മനസ്സ്‌ കുറ്റമറ്റതാക്കാന്‍

``നിങ്ങള്‍ ഊഹത്തെ സൂക്ഷിക്കുവിന്‍. തീര്‍ച്ചയായും സംസാരങ്ങളില്‍ ഏറ്റവും വ്യാജമായത്‌ ഊഹമത്രെ.''
(ബുഖാരി, മുസ്‌ലിം)

``കേള്‍ക്കുന്നതെല്ലാം പറയുക എന്നത്‌ തന്നെ മതിയാകുന്നതാണ്‌ ഒരാള്‍ കളവ്‌ പറയുന്നവനായിത്തീരാന്‍.''
(മുസ്‌ലിം)

ഒരു സത്യവിശ്വാസി തന്റെ കാതും നാവും മനസ്സും അപഭ്രംശത്തില്‍ നിന്ന്‌ കാത്തുസൂക്ഷിക്കണമെന്നുണര്‍ത്തുന്ന നബിവചനങ്ങളാണ്‌ മുകളിലുദ്ധരിച്ചത്‌. ഊഹവും പരദൂഷണവും പരസ്‌പര പൂരകങ്ങളാണ്‌. സംസാരം പരദൂഷണമാകുമ്പോള്‍ പറയുന്ന നാവും കേള്‍ക്കുന്ന കാതും ഒരേസമയം കുറ്റത്തില്‍ പങ്കുവഹിക്കുന്നു.

പരദൂഷണം കേള്‍ക്കാന്‍ നിര്‍ബന്ധിതരായ വ്യക്തികള്‍ക്ക്‌ താന്‍ കേട്ട കാര്യത്തെപ്പറ്റി സ്വന്തമായ ഒരന്വേഷണത്തിലൂടെയും കുറ്റവിമുക്തി നേടാവുന്നതാണ്‌. കേട്ട കാര്യങ്ങള്‍ അന്വേഷണത്തിലൂടെ സത്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ആ വ്യക്തിയെ നേരില്‍ കണ്ട്‌ തെറ്റ്‌ തിരുത്താന്‍ ഗുണദോഷിക്കുകയാണ്‌ വേണ്ടത്‌. ബന്ധപ്പെട്ട വ്യക്തി കുറ്റക്കാരനല്ലെന്ന്‌ കണ്ടാല്‍ പരദൂഷണം പറഞ്ഞ്‌ തന്നെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തിനെ തിരുത്താനും സാധിക്കണം.

വ്യക്തികളെപ്പറ്റി തെറ്റായ ധാരണകളുണ്ടാക്കി വ്യക്തിബന്ധം തകര്‍ക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്‌. രാഷ്‌ട്രീയവൈരവും പാര്‍ട്ടി പക്ഷപാതിത്വവും ഇതിന്‌ നിമിത്തമായി വര്‍ത്തിക്കുന്നു. തന്റെ പാര്‍ട്ടിക്കാരനും കക്ഷിക്കാരനുമാണ്‌ മറ്റൊരാളെപ്പറ്റി ദുഷിച്ച്‌ സംസാരിക്കുന്നതെങ്കില്‍ അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും അതേറ്റു വിളിക്കുകയും ചെയ്യുന്നു. ഓരോ കക്ഷിയും തങ്ങളുടെ എതിരാളിയെ ഇവ്വിധം ചെളിവാരിയെറിയുന്ന കാഴ്‌ച എത്രയോ ഉണ്ട്‌. മറ്റൊരാളെ ദുഷിച്ച്‌ പറയുകയും അത്‌ കണ്ണടച്ച്‌ വിശ്വസിക്കുകയും ചെയ്യുന്നവര്‍ അതിന്റെ ഇസ്‌ലാമിക നിയമങ്ങള്‍ പലപ്പോഴും ഗൗനിക്കാറില്ല.

പരദൂഷണവും ഊഹാപോഹങ്ങളും കൊണ്ട്‌ നാവും കാതും മനസ്സും മലിനമാക്കിയവര്‍ ഇഹത്തിലും പരത്തിലും നഷ്‌ടക്കാരായിരിക്കുമെന്നാണ്‌ മതപ്രമാണങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഇത്തരക്കാര്‍ ഇഹലോകത്ത്‌ ചെയ്‌ത സല്‍കര്‍മങ്ങള്‍ പരലോകത്ത്‌ വെച്ച്‌ തന്റെ പ്രതിയോഗികള്‍ക്ക്‌ വീതിച്ചുകൊടുത്ത്‌ പാപ്പരായിത്തീരുന്ന ദയനീയാവസ്ഥയെപ്പറ്റി നബിവചനങ്ങളിലുണ്ട്‌.

ബനുല്‍മുസ്‌തലഖ്‌ യുദ്ധം കഴിഞ്ഞ്‌ വിജയശ്രീലാളിതരായി തിരിച്ചെത്തിയ മുസ്‌ലിംകള്‍ കപടവിശ്വാസികള്‍ പ്രചരിപ്പിച്ച അപവാദകഥയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ടല്ലോ. യാത്രാമധ്യേ വഴിയില്‍ ഒറ്റപ്പെട്ടുപോയ പ്രവാചകപത്‌നി ആഇശ(റ)യെ പ്രവാചകശിഷ്യനും സൈന്യത്തിന്റെ നിരീക്ഷകനുമായ സ്വഫ്‌വാന്‍(റ) കണ്ടെത്തി കൂട്ടിക്കൊണ്ടുവന്നു എന്ന സ്വാഭാവികമായ ഒരു സംഭവത്തെ കപടവിശ്വാസികള്‍ ഊഹാധിഷ്‌ടിതമായി നോക്കിക്കാണുകയും ദുഷിച്ച വ്യാഖ്യാനം നല്‌കി പ്രചരിപ്പിക്കുകയും ചെയ്‌തു.

ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്‌മത പാലിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്‌. കപടവിശ്വാസികള്‍ ബോധപൂര്‍വം രൂപപ്പെടുത്തിയ അപവാദക്കഥയില്‍ വിശ്വസിക്കുന്നവര്‍ സ്വഹാബികളിലുണ്ടായി. ഊഹം, അപവാദം, പരദൂഷണം എന്നിവയുടെ കെണിയില്‍ കുടുങ്ങുമ്പോള്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അല്ലാഹു സത്യവിശ്വാസികളെ അറിയിച്ചിട്ടുണ്ട്‌. (വി.ഖു. 24:11-24)

സംശുദ്ധ മനസ്സുമായി ദൈവസന്നിധിയിലെത്തുന്നവര്‍ക്ക്‌ മാത്രമേ പരലോകത്ത്‌ രക്ഷപ്പെടാനാവൂ എന്ന്‌ ഇബ്‌റാഹീം നബി(അ)യുടെ ഒരു പ്രാര്‍ഥനയിലൂടെ ഖുര്‍ആന്‍ അടിവരയിടുന്നു: ``അവര്‍ (മനുഷ്യര്‍) ഉയിര്‍ത്തെഴുന്നേല്‌പ്‌ ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ. അതായത്‌, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ. സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം.'' (വി.ഖു. 26:87-89)

കുറ്റമറ്റ ഹൃദയമുണ്ടാകണമെങ്കില്‍ പരദൂഷണം പറയുന്നതില്‍ നിന്ന്‌ നാവിനെയും കേള്‍ക്കുന്നതില്‍ നിന്ന്‌ കാതിനെയും ഊഹാപോഹങ്ങള്‍ കുത്തിനിറക്കുന്നതില്‍ നിന്ന്‌ മനസ്സിനെയും സംരക്ഷിച്ചുനിര്‍ത്തണം. ``സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്തുവന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്‌ക്ക്‌ നിങ്ങള്‍ ആപത്ത്‌ വരുത്തുകയും എന്നിട്ട്‌ അതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.'' (ഹുജുറാത്ത്‌ 49)

``തീര്‍ച്ചയായും ഊഹം സത്യത്തെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയോജനം ചെയ്യുകയില്ല.''(നജ്‌മ്‌ 28)

ദൈവബോധവും പരലോകചിന്തയുമുള്ള സത്യവിശ്വാസികള്‍ ഇഹപരജീവിതം ദുഷ്‌കരമാക്കുന്ന ഊഹം, അപവാദം, പരദൂഷണം എന്നീ ദുര്‍ഗുണങ്ങളില്‍ നിന്നകന്ന്‌ മനസ്സിനെ കുറ്റമറ്റതാക്കാന്‍ ശ്രമിക്കുക.

from Shabab Hadees Paadam

ലജ്ജയെന്ന കവചം ഭേദിക്കാതിരിക്കുക

സമൂഹജീവിയാണ്‌ മനുഷ്യന്‍. സമൂഹത്തിലെ ഒരംഗമെന്ന നിലയില്‍ ഓരോ വ്യക്തിയും ഇതര മനുഷ്യരോട്‌ എങ്ങനെ വര്‍ത്തിക്കണമെന്ന രീതിശാസ്‌ത്രത്തിന്റെ ആകെത്തുകയാണ്‌ സ്വഭാവ-സംസ്‌കാര മര്യാദകള്‍. മതങ്ങളാണ്‌ ഇവയുടെ സ്രോതസ്സ്‌. ശാസ്‌ത്രീയ നിരീക്ഷണങ്ങള്‍ക്കോ ഭൗതിക പ്രത്യയശാസ്‌ത്രങ്ങള്‍ക്കോ സാംസ്‌കാരിക രംഗത്ത്‌ നല്‍കാനൊന്നുമില്ല. ഇസ്‌ലാം ഇതിന്റെ ഏറ്റവും ഉത്തമവും ഉത്തുംഗവുമായ നിലവാരം മനുഷ്യരുടെ മുന്നില്‍ വയ്‌ക്കുന്നു. അചഞ്ചലമായ വിശ്വാസം, വിശ്വാസത്തില്‍ നിന്ന്‌ ഉത്ഭൂതമാകുന്ന കര്‍മാനുഷ്‌ഠാനങ്ങള്‍, തജ്ജന്യമായ മഹത്തായ സ്വഭാവം എന്നീ മൂന്നു ഘടകങ്ങളാണ്‌ മതമെന്ന്‌ സാമാന്യമായി പറയാം.

ഇത്തരത്തിലുള്ള സ്വഭാവമര്യാദകളാണ്‌ മനുഷ്യനെ ഇതര ജന്തുക്കളില്‍ നിന്ന്‌ വ്യതിരിക്തനാക്കുന്നത്‌. മനുഷ്യനെ മനുഷ്യനാക്കുന്ന ഉത്‌കൃഷ്‌ട സ്വഭാവങ്ങളിലൊന്നാണ്‌ ലജ്ജ. സ്വകാര്യതകള്‍ കാത്തുസൂക്ഷിക്കാനും മാനവികത സംരക്ഷിക്കാനും ഏറ്റവും ആവശ്യമായ ഒരു ഗുണവിശേഷവും കൂടിയാണ്‌ ലജ്ജ. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്കും നഗ്നതകളിലേക്കും എത്തിനോക്കാനോ തന്റെ സ്വകാര്യതകള്‍ പ്രദര്‍ശിപ്പിക്കാനോ ലജ്ജ എന്ന ഗുണുള്ള ആളുകള്‍ മുതിരുകയില്ല. ആശാസ്യമല്ലാത്ത കാര്യങ്ങള്‍ സമൂഹമധ്യത്തില്‍ വരാതിരിക്കാനുള്ള പ്രധാന കാരണം മനുഷ്യരുടെ ലജ്ജാശീലമാണ്‌.

വിവേകമെത്തിയിട്ടില്ലാത്ത പിഞ്ചുകുട്ടികള്‍ക്ക്‌ ലജ്ജ എന്നൊരു വികാരമില്ല. അതുകൊണ്ട്‌ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ത്യാജ്യഗ്രാഹ്യബോധമോ വിവേചനമോ കാണില്ല. എന്നാല്‍ നിഷ്‌കളങ്കമായ ആ കുരുന്നുകളുടെ ഏതുതരം ചെയ്‌തികളും നമുക്ക്‌ വിമ്മിട്ടമോ അലോസരമോ ഉണ്ടാക്കില്ല. നഗ്നത വെളിപ്പെടുത്തുക, പരസ്യമായി മലമൂത്ര വിസര്‍ജനം നടത്തുക, പരിസരബോധമില്ലാതെ സംസാരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ലജ്ജയില്ലാത്തവന്റെ പ്രവൃത്തികളാണെങ്കിലും പിഞ്ചുകുഞ്ഞുങ്ങളാണെങ്കില്‍ അതില്‍ ആര്‍ക്കും വിഷമമില്ല. വിവേകത്തിനു ശേഷം പ്രായാധിക്യമെത്തി വീണ്ടും കുട്ടിത്തത്തിന്റെ ചേഷ്‌ടകള്‍ കാണിക്കുന്ന പടുവൃദ്ധരില്‍ നിന്ന്‌ ലജ്ജാവിഹീനമായ പ്രവൃത്തികള്‍ കാണുമ്പോള്‍ മുതിര്‍ന്നവര്‍ സഹതപിക്കുകയും അവരെ അതില്‍ നിന്ന്‌ യഥോചിതം വിലക്കുകയും ചെയ്യുന്നു. ബുദ്ധിഭ്രംശം മൂലം മാനസിക രോഗങ്ങള്‍ക്കടിപ്പെട്ട മനുഷ്യര്‍ക്ക്‌ മറ്റു പല മാനവിക ഗുണങ്ങളുമെന്ന പോലെ ലജ്ജ എന്ന വികാരവും നഷ്‌ടപ്പെടുന്നു. അതുകൊണ്ടാണ്‌ വിവേകമുള്ളവര്‍ അത്‌ രോഗമായി കണ്ട്‌ അവരെ ചികിത്സിക്കാന്‍ മുതിരുന്നത്‌. പിഞ്ചുകുഞ്ഞിനും പടുവൃദ്ധനും മാനസികരോഗിക്കും നിയമങ്ങള്‍ ബാധകമാവുകയോ അവര്‍ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. ഇസ്‌ലാമിന്റെ ദൃഷ്‌ടിയിലും അവര്‍ കുറ്റക്കാരല്ല.

