സന്താന നിയന്ത്രണവും പ്രപഞ്ചത്തിന്റെ സന്തുലനവും

അത്യത്ഭുതകരമാണ്‌ പ്രപഞ്ചത്തിന്റെ ഘടനയും സംവിധാനങ്ങളും. അന്യൂനമായ സൃഷ്‌ടിപ്പ്‌. ഏറ്റക്കുറച്ചിലുകളോ താളഭംഗമോ ഇല്ല. കണിശവും വ്യവസ്ഥാപിതവുമായ ക്രമീകരണം. സൃഷ്‌ടികളെ വിന്യസിക്കുന്നതിലും സൃഷ്‌ടിക്കുന്നതിലും മാത്രമല്ല, അവയുടെ ധര്‍മനിര്‍വഹണ രീതികള്‍, ജൈവികപ്രവര്‍ത്തനങ്ങള്‍, പരസ്‌പരാശ്രിതത്വം തുടങ്ങി ഉപജീവനം വരെയുള്ള ക്രമീകരണങ്ങള്‍ അദ്വിദീയമാണ്‌.

ദൈവനിഷേധികളും ധിക്കാരികളുമല്ലാതെ ഒരാളുംപ്രപഞ്ചത്തിലെ ഈ അന്യൂന സംവിധാനങ്ങളില്‍ വിസ്‌മയിക്കാതിരിക്കില്ല.

``പരമകാരുണികന്റെ സൃഷ്‌ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നില്‍ നീ ദൃഷ്‌ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?''(വി.ഖു 67:3). ``എല്ലാ കാര്യവും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ പ്രവര്‍ത്തനമത്രെ അത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു'' (27:88). ``അങ്ങനെ നാം എല്ലാം നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍'' (77:23). ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമം പ്രകീര്‍ത്തിക്കുക. സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ചെയ്‌ത (രക്ഷിതാവിന്റെ) വ്യവസ്ഥ നിര്‍ണയിച്ച്‌ മാര്‍ഗദര്‍ശനം നല്‍കിയവനുമായ (രക്ഷിതാവ്‌.'' (വി.ഖു 87:1-3)

അന്യൂനമായ പ്രാപഞ്ചിക ക്രമീകരണത്തിന്റെ ഭാഗമാണ്‌ ഭൂമിയിലെ സന്തുലിതാവസ്ഥ. വ്യത്യസ്‌തമായ സന്തുലന സംവിധാനങ്ങള്‍ സ്രഷ്‌ടാവ്‌ തയ്യാറാക്കിയിട്ടുണ്ട്‌. മനുഷ്യരുടെ മാത്രമല്ല, എല്ലാ ജൈവവസ്‌തുക്കളുടെയും സുരക്ഷിതത്വത്തിനും സുഗമമായ വളര്‍ച്ചയ്‌ക്കും ഉപോല്‍പലകമാകുന്ന ക്രമീകരണങ്ങള്‍. ജീവികളുടെ വലുപ്പവ്യത്യാസങ്ങള്‍, ശക്തി വ്യത്യാസങ്ങള്‍ എന്നിവ മറ്റു ജീവികളുടെ ജീവന്‌ ഭീഷണിയല്ല. വലിയ മൃഗത്തിന്റെ ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറിയ ജീവികളാവാം എന്നിരിക്കിലും അത്തരം ജീവികള്‍ അതുവഴി വംശനാശത്തിന്‌ കാരണമായിട്ടില്ല. മനുഷ്യനൊഴികെ മറ്റു പല ജീവികളുടെയും ഭക്ഷണം ഇര തേടിപ്പിടിക്കുന്ന ചെറുജീവികളാണ്‌. ഇത്‌ പക്ഷേ പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഭാഗമാണ്‌. പ്രപഞ്ചത്തിന്റെ നിയതമായ താളത്തിനോ വളര്‍ച്ചയ്‌ക്കോ ഇവ തടസ്സമല്ലെന്ന്‌ മാത്രമല്ല, സന്തുലിതാവസ്ഥക്ക്‌ അനിവാര്യവുമാണ്‌.

സസ്യങ്ങള്‍, മാംസം എന്നിവ മനുഷ്യന്റെ മുഖ്യ ഭക്ഷണങ്ങളാണ്‌. അഹിതവും അഹിതവുമായ വിഭവചൂഷണം മനുഷ്യന്‌ ഏറെ ഭീഷണിയും ഭീതിയും പ്രദാനം ചെയ്‌തിട്ടുണ്ട്‌. സ്രഷ്‌ടാവ്‌ ഏര്‍പ്പെടുത്തിയ `സന്തുലിതാവസ്ഥയില്‍', `വികസനം'(?) ലക്ഷ്യംവെച്ച്‌ മനുഷ്യന്‍ ചെയ്‌ത കടന്നാക്രമണമാണ്‌ ഇതിന്‌ പ്രധാന കാരണം. ഭൂമിയിലെ ഒരു ജീവിയുടെ ജനനവും മറ്റൊരു ജീവിക്ക്‌ ഭീഷണിയല്ല. പ്രത്യുല്‍പാദനത്തില്‍ പോലും സന്തുലിതാവസ്ഥ ദൈവം ക്രമീകരിച്ചിട്ടുണ്ട്‌. `പന്നിപ്പേറും ആനപ്പേറും' തമ്മിലെ വ്യത്യാസം നോക്കൂ. വലിയ സമയവ്യത്യാസങ്ങള്‍ അവയുടെ പ്രത്യുല്‍പാദനത്തില്‍ ഉണ്ട്‌. ഒരു ശതാബ്‌ദത്തില്‍ ഒരിക്കല്‍പോലും ആന പ്രസവിക്കണമെന്നില്ല. (12 വര്‍ഷത്തില്‍ ഒരു തവണ -ശരാശരി കണക്ക്‌). ഉഗ്രവിഷമുള്ള പാമ്പുകളുടെ കാര്യവും തഥൈവ. ചില ജീവികളുടെ കുഞ്ഞുങ്ങള്‍ അപൂര്‍വമായി മാത്രമേ അതിജീവനശേഷി നേടുകയുള്ളൂ. ഗര്‍ഭകാലദൈര്‍ഘ്യം വര്‍ധിപ്പിച്ചും രണ്ട്‌ പ്രസവങ്ങള്‍ക്കിടയിലെ ഇടവേള ദീര്‍ഘിപ്പിച്ചും സ്രഷ്‌ടാവ്‌ പ്രപഞ്ചത്തില്‍ സന്തുലിതാവസ്ഥ ക്രമീകരിച്ചിട്ടുണ്ട്‌.

ശാക്തിക സന്തുലിതാവസ്ഥ പ്രപഞ്ചത്തില്‍ ദൃശ്യമാണ്‌. ചെറുജീവികള്‍ക്ക്‌ ശക്തികൊണ്ടല്ല, മറ്റേതെങ്കിലും സവിശേഷ ഉപായങ്ങള്‍ കൊണ്ടാണ്‌ സംരക്ഷണം നല്‍കുന്നത്‌. മാനവ ചരിത്രത്തില്‍ പോലും ശാക്തിക സന്തുലിതാവസ്ഥയുണ്ട്‌. പ്രപഞ്ചത്തില്‍ ഈ സന്തുലിതാവസ്ഥ നിലനില്‍ക്കാതെ വരുന്നത്‌ സംസ്‌കാരങ്ങളുടെയും അനുബന്ധ ആരാധനാകേന്ദ്രങ്ങളുടെയും നാശത്തിന്‌ കളമൊരുക്കുമെന്ന്‌ ചരിത്രത്തെ സാക്ഷി നിര്‍ത്തി ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്‌. (22:40, 2:251)

``മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസി മഠങ്ങളും ക്രിസ്‌തീയ ദേവാലയങ്ങളും യഹൂദദേവാലയങ്ങളും അല്ലാഹുവിന്റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു.'' ഭൂമിയിലെ ജൈവസമ്പത്ത്‌ അത്യന്തം ബൃഹത്തായതാണ്‌. അസംഖ്യം ജീവജാതികള്‍, അതിലേറെ അവയുടെ എണ്ണവും. കണ്ടെത്തിയതും കണ്ടെത്താത്തതും എത്രയെത്രെ! നശിച്ച്‌ മണ്ണായി മാറിയതും ജീവിക്കുന്നവയും ജീവിക്കാനുള്ളവയും ഈ കൊച്ചുഗോളത്തില്‍ തന്നെ; മുക്കാല്‍ ഭാഗത്തിലധികം വെള്ളമുള്ള ഈ ജലഗോളത്തില്‍. അവയുടെ എല്ലാ നിയോഗങ്ങളും പ്രവര്‍ത്തനവും വിഹാരവും ഇവിടെതന്നെ. അതിനെല്ലാം പാകപ്പെടുത്തിയതാണ്‌ ഭൂമി. ഭൂമിയുടെ അടിസ്ഥാന ഭാഗങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കേടുവരുത്താത്തിടത്തോളം കാലം പ്രപഞ്ചം ഈ ധര്‍മം നിര്‍വഹിക്കുക തന്നെ ചെയ്യും.

ജീവിച്ചവരെയും മരിച്ചവരെയും ഉള്‍ക്കൊള്ളാവുന്ന വിധത്തിലാണ്‌ ഈ പ്രപഞ്ചത്തെ സൃഷ്‌ടിച്ചിട്ടുള്ളതെന്ന്‌ അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. ഭൂമിയുടെ ഈ ദൗത്യനിര്‍വഹണത്തിന്‌ ജീവികളുടെ എണ്ണത്തിലോ ഇനങ്ങളിലോ നിയന്ത്രണമേല്‍പ്പെടുത്തിയിട്ടില്ല. ഒരു ധര്‍മദര്‍ശനത്തിലും ഏതെങ്കിലും ഒരു ജീവിവര്‍ഗത്തിന്റെ എണ്ണം ഇത്രയേ പാടുള്ളൂവെന്ന നിര്‍ദേശം നമുക്ക്‌ കാണാന്‍ സാധ്യമല്ല. മനുഷ്യന്‍ അവന്റെ ചൂഷണ മനസ്ഥിതികൊണ്ട്‌ സ്വയമേവ പ്രഖ്യാപിച്ചതല്ലാതെ. മനുഷ്യരെ സമ്പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ഈ പ്രപഞ്ചത്തിന്‌ സാധ്യമാവില്ലെന്ന വിഡ്‌ഢിത്വത്തെ ചോദ്യം ചെയ്യുന്നു, ഖുര്‍ആന്‍. ``ഭൂമിയെ നാം ഉള്‍ക്കൊള്ളുന്നതാക്കിയില്ലേ? മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും. അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വതങ്ങളെ നാം വെക്കുകയും ചെയ്‌തിരിക്കുന്നു. നിങ്ങള്‍ക്ക്‌ നാം സ്വഛജലം കുടിക്കാന്‍ തരികയും ചെയ്‌തിരിക്കുന്നു. അന്നേ ദിവസം നിഷേധിച്ച്‌ തള്ളിയവര്‍ക്കാകുന്നു നാശം.'' (വി.ഖു 77:25-27)

ഭക്ഷണം സ്രഷ്‌ടാവിന്റെ ബാധ്യത

പ്രപഞ്ചത്തില്‍ പിറവിയെടുക്കുന്ന ഏതൊരു ജീവിക്കും രണ്ട്‌ കാര്യങ്ങള്‍ തന്റെ ബാധ്യതയായി സ്രഷ്‌ടാവ്‌ ഏറ്റിരിക്കുന്നു. ഒന്ന്‌, ജീവന്‍ നശിക്കുന്നതു വരെയുള്ള അവയുടെ പ്രവര്‍ത്തനം. മതവ്യത്യാസമില്ലാതെ മനുഷ്യര്‍ക്ക്‌ അവരവരുടെ ശാരീരിക ധര്‍മങ്ങള്‍ വ്യവസ്ഥാപിതമായി നിര്‍വഹിക്കാന്‍ സാധിക്കുന്നത്‌ അതുകൊണ്ടാണ്‌. ദഹനവ്യവസ്ഥ, പ്രത്യുല്‌പാദന വ്യവസ്ഥ പേശീ-നാഡീ സംവിധാനങ്ങള്‍ തുടങ്ങി അത്യത്ഭുതകരമായ ശരീരത്തിലെ സംവിധാനങ്ങള്‍ ക്രമതടസ്സം കൂടാതെ നിര്‍വഹിച്ചുതരികയെന്നത്‌ സ്രഷ്‌ടാവ്‌ സ്വയം ഏറ്റെടുത്ത ബാധ്യതയും നമുക്ക്‌ നല്‍കുന്ന അനുഗ്രഹവുമാണ്‌. നമ്മുടെ നിര്‍വഹണത്തില്‍ സംഭവിക്കുന്ന അപാകതകള്‍ വഴിയല്ലാതെ അവയ്‌ക്ക്‌ ഒരു തടസ്സവും സംഭവിക്കുകയില്ല തന്നെ.

രണ്ട്‌, ജീവിക്കാനാവശ്യമായ ഉപജീവനോപാധികള്‍. സ്രഷ്‌ടാവിന്റെ നാമവിശേഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്‌ റബ്ബ്‌ (ഘട്ടംഘട്ടമായി വളര്‍ത്തിയെടുക്കുന്നവന്‍), റാസിഖ്‌ (ഉപജീവനം നല്‍കുന്നവന്‍), ഖബീര്‍, ബസ്വീര്‍ (ജാഗ്രതയോടെ നിരീക്ഷിക്കുകയും സൂക്ഷ്‌മമായി അറിയുകയും ചെയ്യുന്നവന്‍) തുടങ്ങിയവ.

ഖുര്‍ആന്‍ പറയുന്നു: ``ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പു സ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയില്‍ ഉണ്ട്‌.''(11:6) ``സ്വന്തം ഉപജീവനത്തിന്റെ ചുമതല വഹിക്കാത്ത എത്രയെത്ര ജീവികളുണ്ട്‌. അല്ലാഹുവാണ്‌ അവയ്‌ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്‌. അവനാണ്‌ എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍.'' (29:60)

ഈ ഉപജീവനം എല്ലാ ജീവികള്‍ക്കും ഒരേ തരത്തിലോ സ്വഭാവത്തിലോ അല്ല നല്‍കിയിരിക്കുന്നത്‌. ജീവികളുടെ കഴിവുകള്‍, രീതികള്‍ വ്യത്യസ്‌തമാണല്ലോ. എല്ലാവര്‍ക്കും ഒരേപോലെ എല്ലാം നല്‍കുകയെന്നതല്ല നീതി. ആവശ്യമുള്ളത്‌ ആവശ്യമായ സമയത്തും അളവിലും നല്‍കുകയാണ്‌. അതത്രെ സന്തുലിതമായ സംവിധാനവും. സന്താനങ്ങളുടെ ഏറ്റക്കുറച്ചില്‍ ഈ സന്തുലിതാവസ്ഥയെ തകര്‍ക്കുകയില്ല. ഉപഭോഗത്തിന്റെ ധാരാളിത്വം സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. ചരിത്രം അതിന്‌ സാക്ഷിയാണ്‌. ദാരിദ്ര്യമല്ല ഐശ്വര്യവും സമ്പല്‍സമൃദ്ധിയുമാണ്‌ മാനവചരിത്രത്തില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടുള്ളത്‌. സ്വജനപക്ഷപാതിത്വവും അഴിമതിയും കൊള്ളയും ദാരിദ്ര്യത്തിന്റെ സൃഷ്‌ടിയല്ല; സമൃദ്ധിയുടേതാണ്‌.

``അല്ലാഹു തന്റെ ദാസന്മാര്‍ക്ക്‌ ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ അവന്‍ ഒരു കണക്കനുസരിച്ച്‌ താന്‍ ഉദ്ദേശിക്കുന്നത്‌ ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്മാരെപ്പറ്റി സൂക്ഷ്‌മജ്ഞാനമുള്ളവനും കണ്ടറിയുന്നവനും ആകുന്നു'' (42:27). ``അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്കുവെച്ചുകൊടുക്കുന്നത്‌? നാമാണ്‌ ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്കുവെച്ച്‌ കൊടുക്കുന്നത്‌.''(43:32)

പ്രഥമ വീക്ഷണത്തില്‍ ഉപജീവനത്തിലെ വ്യത്യസ്‌തതകളുടെ ലക്ഷ്യം കണ്ടെത്താനാവില്ല. എന്നാല്‍ സ്ഥിതി സമത്വവും സാമൂഹിക സുരക്ഷിതത്വവും പരസ്‌പരാശ്രിതത്വവും പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയും ഈ വ്യത്യസ്‌തതയിലും വൈവിധ്യങ്ങളിലുമാണ്‌ കുടികൊള്ളുന്നത്‌. ആഹാരവസ്‌തുക്കളുടെ ഉപയോഗക്രമത്തില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അമിതാഹാരവും അഹിതാഹാരവും നിഷിദ്ധമാക്കുകയും ചെയ്‌തിട്ടുള്ള സ്രഷ്‌ടാവ്‌, പക്ഷേ ഭക്ഷ്യ വിഭവങ്ങളുടെ പേരിലുള്ള ആശങ്ക ആവശ്യമില്ലെന്ന്‌ ഖണ്ഡിതമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ആദ്യാഹാരമായ മുലപ്പാല്‍ തന്നെ നോക്കാം. അത്‌ രണ്ട്‌ കുട്ടികളില്‍ പരിമിതമല്ലല്ലോ, ആവശ്യാനുസരണം മാതാവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. മനുഷ്യേതര ജീവിവര്‍ഗങ്ങളിലും രണ്ടിലധികം സന്താനങ്ങളില്ലേ, അവകള്‍ക്കിടയില്‍ ഉപജീവനരംഗത്ത്‌ വല്ല അസന്തുലിതാവസ്ഥയും കണ്ടെത്തിയിട്ടുണ്ടോ?

പ്രപഞ്ചത്തില്‍ വിഭവനഷ്‌ടം സംഭവിക്കുമെന്ന്‌ പേടിച്ചും അസംഖ്യം സൃഷ്‌ടികള്‍ക്ക്‌ ഉപജീവനം തടസ്സപ്പെടുമെന്ന്‌ കരുതിയും സന്താനനിയന്ത്രണത്തിന്‌ ആഹ്വാനം ചെയ്യുന്നവര്‍ തിരിച്ചറിയാതെ പോകുന്നത്‌ ഭൂമിയുടെ പ്രകൃതമാണത്‌. സ്രഷ്‌ടാവിന്‌ സൃഷ്‌ടികളുടെ എണ്ണവണ്ണങ്ങളുടെ പേരില്‍ ഉപജീവനത്തിലോ വിഭവ വിന്യാസത്തിലോ ആശങ്കയില്ലെന്നിരിക്കെ, സൃഷ്‌ടികള്‍ ആശങ്കാകുലരാകുന്നത്‌ എന്തുമാത്രം അല്‍പത്തമാണ്‌!

ഉപജീവനത്തിന്റെ മാര്‍ഗം തേടുന്നവര്‍ക്ക്‌ ദൈവം അത്‌ തടയാറില്ല. അലസതയും അഹങ്കാരവും നിഷേധവും വഴി പ്രപഞ്ചത്തിലെ വിഭവങ്ങള്‍ ലഭ്യമാവാതിരിക്കുന്നതിന്‌ ഇനിമേല്‍ ജനിക്കേണ്ടതില്ലെന്ന തിട്ടൂരം ലളിതമായി പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കാണ്‌! പ്രഭാതത്തില്‍ കൂടുവിടുന്ന പറവകള്‍ക്ക്‌ സമൃദ്ധമായി ഭക്ഷണം ലഭ്യമാകുന്നത്‌ അധ്വാനത്തിലൂടെയും അന്വേഷണത്തിലൂടെയുമാണ്‌. എന്നാല്‍ ജൈവദൗത്യം നിര്‍വഹിക്കാന്‍ കിലോമീറ്ററുകള്‍, ദിനങ്ങളോളം ആകാശ വിഹായസ്സില്‍ സഞ്ചരിക്കുന്ന ദേശാടനപക്ഷികള്‍ക്ക്‌ ശരീരം തളരാതെ ആവശ്യമായ ഊര്‍ജം പ്രദാനംചെയ്യുന്നതും സ്രഷ്‌ടാവ്‌ തന്നെ.

1965ല്‍ ലോക ഭക്ഷ്യകൃഷി സംഘടനയുടെ (FAO) ഡയറക്‌ടര്‍ ജനറല്‍ ഡോക്‌ടര്‍ ബി ആര്‍ സെന്‍, രണ്ടാം ലോക ജനസംഖ്യാ സമ്മേളനത്തില്‍ ചെയ്‌ത പ്രസംഗം ശ്രദ്ധേയമാണ്‌: ``ഉല്‌പാദനം വര്‍ധിപ്പിക്കുന്നതിലും വ്യവസ്ഥപ്പെടുത്തുന്നതിലും മനുഷ്യര്‍ കാണിച്ച അലസതയും അമാന്തവും ആസൂത്രണമില്ലായ്‌മയുമാണ്‌ ഭക്ഷ്യപ്രശ്‌നങ്ങളുടെ മൂലകാരണം. ഇവയുടെ പരിഹാരമാണ്‌ ആദ്യം കാണേണ്ടത്‌. ജനസംഖ്യാ വര്‍ധനവിന്റെ പരിഹാരമല്ല.''

സമ്പല്‍സമൃദ്ധിയില്‍ ജീവിക്കുന്ന രാജ്യങ്ങള്‍ അയല്‍രാജ്യങ്ങളോട്‌ കിടമാത്സര്യം നടത്താ നും വിഭവങ്ങള്‍ കൊള്ളയടിക്കാനുമാണ്‌ ശ്രമിക്കുന്നത്‌. വികസ്വര രാഷ്‌ട്രങ്ങളിലെ സുഖിയന്മാര്‍ തീന്‍മേശയില്‍ അലങ്കാരത്തിന്‌ വെക്കുന്ന ഭക്ഷണ വിഭവങ്ങള്‍ മാത്രം മതിയാവും പല രാജ്യങ്ങളിലെയും പട്ടിണിക്ക്‌ പരിഹാരമേകാന്‍. ലോകം ഉപയോഗിക്കാതെ നശിപ്പിച്ചുകളയുന്ന `അധികഭക്ഷണം' കൊണ്ട്‌ മാത്രം ദരിദ്ര രാജ്യങ്ങളുടെ ഭക്ഷ്യക്കമ്മി പരിഹരിക്കാവുന്നതേയുള്ളൂ. ഖുര്‍ആന്റെ ഒരു പ്രഖ്യാപനം ഇങ്ങനെ: ``നിങ്ങള്‍ക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവഴിക്കുവീന്‍ എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍, അവിശ്വാസികള്‍ വിശ്വാസികളോട്‌ പറയും: അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവന്‍ തന്നെ ഭക്ഷണം നല്‌കുമായിരുന്ന ആളുകള്‍ക്ക്‌ ഞങ്ങള്‍ ഭക്ഷണം നല്‌കുകയോ? നിങ്ങള്‍ വ്യക്തമായ വഴികേടില്‍ തന്നെയാവുന്നു.'' (36:47)

ഭൂമിയില്‍ ദൈവസൃഷ്‌ടിയാവാനുള്ള മഹാസൗഭാഗ്യം ചെറുതല്ല. മഹത്തായ സൗഭാഗ്യമാണ്‌ സന്താനസൗഭാഗ്യം എന്ന്‌ ഇസ്‌ലാം പഠിപ്പിക്കുന്നു. സന്താന സൗഭാഗ്യം മുഖേന ദമ്പതികളിലും കുടുംബങ്ങളിലുമുണ്ടാകുന്ന വിഷമതകള്‍ ഈ സൗഭാഗ്യത്തിന്റെ ആഴവും അര്‍ഥവും വര്‍ധിപ്പിക്കുന്നു.

ഭിന്ന ശേഷികളും സാധ്യതകളുമുള്ള മനുഷ്യവംശത്തിന്റെ തുടര്‍ച്ച പ്രജനന സംവിധാനത്തില്‍ നിക്ഷിപ്‌തമാണ്‌. മകനോ മകളോ ആകാനുള്ള അതിമഹത്തായ ദൈവകാരുണ്യം ലഭ്യമായവര്‍, മാതാവും പിതാവുമാകാനുള്ള മറ്റുള്ളവരുടെ അവകാശത്തെ വെല്ലുവിളിക്കുന്നത്‌ എന്തുമാത്രം ധിക്കാരമാണ്‌. പ്രപഞ്ചം വിശാലമാണെന്നിരിക്കെ മനുഷ്യന്‍ കൂടുതല്‍ സ്വാര്‍ഥനാവുകയാണ്‌.

സന്താന നിയന്ത്രണം?

ഇസ്‌ലാം ഈ വിഷയം അതീവ ഗൗരവത്തോടെ കാണുന്നു. ദാരിദ്ര്യം ഭയന്ന്‌, വിഭവനഷ്‌ടം മുന്നില്‍ കണ്ട്‌ മനുഷ്യജന്മത്തിന്‌ തടസ്സങ്ങളുന്നയിക്കുന്നത്‌ മഹാപാതകമായി ഖുര്‍ആന്‍ പരിഗണിക്കുന്നു. ജീവിച്ചിരിക്കുന്ന സന്താനങ്ങളെയോ ജീവിക്കാനിരിക്കുന്നവരെയോ ഒരു തരത്തിലുമുള്ള `കൊല'ക്ക്‌ വിധേയമാക്കരുതെന്ന്‌ ശക്തമായി താക്കീത്‌ നല്‌കുകയാണ്‌ ഇസ്‌ലാം. ``ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്‌. നാമാണ്‌ നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം നല്‌കുന്നത്‌. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ (യുദ്ധം പ്രതിക്രിയാശിക്ഷ പോലുള്ള സന്ദര്‍ഭങ്ങള്‍) നിങ്ങള്‍ ഹനിച്ച്‌ കളയരുത്‌. നിങ്ങള്‍ ചിന്തിച്ച്‌ മനസ്സിലാക്കാന്‍ വേണ്ടി, അവന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ ഉപദേശമാണത്‌ (6:151)

ഈ വചനത്തിലെ മിന്‍ ഇംലാക്വ്‌ എന്ന പദപ്രയോഗം നിലവിലുള്ള ദാരിദ്ര്യ ഭീഷണി നിമിത്തം കൊല്ലരുത്‌ എന്ന സൂചനയും മറ്റൊരു വചനത്തില്‍ (17:31) ദാരിദ്ര്യമുണ്ടാകുമെന്ന ഭയത്താല്‍ കൊല്ലരുത്‌ (ഖശ്‌യത്തി ഇംലാക്വിന്‍) എന്ന താക്കീതും നല്‍കുന്നു. ``ദാരിദ്ര്യ ഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നു കളയരുത്‌. നാമാണ്‌ അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‌കുന്നത്‌. അവരെ കൊല്ലുന്നത്‌ തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)

പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജന്മാവകാശം നിഷേധിച്ച്‌ സ്വന്തം ജീവിതം സുഖകരമാക്കണമെന്ന ദുര്‍മോഹമാണ്‌ സന്താനഹത്യയിലും നിയന്ത്രണത്തിലുമുള്ളത്‌. പെണ്‍കുട്ടികള്‍ ജനിക്കുന്നത്‌ വഴി ഭാവിയില്‍ വരാനുള്ള ബാധ്യതകളില്‍ ആശങ്കപ്പെട്ട്‌ ഭ്രൂണഹത്യ യില്‍ അഭയം തേടുന്നവര്‍ ഉറ്റാലോചിക്കേണ്ട വചനമാണിത്‌. പിറക്കാനുള്ളവരുടെ ജനനം തടസ്സപ്പെടുത്തിയാല്‍ ജനിച്ചവര്‍ക്ക്‌ പ്രശ്‌നങ്ങള്‍ വരില്ലെന്ന്‌ ആരാണ്‌ ഉറപ്പുനല്‌കിയത്‌? സന്താനങ്ങള്‍ വഴി വന്നുചേരുമെന്ന്‌ ആശങ്കിക്കുന്ന `ഭാരിച്ച ബാധ്യതകള്‍' അവരുടെ അസാന്നിധ്യത്തിലും നല്‌കാന്‍ സര്‍വശക്തന്‌ സാധ്യമല്ലെന്ന്‌ നിനച്ചിരിക്കുകയാണോ?

ഇബ്‌നുമസ്‌ഊദ്‌(റ) പറയുന്നു: പാപങ്ങളില്‍ വെച്ച്‌ ഏറ്റവും വമ്പിച്ചത്‌ ഏതാണെന്ന്‌ ഞാന്‍ നബി(സ)യോട്‌ ചോദിച്ചു. അവിടുന്ന്‌ പറഞ്ഞു: നിന്നെ സൃഷ്‌ടിച്ചത്‌ അല്ലാഹുവായിരിക്കെ, നീ അവന്ന്‌ സമന്മാരെ ഏര്‍പ്പെടുത്തലാണ്‌. പിന്നെ ഏതാണെന്ന്‌ ഞാന്‍ ചോദിച്ചു. നിന്റെ സന്താനം നിന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിനെ ഭയന്ന്‌ നീ അതിനെ കൊല ചെയ്യലാണ്‌.''(ബുഖാരി, മുസ്‌ലിം)

സന്താന നിയന്ത്രണത്തിന്‌ നിയമപരിരക്ഷ ഉറപ്പാക്കുകയും ഗര്‍ഭഛിദ്രം ഉദാരമാക്കുകയും ചെയ്യുക വഴി പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയില്‍ മനുഷ്യര്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. ലോകത്ത്‌ സന്താന നിയന്ത്രണമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ മാനവ വിഭവശേഷിയുടെ മാന്ദ്യംമൂലം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുടുംബ സംവിധാനങ്ങളെ തകര്‍ത്തെറിയുക വഴി വന്നുചേര്‍ന്ന മഹാദുരന്തങ്ങള്‍ക്കും സ്‌ത്രീ-പുരുഷ അനുപാത വ്യത്യാസം വരുത്തിയ അപരിഹാര്യമായ അസന്തുലിതാവസ്ഥയ്‌ക്കുമൊക്കെ മനുഷ്യനിര്‍മി ത നിയമങ്ങള്‍ തന്നെയാണ്‌ കാരണക്കാരന്‍.

വിഭവ നഷ്‌ടമോ ഉപജീവനത്തെ കുറിച്ച ആശങ്കയോ നിമിത്തം വിവാഹബന്ധത്തില്‍ നിന്ന്‌ പിന്മാറുന്ന സമീപനവും ഇസ്‌ലാം പ്രോത്സാഹപ്പിക്കുന്നില്ല. ധര്‍മനിഷ്‌ഠയില്‍ കുടംബജീവിതം നയിക്കുന്നവര്‍ക്ക്‌ അല്ലാഹുവിന്റെ മഹാ ഔദാര്യത്തിന്റെ ഭാഗമായി ഐശ്വര്യം പ്രദാനംചെയ്യുമെന്ന്‌ മതം പഠിപ്പിക്കുന്നു. ഭാര്യയുടെ അനാരോഗ്യം പോലുള്ള കാരണങ്ങളാല്‍ സന്താനനിയന്ത്രണം അനിവാര്യമാണെന്ന്‌ വരുന്ന ഘട്ടത്തില്‍ അത്‌ ചെയ്യുന്നതിന്‌ മതം എതിരല്ല. മറിച്ച്‌ അനാവശ്യമായ ആശങ്കയുടെ നൂലിഴകളില്‍ ജനന നിയന്ത്രണം `ആസൂത്രണം' ചെയ്യുന്നതാണ്‌ ഇസ്‌ലാം വിലക്കുന്നത്‌.

പ്രപഞ്ചത്തിലെ സംവിധാനങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‌പിനും വളര്‍ച്ചക്കും ഉപയോഗപ്പെടുത്താനാണ്‌. അവയെ വ്യവസ്ഥപ്പെടുത്തി ഉപയോഗക്ഷമമാക്കേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌. ഈ ദൗത്യനിര്‍വഹണത്തില്‍ നിന്ന്‌ പിന്‍മാറുകയും കൃഷിയോഗ്യ ഭൂമിയെ ചതുപ്പു നിലങ്ങളും കോണ്‍ക്രീറ്റ്‌ കാടുകളുമാക്കി വരുംതലമുറക്ക്‌ മരണക്കെണിയൊരുക്കുകയും ചെയ്യുന്നതിനെ ഖുര്‍ആന്‍ ഗൗരവത്തോടെ താക്കീത്‌ നല്‌കുന്നു. ഒരുവേള, ധാര്‍മിക ബോധം നഷ്‌ടമായ അധികാര കേന്ദ്രങ്ങള്‍ ഭൂമിയില്‍ ഇത്തരം നാശങ്ങള്‍ക്ക്‌ പ്രേരണയേകുമെന്നും ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. ``ചില ആളുകളുണ്ട്‌. ഐഹിക ജീവിതത്തില്‍ അവരുടെ സംസാരം നിനക്ക്‌ കൗതുകം തോന്നിക്കും അവരുടെ ഹൃദയശുദ്ധിക്ക്‌ അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്‌തവത്തില്‍ അവര്‍ സത്യത്തിന്റെ കഠിന വൈരികളത്രെ. അവര്‍ക്ക്‌ അധികാരം ലഭിച്ചാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിളയും ജീവനും നശിപ്പിക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്‌ടപ്പെടുന്നതല്ല.'' (വി.ഖു 2:204-205)

by ജാബിര്‍ അമാനി @ ശബാബ് വാരിക

വേഷം, ഫാഷന്‍, ഇസ്‌ലാം

ഒരാളുടെ വേഷവിധാനം കണ്ടാല്‍ അയള്‍ ഏതു രാജ്യക്കാരനാണെന്നു മാത്രമല്ല, ഏതു നാട്ടുകാരനാണെന്നും ഏറെക്കുറെ മനസ്സിലാക്കാന്‍ സാധിക്കുന്നു. താന്‍ ജീവിക്കുന്ന പ്രദേശത്തിന്റെയും കാലാവസ്ഥയുടെയും സംസ്‌കൃതിയുടെയും പാരമ്പര്യത്തിന്റെയും ഒരു പരിധി വരെ വിശ്വാസത്തിന്റെയും പ്രതിഫലനം

വസ്‌ത്രധാരണത്തില്‍ പ്രകടമാകുന്നു എന്നാണല്ലോ ഇതിന്നര്‍ഥം. എന്നാല്‍ ഈ പാരമ്പര്യങ്ങളും നാഗരികതകളും ഒരു മാറ്റവും വരാതെ കാലാതിവര്‍ത്തിയായി നിലകൊള്ളുന്ന ഒരു സംഗതിയല്ല. ശാസ്‌ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസങ്ങള്‍ക്കനുസരിച്ച്‌, മറ്റെല്ലാ ജീവിതസൗകര്യങ്ങളിലുമെന്ന പോലെ വസ്‌ത്രങ്ങളിലും വലിയ മാറ്റങ്ങള്‍ കടന്നുവന്നു. ആയിരം കൊല്ലം മുമ്പുണ്ടായിരുന്ന `വസ്‌ത്ര'ങ്ങളും ഇന്നത്തേതും താതമ്യപ്പെടുത്തിയാല്‍ അത്ഭുതാവഹമായ പരിവര്‍ത്തനങ്ങള്‍ വന്നതായി കാണാം. എന്നാല്‍ വസ്‌ത്രമെന്ന ആശയം യാതൊരു മാറ്റവുമില്ലാതെ നിലനില്‍ക്കുന്നു. ഭക്ഷണം, പാര്‍പ്പിടം, എന്നിവ പോലെ മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളിലൊന്നാണ്‌ വസ്‌ത്രം.

വസ്‌ത്രം ഒരു ഭൗതിക വസ്‌തുവാണെങ്കിലും വസ്‌ത്രധാരണം ഒരാശയമാണ്‌. മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന വിവിധ ഘടകങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. നഗ്നത മറയ്‌ക്കുക എന്നാണതിന്റെ പ്രാഥമികാവശ്യം. എന്താണ്‌ നഗ്നത? അതും മനുഷ്യന്റെ പ്രത്യേകതയാണ്‌. ശരീരത്തിലെ ഗോപ്യസ്ഥാനങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവെക്കുക; മറ്റുള്ളവര്‍ അത്‌ കാണുമ്പോള്‍ ലജ്ജ തോന്നുക. ഇത്‌ മനുഷ്യ പ്രകൃതിയാണ്‌. അതിനുള്ള പ്രതിവിധി അതു മറച്ചുവെക്കലാണ്‌. അതു മറച്ചുവെക്കാന്‍ എന്തുപയോഗിക്കണം? അത്‌ മനുഷ്യ പുരോഗതിക്കും നാഗരികതക്കും മനുസരിച്ച്‌ മാറ്റങ്ങള്‍ വരും. ഈ പ്രകൃതി യാഥാര്‍ഥ്യം ഏറ്റവും ബുദ്ധിപരമായും പ്രായോഗികമായും അംഗീകരിക്കുകയും അത്‌ നിയമമായി നിഷ്‌കര്‍ഷിക്കുകയും ചെയ്‌തത്‌ ഇസ്‌ലാമാണ്‌. മറ്റേതൊരു മതത്തിലും ഭൗതിക ഇസങ്ങളിലും വസ്‌ത്രധാരണം നിഷ്‌കൃഷ്‌ട നിയമമായി ഇല്ല. ചില സ്ഥാന വസ്‌ത്രങ്ങളെപ്പറ്റിയുള്ള സങ്കല്‍പങ്ങളോ പാരമ്പര്യ ധാരണകളോ മാത്രമേ കാണുന്നുള്ളൂ.

ആദിപിതാവിന്‌ (മനുഷ്യവര്‍ഗത്തിന്‌) ഭൂമിയിലിറങ്ങേണ്ടി വന്നപ്പോള്‍ നഗ്‌നതാബോധമുണ്ടായി എന്നും നഗ്നത വെളിവാകാന്‍ കാരണക്കാരന്‍ പിശാചാണെന്നും വിശുദ്ധ ഖുര്‍ആന്‍ ചൂണ്ടിക്കാണിക്കുന്നു. ``അങ്ങനെ അവരിരുവരെയും വഞ്ചനയിലൂടെ അവന്‍ (പിശാച്‌) തരംതാഴ്‌ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന്‌ രുചി നോക്കിയതോടെ അവര്‍ക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകള്‍ കൂട്ടിച്ചേര്‍ത്ത്‌ അവരിരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി.'' (വി.ഖു. 7:22)

ആദിപിതാവായ ആദമിന്‌ നഗ്‌നതാ ബോധമുണ്ടായപ്പോള്‍ ഒരു ആന്തരികബോധമെന്ന നിലയ്‌ക്കാണ്‌ സ്വര്‍ഗവൃക്ഷത്തിലെ ഇലകള്‍ പറിച്ച്‌ നഗ്‌നത മറച്ചത്‌. ആദം സന്തതികളായ മനുഷ്യര്‍ക്ക്‌ നഗ്‌നത മറയ്‌ക്കല്‍ നിയമമായി നിശ്ചയിച്ചിരിക്കുന്നു. ``ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്‌ക്കാനുതകുന്ന വസ്‌ത്രം നല്‍കിയിരിക്കുന്നു.'' (7:26) ആദിമനുഷ്യന്‍ ഇലകള്‍ കൊണ്ട്‌ നഗ്‌നത മറച്ചു. വനാന്തരങ്ങളില്‍ കഴിഞ്ഞിരുന്ന ഋഷിമാരും മറ്റും മരവുരി ഉടുത്തിരുന്നതായി പുരാണങ്ങളില്‍ കാണുന്നു ഇന്നും വസ്‌ത്രനിര്‍മാണത്തിന്‌ മനുഷ്യന്‍ ആശ്രയിക്കുന്നത്‌ ചെടികളെയും മരങ്ങളെയും തന്നെ. നാഗരിക സമൂഹങ്ങളില്‍ രാസമിശ്രിതങ്ങള്‍ ചേര്‍ത്ത കൃത്രിമ വസ്‌ത്രങ്ങളും നിര്‍മിച്ചുവരുന്നു. വസ്‌ത്രത്തിന്റെ വസ്‌തു ഇങ്ങനെയാണെങ്കിലും വസ്‌ത്രത്തിന്റെ ആവശ്യകതയെന്താണെന്നത്‌ നാം തിരിച്ചറിയണം. പ്രാഥമികാവശ്യം നഗ്‌നത മറയ്‌ക്കലാണെങ്കിലും മനുഷ്യന്‌ അലങ്കാരമായും വ്യക്തിത്വത്തിന്റെ നിദാനമായും ചില പ്രത്യേക ചിഹ്‌നമായും വസ്‌ത്രം നിലകൊള്ളുന്നു. ഇക്കാര്യവും അല്ലാഹു സൂചിപ്പിക്കുന്നു. ``മനുഷ്യര്‍ക്ക്‌ നഗ്‌നത മറയ്‌ക്കാനും മറ്റ്‌ അലങ്കാരങ്ങള്‍ക്കുമായിട്ടാണ്‌ അല്ലാഹു വസ്‌ത്രം ഒരുക്കിത്തന്നിരിക്കുന്നത്‌'' എന്ന്‌ ഖുര്‍ആനില്‍ (7:26) വ്യക്തമാക്കുന്നു. വസ്‌ത്രം മനുഷ്യന്‌ അലങ്കാരമാണെന്ന്‌ പറഞ്ഞ ഉടനെ വസ്‌ത്രത്തെ ആലങ്കാരികമായി പ്രയോഗിച്ചുകൊണ്ട്‌ ഖുര്‍ആന്‍ നമ്മുടെ ചിന്തയെ തട്ടിയുണര്‍ത്തുന്നതു നോക്കൂ: ``ധര്‍മനിഷ്‌ഠയാകുന്ന വസ്‌ത്രമാകട്ടെ, അതാണ്‌ കൂടുതല്‍ ഉത്തമം.'' (അതേ സൂക്തം)

ദൈവഭക്തിയുടെ ഭാഗമാണ്‌ വസ്‌ത്രം ധരിക്കല്‍ എന്നു പറഞ്ഞ ഉടനെ `പിശാച്‌ നിങ്ങളനെ നഗ്‌നരാക്കി നിര്‍ത്താനാണ്‌ ശ്രമിക്കുന്നത്‌' എന്നും ഖുര്‍ആന്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ആധുനിക ഫാഷനെന്ന വ്യാജേന വസ്‌ത്രത്തിന്റെ പേരില്‍ ഇന്ന്‌ ചിലര്‍ കാട്ടിക്കൂട്ടുന്നത്‌ തോന്നിവാസങ്ങളാണ്‌. ഓരോ കാലത്തും വസ്‌ത്രങ്ങളുടെ രീതിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. എന്നാലിന്ന്‌ ഫാഷന്‍ ഡിസൈനിംഗ്‌ ഒരു പ്രൊഫഷനാണ്‌. അതില്‍ ഡിഗ്രിയും ഡിപ്ലോമയും മറ്റും വന്നുകഴിഞ്ഞു. പ്രമുഖ വസ്‌ത്ര നിര്‍മാണ കമ്പനികള്‍ വന്‍ തുക ശമ്പളം നല്‍കി ഫാഷന്‍ ഡിസൈനര്‍മാരെ നിയമിച്ച്‌ തങ്ങളുടെ ബിസിനസ്‌ സാമ്രാജ്യം വികസിപ്പിക്കുന്നു. ദൃശ്യ ശ്രാവ്യ മീഡിയയിലൂടെ കോടികള്‍ ചെലവഴിച്ച്‌ നിത്യവും പരസ്യം ചെയ്യുന്നത്‌ പുതിയ പുതിയ ഫാഷനുകള്‍. മാറുന്ന ഓരോ ഫാഷന്റെയും പിന്നാലെ ജനം ഓടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം സാധാരണ കാര്യങ്ങളാണല്ലോ എന്നായിരിക്കും പലരുടെയും ചിന്ത. `എന്നാല്‍ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും' എന്നു പറഞ്ഞതു പോലെ `അഴിച്ചിട്ടതിനൊക്കുമോ ഉടുത്തിരിക്കിലും' എന്ന തരത്തിലേക്ക്‌ ഫാഷന്‍ തരം താഴ്‌ന്നുകൊണ്ടിരിക്കുന്നു. വസ്‌ത്രമെന്നത്‌ ഒരാദര്‍ശമായി `വാനരാനുകരണം' പോലെ വാരിപ്പുണരേണ്ടതുണ്ടോ എന്ന്‌ ഒരല്‍പനേരം ആലോചിക്കുന്നത്‌ ഉചിതമായിരിക്കും.

മുസ്‌ലിംകള്‍ക്ക്‌ പ്രത്യേകമായി ഒരു വസ്‌ത്രമില്ല. ഏതെങ്കിലും ബ്രാന്റഡ്‌ വസ്‌ത്രങ്ങള്‍ക്ക്‌ ഇസ്‌ലാമിന്റെ പാറ്റന്റുമില്ല. എന്നാല്‍ വസ്‌ത്രത്തിന്‌ വ്യക്തമായ മാര്‍ഗനിര്‍ദേശം ഇസ്‌ലാം വരച്ചു കാണിച്ചിട്ടുണ്ട്‌. `പുരുഷന്‌ പട്ട്‌ നിഷിദ്ധം. വെള്ള വസ്‌ത്രം അഭികാമ്യം. ഞെരിയാണിക്ക്‌ താഴെ വസ്‌ത്രം ഇഴഞ്ഞുകൂടാ. സ്‌ത്രീകള്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരിക്കണം. തലയിലിടുന്ന വസ്‌ത്രം മാറിടത്തിലൂടെ താഴ്‌ത്തിയിടണം.' വസ്‌ത്രത്തിന്റെ കാര്യത്തില്‍ ഇസ്‌ലാമിന്റെ പ്രാഥമിക നിഷ്‌കര്‍ഷയാണിത്‌.

`ആണും പെണ്ണും വേര്‍തിരിച്ചറിയാത്ത വസ്‌ത്രമാകരുത്‌. സ്‌ത്രീ പുരുഷവേഷം കെട്ടരുത്‌; മറിച്ചും. തൊലി മറഞ്ഞിട്ടുണ്ടെങ്കിലും ശരീരഭാഗങ്ങള്‍ വ്യക്തമായി കാണത്തക്ക വിധം ഇടുങ്ങിയതോ ശരീരം നിഴലിച്ചുകാണുന്നതോ ആകരുത്‌.' ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട്‌ ഏതു ഫാഷന്‍ വസ്‌ത്രവും മുസ്‌ലിംകള്‍ക്കണിയാം. മൂക്കും മുഖവും പോലും മറയ്‌ക്കുന്ന പുരുഷനും മാറും വയറും മറയ്‌ക്കാത്ത പെണ്ണും ഇന്നത്തെ ലോകത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കിതു ഭൂഷണമല്ല. ആണിന്റേതിനേക്കാള്‍ ആകര്‍ഷകമാണ്‌ പെണ്‍ സൗന്ദര്യമെന്നത്‌ ഒരു പരമാര്‍ഥമാണ്‌. സൗന്ദര്യ പ്രകടനമോ സൗന്ദര്യ മത്സരമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല.

ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനപരമായി അംഗീകരിക്കുന്നതോടൊപ്പം മക്കള്‍ക്ക്‌ -വിശിഷ്യാ പെണ്‍മക്കള്‍ക്ക്‌ - ടീവിയില്‍ കണ്ട ഡ്രസ്‌ തന്നെ വാങ്ങിക്കൊടുക്കുന്ന മുസ്‌ലിംകള്‍ ഇസ്‌ലാമിനെ കളിയാക്കുകയാണ്‌. ബോഡിഷെയ്‌പ്‌, സ്‌കിന്‍ കംഫര്‍ട്ട്‌ എന്നൊക്കെ പറയുന്നത്‌ തൊലിയോടൊട്ടി നില്‍ക്കുന്ന, കട്ടി കുറഞ്ഞ `ശീലയുറ'കളാണ്‌. ഈ വസ്‌ത്രമെനിക്കു വേണ്ട എന്നു പറയാന്‍ ആര്‍ജവം കാണിക്കാത്തവന്‍ ഇസ്‌ലാമിക സംസ്‌കാരത്തെ കരിതേക്കുകയാണ്‌. കുഞ്ഞുടുപ്പുകളുടെ കാര്യമാണ്‌ ഏറെ സങ്കടം. അരയ്‌ക്കു താഴെ ചെറിയൊരു തുണിയും അരയ്‌ക്കു മീതെ കഴുത്തിലേക്കൊരു ചരടും കെട്ടിയാല്‍ ഒരു `ഫാഷന്‍ കുഞ്ഞുടുപ്പാ'യി. ഇത്‌ വൃത്തികേടാണെന്ന്‌ വിളിച്ചുപറയാന്‍ നിത്യവും പള്ളിയില്‍ വരുന്നവര്‍ക്കെങ്കിലും തോന്നാതിരുന്നാല്‍ കഷ്‌ടമാണ്‌.

കാല്‍സറായിയും ഷര്‍വാണിയും മാത്രമാണ്‌ ഇസ്‌ലാമിക വസ്‌ത്രമെന്ന്‌ മുസ്‌ലിംകള്‍ക്കിടയില്‍ ചിലര്‍ ധരിച്ചുവശായിട്ടുണ്ട്‌. എന്നാല്‍ ഏതു വൃത്തികേടിനും മുന്നില്‍നില്‍ക്കാന്‍ മടിക്കാത്ത ഒരു വിഭാഗം വേറെയുമുണ്ട്‌. ഇത്‌ രണ്ടും അമിതമാണ്‌. അടിസ്ഥാന ആശയത്തില്‍ നിന്നുകൊണ്ട്‌ കാലത്തിനൊത്ത ഫാഷനോ നാടിനൊത്ത വസ്‌ത്രമോ ധരിക്കാവുന്നതാണ്‌. വിദ്യാലയങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ യൂനിഫോം ആകാവുന്നതാണ്‌. ഏതുതരം വസ്‌ത്രം തെരഞ്ഞെടുത്താലും മേനി മറയുന്നതും മാന്യത സ്‌ഫുരിക്കുന്നതും വ്യക്തിത്വം നിലനില്‍ക്കുന്നതും ആയിരിക്കണം. മൂത്രമൊഴിക്കാനോ സുജൂദ്‌ ചെയ്യാനോ കഴിയാത്ത തരത്തില്‍ ഇടുങ്ങിയ വസ്‌ത്രം ഇസ്‌ലാമികമല്ല. ഒറത്ത്‌ മറയാന്‍ പര്യാപ്‌തമല്ലാത്ത വസ്‌ത്രം മുസ്‌ലിം ധരിച്ചുകൂടാ. പുരുഷന്മാരില്‍ ചിലര്‍ നമസ്‌കാര നേരത്ത്‌ മാത്രം വസ്‌ത്രം ഞെരിയാണിക്ക്‌ മേല്‍ കയറ്റിവെക്കുന്നു. നമസ്‌കാരം കഴിഞ്ഞാല്‍ നിലത്ത്‌ വലിച്ചിഴയ്‌ക്കുന്നു. ഇത്‌ അനിസ്‌ലാമികമാണ്‌.

നബിയുടെ രണ്ട്‌ താക്കീതുകള്‍ ഏതു ഫാഷന്‍മാളില്‍ കയറുമ്പോഴും ഓര്‍മ വെക്കുക: ``ഉടുവസ്‌ത്രം അഹംഭാവപൂര്‍വം നിലത്തു വലിച്ചിഴച്ചു നടക്കുന്നവനെ പുനരുത്ഥാന ദിവസം അല്ലാഹു കടാക്ഷിക്കുകയില്ല.'' ``വസ്‌ത്രം ധരിച്ചിട്ടും നഗ്‌നകളായി ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന സ്‌ത്രീകള്‍ക്ക്‌ നാശം.''

ഇസ്‌ലാം പഴഞ്ചനല്ല. ആധുനികതയ്‌ക്കും ഫാഷനും എതിരല്ല. വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നില്ല. എന്നാല്‍ അടിസ്ഥാനപരമായ നൈതിക മൂല്യങ്ങള്‍ അനുയായികള്‍ക്ക്‌ നിഷ്‌കര്‍ഷിക്കുന്നു. മൂല്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൊണ്ട്‌ സ്വതന്ത്രമായി ജീവിക്കാം. ഒരു നിയന്ത്രണത്തിനും വിധേയമാകാത്ത സര്‍വ തന്ത്ര സ്വതന്ത്ര്യമല്ല മുസ്‌ലിമിന്റെ ജീവിതം.

from ശബാബ് എഡിറ്റോറിയല്‍

കൃഷി ഒരു പുണ്യകര്‍മമാണ്‌

കൃഷിയെ ഒരു പുണ്യകര്‍മമായും നിരന്തരം പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു സദ്‌കര്‍മമായും ഇസ്‌ലാം കാണുന്നു. സാക്ഷാല്‍ കൃഷിയും പരലോകത്തേക്കുള്ള കൃഷിയില്‍ ഒന്നാണെന്ന തിരിച്ചറിവ്‌ ഇസ്‌ലാം വിശ്വാസികള്‍ക്ക്‌ നല്‌കുന്നുണ്ട്‌. ``ഒരാള്‍ ഒരു ചെടി നട്ടുവളര്‍ത്തി. അതിലുണ്ടായ കായ്‌കനികള്‍ മൃഗങ്ങളോ പക്ഷികളോ തിന്നാല്‍ പോലും അത്‌ നട്ടുവളര്‍ത്തിയവന്‌ പ്രതിഫലം കിട്ടിക്കൊണ്ടേയിരിക്കും'' എന്ന നബിവചനം കൃഷിയുടെ ആത്മീയഭാവം വ്യക്തമാക്കുന്നു.

ഒരു വൃക്ഷത്തൈ നടാന്‍ പോവുമ്പോഴാണ്‌ പ്രപഞ്ചത്തിന്റെ അന്ത്യം സംഭവിക്കുന്നതെങ്കില്‍ പോലും, തൈ നട്ടിരിക്കണമെന്ന പ്രവാചകന്റെ ആഹ്വാനം എത്ര ശ്രദ്ധേയമാണ്‌? ഭൂമിയിലെ ഭക്ഷ്യലഭ്യത നിലനിര്‍ത്താനും ഭൂമിയെ ഹരിതാഭമാക്കാനും ഓരോരുത്തരും കടപ്പെട്ടവരാണെന്ന്‌ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നു.

മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ ഉല്‌പാദിപ്പിക്കാനുള്ള ശേഷി അല്ലാഹു ഭൂമിക്ക്‌ നല്‌കിയിട്ടുണ്ട്‌. എല്ലാവര്‍ക്കും അന്നം നല്‌കുക എന്നത്‌ അല്ലാഹു ഏറ്റെടുത്ത ബാധ്യതയുമാണ്‌. അല്ലാഹു പറയുന്നു: ``ഭൂമിയില്‍ യാതൊരു ജീവിയും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെയില്ല; അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്‌പഷ്‌ടമായ ഒരു രേഖയിലുണ്ട്‌.'' (വി.ഖു 11:6)

എന്നാല്‍ അലസനായി ഒരിടത്തിരുന്നാല്‍ അന്നം അവനെ തേടിവരികയില്ല. തന്റെ കഴിവും ആരോഗ്യവും ഉപയോഗിച്ച്‌ ഭൂമിയില്‍ അവന്‍ അധ്വാനിക്കണം. നിലമുഴുത്‌ വിത്തിറക്കുക, വെള്ളവും വളവും നല്‌കി സംരക്ഷിക്കുക തുടങ്ങി പ്രാഥമികമായ എല്ലാ പ്രവൃത്തികളും മനുഷ്യന്‍ ആസൂത്രിതമായും ശാസ്‌ത്രീയമായും നിര്‍വഹിക്കണം. തന്റെ നിയന്ത്രണത്തില്‍പ്പെടാത്ത കാര്യങ്ങളില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും ശരിയായ ഫലപ്രാപ്‌തിക്ക്‌ വേണ്ടി പ്രാര്‍ഥിച്ച്‌ കൊണ്ടിരിക്കുകയും വേണ്ടതുണ്ട്‌.

മനുഷ്യന്‍ മണ്ണില്‍ പണിയെടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. കൃഷിക്കാവശ്യമായ വെള്ളം അല്ലാഹുവാണ്‌ ഇറക്കിത്തരുന്നത്‌. വിത്തുകള്‍ മുളപ്പിക്കുന്നതും ഭൂമി പിളര്‍ത്തി അവയെ പുറത്ത്‌ കൊണ്ടുവരുന്നതും അവന്‍ തന്നെ. അവയെ വളര്‍ത്തി പൂവും കായും നല്‌കി, പൂര്‍ണതയിലെത്തിക്കുന്നതിലും മനുഷ്യന്‌ കാര്യമായ പങ്കില്ല. അവയുടെ നാശത്തെ തടഞ്ഞുനിര്‍ത്താനും ഒരു പരിധി വരെ മാത്രമേ മനുഷ്യനാവൂ. ഇതെല്ലാം ഉള്‍ക്കൊണ്ട്‌ കൊണ്ടായിരിക്കണം ഒരു കര്‍ഷകന്‍ പ്രവര്‍ത്തിക്കേണ്ടത്‌ എന്ന്‌ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. അല്ലാഹു പറയുന്നു: ``ധാന്യങ്ങളും വിത്തുകളും പിളര്‍ത്തി മുള പുറത്തുകൊണ്ടുവരുന്നവനാകുന്നു അല്ലാഹു; നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെയും ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുകൊണ്ടുവരുന്നു'' (വി.ഖു 6:95). ``നിങ്ങള്‍ക്കു വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തന്ന, ആകാശത്ത്‌ നിന്നു വെള്ളമിറക്കി, അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കാനുള്ള കായ്‌കനികള്‍ ഉല്‌പാദിപ്പിച്ച്‌ തരികയും ചെയ്‌ത നാഥനെ (നിങ്ങള്‍ ആരാധിക്കുക). ഇതെല്ലാം അറിഞ്ഞുകൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്മാരെ ഉണ്ടാക്കരുത്‌'' (വി.ഖു 2:22). ``നിങ്ങള്‍ അശേഷം ചിന്തിച്ചിട്ടില്ലയോ? നിങ്ങള്‍ വിതയ്‌ക്കുന്ന വിത്ത്‌; അതില്‍ നിന്ന്‌ വിള മുളപ്പിക്കുന്നത്‌ നിങ്ങളാണോ, അതോ നാമാണോ മുളപ്പിക്കുന്നത്‌? നാം വിചാരിക്കുകയാണെങ്കില്‍ ഈ വിളകളെ ഉണങ്ങിയ താളുകളാക്കുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ പലതും പറഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മേല്‍ കടം കേറിയല്ലോ, അല്ല നാം ഭാഗ്യഹീനരായിപ്പോയല്ലോ എന്നിങ്ങനെ.'' (അല്‍വാഖിഅ 63-67)

ഇസ്‌ലാമിന്റെ കാര്‍ഷിക സംസ്‌കാരം

പ്രാര്‍ഥനാപൂര്‍വം വിത്തിറക്കുക, ക്ഷമയോടെ പരിചരിക്കുക, പ്രതീക്ഷാപൂര്‍വം കാത്തിരിക്കുക, വിളവുണ്ടായാല്‍ നിശ്ചിത ശതമാനം സകാത്ത്‌ നല്‌കുക, പ്രാര്‍ഥനാപൂര്‍വം ഭക്ഷിക്കുക, വിളവ്‌ കുറയുകയോ നശിക്കുകയോ ചെയ്‌താല്‍ അല്ലാഹുവിന്റെ വിധിയില്‍ ക്ഷമിക്കുക, വീണ്ടും പ്രാര്‍ഥനയോടെയും പ്രതീക്ഷയോടെയും കൃഷിചെയ്യുക തുടങ്ങിയവ ഇസ്‌ലാം പഠിപ്പിക്കുന്ന കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമാണ്‌. കാര്‍ഷിക പ്രവൃത്തിയോട്‌ തികഞ്ഞ ആത്മാര്‍ഥതയും ഗുണകാംക്ഷയും പുലര്‍ത്തുക, കുതന്ത്രം പ്രയോഗിച്ചോ മറ്റോ അന്യായമായി കൈവശപ്പെടുത്തിയ ഭൂമിയില്‍ കൃഷി ചെയ്യാതിരിക്കുക, അല്ലാഹു ഹറാമാക്കിയ വിഭവങ്ങള്‍ക്കു വേണ്ടി കൃഷി നടത്താതിരിക്കുക, മറ്റുള്ളവര്‍ക്ക്‌ ദ്രോഹമുണ്ടാക്കാതിരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇസ്‌ലാം കൃഷിയുമായി ബന്ധപ്പെടുത്തി പഠിപ്പിക്കുന്നുണ്ട്‌.

തന്റെ കൃഷിയും തോട്ടവും തനിക്ക്‌ ലഭിച്ച വിളവും തന്റെ അധ്വാനത്തിന്റെ ഫലം മാത്രമല്ലെന്നും അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഫലമാണെന്നുമുള്ള തിരിച്ചറിവ്‌ കര്‍ഷകനുണ്ടാവണം. അഹങ്കാരത്തോടെ തന്റെ തോട്ടത്തില്‍ വന്ന്‌ സ്വത്തിനെക്കുറിച്ച്‌ വീമ്പ്‌ പറഞ്ഞ ഒരാളുടെ തോട്ടം അല്ലാഹു നശിപ്പിച്ച സംഭവം ഖുര്‍ആന്‍ സൂറതുല്‍ കഹ്‌ഫില്‍ (32 മുതല്‍ 44 വരെയുള്ള വചനങ്ങളില്‍) വിവരിക്കുന്നു.

സമൃദ്ധമായ വിളവ്‌ തരാന്‍ കഴിവുള്ള രക്ഷിതാവിന്‌ ഏത്‌ നിമിഷവും അവ ഇല്ലായ്‌മ ചെയ്യാനും കഴിയും എന്ന ബോധവും വിനയവും കര്‍ഷകനുണ്ടായിരിക്കണം. അല്ലാഹു പറയുന്നു: ``ഐഹിക ജീവിതത്തിന്റെ ഉപമ ഇങ്ങനെയാണ്‌. ആകാശത്തു നിന്ന്‌ നാം മഴ വര്‍ഷിപ്പിച്ചിട്ട്‌ മനുഷ്യരും കന്നുകാലികളും ഭക്ഷിക്കുന്ന പലതരം സസ്യങ്ങള്‍ അതുകൊണ്ട്‌ ഭൂമിയില്‍ ഇടകലര്‍ന്നുണ്ടായി. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിഞ്ഞു. അത്‌ ഭംഗിയായി നില്‌ക്കുകയും അത്‌ കരസ്ഥമാക്കാന്‍ സാധിച്ചുവെന്ന്‌ അതിന്റെ ഉടമസ്ഥര്‍ക്ക്‌ തോന്നുകയും ചെയ്‌തപ്പോള്‍, പെട്ടെന്ന്‌ രാത്രിയോ പകലോ ആ കൃഷിഭൂമിക്ക്‌ നമ്മുടെ കല്‌പന എത്തുകയും തലേ ദിവസം അവിടെ അങ്ങനെ ഒരു കൃഷിയില്ലാതിരുന്ന മട്ടില്‍ അതിനെ ഉന്മൂലനാശം വരുത്തുകയും ചെയ്‌തു. ചിന്തിക്കുന്നവര്‍ക്ക്‌ ഇപ്രകാരം നാം തെളിവുകള്‍ വിശദീകരിക്കുന്നു.'' (വി.ഖു 10:24)

``അവന്റെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു; അപ്പോള്‍ അതില്‍ ചെലവിറക്കിയതിനെക്കുറിച്ച്‌ ദു:ഖിച്ച്‌ അവന്‍ രണ്ട്‌ കൈകളം മലര്‍ത്തുന്നു; തോട്ടങ്ങളാകട്ടെ അവയുടെ പന്തലുകളോടു കൂടി വീണടിഞ്ഞ്‌ കിടക്കുകയാണ്‌. എന്റെ നാഥനോട്‌ മറ്റാരെയും ഞാന്‍ പങ്ക്‌ ചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നവന്‍ വിലപിക്കുന്നു.'' (വി.ഖു 18:42)

ശൈഖുല്‍ അസ്‌ഹര്‍ അലി ത്വന്‍ത്വാവി പറയുന്നു: ``സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌, കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ദൈവഭക്തി കൂടിയവരാവും എന്നാണ്‌. അവര്‍ കൂടുതല്‍ ദൈവത്തിലേക്ക്‌ അടുത്തുകൊണ്ടിരിക്കും. കാരണം നിലമുഴുത്‌, വിത്തിറക്കി, പരിചരിച്ച്‌, ഫലം പ്രതീക്ഷിച്ചിരിക്കുന്ന സ്വഭാവം അവരെ കൂടുതല്‍ അല്ലാഹുവിലേക്ക്‌ അടുപ്പിച്ചുകൊണ്ടിരിക്കും.'' (ഹദീസുല്‍ ഖുര്‍ആനിവസുന്ന: അനിസ്സിറാഅ:)

തൊഴിലെടുത്ത്‌ ജീവിക്കുന്നതിനെ ഇസ്‌ലാം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്നു. അനുവദനീയമായ ജീവിതവഹകള്‍ കണ്ടെത്തേണ്ടതിനായി പരിശ്രമിക്കേണ്ടത്‌ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ കടമയാണെന്ന്‌ നബി(സ) ഉണര്‍ത്തുന്നുണ്ട്‌. പ്രവാചകന്റെ കാലത്ത്‌ മദീനയില്‍ ധാരാളമായി കൃഷിയുണ്ടായിരുന്നു. മക്കയില്‍ നിന്നും ഹിജ്‌റ വന്ന മുഹാജിറുകളെ, അന്‍സാറുകള്‍ തങ്ങളുടെ കൃഷിയില്‍ പങ്കാളികളാക്കിയ ചരിത്രം നമുക്കു കാണാം.

പകലിനെ ജീവിതവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള സമയമായി നിശ്ചയിച്ച്‌ തന്നത്‌ ഒരനുഗ്രഹമായി അല്ലാഹു എടുത്തുപറയുന്നു (അന്നബഅ്‌ 11). സഞ്ചരിക്കാനും കാര്‍ഷിക വൃത്തിക്കും അനുഗുണമാം വിധം ഭൂമിയെ സൃഷ്‌ടിച്ചതും അല്ലാഹു ഓര്‍മപ്പെടുത്തുന്നു. ``അവനാണ്‌ നിങ്ങള്‍ക്ക്‌ ഭൂമിയെ വശപ്പെടുത്തിത്തന്നത്‌. അതിന്റെ മാറിലൂടെ നടന്നുകൊള്ളുവിന്‍, ദൈവത്തിന്റെ വിഭവം ഭുജിച്ചുകൊള്ളുവിന്‍, അവനിലേക്ക്‌ നിങ്ങള്‍ തിരിച്ച്‌ ചെല്ലേണ്ടതുമുണ്ട്‌.'' (മുല്‍ക്ക്‌ 15)

ഖുര്‍ആനില്‍ വചനങ്ങളില്‍

സസ്യശാസ്‌ത്ര ശാഖയുമായി ബന്ധപ്പെട്ട വചനങ്ങള്‍ ഖുര്‍ആനില്‍ നൂറിലേറെ സ്ഥലങ്ങളില്‍ കാണാം. സര്‍അ്‌ (കൃഷി) എന്ന പദവും അതില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന രൂപങ്ങളും പതിനാല്‌ സ്ഥലങ്ങളിലുണ്ട്‌. പഴങ്ങള്‍, കായ്‌കനികള്‍ എന്നിവയെക്കുറിച്ച്‌ അറുപത്തി നാല്‌ സ്ഥലങ്ങളിലും മരത്തെക്കുറിച്ച്‌ ഇരുപത്തഞ്ച്‌ സ്ഥലങ്ങളിലും പരാമര്‍ശം കാണാം. ധാന്യങ്ങളെക്കുറിച്ച്‌ പന്ത്രണ്ട്‌ സ്ഥലത്തും ഇലകളെക്കുറിച്ച്‌ മൂന്ന്‌ സ്ഥലത്തും പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇരുപത്തഞ്ചില്‍ പരം സസ്യങ്ങളുടെ പേര്‌ പരാമര്‍ശിച്ച ഖുര്‍ആന്‍ പച്ചക്കറികള്‍, കാലിത്തീറ്റ എന്നിവയെയും പരാമര്‍ശിക്കുന്നുണ്ട്‌.

സസ്യങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കാര്‍ഷിക വിളകള്‍, കാലിത്തീറ്റ, ഇലകള്‍, പഴങ്ങള്‍, മരങ്ങള്‍, ഫലവര്‍ഗങ്ങള്‍ എന്നിവക്ക്‌ പുറമെ ഇരുപത്തഞ്ചോളം സസ്യങ്ങളുടെ പേരുകളും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ഈത്തപ്പന, ഒലീവ്‌, മുന്തിരി, മാതളം, അത്തി, ഇലന്ത, മന്ന, കാറ്റാടി, ഹംത്വ്‌ കര്‍പ്പൂരം, ഇഞ്ചി, പയര്‍, ഉള്ളി, വെളുത്തുള്ളി, കക്കരി, വാഴ, ചുരയ്‌ക്ക, കടുക്‌, തുളസി, സഖൂം, ളരീഅ്‌, തുബാ എന്നീ സസ്യങ്ങളെ ഖുര്‍ആന്‍ പ്രത്യേകം പേരെടുത്ത്‌ പറയുന്നുണ്ട്‌.

അല്ലാഹുവിന്റെ ഏകത്വവും കൃഷിയും

സ്രഷ്‌ടാവിന്റെ ഏകത്വവും മഹത്വവും ബോധ്യപ്പെടാന്‍ ഉപകരിക്കുന്ന ഒരു പ്രവര്‍ത്തനമായി ഖുര്‍ആന്‍ കൃഷിയെ പരിചയപ്പെടുത്തുന്നത്‌ കാണാം. വരണ്ടുണങ്ങിയ മണ്ണില്‍ മഴ വര്‍ഷിപ്പിക്കുന്നതും അവിടെ സസ്യലതാദികള്‍ വളര്‍ത്തി മനുഷ്യര്‍ക്കും ഇതര ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുന്നതും സ്രഷ്‌ടാവല്ലാതെ മറ്റാരെങ്കിലുമാണോ എന്ന്‌ ഖുര്‍ആന്‍ ചോദിക്കുന്നു. ``കരയിലെയും കടലിലെയും അന്ധകാരത്തില്‍ നിങ്ങള്‍ക്ക്‌ വഴികാണിക്കുന്നതാരാകുന്നു? തന്റെ മഴയാകുന്ന അനുഗ്രഹത്തിന്റെ മുന്നില്‍ കാറ്റുകളെ സുവാര്‍ത്തയായി അയക്കുന്നവന്‍ ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഇതിനുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നവയില്‍ നിന്നെല്ലാം അത്യുന്നതനത്രെ അല്ലാഹു.'' ``സൃഷ്‌ടി ആരംഭിക്കുന്നവനും പിന്നീടതാവര്‍ത്തിക്കുന്നവനും ആരാകുന്നു? വിണ്ണില്‍ നിന്നും മണ്ണില്‍ നിന്നും നിങ്ങള്‍ക്ക്‌ അന്നം തരുന്നവനാരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം ഉണ്ടോ? പറയൂ: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ തെളിവ്‌ കൊണ്ടുവരൂ'' (വി.ഖു 27:63,64)

``എന്നാല്‍ നിങ്ങള്‍ കൃഷിചെയ്യുന്നതിനെപ്പറ്റി നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത്‌ മുളപ്പിച്ച്‌ വളര്‍ത്തുന്നത്‌? അതോ നാമാണോ ഉല്‌പാദിപ്പിക്കുന്നത്‌?'' (വി.ഖു 56:63-64)

ഒരു ദൈവികദൃഷ്‌ടാന്തം

ഒരേ മണ്ണില്‍ ഒരേ വെള്ളവും വളവും സ്വീകരിച്ച്‌ വളരുന്ന വ്യത്യസ്‌ത സസ്യങ്ങള്‍ രുചിഭേദങ്ങളിലും ഗുണങ്ങളിലും വര്‍ണങ്ങളിലും വൈവിധ്യം പുലര്‍ത്തുന്നത്‌ മനുഷ്യനെ ചിന്തിപ്പിക്കേണ്ടതാണെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ``ഭൂമിയില്‍ തൊട്ടു തൊട്ടുകിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന്‌ പല ശാഖകളായി വളരുന്നതും വേറെ വേറെ മുരടുകളില്‍ നിന്ന്‌ വളരുന്നതുമായ ഈത്തപ്പനകളുണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്‌ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനേക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (വി.ഖു 13:4)

മഹത്തായ അനുഗ്രഹം

മാനവ സമൂഹത്തിന്‌ അല്ലാഹു നല്‌കിയ അനുഗ്രഹങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ഒന്നായി കൃഷിയെ അല്ലാഹു എടുത്തുപറയുന്നു. മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും ജീവിതവും നിലനില്‌പും ഭൂമിയില്‍ അവന്‍ നടത്തുന്ന കൃഷിയുമായി ബന്ധപ്പെട്ടത്‌ കൂടിയാണ്‌. പഴവര്‍ഗങ്ങളും ധാന്യങ്ങളും ഇതര കായ്‌കനികളും മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളില്‍ പെട്ടതാണല്ലോ. അല്ലാഹു പറയുന്നു: ``മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്ന്‌ ചിന്തിച്ചുനോക്കട്ടെ, നാം ശക്തിയായി വെള്ളം ചൊരിഞ്ഞ്‌ കൊടുത്തു; പിന്നീട്‌ നാം ഭൂമിയെ പിളര്‍ത്തിക്കൊടുത്തു, എന്നിട്ടതില്‍ ധാന്യവും മുന്തിരിയും പച്ചക്കറികളും ഒലീവും ഈത്തപ്പനയും ഇടതൂര്‍ന്നു നില്‌ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും പുല്ലും നാം മുളപ്പിച്ചു; നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.'' (വി.ഖു 80:24-32)

``അങ്ങനെ ആ വെള്ളം കൊണ്ട്‌ നാം നിങ്ങള്‍ക്ക്‌ ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക്‌ ധാരാളം പഴങ്ങളുണ്ട്‌. അവയില്‍ നിന്ന്‌ നിങ്ങള്‍ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.'' (വി.ഖു 23:19)

ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‌

ഏതൊരു രാജ്യവും ഭക്ഷ്യസുരക്ഷ കൈവരിക്കാനും ദാരിദ്ര്യത്തില്‍ നിന്ന്‌ കരകയറാനും ആ രാജ്യത്തെ ഭൂമി ഉല്‌പാദനക്ഷമമായിരിക്കേണ്ടതുണ്ട്‌. നാട്ടില്‍ സമൃദ്ധി നിറയ്‌ക്കാനുള്ള പ്രായോഗിക മാര്‍ഗങ്ങളിലൊന്നാണ്‌ കൃഷി. ഭക്ഷ്യധാന്യങ്ങളുടെ ഉല്‌പാദനവും സൂക്ഷിപ്പും ഏതൊരു രാജ്യവും പ്രോത്സാഹിപ്പിക്കും.

യൂസുഫ്‌ നബി(അ)യുടെ കാലത്ത്‌ ഈജിപ്‌തിനെ കടുത്ത ഭക്ഷ്യക്ഷാമത്തില്‍ നിന്നും രക്ഷിച്ചത്‌ ആസൂത്രണത്തോടെയുള്ള കൃഷിയും ധാന്യങ്ങളുടെ സൂക്ഷിപ്പുമായിരുന്നുവെന്ന്‌ ഖുര്‍ആന്‍ പറയുന്നു. ഫലസ്‌തീനടക്കമുള്ള സമീപരാജ്യങ്ങള്‍ കടുത്ത ക്ഷാമത്തിനും ദാരിദ്ര്യത്തിനും വിധേയമായപ്പോള്‍ ഈജിപ്‌ത്‌ പിടിച്ചുനിന്നത്‌ യൂസുഫ്‌(അ) നിര്‍ദേശിച്ച പ്രകാരമുള്ള കൃഷി മുഖേനയായിരുന്നു.

ഏഴ്‌ മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്ത ഏഴ്‌ പശുക്കളെ തിന്നുന്നതും ഏഴ്‌ പച്ചക്കതിരുകളും ഉണങ്ങിയ കതിരുകളും രാജാവ്‌ സ്വപ്‌നം കണ്ടു; ഇതിനെ വ്യാഖ്യാനിച്ച്‌ യൂസുഫ്‌(അ) പറഞ്ഞു: ``നിങ്ങള്‍ ഏഴു കൊല്ലം തുടര്‍ച്ചയായി കൃഷിചെയ്യുക; എന്നിട്ട്‌ നിങ്ങള്‍ കൊയ്‌തെടുത്തതില്‍ നിന്ന്‌ ഭക്ഷിക്കേണ്ടതൊഴിച്ച്‌ ബാക്കിയുള്ളത്‌ അവയുടെ കതിരില്‍ തന്നെ സൂക്ഷിക്കുക. പിന്നീടതിന്‌ ശേഷം പ്രയാസകരമായ ഏഴ്‌ വര്‍ഷം വരും. ആ വര്‍ഷങ്ങള്‍, അന്നേക്കായി നിങ്ങള്‍ മുന്‍കൂട്ടി സൂക്ഷിച്ചുവെച്ചിട്ടുള്ളതിനെയെല്ലാം തിന്ന്‌ തീര്‍ക്കുന്നതാണ്‌, നിങ്ങള്‍ കാത്തുവെക്കുന്നതില്‍ നിന്ന്‌ അല്‌പമൊഴികെ.'' (വി.ഖു 12:47,48)

കൃഷിയും മനുഷ്യപ്രകൃതിയും

കാര്‍ഷിക വിളകളോടുള്ള മനുഷ്യന്റെ അദമ്യമായ താല്‌പര്യം അവന്റെ പ്രകൃതിയില്‍ നിക്ഷിപ്‌തമാണെന്നാണ്‌ ഖുര്‍ആന്‍ പറയുന്നത്‌. കൃഷി, കാലിവളര്‍ത്തല്‍ എന്നിവ പുരാതന കാലം മുതല്‍ വരുമാനത്തിനുള്ള മാര്‍ഗമായി കണ്ടതു പോലെ ആനന്ദത്തിന്റെയും ആത്മനിര്‍വൃതിയുടെയും വഴിയായും സ്വീകരിച്ചിരുന്നു. ഖുര്‍ആന്‍ പറയുന്നു: ``ഭാര്യമാര്‍, മക്കള്‍, കുന്നുകൂട്ടിയ സ്വര്‍ണവും വെള്ളിയും, മേത്തരം കുതിരകള്‍, നാല്‌ക്കാലികള്‍, കൃഷിയിടം എന്നിങ്ങനെ ഇഷ്‌ടപ്പെട്ട വസ്‌തുക്കളോടുള്ള പ്രേമം മനുഷ്യര്‍ക്ക്‌ അലങ്കാരമായി തോന്നിക്കപ്പെട്ടിരിക്കുന്നു. അതൊക്കെ ഇഹലോക ജീവിതത്തിലെ വിഭവങ്ങളാകുന്നു. അല്ലാഹുവിന്റെ അടുക്കലാകുന്നു മനുഷ്യര്‍ക്ക്‌ ചെന്നുചേരാനുള്ള ഉത്തമ സങ്കേതം.'' (വി.ഖു 3:14)

ഉപമകളിലൂടെ

ഉപമകളും ഉദാഹരണങ്ങളും പറഞ്ഞാണ്‌ ഖുര്‍ആന്‍ ഒട്ടേറെ കാര്യങ്ങള്‍ വിവരിക്കുന്നത്‌. കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഉദാഹരണങ്ങളാണ്‌ സഹായിക്കുക. കൃഷിയുമായി ബന്ധമുള്ള ധാരാളം ഉപമകള്‍ ഖുര്‍ആനില്‍ നിറഞ്ഞുനില്‌ക്കുന്നുണ്ട്‌. നന്മയുടെ വഴിയില്‍ ധനം ചെലവഴിക്കുന്നതിനെ ഖുര്‍ആന്‍ ഉപമിക്കുന്നത്‌ കാണുക:

``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനെ ഉപമിക്കാവുന്നത്‌ ഒരു ധാന്യമണിയോടാകുന്നു. അത്‌ ഏഴ്‌ കതിരുകള്‍ ഉല്‌പാദിപ്പിച്ചു. ഓരോ കതിരിലും നൂറ്‌ ധാന്യമണികളും. അല്ലാഹു താനുദ്ദേശിക്കുന്നവര്‍ക്ക്‌ ഇരട്ടിയായി നല്‌കുന്നു. അല്ലാഹു ഏറെ കഴിവും അറിവും ഉള്ളവനാണ്‌.'' (വി.ഖു 2:261)

സദ്‌വൃത്തരായ സത്യവിശ്വാസികളെ ഉപമിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: ``അതാണ്‌ തൗറാത്തില്‍ അവരെപ്പറ്റിയുള്ള ഉപമ; ഇഞ്ചീലില്‍ അവരുടെ ഉപമ ഇങ്ങനെയാകുന്നു: ഒരു വിള അത്‌ അതിന്റെ കൂമ്പ്‌ പുറത്തുകാണിച്ചു. എന്നിട്ടതിനെ പുഷ്‌ടിപ്പെടുത്തി. എന്നിട്ടത്‌ കരുത്താര്‍ജിച്ചു. അങ്ങനെ അത്‌ കര്‍ഷകര്‍ക്ക്‌ കൗതുകം തോന്നിച്ചുകൊണ്ട്‌ അതിന്റെ കാണ്ഡത്തിന്മേല്‍ നിവര്‍ന്നു നിന്നു.'' (വി.ഖു 48:29)

ഏകദൈവവിശ്വാസത്തെയും സത്യവിശ്വാസത്തെയും അല്ലാഹു നല്ല ഫലവൃക്ഷത്തോടുപമിക്കുമ്പോള്‍ ശിര്‍ക്കിനെയും സത്യനിഷേധിയെയും ദുര്‍ബലവും ഫലശൂന്യവുമായ മരത്തോടാണ്‌ ഉപമിക്കുന്നത്‌. ``അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നല്‌കിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? അത്‌ ഒരു നല്ല മരം പോലെയാകുന്നു; അതിന്റെ മുരട്‌ ഉറച്ചുനില്‌ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നതുമാകുന്നു. അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക്‌ ആലോചിച്ച്‌ മനസ്സിലാക്കാനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു; ഭൂതലത്തില്‍ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്‌ യാതൊരു നിലനില്‌പുമില്ല. (ഖു 14:24-26)

ഭൗതിക ജീവിതത്തിന്റെ ക്ഷണികത ബോധ്യപ്പെടുത്താന്‍ സസ്യങ്ങളെയാണ്‌ അല്ലാഹു ഉദാഹരിക്കുന്നത്‌. ഒരു മഴ പെയ്യുമ്പോഴേക്ക്‌ മുളച്ചുപൊങ്ങി വളര്‍ന്ന്‌ ഏതാനും ദിവസം വെയിലേല്‌ക്കുമ്പോള്‍ ഉണങ്ങിപ്പോകുന്ന സസ്യങ്ങളെപ്പോലെ കുറഞ്ഞകാലം മാത്രമാണ്‌ ഐഹിക ജീവിതം. അല്ലാഹു പറയുന്നു: ``നബിയേ നീ അവര്‍ക്ക്‌ ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക; ആകാശത്ത്‌ നിന്ന്‌ നാം വെള്ളമിറക്കി; അതുമൂലം ഭൂമിയില്‍ സസ്യങ്ങള്‍ ഇടതൂര്‍ന്ന്‌ വളരുന്നു; താമസിയാതെ അത്‌ കാറ്റുകള്‍ പറത്തിക്കളയുന്ന തുരുമ്പായിത്തീര്‍ന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു. (വി.ഖു 18:50)

ആഹാര സ്രോതസ്സ്‌

ഭൂമിയില്‍ വൈവിധ്യമാര്‍ന്ന സസ്യങ്ങളും ഫലവര്‍ഗങ്ങളും അല്ലാഹു ഉല്‌പാദിപ്പിച്ചത്‌ തന്റെ അടിമകളുടെ അന്നത്തിന്‌ വേണ്ടിയാണെന്ന്‌ അല്ലാഹു അറിയിക്കുന്നു. മനുഷ്യരുടെ മാത്രമല്ല, പക്ഷിമൃഗാദികളുടെ ഭക്ഷണവും കൂടി കണക്കിലെടുത്താണ്‌ അല്ലാഹു വിവിധ വസ്‌തുക്കള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നത്‌. അല്ലാഹു പറയുന്നു: ``ഈത്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഉത്തമമായ ഭക്ഷണവും ലഹരിയും ഉണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്‌ടാന്തമുണ്ട്‌ (നഹ്‌ല്‍ 67). ``പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും ഈത്തപ്പനകളും വിവിധ തരം കനികളുള്ള കൃഷികളും പരസ്‌പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്‌ടിച്ചുണ്ടാക്കിയതവനാകുന്നു. അവയോരോന്നും കായ്‌ക്കുമ്പോള്‍ അതിന്റെ ഫലങ്ങളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതിന്റെ വിളവെടുപ്പു ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കില്ല (6:141). ``വരണ്ട ഭൂമിയിലേക്ക്‌ നാം വെള്ളം കൊണ്ടുചെല്ലുകയും അതുമൂലം ഇവരുടെ കാലികള്‍ക്കും ഇവര്‍ക്കുതന്നെയും തിന്നാനുള്ള കൃഷി നാം ഉല്‌പാദിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ ഇവര്‍ കണ്ടില്ലേ? അവര്‍ എന്നിട്ടും കണ്ടറിയുന്നില്ലേ? (വി.ഖു 32:27)

സ്വര്‍ഗത്തിലും നരകത്തിലും

സ്വര്‍ഗനിവാസികള്‍ക്ക്‌ ലഭിക്കുന്ന സ്വാദിഷ്‌ടമായ ഭക്ഷണത്തെക്കുറിച്ചും നരകക്കാരുടെ കഠിനമായ ശിക്ഷയെ കുറിച്ചും പരാമര്‍ശിക്കുന്നിടത്ത്‌ മരങ്ങളും വിശിഷ്ടമായ പഴവര്‍ഗങ്ങളും ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നു. ആദം നബി(അ)യെയും ഹവ്വാബീവിയെയും സ്വര്‍ഗത്തില്‍ താമസിപ്പിച്ചപ്പോള്‍ ഒരു മരത്തിന്റെ ഫലമൊഴികെ മറ്റേത്‌ പഴവും കായ്‌കനികളും തിന്നാന്‍ അനുവാദം നല്‌കിയിരുന്നു: ``നിങ്ങള്‍ ഉദ്ദേശിക്കുന്നേടത്ത്‌ നിന്ന്‌ സുഭിക്ഷമായി തിന്നുകൊള്ളുക; എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌.'' (വി.ഖു 2:35)

സ്വര്‍ഗക്കാര്‍ക്ക്‌ ലഭിക്കുന്ന പരസ്‌പര സാദൃശ്യമുള്ളതും രുചിവൈവിധ്യങ്ങള്‍ നിറഞ്ഞതുമായ പഴങ്ങളെക്കുറിച്ച്‌ ഖുര്‍ആന്‍ പറയുന്നു: ``അതിലെ ഓരോ കനിയും ഭക്ഷിക്കുവാനായി നല്‌കപ്പെടുമ്പോള്‍ `ഇതിനു മുമ്പ്‌ തങ്ങള്‍ക്ക്‌ നല്‌കപ്പെട്ടത്‌ തന്നെയാണല്ലോ ഇതും' എന്നായിരിക്കും അവര്‍ പറയുക. വാസ്‌തവത്തില്‍ പരസ്‌പരം സാദൃശ്യമുള്ള നിലയില്‍ അവര്‍ക്കത്‌ നല്‌കപ്പെടുകയാണുണ്ടായത്‌. (വി.ഖു 2:25)

അതേസമയം നരകവാസികള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയുടെ ഭാഗമായി സഖൂം വൃക്ഷത്തെയും ളരീഅ്‌ ചെടിയേയും ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ``അതാണോ വിശിഷ്‌ടമായ സല്‍ക്കാരം? അതല്ല സഖൂം വൃക്ഷമാണോ? തീര്‍ച്ചയായും അതിനെ നാം അക്രമകാരികള്‍ക്കു ഒരു പരീക്ഷണമാക്കിയിരിക്കുന്നു. നരകത്തിന്റെ അടിയില്‍ മുളച്ചുപൊങ്ങുന്ന ഒരു വൃക്ഷമത്രെ അത്‌. അതിന്റെ കുല പിശാചുകളുടെ തലപോലിരിക്കും. തീര്‍ച്ചയായും അവര്‍ അതില്‍ നിന്ന്‌ തിന്ന്‌ വയറ്‌ നിറയ്‌ക്കുന്നതായിരിക്കും (വി.ഖു 37:62-66). ``ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക്‌ യാതൊരു ആഹാരവുമില്ല; അത്‌ പോഷണം നല്‌കുന്നതോ വിശപ്പടക്കുന്നതോ അല്ല''(വി.ഖു 88:6,7). വളരെ കൈപ്പുള്ള ഒരു ചെടിയാണ്‌ ളരീഅ്‌.

വെട്ടിനിരത്തലും കൊലപാതകവും വിളകള്‍ നശിപ്പിക്കുന്നതിനെ

വിളകള്‍ നശിപ്പിക്കുന്നതിനെയും മനുഷ്യരെ കൊല്ലുന്നതിനെയും ഒരേ വചനത്തിലാണ്‌ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്‌. ചില അധികാരികള്‍ ഭൂമിയില്‍ സൃഷ്‌ടിക്കുന്ന കുഴപ്പങ്ങളുടെ ഭാഗമായാണ്‌ ഖുര്‍ആന്‍ വിളനശീകരണവും കൊലപാതകവും ഒന്നിച്ച്‌ പറയുന്നത്‌. ഇത്‌ കൃഷി നശിപ്പിക്കുന്നതിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നുണ്ട്‌. അല്ലാഹു പറയുന്നു: ``അവന്‌ അധികാരം കിട്ടിയാല്‍ ഭൂമിയില്‍ നാശമുണ്ടാക്കുന്നതിന്‌ വേണ്ടിയും അതിലെ വിളവുകളെയും മനുഷ്യവംശത്തെയും നശിപ്പിക്കാന്‍ വേണ്ടിയും അവന്‍ ഓടിനടക്കുന്നതാണ്‌. നശീകരണമാകട്ടെ അല്ലാഹു ഇഷ്‌ടപ്പെടുന്നില്ല'' (വി.ഖു 2:205). യുദ്ധസമയത്ത്‌ പോലും ശത്രുക്കളുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കരുതെന്ന്‌ നബി(സ) യോദ്ധാക്കള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‌കിയിരുന്നു.

പുനരുത്ഥാനം ഒരു സത്യം

മരിച്ച്‌ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന മുഴുവന്‍ മനുഷ്യരെയും ഒരു നാള്‍ അല്ലാഹു പുനര്‍ജീവിപ്പിക്കുന്നതാണ്‌. ഖുര്‍ആന്‍ ഊന്നിപ്പറയുന്ന ഈ യാഥാര്‍ഥ്യം വ്യക്തമാവാന്‍, ഊഷരഭൂമിയില്‍ മഴവെള്ളമെത്തിയാല്‍ മുളച്ചുപൊങ്ങുന്ന സസ്യങ്ങളെ കുറിച്ച്‌ ആലോചിച്ചാല്‍ തന്നെ മതി. അല്ലാഹു പറയുന്നു: ``നിശ്ചയമായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു. അവര്‍ക്കൊരു ദൃഷ്‌ടാന്തമുണ്ട്‌. നിര്‍ജീവമായ ഭൂമി, അതിന്‌ നാം ജീവന്‍ നല്‌കുകയും അതില്‍ നിന്ന്‌ നാം ധാന്യം ഉല്‌പാദിപ്പിക്കുകയും ചെയ്‌തു. എന്നിട്ട്‌ അതില്‍ നിന്നാണവര്‍ ഭക്ഷിക്കുന്നത്‌.'' (വി.ഖു 36:32,33)

കാര്‍ഷിക വിളകളും സക്കാത്തും

കാര്‍ഷിക വിളകള്‍ക്ക്‌ വിളവെടുപ്പ്‌ സമയത്ത്‌ തന്നെ സകാത്ത്‌ നല്‌കണമെന്ന്‌ ഖുര്‍ആന്‍ പറയുന്നു: ``അവയോരോന്നും കായ്‌ക്കുമ്പോള്‍ നിങ്ങള്‍ അതിന്റെ ഫലങ്ങള്‍ തിന്ന്‌ കൊള്ളുക; വിളവെടുപ്പ്‌ ദിവസം അതിന്റെ ബാധ്യത നിങ്ങള്‍ കൊടുത്തുവീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്‌ടപ്പെടുകയേ ഇല്ല'' (വി.ഖു 6:141)

പച്ചപിടിച്ചുനില്‌ക്കുന്ന കൃഷിയും തോട്ടങ്ങളും മനുഷ്യരുടെ മനസ്സിനെ കുളിരണിയിക്കുന്നതും കണ്ണുകള്‍ക്ക്‌ കുളിര്‍മ നല്‌കുന്നതുമാണ്‌. സസ്യങ്ങളെയും ചെടികളെയും ഇഷ്‌ടപ്പെടുക മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്‌. അതുകൊണ്ട്‌ തന്നെയാണ്‌ ഖുര്‍ആന്‍ കൃഷിയെയും കാര്‍ഷിക വൃത്തിയെയും കര്‍ഷകനെയും വളരെയധികം പരാമര്‍ശിക്കുന്നത്‌. എല്ലാം സ്രഷ്‌ടാവിനെ മനസ്സിലാക്കാനും അവന്‌ നന്ദി കാണിക്കാനും ഉപകരിക്കണമെന്നാണ്‌ ഖുര്‍ആനിന്റെ താല്‌പര്യം.

by പി അബ്‌ദു സലഫി @ശബാബ് വാരിക

നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങള്‍

ദൈവസാമീപ്യവും ദൈവപ്രീതിയും നേടി ഇഹപരവിജയങ്ങള്‍ കൈവരിക്കാന്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്‌ നിയമമാക്കിയ ആരാധനകളുടെ (ഇബാദത്ത്‌) കൂട്ടത്തില്‍ ഏറ്റവും ശ്രേഷ്‌ഠമായതാണ്‌ നമസ്‌കാരം. അത്‌ ഇസ്‌ലാമിക ജീവിതത്തിന്റെ മുഖ്യസ്‌തംഭവും മുസ്‌ലിമിന്റെ സത്വപ്രകാശനവുമാണ്‌. ഒരു മനുഷ്യനും ശിര്‍ക്കിനുമിടയില്‍ (മറ്റൊരു റിപ്പോര്‍ട്ടില്‍ കുഫ്‌റിനുമിടയില്‍) നമസ്‌കാരമുപേക്ഷിക്കല്‍

മാത്രമേയുള്ളൂ എന്ന പ്രവാചകവചനം അതിന്റെ അനിവാര്യതയും സര്‍വ പ്രാധാന്യവും വ്യക്തമാക്കുന്നു. ഇത്രയും മഹത്തായ ഈ ഇബാദത്ത്‌ വെറും ചടങ്ങും ഔപചാരികമായ അനുഷ്‌ഠാനവും അല്ല; ആയിക്കൂടാ. അതില്‍ ഭൗതികവും ആത്മീയവും വ്യക്തിപരവും സാമൂഹികവും പ്രത്യക്ഷവും പരോക്ഷവുമായ നിരവധി അര്‍ഥതലങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അന്തര്‍ലീനമായിരിക്കുന്നു.

ലക്ഷ്യം

നമസ്‌കാരത്തിന്റെ പരമലക്ഷ്യം എന്താണ്‌? അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ പറയുന്നു: ``....എന്നെ ഓര്‍മിക്കാന്‍ വേണ്ടി നീ നമസ്‌കാരം നിലനിര്‍ത്തുക.'' (ത്വാഹാ 14)

നമസ്‌കാരത്തിന്റെ ഉദ്ദിഷ്‌ടലക്ഷ്യം ദൈവസ്‌മരണയും അതിലൂടെ അല്ലാഹുവുമായുള്ള നിരന്തരമായ ബന്ധവും നിലനിര്‍ത്തലായതിനാല്‍, അത്‌ ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ നിര്‍വഹിക്കുന്ന ഏറ്റവും പുണ്യകരവും ശ്രേഷ്‌ഠവുമായ കര്‍മമായിത്തീരുന്നു. കാരണം, ജീവിതത്തിലെ മറ്റെല്ലാറ്റിനേക്കാളും വലിയ, ഏറ്റവും മഹത്തായ കാര്യം അല്ലാഹുവിനെ ഓര്‍മിക്കുക എന്നതാണെന്ന്‌ അവന്‍ നമ്മെ അറിയിച്ചിട്ടുണ്ട്‌. (അന്‍കബൂത്ത്‌ 45)

അതുകൊണ്ട്‌ ഒരു സത്യവിശ്വാസിയുടെ ജീവിതവിജയത്തിന്റെ മുഖ്യനിദാനം നമസ്‌കാരത്തിന്റെ ഭക്തിപൂര്‍ണവും ആത്മാര്‍ഥവുമായ നിര്‍വഹണമാണ്‌. ``തങ്ങളുടെ നമസ്‌കാരത്തില്‍ ഭയഭക്തിയുള്ള സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു...''(മുഅ്‌മിനൂന്‍ 12) ഈ ആശയം ഖുര്‍ആനില്‍ ഒന്നിലധികം തവണ ആവര്‍ത്തിച്ചിട്ടുണ്ട്‌.

ചൈതന്യം

എല്ലാ ഇബാദത്തുകളുടെയും ചൈതന്യമായിരിക്കേണ്ടത്‌ ഇഹ്‌സാന്‍ ആണ്‌. അതിനെ നബി(സ) ഒരു ഹദീസില്‍ ഇങ്ങനെ നിര്‍വചിക്കുന്നു: ``ഇഹ്‌സാന്‍ എന്നാല്‍ അല്ലാഹുവിനെ നീ കാണുന്നുവെന്ന പോലെ അവനെ നീ ആരാധിക്കുകയെന്നതാണ്‌. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടല്ലോ.'' അതായത്‌, സദാസമയവും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണ്‌ നാം എന്ന ദൃഢമായ ബോധം. ഒരു സത്യവിശ്വാസിയുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനിവാര്യമായി ഉണ്ടായിരിക്കേണ്ട ഈ ഗുണം ഏറ്റവുമധികം പ്രകടമാകുന്നത്‌ നമസ്‌കാരത്തിലാണ്‌. അതുകൊണ്ട്‌, തന്റെ കണ്‍മുമ്പിലുണ്ട്‌ എന്ന മാനസിക ഭാവത്തോടെ ഭയഭക്തിയോടെ നമസ്‌കാരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യവിശ്വാസി സ്വാഭാവികമായും അല്ലാഹു ഇഷ്‌ടപ്പെടാത്ത പാപകൃത്യങ്ങളില്‍ നിന്നും ദുഷ്‌കര്‍മങ്ങളില്‍ നിന്നും വിട്ടുനിന്നു വിശുദ്ധമായ ഒരു ജീവിതം നയിക്കാന്‍ പരമാവധി ശ്രമിക്കാതിരിക്കില്ല. അതാണ്‌ അല്ലാഹു പറയുന്നത്‌: ``....നിശ്ചയം, നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍മിക്കുക എന്നത്‌ ഏറ്റവും മഹത്തായത്‌ തന്നെയാകുന്നു...'' (അന്‍കബൂത്ത്‌ 45). നമസ്‌കാരത്തിന്റെ ലക്ഷ്യവും ചൈതന്യവും എന്താണെന്ന്‌ ഈ വചനം ചുരുങ്ങിയ വാക്കുകളിലൂടെ നമുക്ക്‌ വ്യക്തമാക്കിത്തരുന്നു. ഒരാള്‍ തന്റെ വീട്ടിന്റെ മുമ്പിലൂടെ ഒഴുകുന്ന ഒരു നദിയില്‍ നിന്ന്‌ എല്ലാ ദിവസവും അഞ്ചുനേരം കുളിക്കുകയാണെങ്കില്‍ അയാളുടെ ശരീരം എത്രമാത്രം വൃത്തിയുള്ളതായിരിക്കുമോ, അതുപോലെ അഞ്ചുനേരം നമസ്‌കരിക്കുന്ന മനുഷ്യന്‍ പാപമാലിന്യങ്ങളില്‍ നിന്ന്‌ ശുദ്ധനായിരിക്കും എന്ന പ്രസിദ്ധമായ നബിവചനവും ഇവിടെ ഓര്‍ക്കുക.

മനസ്സിന്റെ ശാന്തിക്ക്‌

നമസ്‌കാരത്തില്‍ നിന്നുളവാകുന്ന മറ്റൊരു മഹത്തായ നേട്ടം, അത്‌ വിശ്വാസിയുടെ മനസ്സിനെ ശാന്തവും ശക്തവും ദൃഢവുമാക്കി മാറ്റുന്നു എന്നതാണ്‌. കാരണം, നമസ്‌കാരം ഏറ്റവും ഉദാത്തവും ചിരസ്ഥായിയുമായ ദൈവസ്‌മരണയാണ്‌. ദൈവസ്‌മരണ മനസ്സിനെ ശാന്തവും സ്വസ്ഥവുമാക്കാന്‍ പര്യാപ്‌തമാണ്‌. അല്ലാഹു പറയുന്നു: ``....അറിയുക, അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മകൊണ്ടാണ്‌ ഹൃദയങ്ങള്‍ ശാന്തമാകുന്നത്‌.'' (റഅ്‌ദ്‌ 28)

നമസ്‌കാരം കൊണ്ട്‌ ലഭ്യമാകുന്ന ഈ മനശ്ശാന്തി സത്യവിശ്വാസിയില്‍ മാനസിക സന്തുലിതത്വവും വൈകാരിക പക്വതയും വളര്‍ത്തുന്നു. പൊതുവെ മനുഷ്യരില്‍ കാണപ്പെടുന്ന ഉത്‌കണ്‌ഠകളെയും അസ്വസ്ഥതകളെയും അരക്ഷിതത്വബോധത്തെയും സ്വാര്‍ഥതയെയും സങ്കുചിതത്വത്തെയും അതിജയിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അതാണ്‌ ഈ ഖുര്‍ആന്‍ വചനങ്ങള്‍ വ്യക്തമാക്കുന്നത്‌:

``നിശ്ചയം, മനുഷ്യന്‍ അത്യധികം അക്ഷമനായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു. തിന്മ ബാധിച്ചാല്‍ അവന്‍ പരിഭ്രാന്തനും നന്മ കൈവന്നാല്‍ (അത്‌ സ്വന്തമാക്കി മറ്റുള്ളവരില്‍ നിന്നും) തടഞ്ഞുവെക്കുന്നവനും ആകുന്നു- തങ്ങളുടെ നമസ്‌കാരത്തില്‍ സ്ഥിരനിഷ്‌ഠയുള്ളവരായ നമസ്‌കാരക്കാരൊഴികെ......'' (മആരിജ്‌ 19-22)

ശക്തിയുടെ സ്രോതസ്സ്‌

നമസ്‌കാരം ജീവിതത്തില്‍ എപ്പോഴെങ്കിലും നിര്‍വഹിക്കേണ്ട ഒരു കര്‍മമല്ല; ഒരു മുസ്‌ലിം പ്രായപൂര്‍ത്തി എത്തിയതു മുതല്‍ മരണംവരെ ജീവിതത്തിലുടനീളം ഓരോ ദിവസവും നിശ്ചിത സമയങ്ങളില്‍ നിര്‍വഹിക്കേണ്ട ഒരു ഇബാദത്താണ്‌. ``നിശ്ചയം, നമസ്‌കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു ബാധ്യതയാകുന്നു'' (നിസാഅ്‌ 103).

നമസ്‌കാര നിര്‍വഹണത്തില്‍ പാലിക്കേണ്ട ഈ നൈരന്തര്യവും സ്ഥിരനിഷ്‌ഠയും സത്യവിശ്വാസിയില്‍ ക്ഷമയുടെയും സഹനത്തിന്റെയും മനസ്ഥൈര്യത്തിന്റെയും ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്നു. ജീവിതത്തിലെ ഏത്‌ പ്രതിസന്ധികളെയും ശാന്തതയോടെയും ധീരതയോടെയും ആത്മസംയമനത്തോടുംകൂടി അഭിമുഖീകരിക്കാന്‍ അത്‌ അവനെ പ്രാപ്‌തനാക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ സഹനവും നമസ്‌കാരവും കൊണ്ട്‌ (അല്ലാഹുവിന്റെ) സഹായംതേടുക...''(ബഖറ 45)

ഓരോ ദിവസവും നിശ്ചിതമായ അഞ്ചു സമയങ്ങളില്‍ -സമയചംക്രമണത്തിന്റെ അഞ്ച്‌ സംക്രമണഘട്ടങ്ങളില്‍ -കൃത്യമായി നമസ്‌കരിക്കുന്ന ഒരു മുസ്‌ലിം പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും താളക്രമത്തിനൊപ്പം തന്റെ ജീവിതത്തെ ക്രമീകരിക്കുകയാണ്‌ ചെയ്യുന്നത്‌. ഇത്‌, ജീവിതത്തില്‍ കൃത്യനിഷ്‌ഠയുടെയും അച്ചടക്കത്തിന്റെയും ക്രമത്തിന്റെയും വ്യവസ്ഥയുടെയും നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവനെ സഹായിക്കുന്നു.

ആത്മീയാനുഭൂതി

നമസ്‌കാരം ശാരീരികമായ ഒരു ആരാധനാകര്‍മമാണെങ്കിലും അതില്‍ ശരീരം മാത്രമല്ല, നമസ്‌കരിക്കുന്നവന്റെ ആത്മാവും മനസ്സും ബുദ്ധിയുമെല്ലാം ഒരുമിച്ചു ഭാഗഭാക്കാവുന്നു. എല്ലാ ലൗകിക ചിന്തകളില്‍ നിന്നും സ്വത്വത്തെ വിച്ഛേദിച്ചുകൊണ്ട്‌ പൂര്‍ണമായ ജാഗ്രതയോടും മനസ്സാന്നിധ്യത്തോടും ദൈവഭയത്തോടും കൂടി നിര്‍ദിഷ്‌ടമായ പ്രാര്‍ഥനകളിലൂടെയും ദൈവസ്‌മരണാ വചനങ്ങളിലൂടെയും മാറിമാറിവരുന്ന ചലനങ്ങളിലൂടെയും തന്റെ നമസ്‌കാരത്തില്‍ സത്യവിശ്വാസി അല്ലാഹുവുമായി കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നു.

നമസ്‌കാരത്തിലെ ഓരോ പ്രവര്‍ത്തനത്തിലൂടെയും പ്രാര്‍ഥനോച്ചാരണത്തിലൂടെയും ചിന്തയിലൂടെയും ദൈവത്തോടുള്ള പരമമായ വിധേയത്വവും കീഴ്‌വണക്കവും ഭയഭക്തികളും അവന്‍ പ്രഖ്യാപിക്കുന്നു. ഈ ദൈവവിധേയത്വവും സാമീപ്യവും സാഷ്‌ടാംഗ പ്രണാമത്തില്‍ (സുജൂദ്‌) അതിന്റെ പാരമ്യത്തിലെത്തുന്നു. ഒരു അടിമ തന്റെ നാഥനായ ദൈവവുമായി ഏറ്റവുമധികം അടുക്കുന്നത്‌ സുജൂദിലാണെന്ന്‌ പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്‌. ഇങ്ങനെ, സത്യവിശ്വാസിയെ ഭൂമിയില്‍ നിന്നും ദൈവസന്നിധിയിലേക്കുയര്‍ത്തുന്ന അതുല്യവും അത്യുന്നതവുമായ ഒരു ആത്മീയാനുഭൂതിയാണ്‌ നമസ്‌കാരം. അതുകൊണ്ട്‌ സത്യവിശ്വാസിയുടെ മിഅ്‌റാജ്‌ (ആകാശാരോഹണം) എന്ന്‌ അത്‌ വിശേഷിപ്പിക്കപ്പെടുന്നു.

ഭൗതികബന്ധങ്ങളില്‍ നിന്നെല്ലാം മുക്തനായി പ്രാര്‍ഥനയിലൂടെയും ദൈവസ്‌മരണയിലൂടെയും ദൈവസന്നിധാനത്തിലേക്കുയര്‍ത്തപ്പെടുമ്പോഴും അവന്‍ സ്വയം മറന്നു `പരമാത്മാവില്‍ ലയിച്ച്‌' ഇല്ലാതാകുന്നില്ല. അല്ലാഹുവുമായി മുനാജാത്ത്‌ (രഹസ്യഭാഷണം) നടത്തുമ്പോഴും അവന്‍ തന്റെ ഭൗതിക ചുറ്റുപാടുകളെക്കുറിച്ചും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ബോധവാനായിരിക്കും. ആത്മീയതയെയും ഭൗതികതയെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന ഇസ്‌ലാമിന്റെ ജീവിതവീക്ഷണത്തെ പൂര്‍ണമായും പ്രതിഫലിപ്പിക്കുന്നതാണ്‌ നമസ്‌കാരമടക്കമുള്ള അതിലെ ആരാധനകള്‍. നമസ്‌കരിക്കുമ്പോള്‍ കണ്ണുകള്‍ ആകാശത്തിലേക്കുയര്‍ത്തുകയല്ല, ഭൂമിയില്‍ ദൃഷ്‌ടികളൂന്നുകയാണ്‌ വേണ്ടതെന്ന പ്രവാചകന്റെ(സ) നിര്‍ദേശം ഈ ആശയത്തിന്റെ പ്രതീകാത്മകമായ വിവരണമായി കണക്കാക്കാം.

ഇങ്ങനെ, ധ്യാനത്തിന്റെ നിശ്ചലതയും കര്‍മത്തിന്റെ ചലനാത്മകതയും ഒരുപോലെ ഉള്‍ച്ചേര്‍ന്നിരിക്കുന്ന അനുപമമായ ഒരു ആരാധനയാണ്‌ നമസ്‌കാരം. യോഗയുടെയും ധ്യാനത്തിന്റെയും ജീവിതകലയുടെയും ദിക്‌റ്‌ ഹല്‍ഖകളുടെയും എല്ലാ നല്ല ഗുണങ്ങളും അതോടൊപ്പം അതിനപ്പുറം നിരവധി ആത്മീയ ഭൗതിക നന്മകളും ഉള്‍ക്കൊള്ളുന്ന നമസ്‌കാരം കൃത്യമായും ഭയഭക്തിയോടെയും ആചരിക്കുന്ന ഒരു മുസ്‌ലിം ശാരീരികവും മാനസികവുമായ സൗഖ്യവും ശാന്തിയും തേടിക്കൊണ്ട്‌ ഈ പറഞ്ഞ `ആത്മീയ അഭ്യാസങ്ങള്‍ക്കു' പിന്നാലെ പോകേണ്ടതില്ല.

സംഘനമസ്‌കാരത്തിന്റെ മഹത്വം

ഒറ്റക്ക്‌ നമസ്‌കരിക്കുന്നത്‌ അനുവദനീയമാണെങ്കിലും അത്‌ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്‌, മുസ്‌ലിംകള്‍ പള്ളിയില്‍ ഒരുമിച്ചുകൂടി സംഘമായി (ജമാഅത്തായി) നമസ്‌കരിക്കണമെന്നാണ്‌ അനുശാസിക്കപ്പെട്ടിട്ടുള്ളത്‌. ലോകമുസ്‌ലിംകളുടെ ആത്മീയകേന്ദ്രമായ മക്കയിലെ കഅ്‌ബയുടെ ദിശയിലേക്ക്‌ (ഖിബ്‌ല) തിരിഞ്ഞുകൊണ്ട്‌ കൃത്യമായി അണികളൊപ്പിച്ച്‌ ഒട്ടും വിടവില്ലാതെ പരസ്‌പരം ചേര്‍ന്നുനിന്നു, ഏകമനസ്സോടും ഏകലക്ഷ്യത്തോടും കൂടി തങ്ങളുടെ നാഥന്റെ മുമ്പില്‍, നിന്നും ഇരുന്നും നമിച്ചും കൊണ്ട്‌ അവര്‍ ഒന്നിച്ചുനമസ്‌കരിക്കുമ്പോള്‍ എന്തെല്ലാം അര്‍ഥതലങ്ങളാണ്‌ അതിന്‌ കൈവരുന്നതെന്നും എന്തെല്ലാം പ്രയോജനങ്ങളും സദ്‌ഫലങ്ങളുമാണ്‌ അതില്‍നിന്ന്‌ ഉത്ഭൂതമാകുന്നതെന്നും എന്തെല്ലാം ദൈവികാനുഗ്രഹങ്ങളാണ്‌ അവരുടെ മേല്‍ വര്‍ഷിക്കുന്നതെന്നും വിവരിക്കാന്‍ ഒരാള്‍ക്കും കഴിയുകയില്ല.

മുസ്‌ലിംകളുടെ മാനസികമായ ഏകീഭാവം, സാമൂഹ്യമായ ഐക്യവും കെട്ടുറപ്പും സമത്വബോധവും, ഒരൊറ്റ ബിന്ദുവില്‍ കേന്ദ്രീകൃതമായ ദിശാബോധം, ആദര്‍ശപരമായ ഒരുമ, സാര്‍വലൗകിക സാഹോദര്യം, ഭിന്നിപ്പിന്റെയും ശൈഥില്യത്തിന്റെയും പ്രവണതകള്‍ക്കെതിരെയുള്ള കൂട്ടായ പ്രതിരോധം, പ്രവാചകന്മാരെല്ലാം പ്രബോധനംചെയ്‌ത തൗഹീദിന്റെയും അതിന്റെ അടിസ്ഥാനത്തിലുള്ള സാഹോദര്യത്തിന്റെയും ചരിത്രത്തിലൂടെയുള്ള നൈരന്തര്യത്തിന്റെ പ്രഘോഷണം. പരസ്‌പരമുള്ള ആശയവിനിമയങ്ങള്‍ക്കും പ്രശ്‌നപരിഹാരങ്ങള്‍ക്കുമുള്ള അവസരലഭ്യത, കൂട്ടായ പ്രാര്‍ഥനയിലൂടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകാനുള്ള സാധ്യത, അവരുടെ നന്മയ്‌ക്കുവേണ്ടിയുള്ള മലക്കുകളുടെ പ്രാര്‍ഥന.... എന്നിങ്ങനെ പലതും.

ആള്‍ക്കൂട്ടത്തിന്നിടയിലും സ്വന്തമായ ഏകാന്ത പ്രാര്‍ഥന, ഏകാന്ത പ്രാര്‍ഥനയ്‌ക്കിടയിലും താനുള്‍പ്പെടുന്ന സമൂഹത്തെ കുറിച്ചുള്ള ബോധവും ശ്രദ്ധയും -ഈ രണ്ട്‌ അവസ്ഥകളെയും സമഞ്‌ജസമായി സമ്മേളിപ്പിക്കുന്ന അതുല്യവും മനോഹരവുമായ ഒരു കര്‍മമാണ്‌ ജമാഅത്ത്‌ നമസ്‌കാരം.'

ആരോഗ്യപരമായ സദ്‌ഫലങ്ങള്‍

നമസ്‌കാരത്തില്‍ നിന്ന്‌ ആരോഗ്യപരവും വൈദ്യശാസ്‌ത്രപരവുമായ ചില പ്രയോജനങ്ങളും ലഭ്യമാകുന്നുണ്ട്‌. മുന്‍പറഞ്ഞതുപോലെ നമസ്‌കാരത്തിലൂടെ ലഭ്യമാകുന്ന മനശ്ശാന്തിയുടെ ഫലമായി മാനസികാരോഗ്യം വര്‍ധിക്കുകയും അതിലൂടെ ശാരീരികമായ സൗഖ്യവും സുസ്ഥിതിയും ഉണ്ടാവുകയും ചെയ്യുന്നു. മിതവും സ്ഥിരവുമായ ഒരു വ്യായാമം അത്‌ ശരീരത്തിനു പ്രദാനംചെയ്യുന്നു. ഹൃദ്‌രോഗം, രക്തസമ്മര്‍ദം, ആസ്‌ത്‌മ പോലുള്ള ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, കരള്‍രോഗം, കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍, മസ്‌തിഷ്‌ക സ്രാവം തുടങ്ങിയ ചില രോഗങ്ങളുടെ ശമനത്തിന്‌ നമസ്‌കാരം സഹായകമാണ്‌. രക്തചംക്രമണത്തിന്റെ ക്രമീകരണത്തിലൂടെ ശരീരാവയവങ്ങളുടെ ആരോഗ്യസംരക്ഷണം, ഹോര്‍മോണുകളുടെ ഉല്‌പാദനത്തിന്റെയും അളവിന്റെയും ക്രമീകരണം, പേശീ-നാഡീ വ്യവസ്ഥകളുടെ പ്രവര്‍ത്തനക്ഷമത, ചര്‍മസംരക്ഷണം, സൂക്ഷ്‌മമായ ഇന്ദ്രിയ സംവേദനത്വം, ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും തെളിമ... തുടങ്ങിയ ധാരാളം പ്രയോജനങ്ങള്‍ നമസ്‌കാരം കൊണ്ട്‌ ലഭിക്കുമെന്ന്‌ ഈ രംഗത്തെ വിദഗ്‌ധര്‍ വിശദീകരിച്ചിട്ടുണ്ട്‌.

വയ്‌ലുന്‍ ലില്‍ മുസ്വല്ലീന്‍

നമസ്‌കാരത്തിന്റെ മഹത്തായ അര്‍ഥങ്ങളുള്‍ക്കൊള്ളാനും പ്രയോജനങ്ങള്‍ നേടാനും നമസ്‌കരിക്കുന്ന എല്ലാ മുസ്‌ലിംകള്‍ക്കും കഴിയുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്‌. തീര്‍ച്ചയായും ആത്മാര്‍ഥതയോടും ഭക്തിയോടും കൃത്യനിഷ്‌ഠയോടും കൂടി നമസ്‌കാരം നിര്‍വഹിക്കുന്ന വിശ്വാസികള്‍ക്ക്‌ അതിനു കഴിയുന്നുണ്ട്‌. ഇതൊരു അനുഭവസത്യമാണ്‌. എന്നാല്‍ നമസ്‌കരിക്കുന്നവരില്‍ എല്ലാവര്‍ക്കും അത്‌ കഴിയുന്നില്ല. കാരണം, പലരും അലസമായും അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരാണ്‌. അവര്‍ക്ക്‌ നമസ്‌കാരത്തിന്റെ ഉദാത്തമായ അര്‍ഥങ്ങളും ഉദ്ദേശങ്ങളും പ്രയോജനങ്ങളും അനുഭവവേദ്യമാകുന്നില്ല. അവരെക്കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറയുന്നത്‌: ``....തങ്ങളുടെ നമസ്‌കാരത്തെക്കുറിച്ച്‌ അശ്രദ്ധരും (മറ്റുള്ളവരെ) കാണിക്കാനായി (അത്‌) നിര്‍വഹിക്കുന്നവരും പരോപകാരവസ്‌തുക്കള്‍ (ആവശ്യക്കാര്‍ക്ക്‌ കൊടുക്കാതെ) തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്ക്‌ നാശം!'' (അല്‍മാഊന്‍ 4-7)

ഈ ദൈവവചനങ്ങള്‍ അശ്രദ്ധമായും ആത്മാര്‍ഥതയില്ലാതെയും നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ച്‌ താക്കീത്‌ ചെയ്യുക മാത്രമല്ല, ആത്മാര്‍ഥവും ഭക്തിപൂര്‍ണവുമായ നമസ്‌കാരം അത്‌ അനുഷ്‌ഠിക്കുന്നവരില്‍ മനുഷ്യസ്‌നേഹവും സാമൂഹ്യബോധവും പരോപകാരതല്‌പരതയും വളര്‍ത്തുമെന്ന്‌ വ്യക്തമാക്കുകയും ചെയ്യുന്നു. അതും നമസ്‌കാരത്തിന്റെ സൂക്ഷ്‌മാര്‍ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌. അത്തരത്തില്‍ നമസ്‌കാരം അനുഷ്‌ഠിക്കുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടാനാകട്ടെ നമ്മുടെ ശ്രമം.

by ഡോ. ഇ കെ അഹ്‌മദ്‌കുട്ടി @ ശബാബ് വാരിക

ബിദ്‌അത്ത്‌ ഉത്‌ഭവവും വ്യാപനവും

ശൈശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്‌അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്‌ സമുദായത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അതിനെപ്പറ്റി റസൂല്‍(സ) നേരത്തെ പ്രവചിച്ചിട്ടുണ്ട്‌: ``എനിക്കു ശേഷം ജീവിക്കുന്നവര്‍ക്ക്‌ ധാരാളം അഭിപ്രായ വ്യത്യാസം കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെയും ഖുലഫാഉര്‍റാശിദിന്റെയും സുന്നത്ത്‌ സ്വീകരിക്കുക.''

ആദ്യമായി പ്രത്യക്ഷപ്പെട്ട ബിദ്‌അത്ത്‌ ഖദ്‌രിയ്യ, മുര്‍ജിഅ, ശീഅ, ഖവാരിജ്‌ എന്നീ വിഭാഗങ്ങളുടെ ബിദ്‌അത്താണ്‌. ഈ ബിദ്‌അത്തുകള്‍ രണ്ടാം നൂറ്റാണ്ടിലാണ്‌ രംഗത്തുവന്നത്‌, സ്വഹാബിമാര്‍ ജീവിച്ചിരിക്കുമ്പോള്‍. അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നെയാണ്‌ മുഅ്‌തസിലുകളുടെ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടായി. അഭിപ്രായവ്യത്യാസങ്ങളും ബിദ്‌അത്തുകളും തന്നിഷ്‌ടങ്ങളോടുള്ള താല്‌പര്യങ്ങളും ഉടലെടുത്തു. സ്വൂഫിസവും ഖബ്‌റുകള്‍ കെട്ടിപൊക്കലും വിശിഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം നിലവില്‍വന്നു.

പല മുസ്‌ലിംനാടുകളിലും ബിദ്‌അത്ത്‌ ഉണ്ടായിട്ടുണ്ട്‌. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: നബി(സ)യുടെ സ്വഹാബിമാര്‍ താമസിച്ചിരുന്നതും ഇല്‍മും ഈമാനും പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതുമായ പട്ടണങ്ങള്‍ അഞ്ചെണ്ണമായിരുന്നു. മക്ക, മദീന, ബസ്വറ, കൂഫ, ശാം. അവയില്‍ നിന്നാണ്‌ ഖുര്‍ആനും ഹദീസും ഫിഖ്‌ഹും ഇബാദത്തും അവയോടനുബന്ധിച്ച ഇസ്‌ലാമിന്റെ കാര്യങ്ങളും പുറത്തുവന്നത്‌. മദീന ഒഴികെയുള്ള ഈ പട്ടണങ്ങളില്‍ നിന്നാണ്‌ മൗലിക ബിദ്‌അത്തുകള്‍ പ്രവഹിച്ചത്‌. കൂഫയിലാണ്‌ ശീഅയും മുര്‍ജിഅയും ഉടലെടുത്ത്‌ മറ്റു നാടുകളില്‍ പ്രചരിച്ചത്‌. ഖദരിയ്യയും മുഅ്‌തസിലയും ദുഷിച്ച ആചാരസമ്പ്രദായങ്ങളും ബസ്വറയില്‍ മുളച്ച്‌ മറ്റു നാടുകളിലേക്ക്‌ പ്രചരിച്ചവയാണ്‌. ഖദരിയ്യയുടെ കേന്ദ്രം ശാം ആണ്‌. ഏറ്റവും ദുഷിച്ച ബിദ്‌അത്തായ ജഹ്‌മിയ്യ ഖുറാസാനിലാണ്‌ ജന്മമെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഹറൂറിയ്യ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മദീന ഇതില്‍ നിന്നെല്ലാം സുരക്ഷിതമായിരുന്നു- ബിദ്‌അത്ത്‌ ഉള്ളില്‍ ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും. അതായത്‌ അവിടെ ഖദ്‌രിയ്യ വിഭാഗക്കാരായ ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കൂഫയിലെയും ബസ്വറയിലെയും ശാമിലെയും സ്ഥിതി അതായിരുന്നില്ല. ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ല എന്ന്‌ നബി(സ) വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടുകാരനായ മാലികിന്റെ അനുയായികളുടെ കാലം വരെയും അവിടെ ഇല്‍മും ഈമാനും രംഗത്തുണ്ടായിരുന്നു.

അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും മുറുകെ പിടിക്കുകയാണ്‌ ബിദ്‌അത്തിലും പിഴവിലും അകപ്പെടുന്നതില്‍ നിന്ന്‌ രക്ഷപ്പെടാനുള്ള മാര്‍ഗം. അല്ലാഹു പറയുന്നു: ``ഇതത്രെ എന്റെ നേരായ പാത. നിങ്ങള്‍ അത്‌ പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ പിമ്പറ്റരുത്‌. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാര്‍ഗത്തില്‍ നിന്ന്‌ നിങ്ങളെ ചിതറിച്ചുകളയും'' (വി.ഖു 6:153)

നബി(സ) അത്‌ ഇങ്ങനെ വ്യക്തമാക്കി: ``ഇബ്‌നു മസ്‌ഊദ്‌(റ) പറയുന്നു: നബി ഞങ്ങള്‍ക്ക്‌ ഒരു വര വരച്ചുതന്നു. തുടര്‍ന്നു പറഞ്ഞു: ഇതാണ്‌ അല്ലാഹുവിന്റെ മാര്‍ഗം. പിന്നെ അതിന്റെ ഇടത്തും വലത്തും കുറെ വരകള്‍ വരച്ചു. എന്നിട്ടു പറഞ്ഞു: ഇവയെല്ലാം വ്യത്യസ്‌ത വഴികളാണ്‌. ഓരോ വഴിയിലും അതിലേക്ക്‌ ക്ഷണിക്കുന്ന ഓരോ പിശാച്‌ ഉണ്ട്‌. തുടര്‍ന്ന്‌ അദ്ദേഹം മുകളില്‍ കൊടുത്ത ഖുര്‍ആന്‍ വാക്യമോതി. അപ്പോള്‍ കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും ആരെങ്കിലും മുഖം തിരിച്ചാല്‍ പിഴപ്പിക്കുന്ന വഴികളും പുത്തന്‍ ബിദ്‌അത്തുകളും അവനോട്‌ പിടിവലി നടത്തും.'' താഴെ പറയുന്ന കാര്യങ്ങളാലാണ്‌ ബിദ്‌അത്തുകള്‍ ജന്മമെടുക്കുക.

മതനിയമങ്ങളെപ്പറ്റിയുള്ള അജ്ഞത

കാലം മുന്നോട്ടുപോവുകയും റസൂലിന്റെ കാലടിപ്പാടുകളില്‍ നിന്ന്‌ ജനങ്ങള്‍ അകലുകയും ചെയ്‌ത ക്രമത്തില്‍ വിജ്ഞാനം കുറയുകയും അജ്ഞത വ്യാപിക്കുകയും ചെയ്‌തു. റസൂല്‍(സ) ഇത്‌ വ്യക്തമാക്കിക്കൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``എനിക്കു ശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കില്‍ ധാരാളം അഭിപ്രായവ്യത്യാസം അവന്‍ കാണും.''

റസൂല്‍ ഇപ്രകാരവും പറഞ്ഞു: ``അല്ലാഹു ഇല്‍മിനെ പിടിച്ചുകൊണ്ടുപോവുക ജനങ്ങളില്‍ നിന്ന്‌ അതിനെ തട്ടിയെടുത്തല്ല. മറിച്ച്‌ പണ്ഡിതന്മാരെ പിടിച്ചുകൊണ്ടുപോവുക മുഖേനയാണ്‌. അങ്ങനെ അവന്‍ ഒരു പണ്ഡിതനെയും ബാക്കിവെക്കാതിരിക്കുമ്പോള്‍ ജനങ്ങള്‍ അജ്ഞരായ ആളുകളെ നേതാക്കളാക്കും. അവരോട്‌ ആളുകള്‍ ചോദിക്കും. അവര്‍ വിവരമില്ലാതെ ഫത്‌വാ നല്‌കും. അങ്ങനെ അവര്‍ പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഇല്‍മും ഉലമാക്കളും ഇല്ലാതാകുമ്പോള്‍ ബിദ്‌അത്തുകള്‍ക്ക്‌ രംഗത്തുവരാനും അതിന്റെ ആളുകള്‍ക്ക്‌ പ്രവര്‍ത്തിക്കാനും സൗകര്യമാകും.''

തന്നിഷ്‌ടം പിമ്പറ്റുക

കിതാബില്‍ നിന്നും സുന്നത്തില്‍ നിന്നും മുഖം തിരിക്കുന്നവന്‍ പിന്നെ അവന്റെ തന്നിഷ്‌ടത്തെയാണ്‌ പിമ്പറ്റുക. അല്ലാഹു പറയുന്നു: ``എന്നാല്‍ തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കിയവനെ നീ കണ്ടുവോ? അറിഞ്ഞുകൊണ്ട്‌ തന്നെ അല്ലാഹു അവനെ പിഴവിലാക്കുകയും അവന്റെ കാതിനും ഹൃദയത്തിനും മുദ്രവെക്കുകയും അവന്റെ കണ്ണിന്മേല്‍ ഒരു മൂടി ഇടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിന്‌ പുറമെ ആരാണ്‌ അവനെ നേര്‍വഴിയിലാക്കാനുള്ളത്‌?'' (വി.ഖു 45:23). ബിദ്‌അത്തുകള്‍ തന്നിഷ്‌ടത്തിന്റെ സൃഷ്‌ടിയാണ്‌.

ചില അഭിപ്രായങ്ങളോടും ആളുകളോടുമുള്ള പക്ഷപാതിത്വം

ഇത്‌ തെളിവുകള്‍ പരിശോധിച്ചു സത്യം കണ്ടെത്തുന്നതിന്‌ തടസ്സം സൃഷ്‌ടിക്കുന്നു. അല്ലാഹു പറയുന്നു: ``നിങ്ങള്‍ അല്ലാഹു അവതരിപ്പിച്ചതിനെ പിമ്പറ്റുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്നാല്‍ ഞങ്ങള്‍ ഞങ്ങളുടെ പൂര്‍വികരെ എന്തൊന്നിലാണോ കണ്ടിട്ടുള്ളതെങ്കില്‍ അതിനെയാണ്‌ പിമ്പറ്റുക'' (വി.ഖു 2:170). ചില മദ്‌ഹബുകളും സ്വൂഫിസവും പിമ്പറ്റുന്നവരും ഖബ്‌ര്‍ ആരാധകരുമായ പക്ഷപാത ചിന്താഗതിക്കാരുടെ നിലപാട്‌ ഇതാണ്‌. സുന്നത്ത്‌ പിമ്പറ്റേണമെന്നും ഇതിനു വിരുദ്ധമായി ഇവര്‍ സ്വീകരിച്ചുവരുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നും ഇവരോട്‌ പറഞ്ഞാല്‍ മദ്‌ഹബിന്റെയും മശാഇഖിന്റെയും പൂര്‍വികരുടെയും പേര്‌ പറഞ്ഞ്‌ വാദിക്കുകയാണ്‌ അവര്‍ ചെയ്യുക.

അവിശ്വാസികളെ അനുകരിക്കല്‍

ഇതാണ്‌ മനുഷ്യരെ ബിദ്‌അത്തുകളില്‍ വീഴ്‌ത്തുന്ന ഏറ്റവും ചീത്തയായ കാര്യം. ഇതിനുദാഹരണം അബൂവാഖിദില്ലൈസി റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസില്‍ വിവരിച്ച സംഭവം. അദ്ദേഹം പറയുന്നു: ഞങ്ങള്‍ റസൂലിന്റെ(സ) കൂടെ ഹുനൈനിലേക്ക്‌ പുറപ്പെട്ടു. ഞങ്ങള്‍ അടുത്തകാലം വരെയും കുഫ്‌റിലായിരുന്നു. മുശ്‌രിക്കുകള്‍ക്ക്‌ ഒരു നബ്‌ഖ്‌ മരമുണ്ട്‌. അവര്‍ അതിനടുത്ത്‌ ഭജനമിരിക്കുകയും അവരുടെ ആയുധങ്ങള്‍ അതില്‍ കെട്ടിത്തൂക്കുകയും ചെയ്‌തു. `ദാത്തുഅന്‍വാത്ത്‌' എന്നാണ്‌ ഈ മരത്തെ വിളിക്കുക. അങ്ങനെ ഒരു നബ്‌ഖ്‌ മരത്തിനരികിലൂടെ നടന്നുപോകുമ്പോള്‍ ഞങ്ങള്‍ പറഞ്ഞു:

അവര്‍ക്ക്‌ ദാത്തുഅന്‍വാത്ത്‌ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദാത്തുഅന്‍വാത്ത്‌ ഏര്‍പ്പെടുത്തണം തിരുമേനീ. അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ഇത്‌ പൂര്‍വികരുടെ സമ്പ്രദായമാണ്‌. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നിങ്ങള്‍ ബനൂഇസ്‌റാഈല്‍ മൂസായോട്‌ പറഞ്ഞതുപോലെ പറയുകയാണ്‌: അവര്‍ക്ക്‌ ദൈവങ്ങള്‍ ഉള്ളതുപോലെ ഞങ്ങള്‍ക്കും ഒരു ദൈവത്തെ വെച്ചുതരൂ! അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിവരമില്ലാത്ത ജനതയാണ്‌. നിങ്ങളുടെ മുമ്പുള്ളവരുടെ നടപടിക്രമങ്ങള്‍ നിങ്ങള്‍ പിമ്പറ്റുകതന്നെ ചെയ്യും. (തിര്‍മിദി)

കാഫിറുകളെ അനുകരിച്ചതുകൊണ്ടാണ്‌ ബനൂഇസ്‌റാഈലും നബിയുടെ അനുയായികളില്‍ ചിലരും അവരുടെ നബിയോട്‌ ഈ ചീത്ത ആവശ്യം- അല്ലാഹുവിനെ കൂടാതെ അവര്‍ക്ക്‌ ആരാധിക്കാനും ബര്‍കത്ത്‌ തേടാനും ഇലാഹുകളെ വെച്ചുതരിക- ഉന്നയിച്ചത്‌. ഇത്‌ തന്നെയാണ്‌ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. മുസ്‌ലിംകളില്‍ അധികപേരും ശിര്‍ക്കും ബിദ്‌അത്തും പ്രവര്‍ത്തിക്കുന്നതില്‍ കാഫിറുകളെ അനുകരിക്കുകയാണ്‌.

ജന്മദിനാഘോഷം, ചില പ്രത്യേക കര്‍മങ്ങള്‍ക്ക്‌ ദിവസങ്ങളും ആഴ്‌ചകളും നിശ്ചയിക്കുക, മതചടങ്ങുകളും അനുസ്‌മരണങ്ങളും ആഘോഷിക്കുക, പ്രതിമകളും സ്‌മാരകങ്ങളും സ്ഥാപിക്കുക, ചരമദിനങ്ങള്‍ ആഘോഷിക്കുക, മൃതദേഹങ്ങളുമായി ബന്ധപ്പെട്ട ബിദ്‌അത്തുകള്‍, ഖബ്‌റുകള്‍ക്കു മുകളിലെ കെട്ടിടനിര്‍മാണം തുടങ്ങിയവയെല്ലാം ഇതില്‍ പെട്ടതാണ്‌.

എന്നാല്‍ ബിദ്‌അത്തുകള്‍ തലപൊക്കുമ്പോഴൊക്കെയും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്ത്‌ അതിനെ എതിര്‍ക്കുകയും അതിന്റെ ആളുകളെ തടയുകയും ചെയ്‌തിരുന്നു. ഒരു ഉദാഹരണം: എന്റെ പിതാവ്‌ അദ്ദേഹത്തിന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട്‌ ഇപ്രകാരം പറയുന്നതായി കേട്ടു: ഞങ്ങള്‍ സ്വുബ്‌ഹ്‌ നമസ്‌കാരത്തിന്റെ മുമ്പ്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദിന്റെ വാതില്‍ക്കല്‍ ഇരിക്കാറുണ്ടായിരുന്നു. അദ്ദേഹം പുറത്തുവന്നാല്‍ അദ്ദേഹത്തിന്റെ കൂടെ പള്ളിയിലേക്ക്‌ നടന്നുപോകും. അങ്ങനെ അബൂമൂസല്‍ അശ്‌അരി വന്ന്‌ ഇപ്രകാരം ചോദിച്ചു: അബൂഅബ്‌ദിര്‍റഹ്‌മാന്‍ ഇതുവരെയും വന്നില്ലേ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. അങ്ങനെ അദ്ദേഹവും ഞങ്ങളുടെ കൂടെയിരുന്നു.

പിന്നെ അബൂഅബ്‌ദിര്‍റഹ്‌മാന്‍ പുറത്തുവന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്ക്‌ എഴുന്നേറ്റു ചെന്നു. അബൂമൂസാ അദ്ദേഹത്തോട്‌ ഇപ്രകാരം പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞാന്‍ പള്ളിയില്‍ അല്‌പം മുമ്പ്‌ മോശപ്പെട്ട ഒരു കാര്യം കണ്ടു. ആയുസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്കും അത്‌ കാണാം. പള്ളിയില്‍ ആളുകള്‍ നമസ്‌കാരവും കാത്ത്‌ വട്ടത്തില്‍ ഇരിക്കുകയാണ്‌. ഓരോ വട്ടത്തിലും ഒരു നേതാവുണ്ട്‌. അവരുടെയെല്ലാം കൈകളില്‍ കൊച്ചുകല്ലുകളുണ്ട്‌. നേതാവ്‌ പറയുന്നു: നിങ്ങള്‍ ആറ്‌ തക്‌ബീര്‍ ചൊല്ലുക. അപ്പോള്‍ ആളുകള്‍ അപ്രകാരം ചെയ്യുന്നു. പിന്നെ അയാള്‍ നൂറുവട്ടം `ലാ ഇലാഹ ഇല്ലല്ലാഹ്‌' ചൊല്ലാന്‍ പറയുന്നു. അവര്‍ അപ്രകാരം ചെയ്യുന്നു. തസ്‌ബീഹും അതുപോലെ തന്നെ.

അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നിട്ട്‌ നിങ്ങള്‍ അവരോട്‌ എന്താണ്‌ പറഞ്ഞത്‌? അബൂമൂസാ: ഒന്നും പറഞ്ഞില്ല. നിങ്ങള്‍ എന്തു പറയുന്നു എന്നു കാത്തിരിക്കുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: അവരുടെ തിന്മകളെണ്ണാന്‍ കല്‌പിച്ചുകൂടായിരുന്നുവോ? നന്മകളൊന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ അവര്‍ക്ക്‌ ഉറപ്പുകൊടുത്തുകൂടായിരുന്നുവോ?

പിന്നെ അദ്ദേഹത്തോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്‌ പോയി. ഒരു വട്ടത്തില്‍ ചെന്ന്‌ അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എന്താണ്‌ ഈ ചെയ്യുന്നത്‌? അവര്‍: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഇത്‌ കല്ലുകളാണ്‌; ഇതുകൊണ്ട്‌ ഞങ്ങള്‍ തക്‌ബീറും തഹ്‌ലീലും തസ്‌ബീഹുമൊക്കെ എണ്ണുകയാണ്‌. അബൂഅബ്‌ദിര്‍റഹ്‌മാന്‍: എന്നാല്‍ നിങ്ങളുടെ തിന്മകളാണ്‌ നിങ്ങള്‍ എണ്ണുന്നത്‌. നിങ്ങളുടെ നന്മകള്‍ ഒന്നും നഷ്‌ടപ്പെടുകയില്ലെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുതരുന്നു. കഷ്‌ടം, മുഹമ്മദ്‌ നബിയുടെ സമുദായമേ, എത്രവേഗത്തിലാണ്‌ നിങ്ങള്‍ നശിച്ചത്‌? ഇതാ, നബിയുടെ സ്വഹാബികള്‍ ഇവിടെയുണ്ട്‌, അദ്ദേഹത്തിന്റെ വസ്‌ത്രങ്ങള്‍ നുരുമ്പിയിട്ടില്ല. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങള്‍ പൊട്ടിയിട്ടില്ല. എന്റെ ജീവന്‍ ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, നബിയുടെ മാര്‍ഗത്തേക്കാള്‍ ശരിയായ ഒരു മാര്‍ഗത്തിലാണോ നിങ്ങള്‍? അതോ നിങ്ങള്‍ ഒരു ദുര്‍മാര്‍ഗത്തിലേക്ക്‌ തിരക്കി കയറുകയാണോ? അവര്‍ പറഞ്ഞു: അബൂഅബ്‌ദിര്‍റഹ്‌മാന്‍, ഞങ്ങള്‍ നന്മമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. അബൂഅബ്‌ദിര്‍റഹ്‌മാന്‍: നന്മ ഉദ്ദേശിച്ചിട്ട്‌ അത്‌ കിട്ടാതെ പോകുന്ന എത്രയോ മനുഷ്യരുണ്ട്‌. റസൂല്‍(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ചില ആളുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്യും. എന്നാല്‍ അവരുടെ നെഞ്ചെല്ലിന്‌ അപ്പുറത്തേക്ക്‌ അത്‌ കടക്കുകയില്ല. അല്ലാഹു തന്നെ സത്യം, നിങ്ങള്‍ അധികപേരും അക്കൂട്ടത്തില്‍ പെട്ടവരാണോ എന്നെനിക്കറിഞ്ഞുകൂടാ. ഇതും പറഞ്ഞ്‌ അദ്ദേഹം അവിടെനിന്ന്‌ പിന്‍വാങ്ങി. അംറുബ്‌നുസല്‍മ പറയുന്നു: ആ വട്ടക്കാരില്‍ അധികപേരും നഹ്‌റുവാന്‍ യുദ്ധവേളയില്‍ ഖവാരിജുകളോടൊപ്പം ചേര്‍ന്നു ഞങ്ങളെ കുത്തുന്നതായികണ്ടു.

by ശൈഖ്‌ സ്വാലിഹ്‌ ഫൗസാന്‍ @ ശബാബ്

ഹജ്ജ്‌ തീര്‍ഥാടനത്തിന്റെ ഉത്തമ മാതൃക

ഇസ്‌ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌ അഞ്ചു കാര്യങ്ങളടങ്ങിയ അടിത്തറയിലാണ്‌. അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹമായി യാതൊന്നുമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ ദൂതനാണെന്നും (ജീവിതംകൊണ്ട്‌) സാക്ഷിയാവുക. നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സകാത്തുകൊടുക്കുക, കഅ്‌ബയില്‍ ഹജ്ജ്‌ നിര്‍വഹിക്കുക, റമദാനില്‍ വ്രതമനുഷ്‌ഠിക്കുക.'' (ബുഖാരി, മുസ്‌ലിം)

എല്ലാ മതങ്ങളിലും അടിസ്ഥാനകര്‍മങ്ങള്‍ ഏകദേശം ഒന്നുതന്നെയാണെന്നു കാണാം. നിര്‍ണിതവും നിശ്ചിതവുമായ പ്രാര്‍ഥനകള്‍ (നമസ്‌കാരം), ദാനധര്‍മങ്ങള്‍ (സകാത്തും സ്വദഖയും), വ്രതാനുഷ്‌ഠാനം, തീര്‍ഥാടനം, ബലിദാനം തുടങ്ങിയ പല കാര്യങ്ങളും രൂപഭാവഭേദങ്ങളോടെ എല്ലാ മതങ്ങളിലും കാണാം. മതങ്ങളുടെ സ്രോതസ്സ്‌ ഒന്നുതന്നെയാണെന്നും പില്‍ക്കാലത്ത്‌ വികലമാക്കപ്പെട്ടതാണെന്നും നമുക്ക്‌ മനസ്സിലാക്കാം. ``ഓരോ സമുദായത്തിനും നാം ഓരോ ആരാധനാക്രമം നിശ്ചയിച്ചുകൊടുത്തിട്ടുണ്ട്‌. അവര്‍ അതാണ്‌ അനുഷ്‌ഠിച്ചുകൊണ്ടിരിക്കുന്നത്‌.''(വി.ഖു. 22:67)

തീര്‍ഥാടനം പുണ്യകരമായി കാണാത്ത ഒരു മതവുമില്ല. മുസ്‌ലിംലോകം ഹജ്ജ്‌ യാത്രയ്‌ക്കുള്ള ഒരുക്കം തുടങ്ങുന്ന ഈ സമയത്ത്‌ തീര്‍ഥാടനചിന്തയ്‌ക്ക്‌ പ്രസക്തിയുണ്ടെന്ന്‌ പറയേണ്ടതില്ല. പ്രത്യേക വിശുദ്ധ കേന്ദ്രങ്ങള്‍ സ്ഥാപിച്ച്‌ അങ്ങോട്ട്‌ തീര്‍ഥാടനം നടത്തുകയും നിശ്ചിതകാലത്തും സ്ഥലത്തും സമ്മേളിക്കുകയും ചെയ്യാത്ത മതസമൂഹങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. തീര്‍ഥാടനത്തിനുള്ള താല്‍പര്യം ഒരര്‍ഥത്തില്‍ മനുഷ്യപ്രകൃതിയുടെ താല്‍പര്യം കൂടിയാണ്‌.

തിരക്കുപിടിച്ച ജീവിതത്തില്‍ നിന്ന്‌ അല്‌പം ആശ്വാസം ലഭിക്കാനും ഇതര സമൂഹങ്ങളുമായി ഇഴുകിച്ചേര്‍ന്ന്‌ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താനും അതുവഴി മനസ്സമാധാനം കൈവരിക്കാനും ആഗ്രഹിക്കുന്നവരാണ്‌ മനുഷ്യര്‍. ഭൂമുഖത്ത്‌ മണ്‍മറഞ്ഞുപോയ നാഗരികതകളില്‍ വിശുദ്ധ തീര്‍ഥാടനകേന്ദ്രങ്ങളുണ്ടായിരുന്നുവെന്ന്‌ പുരാവസ്‌തു ഗവേഷകര്‍ അനുമാനിക്കുന്നു. നിലവിലുള്ള മതസമൂഹങ്ങളില്‍ ജൂത- ക്രൈസ്‌തവര്‍ക്കും ഹൈന്ദവര്‍ക്കുമൊക്കെ തീര്‍ഥാടന കേന്ദ്രങ്ങളുണ്ട്‌.

വര്‍ഷത്തില്‍ മൂന്നുതവണ ജൂതര്‍ ബൈതുല്‍ മുഖദ്ദസിലേക്ക്‌ (ഹജ്ജ്‌) തീര്‍ഥാനം നടത്തിയിരുന്നുവെന്നും Harvest festival, E-aster, Feast of Tabernacles എന്നീ പേരുകളില്‍ അവ അറിയപ്പെട്ടിരുന്നുവെന്നും പതിനായിരക്കണക്കിനാളുകള്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നും ജൂയിഷ്‌ എന്‍സൈക്ലോപീഡിയ പറയുന്നു. എ ഡി പതിമൂന്നാം നൂറ്റാണ്ടായപ്പോഴേക്ക്‌ ബൈത്തുല്‍ മുഖദ്ദസിലേക്കുള്ളതിനേക്കാള്‍ കൂടുതല്‍ തീര്‍ഥാടകര്‍ റോമിലേക്കായിരുന്നുവത്രെ. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ശവകുടീരമായ റോം കത്തോലിക്കരുടെ പ്രധാന തീര്‍ഥാടനകേന്ദ്രമായിത്തീര്‍ന്നു. (എന്‍സൈക്ലോപീഡിയ ഓഫ്‌ റിലീജ്യന്‍ ആന്റ്‌ എത്തിക്‌സ്‌)

ബുദ്ധ- ജൈനരുള്‍പെടെ ഭാരതത്തിലെ ഹൈന്ദവര്‍ക്കും അവരുടേതായ പുണ്യസ്ഥലങ്ങളും തീര്‍ഥാടനകേന്ദ്രങ്ങളുമുണ്ട്‌. ഗംഗാനദിയുമായി ബന്ധപ്പെട്ടുകിടക്കുന്നവയാണ്‌ ഇവയിലധികവും. ഗംഗാസ്‌നാനവും കാശിയാത്രയും പുണ്യമായി കരുതുന്നു അവര്‍. എല്ലാ സമൂഹവും തങ്ങളുടെ തീര്‍ഥാടനകേന്ദ്രമായി കാണുന്നത്‌ ആചാര്യന്മാരുടെയോ പുണ്യപുരുഷന്മാരുടെയോ ശ്‌മശാനങ്ങളാണ്‌. അവരുടെ ജനനമോ മരണമോ ആയി ബന്ധപ്പെട്ട ദിനങ്ങളാണ്‌ തീര്‍ഥാടനത്തിന്‌ തെരഞ്ഞെടുക്കാറുള്ളത്‌.

ഇസ്‌ലാം തീര്‍ഥാടനത്തിന്റെ കാര്യത്തിലും ഉത്തമമായ മാതൃക കാണിക്കുന്നു. ഏകദൈവവിശ്വാസമാണ്‌ ഹജ്ജിന്റെ മര്‍മം. ലോകത്തിലാദ്യമായി അല്ലാഹുവിനെ ആരാധിക്കാനായി `പ്രവാചകപിതാവ്‌' എന്ന്‌ വിശേഷിപ്പിക്കാവുന്ന ഇബ്‌റാഹീം(അ) പടുത്തുയര്‍ത്തിയ കഅ്‌ബയാണ്‌ ഹജ്ജിന്റെ ആസ്ഥാനം. ഇബ്‌റാഹീമിന്റെ(അ)യും ഇസ്‌മാഈലിന്റെ(റ)യും തൗഹീദ്‌ പ്രബോധനവുമായി ബന്ധപ്പെട്ട ചരിത്രം നിറഞ്ഞുനില്‍ക്കുന്ന പ്രദേശമാണ്‌ ഹജ്ജിന്റെ പശ്ചാത്തലം. എല്ലാ മനുഷ്യരും ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന്‌ വിളിച്ചോതുന്ന സാഹോദര്യവും സമത്വവുമാണ്‌ ഹജ്ജിന്റെ സന്ദേശം.

ഒരേ വേഷവും ഒരേ മന്ത്രവും ഒരേ ലക്ഷ്യവുമായി ലക്ഷക്കണക്കിനാളുകള്‍ ഒരേ സമയത്ത്‌ ഒന്നിച്ചുചെയ്യുന്ന ഒരു കര്‍മവുമില്ല; ഹജ്ജല്ലാതെ. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എത്തിച്ചേരുന്ന മനുഷ്യര്‍ ഓരോ കാലഘട്ടത്തിലെയും മനുഷ്യവര്‍ഗത്തിന്റെ പരിച്ഛേദമാണ്‌. ബാഹ്യകര്‍മങ്ങള്‍ക്കപ്പുറം ആത്മീയോത്‌കര്‍ഷം പ്രദാനംചെയ്യുന്ന ഹജ്ജ്‌ കര്‍മത്തിന്റെ ഫലം സ്വര്‍ഗമാണ്‌. ഭാര്യാസമേതം ഹജ്ജിന്‌ പോകുന്നു; സല്ലാപങ്ങളിലേര്‍പ്പെടാതെ. എതിരാളിയോടൊത്ത്‌ ഹജ്ജ്‌ ചെയ്യുന്നു; ശണ്‌ഠയില്ലാതെ. കൂട്ടുകാരനോടൊത്ത്‌ ഹജ്ജിന്‌ പോകുന്നു; തമാശകളിലേര്‍പ്പെടാതെ. അതായത്‌, മനുഷ്യനെ ഉത്തമവ്യക്തിത്വത്തിന്റെ ഉന്നതങ്ങളിലേക്കെത്തിക്കുന്ന കര്‍മവും കൂടിയാണ്‌ ഹജ്ജ്‌. അതേസമയം ഭൗതികജീവിത പരിത്യാഗമല്ല ഹജ്ജ്‌. ``അവര്‍ക്ക്‌ പ്രയോജനകരമായ രംഗങ്ങളില്‍ അവര്‍ സന്നിഹിതരാകുവാനും....''(22:28) എന്ന്‌ ഹജ്ജിനെപ്പറ്റി ഖുര്‍ആന്‍ പറഞ്ഞത്‌ ആത്മീയതക്കൊപ്പം ഭൗതികനേട്ടങ്ങളും ആഗ്രഹിക്കുന്നതിനു വിരോധമില്ല എന്ന്‌ അറിയിക്കാനാണ്‌.

ഇസ്‌ലാമിന്റെ അടിസ്ഥാനകര്‍മങ്ങള്‍ വ്യത്യസ്‌ത രീതിയിലാണ്‌. നമസ്‌കാരം ഒരു പരിതസ്ഥിതിയിലും മാറ്റിവെക്കാനോ ഉപേക്ഷിക്കാനോ പാടില്ല. സമ്പത്ത്‌ ഉള്ളവര്‍ക്കു മാത്രമേ സകാത്ത്‌ നിര്‍വഹിക്കേണ്ടതുള്ളൂ. നോമ്പിന്‌ വിഘാതം സൃഷ്‌ടിക്കുന്ന രോഗമോ യാത്രയോ ഉണ്ടെങ്കില്‍ താത്‌കാലികമായി മാറ്റിവെക്കാം. പിന്നീട്‌ നിര്‍വഹിച്ചാല്‍ മതി. ഹജ്ജിനെപ്പറ്റി അല്ലാഹു പറഞ്ഞതിങ്ങനെയാണ്‌: ``ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ തീര്‍ഥാടനം നടത്തല്‍ അയാള്‍ക്ക്‌ അല്ലാഹുവിനോടുള്ള ബാധ്യതയാകുന്നു.''(വി.ഖു. 3:97)

`എത്തിച്ചേരാനുള്ള കഴിവ്‌' എന്നത്‌ ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യങ്ങളാണ്‌. അവ ഒത്തിണങ്ങിയാല്‍ അയാള്‍ക്ക്‌ ഹജ്ജ്‌ നിര്‍ബന്ധമായി. ചില ആളുകള്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്‌. ഇപ്പറഞ്ഞ സൗകര്യങ്ങള്‍ ഒത്തിണങ്ങിയിട്ടും `നാല്‌പത്‌ വയസ്സ്‌ കഴിയട്ടെ' എന്നു കരുതി കാത്തിരിക്കുന്നവര്‍ മുസ്‌ലിംസമൂഹത്തിലുണ്ട്‌. ഇത്‌ തെറ്റായ ഒരു ധാരണയാണ്‌. ബ്രഹ്‌മചര്യവും ഗാര്‍ഹസ്ഥ്യവും കഴിഞ്ഞ്‌ വാനപ്രസ്ഥത്തിലേക്ക്‌ നീക്കുക എന്ന ഹൈന്ദവ സങ്കല്‌പമായിരിക്കണം ഇതിന്റെ അടിത്തറ. ദാമ്പത്യ- കുടുംബജീവിതമൊക്കെ കഴിഞ്ഞ്‌ കുഴിയിലേക്ക്‌ കാലുനീട്ടിയ കാലത്ത്‌ ഗംഗാസ്‌നാനവും കഴിഞ്ഞ്‌ കാശിക്കുപോയി അവിടെക്കിടന്ന്‌ മരിക്കുക എന്ന സങ്കല്‌പവും നാം പറഞ്ഞുകേള്‍ക്കുന്നവയാണ്‌.

ഇസ്‌ലാമിന്റെ കാഴ്‌ചപ്പാട്‌ അതല്ല. ആരോഗ്യവും കരുത്തും ഐശ്വര്യവും ഉള്ളപ്പോള്‍ ഹജ്ജ്‌ ചെയ്യുക. അതുപോലെത്തന്നെ എല്ലാ ബാധ്യതയും തീര്‍ത്തിട്ടേ ഹജ്ജിന്‌ പോകാവൂ എന്ന കാഴ്‌ചപ്പാട്‌ തെറ്റായ രീതിയിലേക്ക്‌ നയിക്കപ്പെടുന്നതു കാണാം. ഒരാള്‍ സംസാരത്തിന്നിടയില്‍ പറഞ്ഞത്‌ ഇവിടെ അനുമസ്‌മരിക്കട്ടെ: ``ഒരു വിവാഹവും കൂടി നടത്താനുണ്ട്‌. എന്നിട്ടുവേണം ഹജ്ജിനു പോകാന്‍.'' അദ്ദേഹത്തിന്റെ മകള്‍ എട്ടാംതരത്തില്‍ പഠിക്കുന്നു. ആ കുട്ടി വലുതായി വിവാഹം നടത്തിയിട്ടേ ഹജ്ജിന്‌ പോകാവൂ എന്ന ധാരണ തെറ്റാണ്‌. `കഅ്‌ബയില്‍ എത്തിച്ചേരാനുള്ള കഴിവ്‌' എന്ന്‌ അല്ലാഹു പറഞ്ഞ സൗകര്യം ലഭിച്ചിട്ടും അതു നിര്‍വഹിച്ചില്ലെങ്കില്‍ അയാള്‍ കുറ്റക്കാരനാണ്‌. ബാധ്യതകള്‍ ഓരോന്നു വരുമ്പോള്‍ അപ്പപ്പോള്‍ കഴിവനുസരിച്ച്‌ നിര്‍വഹിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍ തന്റെ യാതൊരു ബാധ്യതകളും തീരെ പരിഗണിക്കാതെ എങ്ങനെയെങ്കിലും പണമുണ്ടാക്കി ഹജ്ജ്‌ നിര്‍വഹിക്കുക എന്നത്‌ ജീവിതാഭിലാഷമായി കാണുന്നതും ശരിയല്ല.

സകാത്ത്‌ നല്‌കാന്‍ വേണ്ടി ആരും പണമുണ്ടാക്കാറില്ല. സമ്പത്ത്‌ അതിന്റെ നിശ്ചിത പരിധിയെത്തിയാല്‍ സകാത്ത്‌ നിര്‍ബന്ധമാകുന്നതു പോലെ തന്നെയാണ്‌ ഹജ്ജിന്റെയും സ്ഥിതി. ഹജ്ജ്‌ പോലെത്തന്നെ ജീവിതത്തിലൊരിക്കല്‍ ഉംറയും നിര്‍ബന്ധമാണ്‌. എന്നാല്‍ `ഉംറവിസ' എന്ന ഒരു മാധ്യമത്തിന്റെ ഭാഗമായി മാത്രം ഉംറ എന്ന പദം കേള്‍ക്കുന്നവരും സമൂഹത്തിലുണ്ട്‌. വിവരമില്ലായ്‌മയാണ്‌ ഇതിനെല്ലാം കാരണം.

സമൂഹത്തിലെ ഒരു സ്റ്റാറ്റസ്‌ സിംബലായി ഹജ്ജിനെ കണ്ടിരുന്ന കാലവുമുണ്ടായിരുന്നു. `ഹാജിയാര്‍' സമൂഹത്തിലെ പരമോന്നതനായിരുന്നു. ഹജ്ജ്‌ നിര്‍വഹിച്ചവരെ ഹാജി എന്നു വളിച്ചില്ലെങ്കില്‍ കുറച്ചിലായി കാണുന്നവരുമുണ്ട്‌. വാസ്‌തവത്തില്‍ നമസ്‌കാരം, സകാത്ത്‌, നോമ്പ്‌ എന്നിവ പോലെത്തന്നെ ഒരു സത്യവിശ്വാസിക്ക്‌ നിര്‍ബന്ധമായ കര്‍മമാണത്‌. `എത്തിച്ചേരാനുള്ള കഴിവ്‌' ഉണ്ടാവുകയും ഹജ്ജ്‌ നിര്‍വഹിക്കുകയും ചെയ്‌തയാളും `കഴിവി'ല്ലാത്ത കാരണത്താല്‍ ഹജ്ജ്‌ നിര്‍വഹിക്കാത്തവനും അല്ലാഹുവിന്റെ മുമ്പില്‍ തുല്യരാണ്‌.

സകാത്ത്‌ നല്‌കുന്ന മുതലാളി ധര്‍മിഷ്‌ഠനും നല്‌കാത്ത മുതലാളി പിശുക്കനുമല്ല. സമ്പത്തുണ്ടായിട്ട്‌ സകാത്ത്‌ നല്‌കിയവന്‍ ബാധ്യത നിര്‍വഹിച്ചവനും അതു ചെയ്യാത്തവന്‍ സത്യനിഷേധിയുമാണ്‌. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ സകാത്ത്‌ നല്‌കാത്തവന്‍ സത്യവിശ്വാസിയാണല്ലോ. ഹജ്ജിന്റെ കാര്യവും ഇങ്ങനെത്തന്നെയാണ്‌. പ്രവാചകന്മാരുടെ ധീരോദാത്തമായ ഏകദൈവവിശ്വാസ പ്രബോധനത്തിന്റെയും ഒരു മാതാവിന്റെ ത്യാഗോജ്വലമായ സഹനത്തിന്റെയും ചരിത്രമാണ്‌ ഹജ്ജിനുള്ളത്‌. ഇബ്‌റാഹീം(അ), ഭാര്യ ഹാജര്‍, മകന്‍ ഇസ്‌മാഈല്‍(അ) എന്നിവരുടെ ജീവിതപശ്ചാത്തലം ഹജ്ജില്‍ അനുസ്‌മരിക്കപ്പെടുന്നു.

മക്കാ പ്രദേശത്ത്‌ മനുഷ്യവാസമുണ്ടാവുകയും അന്ത്യപ്രവാചകന്‍ മുഹമ്മദിന്റെ(സ) നിയോഗവും ഇസ്‌ലാമിന്റെ പൂര്‍ത്തീകരണവും നടന്നത്‌ അല്ലാഹുവിന്റെ പ്രത്യേകമായ ഉദ്ദേശ്യത്തോടു കൂടി തന്നെയാണ്‌. ഇബ്‌റാഹീമി(അ)ന്റെ പ്രപൗത്രനായ മുഹമ്മദ്‌നബി(സ) ജീവിതത്തിന്റെ അവസാനവര്‍ഷം ഹജ്ജ്‌ നിര്‍വഹിച്ചതും `ഇന്ന്‌ നിങ്ങള്‍ക്ക്‌ ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചിരിക്കുന്നു' (വി.ഖു. 5:3) എന്ന്‌ ദിവ്യസന്ദേശം ലഭിച്ചതും മക്കയില്‍ വെച്ചുതന്നെയായിരുന്നു.

കേവലം ഒരു തീര്‍ഥാടനം എന്നതിലുപരി മനുഷ്യവര്‍ഗത്തിന്റെ സോേദ്ദശ്യ സൃഷ്‌ടിപ്പും മാര്‍ഗദര്‍ശനവും അതിന്റെ പരിപൂര്‍ണതയും എല്ലാം വിളിച്ചോതുന്ന ഒരു മഹത്തായ മനുഷ്യസംഗമം തന്നെയാണ്‌ ഹജ്ജ്‌. അതിനെ ആ അര്‍ഥത്തിലെടുക്കാനും അതു നിര്‍വഹിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

by അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി @ ശബാബ് വാരിക

പൗരോഹിത്യത്തിന്റെ ഭാവപ്പകര്‍ച്ചകള്‍

മതപരമായ ചടങ്ങുകളില്‍ ആചാര്യസ്ഥാനം വഹിക്കുന്ന ആള്‍ എന്ന അര്‍ഥമാണ്‌ മലയാളത്തിലെ പ്രധാന നിഘണ്ടുകളില്‍ പുരോഹിതന്‌ നല്‌കപ്പെട്ടിട്ടുള്ള ഭാഷ്യം. പുരോഹിതന്റെ കര്‍മങ്ങളെ പൗരോഹിത്യം എന്നും വിവക്ഷിക്കുന്നു. മതവിശ്വാസികളുടെ ജീവിതത്തില്‍ വലിഞ്ഞുകയറിവരികയും തങ്ങളുടെ കാര്‍മികത്വത്തിലും ആശീര്‍വാദത്തിലും സാന്നിധ്യത്തിലും മാത്രമേ മതവിശ്വാസികള്‍ക്ക്‌ മതകര്‍മങ്ങള്‍ നിര്‍വഹിക്കാനും മതപരമായ ജീവിതം നയിക്കാനും കഴിയുകയുള്ളൂ എന്ന തെറ്റായ സങ്കല്‌പമാണ്‌ `പൗരോഹിത്യത്തിന്റെ' അടിത്തറ.

മതത്തിന്റെ താല്‌പര്യങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുകൂലമായതും പ്രതികൂലമായതുമായ കാര്യങ്ങളെ കൂട്ടിക്കലര്‍ത്തി മതവിശ്വാസികളാല്‍ ഇവര്‍ ചെയ്യുന്ന കര്‍മങ്ങളാണ്‌ പൗരോഹിത്യം എന്നും മനസ്സിലാക്കപ്പെടുന്നു.

ഇത്തരമൊരു പൗരോഹിത്യ സങ്കല്‌പം ഇസ്‌ലാമിന്നന്യവും അപരിചിതവുമാണ്‌. മതപരമായ കാര്യങ്ങള്‍ ആധികാരികമായി ജനങ്ങള്‍ക്ക്‌ താത്വികമായും പ്രായോഗികമായും വിവരിച്ചുകൊടുത്ത പ്രഥമ പരിഗണനീയരായ ദൈവദൂതന്മാരെ പ്രവാചകന്മാര്‍ എന്നാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. പ്രവാചകന്മാര്‍ ഒരിക്കലും പുരോഹിതന്മാരായിരുന്നില്ല. എന്നു മാത്രമല്ല, ഖുര്‍ആന്‍ (9:31,34) പുരോഹിതന്മാരെയും പൗരോഹിത്യപ്രവണതകളെയും പരാമര്‍ശിച്ചുകൊണ്ട്‌ അവ തിന്മയുടെ പ്രതിരൂപങ്ങളും സത്യവിശ്വാസികള്‍ അവരുമായി അടുക്കുകയല്ല, അകലം കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്‌ എന്നുമുള്ള സേന്ദശമാണ്‌ നല്‌കുന്നത്‌. മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മതവിശ്വാസികള്‍ മതനേതാക്കളെയും ചിലപ്പോള്‍ പ്രവാചകന്മാരെപ്പോലും ദൈവതുല്യരോ ദൈവത്തിലേക്കുള്ള ഇടയാളന്മാരോ എന്ന നിലയില്‍ നോക്കിക്കാണാന്‍ പ്രേരിപ്പിക്കുന്ന പൗരോഹിത്യ പ്രവണതകളെ ഖുര്‍ആന്‍ ശക്തമായി നിരാകരിക്കുകയും പൗരോഹിത്യവലയത്തില്‍ കുടുങ്ങിയ മതവിശ്വാസികളെ ഗുണദോഷിക്കുകയും ചെയ്യുന്നുണ്ട്‌. പൗരോഹിത്യത്തിന്റെ ദുഷ്‌ടലാക്കുകളെയും നീചസംസ്‌കാരത്തെയും കുറിച്ച്‌ ഖുര്‍ആന്‍ ശക്തമായി താക്കീതുനല്‌കിയിട്ടുണ്ട്‌.

പ്രവാചകന്മാരെ ഖുര്‍ആന്‍ അംഗീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. മതപണ്ഡിതന്മാര്‍ക്കും ഇസ്‌ലാമിക ദൃഷ്‌ട്യാ പ്രസക്തിയും പ്രാധാന്യവുമുണ്ട്‌. എന്നാല്‍ മതത്തെ ചൂഷണോപാധിയാക്കുന്ന പുരോഹിതന്മാരെ ഇസ്‌ലാം നിരാകരിക്കുന്നു. പ്രവാചകന്മാരെയും പണ്ഡിതന്മാരെയും വേര്‍തിരിച്ചുകാണണം എന്നതാണ്‌ ഖുര്‍ആനിന്റെ നിര്‍ദേശം. സുപ്രധാനമായ ഈ ദൈവികസന്ദേശത്തെ അവഗണിക്കുകയും നിരാകരിക്കുകയും ചെയ്‌തവരാണ്‌ ജൂത-ക്രിസ്‌തീയ മതവിഭാഗങ്ങള്‍ എന്ന്‌ സോദാഹരണം ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഉയര്‍ത്തപ്പെട്ട ഈസാനബിയെയും ജീവിച്ചിരിക്കുന്ന പണ്ഡിതരെയും പുരോഹിതന്മാരെയും ക്രിസ്‌ത്യാനികള്‍ ദൈവത്തിലേക്കുള്ള ഇടത്തട്ടു കേന്ദ്രങ്ങളോ ദൈവതുല്യരായിത്തന്നെയോ സങ്കല്‌പിച്ചു. സദ്‌വൃത്തനായ ഉസൈറി(റ)നെ ദൈവപുത്രനായി ജൂതന്മാരും സങ്കല്‌പിച്ചു. ദൈവം, പ്രവാചകന്‍, പണ്ഡിതന്‍, പുരോഹിതന്‍ എന്നീ പരികല്‌പനയിലെ വേണ്ടതും വേണ്ടാത്തതും വേര്‍തിരിച്ചറിയാനുള്ള മതപരമായ ഉല്‍ബുദ്ധതയിലേക്ക്‌ ഈ മതവിഭാഗങ്ങള്‍ ഉയര്‍ന്നില്ല. അങ്ങനെയൊരു തിരിച്ചറിവിന്റെ മതപരമായ സാധ്യതയെ സംബന്ധിച്ച്‌ ആ മതവിഭാഗങ്ങള്‍ ഗൗനിച്ചതേയില്ല. അതിനാല്‍ തന്നെ അല്ലാഹുവിന്റെ ശക്തമായ വെറുപ്പിനും ശാപകോപങ്ങള്‍ക്കും അവര്‍ വിധേയമാവുകയും ചെയ്‌തു. മൂസാ(അ), ഈസാ(അ) എന്നീ പ്രവാചകന്മാര്‍ പകര്‍ന്നുകൊടുത്ത സത്യശുദ്ധമായ മതമാര്‍ഗരേഖ ജൂത-ക്രിസ്‌ത്യാനികള്‍ പാടെ കൈയൊഴിച്ചു. അങ്ങനെയവര്‍ പൗരോഹിത്യത്തിന്റെ ചൂഷണവലയില്‍ പെട്ട്‌ മതകീയമായ ചൈതന്യം കളഞ്ഞുകുളിച്ചു.

ജൂത-ക്രിസ്‌തീയ ജനവിഭാഗങ്ങള്‍ക്ക്‌ സംഭവിച്ച വിനാശകരമായ ഈ അപചയത്തെക്കുറിച്ച്‌ ഖുര്‍ആന്‍ ഇപ്രകാരം പരാമര്‍ശിച്ചിരിക്കുന്നു: ``ഉസൈര്‍ ദൈവപുത്രനാണെന്ന്‌ യഹൂദന്മാര്‍ പറഞ്ഞു. മസീഹ്‌ ദൈവപുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു. അതവരുടെ വായ്‌ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവര്‍ അനുകരിക്കുകയായിരുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. എങ്ങനെയാണവര്‍ തെറ്റിക്കപ്പെടുന്നത്‌?

അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവരോട്‌ കല്‌പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ ഒരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവനെത്ര പരിശുദ്ധന്‍.'' (വി.ഖു. 9:30,31)

പുരോഹിതന്മാരുടെയും ആ മാര്‍ഗത്തില്‍ ചരിക്കുന്ന പണ്ഡിതന്മാരുടെയും ദുഷ്‌ടലാക്കുകളെപ്പറ്റി ഖുര്‍ആന്‍ പറയുന്നതിപ്രകാരമാണ്‌: ``സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കി വെക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി `സന്തോഷവാര്‍ത്ത' അറിയിക്കുക.'' (വി.ഖു. 9:34)

പൗരോഹിത്യത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഈ ദിവ്യസൂക്തത്തില്‍ നിന്ന്‌ വായിച്ചെടുക്കാനാകും. മതവിശ്വാസികളുടെ കൈയിലുള്ള പണം കൈവശപ്പെടുത്തുക എന്ന സാമ്പത്തിക ദുര്‍മോഹമാണ്‌ പുരോഹിതന്മാരുടെയും പുരോഹിതസ്വഭാവമുള്ള ചില പണ്ഡിതന്മാരുടെയും ആത്യന്തികലക്ഷ്യം. ഇതിനവര്‍ കാണുന്ന മാര്‍ഗം മതവിശ്വാസികളെ ദൈവമാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിപ്പിക്കുക എന്നതാണ്‌. മതത്തിന്റെ അടിത്തറ അല്ലാഹുവുമായി മനുഷ്യന്‍ ദൃഢബന്ധം സ്ഥാപിക്കുകയെന്നതും അല്ലാഹുവിന്നവകാശപ്പെട്ട അധികാരാവകാശങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ വകവെച്ചുകൊടുക്കാതിരിക്കുക എന്നുമുള്ള തൗഹീദാണ്‌. അപ്പോള്‍ പൗരോഹിത്യം പ്രഥമമായും പ്രധാനമായും ചെയ്യുന്നത്‌ മതവിശ്വാസികളെ തൗഹീദില്‍ നിന്നകറ്റുകയും സ്രഷ്‌ടാവിന്റെയും സൃഷ്‌ടികളുടെയുമിടയില്‍ ഇടത്തട്ട്‌ കേന്ദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയെന്നതാണ്‌. അങ്ങനെ പുരോഹിതന്മാര്‍ മതവിശ്വാസികളുടെ മേല്‍ പിടിമുറുക്കുകയും തങ്ങളുടെ സാമ്പത്തിക പരിപോഷണത്തിന്റെ മാധ്യമങ്ങളായി മതവിശ്വാസികളെ ദുരുപയോഗം ചെയ്യുകയും ചൂഷണംചെയ്യുകയും ചെയ്യുന്നു.

മതവിശ്വാസികളെ ചൂഷണംചെയ്യുന്ന പൗരോഹിത്യ വിപത്ത്‌ മൂസാനബി(അ)യുടെയും ഈസാനബി(അ)യുടെയും അനുയായികളിലാണ്‌ രൗദ്രഭാവം പൂണ്ട്‌ വികാസംപ്രാപിച്ചത്‌ എന്ന്‌ ഖുര്‍ആനില്‍ നിന്ന്‌ മനസ്സിലാകുന്നു. സ്വയം ദൈവം ചമഞ്ഞ ഫിര്‍ഔനിന്റെ സമഗ്രാധിപത്യത്തില്‍ നിന്ന്‌ ഇസ്‌റാഈല്‍ ജനതയെ മൂസാ(അ) മോചിപ്പിക്കുകയും സംശുദ്ധമായ തൗഹീദിന്റെ ദിവ്യസന്ദേശങ്ങള്‍ പകര്‍ന്ന്‌ നല്‌കി അവരെ നന്നാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ്‌ ദൈവകല്‌പന പ്രകാരം മൂസാ(അ) തൗറാത്ത്‌ വാങ്ങാന്‍വേണ്ടി അല്‌പം വിട്ടുനില്‍ക്കേണ്ടി വന്നത്‌.

മൂസാ(അ) അനുയായികളോടൊപ്പം ഇല്ലാതിരുന്ന ഈ ഇടവേള ചൂഷണംചെയ്‌തുകൊണ്ട്‌ സാമിരി എന്ന പുരോഹിതന്‍ ഇസ്‌റാഈല്യര്‍ക്കിടയില്‍ `ആളാ'വുകയും പശുക്കുട്ടിയെ ആരാധിക്കുക എന്ന വ്യക്തമായ ശിര്‍ക്കിലേക്ക്‌ അവരെ വ്യതിചലിപ്പിക്കുകയും ചെയ്‌തു. ജനങ്ങളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണമെല്ലാം ശേഖരിച്ച്‌ ഒരു സ്വര്‍ണക്കാളക്കുട്ടിയുടെ രൂപമുണ്ടാക്കിക്കൊണ്ടാണ്‌ സാമിരീ പുരോഹിതന്‍ തന്റെ ലക്ഷ്യം സാധിച്ചെടുത്തത്‌. മൂസാ(അ) പറഞ്ഞ ദൈവം തന്നെയാണ്‌ ഈ കാളക്കുട്ടി എന്ന്‌ അയാള്‍ സമര്‍ഥമായി ബനൂഇസ്‌റാഈല്യരെ ധരിപ്പിച്ചു. മതത്തിന്റെ മേലങ്കിയണിഞ്ഞു കാര്യങ്ങള്‍ വിശദീകരിക്കുന്ന സാമിരിയെ അവര്‍ കണ്ണടച്ചു വിശ്വസിച്ചു. അവര്‍ കാളക്കുട്ടിയെ ദൈവമെന്ന ധാരണയില്‍ ഭക്ത്യാദരപൂര്‍വം ആരാധിക്കാനും തുടങ്ങി. മൂസാ(അ) തൗറാത്തുമായി തിരിച്ചുവരുമ്പോള്‍ കാണുന്ന കാഴ്‌ച ഹൃദയഭേദകം! തൗഹീദിന്റെ സത്യസരണിയിലൂടെ നടന്നു തുടങ്ങിയ ബനൂഇസ്‌റാഈല്യര്‍ ചെറിയൊരു ഇടവേളയില്‍ ശിര്‍ക്കിന്റെ പ്രതിരൂപങ്ങളായി മാറിയിരിക്കുന്നു!

മതത്തിന്റെ മേലങ്കിയണിഞ്ഞുകൊണ്ടാണ്‌ സാമിരി കാര്യങ്ങളെല്ലാം ചെയ്‌തതെങ്കിലും ഖുര്‍ആന്‍ പറഞ്ഞത്‌ സാമിരി അവരെ വഴിതെറ്റിച്ചുകളഞ്ഞിരിക്കുന്നു എന്നാണ്‌. ഖുര്‍ആന്‍ (20:83-99) വിശകലനംചെയ്‌തിട്ടുള്ള സാമിരി സംഭവത്തില്‍ നിന്ന്‌ പുരോഹിതര്‍ മതസമൂഹത്തെ എത്ര സമര്‍ഥമായാണ്‌ വഴികേടിലാക്കുന്നത്‌ എന്നതിന്റെ രേഖാചിത്രം ലഭിക്കും.

ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദും(സ) വരുന്നതിനു മുമ്പ്‌ മദീനയിലെ ജൂത-ക്രിസ്‌ത്യാനികള്‍ പ്രവചിത പ്രവാചകനായ മുഹമ്മദിന്റെ ആഗമനത്തെ അക്ഷമയോടെ കാത്തിരുന്നു. മുഹമ്മദില്‍ ഞങ്ങള്‍ ആദ്യം വിശ്വസിക്കും എന്ന്‌ ജൂതന്മാരും ക്രിസ്‌ത്യാനികളും പരസ്‌പരം വീറും വാശിയും പ്രകടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ തൗറാത്തിലും ഇഞ്ചീലിലും പ്രവചിത പ്രവാചകനെന്നെ നിലയില്‍ മുഹമ്മദ്‌ നബി ജൂത- ക്രിസ്‌ത്യാനികള്‍ക്ക്‌ സുപരിചിതനായിരുന്നിട്ടും പ്രവാചകാഗമനത്തിന്‌ ശേഷം അവരുടെ മട്ടും ഭാവവും മാറി. അവര്‍ നബി(സ)യുടെ ശക്തമായ എതിരാളികളായി നിലയുറപ്പിച്ചു. മുഹമ്മദിന്റെ നേതൃത്വമംഗീകരിച്ചാല്‍ തങ്ങളുടെ പൗരോഹിത്യ താല്‌പര്യങ്ങളൊന്നും നടക്കാതെയാവും എന്ന കാരണത്താലാണ്‌ അവര്‍ എതിര്‍ചേരിയില്‍ നിലയുറപ്പിച്ചത്‌.

മതത്തെ ഈ വിധം തങ്ങളുടെ താല്‌പര്യ പൂര്‍ത്തീകരണത്തിന്റെ ഉപാധിയായി മാത്രം നോക്കിക്കണ്ട മതവിഭാഗം എന്ന നിലയിലാണ്‌ ജൂതപൗരോഹിത്യത്തെ ഖുര്‍ആന്‍ വിശകലനംചെയ്‌തിട്ടുള്ളത്‌. ജൂത-ക്രിസ്‌തീയ ജനവിഭാഗത്തെ ബാധിച്ച പൗരോഹിത്യജീര്‍ണതകള്‍ അല്‌പം പോലും ഇല്ലാതെയാണ്‌ മുഹമ്മദ്‌ നബി(സ) ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുത്തത്‌. എന്നിട്ടവിടുന്നിപ്രകാരം പറഞ്ഞു: ``സ്വര്‍ഗത്തിലേക്ക്‌ നിങ്ങളെ അടുപ്പിക്കുകയും നരകത്തില്‍ നിന്ന്‌ നിങ്ങളെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക്‌ ഞാന്‍ വ്യക്തമാക്കിത്തന്നിട്ടുണ്ട്‌.'' ഇസ്‌ലാമികജീവിതം നയിക്കാന്‍ ഒരു മുസ്‌ലിമിന്‌ ഒരു മതപുരോഹിതന്റെ കൈത്താങ്ങ്‌ ആവശ്യമില്ലെന്നര്‍ഥം. പ്രവാചകന്‍(സ) തന്റെ അവസാനനാളുകളില്‍ ഇപ്രകാരം വ്യക്തമാക്കുകയും ചെയ്‌തു. ``രണ്ട്‌ കാര്യം നിങ്ങളെ ഏല്‌പിച്ചു ഞാന്‍ പോകുന്നു. അവ മുറുകെ പിടിച്ചു ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. ഖുര്‍ആനും നബിചര്യയുമാണവ.'' നിങ്ങള്‍ എന്ന പ്രയോഗത്തില്‍ ലോകാവസാനം വരെയുള്ള ഓരോ മുസ്‌ലിമും പെട്ടു. ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിക്കാന്‍ തിരുമാനിച്ച മുസ്‌ലിംകളെ പൗരോഹിത്യം ഇടപെട്ട്‌ അലങ്കോലമാക്കരുത്‌ എന്നുതന്നെയല്ലേ ഈ വചനത്തിലടങ്ങിയ താക്കീത്‌?

ജനനം, മരണം, വിവാഹം, ഗൃഹപ്രവേശം, യാത്ര പുറപ്പെടല്‍ തുടങ്ങിയ ജീവിതസന്ദര്‍ഭങ്ങളിലെല്ലാം മറ്റു പല മതവിഭാഗങ്ങളിലും ഒരു പുരോഹിതന്റെ കാര്‍മികത്വം അനിവാര്യമായി വരുമ്പോള്‍ ഇസ്‌ലാമിക സമൂഹത്തില്‍ അങ്ങനെയൊരു പുരോഹിത ചടങ്ങ്‌ മേല്‍ സന്ദര്‍ഭങ്ങളിലൊന്നുമില്ല എന്നത്‌ വളരെ ശ്രദ്ധേയമാണ്‌. എന്നാല്‍ മതത്തെപ്പറ്റി ശരിയായ അവബോധമില്ലാത്ത മുസ്‌ലിംകള്‍ക്കിടയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നോ അതിലധികമോ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെടുന്ന അവസ്ഥ കാണുന്നു. ആദ്യകാല മുസ്‌ലിംകള്‍ക്കിടയിലില്ലാത്തതും പില്‍ക്കാലത്ത്‌ കടന്നുവന്നതുമായ പൗരോഹിത്യ പ്രവണതയാണിത്‌. ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം പുരോഹിതന്മാര്‍ തങ്ങളുടെ ചടങ്ങ്‌ കഴിഞ്ഞ്‌ `ഫീസ്‌' വാങ്ങിയാണ്‌ പോകുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. വി.ഖു. 9:34ല്‍ പൗരോഹിത്യത്തെ സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെടുത്തിയത്‌ ഓര്‍ക്കുക.

by ശംസുദ്ദീന്‍ പാലക്കോട്‌ @ ശബാബ് വാരിക

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts