളോടെ പാട്ടും സംഗീതവുമാലപിച്ചതായി നിരവധി ഹദീസുകള്‍ കാണാന്‍ കഴിയും. ഉദാഹരണത്തിന്: ആയിശ(റ) നിവേദനം ചെയ്യുന്നു: മിനാ ദിവസങ്ങളില്‍ തിരുമേനി തന്റെ അരികില്‍ വന്ന് താമസിച്ചു. രണ്ടു പെണ്‍കുട്ടികള്‍ ആ സമയത്ത് തന്റെയടുത്ത് ദഫ്ഫ് മുട്ടി പാട്ടുപാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. തിരുമേനിയാകട്ടെ, വസ്ത്രം കൊണ്ട് തന്നെ മുഖം മറച്ചിരുന്നു. അവരോട് എന്തെങ്കിലും ആജ്ഞാപിക്കുകയോ വിലക്കുകയോ ചെയ്തില്ല. അന്നേരം അബൂബക്ര്‍ (റ) കടന്നുവരികയും അവരെ വിലക്കുകയും ചെയ്തു. ഉടനെ തന്റെ മുഖത്തുനിന്ന് തുണി മാറ്റിക്കൊണ്ട് തിരുമേനി പറഞ്ഞു: ''അവരെ വിട്ടേക്കൂ അബൂബക്കര്‍. കാരണം ഇത് ആഘോഷ ദിവസമാണ്'' (അഹ്മദ്, നസാഈ, ഇബ്‌നു ഹമ്പല്‍). മറ്റൊരു രിവായത്തില്‍ നബിയുടെ സന്നിധിയില്‍ പിശാചിന്റെ തംബുരുവോ എന്ന് ചോദിച്ചുകൊണ്ട് അബൂബക്കര്‍ തടഞ്ഞെന്നും അപ്പോള്‍ തിരുമേനി(സ) അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞ് അവരെ വിട്ടേക്കൂ എന്ന് പറഞ്ഞു എന്നും കാണാം.
3. ബുറൈദഃ അല്‍ അസ്‌ലമി പറയുന്നു: അല്ലാഹുവിന്റെ ദൂതര്‍ ഒരു യുദ്ധത്തിന് പോയി തിരിച്ചുവന്നപ്പോള്‍ ഒരു നീഗ്രോ അടിമയായ പെണ്‍കുട്ടി വന്നു പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, അല്ലാഹു താങ്കളെ സുരക്ഷിതനായി തിരിച്ചെത്തിച്ചാല്‍ താങ്കളുടെ അടുത്തുവന്നു കൊണ്ട് ദ്ഫ്ഫുമുട്ടി പാട്ടുപാടുമെന്ന് ഞാന്‍ നേര്‍ച്ച നേര്‍ന്നിട്ടുണ്ടായിരുന്നു.'' അപ്പോള്‍ തിരുമേനി (സ) അവളോട് പറഞ്ഞു: ''നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ അങ്ങനെ ചെയ്തുകൊള്ളൂ. ഇല്ലെങ്കില്‍ വേണ്ട.'' അങ്ങനെയവള്‍ ദഫ്ഫ് കൊട്ടി പാടാന്‍ തുടങ്ങി (തിര്‍മുദി).
അറബി ഭാഷയില്‍ 'മആസിഫ്' എന്നതില്‍ ദഫ്ഫും പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാദ്യോപകരണങ്ങള്‍ എന്നാണതിന്റെ അര്‍ത്ഥം. അപ്പോള്‍ വാദ്യമേളത്തോടെ പാട്ടു പാടാമെന്നും അത് കുറ്റകരമല്ലെന്നും ഈ സംഭവം വ്യക്തമാക്കുന്നു. കാരണം കുറ്റം ചെയ്യാനായി നേര്‍ച്ചയാക്കിയിട്ടുണ്ടെങ്കില്‍ ആ നേര്‍ച്ച പാലിക്കരുതെന്ന് തിരുമേനി(സ) പറഞ്ഞിട്ടുണ്ട് (മുവത്വ, ബുഖാരി, മുസ്‌ലിം). വാദ്യോപകരണങ്ങളുപയോഗിച്ച് ഗാനമാലപിക്കല്‍ തെറ്റായ കാര്യമായിരുന്നുവെങ്കില്‍ തിരുമേനി(സ) അതനുവദിക്കുമായിരുന്നില്ല.
2. സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍:
സംഗീതം ഹറാമാണെന്നതിന് സമര്‍പ്പിക്കപ്പെടുന്ന ഏറ്റവും പ്രബലമായ തെളിവായി പറയുന്ന ഹദീസ് ഇനി പരിശോധിക്കാം.
ആദ്യമായി പറയാനുള്ളത് ഈ ഹദീസിന്റെ സനദിനെക്കുറിച്ചാണ്. കാരണം തെളിവിന് യോഗ്യമാവണമെങ്കില്‍ ഹദീസ് സ്വഹീഹായിരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഈ ഹദീസ് ഇമാം ബൂഖാരിയുടെ മാനദണ്ഡപ്രകാരം സ്വീകാര്യമല്ല. അതുകൊണ്ടാണ് തന്റെ ഗ്രന്ഥത്തില്‍ അനുബന്ധമായി മാത്രം ഉള്‍പ്പെടുത്തിയ ഹദീസുകളുടെ ഗണത്തില്‍ ഈ ഹദീസിനെ ചേര്‍ത്തിട്ടുള്ളത്. ഇമാം ബുഖാരിയുടെ ഗ്രന്ഥത്തില്‍ താന്‍ കണിശത പുലര്‍ത്തിയ ഉപാധികള്‍ ഒന്നും പൂര്‍ത്തിയാവാത്ത ഹദീസുകള്‍ അതേ ഗ്രന്ഥത്തില്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്. മുഅല്ലഖാത്തുല്‍ ബുഖാരി എന്ന പേരിലാണ് താന്‍ നിഷ്‌കര്‍ഷിച്ച എല്ലാ ഉപാധികളും ഒത്തുവന്ന ഹദീസുകള്‍ മാത്രമേ അല്‍ ജാമിഉസ്സ്വഹീഹ് എന്നതില്‍ പെടുകയുള്ളൂ. അവയുടെ നിവേദന ശ്രേണി കണ്ണിമുറിയാതെ തുടക്കം മുതല്‍ ഒടുക്കംവരെ ഉദ്ധരിച്ചുകൊണ്ടാണ് അവ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ മുഅല്ലഖായ ഹദീസുകളാകട്ടെ നിവേദക പരമ്പര അപൂര്‍ണമായിട്ടായിരിക്കും ഉണ്ടാവുക. പരാമൃഷ്ട ഹദീസ് ഈ ഗണത്തിലാണ് പെടുക. എന്നു വെച്ചാല്‍ താന്‍ വെച്ച എല്ലാ ഉപാധികളും തികഞ്ഞ ഹദീസല്ല എന്നര്‍ത്ഥം.
വ്യാപകമായ ഒരു സംഗതിയെ ഹറാമാക്കാന്‍ അവലംബിക്കുന്ന ഏറ്റവും ശക്തമായ തെളിവിന്റെ സ്ഥിതിയാണ് ഈ പറഞ്ഞത്. മാത്രമല്ല, നിവേദക പരമ്പരയെ കുറിച്ച് പരിശോധിച്ചാല്‍ ബുഖാരി എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്നുകൂടി വ്യക്തമാകും.
ഹിശാമുബ്ന്‍ അമ്മാര്‍ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ടാണ് ഇമാം ബുഖാരി ഇത് ഉദ്ധരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് ഇമാം അബൂദാവൂദ് പറയുന്നത് 400 ഹദീസുകള്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഒരെണ്ണത്തിനു പോലും യാതൊരു അടിസ്ഥാനവുമില്ല എന്നാണ്.
ഹിശാമുബ്‌നു അമ്മാറിനെപ്പറ്റി മുഹദ്ദിസുകള്‍
അബൂദാവൂദ് പറഞ്ഞു: യാതൊരടിസ്ഥാനവുമില്ലാത്ത 400 ലധികം ഹദീസുകള്‍ അദ്ദേഹം പറഞ്ഞു (തഹ്ദീബൂല്‍ കമാല്‍: 3/248), (സിയറു അ്‌ലാമിന്നുബലാ: 11/424), (IBED: 12/29), (സിയറു അ്‌ലാമിന്നുബലാ: 11/137).
സത്യസന്ധത പോലെത്തന്നെ നിവേദകന്‍മാര്‍ മനഃപാഠം ഉളളവര്‍കൂടി ആയിരിക്കല്‍ ഹദീസ് സ്വഹീഹാവാനുള്ള ഉപാധിയാണ്. എന്നാല്‍ ഈ സനദിലുള്ള അത്വിയ്യബിന്‍ ഖൈസ് എന്ന വ്യക്തി ¤„¡U കുറഞ്ഞയാളെന്നാണ് മുഹദ്ദിസുകളുടെ നിലപാട്. അദ്ദേഹം സ്വീകാര്യ യോഗ്യനാണെന്ന് ആരും അഭിപ്രായപ്പട്ടതായി കാണുന്നില്ല.
ഇനി ഈ ഹദീസ് വ്യത്യസ്ത വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും അവയൊക്കെ ചേരുമ്പോള്‍ ഈ ഹദീസിന് ബലം കിട്ടുമെന്നുള്ള വാദമാകട്ടെ അതിനേക്കാള്‍ ദുര്‍ബലം. ഇനി വിവിധ വഴികളിലൂടെ ഉദ്ധരിക്കപ്പെട്ടവയുടെ കാര്യമെടുത്താല്‍ അതിലൊന്നും തന്നെ Àĸ‘ˆ¡�j(അവര്‍ അനുവദനീയമാക്കും) എന്ന പദമില്ല. പ്രത്യുത ÀÄH™¡žj(അവര്‍ കുടിക്കും) എന്നാണുളളത്. കൂടാതെ ™×G എന്നിടത്ത് ™»ØG എന്നാണുളളത് സനദു മാത്രമല്ല മത്‌നും പ്രശ്‌നമാണെന്നര്‍ഥം. ഇങ്ങനെയെല്ലാമുളള ഒരു ഹദീസാണ് ഞെക്കിപ്പഴുപ്പിച്ച് കൊണ്ടുവരുന്നത്. പണ്ടേ വ്യാപകമായ ഒരു സംഗതി ഹറാമായിരുന്നുവെങ്കില്‍ അത് ഇങ്ങനെ കഷ്ടപ്പെട്ട് തെളിവാക്കേണ്ടി വരുമായിരുന്നില്ല.
ഹദീസിന്റെ ഉളളടക്കം നമുക്ക് പരിശോധിക്കാം.
Àĸ‘ˆ¡�j എന്നാല്‍ ഹലാലാക്കുന്നു, ഹലാലായി ഗണിക്കുന്നു എന്നൊക്കൊയാണുദ്ദേശ്യം. ഈ പദം തന്നെ സംഗീതം ഹറാമാണെന്നതിന് വ്യക്തമായ തെളിവാകുന്നു എന്നാണ് വാദം. നാലു കാര്യങ്ങളാണിവിടെ പറഞ്ഞിരിക്കുന്നത്. ഹിറ്, ഹരീര്‍, ഹംറ്, മആസിഫ്
ഹിറ്: സ്ത്രീയുടെ ഗുഹ്യാവയവം, ഹരീര്‍: പട്ട്, ഖംറ്: മദ്യം, മആസിഫ്: വാദ്യോപകരണങ്ങള്‍.
ഇവയൊക്കെ ഹലാലാക്കുന്ന, അല്ലെങ്കില്‍ ഹലാലായി ഗണിക്കുന്ന ഒരു കൂട്ടര്‍ എന്റെ ഉമ്മത്തില്‍ ഉണ്ടാകും എന്നാണ് പ്രവചനം.
ഇവിടെ പറയപ്പെട്ട ഓരോന്നും എടുത്ത് പരിശോധിച്ചാല്‍ അവയുടെയൊന്നും വിധി സ്ഥിരപ്പെട്ടത് ഈയൊരു ഹദീസ് കൊണ്ടല്ല എന്ന് കാണാം. ഈ ഹദീസ് വെച്ച് സംഗീതം ഹറാമാണെന്ന വിധി കല്‍പ്പിക്കാമെങ്കില്‍ കൂട്ടത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും ആ വിധി ബാധകമാക്കേണ്ടിവരും. എന്നാല്‍ അതിന് സാധിക്കുമോ?
ഉദാഹരണം: ആദ്യ പദം ഹിറ് സ്ത്രീകളുടെ ഗുഹ്യഭാഗം എന്നാണ് അര്‍ഥം. ഒരു ഭര്‍ത്താവിന് തന്റെ ഭാര്യയുടെത് ഇസ്‌ലാം അനുവദിച്ചിട്ടില്ലേ?
രണ്ടാമത്തെ പദം ഹരീര്‍ അതായത് പട്ട് സ്ത്രീകള്‍ക്ക് നിരുപാധികം അനുവദനീയമല്ലേ?
കള്ള് നിഷിദ്ധമാണെന്നതില്‍ തര്‍ക്കമില്ല. പിന്നെയൊടുവില്‍ പറഞ്ഞ മആസിഫ് (വാദ്യോപകരണങ്ങള്‍) നേരത്തേ പറഞ്ഞ ഏതില്‍പ്പെടുത്താം നേരത്തെപ്പറഞ്ഞ ഓരോന്നിന്റെയും വിധി മറ്റ് തെളിവുകളിലൂടെ വെവ്വേറെ തന്നെ സ്ഥിരപ്പെട്ടതാണ്. ഈ ഹദീസു കൊണ്ടല്ല എന്നര്‍ഥം. അതുപോലെ വേറെ ഹദീസുകള്‍ വഴി സംഗീതോപകരണങ്ങളുടെ വിധി സ്ഥിരപ്പെട്ടത് നാം കണ്ടു. തന്റെ സന്നിധിയില്‍ തന്റെ അറിവിലും പരിസരത്തും തന്റെ അനുചരന്മാര്‍വരെ ഉപയോഗിക്കുന്ന, കേള്‍ക്കുന്ന ഒരു കാര്യം ഹറാമാണെങ്കില്‍ എന്തേ അതേക്കുറിച്ച് വ്യക്തമായ ഒരു നിര്‍ദ്ദേശം നല്‍കിയില്ല പ്രവാചകന്‍? കാരണമിതാണ്, സംഗീതമെന്നത് മൗലികമായി അനുവദനീയമായതാണ്. അത് അനുവദനീയമായ രൂപത്തിലും അനുവദനീയമായ സന്ദര്‍ഭത്തിലും അനുവദനീയമായ അളവിലും ഉപയോഗിക്കുന്നത് അനുവദനീയം തന്നെ. എന്നാല്‍ നിഷിദ്ധമായ രൂപത്തില്‍ നിഷിദ്ധങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിഷിദ്ധം തന്നെ. മറ്റു വിധികളും ഇതുപോലെതന്നെ. ഉദാഹരണം:
കത്തിയുടെ വിധി എന്താണ്? ഒറ്റവാക്കില്‍ ശരീഅത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയ ഒരായുധം. അത് അറുക്കുവാനാണെങ്കില്‍ നിര്‍ബന്ധം, പച്ചക്കറി മുറിക്കാന്‍ അനുവദനീയം, നിരപരാധിയെ വകവരുത്താനാണെങ്കില്‍ നിഷിദ്ധം. യുദ്ധത്തില്‍ ശത്രുവിനെ വകരുത്താനാണെങ്കില്‍ പുണ്യകരം.
ചുരുക്കത്തില്‍, സംഗീതം നിഷിദ്ധമാണെന്ന് കുറിക്കുന്ന തെളിവുകള്‍ ഏതെടുത്ത് പരിശോധിച്ചാലും അത് കേവലം ശബ്ദം ഉപകരണം എന്ന പരികല്‍പ്പനയിലല്ല എന്നും മറ്റു നിഷിദ്ധങ്ങളോടൊപ്പം ചേരുന്നതുകൊണ്ടാണെന്നും വ്യക്തമാകുന്നു. ദഫ്ഫ് മുട്ടി പാടാനും അത് തടയാന്‍ ശ്രമിച്ച അബൂബക്കറിനോട് അവരെ വിട്ടേക്കൂ എന്നുമൊക്കെ തിരുമേനി പറഞ്ഞത് അതിന് ഏറ്റവും വലിയ തെളിവാണ്.
ആത്മാവ് ആനന്ദിക്കുകയും, മനസ്സുകള്‍ സന്തോഷിക്കുകയും കാതുകള്‍ പുളകമണിയുകയും ചെയ്യുന്ന വിനോദമാണ് സംഗീതം. അശ്ലീലം, കുറ്റം ചെയ്യാനുളള പ്രേരണ, മ്ലേഛത തുടങ്ങിയവ കൂടിക്കലരാത്തോളം കാലം ഇസ്‌ലാം അത് അനുവദിച്ചിരിക്കുന്നു. വികാരോത്തേജകമല്ലാത്തിടത്തോളം കാലം സംഗീതം ആസ്വദിക്കുന്നതില്‍ വിരോധമില്ല. എന്നാല്‍ സംഗീതത്തിന്റെ കാര്യത്തില്‍ ചില നിബന്ധനകളുണ്ട്. അത് നാം അനിവാര്യമായും സൂക്ഷിക്കേണ്ടതാണ്.
1. സംഗീതത്തിന്റെ പ്രമേയം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമാവാതിരിക്കല്‍ നിര്‍ബന്ധമാണ്.
അധര്‍മ്മം, തിന്മ, ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും നിയമങ്ങള്‍ക്കും മര്യാദകള്‍ക്കും വിരുദ്ധമായവ. ലൈംഗിക വികാരങ്ങള്‍ ഉത്തേജിപ്പിക്കുന്നവ, പാപത്തിന് പ്രേരിപ്പിക്കുന്നവ, കുറ്റം പ്രോത്സാഹിപ്പിക്കുന്നവ, പിഴച്ച ചിന്താഗതിയിലേക്ക് നയിക്കുന്നവ, അനിസ്‌ലാമിക വിശ്വാസങ്ങള്‍ പ്രചരിപ്പക്കുന്നവ തുടങ്ങിയ ആശയങ്ങളാണ് പ്രകാശിപ്പിക്കുന്നതെങ്കില്‍ അവ കാണലും പ്രോത്സാഹിപ്പിക്കലും നിഷിദ്ധമാണ്; മുസ്‌ലിമിന് ഒട്ടും അനുവനീയമല്ലാത്തതും.
2. ചിലപ്പോള്‍ പ്രമേയം ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് വിരുദ്ധമല്ലായിരിക്കാം. എന്നാല്‍ സംഗീതമാലപിക്കുന്നവന്റെ രീതി അതിനെ അനുവദനീയമായതില്‍ നിന്ന് നിഷിദ്ധതയിലേക്ക് നയിക്കുന്നതാണ്. ആടിക്കുഴയലും അംഗചലനവും ലൈംഗിക വികാരം ഉത്തേജിപ്പിക്കാന്‍ ഉദ്ദേശിക്കലുമൊക്കെ ഉദാഹരണം.
3. ഇസ്‌ലാം അമിതവ്യയത്തെയും അതിര് കവിച്ചിലിനെയും എതിര്‍ക്കുന്നു. ആരാധനയുടെ കാര്യത്തില്‍ പോലും അതങ്ങനെയാണ്. അതിനാല്‍ വിനോദത്തില്‍ അതിര് കവിയലും സമയം പാഴാക്കലും ഒട്ടും അനുവദനീയമാവുകയില്ല.
4. സംഗീതം മറ്റു നിഷിദ്ധങ്ങളോട് ചേര്‍ന്നുവന്നാല്‍ ഹറാമായിത്തീരുമെന്നതില്‍ ഭിന്നാഭിപ്രായങ്ങളില്ല. മദ്യസദസ്സുകള്‍, അധര്‍മ്മവും നിര്‍ലജ്ജതയും പ്രകടിപ്പിക്കുന്ന രംഗങ്ങള്‍ തുടങ്ങയിവ ഉദാഹരണമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഗീതം ആലപിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും കഠിനമായ ശിക്ഷയുണ്ടായിരിക്കുമെന്ന് നബി (സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അവരെക്കുറിച്ചാണ് തിരുമേനി (സ) ഇങ്ങനെ പറഞ്ഞത്: ''എന്റെ സമുദായത്തിലെ ഒരു വിഭാഗം മദ്യത്തിന് അതല്ലാത്ത പേരുവിളിച്ച് അത് കുടിക്കുന്നതാണ്. അവരുടെ ശിരസ്സുകള്‍ക്ക് മുകളില്‍ നടികള്‍ നൃത്തം വെക്കുകയും സംഗീതോപകരണങ്ങള്‍ മീട്ടപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു അവരെ ഭൂമിയില്‍ ആഴ്ത്തുന്നതാണ്. അവരെ കുരങ്ങന്മാരും പന്നികളുമാക്കുകയും ചെയ്യും.''
മുസ്‌ലിമിന്റെ മേല്‍ അല്ലാഹു നിര്‍ബന്ധമാക്കിയ ദിനംപ്രതിയുളള അഞ്ചു നേരത്തെ നമസ്‌കാരം നിര്‍ബന്ധ കാര്യങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നു. നമസ്‌കാരങ്ങള്‍ പാഴാക്കാവുന്ന രീതിയില്‍ വിനോദങ്ങള്‍ നീട്ടിക്കൊണ്ട് പോകാവതല്ല. അല്ലാഹു പറയുന്നു: ''സകല നാശവും നമസ്‌കാരക്കാര്‍ക്കാണ്. തങ്ങളുടെ നമസ്‌കാരത്തെ സംബന്ധിച്ച് അശ്രദ്ധരാണവര്‍.''
ദഫ്ഫ്, തംബുരു, ഓടക്കുഴല്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ക്കും സംഗീതത്തിനുമെല്ലാം മആസിഫ് എന്നു പറയും (ഫത്ഹുല്‍ ബാരി: 10/55) ഉംദതുല്‍ ബാരി: 18/301) (പ്രമുഖ നിഘണ്ടുവായ താജുല്‍ അറൂസ്: 6/198).
ജൗഹരി പറഞ്ഞതായി ഖുര്‍തുതബി ഉദ്ധരിക്കുന്നു: മആസിഫ് എന്നുപറഞ്ഞാല്‍ പാട്ടാകുന്നു. സംഗീതത്തിനും അതുപോലെ എല്ലാ വിനോദത്തിനും അസ്ഫ് എന്ന് പറയുന്നു (ഫത്ഹുല്‍ ബാരി: 10/55).
ഹദീസ്: ''എന്റെ സമുദായത്തില്‍ ഒരു കൂട്ടരുണ്ടാകും. അവര്‍ സ്ത്രീകളുടെ ഗുഹ്യാവയവവും പാട്ടും മദ്യവും വാദ്യങ്ങളും അനുവദനീയമായി കാണുന്നു'' (മുഅല്ലഖാതുല്‍ ബുഖാരി).
1. ഇന്ന് കാണപ്പെടുന്ന മ്യൂസിക് അഥവാ സംഗീതം, അതുപോലെ അത്തരം ഉപകരണങ്ങളില്‍ പലതും പ്രവാചക കാലത്തുണ്ടായിരുന്നില്ല. അതിനാല്‍ ആധുനിക കാലത്തു കാണപ്പെടുന്ന ഇത്തരം ഉപകരണങ്ങളുടെ വിധി ഖുര്‍ആനിലോ സുന്നത്തിലോ കാണുക സാധ്യമല്ല.
2. എന്നാല്‍ പുല്ലാങ്കുഴല്‍, തംബുരു, വീണ, ഓടക്കുഴല്‍, ചെണ്ട, മദ്ദളം, തബല തുടങ്ങിയവ ആ കാലത്തുണ്ടായിരുന്നു. അവയെക്കുറിച്ച് തിരുമേനിക്ക് ധാരണയുമുണ്ടായിരുന്നു. ശബ്ദമാധുരിയോടെ ഖുര്‍ആനോതിയിരുന്ന അബൂമൂസയുടെ പാരായണത്തെ അവിടുന്ന് പുല്ലാങ്കുഴല്‍ രാഗത്തോടുപമിച്ച് പ്രശംസിച്ചത് കാണാം.
3. ഇത്തരം വാദ്യങ്ങള്‍ക്ക് മൊത്തമുപയോഗിച്ചിരുന്ന പദമായിരുന്നു മആസിഫ് എന്നത്. അതില്‍ ദഫ്ഫും പെടുമെന്നിരിക്കെ മആസിഫിനെ ഹലാലായി കാണുന്ന ഒരു കൂട്ടര്‍ ഭാവിയില്‍ തന്റെ ഉമ്മത്തില്‍ ഉണ്ടാകും എന്ന പ്രവചനം കൊണ്ട് മആസിഫ് ഹറാമായി തീരുമെങ്കില്‍ ദഫ്ഫ് അനുവദനീയമായി കാണുന്നതും ആ ഗണത്തില്‍ പെടില്ലേ? എന്നാല്‍ അതാരും പറയുന്നുമില്ല.
4. മൊത്തം ആ ഹദീസില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വെവ്വേറെ വിധിയാണുള്ളത്. പട്ട് ഹറാമാകുന്ന സാഹചര്യവും ഹലാലാകുന്ന സാഹചര്യവുമുണ്ട്. എന്നതുപോലെ സംഗീതം ഹറാമാകുകയും ഹലാലാവുകയും ചെയ്യുന്ന സാഹചര്യമുണ്ട് എന്നര്‍ത്ഥം.
സംഗീതം ഹലാലാണെന്ന് പറയുന്നവര്‍ അത് നിരുപാധികം എല്ലായ്‌പ്പോഴും ഹലാലാണെന്ന് പറഞ്ഞിട്ടില്ല. അവര്‍ക്ക് അതിന് വെവ്വേറെ നിബന്ധനകളും വ്യവസ്ഥകളും വെച്ചിട്ടുണ്ട്. വര്‍ത്തമാന ലോകത്തെ പൊതുവായ പ്രവണതകള്‍ മാത്രം വിലയിരുത്തി ഒരാള്‍ സംഗീതം മുഴുക്കെ ഹറാമാണെന്ന് തീര്‍പ്പ് കല്‍പിച്ചാല്‍ അതുപക്ഷെ വസ്തുനിഷ്ഠമായ ഒരു വിധിത്തീര്‍പ്പാവുകയില്ല.
ഹമാസ് പോലുള്ള ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിക മര്യാദകള്‍ പാലിച്ചുകൊണ്ട് സംഗീതത്തെ തങ്ങളുടെ ചെറുത്തുനില്‍പ്പിന്റെ മികച്ച ആയുധമാക്കി മാറ്റാമെന്ന് കാണിച്ചു തരുന്നുണ്ട്.
ഒറ്റയടിക്ക് എല്ലാം ഹറാമാണെന്ന് വിധിയെഴുതാതെ വസ്തുനിഷ്ഠമായ ഒരു വിശകലനവും വിലയിരുത്തലുമാണ് ഇവിടെ ആവശ്യം.
by എ.കെ