സത്യവിശ്വാസവും സദ്‌കര്‍മവും ജീവിതവിജയത്തിന്റെ നീക്കിവെപ്പ്‌

ഈലോകത്തുള്ള മുഴുവന്‍ ജീവിവര്‍ഗവും അധ്വാനശീലരാണ്‌. ഏതെങ്കിലും രീതിയില്‍ അധ്വാനിക്കാത്തവരായി ആരുമില്ല. എന്നാല്‍ മനുഷ്യന്റെ അധ്വാനങ്ങള്‍ മറ്റേതു വര്‍ഗത്തെക്കാളും വിശാലവും ഒരുപാട്‌ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളതുമാണ്‌. ഇതര ജീവികളുടെ പരിശ്രമങ്ങള്‍ ചുരുങ്ങിയ ആവശ്യപൂര്‍ത്തീകരണത്തിനു വേണ്ടിയുള്ളതാണ്‌. എന്നാല്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഇഹലോകത്തു മാത്രമല്ല പരലോകത്തും വിജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ മാത്രം വിശാലമാണ്‌.

മനുഷ്യരെല്ലാം വ്യത്യസ്‌തരാണെന്ന പോലെ അവരുടെ കഴിവുകളും പരിശ്രമങ്ങളും വ്യത്യസ്‌തമാണ്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്നരൂപത്തിലുള്ളതാകുന്നു'' (92:4). ഇഹപര ജീവിതത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വലിയ പങ്കുണ്ട്‌. ഒരു പ്രവര്‍ത്തി ചെയ്യാന്‍ നമ്മെ പ്രേരിപ്പിച്ച ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ്‌ പ്രതിഫലം ലഭിക്കുക. ഒരുപാട്‌ നന്മകള്‍ ചെയ്യുന്ന മനുഷ്യന്റെ നിയ്യത്ത്‌ മോശമാണെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ അസ്വീകാര്യമായിരിക്കുമെന്നാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. ജനങ്ങള്‍ക്കിടയില്‍ പണക്കാരനായി അറിയപ്പെടാന്‍ ധനം ചെലവഴിച്ചവനും പണ്ഡിതനായി അറിയപ്പെടാന്‍ പാണ്ഡിത്യത്തെ ദുരുപയോഗം ചെയ്‌തവനും ധീരനായി വിലയിരുത്തപ്പെടാന്‍ യുദ്ധം ചെയ്‌ത്‌ ജീവാര്‍പ്പണം നടത്തിയവനും നരകത്തിലെറിയപ്പെടുമെന്ന്‌ പ്രവാചകന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി ശ്രദ്ധയില്ലാത്തവരും ജനങ്ങളെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്‌തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം.'' (107:4-7)

ഒരു കര്‍മം നിര്‍വഹിക്കുമ്പോള്‍ ഉദ്ദേശ്യങ്ങളില്‍ കലര്‍പ്പ്‌ വന്നാല്‍ ആ കര്‍മം വിഫലമാകും. പ്രവാചകന്‍ അരുളി: ``തീര്‍ച്ചയായും പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ്‌. ആരെങ്കിലും അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും പലായനം ചെയ്‌താല്‍ അവന്റെ പലായനം അതിനു വേണ്ടിയാണ്‌. എന്നാല്‍ ദുന്‍യാവിന്‌ വേണ്ടിയും ഒരു സ്‌ത്രീയെ വിവാഹം കഴിക്കാനുമാണ്‌ പലായനമെങ്കില്‍ അവന്റെ പലായനം അതിനുവേണ്ടിയുമാണ്‌'' (ബുഖാരി). നമ്മുടെ സല്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൂര്‍ണമായ പ്രതിഫലം പരലോകത്ത്‌ വെച്ചാണ്‌ ലഭിക്കുക. നന്മകള്‍ക്ക്‌ തക്കതായ പ്രതിഫലമോ തിന്മകള്‍ക്ക്‌ അതിനു യോജിച്ച ശിക്ഷയോ നല്‍കാന്‍ ഈ ലോകത്ത്‌ സാധ്യമല്ല. ഒരു വിശ്വാസക്ക്‌ തന്റെ സല്‍പ്രവര്‍ത്തനങ്ങള്‍ പരലോകത്ത്‌ കൂട്ടായുണ്ടാകും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ``ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട്‌ അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും.'' (17:19)

പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ഥി കഠിനമായി പ്രയത്‌നിക്കുന്നു. എന്നാല്‍ ഇതിനെക്കാള്‍ വലിയ ലക്ഷ്യമായ സ്വര്‍ഗം നേടാന്‍ നാം എത്രമാത്രം അധ്വാനിക്കേണ്ടിവരും! ചെയ്യുന്ന കര്‍മങ്ങള്‍ കലര്‍പ്പറ്റതും നിഷ്‌കളങ്കവുമായിരിക്കണം. സല്‍ക്കര്‍മങ്ങള്‍ നിര്‍വഹിക്കാതെ സ്വര്‍ഗപ്രവേശം ആഗ്രഹിക്കരുതെന്ന്‌ അല്ലാഹു പറയുന്നു: ``സത്യവിശ്വാസികളെ, വേദനാജനകമായ ശിക്ഷയില്‍ നിന്ന്‌ നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചു തരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കണം. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും സമരം നടത്തുകയും വേണം. അതാണ്‌ നിങ്ങള്‍ക്ക്‌ ഗുണകരമായിട്ടുള്ളത്‌.'' (വി.ഖു. 61:10,11). ഖുര്‍ആന്‍ ഇക്കാര്യം മറ്റു സ്ഥലങ്ങളിലും പറയുന്നുണ്ട്‌. ``അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്‌തിട്ടുള്ളവര്‍ക്ക്‌ അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ട്‌. അവര്‍ക്ക്‌ ഭയപ്പെടേണ്ടതില്ല. അവര്‍ ദു:ഖിക്കേണ്ടി വരികയുമില്ല.'' (വി.ഖു.)

അല്ലാഹു നമുക്ക്‌ നല്‍കിയിട്ടുള്ള മഹത്തായ അനുഗ്രഹങ്ങളിലൊന്നാണ്‌ ആയുസ്സ്‌. വിശ്വാസികള്‍ ഇത്‌ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നവരായിരിക്കും. ജീവിതത്തിലെ ഓരോ നിമിഷവും പരലോകരക്ഷയ്‌ക്കു വേണ്ടി അധ്വാനിക്കേണ്ടവനാണവന്‍. സല്‍ക്കര്‍മങ്ങളൊന്നുമില്ലാതെ പരലോകത്തെത്തുന്നവര്‍ക്ക്‌ സമ്പത്തോ സന്താനങ്ങളോ ഒന്നും ഉപകാരപ്പെടുകയില്ല. മരണശേഷം ഒരാള്‍ക്ക്‌ തന്റെ സല്‍ക്കര്‍മങ്ങള്‍ മാത്രമായിരിക്കും കൂട്ടിനുണ്ടാവുക. ശുദ്ധമനസ്സോടെ ചെയ്‌ത സല്‍ക്കര്‍മങ്ങളില്‍ നിന്ന്‌ അല്ലാഹു യാതൊന്നും കുറവുവരുത്തുകയില്ല. ``അല്ലാഹുവെയും അവന്റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മഫലങ്ങളില്‍ നിന്ന്‌ യാതൊന്നും അവന്‍ കുറവ്‌ വരുത്തുന്നതല്ല'' (വി.ഖു. 49:14). ഭൗതിക ജീവിതത്തിന്റെ ലാഭനഷ്‌ടങ്ങള്‍ വിലയിരുത്താതെ, പരലോകചിന്തയില്ലാതെ അലസമായി ജീവിച്ചാല്‍ നഷ്‌ടമായിരിക്കും അനന്തരഫലം.

ധാരാളം പ്രവര്‍ത്തിക്കുകയും അക്ഷീണയത്‌നം നടത്തുകയും ചെയ്‌ത്‌ പരലോകത്തെത്തുന്നവരെക്കുറിച്ച്‌ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌. നിയ്യത്ത്‌ തെറ്റിപ്പോയതിന്റെ ഫലമായി എല്ലാം നഷ്‌ടപ്പെട്ടവരാണവര്‍. ``നബിയേ, ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്‌മ കാണിക്കുകയും പണിയെടുത്ത്‌ ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിപ്പിക്കുന്നതാണ്‌. ചുട്ടുതിളയ്‌ക്കുന്ന ഉറവയില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിപ്പിക്കപ്പെടുന്നതാണ്‌. ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല. അത്‌ പോഷണം നല്‍കുകയില്ല. വിശപ്പിന്‌ ശമനമുണ്ടാവുകയുമില്ല.'' (വി.ഖു 88:1-8)

പ്രവര്‍ത്തനങ്ങളെ വിഫലമാക്കിക്കളയുന്ന പ്രകടനപരത വരുത്തിവെക്കുന്ന അവസ്ഥയാണ്‌ ഖുര്‍ആന്‍ ചിത്രീകരിച്ചത്‌. ഭൗതിക ജീവിതത്തിന്റെ ഉയര്‍ച്ചയ്‌ക്ക്‌ വേണ്ടി മാത്രം ചിന്തകളെയും പഠനങ്ങളെയും ഉപയോഗിച്ചവരും, ഇഹലോക ജീവിതാഭിവൃദ്ധിക്ക്‌ വേണ്ടി മാത്രം സമയവും സമ്പത്തും ചെലവഴിച്ചവരും അനുഭവിക്കാനുള്ളത്‌ നാശനഷ്‌ടങ്ങള്‍ മാത്രമായിരിക്കും. ``ക്ഷണികമായതിനെ (ഇഹലോകത്തെ)യാണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ ഇവിടെവെച്ച്‌ തന്നെ വേഗത്തില്‍ നല്‍കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്‌ നല്‍കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ കടന്നെരിയുന്നതാണ്‌'' (വി.ഖു 17:18). ഭൗതിക ജീവിതാലങ്കാരങ്ങള്‍ക്ക്‌ പിറകെയോടി അനശ്വര ജീവിതസൗഭാഗ്യങ്ങളെ നഷ്‌ടപ്പെടുത്തിക്കളയുന്നത്‌ എന്തുമാത്രം ദയനീയമാണ്‌. ഭൗതികജീവിതത്തില്‍ ലഭിച്ച നേട്ടങ്ങള്‍ക്ക്‌ അല്ലാഹുവിനോട്‌ നന്ദി കാണിച്ച്‌ വിനീതരായി ജീവിക്കാനുള്ള പാഠങ്ങളാണ്‌ ഖുര്‍ആന്‍ നല്‍കുന്നത്‌. എന്നാല്‍ അഹങ്കാരവും പൊങ്ങച്ചവും പ്രകടനപരതയും ലോകമാന്യവും മനുഷ്യനെ നഷ്‌ടത്തിലേക്ക്‌ വഴിനടത്തൂ. നമ്മുടെ ഉദ്ദേശ്യങ്ങളും താല്‍പര്യങ്ങളും ഈ ചെറിയ ലോകത്ത്‌ ചുറ്റിത്തിരിയാതെ അല്ലാഹുവിന്റെ സ്വര്‍ഗീയഭവനം കരസ്ഥമാക്കുന്നതിലേക്ക്‌ വിസ്‌തൃതപ്പെടേണ്ടതുണ്ട്‌. ഭൗതികജീവിതത്തിലെ പളപളപ്പുകള്‍ നമ്മുടെ കണ്ണുകളെ ആനന്ദിപ്പിക്കുകയും ഹൃദയത്തെ മത്തുപിടിപ്പിക്കുകയും ആഗ്രഹങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ അല്ലാഹു നിശ്ചയിച്ച അതിരുകള്‍ സൂക്ഷിച്ചാല്‍ സൗഭാഗ്യത്തിന്റെ ഭവനം പകരമായി കിട്ടും. ഭൗതികജീവിതം കേവല നിരീക്ഷണം മാത്രമാണ്‌. ഖുര്‍ആന്‍ പറയുന്നു: ``സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. എന്നാല്‍ നിലനില്‍ക്കുന്ന സല്‍കര്‍മങ്ങളാണ്‌ നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.'' (വി.ഖു 18:46)

ഐഹികജീവിതത്തിന്റെ ഉപമ ഖുര്‍ആന്‍ വിവരിക്കുന്നതിങ്ങനെയാണ്‌: ``നാം ആകാശത്തു നിന്ന്‌ വെള്ളം ഇറക്കിയിട്ട്‌ അതുമൂലം മനുഷ്യര്‍ക്കും കാലികള്‍ക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങള്‍ ഇടകലര്‍ന്നു വളര്‍ന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത്‌ അഴകാര്‍ന്നതാകുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമാറായെന്ന്‌ അതിന്റെ ഉടമസ്ഥര്‍ വിചാരിക്കുകയും ചെയ്‌തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‌പന അതിന്‌ വന്നെത്തുകയും തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടില്‍ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹികജീവിതത്തിന്റെ ഉപമ. ചിന്തിക്കുന്ന ആളുകള്‍ക്കു വേണ്ടി അപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 10:24)

പാരത്രിക ജീവിതത്തെ ലക്ഷ്യമാക്കി ജീവിക്കുന്നവരുടെ മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്‌തിറങ്ങും. ``വല്ലവനും പരലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അവന്റെ കൃഷിയില്‍ നാം അവന്‌ വര്‍ധന നല്‍കുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ നാം അവന്‌ അതില്‍നിന്ന്‌ നല്‍കുന്നതാണ്‌. അവന്‌ പരലോകത്ത്‌ യാതൊരു വിഹിതവും ഉണ്ടായിരിക്കുകയില്ല.'' (വി.ഖു 42:20). ഇന്ന്‌ വിതയ്‌ക്കുന്ന വിത്തുകളാണ്‌ നാളെ കൊയ്‌തൊടുക്കാവുന്ന ഫലങ്ങളായി മാറുന്നത്‌. അന്ത്യദിനം വന്നെത്തുമ്പോള്‍ കയ്യിലൊരു ചെടിയുണ്ടെങ്കില്‍ അത്‌ നട്ടുപിടിപ്പിക്കണമെന്ന്‌ നബി(സ) കല്‌പിച്ചത്‌ നന്മകള്‍ ചെയ്യാനുള്ള പ്രേരണ മനസ്സുകളില്‍ ഉണ്ടാക്കാന്‍ വേണ്ടിയാണ്‌. പ്രസന്നവദനത്തോടെ തന്റെ സഹോദരങ്ങളെ അഭിമുഖീകരിക്കുന്നതില്‍ പോലും പുണ്യമുണ്ടെന്ന്‌ അവിടുന്ന്‌ ഉണര്‍ത്തി. ജീവിതവേളയിലെ ഓരോ നിമിഷവും ചോദ്യം ചെയ്യപ്പെടുമെന്ന്‌ തിരുമേനി മുന്നറിയിപ്പ്‌ തന്നു. അന്ത്യനാളില്‍ ഒരിടമയുടെ കാല്‍പാദങ്ങള്‍ മുന്നോട്ട്‌ വെക്കണമെങ്കില്‍ ചില ചോദ്യങ്ങള്‍ക്ക്‌ കൃത്യമായി ഉത്തരം ബോധിപ്പിക്കേണ്ടിവരും. ആയുസ്സിനെക്കുറിച്ചും നേടിയ അറിവിനെക്കുറിച്ചും അതുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമ്പാദിച്ച ധനത്തിന്റെ ഉറവിടത്തെപ്പറ്റിയും അത്‌ എന്തിനുവേണ്ടി ചെലവഴിച്ചു എന്നതിനെപ്പറ്റിയും ആരോഗ്യം എന്തിനുവേണ്ടി വിനിയോഗിച്ചുവെന്നതിനെക്കുറിച്ചും ചോദിക്കപ്പെടുമെന്ന്‌ തിരുമേനി ഉണര്‍ത്തി. (തിര്‍മിദി)

സംതൃപ്‌തമായ പരലോകജീവിതത്തിനു വേണ്ടി നമ്മുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും ക്രമീകരിക്കേണ്ടതുണ്ട്‌. ``ഏതൊരാളുടെ തുലാസ്സുകള്‍ ഘനം തൂങ്ങിയോ അവന്‍ സംതൃപ്‌തായ ജീവിതത്തിലായിരിക്കും. ഏതൊരാളുടെ തുലാസ്സുകള്‍ തൂക്കം കുറഞ്ഞുവോ അവന്റെ സങ്കേതം `ഹാവിയ' ആയിരിക്കും. ഹാവിയ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്‌.'' (വി.ഖു 100:6-11) ആരോരും ഉപകാരപ്പെടാത്ത അന്ത്യനാളില്‍ നമുക്ക്‌ സഹായകമാവുന്നത്‌ സല്‍കര്‍മ്മങ്ങള്‍ മാത്രമായിരിക്കും. ശുദ്ധവിചാരത്തോടെ നിര്‍വഹിക്കുന്ന സല്‍പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഒട്ടും നഷ്‌ടപ്പെടാതെ ബാക്കിയുണ്ടാവൂ. അത്‌ മാത്രമാണ്‌ നഷ്‌ടമാകാത്ത വിയര്‍പ്പുതുള്ളികള്‍.

from shabab

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts