അത്വാഅ്‌ബ്‌നു അബീറബാഹ്‌ (റ) : അടിമത്വത്തില്‍ നിന്ന്‌ പാണ്ഡിത്യത്തിലേക്ക്‌

ഹിജ്‌റ 97-ാമാണ്ട്‌ ദുല്‍ഹിജ്ജ അവസാനത്തെ പത്ത്‌. അതിപുരാതന ദൈവിക ഗേഹമായ കഅ്‌ബയിലേക്ക്‌ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വാഹനങ്ങളിലും കാല്‍നടയായും തീര്‍ഥാടകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ വൃദ്ധരും യുവാക്കളും കറുത്തവരും വെളുത്തവരും അറബികളും അനറബികളും നേതാക്കളും അനുയായികളും ഉണ്ട്‌. രാജാധിരാജന്റെ മുമ്പില്‍ ഭക്ത്യാദരവോടെ പ്രാര്‍ഥനാനിരതരായി ദൈവികപ്രീതി കാംക്ഷിച്ചുകൊണ്ടാണ്‌ എല്ലാവരുടെയും വരവ്‌.

മുസ്‌ലിം ഖലീഫ സുലൈമാനുബ്‌നു അബ്‌ദില്‍മലിക്‌ ഇഹ്‌റാം വേഷമായ ഒരു മുണ്ടും മേല്‍തട്ടവും മാത്രം ധരിച്ച്‌ തല തുറന്നിട്ട്‌ നഗ്നപാദനായി കഅ്‌ബ പ്രദക്ഷിണം ചെയ്‌തുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രണ്ട്‌ ആണ്‍കുട്ടികളും കൂടെയുണ്ട്‌.

സ്‌നേഹപ്രകടനം വഴിതിരിയുമ്പോള്‍

"സ്‌നേഹത്തില്‍ നിന്നുദിക്കുന്നു ലോകം സ്‌നേഹത്താല്‍ വൃദ്ധിതേടുന്നു" എന്ന വാക്യം ഒരു യാഥാര്‍ഥ്യമാണ്‌. പരസ്‌പര സ്‌നേഹമാണ്‌ ലോകത്തിന്റെ പ്രത്യേകിച്ചും ജന്തുലോകത്തിന്റെ, നിലനില്‌പ്‌. കുഞ്ഞിനെ സ്‌നേഹിക്കാത്ത ഒരമ്മയും ജന്തുലോകത്തില്ല. മനുഷ്യന്റെ കാര്യത്തിലാവുമ്പോള്‍ ഈ സ്‌നേഹം കേവലം മൃഗതൃഷ്‌ണ എന്നതിലുപരി വിശാലവും വിചാരപരവും ആയിത്തീരുന്നു. പറക്കമുറ്റിയാല്‍ കുഞ്ഞിനെ തിരിഞ്ഞുനോക്കാത്ത `അമ്മ ജന്തു'വില്‍ നിന്ന്‌ ആജീവനാന്തവും മരണാനന്തരവും സ്‌നേഹിക്കുന്ന തലത്തിലേക്ക്‌ മനുഷ്യന്‍ ഉയരുന്നു. ഉത്‌കൃഷ്‌ട സൃഷ്‌ടിയും നിയമങ്ങള്‍ക്ക്‌ വിധേയനുമായ മനുഷ്യന്‌ ആദര്‍ശമെന്ന നിലയില്‍ തന്നെ സ്‌നേഹമെന്ന വികാരം പരിഗണിക്കേണ്ടതുണ്ട്‌. ദൈവികമതം -ഇസ്‌ലാം സ്‌നേഹമെന്ന വികാരം വിശ്വാസത്തിന്റെ ഭാഗമായി കാണുന്നു. മാതാപിതാക്കളെ, ഇണകളെ, മക്കളെ, കുടുംബങ്ങളെ, അയല്‍ക്കാരെ, സുഹൃത്തുക്കളെ, ആദര്‍ശബന്ധുക്കളെ, ഇതര മനുഷ്യരെ മുഴുവനും സ്‌നേഹിക്കേണ്ടവനാണ്‌ വിശ്വാസി. ജന്തുക്കളെയും ഈ പ്രകൃതിയെപ്പോലും സ്‌നേഹിക്കേണ്ടതുണ്ട്‌. സ്‌നേഹം മനസ്സിലുള്ള വികാരമാണ്‌. അത്‌ പ്രവര്‍ത്തനങ്ങളിലേക്ക്‌ വഴിഞ്ഞൊഴുകും. ഈ സ്‌നേഹപ്രകടനം ഓരോരുത്തരോടും ഓരോ തരത്തിലാണ്‌ കാണിക്കേണ്ടത്‌. സ്‌നേഹം തീരെ പ്രകടിപ്പിക്കാതെ മനസ്സില്‍ മാത്രം ഒതുക്കി നിര്‍ത്തിയാല്‍ പോരാ.

ആള്‍ദൈവങ്ങള്‍ അരങ്ങുതകര്‍ക്കുന്നു

മതവിശ്വാസത്തിന്റെയും ദൈവിക ദര്‍ശനത്തിന്റെയും മറവില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ `ആള്‍ദൈവങ്ങള്‍' വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കുന്നത്‌ തിരിച്ചറിയേണ്ടതാണ്‌. അദൃശ്യശക്തിയായ പ്രപഞ്ച നാഥനോടുള്ള സഹായാര്‍ഥനകളും സമര്‍പ്പണവും പ്രാര്‍ഥനയിലൂടെയാണ്‌ സൃഷ്‌ടികളായ മനുഷ്യവര്‍ഗം നിര്‍വഹിച്ചുപോന്നിട്ടുള്ളത്‌. ഈ പ്രാര്‍ഥനയ്‌ക്ക്‌ പ്രപഞ്ചോല്‍പത്തിയോളം പഴക്കമുണ്ട്‌. മനുഷ്യമനസ്സിനു പതര്‍ച്ചയുണ്ടാവുമ്പോള്‍, അവന്‍ പ്രതിസന്ധികളെ നേരിടുമ്പോള്‍, രോഗം കൊണ്ടും ഭയംകൊണ്ടും പൊറുതി മുട്ടുമ്പോള്‍ പ്രാര്‍ഥനയില്‍ കൂടുതലായി മുഴുകുന്നത്‌ സ്വാഭാവികമാണ്‌.

അതിനു പുണ്യാത്മാക്കളുടെ സാമീപ്യമാണ്‌ അധികം ഭക്തരും സ്വീകരിച്ചുവരുന്നത്‌. അതിനു ജാതി മത വര്‍ഗ ഭേദങ്ങളില്ല. ദൈവത്തോട്‌ സാമീപ്യം കൂടുതല്‍ ഉണ്ടെന്ന്‌ അവകാശപ്പെടുന്നവരായ മഹത്തുക്കളുടെ നാമത്തില്‍ ബലിയര്‍പ്പിച്ചും മറ്റും അവര്‍ കാര്യസാധ്യത്തിനായി പണിയെടുക്കുന്നു. മ്യൂസിക്‌തെറാപ്പി പോലെ പ്രാര്‍ഥനാ തെറാപ്പിയും ശാസ്‌ത്രലോകം പരീക്ഷിച്ചുവരുന്നു. എന്നാല്‍ ഈ പ്രാര്‍ഥനയില്‍ ഉരുവിടുന്ന മന്ത്രങ്ങളത്രയും മനുഷ്യദൈവങ്ങളോടാണ്‌ നടത്തുന്നതെന്ന തിരിച്ചറിവ്‌ ഒരു പുനര്‍വിചിന്തനത്തിന്‌ പ്രേരകമാവേണ്ടതാണ്‌. ഹൈന്ദവ ദര്‍ശനത്തിന്റെ മൗലികതയില്‍ ഊന്നിക്കൊണ്ടുള്ള ഒരു പ്രാര്‍ഥനാരീതി അവലംബിക്കുന്ന മാതാ അമൃതാനന്ദമയി ജനലക്ഷങ്ങളെ തന്റെ മാസ്‌മരിക ലഹരിയില്‍ അണിചേര്‍ത്തിരിക്കുന്നത്‌ ഒരു ഉദാഹരണം മാത്രമാണ്‌.

നബിയെ സ്‌നേഹിക്കുക; നബിചര്യ പിന്തുടരുക

ദശലക്ഷക്കണക്കിന്‌ ജീവജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്‌ടനായ മനുഷ്യന്‍ ഊഴിയും ആഴിയും ആകാശവും കീഴടക്കി ജീവിക്കുന്നു. ദൈവം നല്‍കിയ അനുഗ്രഹമത്രെ ഇത്‌. (ഖു 17:70) ഈ ഭൂമിയില്‍ സോദ്ദേശ്യം സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്ന്‌ ജീവിതസന്ധാരണത്തിനുള്ള ശേഷിയും സൗകര്യങ്ങളും അല്ലാഹു നല്‌കി(2:36) ?പരിശ്രമം ചെയ്യുകിലെന്തിനേയും വശത്താക്കാന്‍ കഴിവുള്ളവണ്ണമാണ്‌ മനുഷ്യപ്രകൃതിയെങ്കിലും സന്‍മാര്‍ഗദര്‍ശനം

ദൈവികമായി ലഭിക്കേണ്ടതുണ്ട്‌. ഇത്‌ മനുഷ്യര്‍ക്ക്‌ സ്വന്തമായി ആര്‍ജിക്കാന്‍ കഴിയില്ല. (2:38) അതിനാല്‍ മനുഷ്യന്റെ വികാസ പരിണാമഘട്ടങ്ങളില്‍ എല്ലാ സന്ദര്‍ഭത്തിലും ദൈവദൂതന്മാരെ അയച്ചുകൊണ്ട്‌ അല്ലാഹു ജനങ്ങള്‍ക്ക്‌ സത്യത്തിന്റെ മാര്‍ഗം വ്യതിരിക്തമായി കാണിച്ചുകൊടുത്തു. ഇങ്ങനെ ദൈവദൂതന്‍മാരായ പ്രവാചകന്‍മാര്‍ വരാത്ത ഒരു സമൂഹവും കഴിഞ്ഞുപോയിട്ടില്ല (35:24)

പ്രവാചകന്മാരായി ഓരോ സമൂഹത്തിലും അല്ലാഹു നിയോഗിച്ചത്‌ ആ സമൂഹത്തിലെ മാതൃകായോഗ്യരായ വ്യക്തികളെതന്നെയാണ്‌. അതാതു സമൂഹങ്ങളുടെ നാഡിമിടിപ്പറിയുന്ന, വേദനയും വ്യഥകളുമറിയുന്ന ഒരാളെ (മനുഷ്യനെ) തെരഞ്ഞെടുക്കുകയും ദിവ്യബോധനം(വഹ്‌യ്‌) നല്‍കി സന്മാര്‍ഗ ദര്‍ശന ദൗത്യം ഏല്‌പിക്കുകയും ചെയ്യുകയാണ്‌ പതിവ്‌. ആദ്‌ സമൂഹത്തിലേക്ക്‌ തങ്ങളുടെ സഹോദരന്‍ ഹൂദിനെയും സമൂദിലേക്ക്‌ അവരുടെ സഹോദരന്‍ സ്വാലിഹിനെയും മദ്‌യനിലേക്ക്‌ അവരുടെ സഹോദരന്‍ ശുഅയ്‌ബിനെയും ബനൂ ഇസ്‌റാഈലിലേക്ക്‌ അവരില്‍ നിന്നു തന്നെയുള്ള പ്രവാചകരെയും അല്ലാഹു നിയോഗിച്ചു. (7:65,73, 85;11 :50,61,84)

ഓരോ സമൂഹത്തിലേക്കും പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളേയും അയക്കുക എന്ന സമ്പ്രദായത്തിന്‌ മുഹമ്മദ്‌ നബിയിലൂടെ അല്ലാഹു പരിസമാപ്‌തി കുറിച്ചു. മുഹമ്മദ്‌ നബി(സ)യെ അന്തിമ പ്രവാചകനാക്കി. (33:40) അദ്ദേഹത്തിന്റെ ദൗത്യം ലോകത്തുള്ള സകല മനുഷ്യര്‍ക്കും ബാധകമാകുന്നു(21:107) മുഹമ്മദ്‌ നബി(സ)യിലൂടെ ലോകത്തിന്റെ മുന്നില്‍ അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥം (ഖുര്‍ആന്‍) അന്തിമ ഗ്രന്ഥമാകുന്നു. അത്‌ ലോകാവസാനം വരെ യാതൊരു വ്യത്യാസവും കൂടാതെ ദൈവത്താല്‍ സംരക്ഷിക്കപ്പെട്ടുപോരുകയും ചെയ്യുന്നു.(15:9) ഈ പ്രവാചകന്മാര്‍ മുഴുവനും ലോകത്ത്‌ പ്രചരിപ്പിച്ചത്‌ ?ഇസ്‌ലാം? ആയിരുന്നു. ഇസ്‌ലാമെന്നാല്‍ സര്‍വലോക രക്ഷിതാവിന്റെ മുന്നില്‍ സകലതും സമര്‍പ്പിക്കാന്‍ സന്നദ്ധമാവുക എന്നതാണ്‌. മനുഷ്യന്‍ ഭൗതിക ലോകത്ത്‌ ദൈവികാനുഗ്രഹങ്ങള്‍ ആസ്വദിച്ച്‌ ജീവിക്കുമ്പോള്‍ സ്രഷ്‌ടാവിന്റെ താല്‌പര്യങ്ങള്‍ക്കനുസരിച്ച്‌ ചരിക്കേണ്ടതുണ്ട്‌. അത്തരക്കാര്‍ക്ക്‌ മാത്രമേ മരണാനന്തരമുള്ള അനശ്വര ലോകത്ത്‌ സൗഖ്യം(സ്വര്‍ഗപ്രവേശം) ലഭിക്കൂ. അതാണ്‌ മനുഷ്യന്റെ ആത്യന്തിക വിജയവും.

മതമായി മനുഷ്യര്‍ക്ക്‌ അല്ലാഹു തൃപ്‌തിപ്പെട്ട്‌ നല്‌കിയ ഇസ്‌ലാം മുഹമ്മദ്‌ നബിയിലൂടെ പരിപൂര്‍ണമായി.(5 :3) അതില്‍ കൂട്ടുകയോ കുറക്കുകയോ ചെയ്യാവുന്നതല്ല. ഖുര്‍ആന്‍ പറയുന്നു: `മുന്‍ വേദങ്ങളിലും ഈ വേദത്തിലും അല്ലാഹു നിങ്ങള്‍ക്ക്‌ ?മുസ്‌ലിംകള്‍? എന്ന പേര്‍ നല്‌കിയിരിക്കുന്നു. റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷിയായിരിക്കാനും വേണ്ടി.' (22:78)

മുഹമ്മദ്‌ നബി മതസ്ഥാപകനല്ല. പുരോഹിതനല്ല. അല്ലാഹുവിന്റെ നിയമങ്ങളുടെ പ്രയോക്താവായിരുന്നു. അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. ഓരോ രംഗത്തും മാതൃകാ പുരുഷനായി. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമമായ മാതൃകയുണ്ട്‌.'' (33:21) ഈ മാതൃക- പ്രവാചക ചര്യ- പിന്‍പറ്റി ജീവിക്കുകയാണ്‌ അല്ലാഹുവിന്റെ ഇഷ്‌ടം നേടാനുള്ള ഏകമാര്‍ഗം. ദൈവപ്രീതിയും പരലോക മോക്ഷവുമാണല്ലോ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം. ?നബിയേ, പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യും.?? (3:31)

പ്രവാചകന്റെ വിധികളും തീരുമാനങ്ങളും തൃപ്‌തിപ്പെടാത്തവന്‍ വിശ്വാസിയാവുകയില്ല. (4:56) എന്ന്‌ ഖുര്‍ആന്‍ പറയുന്നു.സ്വന്തം മാതാപിതാക്കളെക്കാളും മക്കളെക്കാളും മറ്റു മനുഷ്യരെക്കാളും ഒരാള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടത്‌ ഞാനാകുന്നതുവരെ അയാള്‍ വിശ്വാസിയാകുകയില്ല എന്ന്‌ നബി(സ) പറഞ്ഞതും ഇക്കാര്യം തന്നെയാണ്‌. ഒരാളെ ഇഷ്‌ടപ്പെടുക എന്നുവെച്ചാല്‍ അദ്ദേഹത്തിന്റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ മാനിക്കുക, അദ്ദേഹത്തെ പിന്‍പറ്റുക എന്നൊക്കെയാണല്ലോ. പ്രവാചകനെ സ്‌നേഹിക്കാത്തവന്‍ മുസ്‌ലിമല്ല എന്നര്‍ഥം.

പ്രവാചകന്റെ അനുചരന്മാര്‍ (സ്വഹാബിമാര്‍) ഓരോരുത്തരും തന്നെക്കാള്‍ പ്രവാചകനെ സ്‌നേഹിച്ചിരുന്നു. `ബി അബീ അന്‍ത വ ഉമ്മീ'?(എന്റെ മാതാവും പിതാവും അങ്ങേക്ക്‌ പ്രായശ്ചിത്തമാണ്‌) എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ സ്വഹാബികള്‍ നബിയെ സംബോധന ചെയ്‌തിരുന്നത്‌. രണാങ്കണത്തില്‍ സ്വന്തം ഭര്‍ത്താവും മക്കളും കൊല്ലപ്പെട്ടു എന്നറിഞ്ഞിട്ടും യുദ്ധക്കളത്തിലേക്കോടി, പ്രവാചകന്‍ സുരക്ഷിതനാണ്‌ എന്നറിഞ്ഞപ്പോള്‍ മനസ്സമാധാനത്തോടെ തിരിച്ചുപോന്ന സ്വഹാബി വനിതയുടെ വാക്കുകള്‍, ?അങ്ങേയ്‌ക്ക്‌ ശേഷം മറ്റേത്‌ പ്രയാസങ്ങളും നിസ്സാരമാണ്‌? എന്നായിരുന്നു.

ഈയൊരു സ്‌നേഹം കേവലപ്രകടനങ്ങളായിരുന്നില്ല; ആത്മാര്‍ഥമായിരുന്നു. മരണാനന്തരം നബിയെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ആശങ്കയാല്‍ കരയുന്ന സ്വഹാബികളെ ചരിത്രം വരച്ചുകാണിക്കുന്നു. നബി(സ)യെ കടിക്കാന്‍ സര്‍പ്പം വരാന്‍ സാധ്യതയുള്ള മാളം സ്വന്തം കാല്‍വിരല്‍കൊണ്ട്‌ അടച്ചുവെക്കുകയും സര്‍പ്പദംശനമേല്‍ക്കുകയും ചെയ്‌ത അബൂബക്കര്‍(റ), യുദ്ധക്കളത്തില്‍ നബിക്കു നേരെ വന്ന നിരവധി അമ്പുകള്‍ സ്വന്തം ദേഹംകൊണ്ട്‌ തടുത്ത്‌ മുറിവുകള്‍ക്കുമേല്‍ മുറിവുകള്‍ പറ്റിയ ത്വല്‍ഹ(റ). സ്‌നേഹാതിരേകത്തിന്റെ ഈ മകുടോദാഹരണങ്ങള്‍ ലോക ചരിത്രത്തില്‍ ഒരു നേതാവിനും ലഭിച്ചിട്ടില്ല.

എന്നാല്‍ ഭൗതിക ഭരണാധികാരികളെപ്പോലെയോ മതപുരോഹിതന്മാരെപ്പോലെയോ, തന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ അനര്‍ഹമായത്‌ നല്‌കുന്ന സമ്പ്രദായം നബിക്കുണ്ടായിരുന്നില്ല. തനിക്ക്‌ നബി(സ)യോടൊത്ത്‌ സ്വര്‍ഗജീവിതം വേണമെന്ന്‌ ആഗ്രഹം പ്രകടിപ്പിച്ച റബീഅ(റ)യോട്‌ നബി പറഞ്ഞത്‌, ധാരാളം നമസ്‌കാരം നിര്‍വഹിച്ചുകൊണ്ട്‌ എന്നെ നീ സഹായിക്കുക എന്നാണ്‌. അഥവാ കര്‍മഫലം മാത്രമാണ്‌ മോക്ഷത്തിന്നാധാരം എന്നര്‍ഥം. സ്‌തുതിപാഠകരെ നബിക്കിഷ്‌ടമായിരുന്നില്ല. നബി(സ) സ്വന്തം കരള്‍ കഷ്‌ണം എന്നു വിശേഷിപ്പിച്ച മകള്‍ ഫാത്വിമ(റ)യോട്‌ പറഞ്ഞ ഹൃദയസ്‌പൃക്കായ വാക്കുകള്‍ ലോകത്തിനെന്നും മാതൃകയാണ്‌. ``മകളേ, നരകത്തില്‍ നിന്ന്‌ നിന്നെ നീ തന്നെ കാത്തുകൊള്ളുക. ഉപ്പാക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.'' ``എന്റെ ചര്യയെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്നെ ഇഷ്‌ടപ്പെട്ടു. എന്നെ ആരെങ്കിലും ഇഷ്‌ടപ്പെട്ടുവോ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്‌' എന്ന പ്രവാചക വചനം പ്രവാചക സ്‌നേഹം എങ്ങനെ എന്ന്‌ പഠിപ്പിക്കുന്നു. ഒരായുഷ്‌കാലം മുഴുവന്‍ ഒരു സമൂഹത്തിന്റെ ഭാഗമായി കഴിഞ്ഞുകൂടിയ മുഹമ്മദ്‌ നബി(സ) 23 വര്‍ഷം ദൈവദൂതനായിട്ടാണ്‌ ജീവിച്ചത്‌. അന്ത്യപ്രവാചകന്റെ ദൗത്യം അഥവാ ലോകാന്ത്യം വരെയുള്ള മനുഷ്യര്‍ക്ക്‌ മാതൃകയായുള്ള ജീവിതം പൂര്‍ത്തിയാക്കി വിടപറയും മുമ്പ്‌ അദ്ദേഹം ലോകത്തോട്‌ പ്രഖ്യാപിച്ചു. ``ഞാന്‍ നിങ്ങളില്‍ വിട്ടേച്ചുപോകുന്ന രണ്ടുകാര്യങ്ങള്‍ മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കില്ല. അല്ലാഹുവിന്റെ ഗ്രന്ഥവും(ഖുര്‍ആന്‍), അവന്റെ ദൂതന്റെ ചര്യ (സുന്നത്ത്‌)യുമത്രെ അത്‌.''

പ്രവാചകന്റെ അന്ത്യത്തോടെ സന്മാര്‍ഗം അസ്‌തമിക്കുന്നില്ല. ലോകം നിലനില്‍ക്കുന്നേടത്തോളം ദിവ്യഗ്രന്ഥവും നബിചര്യയും നിലനില്‍ക്കും. പില്‍ക്കാലക്കാരായ ആളുകള്‍ ആ ചര്യ പിന്‍പറ്റി ജീവിക്കുക എന്നതാണ്‌ ഏറ്റവും വലിയ പ്രവാചക സ്‌നേഹം. പ്രവാചകന്റെ തേജസ്സിന്‌ നേരെ വരുന്ന കൂരമ്പുകള്‍ പ്രതിരോധിച്ചുകൊണ്ട്‌ നാവും പേനയും ഉപയോഗിച്ച്‌ ജിഹാദ്‌ ചെയ്യുക. സ്വഹാബികളുടെ ജീവിതത്തെ മാതൃകയാക്കുക. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കാന്‍ ആവുന്നത്‌ ചെയ്യുക. ഇതാണ്‌ ഈ രംഗത്ത്‌ നമുക്ക്‌ ചെയ്യുവാനുള്ളത്‌.

നിര്‍ഭാഗ്യവശാല്‍ പില്‍ക്കാലത്ത്‌ പ്രവാചകസ്‌നേഹം എന്നപേരില്‍ നിരവധി അനാചാരങ്ങള്‍ കടന്നുകൂടി. ഇതര മതവിശ്വാസികള്‍ തങ്ങളുടെ ആചാര്യന്മാരോട്‌ കാണിക്കുന്ന തരത്തിലുള്ള നിലപാടുകള്‍, പുരോഹിതപ്രധാനമായ ആചാരങ്ങള്‍, സ്‌തുതികീര്‍ത്തനങ്ങള്‍, പ്രവാചകന്റെ ജന്മദിനാചരണം തുടങ്ങി പല നൂതന സമ്പ്രദായങ്ങളും കടന്നുകൂടി. യഥാര്‍ഥത്തില്‍ പ്രവാചകന്‍ കാണിച്ചുതന്നതല്ലാത്ത ആചാരങ്ങള്‍ ഇസ്‌ലാമിന്റെ പേരില്‍ അനുഷ്‌ഠിച്ചുകൂടാ. ``ദീന്‍ കാര്യത്തില്‍ നമ്മുടെ നിര്‍ദേശമില്ലാത്ത കാര്യങ്ങള്‍ ആരെങ്കിലും ഉണ്ടാക്കിയാല്‍ അത്‌ തള്ളപ്പെടണം'' എന്ന്‌ പ്രവാചകന്‍(സ) കണിശമായി നിര്‍ദേശിച്ചിട്ടുണ്ട്‌.

സ്വന്തം ആത്മാവിനെക്കാള്‍ നബി(സ)യെ സ്‌നേഹിച്ച സ്വഹാബികള്‍ ചെയ്യാത്ത ഒരു കാര്യം `നബിസ്‌നേഹ'മെന്ന പേരില്‍ നമുക്ക്‌ ചെയ്‌തുകൂടാ. ശ്രീകൃഷ്‌ണ ജയന്തിയും ഗാന്ധിജയന്തിയും ക്രിസ്‌തു ജയന്തിയും കണ്ടു ശീലിച്ച ആളുകള്‍ `നബിജയന്തി' വലിയ ആഘോഷമായി ഇന്ന്‌ കൊണ്ടാടുന്നു. മുഹമ്മദ്‌നബി(സ) പഠിപ്പിച്ച മതത്തില്‍ ഇല്ലാത്ത ഒരു കാര്യം എത്ര ആകര്‍ഷകമായി തോന്നിയാലും എത്ര വലിയ ആളുകള്‍ ചെയ്‌താലും അതിന്‌ ഭൂരിപക്ഷപിന്തുണയുണ്ടെങ്കിലും അനുകരണീയമല്ല. ആദ്യകാലത്ത്‌ പ്രവാചക തൃപ്‌തി നേടുവാന്‍ സ്വഹാബികള്‍ എന്തു ചെയ്‌തുവോ അതു തന്നെയാണ്‌ പില്‍ക്കാലത്തും ചെയ്യാനുള്ളത്‌.

പ്രവാചകചര്യയോ ചരിത്രമോ മനസ്സിലാക്കുകപോലും ചെയ്യാത്ത ആളുകള്‍ അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുന്നതില്‍ മാത്രം സായൂജ്യം കണ്ടെത്തുന്നത്‌ ഇതര മതസ്ഥരെ അനുകരിക്കലല്ലാതെ മറ്റൊന്നുമല്ല. തന്റെയോ മുന്‍ പ്രവാചകരുടെയോ അനുചരന്മാരുടെയോ സ്വന്തം മക്കളുടെയോ ജന്മദിനം പ്രത്യേകം പരിഗണിക്കുകപോലും ചെയ്യാത്ത പ്രവാചകന്റെ ജന്മദിനം സാഘോഷം കൊണ്ടാടുന്നത്‌ പ്രവാചക നിന്ദയാണ്‌. മാത്രമല്ല, ജീവിതത്തിലുടനീളമുണ്ടാവേണ്ട പ്രവാചക സ്‌നേഹം ആണ്ടില്‍ ഒരു ദിനമായി ചുരുക്കുകയുമാവുമതിന്റെ ഫലം.

നബിദിനം ന്യായീകരിക്കപ്പെടുന്നു

നബിദിനത്തിന്‌ പിന്തുണ നല്‌കാന്‍ അധികാരമോഹികളായ മുസ്‌ലിം ഭരണാധികാരികളും സ്വാര്‍ഥംഭരികളായ പുരോഹിതന്മാരും ധര്‍മബോധം അവ്യക്തമായ മുസ്‌ലിം ബഹുജനവും മാത്രമായിരുന്നില്ല രംഗത്തുണ്ടായിരുന്നത്‌. പ്രത്യുത, കാലത്തിനനുസരിച്ച്‌ ഇസ്‌ലാമിനെയും പുനര്‍നിര്‍വചിക്കേണ്ടതുണ്ടെന്ന്‌ വാദിച്ച `മുസ്‌ലിം' ബുദ്ധിജീവികളും സൈദ്ധാന്തികന്മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മഹാനായ പ്രവാചകന്റെ ജന്മദിനം ആഘോഷമാക്കാതിരിക്കുക വഴി അദ്ദേഹത്തോട്‌ വിവേചനവും അനീതിയുമാണ്‌ കാണിക്കുന്നതെന്നു വിശ്വസിച്ച കുറേ പാവം മതേതരവാദികളും ലോകത്തുണ്ടായിരുന്നു- ഇന്ത്യയില്‍ നബിദിനം പൊതു അവധി ദിനമാക്കിയ വി പി സിംഗിനെ ഇതിലുള്‍പ്പെടുത്താം.

ഈ രണ്ടാം വിഭാഗത്തിനെ നാം കുറ്റപ്പെടുത്തുന്നില്ല. അവര്‍ പ്രശ്‌നങ്ങളെ ഭൗതികലോകത്തിന്റെ നാഡിമിടിപ്പുകള്‍ക്കനുസൃതമായി സമീപിക്കുന്നവരാണ്‌. ഇസ്‌ലാമിന്റെ ദാര്‍ശനിക വ്യതിരിക്തതകളോ ഒരു മതമെന്ന നിലയില്‍ ലോകത്തുള്ള മറ്റെല്ലാ മതങ്ങളില്‍ നിന്നും അതിനെ പ്രത്യേകമാക്കുന്ന വിശ്വാസാനുഷ്‌ഠാനങ്ങളുടെ കൃത്യതയാര്‍ന്ന ക്രമീകരണങ്ങളോ ഒന്നും അറിയാത്തവരാണിവര്‍.

എന്നാല്‍ ഇവര്‍ക്കു മുന്നെ പരാമര്‍ശിച്ച മുസ്‌ലിം ബുദ്ധിജീവികളുടെയും നവസൈദ്ധാന്തികരുടെയും അവസ്ഥ ഖേദകരമായിപ്പോയി. ഇസ്‌ലാമിനെ കൃത്യമായറിയാത്ത ഇവര്‍ ഇസ്‌ലാമിനെ ആധുനികവത്‌കരിക്കാനുള്ള തത്രപ്പാടില്‍, ഇസ്‌ലാമിന്റെ അഭ്യുന്നതിക്കായുള്ള അഭിവാഞ്‌ഛക്കിടയില്‍ അതിന്റെ സുന്ദരരൂപത്തെ അറിഞ്ഞ്‌ വികൃതമാക്കുകയായിരുന്നു. ഇന്നും പടച്ചവന്റെ പ്രത്യേക കൂലിയും മോഹിച്ച്‌ പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാനിറങ്ങുന്ന ഭൂരിപക്ഷ യാഥാസ്ഥിതികര്‍ക്കൊപ്പം തങ്ങളുടേതായ ക്യാമ്പയ്‌നുകളും സെമിനാറുകളുമൊക്കെയായി മത്സരിച്ച്‌ കുതിക്കുന്ന ഇസ്‌ലാമിസ്റ്റുകള്‍ കുറ്റിയറ്റ്‌ പോയിട്ടൊന്നുമില്ല.

നബിദിനം ആഘോഷമാക്കപ്പെടുമ്പോള്‍ ചില സാമാന്യ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്‌. മുഹമ്മദ്‌ ജനിച്ച ദിനമാണോ ആഘോഷിക്കേണ്ടത്‌, അതല്ല മുഹമ്മദ്‌ നബിയായി ജനിച്ച, അഥവാ ഹിറാഗുഹയില്‍ നിന്ന്‌ തന്റെ നാല്‌പതാം വയസ്സില്‍ ജിബ്‌രീല്‍ മാലാഖയിലൂടെ ആദ്യമായി ദിവ്യബോധനം ലഭിച്ച ആ ദിവസമോ? നബിയുടെ ജന്മദിനം എന്നു പറഞ്ഞാല്‍ സത്യത്തില്‍ ഈ ദിനമാണല്ലോ ആഘോഷിക്കേണ്ടത്‌. അത്‌ തിയ്യതി ഏതെന്നതില്‍ തര്‍ക്കിച്ചാലും റമദാന്‍ മാസത്തിലായിരുന്നു എന്നത്‌ അവിതര്‍ക്കിതമാണ്‌.

ഇവിടെ രണ്ടു പ്രശ്‌നങ്ങളുണ്ട്‌. കഥയില്‍ ചോദ്യമില്ലെന്നതാണൊന്ന്‌. അത്‌ ശരിയുമാണ്‌. പ്രമാണങ്ങളില്ലാത്ത കാല-ദേശങ്ങള്‍ക്കനുസരിച്ച്‌ വികസിക്കുകയും രൂപാന്തരം സംഭവിക്കുകയുമൊക്കെ ചെയ്യുന്ന ഒരു അമീബ അനുഷ്‌ഠാനത്തെ ഇങ്ങനെ ചോദ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.

രണ്ടാമത്തേത്‌, ലോകത്ത്‌ നടപ്പുള്ളത്‌- ഈ `നടപ്പി'ന്റെ അടിസ്ഥാനത്തിലാണല്ലോ ഈ ആചാരം ഉണ്ടാവുന്നതും- എല്ലാ മഹത്തുക്കളും ഭൂമിയിലേക്ക്‌ പിറന്നുവീണ ദിവസത്തെയാണ്‌ ജന്മദിനമായി ആഘോഷിക്കാറുള്ളത്‌ എന്നതാണ്‌. അതിനാല്‍ തന്നെ ഈ ചോദ്യകര്‍ത്താക്കള്‍ വിഢ്‌ഢികളായി മനസ്സിലാക്കപ്പെടാതിരിക്കണമെങ്കില്‍ വായടച്ചേ പറ്റൂ!

എന്നാല്‍, മഹാന്മാര്‍ മഹത്തുക്കളാക്കപ്പെട്ട ഒരു കൃത്യതിയ്യതി പറയുക അസാധ്യമാണെന്നും എന്നാല്‍ മുഹമ്മദ്‌ നബിയുടെ `പ്രവാചകത്വം' അത്തരം അനിര്‍ണിതമായ മഹത്വവിശേഷണപ്പട്ടികയില്‍ പെടില്ലെന്നുമുള്ള ഒരു യാഥാര്‍ഥ്യമുണ്ടല്ലോ. അതിനാല്‍ നബിദിനാഘോഷം കൂടുതല്‍ മിഴിവും തികവുമുള്ളതാക്കാന്‍ ബദ്ധശ്രദ്ധരായ സംഘടനകളും പുരോഹിതന്മാരും ആലോചിച്ച്‌ ഉത്തരം നല്‌കേണ്ടതുതന്നെയാണീ ചോദ്യം.

നബിദിനം ആഘോഷിച്ചുകൂടാ എന്നു വാദിക്കുന്നവര്‍ക്ക്‌ ഇനിയും ഒട്ടൊരുപാട്‌ സംഗതികള്‍ സമര്‍പ്പിക്കാനുണ്ട്‌. നബിദിനാഘോഷം സ്വര്‍ഗം പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യമാണെന്നാണല്ലോ വിശ്വാസം. എങ്കില്‍, സ്വര്‍ഗത്തോടടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ എല്ലാം ഞാന്‍ പഠിപ്പിച്ചുതന്നിരിക്കുന്നു എന്ന പ്രവാചകവചനത്തിന്റെ അടിസ്ഥാനത്തില്‍ ഖുര്‍ആന്‍ കൊണ്ടോ ഹദീസുകൊണ്ടോ ഇതിന്റെ പ്രമാണികത തെളിയിക്കാമോ?

മതത്തില്‍ ഒരു വിശ്വാസമോ അനുഷ്‌ഠാനമോ രൂപപ്പെടണമെങ്കില്‍ അതിന്റെ അടിസ്ഥാനം ഖുര്‍ആനും നബിചര്യയുമാണ്‌. ഒന്നുകൂടി വിശദീകരിച്ചാല്‍ ഇവ അടിസ്ഥാനമാക്കിയ പണ്ഡിതേകോപനവും (ഇജ്‌മാഅ്‌) അനുരൂപതാ നിയമവു (ഖിയാസ്‌)മാണ്‌. ഇവയെ അവലംബിച്ച്‌ ഈ ആചാരത്തെ വിശദീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ `എന്റെ കല്‌പനയില്ലാത്ത കാര്യങ്ങള്‍ തള്ളപ്പെടേണ്ടതാണ്‌' എന്ന നബിവചനത്തിന്റെ വെളിച്ചത്തില്‍ ഇതിന്‌ മതത്തില്‍ നിലനില്‌പില്ലല്ലോ?

ഭൂരിപക്ഷം ചെയ്യുന്നു എന്നത്‌ തെളിവാണെങ്കില്‍, ലോക മുസ്‌ലിംകളില്‍ ഭൂരിപക്ഷമുള്ള ഹനഫി മദ്‌ഹബിന്റെ വിശ്വാസാചാരങ്ങള്‍ ശാഫിഈകളെന്നു പറയുന്ന കേരള ഭൂരിപക്ഷം അഗീകരിക്കാത്തതെന്താണ്‌? അതുമല്ല, മതത്തില്‍ ഇങ്ങനെ ഒരു പ്രമാണമുണ്ടോ?

ഇതൊരു മതാനുഷ്‌ഠാനമാണെങ്കില്‍ ഫിഖ്‌ഹിന്റെ ഏതു ഗ്രന്ഥത്തിലാണ്‌ ഇതിന്റെ ശര്‍ത്വ്‌-ഫര്‍ദുകളും മറ്റും വിശദീകരിക്കുന്നത്‌? ഇതിന്റെ രൂപമെന്താ ഓരോ നാട്ടിലും ഓരോന്നായത്‌? ഇസ്‌ലാമിന്റെ മറ്റു കര്‍മാനുഷ്‌ഠാനങ്ങളുടെ നിര്‍വഹണത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിവിധ രൂപങ്ങള്‍ പ്രചാരത്തിലുള്ളത്‌ ഇതിനെ ന്യായീകരിക്കില്ലല്ലോ. കാരണം മറ്റു മതാനുഷ്‌ഠാനങ്ങളുടെ രൂപഭേദങ്ങള്‍ വ്യക്തമായ ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തില്‍ ഉണ്ടായതാണ്‌, അല്ലാത്തവ തെറ്റിദ്ധാരണകളിലൂടെയും. ഇതിന്‌ അങ്ങനെ പറയാന്‍ പറ്റുമോ?

ലക്ഷ്യം പാവനമാണ്‌- അഥവാ മുസ്‌ലിംകളെ മതോന്മേഷമുള്ളവരും പ്രവാചകാനുയായികളുമാക്കുക- എന്ന ന്യായത്താല്‍ ഈ കാര്യത്തെ നല്ല ബിദ്‌അത്തെന്ന്‌ ലളിതവത്‌കരിക്കാമോ? ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കുമെന്നത്‌ ഇസ്‌ലാമിക ചിന്തയല്ലല്ലോ.

ഇസ്‌ലാമിക പ്രബോധനത്തിന്‌ പ്രവാചകന്റെ കാലത്തില്ലാത്ത നൂതന സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്‌ തെറ്റാവുകയില്ലെങ്കില്‍ നബിദിനാഘോഷവും ബിദ്‌അത്തിന്റെ പട്ടികയിലുള്‍പ്പെടുത്തി കുറ്റകരമാക്കുന്നത്‌ ശരിയല്ലെന്നു പറഞ്ഞ്‌ ലഘൂകരിക്കാവുന്നതാണോ ഇത്‌? രണ്ടു കാരണങ്ങളാല്‍ ഈ ന്യായം നിലനില്‌ക്കത്തക്കതല്ല.

ഒന്ന്‌, പ്രബോധനത്തിന്‌ ആധുനിക സൗകര്യങ്ങളും സങ്കേതങ്ങളും ഉപയോഗിക്കുന്നത്‌ പ്രത്യേക പുണ്യമെന്ന നിലയിലല്ല. അതൊരു ആരാധനാ ചടങ്ങായി കാണുന്നില്ലെന്നര്‍ഥം. പ്രത്യുത ഇസ്‌ലാമിക പ്രബോധനം കൂടുതല്‍ ഫലപ്രദവും സുഗമവുമാക്കാന്‍ മാത്രമാണ്‌ ഈ ശൈലിയും സങ്കേതങ്ങളും ഉപയോഗിക്കുന്നത്‌.

രണ്ട്‌, ആചാരത്തിന്റെ നിര്‍വഹണത്തിന്‌ ചെലവഴിക്കുന്ന അധ്വാനവും പണവും മനുഷ്യശേഷിയുമെല്ലാം ഇതു നല്‌കുന്ന ഫലം വെച്ചു നോക്കുമ്പോള്‍ ദുര്‍വ്യയമാണ്‌. ഈ ശേഷികള്‍ മറ്റു അനുവദനീയ രൂപങ്ങളിലൂടെ പ്രവാചകസ്‌നേഹപ്രകടനത്തിന്‌ ഉപയോഗിച്ചാല്‍ അത്‌ കൂടുതല്‍ ഉപകാരപ്പെടും. അവസാനമായി, നബിദിനാഘോഷം ഏതുതരം വളച്ചുകെട്ടുകള്‍ക്കും മിനുക്കുപണികള്‍ക്കും വിധേയമാക്കിയാലും ശരി നിഷിദ്ധമായ നൂതനാചാരം (ബിദ്‌അത്ത്‌) എന്ന പട്ടികയില്‍ നിന്ന്‌ അതിനെ വെട്ടിമാറ്റുക സാധ്യമല്ല തന്നെ.

by അന്‍വര്‍ അഹ്‌മദ്‌ @ ശബാബ്

ശരീഅത്തും മതപരിവര്‍ത്തനവും

2008ല്‍ ഒറീസയിലെ സംഘപരിവാര്‍ ശക്തികള്‍ ഗ്രഹാം സ്റ്റെയിന്‍ എന്ന വിദേശ മിഷനറി പ്രവര്‍ത്തകനെ വധിക്കുകയുണ്ടായി. തുടര്‍ന്ന്‌ ബി ജെ പി ഭരിക്കുന്ന ഗുജറാത്തില്‍ ഹൈന്ദവ ഫാസിസ്റ്റുകള്‍ ക്രിസ്‌ത്യന്‍ ദേവാലയങ്ങള്‍ ആക്രമിച്ചു തകര്‍ത്തു. അതിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ഗുജറാത്ത്‌ സന്ദര്‍ശിച്ച്‌ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി മതപരിവര്‍ത്തനത്തെക്കുറിച്ച്‌ ദേശീയ സംവാദം നടത്തണമെന്ന്‌ ആവശ്യപ്പെടുകയുണ്ടായി. ഫാസിസ്റ്റ്‌ വിളയാട്ടങ്ങളെ ഒട്ടും അപലപിക്കാതെയാണ്‌ വാജ്‌പേയി ദേശീയ സംവാദത്തെക്കുറിച്ച്‌ വാചാലനായത്‌.

മതപരിവര്‍ത്തനം ഇന്ത്യന്‍ ഫാസിസത്തിന്റെ എക്കാലത്തെയും ഒരു ആയുധമാകുന്നു. അവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയും ഈ ആരോപണം ഉന്നയിക്കാറുണ്ട്‌. ഇസ്‌ലാം അമുസ്‌ലിംകളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‌ വിധേയമാക്കുന്നു എന്നാണവരുന്നയിക്കുന്ന ആരോപണം. ഇന്ത്യന്‍ മണ്ണില്‍ മുസ്‌ലിം ഭരണകാലത്ത്‌ അമുസ്‌ലിംകളെ വാള്‍മുന കാണിച്ച്‌ മതപരിവര്‍ത്തനം നടത്തിയെന്നാണ്‌ ഫാസിസ്റ്റു പ്രചാരണം.

വര്‍ഷാരംഭം ആഘോഷമാണോ?

ക്രിസ്‌താബ്‌ദ കണക്കനുസരിച്ച്‌ ഒരു വര്‍ഷം കൂടി പിന്നിടുകയാണ്‌; ഡിസംബര്‍ മുപ്പത്തി ഒന്നിന്‌. വര്‍ഷാരംഭദിനം എന്ന നിലയില്‍ ജനുവരി ഒന്നാംതിയ്യതി ആഘോഷിക്കപ്പെടുന്നതു കാണാം. കുറേ വര്‍ഷമായി നമ്മുടെ നാട്ടിലും ഈ ആഘോഷം നടത്തപ്പെടുന്നുണ്ട്‌. `ന്യൂ ഇയര്‍ ഡെ' എന്ന പേരില്‍ ഒരാഘോഷം സംഘടിപ്പിക്കുന്നതിന്റെ പ്രസക്തിയോ ചരിത്രഗതിയില്‍ ഒരു ദിവസമാറ്റത്തിന്റെ പ്രാധാന്യമോ നടത്തപ്പെടുന്ന പുതുവത്സരാഘോഷത്തിന്റെ രീതികളോ നാം ആലോചനാവിധേയമാക്കിയിട്ടുണ്ടോ?

പിന്നിട്ട വര്‍ഷത്തെ പറ്റിയുള്ള വിശകലനങ്ങളും തിരിഞ്ഞുനോട്ടവും ഗുണദോഷങ്ങള്‍ വിലയിരുത്തലും ജീവസ്സുറ്റ ഒരു സമൂഹത്തിന്‌ ആവശ്യമാണ്‌. വീഴ്‌ചകള്‍ പാഠമാകാന്‍, തെറ്റുകള്‍ തിരുത്താന്‍, മികവുകള്‍ വളര്‍ത്താന്‍ തുടര്‍ ജീവിതത്തിലേക്ക്‌ ആസൂത്രണം ചെയ്യാന്‍.... വിലയിരുത്തല്‍ (ഇവാല്വേഷന്‍) ഇല്ലാത്ത ഒരു പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചേരില്ല. ഇങ്ങനെ വിലയിരുത്തലിന്നായി കാലഗതിയിലെ ഏതു നിമിഷവും നമുക്ക്‌ തെരഞ്ഞെടുക്കാം. ആ അര്‍ഥത്തില്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാനദിനം വീണ്ടുവിചാരത്തിനു വേണ്ടി വിനിയോഗിക്കുന്നുവെങ്കില്‍ അത്‌ ശ്ലാഘനീയമാണെന്നു പറയാം.

ആപാതമധുരവും ആലോചനാമൃതവുമാകേണ്ട പുതുവര്‍ഷപ്പുലരി, നിര്‍ഭാഗ്യവശാല്‍, ആഘോഷത്തിമര്‍പ്പിന്റെ ആലസ്യത്തിലും കൂത്താട്ടത്തിന്റെ ഹാംഗ്‌ഓവറിലും വൈകിയുണരുന്ന പ്രഭാതമായിട്ടാണ്‌ ഇന്ന്‌ സമൂഹം കാണുന്നത്‌. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കുടിച്ചു കൂത്താടാനുള്ള ഒരു ദിനമായി ഡിസംബര്‍ മുപ്പത്തിയൊന്നിനെ യുവതലമുറ കാണാന്‍ തുടങ്ങിയിട്ട്‌ കുറച്ചുകാലമയി. ബന്ധങ്ങളും ബന്ധനങ്ങളും വിസ്‌മരിച്ചുകൊണ്ട്‌, പാരമ്പര്യവും പൈതൃകവും മറന്നുകൊണ്ട്‌, സ്വദേശാഭിമാനം പോലും കളഞ്ഞുകുളിച്ച്‌ പടിഞ്ഞാറിനെ പുല്‌കുന്ന പ്രവണതകളില്‍ ഒന്നായി നവവത്സരപ്പിറവിയും ആയിത്തീരുകയാണ്‌. അജണ്ടയിലെ സ്ഥിരമായ ഒരിനമെന്നോണം കലണ്ടര്‍ വര്‍ഷത്തിലെ ഒന്നാം തിയ്യതിക്കുശേഷമൊരു ദിനം അബ്‌കാരി കണക്കും മീഡിയ പ്രസിദ്ധപ്പെടുത്തുന്നു. അഥവാ പുതുവത്സരത്തിന്‌ പുതുതലമുറ കുടിച്ചുതീര്‍ത്ത കള്ളിന്റെ കണക്ക്‌. ഇത്രമാത്രം അധപ്പതിച്ചുപോയോ സമൂഹം!

ആഘോഷങ്ങള്‍ കാല-ദേശ ഭേദങ്ങള്‍ക്കതീതമായ ഒരു സംഗതിയാണ്‌. ഒത്തുകൂടാനും ആനന്ദിക്കാനുമുള്ള പ്രവണത മനുഷ്യസഹജവുമാണ്‌. ദേശീയവും അന്തര്‍ദേശീയവും മതകീയവും സാമൂഹികവുമായ നിരവധി ആഘോഷങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്‌. ഓരോ ആഘോഷത്തിനും ഓരോ പശ്ചാത്താലവും പ്രത്യേകമായ രീതികളും കാണും. ജനങ്ങള്‍ ഒത്തുചേര്‍ന്ന്‌ ആഹ്ലാദം പങ്കിടുക എന്നതാണ്‌ ആഘോഷത്തിന്റെ മര്‍മമെങ്കിലും പ്രാചീന കാലം മുതല്‍ തന്നെ കണ്ടുവരുന്ന ചില പൊതു സ്വഭാവമുണ്ട്‌. ഏതാഘോഷത്തിലും വിഗ്രരഹാരാധനയുമായി ബന്ധപ്പെട്ട ചില ചടങ്ങുകളും മദ്യം കുടിച്ച്‌ മദിച്ചു വിലസുന്ന പൊതു സ്ഥിതിയും കാണാം. മതാഘോഷങ്ങള്‍ മിക്കതും ആരുടെയെങ്കിലും ജയന്തിയോ സമാധിയോ ആയിരിക്കും. അതിന്‌ മതപ്രമാണ പിന്‍ബലം പോലും വേണമെന്നില്ല. ഇസ്‌ലാം നിശ്ചയിച്ച രണ്ട്‌ ആഘോഷ സുദിനങ്ങള്‍- ഈദുല്‍ ഫിത്വ്‌റും ഈദുല്‍ അദ്‌ഹായും- ഇതിന്നപവാദമാണ്‌. അതില്‍ വിശ്വാസത്തിനും മാനവികതയ്‌ക്കുമാണ്‌ ഊന്നല്‍ നല്‌കിയിരിക്കുന്നത്‌. അവയുടെ പശ്ചാത്തലമാകട്ടെ ജനിമൃതികളല്ല. ത്യാഗവും ആരാധനയും ചരിത്ര സ്‌മരണകളുമാണ്‌. മിത്തുകളിലും ഐതിഹ്യങ്ങളിലും സ്ഥാപിക്കപ്പെട്ടവയല്ല.

പുതുവത്സരമെന്നു പറയുന്നത്‌ യഥാര്‍ഥത്തില്‍ ഒരാഘോഷമാണോ? അതിന്റെ പശ്ചാത്തലമെന്താണെന്ന്‌ നാമാലോചിച്ചു നോക്കുക. നിലവിലുണ്ടായിരുന്ന ജൂലിയന്‍ കലണ്ടറനുസരിച്ച്‌ സമരാത്ര ദിനങ്ങളില്‍ വര്‍ഷാരംഭം കണക്കാക്കുന്നതിനു പകരം മാര്‍ ഗ്രിഗോറിയോസ്‌ എന്ന പാതിരി രൂപകല്‌പന ചെയ്‌ത ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം ജനുവരി ഒന്നുമുതല്‍ ആയി നിശ്ചയിച്ചു. ക്രൈസ്‌തവ മേല്‍ക്കോയ്‌മയില്‍ ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെ ഭാഗമായി ലോകത്ത്‌ പ്രചരിച്ച യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഒരംശമാണ്‌ ഈ തിയ്യതി മാറ്റം ആഘോഷമാക്കിയതും അതിന്‌ രാജ്യാന്തര അംഗീകാരം കിട്ടിയതും. സാമ്രാജ്യത്വത്തിന്റെ ഫലമായി സ്വന്തം ദേശീയത മറന്നുപോയ നിരവധി ചെറുരാഷ്‌ട്രങ്ങള്‍ ലോകത്തുണ്ട്‌.

ഭാരതത്തിന്റെ ഔദ്യോഗിക വര്‍ഷം ശകവര്‍ഷമായിരുന്നു എന്നുപോലും ഇന്ത്യക്കാര്‍ക്കറിയാതായി. മലയാളികള്‍ക്ക്‌ സ്വന്തമായി ഒരു പുതുവത്സരദിനമുണ്ടെങ്കില്‍ അത്‌ ചിങ്ങപ്പുലരിയാണ്‌. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം തങ്ങളുടെ മതാനുഷ്‌ഠാനങ്ങള്‍ക്കാധാരമാക്കിയത്‌ ചാന്ദ്രമാസങ്ങളെയാണ്‌. കേരളത്തിലെ ലക്ഷോപലക്ഷം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പുതുവര്‍ഷാരംഭം ജൂണ്‍ ഒന്നാം തിയ്യതിയാണ്‌. ഒന്നാം ക്ലാസിലെ പിഞ്ചുമക്കളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഇത്‌ ഒരു തരത്തില്‍ പ്രവേശനോത്സവമായി കൊണ്ടാടുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്ന വര്‍ഷാരംഭം ഏപ്രില്‍ ഒന്നാണ്‌. ഇത്രയും സൂചിപ്പിച്ചത്‌ ജീവിതത്തിന്റെ ഓരോ രംഗത്തുള്ളവര്‍ തങ്ങളുടെ ആണ്ടുകള്‍ ആരംഭിക്കുന്നത്‌ ഓരോ വ്യത്യസ്‌ത പശ്ചാത്തലത്തിലാണ്‌. പുതിയ കലണ്ടര്‍ വാങ്ങി ചുമരില്‍ തൂക്കുന്നു എന്നതിലുപരി സാധാരണക്കാരന്‌ ജനുവരി ഒന്നാം തിയ്യതിക്ക്‌ ഒരു പ്രാധാന്യവുമില്ല. പിന്നെ ആര്‍ക്കാണ്‌ പുതുവത്സരാഘോഷം! ഒരു നിമിഷം ആലോചിക്കുക.

എന്താണെന്നറിയാത്ത ഒരു പുതിയ വര്‍ഷത്തിന്റെ പിറവി എന്നതിനേക്കാള്‍, കഴിഞ്ഞുപോയ സജീവമായ ഒരു വര്‍ഷത്തിന്റെ അവസാനമല്ലേ ഡിസംബര്‍ മുപ്പത്തൊന്നിന്‌ നാം സാക്ഷിയായത്‌! നമ്മുടെ ആയുസ്സില്‍ നിന്ന്‌ ഒരു വര്‍ഷം കൂടി കുറഞ്ഞു. മരണത്തോട്‌ ഒരു വര്‍ഷം നാം അടുത്തു. വിചാരപരമായി ഇക്കാര്യത്തെ സമീപിക്കുന്ന ഒരാള്‍ പുതുവര്‍ഷം ആഘോഷിക്കുന്നതിനല്ല, പിന്നിട്ട വര്‍ഷത്തെ ആലോചനാവിധേയമാക്കുന്നതിനാണ്‌ ശുഷ്‌കാന്തി കാണിക്കേണ്ടത്‌. നിര്‍ഭാഗ്യവശാല്‍, എന്താണെന്നോ എന്തിനാണെന്നോ എവിടെനിന്നു കിട്ടിയെന്നോ ആലോചിക്കാന്‍ തയ്യാറാകാതെ, കുടിച്ചുകൂത്താടാന്‍ വേണ്ടി മാത്രമായി ഒരു ദിനം-ഡിസംബര്‍ മുപ്പത്തിയൊന്ന്‌- കണ്ടെത്തുന്നത്‌ അക്ഷന്തവ്യമായ അപരാധമാണ്‌. ഇതിനെതിരെ ബോധവത്‌കരണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

മുസ്‌ലിം സമൂഹത്തോടൊരു വാക്ക്‌: മതപരമായ അനുഷ്‌ഠാനങ്ങള്‍ക്ക്‌ അല്ലാഹു നിശ്ചയിച്ചത്‌ ചാന്ദ്രമാസങ്ങളെയാണ്‌. ചാന്ദ്രമാസങ്ങള്‍ പ്രകാരം കണക്കാക്കിവരുന്ന വര്‍ഷത്തിന്‌ ഹിജ്‌റ വര്‍ഷം എന്നുപറയുന്നു. അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുടെ പ്രബോധന ജീവിതത്തിലെ അതിനിര്‍ണായകവും വന്‍വിജയത്തിലേക്ക്‌ നയിച്ച വഴിത്തിരിവുമായിരുന്നു ഹിജ്‌റ അഥവാ സ്വദേശം വിട്ട്‌ അദ്ദേഹവും വിശ്വാസികളും മദീനയിലേക്ക്‌ പലായനം ചെയ്‌ത സംഭവം. രണ്ടാം ഖലീഫ ഉമറി(റ)ന്റെ കാലത്ത്‌ സ്വഹാബികളുടെ ഏകണ്‌ഠമായ അഭിപ്രായത്തോടെ ഹിജ്‌റ വര്‍ഷം കണക്കാക്കിപ്പോന്നു. ഈ ചരിത്ര വസ്‌തുതയും നബിചര്യയിലെ ഒരു ഘടകവും അല്ലാഹു നിശ്ചയിച്ച കാലഗണനയുള്ള ഒരു പുതുവര്‍ഷപ്പുലരി ഏതാനും ദിവസം മുമ്പ്‌ നമ്മിലൂടെ കടന്നുപോയി. അത്‌ അറിയാന്‍ പോലും ശ്രമിക്കാത്ത മുസ്‌ലിം സമൂഹം, അടിസ്ഥാനരഹിതവും സംസ്‌കാരശൂന്യവുമായ പുതുവത്സരാഘോഷത്തില്‍ സജീവമായി പങ്കെടുക്കുന്നത്‌ വിവരക്കേടാണ്‌. പുതുവര്‍ഷപ്പുലരി ജനുവരി ഒന്നില്‍ നിന്നു മുഹര്‍റം ഒന്നിലേക്ക്‌ മാറ്റണം എന്നല്ല ഇപ്പറഞ്ഞത്‌. പുതുവര്‍ഷം ആഘോഷിക്കേണ്ടതില്ല എന്നാണ്‌. ചാന്ദ്രവര്‍ഷത്തിലെ ആദ്യദിനമായ മുഹര്‍റം ഒന്ന്‌ ആഘോഷമല്ല എന്ന്‌ പ്രത്യേകം ഉണര്‍ത്തട്ടെ.

from SHABAB EDITORIAL

ക്രിസ്‌തുമസ്‌ കടംകൊണ്ട ആഘോഷം

ലോകജനസംഖ്യയിലെ ഭൂരിപക്ഷമുള്ള ക്രൈസ്‌തവരിലെ ബഹുഭൂരിഭാഗവും വീണ്ടും ഒരു ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്‌. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന്‌ പകര്‍ന്നു നല്‌കാനുള്ള ഒരു വാര്‍ഷിക വേദിയായിട്ടാണ്‌ പ്രസ്‌തുത ആഘോഷദിനങ്ങളെ പരിഗണിക്കുന്നത്‌. മതവിഭാഗക്കാര്‍ ആഘോഷിക്കുന്ന ജന്മ ദിനാഘോഷങ്ങള്‍ `ജന്മദിനത്തി'ന്റെ ആഘോഷം എന്നതിലപ്പുറം `ജന്മമാസത്തിന്റെ' ആഘോഷമായി പരിണമിക്കുന്നുവെന്നതാണ്‌ വസ്‌തുത.

2011 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യെരൂശലേമിലെ ബത്‌ലഹേമില്‍ കന്യാമര്‍യമിലൂടെ ഭൂജാതനായ യേശുക്രിസ്‌തുവിന്റെ ജന്മദിനാഘോഷത്തിന്‌ കേവലം ജന്മദിനാഘോഷത്തിനപ്പുറം ആത്മീയവും ആധ്യാത്മികവുമായ ഒരുപാട്‌ പ്രത്യേകതള്‍ നിറഞ്ഞുനില്‍ക്കുന്നതാണ്‌. മനുഷ്യപുത്രനായും എന്നാല്‍ ദൈവപുത്രനായും ഒരു വേള `ദൈവമായു'മൊക്കെ അവതരിപ്പിക്കപ്പെടുന്ന ക്രിസ്‌തുവിന്റെ ജന്മദിനാഘോഷം ക്രിസ്‌തുദേവനോടുള്ള ആദരവുകള്‍ക്കപ്പുറം ആരാധനയായിട്ട്‌ കൂടിയാണ്‌ ക്രൈസ്‌തവര്‍ പരിഗണിക്കുന്നത്‌.

എ ഡി 4-ാം നൂറ്റാണ്ട്‌ മുതല്‍ 21-ാം നൂറ്റാണ്ടുവരെ ആഘോഷിച്ചുകൊണ്ടിരിക്കുന്ന ക്രിസ്‌തുമസ്‌ ആഘോഷത്തിന്‌ വിശ്വാസികളുടെ മനം കുളിര്‍പ്പിക്കുന്ന ആത്മീയമായ നിറക്കൂട്ടുകളാലും ഭൗതികമായ സൗകര്യസംവിധാനങ്ങളാലും ആകര്‍ഷണീയങ്ങളായ വൈവിധ്യങ്ങള്‍ നല്‍കപ്പെടുമ്പോഴും ക്രിസ്‌താബ്‌ദം 4-ാം നൂറ്റാണ്ടില്‍ ക്രിസ്‌തുമസിന്റെ ആരംഭം മുതല്‍ ക്രൈസ്‌തവരിലും ക്രൈസ്‌തവേതരര്‍ക്കിടയിലും പ്രസ്‌തുത ആഘോഷത്തിന്റെ ആധികാരികതയും പ്രാമാണികതയുമെല്ലാം ചര്‍ച്ചക്ക്‌ വിഷയീഭവിച്ചിട്ടുണ്ട്‌. മതസന്ദേശങ്ങളുടെ ആധികാരിക സ്രോതസ്സ്‌ അതത്‌ മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അപൗരുഷേയങ്ങളെന്നവകാശപ്പെടുന്ന വേദഗ്രന്ഥങ്ങളാണ്‌. ഒരു ആചാരവും ആരാധനയും ദിവ്യപ്രോക്തമാകണമെങ്കില്‍ അത്‌ സംബന്ധിച്ച്‌ വേദങ്ങളോ പ്രവാചകരോ പ്രതിപാദിച്ചിരിക്കണം. അല്ലാത്ത പക്ഷം അത്‌ പില്‍ക്കാലത്ത്‌ കടന്നുവന്ന അനാചാരങ്ങളാണെന്ന്‌ മനസ്സിലാക്കാം. പ്രവാചകന്മാരുടെ ജന്മദിനാഘോഷങ്ങള്‍ അവരുടെ ജീവിതകാലത്തോ സച്ചരിതരായ അനുയായികളുടെ കാലത്തോ ആഘോഷിക്കപ്പെട്ടതായി ചരിത്രങ്ങളിലെവിടെയും കാണുന്നില്ലെന്നതാണ്‌ സത്യം. പൗരോഹിത്യത്തിന്റെ അതിരുകടന്ന ഇടപെടല്‍ നിമിത്തമാണ്‌ കൃഷ്‌ണജയന്തിയും ക്രിസ്‌തുമസും നബിദിനവും അങ്ങനെ പലരുടെയും ജയന്തിയും സമാധിയും ആഘോഷ ആനന്ദ സന്താപ ദിനങ്ങളായി കടന്നുവന്നത്‌.

എന്താണ്‌ ക്രിസ്‌തുമസ്‌?

ക്രിസ്‌തുവിന്റെ ജനനത്തെ ഓര്‍ക്കുക എന്നര്‍ഥം വരുന്ന പൗരാണിക ഇംഗ്ലീഷ്‌ പദങ്ങളായ Christes-Maesse (ക്രിസ്റ്റ്‌സ്‌-മെസ്സെ) എന്നിവയില്‍ നിന്നാണ്‌ ക്രിസ്‌തുമസ്‌ (Christmas) എന്ന പദം ഉണ്ടായത്‌. (ബ്രിട്ടാനിക്ക എന്‍സൈക്ലോപീഡിയ, വാള്യം 3, പേ. 23). ഇന്ന്‌ ലോക ക്രൈസ്‌തവരില്‍ വലിയൊരു വിഭാഗം (കത്തോലിക്കാ വിഭാഗം) വളരെ പ്രാധാന്യത്തോടു കൂടി വര്‍ഷംതോറും കൊണ്ടാടുന്ന ആഘോഷമാണ്‌ കിസ്‌തുമസ്‌. അലങ്കാര വിളക്കുകള്‍, തോരണങ്ങള്‍, രസക്കൂട്ടുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവ കൊണ്ട്‌ വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ അലങ്കരിക്കുകയും വീട്ടുമുറ്റത്ത്‌ ക്രിസ്‌തുമസ്‌ ട്രീ നടുകയും ചെയ്യുന്നു. ആകര്‍ഷകമായ പുല്‍ക്കൂടുണ്ടാക്കി ഉണ്ണിയേശുവിന്റെ രൂപം അതില്‍ കിടത്തുകയും മര്‍യം, യോസേഫ്‌, മാലാഖമാര്‍, ഇടയന്മാര്‍, കന്നുകാലികള്‍ എന്നിവയുടെ രൂപങ്ങള്‍ ഉണ്ണിയേശുവിന്‌ ചുറ്റുമുണ്ടാക്കി വെക്കുകയും ചെയ്യുന്നു. ഇതിനെ ക്രിബ്‌ എന്ന്‌ വിളിക്കുന്നു.

കിസ്‌തുമസ്‌ ആഘോഷമായതെങ്ങനെ?

ചരിത്രത്തിലവതരിപ്പിക്കപ്പെട്ട മഹാ പ്രവാചകന്മാരുടെയും പുണ്യപുരുഷന്മാരുടെയും ജയന്തി-സമാധികള്‍ അവരുടെ ജീവിതകാലഘട്ടത്തിന്‌ ശേഷം കാലങ്ങള്‍ കഴിഞ്ഞാണ്‌ ആഘോഷങ്ങളായി രംഗപ്രവേശം ചെയ്‌തിട്ടുള്ളത്‌. കൃഷ്‌ണ-ക്രിസ്‌തു-നബി ജന്മദിനാഘോഷങ്ങളെല്ലാം അവരുടെ കാലം കഴിഞ്ഞ്‌ മുന്നൂറും നാനൂറും കൊല്ലങ്ങള്‍ കഴിഞ്ഞാണ്‌ കടന്നുവന്നിട്ടുള്ളത്‌. എത്ര വ്യാഖ്യാനങ്ങള്‍ നല്‍കിയാലും ഈ പരമസത്യം നിഷേധിക്കുക സാധ്യമല്ല.

യേശുവിന്റെ കാലശേഷം മുന്നൂറ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ജയന്തി ആഘോഷം തുടങ്ങിയത്‌. എ ഡി 313ലെ മിലാന്‍ വിളംബരത്തോടെ (Edict of Milan) ക്രിസ്‌തുമതം റോമിന്റെ ഔദ്യോഗിക മതമായി അന്നത്തെ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ പ്രഖ്യാപിച്ചു. എ ഡി 325ലെ നിഖിയാ കൗണ്‍സിലില്‍ ചക്രവര്‍ത്തി ദൈവത്തിന്റെ ദിത്വം അംഗീകരിച്ചപ്പോള്‍ ഏകദൈവവാദികളായ അരിയൂസിനെയും കൂട്ടരെയും എതിര്‍ക്കുന്ന ത്രിത്വവാദികളായ അതനാസിയസും കൂട്ടരും ചക്രവര്‍ത്തിയെ പ്രീണിപ്പിക്കാന്‍ അന്നത്തെ പല നിയമങ്ങളും അംഗീകരിച്ചിരുന്നു. അതിലൊന്നാണ്‌ ഡിസംബര്‍ 25 ക്രിസ്‌തു ജന്മദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്‌.

ഡിസംബര്‍ 25ന്റെ പിന്നിലെ റോം സങ്കല്‌പം ഇങ്ങനെയാണ്‌: എ ഡി 5-ാം നൂറ്റാണ്ടു വരെ റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന മതമാണ്‌ മിത്രമതം. സൂര്യദേവന്റെ അവതാരമായിട്ടാണ്‌ മിത്ര ദേവന്‍ അറിയപ്പെട്ടിരുന്നത്‌. ഡിസംബര്‍ 25-ാം തിയ്യതി റോമിലെ മിത്രമതക്കാര്‍ മിത്രദേവന്റെ ജന്മദിനമായിട്ടാണ്‌ ആഘോഷിച്ചുവന്നിരുന്നത്‌. മിത്ര മതവിശ്വാസികളുമായി സഹവസിച്ചിരുന്ന ക്രൈസ്‌തവര്‍ തങ്ങളുടെ രക്ഷകന്റെ ജന്മദിന വിഷയത്തിലും അവരോടൊത്ത്‌ സഹകരിച്ചു. അങ്ങനെ എ ഡി 336ല്‍ ക്രൈസ്‌തവര്‍ ഒരു മഹാപ്രവാചകന്റെ ജന്മദിനാഘോഷത്തിന്‌ തുടക്കം കുറിച്ചു. തുടര്‍ന്ന്‌ എ ഡി 1100 ആയപ്പോഴേക്കും ക്രിസ്‌തുമസ്‌ യൂറോപ്പിലെ ഏറ്റവും വലിയ മതാഘോഷമായി മാറി. എന്നാല്‍ ക്രൈസ്‌തവരിലെ പരിഷ്‌കരണ പ്രസ്ഥാനമായി കടന്നുവന്ന പ്രൊട്ടസ്റ്റന്റ്‌ വിഭാഗം ഇത്തരം പുത്തന്‍ പ്രവണതകളെ ശക്തമായി ചോദ്യംചെയ്‌തു. തല്‍ഫലമായി 1600ല്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും ബ്രിട്ടീഷ്‌ കോളനി ഭാഗങ്ങളിലും പ്രസ്‌തുത ആഘോഷത്തിന്ന്‌ ക്രൈസ്‌തവര്‍ തന്നെ വിലക്ക്‌ നല്‌കി.

ക്രിസ്‌തുമസ്‌ വസ്‌തുതയെന്ത്‌?

മോക്ഷത്തിന്‌ നിദാനമാകുന്ന ആചാരങ്ങളും ആഘോഷങ്ങളുമെല്ലാം സ്ഥാപിതമാകേണ്ടതിന്‌ പ്രാമാണിക പിന്‍ബലം വളരെ പ്രധാനം തന്നെ. മിത്തുകളിലും സങ്കല്‌പങ്ങളിലും അധിഷ്‌ഠിതമാകേണ്ടതല്ല ഇത്തരം മേഖലകള്‍. എന്നാല്‍ വിപര്യയമെന്ന്‌ പറയട്ടെ, മുഴുവന്‍ ജന്മദിനാഘോഷങ്ങളുടെയും തെളിവുകള്‍ തേടിയുള്ള യാത്രകള്‍ ചെന്നെത്തുന്നത്‌ ഇത്തരം മിത്തുകളിലോ ദുര്‍ബലവാദങ്ങളിലോ ആകുന്നു. ക്രിസ്‌തുമസ്‌ ക്രൈസ്‌തവതക്ക്‌ അന്യമാണെന്ന പ്രൊട്ടസ്റ്റന്റ്‌ വാദം യഥാര്‍ഥത്തില്‍ വാസ്‌തവം തന്നെയാണ്‌. റോമില്‍ നിന്ന്‌ ക്രൈസ്‌തവര്‍ കടമെടുത്ത അന്യ ആചാരമാണ്‌ ഡിസംബര്‍ 25ലെ ക്രിസ്‌തുജന്മദിനാഘോഷം.

ഭൂരിപക്ഷം വരുന്ന കത്തോലിക്കാ വിഭാഗവും കൂടി അംഗീകരിക്കുന്ന ബൈബിള്‍ നിഘണ്ടു സത്യം എഴുതുന്നു: ``സാര്‍വത്രിക സഭയില്‍ ഡിസംബര്‍ 25 ജനന ദിവസമായി ആഘോഷിക്കുന്നു. വിജാതീയരായ സൂര്യദേവന്റെ, മിത്രദേവന്റെ ജനന തിരുനാള്‍ ആഘോഷിച്ചിരുന്നത്‌ ഈ ദിവസമായിരുന്നു. ഈ ആഘോഷമായി ബന്ധപ്പെട്ടതായിരിക്കാം നീതിസൂര്യനായ ഈശോയുടെ ജനനതിരുനാള്‍ ആദിമ ക്രൈസ്‌തവര്‍ ഡിസംബര്‍ 25ന്‌ ആഘോഷിക്കുന്നത്‌.'' (ദൈവശാസ്‌ത്ര നിഘണ്ടു, ചീ.എഡിറ്റര്‍, ജോസഫ്‌ കല്ലറങ്ങാട്ട്‌, പേജ്‌ 14)

വേള്‍ഡ്‌ ബുക്ക്‌ വിവരണം ഇങ്ങനെ: ``എ ഡി 336ലാണ്‌ ആദ്യമായി ക്രിസ്‌തുജയന്തി ആഘോഷിച്ചതായി കാണപ്പെടുന്നത്‌. (അക്രൈസ്‌തവരായ) റോമക്കാരായ പാഗന്‍ മതവിശ്വാസികളുടെ ആഘോഷത്തിന്റെ സ്വാധീനം തന്നെയാണിതെന്ന്‌ വിലയിരുത്തപ്പെടുന്നു. റോമക്കാര്‍ അവരുടെ സൂര്യദേവനായ മിത്രദേവന്റെ അനുസ്‌മരണയായി ശൈത്യകാലത്ത്‌ ആഘോഷിച്ച്‌ വന്നിരുന്നു.'' (The World Book Vol-3, P-487 Published by Encyclopedia International -USA 1994)

മിത്രദേവന്റെ ജന്മദിനത്തെ തങ്ങളുടെ രക്ഷകന്റെ ജന്മദിനമായി ആഘോഷിക്കാന്‍ റോമിലെ മാര്‍പ്പാപ്പയും അനുയായികളും ക്രിസ്‌ത്യാനികള്‍ക്കനുവാദം നല്‌കി. അന്ന്‌ റോമില്‍ വളരെ ന്യൂനപക്ഷമായിരുന്ന ക്രൈസ്‌തവര്‍ അക്രൈസ്‌തവരായ റോമക്കാരുമൊത്ത്‌ ക്രൈസ്‌തവോചിതമായി ആനന്ദിക്കാന്‍ വേണ്ടി അവരുടെ കൂടി ആഘോഷദിനമായ ഡിസംബര്‍ 25 (സൂര്യോല്‍സവ ദിനം) ആചരിക്കാന്‍ പാശ്ചാത്യ ക്രൈസ്‌തവസഭ നിശ്ചയിക്കുകയും പൗരസ്‌ത്യ ക്രൈസ്‌തവ സഭകളും ഇതിനെ സ്വാഗതംചെയ്യുകയും ചെയ്‌തു.

ബ്രിട്ടാണിക്കയില്‍ എഴുതുന്നു: ``ക്രൈസ്‌തവര്‍ എന്തുകൊണ്ടാണ്‌ ഡിസംബര്‍ 25 ആഘോഷിക്കുന്നതെന്നുള്ളത്‌ അനിശ്ചിതത്വത്തില്‍ നിലനില്‌ക്കുന്ന കാര്യമാണ്‌. എന്നാല്‍ മുന്‍കാല ക്രിസ്‌ത്യാനികള്‍ റോമിലെ മിശ്ര മതക്കാരോടൊത്ത്‌ യോജിച്ചതിന്റെ ഫലമാണിത്‌. സൂര്യദേവന്റെ ഉത്സവം ഈ ദിവസങ്ങളിലായിരുന്നു കൊണ്ടാടിയിരുന്നത്‌.'' (Encyclopedia Brittanica Vol-3, page 283, Edition 15, 1992)

ക്രിസ്‌തുവിന്റെ ജനന വര്‍ഷവും ജയന്തിയും

ജനനം കൊണ്ടും ജീവിതം കൊണ്ടും ജീവിതാവസാനം കൊണ്ടും അത്ഭുതങ്ങള്‍ നിറഞ്ഞ മഹാനായ യേശുക്രിസ്‌തുവിന്റെ ജന്മദിനം ഡിസംബര്‍ 25 ആണ്‌ എന്ന്‌ പറയാനുള്ള ഒരു പ്രാമാണിക തെളിവും ചരിത്രത്തില്‍ നിന്നും വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന്‌ മാത്രമല്ല, തെളിയിക്കാന്‍ സാധ്യവുമല്ലെന്നതാണ്‌ അതിന്റെ പ്രത്യേകത. ബൈബിള്‍ നിഘണ്ടു പറയട്ടെ: ``ഈശോയുടെ ജന്മദിനം ഏതെന്ന്‌ വിശുദ്ധ ഗ്രന്ഥത്തില്‍ കൃത്യമായി സൂചന ഇല്ലാത്തതു കൊണ്ട്‌ ആദ്യനൂറ്റാണ്ടുകളില്‍ മിശിഹയുടെ ജനനം പൗരസ്‌ത്യസഭകളില്‍ ജനുവരി 6ന്‌ ആഘോഷിക്കുന്നതായും കാണുന്നു. അലക്‌സാണ്ട്രിയയിലെ വി ക്ലമന്റ്‌, വി അപ്രേം തുടങ്ങിയവര്‍ ഈശോയുടെ തിരുപ്പിറവി ജനുവരി 6നാണെന്ന്‌ സാക്ഷ്യപ്പെടുത്തുന്നു.'' (ദൈവശാസ്‌ത്ര നിഘണ്ടു, ചീ.എഡിറ്റര്‍ ജോസഫ്‌ കല്ലറങ്ങോട്ട്‌)

``നാലാം നൂറ്റാണ്ടുവരെ യേശുവിന്റെ ജന്മദിവസമായി അംഗീകരിക്കപ്പെട്ടിരുന്നത്‌ മാര്‍ച്ച്‌ 28, ഏപ്രില്‍ 19, മെയ്‌ 29 തിയ്യതികളായിരുന്നു.'' (Will Durant, Seaser & Christ Simon & Schusfer, p. 558)

ബൈബിള്‍ പുതിയ നിയമത്തില്‍ ക്രിസ്‌തുവിന്റെ ജനനം മത്തായിയും ലൂക്കോസും രേഖപ്പെടുത്തുന്നുണ്ട്‌. ലൂക്കോസിന്റെ സുവിശേഷത്തില്‍ ജനനം വിവരിക്കുമ്പോള്‍ അന്ന്‌ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാത്ത്‌ കാവല്‍ നില്‌ക്കുന്ന ആട്ടിടയന്മാരെ പറ്റി പരാമര്‍ശിക്കുന്നുണ്ട്‌ (ലൂക്കോ 2:8-16 നോക്കുക). ആട്ടിടയന്മാര്‍ ഡിസംബറിലെ കൊടുംതണുപ്പില്‍ കാവല്‍ കിടക്കാറില്ല. സുവിശേഷത്തില്‍ സൂചിപ്പിച്ചത്‌ രാത്രിയിലെ ആട്ടിടയന്‍മാരെ പറ്റിയാണ്‌ (ലൂകോ 2:8). രാത്രി പ്രത്യേകിച്ചും തണുപ്പ്‌ കഠിനമാവുന്നതിനാല്‍ കാവല്‍ നില്‌ക്കുന്ന അവസ്ഥയുണ്ടാകാറില്ല.

ഉപര്യുക്ത ചര്‍ച്ചകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ ജനനം നടന്നത്‌ ഡിസംബര്‍ അല്ലാത്ത മറ്റ്‌ ഉഷ്‌ണകാലത്താണെന്നാണ്‌. യഹോവ സാക്ഷികളുടെ വീക്ഷണത്തില്‍ ഒക്‌ടോബര്‍ മാസത്തിലാണത്‌. ആഗസ്‌ത്‌, സപ്‌തംബര്‍ തുടങ്ങിയ മാസങ്ങളിലും ആകാമെന്ന വാദങ്ങളും നിലനില്‍ക്കുന്നുണ്ട്‌. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും വ്യക്തമാകുന്ന സത്യം യേശു ജനിച്ചത്‌ ശൈത്യകാലത്തല്ല എന്ന്‌ തന്നെയാണ്‌. (വി.ഖു 19:25)

യേശുവിന്റെ ജനനകാലത്ത്‌ പഴുത്ത ഈത്തപ്പഴം നിലനില്‌ക്കുന്ന കാലമായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ഈത്തപ്പഴം പാകമാകുന്നതും പഴുക്കുന്നതും അത്യുഷ്‌ണ കാലത്താണ്‌. ഡിസംബറിന്റെ തണുപ്പില്‍ എവിടെയും ഈത്തപ്പഴം പഴുക്കാറില്ല. ഇസ്‌റായേലില്‍ ഈത്തപ്പഴം പഴുക്കുന്ന യഹൂദരുടെ ഏലൂല്‍ (അറബിയില്‍ അയ്‌ലൂല്‍ അഥവാ സപ്‌തംബര്‍ മാസം) മാസത്തിലാണ്‌. ഈ അര്‍ഥത്തിലും ഒരിക്കലും ക്രിസ്‌തുവിന്റെ ജനനം ഡിസംബര്‍ 25ന്‌ ആകാന്‍ വിദൂരസാധ്യതകള്‍ പോലും ഇല്ലെന്നുള്ളതാണ്‌ സത്യം.

ക്രിസ്‌തു വര്‍ഷവും പിഴച്ചുപോകുന്ന കണക്കും

ഈ ലേഖനമെഴുതാനിരിക്കുമ്പോള്‍ ഡിസംബര്‍ 10 ശനിയാഴ്‌ച 2011 എന്നതാണ്‌ നിലവിലുള്ള തിയ്യതി. പ്രസ്‌തുത തിയ്യതി നിശ്ചയം അഥവാ കാലഗണന നിലവില്‍ വന്നതും പ്രയോഗിക്കപ്പെട്ടതും യേശുവിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടതാണ്‌. മനുഷ്യന്റെ മുമ്പിലുള്ള കാലഗണനയെ എ ഡി എന്നും ബി സി എന്നും സൂചിപ്പിച്ചുവരുന്നു. എ ഡി എന്നാല്‍ (Anno Domini) ദൈവത്തിന്റെ വര്‍ഷത്തില്‍ എന്നാണ്‌ അര്‍ഥം. ബി സി എന്നാല്‍ (Before Christ) ക്രിസ്‌തുവിന്‌ മുമ്പ്‌ എന്നും പറയപ്പെടുന്നു.

ദൈവത്തിന്റെ വര്‍ഷം എന്നാല്‍ യേശുവായ കര്‍ത്താവിന്റെ വര്‍ഷം എന്നാണ്‌. അതായത്‌ യേശു ജനിച്ച വര്‍ഷമാണ്‌ ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്‌. (യേശു ദൈവവും കര്‍ത്താവും പുത്രനുമൊക്കെയാണല്ലോ. എന്നാല്‍ ഇവിടെ ദൈവം മാത്രമാണ്‌!) ഇതിനെ ക്രിസ്‌തുവര്‍ഷം അഥവാ ക്രിസ്‌താബ്‌ദം എന്ന്‌ പറയുന്നു. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയനീഷ്യസ്‌ മൈനര്‍ എന്ന പാതിരിയാണ്‌ ക്രിസ്‌താബ്‌ദത്തിന്റെ സൂത്രധാരനെന്ന്‌ പറയപ്പെടുന്നു. ഡയനീഷ്യസിന്റെ കാലഗണന പ്രകാരം ജനുവരി ഒന്നിനാണ്‌ യേശു ജനിച്ചത്‌. മാത്രമല്ല, നിലവിലുള്ള ക്രിസ്‌താബ്‌ദ വര്‍ഷം ക്രിസ്‌തുവിന്റെ ജനനവുമായി ബന്ധപ്പെടുത്തുന്നതിലുള്ള കൃത്യത തെളിയിക്കാന്‍ ക്രൈസ്‌തവ പുരോഹിതരുടെ പക്കല്‍ കാര്യമായ തെളിവുകളൊന്നുമില്ല.

യേശുവിന്റെ ജനനം വിശദീകരിക്കുന്ന സുവിശേഷങ്ങളില്‍ (മത്തായി-ലൂക്കോസ്‌) അക്കാലത്തുണ്ടായിരുന്ന ഹെരോദാവ്‌ രാജാവിനെ പറ്റി പരാമര്‍ശിക്കുന്നുണ്ട്‌: ``അങ്ങനെ ഹെരോദാ (ഹെറോ ദോസ്‌ എന്നും ചില ബൈബിളുകളില്‍ കാണുന്നു) രാജാവിന്റെ കാലത്തെ യൂദായിലെ ബെത്‌ലഹേമില്‍ യേശു ജനിച്ചപ്പോള്‍ കിഴക്കു നിന്ന്‌ ജ്ഞാനികള്‍ എത്തി, `യഹൂദരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കണ്ട്‌ അവനെ നമസ്‌കരിപ്പാന്‍ വന്നിരിക്കുന്നു' എന്ന്‌ പറഞ്ഞു. ഹെരോദാ രാജാവ്‌ അത്‌ കേട്ടിട്ട്‌ അവനും യരൂശലേം ഒക്കെയും പരിഭ്രമിച്ചു.'' (മത്തായി 2:1-4)

ഇവിടെ സൂചിപ്പിച്ച ഹെരോദാ രാജാവ്‌ മരിച്ചത്‌ എ ഡിയുടെ നാല്‌ വര്‍ഷം മുമ്പാണ്‌. അപ്പോള്‍ ക്രിസ്‌തുവിന്റെ ജനനസമയത്ത്‌ രാജാവ്‌ ജീവിച്ചിരിക്കുന്നുവെങ്കില്‍ യേശുവിന്റെ ജനനം നിലവിലുള്ള എ ഡിയുടെ നാല്‌ വര്‍ഷങ്ങള്‍ക്കപ്പുറമായിരിക്കണം.

നിലവിലുള്ള കലണ്ടര്‍ വര്‍ഷം (ഗ്രിഗേറിയന്‍ കലണ്ടര്‍) കണക്കുകൂട്ടുന്നത്‌ യേശുക്രിസ്‌തുവിന്റെ ജന്മദിനാഘോഷവുമായി ബന്ധപ്പെടുത്തിയാണ്‌. അതാകുന്നു എ ഡി, യേശുവിന്റെ ജന്മദിനവുമായി ബന്ധപ്പെടുത്തിയുള്ള പ്രസ്‌തുത കാലഗണനയില്‍ അബദ്ധം ഉണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതായത്‌, 2011 ഡിസംബര്‍ എന്നത്‌ 2017 ഡിസംബര്‍ എന്നാണ്‌ ഉണ്ടായിരിക്കേണ്ടത്‌. `6' വര്‍ഷത്തിന്റെ കുറവ്‌ കാണപ്പെടുന്നു. `യേശു ജനിച്ചത്‌ 2017 വര്‍ഷങ്ങള്‍ക്ക്‌ മുമ്പായിരിക്കണം എന്നാണ്‌. 2011 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അല്ല എന്നു കൂടി മനസ്സിലാക്കാവുന്നതാണ്‌. A D standing for Anno Domini, in the year of Lord However the original calculation was later found to be wrong by a few years, So infact the birth of Jesus took place about six years before Christ. (Good News Bible, Today English version p-358- (Bible society of India)

അവസാനമായി

തന്റെ അനുയായികള്‍ക്കിടയില്‍ യേശുവിന്റെ മുപ്പത്തി മൂന്നു വര്‍ഷത്തെ ജീവിതകാലത്തെപ്പോഴെങ്കിലും (ബൈബിള്‍ പ്രകാരം യേശു മുപ്പത്തിമൂന്നു വര്‍ഷം ജീവിച്ചു) തന്റെ ജന്മനദിനമാഘോഷിക്കാന്‍ കല്‌പിക്കുകയോ വിശ്വസ്‌തരായ തന്റെ അപ്പോസ്‌തലന്മാര്‍ മുഖേന യിസ്‌റായേല്യരെ പഠിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടോ? ദൈവകൃപ ലഭ്യമാകേണ്ട കാര്യമെങ്കില്‍ സ്വര്‍ഗരാജ്യം ലഭിപ്പാന്‍ ഇത്തരം ആഘോഷം കാരണമാവുമെങ്കില്‍ യേശു ജീവിതത്തിലെപ്പോഴെങ്കിലും കല്‌പിക്കുമായിരുന്നില്ലേ? ബൈബിള്‍ പഴയ പുതിയ നിയമങ്ങളില്‍ എവിടെയെങ്കിലും ക്രിസ്‌തുമസ്‌ ആഘോഷത്തെ നിയമമാക്കിയുള്ള വ്യക്തമായ തെളിവുകളുണ്ടോ? ഇല്ല എന്നുള്ളതുകൊണ്ട്‌ തന്നെ ഇന്ന്‌ ലോകത്ത്‌ വിവിധ മതവിഭാഗങ്ങളിലായി ആഘോഷിക്കപ്പെടുന്ന സര്‍വ ജയന്തി-സമാധി ആഘോഷങ്ങളുടെയും നിരര്‍ഥകത പോലെ തന്നെ ക്രിസ്‌തുമസും ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ മിത്തുകളില്‍ അധിഷ്‌ഠിതമായ മാത്രം സ്ഥാപിതമായി ഒരനാചാരം മാത്രം.

അനാചാരങ്ങളെ ആചാരങ്ങളാക്കി മാറ്റി സത്യമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന വിപര്യയങ്ങളുടെ ചരിത്രം മതവിശ്വാസികളുടെ ലോകത്ത്‌ വിപുലമാണ്‌. അനുസ്യൂതമായിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതക്കെതിരെ അന്തിമവേദം ഖുര്‍ആന്‍ നല്‌കുന്ന താക്കീത്‌ ഇവിടെ ശ്രദ്ധേയമാണ്‌: ``പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌, മുമ്പേ പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിക്കുകയും ചെയ്‌ത ഒരു ജനതയുടെ തന്നിഷ്‌ടങ്ങളെ നിങ്ങള്‍ പിന്‍പറ്റരുത്‌.'' (വി.ഖു 5:77)

പ്രമാണങ്ങളെ വിസ്‌മരിച്ച്‌ ഏത്‌ നീചമായ ആചാരങ്ങളെയും അനുകരിക്കുന്നതാണ്‌ ഇത്തരം വ്യതിയാനങ്ങളുടെ കാരണമെന്ന്‌ ഖുര്‍ആന്‍ വിലയിരുത്തുന്നു: ``അത്‌ അവരുടെ വായ കൊണ്ടുള്ള വര്‍ത്തമാനം മാത്രം. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു.'' (വി.ഖു 9:30)

by അബൂറാസി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts