പരിസ്ഥിതിക്ക്‌ പരുക്കേല്‍ക്കുമ്പോള്‍

അമ്പരപ്പിക്കുന്ന വാര്‍ത്തകളുമായാണ്‌ ഓരോ വര്‍ഷവും പരിസ്ഥിതിദിനം കടന്നുപോകുന്നത്‌. ഓസോണ്‍ പാളികള്‍ക്കുണ്ടാകുന്ന വിള്ളലുകള്‍, ആഗോളതാപനം, അന്തരീക്ഷ മലിനീകരണം, ജലദൗര്‍ലഭ്യം തുടങ്ങിയവ ഇവയില്‍ ചിലത്‌ മാത്രം. ദൈവം നിശ്ചയിച്ച പ്രപഞ്ച സംവിധാനങ്ങളില്‍ മനുഷ്യര്‍ കൈകടത്തുകയും പ്രകൃതിയുടെ താളപ്പൊരുത്തം നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയ്‌ക്കും ഗുരുതരമായ പരിക്കേറ്റുകൊണ്ടിരിക്കുകയാണ്‌. ഉണങ്ങാത്ത മുറിവുകളായി അവേശേഷിക്കുന്ന ഈ പരിക്കുകള്‍ സൂചിപ്പിക്കുന്നത്‌ ജൈവലോകത്തിന്റെയും തുടര്‍ന്ന്‌ മനുഷ്യവംശത്തിന്റെയും അന്ത്യമടുത്തിരിക്കുന്നുവെന്നാണ്‌.

പരിസ്ഥിതി സംരക്ഷണത്തിന്‌ ഇസ്‌ലാം നല്‍കുന്ന നിര്‍ദേശങ്ങള്‍ കണിശമായി തന്നെ പാലിക്കപ്പെടേണ്ടതുണ്ട്‌. ഭൂമിയില്‍ ജീവിക്കുന്ന അവസാന മനുഷ്യന്‍ വരെ പരിസ്ഥിതിയില്‍ ജീവന്റെ തുടിപ്പ്‌ നിലനില്‍ക്കാന്‍ ഇതാവശ്യമാണ്‌. മനുഷ്യന്റെ ഹൃദയമിടിപ്പിനെക്കാള്‍ പ്രധാനമാണ്‌ ഈ ജീവന്‍ തുടിപ്പുകള്‍.

പരിസ്ഥിതിയുടെ കേന്ദ്രബിന്ദു

പരിസ്ഥിതിപഠനങ്ങളുടെ കേന്ദ്രബിന്ദുവായി ഖുര്‍ആന്‍ കാണുന്നത്‌ അത്യുല്‍കൃഷ്‌ട ജീവിയായ മനുഷ്യനെയാണ്‌. അവന്റെ ഭൗതിക ജീവിതസൗഖ്യവും ഉപജീവനവും നിലനില്‍പും അടിസ്ഥാനമാക്കിയാണ്‌ പരിസ്ഥിതിയുടെ ഘടനയും പ്രവര്‍ത്തനവും നിശ്ചയിച്ചിരിക്കുന്നത്‌. ``അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിച്ചിരിക്കുന്നത്‌'' (വി.ഖു 2:29) എന്ന വചനം ഈ യാഥാര്‍ഥ്യം സാക്ഷ്യപ്പെടുത്തുന്നു. ഭൂമിയിലുള്ളതെല്ലാം സൃഷ്‌ടിക്കപ്പെട്ടത്‌ മനുഷ്യന്‌ വേണ്ടിയാകുമ്പോള്‍ ഭൗമേതര സംവിധാനങ്ങളെയും അതിനോട്‌ പൊരുത്തപ്പെടും വിധമാണ്‌ അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്‌. പരിസ്ഥിതിയുടെ പാരസ്‌പര്യത്തിന്‌ അനുഗുണമായിട്ടാണ്‌ പ്രകൃതിയിലെ ദ്രവ, വാതക, ഖര വിഭവങ്ങളുടെ വിന്യാസവും നടന്നിട്ടുള്ളത്‌. ഈ സന്തുലിതാവസ്ഥയ്‌ക്ക്‌ നേരെ കടന്നാക്രമണം പാടില്ല എന്ന്‌ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്‌ (വി.ഖു 55:8). പ്രകൃതിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും പ്രഥമവും പ്രധാനവുമായി ബാധിക്കുന്നത്‌ മനുഷ്യനെയായിരിക്കും എന്നതും വിസ്‌മരിക്കാന്‍ പാടില്ല.

മനുഷ്യന്റെയും ജൈവലോകത്തിന്റെയും ഇടയിലുള്ള ശക്തമായ ഈ ബന്ധം പ്രകൃതി പരിസ്ഥിതി പഠനങ്ങളുടെ രീതിശാസ്‌ത്രം കൂടിയാണ്‌. പ്രാപഞ്ചിക പ്രവര്‍ത്തനങ്ങളുടെ ഭദ്രതയ്‌ക്കും കണിശതയ്‌ക്കുമുള്ള അക്ഷരസാക്ഷ്യമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നത്‌ തന്നെ പരിസ്ഥിതിയോട്‌ വിശ്വാസികള്‍ക്കുണ്ടായിരിക്കേണ്ട ഹൃദയബന്ധം വ്യക്തമാക്കുന്നു. അന്യൂനമായ ജ്ഞാനശേഖരവും അതിന്റെ ആവിഷ്‌കാരത്തിന്നാവശ്യമായ വാക്‌വിന്യാസവുമാണ്‌ ഖുര്‍ആനെ അമാനുഷികമാക്കുന്നതെങ്കില്‍ പ്രപഞ്ചത്തെ ഖുര്‍ആന്‍ കാണുന്നത്‌ അതി അമാനുഷികമായിട്ടാണ്‌. സൃഷ്‌ടിപ്പ്‌, പ്രവര്‍ത്തനക്ഷമത, ഫലപ്രാപ്‌തി എന്നിവയില്‍ എല്ലാം ഈ അമാനുഷികത ദര്‍ശിക്കാന്‍ കഴിയും.

അന്യൂനമായ സംവിധാനങ്ങള്‍

മനുഷ്യന്റെ ക്ഷേമം ലക്ഷ്യംവെച്ച്‌ അന്യൂനമായ വിഭവവിതരണ ശൃംഖലയാണ്‌ പരിസ്ഥിതിയില്‍ അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. സൃഷ്‌ടിപ്പിന്റെ ഘട്ടം മുതല്‍ തന്നെ ഇത്‌ പ്രകടമാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല, ദൃഷ്‌ടി ഒന്ന്‌ കൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?'' (വി.ഖു. 67:3). മാനത്തെ ഭദ്രമായ മേല്‍പ്പുരയാക്കിയതും ഭൂമിയെ മെത്തയാക്കിയതും പുഴകളും അരുവികളും ഒഴുക്കിയതും പര്‍വതങ്ങളെ ഉയര്‍ത്തിനിര്‍ത്തിയതും സസ്യങ്ങളും വൃക്ഷങ്ങളുമായി ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്തിയതും പരിസ്ഥിതിയിലെ ആവാസവ്യവസ്ഥയുടെ പരിരക്ഷയ്‌ക്ക്‌ വേണ്ടിയാണ്‌.

സൃഷ്‌ടിജാലങ്ങളുടെ അനുപാതവും ഇതിന്റെ ഭാഗം തന്നെ. ``ഓരോ വസ്‌തുവിനെയും അവന്‍ സൃഷ്‌ടിക്കുകയും അതിനെ ശരിയായ വിധത്തില്‍ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു'' (വി.ഖു 25:2). ``ഏതൊരു വസ്‌തുവിനെയും നാം സൃഷ്‌ടിച്ചിരിക്കുന്നത്‌ ഒരു വ്യവസ്ഥപ്രകാരമാണ്‌.'' (വി.ഖു. 54:49)

