1. അല്ലാഹു സിഹ്‌റ് നിരോധിച്ചത് യാഥാര്‍ഥ്യം ഉള്ളതു കൊണ്ടാണെങ്കില്‍ ശിര്‍ക്ക് നിരോധിച്ചതും യാഥാര്‍ഥ്യമുള്ളതുകൊണ്ടാണോ?
2. യാഥാര്‍ഥ്യമുള്ള കാര്യങ്ങളെ അല്ലാഹു നിര്‍ത്തുകയും വിജയിപ്പിക്കുകയും ചെയ്യും എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അത് ശ്രദ്ധിക്കുക.
''സത്യം (യാഥാര്‍ഥ്യം) വന്നിരിക്കുന്നു. അസത്യം മാഞ്ഞുപോയിരിക്കുന്നു. തീര്‍ച്ചയായും അസത്യം മാഞ്ഞുപോകുന്നതാകുന്നു എന്നും നീ പറയുക.'' (ഇസ്‌റാഅ് 81)
وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا
മേല്‍ വചനത്തില്‍ പറഞ്ഞത് ഏഴ് മഹാ പാപങ്ങളില്‍ പെട്ട ശിര്‍ക്കിനെ സംബന്ധിച്ചാണ്. ശിര്‍ക്കിന് യാഥാര്‍ഥ്യവുമായി ബന്ധമില്ല. അത് നശിച്ചുപോകും എന്നാണ് മേല്‍ വചനത്തിന്റെ താല്പര്യം. ഏഴ് മഹാ പാപങ്ങളില്‍ പെട്ട സിഹ്‌റിനെ സംബന്ധിച്ചും, അതിന് യാഥാര്‍ഥ്യമില്ല എന്നാണ് അല്ലാഹു അരുളിയത്. അതിപ്രകാരമാണ്.
a. ''സാഹിര്‍ എവിടെച്ചെന്നാലും വിജയിക്കുന്നതല്ല.'' (ത്വാഹ 69)
وَلا يُفْلِحُ السَّاحِرُ حَيْثُ أَتَى
b. ''നിങ്ങള്‍ ഈ കൊണ്ടുവന്നത് സിഹ്‌റാകുന്നു. തീര്‍ച്ചയായും അല്ലാഹു അതിനെ പൊളിച്ചുകളയുന്നതാണ്. കുഴപ്പമുണ്ടാക്കുന്നവരുടെ പ്രവര്‍ത്തനം അല്ലാഹു ഫലവത്താക്കിത്തീര്‍ക്കുകയില്ല. തീര്‍ച്ച''(യൂനുസ് 81)
مَا جِئْتُم بِهِ السِّحْرُ إِنَّ اللّهَ سَيُبْطِلُهُ إِنَّ اللّهَ لاَ يُصْلِحُ عَمَلَ الْمُفْسِدِينَ
c. ''സത്യനിഷേധികള്‍ പറഞ്ഞു: ഇവര്‍ കള്ളവാദിയായ ഒരു സാഹിറാകുന്നു''(സ്വാദ് 4).
وَقَالَ الْكَافِرُونَ هَذَا سَاحِرٌ كَذَّابٌ
3. നബി(സ)യുടെ വചനം സിഹ്‌റിന് യാഥാര്‍ഥ്യമില്ല എന്നാണ് പഠിപ്പിക്കുന്നത്. അത് ശ്രദ്ധിക്കുക:
''മുഴുകുടിയന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതല്ല. സിഹ്‌റില്‍ വിശ്വസിക്കുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല'' (അല്‍ബാനി: സില്‍സിലത്തുല്‍ അഹാദീസിസ്സാനീഹ 2:189, ഇബ്‌നു ഹിബ്ബാന്‍ 1381 മുസ്‌നദു അഹ്മദ് 4:399)
4. സിഹ്‌റിന് 'യാഥാര്‍ഥ്യമില്ല' എന്ന് സംശയരഹിതമായി തെളിയിക്കുന്ന മൂന്ന് ഖുര്‍ആന്‍ വചനമാണ് മേലെ കൊടുത്തത്. സാഹിര്‍ എവിടെ ചെന്നാലും പരാജയപ്പെടും എന്നാണ്. യൂനുസ് 81-ാം വചനത്തില്‍ അല്ലാഹു അരുളിയത്. സിഹ്‌റിനെ നാം പൊളിച്ചു കളയുമെന്നും അത് ഫലം ചെയ്യുകയില്ല എന്നുമാണ്. സ്വാദ് 4-ാം വചനത്തില്‍ അല്ലാഹു അരുളിയത് സാഹിര്‍ നുണയനാണ് എന്നാണ്. അല്‍ബാനിയടക്കം സ്വഹീഹായി അംഗീകരിക്കപ്പെട്ട ഹദീസിലൂടെ നബി(സ) പഠിപ്പിച്ചത് സിഹ്‌റിന് യാഥാര്‍ഥ്യമുണ്ടെന്ന് വിശ്വസിക്കുന്നവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്നുമാണ്.
5. അല്ലാഹുവും റസൂലും ഖണ്ഡിതമായ നിലയില്‍ സിഹ്‌റിന് യാഥാര്‍ഥ്യമില്ല എന്ന് പഠിപ്പിച്ചിട്ടും, അല്ലാഹുവിനെയും റസൂലിനെയും മനഃപ്പൂര്‍വം എന്തിനാണ് ഇവര്‍ എതിര്‍ക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. സിഹ്‌റു ഫലിക്കും എന്ന പ്രചാരണം കൊണ്ട് മുജാഹിദ് പ്രസ്ഥാനത്തിന് എന്ത് മെച്ചമാണ് ലഭിക്കാന്‍ പോകുന്നത്?
6. സിഹ്‌റിന് ഹഖീഖത്തുണ്ട് എന്ന വാദക്കാര്‍ യഹൂദികളും നസ്വാറാക്കളും.
താഴെ വന്ന ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനവും ശ്രദ്ധിക്കുക.
''വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ കണ്ടില്ലേ? അവര്‍ 'ജിബ്ത്തി'ലും 'ത്വാഗൂത്തി'ലും വിശ്വസിക്കുന്നു''(നിസാഅ് 51)
أَلَمْ تَرَ إِلَى الَّذِينَ أُوتُواْ نَصِيبًا مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ
i. ഇവിടെ വേദത്തില്‍ നിന്നും ഒരു വിഹിതം നല്‍കപ്പെട്ടവര്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വേദക്കാരായ യഹൂദരും ക്രിസ്ത്യാനികളുമാണ്.
ii. അവര്‍ ജിബ്ത്തിലും (ക്ഷുദ്രവിദ്യ) ത്വാഗൂത്തിലും (ദുര്‍മൂര്‍ത്തികള്‍) വിശ്വസിക്കുന്നു എന്ന വചനത്തിലെ 'ജിബ്ത്തു' കൊണ്ടുദ്ദേശിക്കുന്നത് സിഹ്‌റാണ്. ഇമാം ഇബ്‌നു കസീര്‍ രേഖപ്പെടുത്തി:
'' 'അല്‍ജിബ്ത്ത്' എന്നതുകൊണ്ടുദ്ദേശിക്കുന്നത് സിഹ്‌റാണ്. ഉമര്‍(റ) ഇബ്‌നു അബ്ബാസ്(റ) ഇക്‌രിമി(റ) സഈദുബ്‌നുല്‍ ജുബൈര്‍(റ) എന്നിവരെല്ലാം 'ജിബ്ത്തിന്' സിഹ്‌റ് എന്നാണ് വ്യാഖ്യാനം നല്‍കിയത്.''(ഇബ്‌നു കസീര്‍ 1:626).
അപ്പോള്‍ യഹൂദരും ക്രിസ്ത്യാനികളും സിഹ്‌റിന് ഹഖീഖത്തുണ്ട് എന്നു വിശ്വസിച്ചിരുന്നു എന്നാണ് മേല്‍ പറഞ്ഞ ഖുര്‍ആന്‍ വചനവും അതിന്റെ വ്യാഖ്യാനം നമ്മെ പഠിപ്പിച്ച സ്വഹാബാക്കളും വിശദീകരിക്കുന്നത്. അല്ലാഹുവും റസൂലും (സ) അവരെപ്പോലെ നാം ആകരുത് എന്നു പറഞ്ഞ് വിസ്മരിക്കാന്‍ പറ്റാത്ത കാര്യമാണ്. അപ്പോള്‍ സിഹ്‌റിന് ഹഖീഖത്തുണ്ട് എന്ന വാദം മുസ്‌ലിംകളുടേതല്ല.
7. ഇനി നബി(സ) പഠിപ്പിച്ചതും സാഹിര്‍ പറയുന്നതിന് ഹഖീഖത്ത് നല്‍കാന്‍ പാടില്ല എന്നാണ്. അത് ശ്രദ്ധിക്കുക:
''നബി(സ) അരുളി. വല്ലവനും ഒരു ജ്യോത്സ്യന്റെയോ, സാഹിറിന്റെയോ അടുക്കല്‍ ചെല്ലുകയും അവന്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്താല്‍ തീര്‍ച്ചയായും നബി(സ)ക്ക് ഇറക്കപ്പെട്ട (ദൗത്യത്തില്‍) അവന്‍ ആശ്വസിച്ചു'' (ബസ്സാര്‍- സ്വഹീഹായ പരമ്പരയോടെ) അപ്പോള്‍ സാഹിറിന്റെ വര്‍ത്തമാനത്തിന് ഹഖീഖത്ത് (വിശ്വാസ്യത) നല്‍കാന്‍ പാടില്ല എന്നാണ് മേല്‍ ഹദീസും കല്പിക്കുന്നത്.
8. സിഹ്‌റിന് ഹഖീഖത്ത് ഇല്ല എന്നു പറഞ്ഞ പണ്ഡിതന്മാര്‍:
I. സൂറത്ത് അമ്പിയാഇലെ 3-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം ഖുര്‍ത്വുബി(റ):
''സാധുതയോ യാഥാര്‍ഥ്യമോ ഇല്ലാത്ത പൊടിപ്പും തൊങ്ങലും വെച്ച എല്ലാറ്റിനും സിഹ്‌റെന്നു പറയും'' (അല്‍ജാമിഉ ലി അഹ്കാമില്‍ ഖുര്‍ആന്‍: അമ്പിയാഅ് 3)
II. സൂറത്ത് അന്‍ആം 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ജരീറുത്ത്വബ്‌രി(റ):
''സിഹ്‌റ് എന്നാല്‍ ഹഖീഖത്തോ സാധുതയോ ഇല്ലാത്ത കാര്യമാണ് (തഫ്‌സീര്‍ ജാമിഉല്‍ ബയാന്‍, അന്‍ആം 7)
III. ഇമാം നവവി: ''നമ്മുടെ കൂട്ടുകാരില്‍ പെട്ട അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യുടെ അഭിപ്രായത്തില്‍ സിഹ്‌റിന് ഹഖീഖത്തോ പ്രതിഫലനമോ ഇല്ല എന്നാണ്.'' (മജ്മൂഅ്ശറഹുല്‍ മുഹദ്ദബ് 19:240)
IV. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം റാസി (റ) രേഖപ്പെടുത്തി.
''ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് അവന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധ്യമല്ലെന്നതിന് ഈ വചനം തെളിവാണ്''(തഫ്‌സീറുല്‍ കബീര്‍: ത്വാഹ 69)
V. സൂറത്തുല്‍ ബഖറയിലെ 102-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തി.
''സിഹ്‌റ് എന്നത് യാതൊരു വിധ പ്രയോജനം ചെയ്യാത്തതും ദീനില്‍ ഉപദ്രവമുണ്ടാക്കുന്നതുമായ കര്‍മമാണ്.''(ഇബ്‌നു കസീര്‍: അല്‍ബഖറ 102)
VI. സൂറത്ത് ത്വാഹയിലെ 69-ാം വചനം വിശദീകരിച്ചുകൊണ്ട് ഇമാം അഹ്മദു മുസ്തഫല്‍ മറാഗി(റ)യുടെ വിശദീകരണം ശ്രദ്ധിക്കുക.
''ഖൈറാകട്ടെ ശര്‍റാകട്ടെ സാഹിറിന് സിഹ്‌റുകൊണ്ട് തന്റെ ലക്ഷ്യം ലഭ്യമാക്കാന്‍ സാധ്യമല്ല.''
(തഫ്‌സീറുല്‍ മറാഗീ: ത്വാഹ 69)
VII. ഇമാം അബൂഹനീഫ(റ)യുടെ അഭിപ്രായം ഇമാം ശൗക്കാനി(റ) രേഖപ്പെടുത്തി: ''ഇമാം അബൂഹനീഫ(റ)യും മുഅ്ത്തസലിയാക്കളും സിഹ്ര്‍ എന്നത് അടിസ്ഥാനമില്ലാത്ത വഞ്ചനാപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു'' (ഫത്ഹുല്‍ ഖദീര്‍ 6:153)
VIII. സൂറത്ത് ഹൂദ് 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ സിഹ്‌റ് അടിസ്ഥാനമില്ലാത്ത വഞ്ചനയാണെന്ന് ഇമാം നവവി(റ)യും, ഇമാം അഹ്മദ് സ്വാവി(റ)യും രേഖപ്പെടുത്തിയിട്ടുണ്ട്.
IX. നബി(സ)ക്ക് ചില തോന്നലുകള്‍ മാത്രമാണ് സംഭവിച്ചത്. താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക.
''ആയിശ(റ) പ്രസ്താവിച്ചു: നബി(സ)ക്ക് സിഹ്‌റ് ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഭാര്യമാരുടെ അടുത്തേക്ക് പോകാത്ത അവസ്ഥയില്‍ പോയി എന്ന് തോന്നുകയുണ്ടായി'' (ബുഖാരി, മുസ്‌ലിം).
മേല്‍ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇബ്‌നുല്‍ ഖയ്യീം(റ) വിന്റെ പ്രസ്താവന ശ്രദ്ധിക്കുക:
''ഖാളീ ഇയാള്(റ) പറഞ്ഞു: നബി(സ)ക്ക് ഹഖീഖത്തില്ലാത്ത ചില തോന്നലുകള്‍ ഉണ്ടാവുകയാണ് ചെയ്തത് (സാദുല്‍ മആദ് 4:127).
X. ഇബ്‌നു ഹജറുല്‍ അസ്ഖലാനിയുടെ പ്രസ്താവനയും കൂടി ശ്രദ്ധിക്കുക:
''സിഹ്‌റിന്റെ ഹഖീഖത്തിന്റെ കാര്യത്തില്‍ ജനങ്ങള്‍ ഭിന്നിച്ചിരിക്കുന്നു. സിഹ്‌റ് എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. അതിന് യാതൊരു വിധ ഹഖീത്തും ഇല്ല. ശാഫിഈ മദ്ഹഹിലെ അബൂ ജഅ്ഫറുല്‍ ഉസ്തുര്‍ബാദി(റ)യും ഹനഫീ മദ്ഹബിലെ അബൂബക്കര്‍ റാസി(റ)യും ഇബ്‌നുഹസ്മും (റ) ഒരു വിഭാഗം പണ്ഡിതന്മാരും സിഹ്‌റിന് ഹഖീഖത്തില്ല എന്ന പക്ഷക്കാരാണ്'' (ഫത്ഹുല്‍ ബാരി 13:144)
ചുരുക്കത്തില്‍ സിഹ്‌റിന് ഹഖീഖത്തില്ല എന്നത് മുഅ്തസലി പക്ഷക്കാരുടെ മാത്രം അഭിപ്രായമല്ല. മറിച്ച്, ഖുര്‍ആനും സുന്നത്തും അഹ്‌ലുസ്സുന്നയുടെ വലിയ ഒരു വിഭാഗം പണ്ഡിതന്മാരും രേഖപ്പെടുത്തിയതാണ് മുകളില്‍ നാം സൂചിപ്പിച്ചത്. ആയതിനാല്‍ അനാവശ്യമായ തര്‍ക്കം ഒഴിവാക്കി കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ.
പികെ മൊയ്തീന്‍ സുല്ലമി, കുഴിപ്പുറം