മദ്യമൊഴുകുന്ന നാടായി മാറിയിരിക്കുന്നു നമ്മുടെ കൊച്ചുകേരളം. ആഘോഷങ്ങള്‍ക്കും ആഹ്ലാദാരവങ്ങള്‍ക്കും മദ്യം അവിഭാജ്യഘടകമായിരിക്കുന്നു. മദ്യലഹരി പുതിയ ദുരന്തങ്ങളാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. മലപ്പുറം ജില്ലയിലുണ്ടായ വിഷമദ്യ ദുരന്തം ഇതില്‍ അവസാനത്തേതാണ്.
മദ്യസംസ്‌കാരത്തിന് മനുഷ്യനാഗരികതയുടെ പിറവിയോളം പഴക്കമുണ്ട്. സുഖാസ്വാദനങ്ങളുടെ മേച്ചില്‍പുറങ്ങളില്‍ വിഹരിക്കാനുള്ള മനുഷ്യന്റെ അതിമോഹങ്ങളാണ് മദ്യപാനത്തിന്റെ ചളിക്കുണ്ടിലേക്കവനെ എടുത്തെറിയുന്നത്. ജീവിതസംഘര്‍ഷങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ വേണ്ടിയും പരിഷ്‌കാരത്തിന്റെ പേരിലും മനുഷ്യര്‍ മദ്യത്തിലഭയം തേടാറുണ്ട്. നിമിഷങ്ങളുടെ സുഖത്തിനു വേണ്ടി തുടങ്ങുന്ന മദ്യപാനം ജീവിതത്തെ മുഴുവനായും കാര്‍ന്നുതിന്നുന്നു. ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളിലേക്കാണ് ലഹരി നുരയുന്ന ഈ വിഷദ്രാവകം മനുഷ്യനെ തള്ളിവിടുന്നത്.
സാമൂഹ്യപ്രശ്‌നങ്ങള്‍
ലോട്ടറി മാഫിയ, മണല്‍ മാഫിയ, സ്‌പിരിറ്റ് മാഫിയ, ഭൂമാഫിയ മുതലായ പദങ്ങള്‍ ഇന്ന് സുപരിചിതമാണ്. ഇത്തരം മാഫിയാ വിഭാഗങ്ങള്‍ക്ക് അധികാരിവര്‍ഗവുമായി ഉറ്റ ബന്ധമാണുള്ളത്. ഭരണ സിരാകേന്ദ്രത്തില്‍ സ്വാധീനമുള്ള ഇത്തരം മാഫിയക്കൂട്ടങ്ങള്‍ ഭരണത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ വരെ പങ്കുവഹിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നതാവട്ടെ ഇവിടത്തെ സാധാരണ ജനങ്ങളും. രാഷ്‌ട്രീയ കക്ഷികളും ഉദ്യോഗസ്ഥവൃന്ദവും ഇവര്‍ക്ക് കുടപിടിക്കുമ്പോള്‍ മാഫിയ രാജാക്കന്മാര്‍ ജനങ്ങള്‍ക്കു മേല്‍ വലിയ വലക്കണ്ണികള്‍ തീര്‍ക്കുന്നു.
മദ്യദുരന്തങ്ങളുടെ നഷ്‌ടങ്ങള്‍ ഏറ്റുവാങ്ങിയവര്‍ നിരവധിയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സ്‌പിരിറ്റ് ലോറികള്‍ ഉദ്യോഗസ്ഥന്മാരുടെ മൗനാനുവാദത്തോടെ ചെക്‌പോസ്റ്റുകള്‍ കടക്കുമ്പോള്‍ ദുരന്തങ്ങള്‍ എങ്ങനെയാണ് തുടര്‍ക്കഥകളാവാതിരിക്കുക? ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം കണ്ണു തുറക്കുന്ന ഭരണാധികാരികള്‍ നിശ്ശബ്‌ദവേളയില്‍ മാഫിയകളുടെ സഹായികളായി വര്‍ത്തിക്കുന്നു. മദ്യം വിഷമാണെന്ന പാഠം മനസ്സിലാക്കി മദ്യത്തെ നിരോധിക്കാന്‍ നിയമം കൊണ്ടുവരണം. മദ്യം സമൂഹത്തില്‍ വരുത്തിവയ്‌ക്കുന്ന വിനകള്‍ വളരെ വലുതാണ്. ഒരു ജനസമൂഹത്തിന്റെ നട്ടെല്ലൊടിക്കുന്ന സാമൂഹികമായ ദുരന്തങ്ങള്‍ സമ്മാനിക്കുന്ന മദ്യവിപണനത്തെ ചെറുത്തുതോല്‌പിക്കാതിരിന്നുകൂടാ. മദ്യസംസ്‌കാരം പരിഷ്‌കാരിമായി മാറുകയും മാന്യതയുടെ മൂടുപടമണിയുന്ന ഭരണാധികാരികള്‍ അതിന് മൗനാനുവാദം നല്‌കുകയും ചെയ്യുമ്പോള്‍ ഇനിയും ദുരന്തങ്ങള്‍ അകലെയല്ല. റവന്യൂ വരുമാനത്തിന്റെയും, തൊഴിലാളികളുടെയും പേരു പറഞ്ഞ് മദ്യനിരോധനത്തോട് വൈമുഖ്യം കാണിച്ചാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ശാരീരിക രോഗങ്ങള്‍ക്കു പുറമെ മാനസിക രോഗങ്ങളും ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അഭിനവ ലോകം ഇന്ന് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് മാനസിക വിഭ്രാന്തി നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ്. ബഹുഭൂരിഭാഗം മാനസിക പ്രശ്‌നങ്ങള്‍ക്കും കുടുംബ കലഹങ്ങള്‍ക്കും മുഖ്യകാരണം ലഹരി ഉപയോഗമാണെന്നാണ് വൈദ്യശാസ്‌ത്ര വിശാരദര്‍ പറയുന്നത്. സാമൂഹ്യവും സാംസ്‌കാരികവുമായ വൈകല്യങ്ങളിലേക്കും മാനസികവും ശാരീരരിവുമായ തകര്‍ച്ചകളിലേക്കും മനുഷ്യനെ നയിച്ചുകൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും മത-രാഷ്‌ട്രീയ പണ്ഡിതരും ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടില്ലെങ്കില്‍ ശാരീരികമായി മാത്രമല്ല മാനസികമായും സാമൂഹ്യമായും മുരടിച്ച ഒരു സമൂഹമായിരിക്കും വളര്‍ന്നുവരികയെന്ന യാഥാര്‍ഥ്യം എല്ലാവരും അറിയണം.
ലോകത്ത് കടന്നുവന്നിട്ടുള്ള മുഴുവന്‍ മതങ്ങളും ലഹരി ഉപയോഗത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മനുഷ്യബുദ്ധിയെ തകര്‍ക്കുകയും ഞരമ്പുകളെ തളര്‍ത്തുകയും ചെയ്യുന്ന ലഹരി ഉപയോഗത്തെ മതദര്‍ശനങ്ങള്‍ മുളയിലേ നുള്ളിക്കളയുകയാണ് ചെയ്യുന്നത്. എന്നാല്‍ ആധുനിക സമൂഹം മദ്യപാനത്തെ ഒരു വിശിഷ്‌ടകര്‍മമായി കൊണ്ടാടുന്നു. ലഹരിയുടെ വിനകള്‍ മനസ്സിലാക്കി വിവിധ ഭാഗങ്ങളില്‍ മദ്യവര്‍ജന സമിതികള്‍ രൂപപ്പെട്ടുവരുന്നതും മദ്യനിരോധന സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും ആശ്വാസത്തിന് വക നല്‌കുന്നുണ്ട്. ലഹരി വിഷയകമായി പരുശുദ്ധ ഖുര്‍ആന്‍ മുന്നോട്ട് വെയ്‌ക്കുന്ന രീതിശാസ്‌ത്രം തികച്ചും യുക്തിഭദ്രവും മനുഷ്യനന്മയുമാണെന്ന് കാണാന്‍ കഴിയും.
ഖുര്‍ആന്‍ മദ്യത്തിനെതിരെ
മനുഷ്യസമൂഹത്തിന്റെ തകര്‍ച്ചയും പുരോഗമനത്തിന്റെ തളര്‍ച്ചയുമാണ് ലഹരി ഉപയോഗം അടയാളപ്പെടുത്തുന്നത്. പ്രകൃതിമതമായ ഇസ്‌ലാമും അതുതന്നെയാണ് പറയുന്നത്. അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളേ, നിശ്ചയമായും കള്ളും ചൂതാട്ടവും ബലിപീഠങ്ങളും അമ്പുകോലങ്ങളും പിശാചിന്റെ പ്രവര്‍ത്തനത്തില്‍ പെട്ട മ്ലേച്ഛം മാത്രമാകുന്നു. അതിനാല്‍ നിങ്ങളത് വര്‍ജിക്കുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.'' (വി.ഖു 5:93)
മദ്യ വിപണനത്തിലൂടെയും ചൂതാട്ടത്തിലൂടെയുമെല്ലാം ഭൗതികമായി ചില്ലറ ലാഭങ്ങള്‍ നേടിയെടുക്കാമെങ്കിലും ആത്യന്തികമായി അതെല്ലാം നഷ്‌ടത്തിലേക്കാണ് മനുഷ്യനെ എത്തിക്കുകയെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മദ്യപാനം ഉപേക്ഷിക്കുന്നത് എപ്പോഴാണോ അപ്പോള്‍ മാത്രമേ ജീവിതം പുരോഗതിപ്പെടൂ എന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. സത്യവിശ്വാസത്തോട് ലഹരി ഉപയോഗം രാജിയാവുകയില്ലെന്നും സമൂഹത്തില്‍ ശത്രുതയും വിദ്വേഷവും പകയും സൃഷ്‌ടിക്കുക മാത്രമാണ് അത് ചെയ്യുകയെന്നുമാണ് ഖുര്‍ആനിക പാഠം. ലഹരി ദൈവബോധത്തില്‍ നിന്ന് മനുഷ്യനെ തടയുകയും ധാര്‍മിക-സദാചാര ചിന്തകളെ ചീന്തിയെറിയുകയും ചെയ്യും. ``നിശ്ചയമായും പിശാച് ഉദ്ദേശിക്കുക തന്നെ ചെയ്യുന്നു. കള്ളിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉണ്ടാക്കാനും അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനും. ആകയാല്‍ നിങ്ങള്‍ വിരമിക്കുന്നവരാണോ? (വിരമിക്കുവാന്‍ തയ്യാറുണ്ടോ?)'' (വി.ഖു 5:94) എല്ലാ മനുഷ്യബന്ധങ്ങള്‍ക്കിടയിലും അകലങ്ങള്‍ ഉണ്ടാകുക മാത്രമാണ് ലഹരി ചെയ്യുന്നത്. എന്നാല്‍ ഖുര്‍ആന്‍ ആഗ്രഹിക്കുന്നത് സമൂഹനന്മയും പരപ്‌സര സ്‌നേഹബന്ധവുമാണ്.
അപരിഷ്‌കൃതരായ അറബികളെ പൂര്‍ണമായി മദ്യവിമുക്തരാക്കിയ ചരിത്രമാണ് ഇസ്‌ലാമിന്റേത്. 1919ല്‍ അമേരിക്കയില്‍ മദ്യവര്‍ജനം നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും അത് പൂര്‍ണ പരാജയമായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ മദ്യവര്‍ജനത്തിന് വേണ്ടി ആഹ്വാനംചെയ്‌തപ്പോള്‍ അത് അപ്പടി സ്വീകരിക്കപ്പെടുകയുണ്ടായി. മദ്യപാനവും വ്യഭിചാരവും ചൂതാട്ടവുമെല്ലാം ജാഹിലിയ്യാ ജീവിതത്തിന്റെ പ്രതീകങ്ങളായിരുന്നു. എന്നാല്‍ യഥാര്‍ഥ വിശ്വാസത്തിലേക്ക് അവര്‍ കടന്നുവന്നപ്പോള്‍ മുമ്പുണ്ടായിരുന്ന ശീലങ്ങളെ വേണ്ടെന്നു വയ്‌ക്കാന്‍ അവര്‍ക്കായി. രൂഢമൂലമായ ഈ വിശ്വാസം അല്ലാഹുവിന്റെ നിയമങ്ങളെ പാലിക്കുന്നതിലേക്കും അവന്റെ വിധികളെ മാനിക്കുന്നതിലേക്കും അവരെ നയിച്ചു. ദൈവബോധവും പരലോക വിചാരവുമായിരുന്നു അവരെ നേരോടെ നിലകൊള്ളാന്‍ പ്രേരണ നല്‍കിയിരുന്നത്. ആഇശ(റ)യെ ഉദ്ധരിച്ചുകൊണ്ട് ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു: ``ആദ്യമായി അറബികളോട് കുടിക്കരുതെന്നും ചൂതാട്ടം നടത്തരുതെന്നും, വ്യഭിചരിക്കരുതെന്നും ഖുര്‍ആന്‍ ഉണര്‍ത്തിയിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു: ഇല്ല, അനുസരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. എന്നാല്‍ ഖുര്‍ആന്‍ അവരുടെ ഹൃദയത്തില്‍ ദൈവത്തോടുള്ള ഭയവും സ്‌നേഹവും ഉണ്ടാക്കി. മരണാനന്തര ജീവിതത്തെപ്പറ്റിയുള്ള ചിന്ത, സ്വര്‍ഗനരകങ്ങളെപ്പറ്റിയുള്ള വിചാരം തുടങ്ങിയവ അവരുടെ ഹൃദയത്തെ മൃദുലമാക്കി. പിന്നീടവരോട് മദ്യപാനവും ചൂതാട്ടവും വ്യഭിചാരവും നിര്‍ത്താനാവശ്യപ്പെട്ടു. അതവര്‍ അനുസരിക്കുകയും ചെയ്‌തു.''
പടിപടിയായുള്ള മദ്യനിരോധനമാണ് ഇസ്‌ലാം നടപ്പിലാക്കിയത്. പെട്ടെന്നുള്ള നടപടിയായിരുന്നില്ല. മൂന്ന് വര്‍ഷം കൊണ്ടായിരുന്നു ഇത് സാധിച്ചെടുത്തത്. മദ്യത്തെപ്പറ്റിയുള്ള ഖുര്‍ആന്റെ ആ പരാമര്‍ശം ഇതായിരുന്നു: ``ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്ക് നാം പാനീയം നല്‍കുന്നു.) അതില്‍ നിന്ന് ലഹരിപദാര്‍ഥവും ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് അതില്‍ ദൃഷ്‌ടാന്തമുണ്ട്.'' (വി.ഖു 16:17)
ഈന്തപ്പഴവും മുന്തിരയും നല്‍കുന്ന ആരോഗ്യകരമായ ഫലങ്ങളെപ്പറ്റി ഈ സൂക്തം പഠിപ്പിക്കുന്നു. എന്നാല്‍ പിന്നീട് ജനസമൂഹം പുരോഗതിപ്പെട്ടപ്പോള്‍ മദ്യം ഒരു ചര്‍ച്ചാവിഷയമായി. അറബികളുടെ ചോദ്യത്തിനുള്ള മറുപടിയെന്ന നിലയ്‌ക്കാണ് രണ്ടാമത്തെ ഖുര്‍ആനിക പരാമര്‍ശം ഉണ്ടാവുന്നത്: ``നബിയേ, നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്.'' (വി.ഖു 2:219). ഈ സൂക്തത്തെ അംഗീകരിച്ചുകൊണ്ട് വിശ്വാസികള്‍ മദ്യപാനത്തില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ ചിലരെങ്കിലും ഇത് തുടര്‍ന്നുവന്നു. ഏറ്റവും ഒടുവിലാണ് മദ്യം പൂര്‍ണമായും നിരോധിച്ചുകൊണ്ടുള്ള സൂറതു 93-ാം വചനം അവതരിക്കുന്നത്: ``സത്യവിശ്വാസികളേ, ലഹരി ബാധിച്ച നിലയില്‍ നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ ബോധമുണ്ടാകുന്നതുവരെ.'' (വി.ഖു 4:43)
ഈ സൂക്തത്തിന്റെ അവതരണത്തോടെ മദ്യപാനിക്ക് നമസ്‌കരിക്കാന്‍ പള്ളിയില്‍ വരാന്‍ കഴിയാതെയായി. നമസ്‌കാരത്തില്‍ പങ്കെടുക്കാനുള്ള അവന്റെ അദമ്യമായ ആഗ്രഹം മദ്യത്തെ വേണ്ടെന്ന് വെക്കാന്‍ അവനെ പ്രേരിപ്പിച്ചു. ഇങ്ങനെ മദ്യവര്‍ജനത്തിലൂടെ ഉത്തമ ഗുണസ്വഭാവങ്ങളുള്ള മാതൃകാസമൂഹമായി അവര്‍ വളര്‍ന്നുവന്നു. അപരിഷ്‌കൃതരായ അറബികളെ നന്മയുടെ പ്രചാരകരാക്കിമാറ്റിയത് ഖുര്‍ആന്റെ യുക്തിഭദ്രമായ ഇടപെടല്‍ കൊണ്ടായിരുന്നുവെന്ന് കാണാം. നിങ്ങള്‍ വിരമിക്കുന്നില്ലയോ എന്ന ഖുര്‍ആന്റെ ചോദ്യത്തിന് മുമ്പില്‍ ``ദൈവമേ ഞങ്ങളിതാ വിരമിച്ചിരിക്കുന്നു!'' എന്നായിരുന്നു പ്രതികരണം. മദ്യത്തോട് അത്യധികം പ്രിയം നിലനിന്നിരുന്ന ഘട്ടത്തിലാണ് മദ്യനിരോധനത്തിന്റെ ഖുര്‍ആന്റെ കല്‌പന ഉണ്ടാവുന്നത്. എന്നിട്ടും അവരത് ശിരസ്സാവഹിച്ചുവെന്നത് അതുല്യമായ ഒരു സംഭവമായിരുന്നു.
പ്രവാചക പാഠങ്ങള്‍
പ്രവാചകന്റെ ജീവിതത്തില്‍ നിന്നും മദ്യവര്‍ജനത്തിന്റെ നിരന്തരമായ താക്കീതുകളും വര്‍ത്തമാനങ്ങളും കാണാന്‍ കഴിയും. യമന്‍ നിവാസികള്‍ തേന്‍ ചേര്‍ത്ത മധുരപാനീയം കഴിക്കുന്ന സംഭവത്തെപ്പറ്റി ചോദിച്ചപ്പോള്‍ ലഹരിയുണ്ടാക്കുന്ന മുഴുവന്‍ വസ്‌തുക്കളും നിഷിദ്ധമാണെന്നാണ് നബി(സ) മറുപടി നല്‍കിയത്. മദ്യവുമായി ബന്ധപ്പെട്ട എല്ലാ പാനീയങ്ങളും ഇസ്‌ലാം നിഷിദ്ധമാക്കി. നബി(സ) മദ്യത്തിന്റെ കാര്യത്തില്‍ പത്ത് വിഭാഗത്തെ ശപിച്ചു. അത് നിര്‍മിക്കുന്നവന്‍, നിര്‍മിക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിക്കുന്നവന്‍, ചുമക്കുന്നവന്‍, ചുമക്കാന്‍ ആവശ്യപ്പെടുന്നവന്‍, കുടിപ്പിക്കുന്നവന്‍, വില്‍ക്കുന്നവന്‍, അതിന്റെ വില തിന്നുന്നവന്‍, വാങ്ങുന്നവന്‍, വരുത്തികുടിക്കുന്നവന്‍ എന്നിവരാണവര്‍. (തിര്‍മിദി).
``അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ മദ്യം വിളമ്പുന്ന തീന്‍മേശയില്‍ ഇരിക്കാതിരിക്കട്ടെ'' (അഹ്‌മദ്). ലഹരിയുണ്ടാക്കുന്ന ഏത് വസ്‌തുവാകട്ടെ, അതിനെ മറ്റെന്തെങ്കിലും പേരിട്ടുവിളിച്ചാലും അത് നിഷിദ്ധമാവാതിരിക്കുന്നില്ല. നബി(സ)യുടെ കാലത്ത് മദ്യം ചികിത്സക്ക് വേണ്ടി ഉപയോഗിച്ചിരുന്നു. നബി(സ) അവരോട് പറഞ്ഞത് ഇപ്രകാരമാണ്: ``നിശ്ചയം അത് മരുന്നല്ല, പ്രത്യുത, അത് രോഗമാണ്'' (മുസ്‌ലിം). ലഹരിപദാര്‍ഥങ്ങളുമായുള്ള വിദൂരബന്ധങ്ങള്‍ പോലും പാടില്ലായെന്നതാണ് വിശുദ്ധ ഖുര്‍ആനും ഹദീസുകളും നമ്മെ പഠിപ്പിക്കുന്നത്.
by ജംഷിദ് നരിക്കുനി @ SHABAB weekly
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്‌മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...