പരിസ്ഥിതിയില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുന്ന ജൈവ വൈവിധ്യമാണ്‌ ഈ സംവിധാനങ്ങളുടെ മറ്റൊരു പ്രത്യേകത. പ്രകൃതത്തിലും സ്വഭാവത്തിലും നിര്‍വഹണത്തിലുമുള്ള വൈവിധ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂടുതല്‍ കരുത്തേകുന്നു. ``അവനാണ്‌ മാനത്ത്‌ നിന്ന്‌ വെള്ളം ചൊരിയുന്നത്‌. അതിലൂടെ എല്ലാ വസ്‌തുക്കളുടെയും മുളകള്‍ നാം പുറത്തുകൊണ്ടുവന്നു. അനന്തരം അതില്‍ നിന്ന്‌ പച്ചപിടിച്ച ചെടികള്‍ നാം വളര്‍ത്തിയെടുക്കുകയും ചെയ്‌തു. ആ ചെടികളില്‍ നിന്ന്‌ തിങ്ങിനിറഞ്ഞ ധാന്യം പുറത്തുവരുന്നു.'' (വി.ഖു 6:99)

ജന്തുലോകത്തും വൈവിധ്യമുണ്ടെന്ന്‌ അല്ലാഹു പറയുന്നു: ``എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്‌ടിച്ചിരിക്കുന്നു. അവയുടെ കൂട്ടത്തില്‍ ഉദരത്തിന്മേല്‍ ഇഴഞ്ഞു നടക്കുന്നവയുണ്ട്‌. രണ്ടു കാലില്‍ നടക്കുന്നവയും നാലുകാലില്‍ നടക്കുന്നവയുമുണ്ട്‌. താനുദ്ദേശിക്കുന്നത്‌ അവന്‍ -അല്ലാഹു- സൃഷ്‌ടിക്കുന്നു.'' (വി.ഖു 24:45) ``കുതിരകളെയും കോവര്‍കഴുതകളെയും കഴുതകളെയും അവന്‍ സൃഷ്‌ടിച്ചിരിക്കുന്നു. അവയെ വാഹനമായും ഉപയോഗിക്കാം. നിങ്ങള്‍ക്കറിവില്ലാത്തതും അവന്‍ സൃഷ്‌ടിക്കുന്നു.'' (വി.ഖു 16:8)

സൃഷ്‌ടിലോകത്തുള്ള വിസ്‌മയ യാഥാര്‍ഥ്യങ്ങളിലേക്കാണ്‌ ഈ വചനത്തിന്റെ അവസാനഭാഗം സൂചന നല്‍കുന്നത്‌. പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും പരിരക്ഷയ്‌ക്കും നിലനില്‍പിനും ആവശ്യമായ സൂക്ഷ്‌മജീവികള്‍ കോടിക്കണക്കിനുണ്ടെങ്കിലും അവയെല്ലാം കണ്ടെത്താന്‍ മനുഷ്യന്‌ കഴിയില്ല. പരസ്‌പര ആശ്രിതത്വമാണ്‌ ജൈവവൈവിധ്യത്തിലെ മുഖ്യ സവിശേഷത. ധാതുലോകം സസ്യലോകത്തെയും അത്‌ ജന്തുലോകത്തെയും താങ്ങിനിര്‍ത്തുന്നു. ഭൂമിയുടെ മൂന്നിലൊന്ന്‌ ഭാഗത്ത്‌ നിലകൊള്ളുന്ന ആവാസ വ്യവസ്ഥയുടെ ഭദ്രതയ്‌ക്കും പ്രവര്‍ത്തനക്ഷമതയ്‌ക്കും അതിന്റെ ഇരട്ടി ഭാഗം ജലശേഖരമായി നിലനിര്‍ത്തിയതും ഈ ആശ്രിതത്വ സംവിധാനത്തിന്റെ ഭാഗമാണ്‌.

പരിസ്ഥിതിസംരക്ഷണവും വിശ്വാസികളും

വിശ്വാസത്തിന്റെ അനുബന്ധമായി നിര്‍വഹിക്കേണ്ട സല്‍പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ വരുന്നതാണ്‌ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ജൈവസമ്പത്തിന്‌ പോറലേല്‍ക്കുന്ന എല്ലാ നശീകരണ പ്രവര്‍ത്തനങ്ങളും ഖുര്‍ആന്‍ നിരോധിച്ചിട്ടുണ്ട്‌. വളരെ വിരളമായി കാണപ്പെടുന്ന സസ്യങ്ങളും വൃക്ഷങ്ങളും മുറിക്കുന്നത്‌ പ്രവാചകനും വിലക്കിയിട്ടുണ്ട്‌. താളിമരം മുറിക്കരുതെന്ന അദ്ദേഹത്തിന്റെ കല്‍പന (അബൂദാവൂദ്‌) ഇതിന്റെ ഭാഗമാണ്‌. ലോകം അവസാനിക്കുന്ന വേളയില്‍ പോലും തന്റെ കൈയിലുള്ള വൃക്ഷത്തൈ അവന്‍ മണ്ണില്‍ കുഴിച്ചുമൂടണം (ബുഖാരി) എന്ന പ്രവാചക ഉപദേശവും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നു. തന്നെ താലോലിച്ച പരിസ്ഥിതിയോട്‌ ചെയ്യാവുന്ന ഏറ്റവും ചെറിയ കടപ്പാടാണ്‌ ഈ കൃത്യത്തിലൂടെ വിശ്വാസി പ്രകടിപ്പിക്കുന്നത്‌.

ഭൂമിയാണല്ലോ ആവാസവ്യവസ്ഥയുടെ കേന്ദ്രം. അതിന്റെ ജൈവഗുണങ്ങള്‍ നിലനില്‍ക്കേണ്ടതും വര്‍ധിപ്പിക്കേണ്ടതും അനിവാര്യമാണ്‌. ഭൂമി കൃഷിയോഗ്യമാക്കണമെന്ന കല്‍പന ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ``ആര്‍ക്കെങ്കിലും ഭൂമി കൈവശമുണ്ടെങ്കില്‍ അതില്‍ അവന്‍ കൃഷിയിറക്കട്ടെ. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ തന്റെ സഹോദരനത്‌ വിട്ടുകൊടുക്കട്ടെ.'' (ബുഖാരി) എന്ന നബിവചനം ശ്രദ്ധേയമാണ്‌.

യുദ്ധവേളകളില്‍ പോലും ജൈവസമ്പത്തിന്‌ പരിക്കേല്‍പിക്കരുതെന്നാണ്‌ ഇസ്‌ലാമിന്റെ നിര്‍ദേശം. ഒന്നാം ഖലീഫ അബൂബക്കറിന്റെ(റ) സൈനിക ഉപദേശം ഇത്‌ വ്യക്തമാക്കുന്നു: ``നിങ്ങള്‍ ഈത്തപ്പന മുറിക്കരുത്‌. കായ്‌കനികളുളള മരങ്ങളെ നശിപ്പിക്കരുത്‌. ആട്‌, പശു, ഒട്ടകം എന്നിവയെ കൊല്ലരുത്‌. കൃഷി നശിപ്പിക്കുകയോ തീയിടുകയോ ചെയ്യരുത്‌.''

സൈനിക താല്‍പര്യങ്ങളെക്കാള്‍ പരിസ്ഥിതി സംരക്ഷണത്തിന്‌ മുസ്‌ലിം ഭരണാധികാരികള്‍ നല്‍കിയ പ്രാധാന്യത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ഈ വാക്കുകള്‍. പ്രവാചകന്റെ കാലത്ത്‌ വിവിധ ഭാഗങ്ങളിലായി വളരെയധികം `സംരക്ഷിത മേഖലകള്‍' (ഹിമ) ഉണ്ടായിരുന്നു. കന്നുകാലികളെ മേയാന്‍ അനുവദിക്കാത്ത പ്രദേശങ്ങള്‍, മരംമുറിക്കാന്‍ പാടില്ലാത്ത പ്രദേശങ്ങള്‍, തേനീച്ചകള്‍ക്ക്‌ കൂടുകൂട്ടാന്‍ പറ്റുന്ന പ്രദേശങ്ങള്‍ എന്നിവയായിരുന്നു ഹിമ കൊണ്ട്‌ അര്‍ഥമാക്കിയിരുന്നത്‌. അറേബ്യന്‍ പശ്ചാത്തലത്തില്‍ ഇത്തരം സംരക്ഷിത മേഖലകള്‍ക്ക്‌ പരിസ്ഥിതിപരമായ വലിയ ദൗത്യങ്ങളായിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്‌.

പരിസ്ഥിതി ദുരന്തങ്ങള്‍

മേല്‍പറഞ്ഞ ദൈവിക സംവിധാനങ്ങളോട്‌ സൗഹൃദ ബന്ധമായിരിക്കണം വിശ്വാസികള്‍ക്കുണ്ടാവേണ്ടത്‌. ജൈവവിഭവങ്ങള്‍ അനാവശ്യമായോ അമിതമായോ വിനിയോഗം ചെയ്യുന്നതും അത്‌ മലിനപ്പെടുത്തുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകും. കടല്‍ നികത്തുന്നതും കുന്നും മലകളും ഇടിച്ചുനിരത്തുന്നതും വനനശീകരണവുമെല്ലാം ഇന്ന്‌ പരിസ്ഥിതിക്ക്‌ നേരെയുള്ള മനുഷ്യന്റെ കയ്യേറ്റങ്ങളാണ്‌. ഇതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങള്‍ ദുര മൂത്ത മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌.

``മനുഷ്യന്റെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും നാശം പ്രകടമായിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക്‌ അനുഭവിപ്പിക്കാന്‍ വേണ്ടിയത്രെ ഇത്‌. അവര്‍ ഒരുപക്ഷേ, സത്യത്തിലേക്ക്‌ മടങ്ങിയേക്കാം.'' (വി.ഖു 30:41)

അണുബോംബിനെക്കാളും മാരകമായിരിക്കും പരിസ്ഥിതി ദുരന്തങ്ങള്‍. ആവാസ വ്യവസ്ഥയിലെ താളപ്പൊരുത്തം തെറ്റുമ്പോള്‍ പരസ്‌പരാശ്രിത ഘടകങ്ങളിലുണ്ടാകുന്ന അസന്തുലിതത്വം അവസാനമായി എത്തിപ്പെടുന്നത്‌ മനുഷ്യന്റെ നാശത്തിലായിരിക്കും. ശാരീരികവും മാനസികവുമായ സങ്കീര്‍ണതകള്‍, രോഗങ്ങള്‍, സാമൂഹികപ്രശ്‌നങ്ങള്‍ തുടങ്ങിയ തലങ്ങളിലെല്ലാം പരിസ്ഥിതി ദുരന്തങ്ങള്‍ പ്രതിഫലിക്കുമെന്ന്‌ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. ഈ ദുരന്തങ്ങളുടെ പാരമ്യത ഖുര്‍ആന്‍ പ്രവചിക്കുന്നത്‌ ശ്രദ്ധേയവും പഠനാര്‍ഹവുമാണ്‌.

``അല്ലാഹു മനുഷ്യരെ അവര്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ശിക്ഷിക്കുകയായിരുന്നുവെങ്കില്‍ ഭൂമുഖത്ത്‌ ഒരു ജീവിയെപ്പോലും ബാക്കിവെക്കുമായിരുന്നില്ല. എന്നാല്‍ ഒരു നിശ്ചിത സമയം വരെ അവരെ അവന്‍ നീട്ടിയിടുന്നു'' (വി.ഖു 35:45). ജൈവലോകത്ത്‌ സംഭവിച്ചേക്കാവുന്ന ശൂന്യത എങ്ങനെയാണ്‌ മനുഷ്യന്റെ ഉന്മൂല നാശത്തിന്‌ വഴിവെക്കുക എന്നത്‌ പഠനം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ്‌. മനുഷ്യന്റെ ദുരാഗ്രഹങ്ങളും ഭൗതിക താല്‍പര്യങ്ങളും മത്സരചിന്തയും അവസാനിപ്പിച്ചുകൊണ്ടല്ലാതെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുകയില്ല.

by ഡോ. ജമാലുദ്ദീന്‍ ഫാറൂഖി @ SHABAB

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts