വിനയമാണ് വിജയം

ഉത്തമ മനുഷ്യന്റെ ഉന്നത ഗുണങ്ങളില്‍പെട്ട ഒരു സ്വഭാവ വിശേഷമാണ് വിനയം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അഹങ്കാരം, ധാര്‍ഷ്ട്യം, പിടിവാശി തുടങ്ങിയ മാനുഷികമായ സ്വഭാവദൂഷ്യങ്ങളില്‍ നിന്ന് മോചനം നേടുമ്പോള്‍ കിട്ടുന്ന ഫലമാണ് വിനയഭാവം. സമൂഹത്തിലെ താഴെക്കിടയിലുള്ളവര്‍ ഉന്നതരോട് കാണിക്കേണ്ട 'ഭവ്യത'യല്ല വിനയം. അശരണരും ഏഴകളും കൈമുതലാക്കേണ്ട ഭാവവുമല്ല വിനയം. ഉന്നത സ്ഥാനങ്ങളില്‍, പ്രത്യേകിച്ചും അധികാരസ്ഥാനങ്ങളില്‍ ഉള്ളവരില്‍ നിന്നുള്‍പ്പെടെ എല്ലാവരില്‍നിന്നും പ്രസരിക്കേണ്ട ഒരു പെരുമാറ്റ മേന്‍മയാണ് വിനയം. വിനയമാണ് യഥാര്‍ഥ വിജയം. പക്ഷേ, നമ്മുടെ വിജയനില്‍(മുഖ്യമന്ത്രി) ആ വിനയം കടുകിട കാണുന്നില്ല എന്നാണ് സമകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. നാടുഭരിക്കുന്ന ഭരണാധികാരികള്‍ ഏറെ വിനയം കാണിക്കേണ്ടതുണ്ട്. 'വിനീതനായ ഞാന്‍' എന്ന വെറുംവാക്ക് പ്രസംഗത്തില്‍ പറയുന്നത് വിനയമെന്ന സ്വഭാവഗുണത്തെ ഇകഴ്ത്തലാണ്.

ജിഷ്ണു പ്രണോയ് എന്ന ഒരു കോളെജ് വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് പോലീസും ബന്ധപ്പെട്ട അധികാരികളും ആവശ്യമായ അന്വേഷണവും അനിവാര്യമായ അനന്തര നടപടികളും ചെയ്യുന്നതില്‍ അക്ഷന്തവ്യമായ വീഴ്ചവരുത്തി എന്ന് ജാതി-മത-രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും മനസ്സിലായി. നിറവ്യത്യാസമില്ലാതെ എല്ലാ പത്രങ്ങളും ചാനലുകളും അത് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് മാത്രം അത് മനസ്സിലായില്ല. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും അച്ഛനും അനുജത്തിയും അമ്മാവനും വ്രണിത ഹൃദയവുമായി ഉന്നതാധികാരികളെ കണ്ട് സങ്കടം ബോധിപ്പിക്കാനായി ഭരണസിരാകേന്ദ്രത്തിലെത്തിയപ്പോള്‍, പ്രത്യേകിച്ച് പ്രകോപനങ്ങളൊന്നുമില്ലാതെ ഡിജിപി ഓഫീസ് പരിസരം യുദ്ധഭൂമിയാക്കിയത് പോലീസാണ്. ഈ സംഭവവികാസങ്ങള്‍ക്കുനേരെ ആഭ്യന്തര മന്ത്രികൂടിയായ മുഖ്യമന്ത്രി വിജയന്റെ സമീപനം ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പിടിവാശിയുടെയും മകുടോദാഹരണമായിരുന്നു. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍പോലും വസ്തുതകള്‍ മനസ്സിലാക്കി സന്ദര്‍ഭത്തിന്റെ തേട്ടം ഉള്‍ക്കൊണ്ട് പ്രതികരിച്ചുവെങ്കിലും മുഖ്യമന്ത്രിയില്‍ വിനയത്തിന്റെ ഒരംശംപോലും കണ്ടില്ല. ധാര്‍ഷ്ട്യത്തിന്റെ ഏകമുഖശബ്ദം സെക്രട്ടറിയേറ്റിനെക്കൊണ്ടംഗീകരിപ്പിച്ച് പുറത്തിറക്കിയ 'പാര്‍ട്ടി നയവിശദീകരണം' അതിലേറെ കെണിയായി. ഓര്‍ക്കുക, പിണറായിയിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും കേരളത്തിന്റെ മുഖ്യമന്ത്രിയും ഒരേ വ്യക്തിത്വമല്ല തേടുന്നത്.

കേരളക്കാര്‍ക്കറിയാവുന്ന ഈ സമകാല സംഭവം ഓര്‍മയില്‍ കൊണ്ടുവന്നത് ചില പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്ന രീതികള്‍ ശ്രദ്ധയില്‍പെടുത്താനാണ്. ഒരു ഫോണ്‍കോളില്‍ തീരാവുന്ന, ഒരു കൂടിക്കാഴ്ചയില്‍ തൃപ്തിവരാവുന്ന, ഒരു ചര്‍ച്ചയില്‍ പരിഹരിക്കപ്പെടാവുന്ന ചെറുകാര്യങ്ങള്‍ അതിസങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്കെത്തിക്കുന്നതിന്റെ ഒരു കാരണം അധികാര സ്ഥാനത്തുള്ളവരുടെ പെരുമാറ്റ ദൂഷ്യവും പിടിവാശിയുമാണ്. ഒട്ടും വിനയം കലരാത്ത ഭാഷ്യവുമാണ്. ഇത് ഇവിടെ മാത്രമുള്ളതല്ല. കേന്ദ്രഭരണം കൈയാളുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ പല നിലപാടുകളും ധാര്‍ഷ്ട്യത്തിന്റെ പ്രതിരൂപങ്ങളായിരുന്നു. കണ്‍മുന്നില്‍വെച്ച് സ്ത്രീകള്‍ അപമാനിക്കപ്പെട്ടിട്ടും ഒരക്ഷരം ഉരിയാടാത്ത പ്രധാനമന്ത്രി, രാജസദസ്സില്‍വെച്ച് പാണ്ഡവ പത്‌നിയെ വസ്ത്രാക്ഷേപം നടത്തിയ ദുശ്ശാസനനെ ഒന്നു ശാസിക്കുകപോലും ചെയ്യാത്ത പുരാണ കഥയിലെ ധൃതരാഷ്ട്രരെപ്പോലെ ആയിപ്പോയി. ഭരണാധികാരികള്‍ തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുമ്പോള്‍ പ്രജകളോട് താത്പര്യമുള്ളവരും അവരോട് വിനയത്തിന്റെ ശൈലിയില്‍ പെരുമാറുന്നവരുമാവണം. വിനയം വിജയമാണ്. ഒരു ക്ഷമാപണം ഒരു യുദ്ധത്തേക്കാള്‍ ഫലപ്രദമായേക്കാം. ചരിത്രം സാക്ഷിയാണ്.

ഏത് കാലത്തേക്കും മാതൃകയായി ലോകം പുകഴ്ത്തിയ നീതിയുടെ പര്യായമായ ഭരണാധികാരി ഖലീഫ ഉമര്‍ വിനയംകൊണ്ട് ഭരണം നടത്തിയ കര്‍ക്കശക്കാരനായിരുന്നു. ഉമറി(റ)ന് മൂന്നുതരം വ്യക്തിത്വങ്ങളുണ്ടെന്ന് പറയാം. ഖത്ത്വാബിന്റെ മകന്‍ ഉമര്‍ ജാഹിലിയ്യ അറബികള്‍ക്കിടയിലെ ധിക്കാരിയും പോക്കിരിയും കഠിനഹൃദയനുമായിരുന്നു. നാവിനോടൊപ്പം ഉറയില്‍ നിന്ന് വാളും പുറത്തുവന്നിരുന്ന ഉമറി(റ)ന്റെ ആര്‍ദ്രതയേശാത്ത മനസ്സിലേക്ക് യാദൃച്ഛികമായി ഇസ്‌ലാമിന്റെ സന്ദേശം കടന്നുചെന്നു. പിതാമഹന്മാരുടെ വിശ്വാസത്തെ ചോദ്യം ചെയ്ത മുഹമ്മദിനെ വകവരുത്താന്‍വേണ്ടി ഉറയില്‍ നിന്നെടുത്ത വാള്‍, വിശുദ്ധ ഖുര്‍ആന്‍ കേള്‍ക്കാനിടയായ സന്ദര്‍ഭത്തില്‍ തന്നെ മുഹമ്മദിന്റെ സംരക്ഷണത്തിനുവേണ്ടി വിനിയോഗിക്കാന്‍ ഉമര്‍ തയ്യാറായി. ഉമറി(റ)ന്റെ വ്യക്തിത്വത്തിന്റെ രണ്ടാംഭാഗം ആരംഭിക്കുകയായിരുന്നു. ഇസ്‌ലാമെന്ന മഹിതമായ ആശയത്തിന്റെ അഭ്യുന്നതിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഉമറെന്ന സ്വഹാബി ആത്മാര്‍ഥമായ കര്‍ക്കശക്കാരനായിരുന്നു. ഒന്നാം ഖലീഫ അബൂബക്‌റി(റ)ന്റെ വിയോഗത്തോടെ മുസ്‌ലിം സമൂഹത്തിന്റെയും മദീന ആസ്ഥാനമായ രാഷ്ട്രത്തിന്റെയും ഭരണനേതൃത്വത്തിലെത്തിയപ്പോള്‍ ഉമറി(റ)ന്റെ വ്യക്തിത്വത്തിന്റെ മൂന്നാമത്തെ ഭാഗം അനാവരണം ചെയ്യപ്പെടുകയായിരുന്നു. അഥവാ ആര്‍ദ്രമായ മനസ്സും വിനയമുള്ള സ്വഭാവവും പ്രജകളെ കേള്‍ക്കാനുള്ള സന്മനസ്സും പിഴവുകള്‍ തിരുത്താനുള്ള ആര്‍ജവവും ഒത്തിണങ്ങിയ വിനീതനായിരുന്നു വിജയിയായ ഖലീഫ ഉമര്‍(റ).

ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ ഒരു ഗൃഹനാഥന്‍ മുതല്‍ രാഷ്ട്രത്തലവന്‍ വരെ ഭരണാധികാരികളാണ്. ഭരണം ഉത്തരവാദിത്തമാണ്; അലങ്കാരമല്ല. വിജയം വിനയത്തിനാണ്; അഹങ്കാരത്തിനല്ല. ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെടുന്നതാണെന്ന പ്രവാചക താക്കീതാണ് വിശ്വാസിയെ ഉത്തമ നേതാവാക്കി മാറ്റുന്നത്. അതെ, വിശ്വാസമാണ് മനുഷ്യനെ യഥാര്‍ഥ മനുഷ്യനാക്കുന്നത്.                   
•┈┈┈┈•✿❁✿•┈┈┈┈•

എഡിറ്റോറിയൽ,
ശബാബ് • Shabab
2017 ഏപ്രിൽ 21 വെള്ളി

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts