``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ടു തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഉണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനു പുറമെ ആരാണ് അവനെ നേര്‍വഴിയിലാക്കാനുള്ളത്?'' (വി.ഖു. 45:23)
തോന്നിയതിനെല്ലാം ദിവ്യത്വം കല്‍പിച്ച് തന്നിഷ്‌ടപ്രകാരം ആരാധന നടത്തുന്നവരുടെ കാര്യത്തിലാണ് വിശുദ്ധഖുര്‍ആനിലെ ഈ വചനം അവതരിച്ചത്. ഈ പ്രപഞ്ചത്തിലെ ഉത്‌കൃഷ്‌ട സൃഷ്‌ടിയും പ്രപഞ്ചത്തെ ഭരിക്കാന്‍ മാത്രം കഴിവുകള്‍ നല്‍കപ്പെട്ടവനുമാണ് മനുഷ്യന്‍. നിഗൂഢവും സങ്കീര്‍ണവുമായ പ്രപഞ്ചരഹസ്യങ്ങളിലേക്ക് തന്റെ ബുദ്ധിശക്തി കൊണ്ട് ആഴ്‌ന്നിറങ്ങുകയും കണ്ടുപിടുത്തങ്ങളും കണ്ടെത്തലുകളും കൊണ്ട് മനുഷ്യജീവിതം സൗകര്യപ്രദമാക്കുകയും ചെയ്‌തുകൊണ്ടിരിക്കുകയാണ് മനുഷ്യര്‍.
എന്നാല്‍ തന്റെയും പ്രപഞ്ചത്തിന്റെയും സ്രഷ്‌ടാവിനെ കണ്ടെത്തുന്നതിലും അവന്റെ മുന്നില്‍ വണങ്ങുന്ന കാര്യത്തിലും ഈ മഹാമനുഷ്യന്‍ ഇരുട്ടില്‍ തപ്പുകയാണ്. ആരാണ് ദൈവം, ദൈവവുമായി നമ്മുടെ ബന്ധമെന്ത്, നാം ദൈവത്തോട് എങ്ങനെ കടപ്പെട്ടിരിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ മനുഷ്യന് എന്നും തെറ്റുകള്‍ പറ്റിയിട്ടുണ്ട്. തനിക്കു തോന്നിയതിനെയെല്ലാം വണങ്ങുക, പൂജാവിഗ്രഹങ്ങള്‍ യഥേഷ്‌ടം മാറ്റി വേറൊന്നു സ്വീകരിക്കുക തുടങ്ങിയ പ്രവണതയ്‌ക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. ഉപരിസൂചിത ഖുര്‍ആന്‍ വാക്യത്തിന്റെ സൂചനയും ഇതുതന്നെ.
ഭൗതിക പുരോഗതിയുടെ ഉത്തുംഗതയില്‍ നില്‌ക്കുന്ന ഇക്കാലത്തും ഈ സ്ഥിതിക്ക് വലിയ മാറ്റമൊന്നുമില്ല. `മുള്ളുമുരട് മൂര്‍ഖന്‍ പാമ്പ് മുതല്‍ കല്ല് കരട് കാഞ്ഞിരക്കുറ്റിവരെ' ആരാധ്യവസ്‌തുക്കളാക്കി മാറ്റുന്ന ബുദ്ധിശൂന്യതയ്‌ക്ക് ഭൗതിക വിജ്ഞാനങ്ങളൊന്നും പരിഹാരമാകുന്നില്ല എന്നതാണ് അനുഭവം. അചേതന വസ്‌തുക്കളായ കല്ല്, മരം, മല തുടങ്ങിയവയും എലി, പരുന്ത്, പശു മുതലായ ജന്തുക്കളും മാത്രമല്ല, തന്നെപ്പോലെയോ തന്നെക്കാള്‍ `താഴ്‌ന്ന' നിലവാരത്തിലുള്ളതോ ആയ മനുഷ്യരും ആരാധ്യപുരുഷന്മാരാണിന്ന്. ഇന്ത്യയില്‍ മാത്രം ജീവിച്ചിരിക്കുന്ന അഞ്ഞൂറിലധികം ആള്‍ദൈവങ്ങളുണ്ടത്രെ. അവരില്‍ ഒരാള്‍ ഈയടുത്ത ദിവസം മരിച്ചു; സായിബാബ.
ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിക്കാരന്‍ സത്യനാരായണന്‍ രാജു എന്ന വ്യക്തിയെപ്പറ്റി നമുക്കൊന്നും പറയാനില്ല. എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ ദൈവമോ ദൈവാവതാരമോ ആയി കാണുന്ന `വിശ്വാസ മേലങ്കി'യില്‍ കഴിയുന്ന സായിബാബ എന്ന ആള്‍ദൈവത്തെപ്പറ്റി ആദര്‍ശവിചാരം നടത്താന്‍ നമുക്കവകാശമുണ്ട്. ജഡകുത്തിയ മുടിയും കാവി ളോഹയും മുഖത്ത് ചെറുപുഞ്ചിരിയുമായി മന്ദം മന്ദം അടിവച്ച് നടന്ന് `ഭക്തര്‍ക്ക് ദര്‍ശനം' നല്‌കുന്ന ചിത്രമാണ് സായിബാബ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലോടിയെത്തുന്നത്. ഇദ്ദേഹമാരായിരുന്നു? ദൈവമോ, ദൈവാവതാരമോ, ദൈവദൂതനോ അതോ മനുഷ്യരുടെ വിശ്വാസം ചൂഷണം ചെയ്‌ത് ഭൗതികജീവിതം നയിക്കുന്ന ആള്‍ദൈവമോ?!
മാനവ ചരിത്രത്തിലേക്ക് കണ്ണോടിക്കാം. എത്രയെത്ര മഹാമനീഷികള്‍ കഴിഞ്ഞുപോയി! കാലഗണനയുടെ മധ്യബിന്ദുവായി കണക്കാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്‌തു (ഈസാനബി), ക്രിസ്‌തുവിനു മുമ്പുള്ള ഋഷികളും മുനികളും പ്രാചീന ഹൈന്ദവ ദര്‍ശനങ്ങളും ഇതിഹാസങ്ങളും, ബുദ്ധന്‍, ജൈനന്‍ തുടങ്ങിയ ആചാര്യന്മാര്‍, മുഹമ്മദ് നബി(സ) എന്ന ദൈവദൂതന്‍, മനുഷ്യസമൂഹത്തെ ആത്മീയമായി പ്രബുദ്ധമാക്കിയ നിരവധി വ്യക്തിത്വങ്ങള്‍. (ഇവരെല്ലാം ഒരുപോലെയാണെന്നല്ല, ധാര്‍മികരംഗത്ത് വെളിച്ചം കാണിച്ചവര്‍.) ചരിത്രകാലത്ത് ലോകം കണ്ട തത്വശാസ്‌ത്രകാരന്മാര്‍, ശാസ്‌ത്രജ്ഞര്‍, രാഷ്‌ട്രമീമാംസകര്‍, ലോകോത്തര പണ്ഡിതന്മാര്‍, അവരൊക്കെ ലോകത്തിന് നല്‌കിയ സംഭാവനകള്‍... ചരിത്രം വിളിച്ചോതുന്ന യാഥാര്‍ഥ്യങ്ങള്‍. ഇന്ത്യ കണ്ട മഹാ മനുഷ്യരെത്ര? ആര്യഭടന്‍, രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്‌ട്രത്തിന്റെ പ്രഥമ പൗരനായി അഞ്ചുവര്‍ഷം വിരാജിച്ച അതുല്യപ്രതിഭ, വിശ്വവ്യക്തിത്വം എ പി ജെ അബ്‌ദുല്‍കലാം... ഇവരാരും പൂജിക്കപ്പെട്ടില്ല. അവരുടെ ജീവിതം സുതാര്യം. നിഗൂഢതകളില്ല. അവര്‍ക്കാര്‍ക്കും സഹസ്രകോടികളുടെ ആസ്‌തിയില്ല. അവരുടെ ആദര്‍ശങ്ങള്‍ ലോകം ചര്‍ച്ചചെയ്യുന്നു. അവരുടെ നേട്ടങ്ങള്‍ ലോകം ആസ്വദിക്കുന്നു.
ഈ മഹത്തുക്കളുടെ ഗണത്തില്‍ സായിബാബയുടെ സ്ഥാനമെന്ത് എന്ന് ചിന്തിക്കാന്‍ വേണ്ടിയെങ്കിലും വിലയിരുത്തരുതോ? വിവരമുള്ള വലിയ മനുഷ്യര്‍ പലരും പൂജനീയനായി കണക്കാക്കി ഭക്ത്യാദര പുരസ്സരം പഞ്ചപുച്ഛമടക്കി ഓച്ചാനിച്ചുനില്‌ക്കുന്ന സായിബാബ ലോകത്തിനു വേണ്ടിയോ ലോകര്‍ക്കു വേണ്ടിയോ നല്‌കിയ സന്ദേശമെന്ത്? സംഭാവനയെന്ത്? എന്തിന്റെ പേരിലാണ് ഒരു വ്യക്തി പൂജ്യനായിത്തീരുന്നത്? ഇത്രയും ചിന്തിക്കാന്‍ ഒരു സാമാന്യബുദ്ധിക്കവകാശമുണ്ടല്ലോ. പതിറ്റാണ്ടുകള്‍ തന്നെ ദിവ്യശക്തിയായി ഭക്തലക്ഷങ്ങള്‍ ദര്‍ശിച്ചുപോന്ന മകരജ്യോതി `മനുഷ്യസൃഷ്‌ടി'യാണെന്ന് ദേവസ്വംബോര്‍ഡ് തന്നെ വെളിപ്പെടുത്തിയ ഒരു പശ്ചാത്തലവും ഈ ചിന്തയ്‌ക്ക് സാംഗത്യം നല്‌കുന്നു.
സായിബാബയുടെ പേരിലുള്ള ട്രസ്റ്റിന്റെ കീഴില്‍ നടത്തപ്പെടുന്ന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശിഷ്യാ ആതുരാലയങ്ങള്‍ എടുത്തുപറയാവുന്ന ഒരു കാര്യമാണ്. ആതുര സേവനത്തിന്റെ പേരില്‍ പൂജിക്കപ്പെടുകയാണെങ്കില്‍ ആള്‍ദൈവങ്ങളുടെ എണ്ണം കൂടും. ടാറ്റയും ബിര്‍ളയും പോലുള്ള കോടീശ്വരന്മാര്‍ കുറെ സാമൂഹ്യക്ഷേമ കാര്യങ്ങളും ചെയ്യുന്നു. കാന്‍സര്‍ ചികിത്സ വ്യാപകവും ഫലപ്രദവും ആയിത്തീരുന്നതിനു മുമ്പായി കോഴിക്കോട് മെഡിക്കല്‍ കോളെജിന് സംഭാവനയായി ബിര്‍ള ഗ്രൂപ്പ് നല്‌കിയ `സാവിത്രി സാബു വാര്‍ഡ്' അറിയാത്തവര്‍ കേരളത്തിലുണ്ടാവില്ല. സാവിത്രിയോ ബിര്‍ളയോ പൂജിക്കപ്പെടുന്നില്ല. മധ്യേന്ത്യയിലും ഉത്തരപൂര്‍വേന്ത്യയിലും പിടിമുറുക്കിയ നക്‌സലുകള്‍ രാഷ്‌ട്രത്തിന് അപകടമാണെങ്കിലും തദ്ദേശീയര്‍ക്ക് `അവതാരങ്ങളാ'യിരുന്നു. പാവങ്ങള്‍ക്ക് ലഭിക്കുന്ന സേവനം തന്നെ കാരണം. നക്‌സലുകളുടെ `വിജയ'ത്തിന്റെ രാസത്വരകം ഈ നാട്ടുകാരാണ്. പേരുപോലും ഭീതിയോടെ ശ്രവിക്കുന്ന വീരപ്പന്‍ രാജ്യത്തിന്റെ കണ്ണിലെ കരട്, നാട്ടുകാര്‍ക്കോ കണ്‍കണ്ട ദൈവം! ഇത്രയും സൂചിപ്പിച്ചത് സമൂഹക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്, വ്യക്തിയായാലും ട്രസ്റ്റായാലും ദിവ്യത്വമുണ്ട് എന്നതിന് നിദാനമല്ല എന്നു കാണിക്കാനാണ്.
അന്തരീക്ഷത്തില്‍ നിന്ന് വിഭൂതിയും റിസ്റ്റ്‌വാച്ചും സ്വര്‍ണചെയിനും എടുത്തുകാണിക്കുന്നതാണ് ആള്‍ദൈവത്തിന്റെ ശക്തിയെങ്കില്‍ തെരുവുമാജിക്കുകാര്‍ മുതല്‍ ആര്‍ കെ മലയത്തും മുതുകാടും വരെ ആള്‍ദൈവങ്ങളുടെ പട്ടിക നീളും. ഒരു രാജ്യത്തിന്റെ കാര്‍ഷിക ബജറ്റിന്റെ അത്രയും വലിയ ആസ്‌തിയുള്ള ഒരാളെപ്പറ്റി ആദായനികുതി വകുപ്പിനു പോലും ഒരു പരാതിയും ഇല്ല. ഇത് ദിവ്യത്വമോ അവതാരമോ അല്ല; മറിച്ച് അഭ്യസ്‌തവിദ്യര്‍ ബാബയെ മറയാക്കി നടത്തുന്ന വിശ്വാസചൂഷണവും ആത്മീയതട്ടിപ്പുമാണെന്ന് ഉറക്കെപ്പറയാന്‍ നാം ആര്‍ജവം കാണിക്കണം.
നിര്‍ഭാഗ്യമെന്നു പറയട്ടെ, ആത്മീയ ചൂഷണങ്ങളെപ്പറ്റി പറയാന്‍ ഇവിടെ ആരുണ്ട്? വിശ്വാസവും ആദര്‍ശവും കൊണ്ട് ചൂഷണത്തിനെതിരെ നിലകൊള്ളേണ്ട മുസ്‌ലിം സമൂഹം തന്നെ വിശ്വാസത്തട്ടിപ്പിന്റെ പതിനെട്ടടവും പയറ്റുകയാണ്. ആള്‍ദൈവ സങ്കല്‌പത്തിന്റെ മുസ്‌ലിം വേര്‍ഷനുകള്‍! അത്ഭുതസിദ്ധിയും രോഗശമനവും തന്നെയാണ് ഇവരുടെയും തുരുപ്പിശീട്ട്. ഒരു മുടിയുപയോഗിച്ച് ഒരു മാസം കൊണ്ട് നാല്‌പതു കോടി നേടിയവര്‍ക്ക് അറുപതു വര്‍ഷം കൊണ്ട് നാലായിരം കോടി ആസ്‌തിയുണ്ടാക്കിയതിനെപ്പറ്റി പറയാന്‍ ധാര്‍മികമായി അവകാശം നഷ്‌ടപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇസ്‌ലാഹി പ്രസ്ഥാനം മനുഷ്യസമൂഹത്തോട് പറയുന്നത്: ആസ്‌തിയുണ്ടാക്കാനുള്ള മാര്‍ഗമല്ല ഭക്തി. പ്രപഞ്ചനാഥനെ മനസ്സിലാക്കി വണങ്ങുകയും അതുമൂലം വിനയവും സ്വഭാവ ശുദ്ധിയും തല്‌ഫലമായി മരണാനന്തര സൗഖ്യവും (സ്വര്‍ഗപ്രവേശം) നേടുക എന്നതാണ് ഭക്തി അഥവാ തഖ്‌വാ.
from shabab editorial
(സര്‍വ്വ ലോക രക്ഷിതാവായ അല്ലാഹുവേ,)ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല. [വിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 1 ഫാത്തിഹ 6,7]
Popular Posts
-
ഏതാനും ദിവസം മുന്‍പ് നടന്ന ഒരു അനുഭവം പങ്കുവയ്ക്കട്ടെ. വീട്ടാവശ്യത്തിന് ഇറക്കിയ മണലില്‍ നിന്ന് അയല്‍വാസിക്ക് അല്പം വായ്പയായി വേണം. അത...
-
കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്കര്‍മമായും ഇസ്ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള ...
-
ശംസുദ്ദീന്‍ പാലക്കോട് വിശുദ്ധ ഖുര്‍ആനിന് ഇരുപതിലധികം വിശേഷണങ്ങള്‍ അല്ലാഹു ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. അന്തിമ വേദഗ്രന്ഥത്ത...
-
തൊഴിലിനെക്കുറിച്ച് ആത്മാഭിമാനം വളര്‍ത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും ലോകതൊഴിലാളി ദിനം ആചരിച്ചുവരുന്നു...
-
മുഹമ്മദ്നബി(സ്വ) പ്രവാചകശൃംഖലയിലെ അവസാന വ്യക്തിയാണെന്ന യാഥാര്‍ഥ്യം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും അതു രണ്ടിന്റെയും അടിസ്ഥാനത്തിലുള്ള ...
-
ശൈശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്...
-
ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. സ്നേഹത്തിന്റെയും സമാ...
-
കൃത്രിമങ്ങളും മായങ്ങളും മലിനീകരണവും പരിസരദൂഷണവും വ്യാപകമായ ഒരു ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇന്ന് ലഭ്യമാകുന്ന അരിയുടെ ഇനങ്ങളില്‍ ...
-
അബ്ദുര്‍റഹ്മാന്‍ മങ്ങാട് പ്രവാചകപത്നി ഉമ്മുസലമ(റ)യുടെ ഭവനം. അവരുടെ ദാസി ഖൈറ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‌കിയ വാര്‍ത്തയുമായി ഒരു ദൂതന് വ...
-
അന്‍വര്‍ അഹ്മദ് മതമൈത്രിക്ക് പേര് കേട്ട ദേശമാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ മതത്തിന്റെ പേരില്‍ കലാപങ്ങള്‍ ഒട്ടേറെ നടന്നപ്പോഴും നമ...