എന്നാല്‍ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അടിമകളായി ബുദ്ധിഭ്രംശം വിലയ്‌ക്കു വാങ്ങുന്നവര്‍ക്കും ലജ്ജ എന്ന വികാരം നഷ്‌ടപ്പെടുന്നു. സ്വബോധം നഷ്‌ടപ്പെടുന്നതിനാല്‍ സമൂഹത്തില്‍ വെച്ച്‌ ഏതുതരം ചേഷ്‌ടകളും അവര്‍ നിര്‍ലജ്ജം ചെയ്‌തുകൂട്ടും. താന്‍ എന്തു പറയുന്നുവെന്നോ ആരോട്‌ പറയുന്നുവെന്നോ താന്‍ പറയുന്ന കാര്യങ്ങള്‍ക്ക്‌ സമൂഹത്തില്‍ എന്ത്‌ പ്രത്യാഘാതമാണ്‌ ഉണ്ടാവുന്നതെന്നോ ചിന്തിക്കാന്‍ കഴിയാത്ത മദ്യാസക്തര്‍ തികച്ചും കുറ്റവാളികളും ശിക്ഷിക്കപ്പെടേണ്ടവരുമായി കണക്കാക്കപ്പെടുന്നത്‌ ഇത്‌ അവരുടെ സ്വന്തം കാരണങ്ങളാല്‍ ആര്‍ജിച്ച തിന്മയായതുകൊണ്ടാണ്‌.

ഒരു കുഞ്ഞ്‌ മുതിര്‍ന്നു വരുന്നതിന്നനുസരിച്ച്‌ അവനില്‍ ലജ്ജാബോധവും വളര്‍ന്നുവരുന്നു. കാരണം ഇത്‌ മനുഷ്യപ്രകൃതിയില്‍ അന്തര്‍ലീനമായ ഒരു ഗുണമാണ്‌. വിവസ്‌ത്രമാക്കപ്പെടുമ്പോള്‍ ലജ്ജ തോന്നുന്നത്‌ ഈ നൈസര്‍ഗികബോധം കൊണ്ടാണ്‌. പ്രകൃതി വിശേഷം അടിസ്ഥാനഗുണമായി കാണുന്ന മതമാണ്‌ ഇസ്‌ലാം. ലജ്ജയുടെ കാര്യത്തിലും അങ്ങനെ തന്നെ. നബി(സ)പറയുന്നു: ``ഈമാന്‍ എഴുപതില്‍പരം ശാഖകളാണ്‌. അവയിലേറ്റവും ശ്രേഷ്‌ഠം ഏകദൈവവിശ്വാസവും ഏറ്റവും താഴ്‌ന്നത്‌ വഴിയില്‍ നിന്ന്‌ ഉപദ്രവം നീക്കലുമാണ്‌. ലജ്ജ ഈമാനിന്റെ ഒരു ഭാഗമാണ്‌.''. മനുഷ്യന്റെ നല്ല നടപ്പുകളിലെല്ലാം ഈമാന്‍ പ്രതിഫലിക്കുന്നു എന്നര്‍ഥം. അപ്പോള്‍ ലജ്ജയില്ലാതാകുന്നത്‌ ഈമാനിന്റെ കുറവായി ഗണിക്കേണ്ടിവരും. മനുഷ്യന്‍ പല തിന്മകളും ചെയ്യാതിരിക്കാന്‍ ഒരു കാരണം ലജ്ജാബോധമാണ്‌. മതവിശ്വാസമോ സാംസ്‌കാരിക ചിന്തയോ ഒന്നുമില്ലെങ്കിലും ഒരു സാമൂഹ്യബോധമെന്ന നിലയില്‍ ലജ്ജ മനുഷ്യനെ തിന്മകളില്‍ നിന്ന്‌ പ്രതിരോധിക്കുന്നു. സ്വകാര്യമായി തെറ്റു ചെയ്യുന്നവര്‍ പോലും പകല്‍ മാന്യന്മാരാകുന്നതിന്റെ പിന്നുള്ളത്‌ ലജ്ജ എന്ന കവചമാണ്‌. അതാണ്‌ നബി(സ) പറഞ്ഞത്‌. ``നിനക്ക്‌ ലജ്ജയില്ലെങ്കില്‍ നിനക്കിഷ്‌ടമുള്ളത്‌ ചെയ്‌തോളൂ.'' എന്തും ചെയ്യാനുള്ള അനുവാദമല്ല; ലജ്ജയില്ലാതായാല്‍ ഉണ്ടാകാവുന്ന പരിണതിയാണ്‌ റസൂല്‍(സ) മുന്നറിയിപ്പ്‌ തരുന്നത്‌.

മനുഷ്യന്റെ ജന്മബോധവും ഇസ്‌ലാമിന്റെ സംസ്‌കാരവുമായ ലജ്ജാബോധം മനുഷ്യനില്‍ നിന്ന്‌ പതുക്കെപ്പതുക്കെ എടുത്തുമാറ്റപ്പെടുന്ന ഗുരുതരമായ സ്ഥിതിവിശേഷം നമുക്കു ചുറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നു. കലയും സാഹിത്യവുമെന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മിക്ക സംഗതികളും മനുഷ്യനെ ലജ്ജയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നവയാണ്‌. മീഡിയ, പ്രത്യേകിച്ചും ദൃശ്യമീഡിയ, നമുക്കു മുന്നില്‍ വിളമ്പിത്തരുന്നതില്‍ മുച്ചൂടും നിര്‍ലജ്ജമായ പരിപാടികളാണ്‌. സിനിമയും സീരിയലും സംവേദനത്തിനുപകരിക്കുന്ന ഉത്തമ മാധ്യമമാണെന്നിരിക്കെ അവയെ ദുരുപയോഗപ്പെടുത്തി അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ അതിലംഘിച്ച്‌ പ്രേക്ഷക മനസ്സില്‍ നിന്ന്‌ ലജ്ജ എന്ന വികാരം തന്നെ നഷ്‌ടപ്പടുത്തുകയാണ്‌. കുടുംബത്തോടൊപ്പം കാണാന്‍ പറ്റാത്തതും കുട്ടികള്‍ കാണാന്‍ പാടില്ലാത്തതുമായ സിനിമകള്‍ മുന്‍കാലങ്ങളില്‍ `എ' എന്ന പേരില്‍ മാറ്റിനിര്‍ത്തിയിരുന്നത്‌ ഈ സാമൂഹ്യബോധം മൂലമായിരുന്നു. പക്ഷേ, ഫലം പൂര്‍ണമായും നെഗറ്റീവ്‌ ആയിരുന്നു. സകലമാന വേര്‍തിരിവും അതിലംഘിച്ച്‌ പുറത്തിറങ്ങുന്ന സിനിമകളും പൊതുസ്ഥലങ്ങളില്‍ കൊത്തിവച്ച ശില്‌പങ്ങളും വഴിയിലുടനീളം കാണുന്ന അശ്ലീല പോസ്റ്ററുകളും കണ്ടുകണ്ട്‌ -ഒഴിഞ്ഞുമാറാന്‍ കഴിയാഞ്ഞ്‌- അശ്ലീലതകള്‍ക്കു നേരെ ഒരുതരം നിസ്സംഗത മനുഷ്യരില്‍ വന്നുചേര്‍ന്നിരിക്കുകയാണ്‌. ലജ്ജ എന്ന കവചപാളിക്ക്‌ ഓട്ട വീണാല്‍ സാംസ്‌കാരികത്തകര്‍ച്ചയായിരിക്കും ഫലം. ഈയൊരു ദുരവസ്ഥയിലേക്ക്‌ സമൂഹം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നു. ഇതിന്നെതിരെ ബോധവത്‌കരണം നടത്തുക, വിശ്വാസത്തിന്റെ രക്ഷാകവചം തേടുക എന്നത്‌ മാത്രമാണ്‌ നമുക്ക്‌ മുന്നിലുള്ള പോംവഴി.

വിശ്വാസവുമായി ബന്ധപ്പെട്ട ഒരു കാര്യം കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്‌താലും അത്‌ ബഹുദൈവാരാധന (ശിര്‍ക്ക്‌) ആയിത്തീരുന്നു. അഭൗതികമായ നേട്ടം പ്രതീക്ഷിക്കാതെ ജനപ്രീതി നേടാന്‍ വേണ്ടി നന്മ ചെയ്യുമ്പോള്‍ അത്‌ ഗോപ്യമായ ശിര്‍ക്ക്‌ (ശിര്‍ക്കുല്‍ഖഫിയ്യ്‌), ചെറിയശിര്‍ക്ക്‌ (ശിര്‍ക്കുല്‍അസ്വ്‌ഗര്‍) നബി(സ) വിശേഷിപ്പിച്ചു. അതിന്റെ നേര്‍വിപരീതം ശ്രദ്ധിക്കുക. അല്ലാഹു കാണുമല്ലോ എന്ന ചിന്തയാല്‍ തെറ്റില്‍ നിന്ന്‌ മാറിനില്‍ക്കുന്നത്‌ വലിയ പുണ്യം ജനങ്ങള്‍ കാണുന്നത്‌ ഭയന്ന്‌-ലജ്ജയാല്‍-തിന്മ ചെയ്യാതിരിക്കുന്നതും വ്യക്തിക്കും സമൂഹത്തിനും ഗുണകരമാണ്‌. അതാണല്ലോ അത്‌ ഈമാനില്‍ പെട്ടതാണ്‌ എന്ന്‌ നബി(സ) പ്രോത്സാഹിപ്പിക്കാന്‍ കാരണം. നമ്മുടെ പിന്‍തലമുറ ലജ്ജയില്ലാത്തവരാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

from shabab editorial

ശാന്തിയുടെ തീരം അകലെയല്ല

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും മുറയ്‌ക്ക്‌ നടക്കുന്ന ആധുനിക ലോകത്ത്‌ മനശ്ശാന്തിയും മനസ്സുഖവും വിനഷ്‌ടമായിക്കൊണ്ടിരിക്കുന്നു. സമ്മര്‍ദങ്ങളും അതുളവാക്കുന്ന സംഘര്‍ഷങ്ങളും ആധുനിക മനുഷ്യരെ അശാന്തിയുടെ ആഴങ്ങളിലേക്ക്‌ തള്ളിവിടുകയാണ്‌. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലികളും വികലമായ സാമൂഹ്യ കാഴ്‌ചപ്പാടുകളും കളങ്കം വരുത്തുന്നത്‌ സമാധാന ജീവിതത്തിനാണ്‌. പണാധിപത്യത്തിന്റെ പുതിയ ലോകം
സമ്മാനിക്കുന്നത്‌ കു ടുംബത്തകര്‍ച്ചയും സദാചാരമൂല്യ വിചാരങ്ങളുടെ തളര്‍ച്ചയും മാത്രമാണ്‌. കുടുംബങ്ങളിലും സമൂഹത്തിലും സമാധാനത്തിന്റെ പച്ചക്കതിരുകള്‍ വാടിയുണങ്ങുന്നതായ വാര്‍ത്തകള്‍ നിത്യവും നാം കേട്ടുകൊണ്ടിരിക്കുന്നു.

അഴിമതിയും അനീതിയും സ്വജനപക്ഷപാതവും സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളും അശ്ലീല പ്രവര്‍ത്തനങ്ങളും നിയമനത്തട്ടിപ്പുകളും ഒളിക്യാമറകളുമെല്ലാമടങ്ങുന്ന ആധുനിക പരിസരം സംഘര്‍ഷ പൂരിതമാവുന്നതില്‍ അത്ഭുതപ്പെടാനില്ല. ആധുനികതയുടെ മാസ്‌മരികലോകത്ത്‌ നില്‌ക്കുന്ന ആധുനിക മനുഷ്യന്‍ അശാന്തിയെയാണ്‌ ദിനേന വരവേറ്റുകൊണ്ടിരിക്കുന്നത്‌. ഒരു സത്യവിശ്വാസിക്ക്‌ പതറാത്ത പാദങ്ങളുമായി ആധുനിക ലോകത്തെ അഭിമുഖീകരിക്കാന്‍ കഴിയും. യഥാര്‍ഥ സമാധാനത്തിന്റെയും വറ്റാത്ത മനസ്സുഖത്തിന്റെയും അടിസ്ഥാനം സത്യവിശ്വാസമാകുന്നു.

മനുഷ്യനെ സംബന്ധിച്ചിടത്തോളം വിശ്വാസമെന്നത്‌ അമൂര്‍ത്തമാണെങ്കിലും മൂര്‍ത്തമായ ഈ പ്രപഞ്ചത്തിന്റെ പുരോഗതിയും വളര്‍ച്ചയും ഊര്‍ജം സംഭരിക്കുന്നത്‌ ഈ വിശ്വാസത്തില്‍ നിന്നാണ്‌. സ്വന്തത്തിലുള്ള വിശ്വാസം വളരെ പ്രധാനമാണ്‌. സ്വന്തത്തെ വിശ്വാസമില്ലാത്തവന്‌ മറ്റുള്ളവരെ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. സ്വന്തത്തെക്കുറിച്ച്‌ കൃത്യമായ ധാരണ രൂപപ്പെടുത്താന്‍ കഴിയാത്തവന്‌ മറ്റുള്ളവരെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. ഒരു സത്യവിശ്വാസി തന്നെ കരുതുന്ന പോലെത്തന്നെ മറ്റുള്ളവരെയും ഉള്‍ക്കൊള്ളാന്‍ മനസ്സുള്ളവനായിരിക്കും. വിശ്വാസത്തെ അറിഞ്ഞനുഭവിക്കാന്‍ സാധിക്കുന്നതു കൊണ്ട്‌ മാത്രമാണ്‌ സത്യവശ്വാസിക്ക്‌ എല്ലാറ്റിനെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്‌.

വിശ്വാസത്തില്‍ ഏറ്റവും വലുത്‌ അല്ലാഹുവിലുള്ള വിശ്വാസമാണ്‌. ഒരു മനുഷ്യന്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നതോടു കൂടി അയാളുടെ ചിന്തകളും സങ്കല്‌പങ്ങളും മാറുന്നു. അവന്റെ ജീവിതത്തില്‍ നിഴലിച്ചുകാണുക ആദര്‍ശദാര്‍ഢ്യവും നേരായ വിചാരങ്ങളുമായിരിക്കും. പ്രതിസന്ധികള്‍ക്കും പരീക്ഷണങ്ങള്‍ക്കും മുമ്പില്‍ മനോവീര്യത്തോടെയും പ്രതീക്ഷയോടെയും നിവര്‍ന്നു നില്‌ക്കാനുള്ള കരുത്തായി വിശ്വാസം അവന്‌ അനുഭവവേദ്യമാകുന്നു. ഇതാണ്‌ യഥാര്‍ഥ ദൈവവിശ്വാസം. സമാധാനത്തിന്റെ ഒന്നാമത്തെ ഉപാധി സത്യവിശ്വാസമാണ്‌. അല്ലാഹുവേ, നീയാണ്‌ സമാധാനം, നിന്നില്‍ നിന്നാണ്‌ സമാധാനം, ആദരവും മഹത്വവും ഉള്ളവനായ നീ അനുഗ്രഹപൂര്‍ണനാകുന്നു എന്നാണ്‌ വിശ്വാസി മന്ത്രിക്കുന്നത്‌. സമാധാനത്തിന്റെ വറ്റാത്ത ഉറവ അല്ലാഹുവിലുള്ള കരുത്തുറ്റ വിശ്വാസമത്രെ.

അനശ്വരനും അജയ്യനും അന്യൂനുമായ അല്ലാഹുവിന്‌ മാത്രമേ അനശ്വരശാന്തി നല്‌കാനാവുകയുള്ളൂ. ഈ തത്വമാണ്‌ മുഴുവന്‍ പ്രവാചകന്മാരും ജനങ്ങളെ പ്രബോധനം ചെയ്‌തത്‌. സാമ്പത്തിക നേട്ടങ്ങളും സന്താനസൗഭാഗ്യങ്ങളും നേടിത്തരാന്‍ പ്രാപ്‌തരായ സൃഷ്‌ടികള്‍ ഈ ലോകത്തുണ്ടെന്ന്‌ കരുതുന്നവരുണ്ട്‌. ചെപ്പടിവിദ്യകള്‍ കൊണ്ട്‌ സമാധാനവും സൗഭാഗ്യവും നേടാമെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. താല്‍ക്കാലികമായ മറിമായങ്ങള്‍ ഒപ്പിക്കാമെന്നതിലപ്പുറം ശാശ്വതമായ സമാധാനം നല്‌കാനോ ജീവിതസുരക്ഷ പ്രദാനം ചെയ്യാനോ ഇവര്‍ക്കൊന്നുമാവില്ല. എന്നാല്‍ സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിന്റെ സഹായവും രക്ഷയും എപ്പോഴും കൂടെയുണ്ടായിരിക്കും. അല്ലാഹു സത്യവിശ്വാസികയുടെ രക്ഷാധികാരിയാണെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്‌ (47:11). അല്ലാഹു വിശ്വാസികള്‍ക്ക്‌ ഇഹപര ജീവിതസുരക്ഷ വാഗ്‌ദാനം ചെയ്യുന്നുണ്ട്‌: ``വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന്‌ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുന്നു'' (വി.ഖു. 2:257). യഥാര്‍ഥ വെളിച്ചം സത്യവിശ്വാസമാകുന്നു. മനശ്ശാന്തിയുടെ സ്രോതസ്സും അതുതന്നെ.

ജീവിതത്തിലുണ്ടാകുന്ന അസമാധാനങ്ങള്‍ക്ക്‌ നിരവധി കാരണങ്ങളുണ്ടാകാം. അമിതമായ മോഹങ്ങള്‍, അനാവശ്യ വിചാരങ്ങള്‍, സ്വന്തത്തെക്കുറിച്ചുള്ള വികലമായ ധാരണകള്‍, ഊഹം, അസൂയ, അത്യാഗ്രഹങ്ങള്‍ തുടങ്ങി ഒട്ടനവധി കാരണങ്ങള്‍. അന്യന്റെ വളര്‍ച്ചയില്‍ അസ്വസ്ഥത തോന്നുന്നവനും തകര്‍ച്ചയില്‍ അത്യാഹ്ലാദം പ്രകടിപ്പിക്കുന്നവനും സമാധാനം ലഭ്യമാവില്ല. നിങ്ങള്‍ നിങ്ങളെക്കാള്‍ മുകളിലുള്ളവരിലേക്കല്ല, താഴെയുള്ളവരിലേക്കാണ്‌ നോക്കേണ്ടതെന്നും അല്ലാത്തപക്ഷം അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്ക്‌ മനസ്സിലാവില്ലെന്നും മുഹമ്മദ്‌ നബി(സ) അരുളിയത്‌ എത്ര ശ്രദ്ധേയം. പാവപ്പെട്ടവന്‌ പണക്കാരനോട്‌ അസൂയ തോന്നേണ്ടതില്ല. ധനികന്‍ ദരി ദ്രനോട്‌ അഹങ്കാരം പ്രകടിപ്പിക്കേണ്ടതുമില്ല. ഓരോരുത്തവര്‍ക്കും അല്ലാഹു നല്‌കിയ ജീവിതവിഭവങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി നാളെയുടെ ഭവനത്തെ തേടിക്കൊള്ളാനാണ്‌ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരോട്‌ ആഹ്വാനം ചെയ്യുന്നത്‌.

എന്നാല്‍ ഇന്ന്‌ ലോകത്തിന്റെ സഞ്ചാരം ഈ വഴിക്കല്ല. മറിച്ച്‌ തങ്ങളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവരിലേക്ക്‌ നോക്കിനെടുവീര്‍പ്പിടുന്നവരാണ്‌ അധികവും. ഇങ്ങനെ അസ്വസ്ഥരായി ജീവിതം തുഴയുന്നവര്‍ക്ക്‌ സമാധാനം വിദൂരമായിരിക്കും. തനിക്ക്‌ അല്ലാഹു നല്‌കിയിട്ടുള്ള ആരോഗ്യം, അറിവ്‌, ശേഷി, സമ്പത്ത്‌, സന്താനങ്ങള്‍, അധികാരം, മറ്റു പദവികള്‍ തുടങ്ങി എല്ലാറ്റിനും ദൈവത്തോട്‌ കടപ്പെട്ടവനാണ്‌ താനെന്ന ബോധമാണ്‌ വിശ്വാസിക്കുണ്ടാവേണ്ടത്‌. തനിക്ക്‌ ലഭിച്ച പലതും പലര്‍ക്കും ലഭിച്ചിട്ടില്ലല്ലോ എന്ന വിചാരത്തോടെ, തനിക്ക്‌ ലഭിച്ചതില്‍ ദൈവത്തോട്‌ അങ്ങേയറ്റം നന്ദിയുള്ളവനായാല്‍ അല്ലാഹു വീണ്ടും വീണ്ടും അനുഗ്രഹങ്ങള്‍ വര്‍ധിപ്പിച്ചുതരുമെന്ന്‌ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്‌: ``നിങ്ങള്‍ ശുക്‌റ്‌ കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌.'' (വി.ഖു. 14:7)

പക്ഷേ, അധിക പേരും നന്ദി കാണിക്കാറില്ല. ഖുര്‍ആന്‍ പറയുന്നത്‌ നോക്കൂ: ``അവന്‍ (ഇബ്‌ലീസ്‌) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത്‌ തടയാന്‍ ഞാന്‍ കാത്തിരിക്കും. പിന്നീട്‌ അവരുടെ മുമ്പിലൂടെയും അവരുടെ പിന്നിലൂടെയും വലതു ഭാഗങ്ങളിലൂടെയും ഇടതു ഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധിക പേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.'' (വി.ഖു 7:16,17)

ജീവിതസുഖത്തിന്റെ പ്രഥമവഴി മനശ്ശാന്തിയാണ്‌. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹമാകുന്നു അത്‌. ഭൗതിക വിഭവങ്ങളില്‍ നിന്ന്‌ മനശ്ശാന്തി നേടിയെടുക്കാനാവില്ല. ആത്മീയമായ ഉണര്‍വില്‍ നിന്നേ മനശ്ശാന്തി രൂപപ്പെടൂ. അല്ലാഹുവിലും അന്ത്യദിനത്തിലുമുള്ള ഇളക്കം തട്ടാത്ത വിശ്വാസത്തില്‍ നിന്ന്‌ മാത്രമേ അനശ്വരശാന്തിയുടെ ഉറവപൊട്ടൂ. വിശ്വാസത്തിന്റെ അഭാവത്തില്‍ മനസ്സുകള്‍ അശാന്തമായിത്തീരും. അസ്വസ്ഥതകളും പിരിമുറുക്കവും വിഭ്രാന്തിയും വിഷാദവുമായിരിക്കും ഫലം. അത്താണിയില്ലാത്ത അവസ്ഥയായിരിക്കും പരിണതി.

എന്നാല്‍ അല്ലാഹുവിലുള്ള വിശ്വാസം മനുഷ്യനെ കരുത്തനാക്കുന്നു. മദീനയിലേക്കുള്ള പലായനവേളയില്‍ നബി(സ)യുടെ ഹൃദയത്തില്‍ തുളുമ്പി നിന്നത്‌ ഈ വിശ്വാസമായിരുന്നു. ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട അവസ്ഥയില്‍ ആകുലചിത്തനായ അബൂബക്കറി(റ)നോടുള്ള നബി(സ)യുടെ ആശ്വാസവാക്കുകള്‍ ഇങ്ങനെയായിരുന്നു:

``അബൂബക്‌ര്‍! മൂന്നാമനായി അല്ലാഹു കൂടെയുള്ള രണ്ടുപേരെ പറ്റി താങ്കള്‍ എന്താണ്‌ വിചാരിക്കുന്നത്‌?'' ഖുര്‍ആന്‍ അക്കാര്യം വിവരിക്കുന്നത്‌ ഇപ്രകാരമാണ്‌: ``സത്യനിഷേധികള്‍ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരില്‍ ഒരാള്‍ ആയിത്തീരുകയും ചെയ്‌ത സന്ദര്‍ഭത്തില്‍ അഥവാ അവര്‍ രണ്ടുപേരും (നബിയും അബൂബക്‌റും) ആ ഗുഹയിലായിരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തന്റെ കൂട്ടുകാരനോട്‌ ദു:ഖിക്കണ്ട, തീര്‍ച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദര്‍ഭം. അപ്പോള്‍ അല്ലാഹു തന്റെ വകയായിട്ടുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കിക്കൊടുക്കുകയും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളെ ക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിന്‍ബലം നല്‌കുകയും, സത്യനിഷേധികളുടെ വാക്കിനെ അവന്‍ അങ്ങേയറ്റം താഴ്‌ത്തിക്കളയുകയും ചെയ്‌തു.'' (വി.ഖു. 9:40)

വിശ്വാസിയുടെ മനസ്സ്‌ എന്തിനെയും ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലമാണ്‌. ആ വിശാലതയില്‍ അവന്‍ അനുഭവിക്കുന്നത്‌ ആത്മീയ സുഖമാണ്‌, മനശ്ശാന്തിയാണ്‌. ``അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന്‌ ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‌കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്‌തുവോ'' (സുമര്‍ 22) എന്ന വചനത്തെക്കുറിച്ച്‌ പ്രവാചകന്‍ വിശദീകരിച്ചത്‌ ഇപ്രകാരമായിരുന്നു: ``വെളിച്ചം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ അത്‌ വിശാലതയും വിസ്‌തൃതിയുമായിത്തീരും.'' വിശ്വാസത്തിന്റെ വെളിച്ചം ഹൃദയത്തിലെത്തുന്നതോടെ അശാന്തിയുടെ ഇരുട്ടറകള്‍ അപ്രത്യക്ഷമാകുന്നു. ആകുലപ്പെടുത്തുന്ന ചിന്തകളുടെയും വിഭ്രാന്തിയുടെയും ലോകത്തു നിന്നും ശാന്തിയുടെ നിറവിലേക്കെത്തിച്ചേരാന്‍ സാധിക്കുന്നു. വിശ്വാസത്തിന്റെ ഊര്‍ജം ഉള്ളിലേറ്റിയവന്‌ മാത്രമേ ശാന്തിയുടെ തീരത്തേക്ക്‌ നീന്തിക്കയറാനാവുകയുള്ളൂ.

by ജംഷിദ് നരിക്കുനി @ ശബാബ്

ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍. പരിചയപ്പെടുത്തേണ്ടതില്ല. മേല്‍വിലാസം, പോസ്റ്റ്‌ ഓഫീസ്‌, ഫോണ്‍ നമ്പര്‍ തുടങ്ങിയവയൊന്നും ആവശ്യമില്ല. നാമശ്രവണ മാത്രയില്‍ എല്ലാവര്‍ക്കും സുപരിചിതന്‍. ആരാണ്‌ ഇദ്ദേഹം? ഇന്ത്യയുടെ പ്രിയപ്പെട്ട ക്രിക്കറ്റര്‍. ക്രീസിലും ഫീല്‍ഡിലും നിറഞ്ഞുനില്‌ക്കുന്ന സച്ചിന്റെ പ്രകടനങ്ങള്‍ക്ക്‌ സാക്ഷിയാകാന്‍ സ്‌ക്രീനില്‍ കണ്ണും നട്ടിരിക്കുന്ന ജനകോടികള്‍. ഇപ്പോള്‍ ഇതെല്ലാം എന്തിനാണ്‌ ഓര്‍ത്തതെന്നല്ലേ? രണ്ടു നാലു ദിവസം മുന്‍പ്‌ പത്രത്തില്‍ കണ്ട ഒരു വാര്‍ത്ത. `സച്ചിന്‍ ഇനി കോളയില്‍'. അതാണ്‌ ഇങ്ങനെ ചിന്തിക്കാന്‍ കാരണം.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക്‌ കൊക്കക്കോള ഉത്‌പന്നങ്ങളുടെ ബ്രാന്റ്‌ അംബാസഡറായി നിശ്ചയിക്കപ്പെട്ടുവത്രെ. പ്രതിഫലം ഇരുപതുകോടി രൂപ മാത്രം. ബിസിനസ്‌ രംഗത്ത്‌ കോളയുടെ മുഖ്യ എതിരാളിയായ പെപ്‌സിയുടെ ബ്രാന്റ്‌ അംബാസഡറെന്ന നിലയില്‍ ചെയ്‌ത കരാറിന്റെ കാലാവധി കഴിഞ്ഞ പിറ്റേന്ന്‌ ആ `വിഗ്രഹ'ത്തെ കോള വിലക്കെടുത്തു. ഈ സ്വതന്ത്ര ഇന്ത്യയില്‍ ആര്‍ക്കും ഏതു കമ്പനിയുടെയും മാര്‍ക്കറ്റിംഗില്‍ പങ്കാളിയായി പ്രതിഫലം പറ്റാം. എന്നാല്‍ ചില ചിന്താശകലങ്ങള്‍ പങ്കുവെയ്‌ക്കുകയാണിവിടെ ഉദ്ദേശിക്കുന്നത്‌.
ക്രിക്കറ്റ്‌ കളിക്കാനുള്ള വസ്‌തു തന്റെ കഴിവുകള്‍ വികസിപ്പിച്ച്‌, നിരവധി അവസരങ്ങള്‍ ലഭിച്ച്‌, നൂറുകോടി മനുഷ്യരുടെ പ്രാതിനിധ്യത്തോടെ ലോകവേദികളില്‍ കളിച്ചു വിജയിച്ചപ്പോള്‍ ശരാശരി ഇന്ത്യക്കാരന്റെ മനസ്സില്‍ ആ കളിക്കാരന്‍ ഹീറോയായി മാറി. അത്‌ സ്വാഭാവികമാണ്‌. കലാകായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ ആദരിക്കപ്പെടുന്നതിനു പകരം ആരാധനയുടെ വിതാനത്തിലെത്തി `വിഗ്രഹ'ങ്ങളായിത്തീരുകയാണ്‌. തന്റെ കഴിവിന്‌ അംഗീകാരം നല്‌കിക്കൊണ്ട്‌, ദാരിദ്ര്യരേഖയ്‌ക്കു താഴെ കിടക്കുന്ന പരകോടികള്‍ പിന്നില്‍ കാത്തിരിക്കുന്നതു കൊണ്ടാണ്‌ സച്ചിന്‌ ഇരുപതു കോടി വില ലഭിച്ചത്‌. ടെസ്റ്റില്‍ അന്‍പത്‌ സെഞ്ച്വറി നേടിയതോടെ ബ്രാന്റ്‌ മൂല്യം ഇരട്ടിയാവുകയായിരുന്നുവത്രെ. ഇത്‌ സച്ചിനെന്ന കളിക്കാരനെപ്പറ്റി മാത്രമല്ല പറയുന്നത്‌. ഏതെങ്കിലും തരത്തില്‍ അംഗീകാരം നേടിയവര്‍ തങ്ങളുടെ പോപ്പുലാരിറ്റി വിറ്റ്‌ കാശിക്കുകയാണ്‌.
ഏതൊരു ഉത്‌പന്നവും വിറ്റഴിക്കപ്പെടുന്നത്‌ അതിന്റെ മേന്മയും പ്രയോജനവും അനുസരിച്ചല്ല; അതിന്റെ പരസ്യത്തില്‍ ആരുടെ തലയാണ്‌ കാണുന്നത്‌ എന്നതിന്നനുസരിച്ചാണത്രെ. ഈ മാനസികാവസ്ഥയിലേക്ക്‌ സമൂഹം മാറിയതെങ്ങനെയാണ്‌? അതൊരു വശം. ഏതു തരം ഉത്‌പന്നത്തിനും സമൂഹത്തിലെ `വിഗ്രഹ'ങ്ങള്‍ ബ്രാന്റ്‌ അംബാസഡറാകാന്‍ തയ്യാറാണ്‌. ഏക മാനദണ്ഡം പണം. ഇങ്ങനെ ഇവര്‍ വാരിക്കൂട്ടുന്ന കോടികള്‍ എന്തു ചെയ്യുന്നു എന്നാരും ചോദിക്കുന്നില്ല. ഭൂട്ടാന്‍-സിക്കിം ലോട്ടറി വിവാദമായിരുന്നുവല്ലോ ഏതാനും മാസമായി മീഡിയയില്‍. വിവാദച്ചുഴിയില്‍ പെട്ട്‌ ഉലഞ്ഞാടിയ ഈ ചൂതാട്ടത്തിന്റെ ബ്രാന്റ്‌ അംബാസഡര്‍ സ്ഥാനത്തു നിന്ന്‌ ജഗതി ശ്രീകുമാര്‍ എന്ന സിനിമാ നടന്‍ പിന്മാറിയതും വാര്‍ത്തയായി. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ്‌ താന്‍ മാറിയതെന്ന്‌ ജഗതി. വാഗ്‌ദത്ത തുക മുഴുവന്‍ എക്കൗണ്ടിലെത്തിയ ശേഷമാണ്‌ പിന്‍മാറിയതെന്ന്‌ മറ്റു ചിലര്‍. അതെന്തായാലും ഈ പിന്‍മാറ്റം ശ്ലാഘനീയമാണ്‌.
എന്നാല്‍ സമൂഹമനസ്സില്‍ ബിംബപ്രതിഷ്‌ഠ നേടിയ മറ്റൊരു കലാകാരന്‍ കള്ളുകമ്പനിയുടെ ബ്രാന്റ്‌ അംബാസഡറായി സമൂഹത്തിന്റെ മുഖത്തു നോക്കി ചോദിക്കുന്നു; വൈകീട്ടെന്താ പരിപാടി?! കേരളത്തിന്റെ സാംസ്‌കാരിക നായകരിലൊരാള്‍ എന്നറിയപ്പെടുന്ന ഡോ. സുകുമാര്‍ അഴീക്കോട്‌ ആ വിഗ്രഹത്തെ വിലിച്ചു താഴെയിട്ട്‌ ആക്രമിച്ചത്‌ മീഡിയ വിശദീകരിച്ചു. ഒരു അഴീക്കോടെങ്കിലും ഈ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറയാന്‍ വേണ്ടേ എന്ന്‌ തോന്നിപ്പോയിട്ടുണ്ട്‌. മൊട്ടുസൂചി വില്‍ക്കാനും സിനിമാനടിയുടെ അര്‍ധനഗ്ന പൂര്‍ണകായ ചിത്രം വേണമെന്ന നിലയിലേക്കാണ്‌ സമഹത്തിന്റെയും ഉത്‌പാദകരുടെയും പോക്ക്‌.
കലാ കായിക രംഗത്തെ ഈ മോഡല്‍സ്‌ ആരെങ്കിലും ജീവിതത്തിന്റെ `റോള്‍ മോഡല്‍' ആണോ? കുടിച്ചു കൂത്താടി ലക്കു കെടുന്നവര്‍, കുടുംബ ബന്ധം ശിഥിലമായി കോടതി വരാന്തയില്‍ നിത്യ സന്ദര്‍ശകരായി മാറിയവര്‍, കണക്കില്ലാത്ത പണത്തിന്റെ കൂമ്പാരത്തില്‍ കണ്ണു മഞ്ഞളിച്ച്‌ മേല്‍ത്തരം വിദേശ നിര്‍മിത കാറുകളുടെ ശേഖരം തന്നെ വീട്ടില്‍ സൂക്ഷിക്കുന്നവര്‍, സമൂഹത്തിന്റെ മുന്നില്‍ പ്രകടന പരമായി പലതും ചെയ്‌ത്‌ ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടിയവര്‍, അക്ഷന്തവ്യമായ കോഴവിവാദത്തില്‍ കുടുങ്ങി അരങ്ങൊഴിഞ്ഞവര്‍... ഇങ്ങനെ എത്രയെത്ര തരം ബിംബങ്ങള്‍!
ഇന്ത്യക്കാരുടെ പേരില്‍ വളര്‍ന്നു വലുതായ ഈ താരങ്ങള്‍ വാരിക്കൂട്ടുന്ന കോടികള്‍ക്ക്‌ ആദായനികുതി അടയ്‌ക്കുന്നില്ല എന്നും അത്‌ പിടിച്ചുവാങ്ങാന്‍ കഴിയുന്നില്ല എന്നും വാര്‍ത്തകള്‍ വരുമ്പോള്‍ പൗരന്മാര്‍ ഞെട്ടുന്നു. സംസ്ഥാന ബജറ്റിനെ പോലും വെല്ലുന്ന തരത്തില്‍ സ്വന്തമായി ആസ്‌തിയുള്ളവരാണ്‌ മേല്‍പറയപ്പെട്ടവര്‍. മുകളില്‍ പറഞ്ഞ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കോളയില്‍ നിന്ന്‌ ഇരുപതു കോടി വാങ്ങുമ്പോള്‍ തന്നെ തോഷിബ, ഐ ടി സി ബൂസ്റ്റ്‌, ആര്‍ ബി എസ്‌, റെയ്‌നോള്‍ഡ്‌സ്‌, ജെ പീ സിമെന്റ്‌, അവീവ എന്നിവയുടെ കൂടി ബ്രാന്റ്‌ അംബാസഡര്‍ ആണ്‌ എന്നോര്‍ക്കണം.
സമൂഹത്തെ നന്മയിലേക്കു നയിക്കുന്ന, സമൂഹത്തിന്‌ ദിശാബോധം നല്‌കുന്ന തരത്തില്‍ പൊതുകാര്യ പ്രസക്തമായ വിഷയങ്ങളില്‍ ബ്രാന്റ്‌ അംബാസഡര്‍മാരായി രാഷ്‌ട്ര സേവനം ചെയ്യുകയല്ലേ ഈ പൊതുവ്യക്തിത്വങ്ങള്‍ ചെയ്യേണ്ട്‌? സമൂഹ മനസ്സില്‍ ഏതെങ്കിലും തരത്തില്‍ സ്ഥിരപ്രതിഷ്‌ഠ നേടിയ വ്യക്തിത്വങ്ങള്‍ ഒരിക്കലും ജീര്‍ണതയുടെ ബ്രാന്റ്‌ അംബാസഡര്‍മാരായിക്കൂടാ.

From Shabab Editorial

നഗ്‌നത അഴിഞ്ഞാടുമ്പോള്‍

മനുഷ്യനും ഇതര ജന്തുക്കളും തമ്മില്‍ നിരവധി സാജാത്യ വൈജാത്യങ്ങളുണ്ട്‌. വിശപ്പ്‌, ദാഹം, ഉറക്കം, ക്ഷീണം, ജനനം, മരണം, പ്രജനനം, സ്‌നേഹം, ഭയം.... തുടങ്ങി ജന്തുവര്‍ഗമെന്ന നിലയില്‍ നിരവധി കാര്യങ്ങളില്‍ ഇവര്‍ തമ്മില്‍ സാമ്യമുണ്ട്‌. എന്നാല്‍ ചിന്താശേഷിയും ചലനശേഷിയും വിശേഷബുദ്ധിയുമുള്ള മനുഷ്യന്‌ തിര്യക്കുകളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ നിരവധി മേഖലകളുണ്ട്‌. അസ്‌തിത്വത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുന്ന മനുഷ്യന്‍ ആശയങ്ങള്‍ ആവിഷ്‌കരിക്കുകയും മറ്റുള്ളവര്‍ക്ക്‌ വിവരിച്ചു നല്‌കുകയും തലമുറകളിലേക്ക്‌ പകരുകയും ചെയ്യുന്നു. ആയുഷ്‌കാലമത്രയും കേവല ജീവിതം നയിച്ച്‌ മരണമെന്ന തിരശ്ശീലയ്‌ക്കു പിന്നിലേക്ക്‌ തിരോഭവിക്കുകയല്ല മനുഷ്യന്‍. അവന്റെ ജീവിതത്തിന്‌ അര്‍ഥവും ലക്ഷ്യവും ഉണ്ട്‌. അവന്‌ നിയമങ്ങളും അതിരുകളും അരുതുകളും ബാധകമാണ്‌. അതുകൊണ്ടു തന്നെ ശിക്ഷയ്‌ക്കും രക്ഷയ്‌ക്കും വിധേയനാകുന്നു. ദശലക്ഷക്കണക്കിന്‌ ജന്തുജാലങ്ങളുള്‍പ്പെടെ ഈ സ്ഥൂല പ്രപഞ്ചത്തിന്റെ സൂക്ഷ്‌മതലങ്ങളില്‍ പോലും അവന്റെ പഠനവും മനനവും ഗവേഷണങ്ങളും ആവിഷ്‌കാരങ്ങളും നിറഞ്ഞുനില്‌ക്കുന്നു. ഇതാണ്‌ മനുഷ്യവര്‍ഗത്തിന്റെ പുരോഗതിക്കു കാരണം. ഈ പുരോഗതി ഇതര ജന്തുക്കളില്‍ കാണുന്നില്ല. ഇത്‌ യാദൃച്ഛിക സംഭവമല്ല. പ്രപഞ്ചസ്രഷ്‌ടാവ്‌ സോദ്ദേശ്യം പടച്ചതാണ്‌ മനുഷ്യവര്‍ഗത്തെ എന്നാണിതിന്നര്‍ഥം. അഥവാ ലോകത്തെ തന്നെ നിയന്ത്രിക്കത്തക്ക ശേഷിയോടെ അല്ലാഹു സംവിധാനിച്ചതാണ്‌ മനുഷ്യജീവിതം. ഇതാണ്‌ വസ്‌തുത. ഇതു തന്നെയാണ്‌ ഇസ്‌ലാമിന്റെ കാഴ്‌ചപ്പാടും.

മനുഷ്യനെ ജന്തുക്കളില്‍ നിന്ന്‌ വേര്‍തിരിക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്നാണ്‌ വസ്‌ത്രധാരണം. എന്തിനാണ്‌ വസ്‌ത്രം? നഗ്നത മറയ്‌ക്കാന്‍. എന്താണ്‌ നഗ്നത? മനുഷ്യന്റെ സ്വാഭാവിക പ്രകൃതിയുടെ ഘടകമായ ചില ഭാഗങ്ങള്‍ മറ്റുള്ളവരില്‍ നിന്ന്‌ മറച്ചുവയ്‌ക്കുക! ഇത്‌ ശാസ്‌ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല. സ്വാഭാവിക ജൈവപ്രക്രിയയുടെ ഭാഗമായ ചില പ്രവര്‍ത്തനങ്ങള്‍ അതീവ രഹസ്യമായി മാത്രം നിര്‍വഹിക്കുക. ഇത്‌ `ലോജിക്കല്‍' ആയി വിശദീകരിക്കാന്‍ പ്രയാസം. എന്നാല്‍ ഇതല്ലേ യാഥാര്‍ഥ്യം! ചുരുക്കത്തില്‍ ഗുഹ്യം, ഗോപ്യം തുടങ്ങിയ പദങ്ങളില്‍ വ്യവഹരിക്കപ്പെടുന്ന ചില മേഖലകള്‍ മനുഷ്യശരീരത്തിലുണ്ട്‌. ഈ തിരിച്ചറിവിന്നാണ്‌ നഗ്നതാ ബോധം എന്നു പറയുന്നത്‌. നാഗരിക മനുഷ്യനും ഗിരിശൃംഗങ്ങളില്‍, നാഗരികതയെന്തെന്നറിയാതെ, `അള'കളില്‍ താമസിക്കുന്ന ആദിവാസികളും നാണം മറയ്‌ക്കുന്നു. രീതിയില്‍ മാത്രമേ വ്യത്യാസമുള്ളൂ. ലോകാരംഭം മുതല്‍ ഇന്നേവരെ ഇതു തുടരുന്നു.

മനുഷ്യത്വത്തിന്റെ പച്ചയായ ഈ യാഥാര്‍ഥ്യം (നഗ്നത മറയ്‌ക്കല്‍) പ്രകൃതി മതമായ ഇസ്‌ലാം അതിന്റെ സാംസ്‌കാരിക മര്യാദയായി സ്വീകരിക്കുന്നു. ആദി പിതാവായ ആദമിന്റെ സൃഷ്‌ടിപ്പുമായി ബന്ധപ്പെടുത്തി ഇക്കാര്യം ഖുര്‍ആന്‍ വിവരിക്കുന്നു. വിലപ്പെട്ട കനി രുചിച്ചതോടെ ആദമിനും ഹവ്വാഇന്നും (അ) നഗ്നതാബോധമുണ്ടായി. ഉടനെ അവര്‍ ഇലകള്‍ പറിച്ച്‌ നാണം മറയ്‌ക്കാന്‍ തുടങ്ങി (വി.ഖു 7:22). മുഴുവന്‍ മനുഷ്യരുടെയും സ്ഥിതി ഇങ്ങനെ തന്നെ. എല്ലാ മതദര്‍ശനങ്ങളും നഗ്നത മറയ്‌ക്കല്‍ നിര്‍ബന്ധമായി കാണുന്നതും ഇതുകൊണ്ടു തന്നെ.

ജനമധ്യത്തില്‍ വെച്ച്‌ പാഞ്ചാലിയുടെ വസ്‌ത്രാക്ഷേപം നടത്തിയ ദുശ്ശാസനന്‍ മഹാഭാരതത്തിലെ വെറുക്കപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്‌. ഇസ്‌ലാമിക ദൃഷ്‌ടിയില്‍ ഔറത്ത്‌ (ഗോപ്യസ്ഥാനങ്ങള്‍) മറ്റുള്ളവര്‍ക്ക്‌ കാണിക്കുന്നതും മറ്റുള്ളവരുടെ നഗ്നതയിലേക്ക്‌ നോക്കുന്നതും പാപമാണ്‌. വിവാഹമെന്ന പുണ്യകര്‍മത്തിലൂടെ ദമ്പതികളായവര്‍ തമ്മിലല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുകൂടാ. വിവാഹേതര ലൈംഗികവൃത്തിയും ലൈംഗിക അരാജകത്വത്തിലേക്കു നയിക്കുന്ന നോട്ടവും ചേഷ്‌ടകളും വാഗ്‌വിചാര കര്‍മങ്ങളും കുറ്റകരമാണ്‌. വ്യഭിചാരം കടുത്ത ശിക്ഷയ്‌ക്ക്‌ വിധേയമാകുന്ന ക്രിമിനല്‍ കുറ്റവുമാണ്‌.

മനുഷ്യത്വത്തിന്റെ ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ എക്കാലത്തും സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്‌. ഉടുതുണി ഉരിയല്‍ പുണ്യമായി കണ്ട മാനസിക രോഗികളുണ്ട്‌. ചില മതവിശ്വാസികള്‍ തങ്ങളുടെ ദേവതകളെ നഗ്നമായി ചിത്രീകരിച്ച്‌ നിര്‍വൃതി കൊള്ളുന്നുണ്ട്‌. അതുപോലെ സാംസ്‌കാരിക രംഗത്ത്‌ വിരാജിക്കുന്നവരെന്ന്‌ കരുതപ്പെടുന്ന കലാകാരന്മാരും സാഹിത്യകാരന്മാരും നഗ്നത ആസ്വദിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്നവരാണ്‌. പ്രാചീന അറബികളുടെ മുഖ്യമായ വര്‍ണന കള്ളും പെണ്ണുമായിരുന്നു. പെണ്ണിന്റെ നഗ്‌നത വിറ്റ്‌ കാശാക്കുകയാണ്‌ ആധുനിക കമ്പോളം. ലജ്ജയെന്ന മാനവികത ഇല്ലാതാക്കുകയാണ്‌ ദൃശ്യമീഡിയ. പെണ്ണിനെ വസ്‌ത്രാക്ഷേപം നടത്തി മലമ്പുഴ ഉദ്യാനത്തില്‍ കൊണ്ടുവെച്ച കാനായി കുഞ്ഞിരാമനും അതിനു കൂട്ടുനിന്ന സാംസ്‌കാരിക വകുപ്പും മനുഷ്യത്വത്തെ അപമാനിക്കുന്നു. പതിനെട്ടു മുതല്‍ ഇരുപത്തഞ്ച്‌ വയസ്സുവരെ പ്രായപരിധിയില്‍ നില്‌ക്കുന്ന യുവതീയുവാക്കള്‍ പഠിക്കുന്ന കൊച്ചിന്‍ സാങ്കേതിക സര്‍വകലാശാലാ കാമ്പസില്‍ നൂല്‍ബന്ധമില്ലാതെ മലര്‍ന്നുകിടക്കുന്ന പെണ്ണിന്റെ പ്രതിമ സ്ഥാപിച്ചവര്‍ സമൂഹത്തിനു കൈമാറുന്ന മെസ്സേജ്‌ എന്താണ്‌? ആ പ്രതിമക്കു പോറലേറ്റപ്പോള്‍ നഗ്നതയുടെ ഉപാസകരായ `സാംസ്‌കാരികന്‍'മാര്‍ ഉണര്‍ന്നെങ്കിലും അന്വേഷണം നടത്തിയ പ്രോ വൈസ്‌ ചാന്‍സലര്‍ ആ പ്രതിമ എടുത്തുമാറ്റി സ്‌ത്രീത്വത്തെയും മനുഷ്യത്വത്തെയും രക്ഷിക്കണമെന്ന്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നു. സാംസ്‌കാരിക കേരളത്തിന്‌ കളങ്കംചാര്‍ത്തുന്ന പ്രതിമാ സംസ്‌കാരം അരുതെന്ന്‌ പറയാനെങ്കിലും നമുക്ക്‌ നാവു പൊങ്ങണം.


from Shabab Editorial

വായുവില്‍ പറക്കുന്ന അപകടസന്ദേശങ്ങള്‍

വൈകി വിവാഹമുറപ്പിച്ച ഒരു പെണ്‍കുട്ടി, തന്റെ അനുജത്തിക്ക്‌ തമാശ രൂപേണ ഒരു എസ്‌ എം എസ്‌ അയക്കുന്നു. ``വൃദ്ധ വിവാഹം.'' അത്‌ വായിക്കുന്ന അനുജത്തിയുടെ ഭര്‍ത്താവ്‌ കോപിഷ്‌ഠനാകുന്നു. വിവാഹാലോചന നടത്തുകയും അതുറപ്പിക്കാന്‍ പരിശ്രമിക്കുകയും ചെയ്‌ത അയാള്‍ വരന്റെ കുടുംബത്തെ വിളിച്ചറിയിക്കുന്നു. ഈ വിവാഹം നടക്കില്ല. വൈകിയ വേളയില്‍ ഒരു പെണ്‍കുട്ടിക്ക്‌ നടന്നു കിട്ടേണ്ടിയിരുന്ന നിക്കാഹ്‌ അതോടെ മുടങ്ങുന്നു. വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഒരു കുടുംബത്തില്‍ ഈയിടെ നടന്ന അനുഭവമാണ്‌ ഇത്‌.

നമ്മുടെ വായു മണ്ഡലങ്ങളിലൂടെ തലങ്ങും വിലങ്ങും സെക്കന്റുകള്‍ വച്ച്‌ പാഞ്ഞുകൊണ്ടിരിക്കുന്ന എസ്‌ എം എസ്സ്‌ (short message service) സന്ദേശങ്ങള്‍ എത്രമാത്രം അപകടകരമായ രൂപഭാവം ആര്‍ജിക്കുന്നു എന്ന്‌ തിരിച്ചറിയാന്‍ മുകളില്‍ വിവരിച്ച സംഭവം തന്നെ ധാരാളം. ദോഷകരവും നിര്‍ദോഷകരവുമായ മൊബൈല്‍ എസ്‌ എം എസ്സുകള്‍ നമ്മെ ഉറക്കമുണര്‍ത്തുകയും ഉറക്കം കെടുത്തുകയുമൊക്കെ ചെയ്‌തുകൊണ്ടിരിക്കുന്ന സാങ്കേതികപ്രതിഭാസമായി മാറിക്കഴിഞ്ഞിരിക്കുകയാണിപ്പോള്‍.

മൊബൈല്‍ ഫോണുകളുടെ ഉപയോഗം വ്യാപകമായി മാറിയതോടെയാണ്‌ നമുക്കിടയില്‍ എസ്‌ എം എസ്സുകളും വര്‍ധിച്ചുവന്നത്‌. തുടക്ക കാലത്ത്‌ അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കപ്പെട്ടിരുന്ന എസ്‌ എം എസ്സുകള്‍ പ്രധാനമായും രണ്ടു വിധത്തില്‍ സാങ്കേതികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വ്യക്തി മറ്റു വ്യക്തിക്കോ വ്യക്തികള്‍ക്കോ അയയ്‌ക്കുന്ന എസ്‌ എം എസ്സുകള്‍ പി പി വിഭാഗത്തിലും മെസ്സെജ്‌ സെന്ററുകളില്‍ നിന്നു കമ്പനികളോ മൊബൈല്‍ ദാതാക്കളോ അയക്കുന്ന വ്യാപക എസ്‌ എം എസ്സുകള്‍ സി ബി വിഭാഗത്തിലും പെടുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ കേവലം 2000 കോടി എസ്സ്‌ എം എസ്സുകളാണ്‌ ലോകത്തെമ്പാടും അയക്കപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്‌ അത്‌ നാല്‌പതിനായിരം കോടിയിലെത്തി നില്‌ക്കുകയാണ്‌. തെക്കുകിഴക്കന്‍ ഏഷ്യയിലാണ്‌ ഏറ്റവും കൂടുതല്‍ എസ്‌ എം എസ്സുകള്‍ പറന്നുനടക്കുന്നതത്രേ! തൊട്ടുപിന്നില്‍ യൂറോപ്പും. അമേരിക്കന്‍ ഐക്യനാടുകളില്‍ എസ്‌ എം എസ്സിനോടുള്ള പ്രിയം അത്രക്കില്ലെങ്കിലും എണ്ണം വര്‍ധിച്ചുവരുന്നതായാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌.

സാങ്കേതികതയുടെ വളര്‍ച്ച നമ്മുടെ ധാര്‍മിക ബോധത്തെ അതിന്റെ ആരൂഢമായ തായ്‌വേരുകളില്‍ നിന്നാണ്‌ പലപ്പോഴും പിഴുതെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌ എന്നത്‌ ലാഘവത്തോടെ വായിച്ചുതള്ളേണ്ട അറിവല്ല. ഇന്റര്‍നെറ്റ്‌ വലകളെക്കാളേറെ നമ്മുടെ സമൂഹത്തില്‍ അതിവേഗം പ്രാപ്യമായ സാങ്കേതികതയാണല്ലോ മൊബൈല്‍ ഫോണുകള്‍. മൊബൈല്‍ ഫോണുകള്‍ക്കിടയിലെ നിശ്ശബ്‌ദനായ കൊലയാളിയായി എസ്‌ എം എസ്സുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നത്‌ പലരും തിരിച്ചറിയാതെ പോവുകയാണ്‌. ഇന്റര്‍നെറ്റുകളും മറ്റും സമൂഹത്തില്‍ ധാര്‍മികബോധമുള്ള വിഭാഗം ജാഗ്രതയോടെ നിരീക്ഷിക്കുമ്പോഴും എസ്‌ എം എസ്സുകള്‍ സര്‍വസ്വതന്ത്രനായി വിലസുകയാണ്‌ നമുക്കിടയില്‍. സമൂഹത്തിലെ കൗമാരപ്രായക്കാര്‍ക്കിടയില്‍ പ്രണയത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും മാധ്യമങ്ങള്‍ പടച്ചുവിട്ടിരിക്കുന്ന ജുഗുപ്‌സാവഹമായ സിദ്ധാന്തങ്ങള്‍ക്ക്‌ എസ്‌ എം എസ്സുകള്‍ ഇന്ന്‌ പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുക്കുന്നുണ്ട്‌.

മൊബൈല്‍ ഫോണിലൂടെയുള്ള ശബ്‌ദകോളുകള്‍ നിരീക്ഷിക്കപ്പെടാന്‍ സാധ്യത കൂടുതലായതിനാല്‍ ഇന്ന്‌ കൗമാരക്കാര്‍ തെറ്റായ സഞ്ചാരങ്ങള്‍ക്കുള്ള ഉപാധിയായി ഉപയോഗിക്കുന്നത്‌ എസ്‌ എം എസ്സുകളെയാണ്‌. മൊബൈല്‍ നമ്പറുകളില്‍ സ്‌ത്രീശബ്‌ദം തിരയുന്ന കൂട്ടരും തുടക്കത്തില്‍ നിര്‍ദോഷകരമായ എസ്‌ എം എസ്‌ പറത്തിവിടുന്നു. മറുപടി അനുകൂലമാവുമ്പോള്‍ ഒരു പുതിയ `ബന്ധം' നാമ്പിടുകയായി. സ്‌ത്രീകള്‍ക്കിടയില്‍ ഇങ്ങനെ വ്യാപകമാവുന്ന എസ്‌ എം എസ്സുകള്‍ നമ്മുടെ ധാര്‍മിക ചുറ്റുപാടുകളില്‍ വിഷപദാര്‍ഥങ്ങളാണ്‌ തൊടുത്തുവിടുന്നത്‌. എസ്‌ എം എസ്സിനു വേണ്ടി മാത്രമുള്ള പുതിയ ഭാഷകള്‍ ഇംഗ്ലീഷിലും മലയാളത്തിലും രൂപപ്പെട്ടുകഴിഞ്ഞു. വ്യംഗ്യാര്‍ഥമുള്ള പദങ്ങള്‍ ലൈംഗിക അരാജകത്വത്തിനുള്ള താവളങ്ങള്‍ തേടി തരംഗങ്ങളായി പടര്‍ന്നുപന്തലിക്കുമ്പോള്‍ നമ്മുടെ കുടുംബബന്ധങ്ങള്‍ പുതിയ പ്രതിസന്ധികളിലേക്ക്‌ ആടിയുലഞ്ഞ്‌ നിപതിക്കുന്നതാണ്‌ കാണുന്നത്‌!

എസ്‌ എം എസ്സുകളിലെ ഭാഷ പലപ്പോഴും തെറ്റായ അര്‍ഥങ്ങളോടെ വായിക്കപ്പെടുന്നത്‌ അടുത്ത കാലത്തുണ്ടായ കുടുംബപ്രശ്‌നങ്ങളില്‍ ഒരു ചര്‍ച്ചാഘടകമായി മാറിയിരിക്കുന്നു. മലയാളത്തില്‍ അയക്കപ്പെടുന്നവ പ്രത്യേകിച്ചും. ഇംഗ്ലീഷ്‌ മലയാളത്തില്‍ അയക്കപ്പെട്ട ഒരു സന്ദേശം ``ഉറങ്ങിയോ, ഒരു കാര്യം പറയാനുണ്ടായിരുന്നു... ഉമ്മ... ഉമ്മറത്തുള്ള ചെരിപ്പെടുത്ത്‌ അകത്തു വെക്കാന്‍ മറക്കരുത്‌.'' ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവിന്‌ വന്ന ഈ സന്ദേശം പകുതി വായിച്ചപ്പോഴേക്കും തെറ്റിദ്ധരിച്ച ഭാര്യ, ഭര്‍ത്താവിന്റെ രഹസ്യകാമുകിയെപ്പറ്റിയറിയാന്‍ തുനിഞ്ഞിറങ്ങുന്നതോടെ വിശ്വാസദൃഢതയുള്ള ഒരു കുടുംബത്തിലാണ്‌ സംശയത്തിന്റെ പുഴുക്കുത്തുകള്‍ വീണത്‌! ഇങ്ങനെ എത്രയെത്ര അപകടകാരികളായ സന്ദേശങ്ങള്‍.

മതമേഖലയില്‍ ഹദീസുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്ന എസ്‌ എം എസ്സുകള്‍ പലപ്പോഴും വാറോലകളെയാണ്‌ വായുവില്‍ പറത്തിവിടുന്നത്‌. `അവസാനത്തെ ബസ്സ്‌' എന്ന പേരില്‍ മയ്യിത്ത്‌ കട്ടിലിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്ത ഒരു സഹോദരന്‍ ഔചിത്യബോധത്തെക്കുറിച്ച്‌ അധികം ചിന്തിക്കാതിരുന്ന ശുദ്ധഹൃദയനായിരുന്നു. എന്നാല്‍ ഗൗരവമേറിയ ബിസിനസ്‌ ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തായ വ്യവസായി തനിക്ക്‌ അഞ്ചു പ്രാവശ്യം നിരന്തരം ലഭിച്ച ഈ `അടിയന്തിര സന്ദേശ'ത്തില്‍ ക്ഷുഭിതനായപ്പോള്‍ സുഷിരങ്ങള്‍ വീണത്‌ നിര്‍മലമായൊരു സുഹൃദ്‌ ബന്ധത്തിന്നായിരുന്നു. ഇംഗ്ലീഷിനെ മലയാളത്തില്‍ വളച്ചൊടിച്ച്‌ കുഴച്ച്‌, ഗഗനത്തിലേക്കയക്കുന്ന സന്ദേശങ്ങള്‍ ഉണ്ടാക്കുന്ന പൊല്ലാപ്പുകളും ചില്ലറയല്ല.

അടുത്ത കാലത്തായി മൊബൈല്‍ ദാതാക്കളായ കമ്പനികളും പുതിയ അശ്ലീലങ്ങളെ അച്ചുനിരത്തിവിടുന്നത്‌ ഏറിവരികയാണ്‌. ഇത്തരം സി ബി സന്ദേശങ്ങളില്‍ പലപ്പോഴും കാമുകിയെക്കുറിച്ചും ഭാര്യയുടെ പ്രണയാധിക്യത്തിന്റെ തോതളക്കുന്ന ജാതകക്കുറിപ്പുകളെക്കുറിച്ചുമാണ്‌ വിവരിക്കപ്പെടുന്നത്‌. മറുപടി അയക്കുന്നവന്റെ പോക്കറ്റ്‌ ഓരോ ഇംഗ്ലീഷ്‌ ലിപികള്‍ക്കൊപ്പം ചോര്‍ന്നുപോവുന്നു എന്നതാണ്‌ രസകരമായ സത്യം. റിയാലിറ്റിഷോകള്‍ കോടിക്കണക്കിനു ജനങ്ങളില്‍ നിന്ന്‌ ഇങ്ങനെ കവര്‍ന്നെടുക്കുന്ന ശതകോടി രൂപകളുടെ കണക്കുകള്‍ ആദായനികുതിയുടെ ശീതളിമയില്‍ ഭരണകൂടത്തിനു പോലും ഹൃദയം കുളിര്‍പ്പിക്കുന്നതായിമാറുന്നു! ഇത്തരം കവര്‍ച്ചകള്‍ക്കെതിരായി നിയമനിര്‍മാണം നടത്തേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു താനും!

`കോടികളുടെ ലോട്ടറികള്‍ താങ്കള്‍ക്കു ലഭിച്ചിരിക്കുന്നു' എന്ന പേരില്‍ അന്താരാഷ്‌ട്ര സന്ദേശങ്ങള്‍ ചിലര്‍ക്കു ലഭിക്കുന്നുണ്ട്‌. പണം പിടുങ്ങാനുള്ള ഇത്തരം വലകളില്‍ കുടുങ്ങരുതെന്ന റിസര്‍വ്‌ ബാങ്ക്‌ സന്ദേശങ്ങളും അടുത്ത കാലത്ത്‌ ഇറങ്ങിയിരുന്നു.

എസ്‌ എം എസ്സുകളും ഫോണ്‍ സന്ദേശങ്ങളും അത്യാവശ്യ വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതിക സൗകര്യങ്ങളാണെന്ന്‌ മറന്നുപോകുന്നവരാണ്‌ നമ്മില്‍ പലരും. തങ്ങളുടെ സംരക്ഷണത്തില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ എസ്‌ എം എസ്സിന്റെ അപകടച്ചുഴിയിലേക്ക്‌ ഒലിച്ചിറങ്ങുന്നത്‌ തടയിടേണ്ടവരാകട്ടെ വേണ്ടത്ര ജാഗരൂകരുമല്ല! വേണ്ടപ്പെട്ടവരുടെ എസ്‌ എം എസ്‌ സന്ദേശങ്ങള്‍ ചോര്‍ത്താവുന്ന സൗകര്യപ്രദമാവുന്ന സോഫ്‌റ്റ്‌വെയറുകള്‍ ഇന്ന്‌ ലഭ്യമാണ്‌. പ്രായപൂര്‍ത്തിയാകാത്തവരോ ഫോണ്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളവരോ ഇത്തരം സോഫ്‌റ്റ്‌വെയറുകള്‍ വഴി നിരീക്ഷിക്കപ്പെടുന്നത്‌ നിയമപരമായി കുറ്റകരമല്ല.

സാങ്കേതികത നമ്മുടെ മനസ്സുകളെ അവിശുദ്ധമാക്കാതിരിക്കാന്‍ മതത്തെ പരിചയിക്കേണ്ടവരാണ്‌ മുസ്‌ലികള്‍. അല്ലാഹുവിന്റെ മഹത്തായ ജ്ഞാനത്തിന്റെ ആഴക്കടലുകള്‍ക്കിടയിലെ കേവലം അണുകണങ്ങള്‍ മാത്രമാണ്‌ നമ്മുടെ ചുറ്റിലും അതിശീഘ്രം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക സൗകര്യങ്ങള്‍ എന്ന തിരിച്ചറിവ്‌ നമുക്കുണ്ടാവേണ്ടതുണ്ട്‌. സൗകര്യങ്ങള്‍ നമ്മെ ദുഷിച്ച ലോകത്തേക്ക്‌ കൈപിടിച്ചു നടത്താവുന്ന മലിനമായ സാമൂഹിക ചുറ്റുപാടുകളും നമുക്കുണ്ടെന്ന്‌ നാം മനസ്സിലാക്കണം. എസ്‌ എം എസ്സുകളില്‍ നിന്നുടലെടുക്കുന്ന ചില തമാശകള്‍ സ്വന്തം ജീവിതമോ അന്യരുടെ ജീവിതമോ അപകടപ്പെടുത്തിയേക്കാം. എസ്‌ എം എസ്സുകള്‍ നന്മയില്‍ പങ്കാളിയാവേണ്ട സന്ദേശ സഹായിയാവണം, തിന്മയുടെ അതിപ്രസരം ചുറ്റുപാടുകളെ മലിനമാക്കുമ്പോള്‍ സൂക്ഷ്‌മതയുടെ കവചമണിയേണ്ടവരാണല്ലോ വിശ്വാസികള്‍.


by KP Khalid @ Shabab Weekly

ശരീഅത്ത്‌ നിയമങ്ങളുടെ മാനവികമുഖം

ശരീഅത്ത്‌ എന്ന അറബി പദത്തിന്‌ ജലാശയം, ജലാശയത്തിലേക്കുള്ള പാത, ജലപാനത്തിനുള്ള സ്ഥലം, നടപടിക്രമം, ദൈവിക നിയമം, നിയമം എന്നിങ്ങനെ പല അര്‍ഥങ്ങളുമുണ്ട്‌. ഇസ്‌ലാമിക ശരീഅത്ത്‌ എന്നു പറയുമ്പോഴും എല്ലാവരും ഉദ്ദേശിക്കുന്നത്‌ ഒരേ അര്‍ഥമല്ല. വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്ന മതനിയമം അഥവാ വിധിവിലക്കുകള്‍ എന്ന അര്‍ഥത്തിലാണ്‌ നബി(സ)യുടെ
ശിഷ്യന്മാരും തൊട്ടടുത്ത തലമുറകളിലുള്ള സത്യവിശ്വാസികളും ശരീഅത്ത്‌ എന്ന പദം പ്രയോഗിച്ചുപോന്നത്‌. മുസ്‌ലിംസമൂഹത്തില്‍ വ്യത്യസ്‌ത മദ്‌ഹബുകള്‍ പ്രാമുഖ്യം നേടിയതിനു ശേഷം ശരീഅത്തിന്റെ വ്യാവഹാരിക അര്‍ഥം മദ്‌ഹബീ ഫിഖ്‌ഹിലെ (കര്‍മശാസ്‌ത്രത്തിലെ) മതവിധികള്‍ എന്നായി മാറുകയുണ്ടായി. ഇന്ത്യയെപ്പോലെ പല നാടുകളിലും ഭരണപരമായ പ്രാബല്യമുള്ള ശരീഅത്ത്‌ നിയമം, വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ ചില വിഷയങ്ങളുമായി മാത്രം ബന്ധപ്പെട്ടതാണ്‌.

മുസ്‌ലിം വ്യക്തി നിയമങ്ങളുടെ പ്രമാണങ്ങളായി വിവിധ മദ്‌ഹബുകാരുടെ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളെ പരിഗണിക്കുക എന്നതാണ്‌ ഇന്ത്യയിലെ അഭിഭാഷകരും ന്യായാധിപന്മാരും നിയമജ്ഞരും പിന്തുടരുന്ന കീഴ്‌വഴക്കം. എന്നാലും വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ സ്ഥിരപ്പെട്ട വിഷയം ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടില്ലെങ്കിലും അതനുസരിച്ച്‌ വിധിക്കുന്നതിന്‌ നീതി പീഠങ്ങള്‍ക്ക്‌ നിയമപരമായ തടസ്സമില്ലെന്നത്രെ ശാബാനു കേസിലെ സുപ്രീംകോടതി വിധിയില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഖുര്‍ആനില്‍ പറഞ്ഞ മതാഇനെ ആജീവനാന്ത ജീവനാംശമായി കോടതി വ്യാഖ്യാനിച്ചതിനോട്‌ മുസ്‌ലിം പണ്ഡിതന്മാരും മതസംഘടനകളും വിയോജിപ്പ്‌ പ്രകടിപ്പിച്ചുവെങ്കിലും ശരീഅത്ത്‌ നിയമങ്ങളുടെ ആധാരമായി വിശുദ്ധ ഖുര്‍ആനിനെ കോടതി പരിഗണിച്ചത്‌ തര്‍ക്കവിഷയമാവുകയുണ്ടായില്ല. മതവിധികള്‍ക്ക്‌ ഖുര്‍ആനിലെ പ്രമാണമാക്കാന്‍ മുജ്‌തഹിദുകളായ ഇമാമുകള്‍ക്ക്‌ മാത്രമേ അര്‍ഹതയുള്ളൂവെന്നും മറ്റുള്ളവരൊക്കെ മദ്‌ഹബനുസരിച്ച്‌ ഫിഖ്‌ഹ്‌ ഗ്രന്ഥങ്ങളെയാണ്‌ മതവിധികള്‍ ഗ്രഹിക്കാന്‍ അവലംബിക്കേണ്ടതെന്നും യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പറയാറുണ്ടെങ്കിലും മുസ്‌ലിം സമൂഹ മനസ്സാക്ഷി ആത്യന്തിക പ്രമാണങ്ങളായി വിശുദ്ധ ഖുര്‍ആനിനെയും പ്രവാചകചര്യയെയും തന്നെയാണ്‌ പരിഗണിക്കുന്നത്‌ എന്നത്രെ ഇതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌.

ശരീഅത്തിനെ മുഴുവന്‍ ജീവിതമേഖലകളിലേക്കുള്ള നിയമം എന്ന അര്‍ഥത്തിലെടുത്താലും കുടുംബ നിയമം എന്ന പരിമിതമായ അര്‍ഥത്തില്‍ പരിഗണിച്ചാലും അത്‌ ആധുനികയുഗത്തിന്‌ ഇണങ്ങുന്നതാണോ എന്നത്‌ വിവാദമാക്കാന്‍ പല വിഭാഗങ്ങള്‍ നിരന്തരം ശ്രമിച്ചുപോന്നിട്ടുണ്ട്‌. സംഘപരിവാറും യുക്തിവാദികളും കമ്യൂണിസ്റ്റുകളും മുസ്‌ലിംസമൂഹത്തിലെ ചില മോഡേണിസ്റ്റുകളുമാണ്‌ മുസ്‌ലിം വ്യക്തിനിയമം മാറ്റി എല്ലാ ജനവിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായ ഏക സിവില്‍കോഡ്‌ നടപ്പിലാക്കണമെന്ന്‌ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നത്‌. മനുസ്‌മൃതിയിലെ നിയമങ്ങള്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളുടെയും മേല്‍ നടപ്പാക്കണമെന്നാണ്‌ സവര്‍ണ ഫാസിസ്റ്റുകളുടെ ആഗ്രഹമെങ്കിലും ഹിന്ദുക്കളില്‍ തന്നെ ബഹുഭൂരിപക്ഷം കാലോചിതമല്ലാത്ത ആ നിയമസംഹിത അപ്പടി നടപ്പാക്കുന്നതിനെ അനുകൂലിക്കില്ലെന്ന്‌ അറിയാവുന്നതിനാല്‍ അവരിപ്പോള്‍ ആവശ്യപ്പെടുന്നത്‌ ഒരു സെക്യുലര്‍ സിവില്‍ നിയമമാണ്‌.

ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും രാഷ്‌ട്രീയ കക്ഷികള്‍ക്കും ജനപ്രതിനിധികള്‍ക്കും നിയമജ്ഞര്‍ക്കും അത്തരമൊരു മതനിരപേക്ഷ നിയമത്തിന്റെ കാര്യത്തില്‍ യോജിക്കാന്‍ കഴിയുമോ? അത്‌ ക്ഷിപ്രസാധ്യമല്ലെന്ന്‌ ഉറപ്പാണ്‌. മതപരമോ ദൈവികമോ ആയ അടിസ്ഥാനമില്ലാത്ത ഒരു സെക്യുലര്‍ നിയമത്തെ പല മതവിഭാഗങ്ങളും അലംഘ്യമായി കരുതാന്‍ ഇടയില്ല. ഏത്‌ വിഷയത്തിലും ലോകരക്ഷിതാവിന്റെ ഹിതം മാനിച്ച്‌ ജീവിക്കാന്‍ ബാധ്യസ്ഥരായ മുസ്‌ലിംകള്‍ക്ക്‌ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളില്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമായ മനുഷ്യനിര്‍മിത നിയമങ്ങള്‍ പിന്‍പറ്റാനാവില്ല. അതിനാല്‍ മറ്റുള്ളവര്‍ക്കെല്ലാം സ്വീകാര്യമായ ഒരു നിയമം ആവിഷ്‌കരിക്കാന്‍ സാധിച്ചാല്‍ പോലും മുസ്‌ലിംകള്‍ക്ക്‌ ദൈവിക നിയമം പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കണം. അതിന്‌ വിരുദ്ധമായ ഒരു നിയമം മുസ്‌ലിംകളുടെ മേല്‍ അടിച്ചേല്‌പിക്കുന്നത്‌ ഭരണഘടന ഉറപ്പ്‌ നല്‌കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കും.

ഈ വിഷയം മുസ്‌ലിംകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ശരീഅത്ത്‌ വിരുദ്ധര്‍ പല ന്യായങ്ങള്‍ ഉന്നയിക്കാറുണ്ട്‌. നിയമങ്ങളില്‍ കാലോചിതമായ മാറ്റംവരുത്താന്‍ എല്ലാ വിഭാഗങ്ങളും സമ്മതിക്കുമ്പോള്‍ മുസ്‌ലിംകള്‍ മാത്രം പഴഞ്ചന്‍ നിയമം അപ്പടി നിലനിര്‍ത്തണമെന്ന്‌ ശഠിക്കുന്നത്‌ ശരിയല്ലെന്നാണ്‌ ഒരു ന്യായം. രാഷ്‌ട്രത്തിന്‌ ഒരു ഏകീകൃത സിവില്‍ കോഡ്‌ ആവിഷ്‌കരിക്കാന്‍ ശ്രമിക്കേണ്ടതാണെന്ന്‌ ഭരണഘടനയില്‍ തന്നെ അനുശാസിച്ചിരിക്കെ അതിന്‌ തടസ്സംനില്‌ക്കുന്ന നിലപാട്‌ മുസ്‌ലിംകള്‍ ഉപേക്ഷിക്കണമെന്നാണ്‌ മറ്റൊരു ന്യായം. ഒരു സെക്യുലര്‍ രാഷ്‌ട്രത്തില്‍ മതം പൗരന്മാരുടെ സ്വകാര്യജീവിതത്തില്‍ ഒതുങ്ങി നില്‌ക്കേണ്ടതാണെന്ന്‌ വേറെയൊരു ന്യായം. പല മുസ്‌ലിം രാഷ്‌ട്രങ്ങളും ശരീഅത്ത്‌ നിയമം ഭേദഗതി ചെയ്‌തിരിക്കെ ഇന്ത്യന്‍ മുസ്‌ലിംകള്‍ മാത്രം അനാവശ്യമായ കാര്‍ക്കശ്യം പുലര്‍ത്തുകയാണ്‌ എന്നാണ്‌ മറ്റൊരു ന്യായം. മുസ്‌ലിം സമുദായത്തില്‍ തന്നെ ഏക സിവില്‍ കോഡിനെ അനുകൂലിക്കുന്ന പലരും ഉണ്ടല്ലോ എന്നതും ഒരു ന്യായം.

കാലോചിതമായതും കാലഹരണപ്പെട്ടതും വേര്‍തിരിച്ച്‌ നിര്‍ണയിക്കുക ഏറെ സങ്കീര്‍ണമാണ്‌. വിവാഹം എന്ന ഏര്‍പ്പാട്‌ തന്നെ കാലഹരണപ്പെട്ടുകഴിഞ്ഞുവെന്നും, അത്‌ ലൈംഗിക സാഫല്യത്തിന്‌ തടസ്സമാണെന്നും, ആവര്‍ത്തന വിരസമായ ലൈംഗികത ജീവിതസാക്ഷാത്‌കാരം തന്നെ അസാധ്യമാക്കുന്നു എന്നും വാദിക്കുന്ന കുറേ പേര്‍ ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്‌. കേരളത്തിലെ ചില ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ അത്തരം ചില ബുദ്ധിജീവികളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു കാണാറുണ്ട്‌.

പാശ്ചാത്യ രാജ്യങ്ങളില്‍ ബഹുഭൂരിപക്ഷം പേരും കൗമാരപ്രായത്തില്‍ തന്നെ ബോയ്‌ഫ്രന്റ്‌-ഗേള്‍ ഫ്രന്റ്‌ കളി അഥവാ ഡെയ്‌റ്റിംഗ്‌ തുടങ്ങുന്നു. വിവാഹവും ഗര്‍ഭധാരണവും ഒഴിവാക്കി ഈ ഘട്ടത്തില്‍ `സെയ്‌ഫ്‌ സെക്‌സ്‌' ആസ്വദിക്കാന്‍ വളരുന്ന തലമുറയെ സഹായിക്കുകയാണ്‌ അവിടങ്ങളില്‍ ലൈംഗിക വിദ്യാഭ്യാസം സാര്‍വത്രികമാക്കിയിട്ടുള്ളതിന്റെ ലക്ഷ്യം. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ മറ്റു ചിലര്‍ വിവാഹത്തിലോ സഹവാസക്കരാറിലോ ഏര്‍പ്പെടുന്നു. മറ്റു ചിലരാകട്ടെ, ആയുഷ്‌കാലം മുഴുവന്‍ സ്വതന്ത്രരതി തുടരാന്‍ തീരുമാനിക്കുന്നു. അതിനിടയില്‍ പിതൃത്വം അജ്ഞാതമായ കോടിക്കണക്കിന്‌ കുഞ്ഞുങ്ങള്‍ ജന്മം കൊള്ളുന്നു. ഈ ജീവിതരീതിയാണ്‌ അത്യന്താധുനികമെന്ന്‌ കരുതുന്നവരുടെ സംഖ്യ പാശ്ചാത്യലോകത്ത്‌ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌. തങ്ങളുടെ സന്തതികള്‍ക്ക്‌ പന്ത്രണ്ടോ പതിമൂന്നോ വയസ്സാകുമ്പോഴേക്ക്‌ ലൈംഗിക തോഴനെയോ തോഴിയെയോ കിട്ടിയില്ലെങ്കില്‍ ഉല്‍ക്കണ്‌ഠാഭരിതരാകുന്ന രക്ഷിതാക്കള്‍ അമേരിക്കയിലും യൂറോപ്പിലും ധാരാളം ഉണ്ടത്രെ!

വിവാഹത്തിനും വ്യഭിചാരത്തിനും ഒരുപോലെ സാധുത നല്‌കുകയും, സമൂഹം മൊത്തത്തില്‍ തന്നെ `ഫാദര്‍ലെസ്‌' ആകുന്നതില്‍ അസാംഗത്യം തോന്നാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക്‌ മുസ്‌ലിംകള്‍ മാറണമെന്നാണ്‌ ശരീഅത്ത്‌ വിമര്‍ശകര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ധര്‍മച്യുതി ഒട്ടും അനുവദിക്കാത്ത ദൈവിക നിയമത്തെക്കുറിച്ച്‌ അവരുമായി ചര്‍ച്ച ചെയ്‌തിട്ട്‌ കാര്യമായ പ്രയോജനമുണ്ടാകുമെന്ന്‌ തോന്നുന്നില്ല. കാലവും ലോകവും ഏങ്ങനെയൊക്കെ മാറിയാലും വ്യഭിചാരം നിഷിദ്ധവും വിവാഹം അംഗീകൃതവുമായിരിക്കുക എന്ന അവസ്ഥക്ക്‌ മാറ്റംവരുത്തുന്ന കാര്യം ആദര്‍ശപ്രതിബദ്ധതയുള്ള മുസ്‌ലിംകള്‍ക്ക്‌ ആലോചിക്കാനാവില്ല.

ശരീഅത്ത്‌ നിയമങ്ങളെ വിമര്‍ശിക്കുന്നതില്‍ ബഹുഭൂരിപക്ഷഭാഗവും മുഹമ്മദ്‌ നബി(സ)യെ ദൈവദൂതനായോ വിശുദ്ധ ഖുര്‍ആനിനെ ദൈവിക ഗ്രന്ഥമായോ അംഗീകരിക്കാത്തവരാണ്‌. അതുകൊണ്ട്‌ തന്നെ ഖുര്‍ആനിലും നബിവചനങ്ങളിലും വ്യക്തമാക്കപ്പെട്ട നിയമങ്ങള്‍ എക്കാലത്തും എല്ലാവര്‍ക്കും ബാധകമാണെന്ന്‌ പറയുന്നത്‌ അവര്‍ക്ക്‌ സ്വീകാര്യമായി തോന്നാതിരിക്കുക സ്വാഭാവികമാണ്‌. കാലത്തിനും ലോകത്തിനുമനുസരിച്ച്‌ നിയമവും മാറുക എന്നതേ അവര്‍ക്ക്‌ യുക്തിസഹമായി തോന്നുകയുള്ളൂ. എന്നാലും ലോകസമൂഹങ്ങള്‍ക്കിടയില്‍ നിലവിലുള്ള വ്യക്തി-കുടുംബ നിയമങ്ങളെ വസ്‌തുനിഷ്‌ഠമായ ഒരു താരതമ്യപഠനത്തിന്‌ വിധേയമാക്കാന്‍ ശ്രമിച്ചാല്‍ ഇസ്‌ലാമിക നിയമം തികച്ചും മൗലികവും അനിതരവുമാണെന്ന്‌ അവര്‍ക്ക്‌ കണ്ടെത്താനാകും.

മുഹമ്മദ്‌നബി(സ) ജീവിച്ച കാലത്ത്‌ വിവിധ ലോകസമൂഹങ്ങളില്‍ നിലവിലുണ്ടായിരുന്ന നിയമങ്ങള്‍ ഏത്‌ തരത്തിലുള്ളതായിരുന്നുവെന്ന്‌ വിജ്ഞാനകോശങ്ങളില്‍ നിന്നും നിയമഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കാം. മാതാപിതാക്കളുടെ സ്വത്തില്‍ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ അനന്തരാവകാശം നല്‌കുന്ന നിയമം അക്കാലത്ത്‌ ഒരു രാഷ്‌ട്രത്തിലും ഉണ്ടായിരുന്നില്ല. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ (4:7) അനന്തരാവകാശത്തെ സംബന്ധിച്ച്‌ പ്രതിപാദനം തുടങ്ങുന്നതു തന്നെ, മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും നിശ്ചിത വിഹിതമുണ്ട്‌ എന്ന്‌ വ്യക്തമാക്കിക്കൊണ്ടാണ്‌. അക്കാലത്ത്‌ എല്ലാ സമൂഹങ്ങളിലും പുരുഷമേധാവിത്വം കൊടികുത്തി വാഴുകയായിരുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇപ്രകാരം: ``സ്‌ത്രീകള്‍ക്ക്‌ (ഭര്‍ത്താക്കന്മാരോട്‌) ബാധ്യതകള്‍ ഉള്ളതു പോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌'' (വി.ഖു 2:228). ``അവരോട്‌ (ഭാര്യമാരോട്‌) നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ക്ക്‌ അവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക:) നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍, അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്‌തെന്ന്‌ വരാം.'' (വി.ഖു 4:9)

മുഹമ്മദ്‌ നബി(സ)യുടെ ചരിത്രം അമുസ്‌ലിംകളായ ധാരാളം ചരിത്രകാരന്മാര്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അദ്ദേഹം അറേബ്യക്ക്‌ പുറത്ത്‌ എവിടേക്കും യാത്ര ചെയ്‌തിട്ടില്ല. നിരക്ഷരനായിരുന്ന അദ്ദേഹം നിയമസംഹിതകളൊന്നും വായിച്ചുപഠിച്ചിട്ടില്ല. അക്കാലത്തെ നിയമജ്ഞരുമായൊന്നും അദ്ദേഹം സമ്പര്‍ക്കം സ്ഥാപിച്ചിട്ടില്ല. എന്നാല്‍ ലോകരക്ഷിതാവ്‌ തനിക്ക്‌ നല്‌കിയ വെളിപാടിന്റെ ഭാഗമായി അദ്ദേഹം മാനവരാശിക്ക്‌ മുമ്പാകെ അവതരിപ്പിച്ച നിയമങ്ങള്‍ അക്കാലത്ത്‌ ഗ്രീസിലും റോമന്‍, പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളിലും പ്രാബല്യത്തിലിരുന്ന നിയമങ്ങളെക്കാള്‍ ഏറെ മികവുറ്റതായിരുന്നു. ഇസ്‌ലാമിലെ അനന്തരാവകാശനിയമങ്ങള്‍ ഉദാഹരണമായെടുക്കാം. ഒരാള്‍ മരിച്ചാല്‍ അയാളുടെ സ്വത്ത്‌ ഏതൊക്കെ അവകാശികള്‍ക്ക്‌ എത്ര അംശം വീതം ഭാഗിച്ചു കൊടുക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ നാലാം അധ്യായത്തിലെ കേവലം മൂന്നു സൂക്തങ്ങളിലാണ്‌ (11,12,176) വിവരിച്ചിരിക്കുന്നത്‌. പില്‍ക്കാലത്ത്‌ ഇസ്‌ലാമിലെ അനന്തരാവകാശനിയമം സംബന്ധിച്ച്‌ നൂറുകണക്കിന്‌ പേജുള്ള ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ആ ഗ്രന്ഥങ്ങളിലുള്ളതിന്റെയെല്ലാം രത്‌നച്ചുരുക്കം ആ മൂന്നു ഖുര്‍ആന്‍ സൂക്തങ്ങളിലുണ്ട്‌. മാതാപിതാക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ആണ്‍മക്കള്‍, പെണ്‍മക്കള്‍, മാതാവൊത്ത സഹോദരങ്ങള്‍, പിതാവും മാതാവുമൊത്ത സഹോദരങ്ങള്‍, പിതാവൊത്ത സഹോദരങ്ങള്‍ എന്നിവരുടെയെല്ലാം അനന്തരാവകാശ വിഹിതങ്ങള്‍ ആ സൂക്തങ്ങളില്‍ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുന്നു. ഇതുപോലെ സംക്ഷിപ്‌തവും ഇത്രയേറെ നിയമവിശദാംശങ്ങള്‍ അടങ്ങിയതുമായ വചനങ്ങള്‍ പ്രശസ്‌ത നിയമഗ്രന്ഥങ്ങളിലൊന്നും നമുക്ക്‌ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പതിനാലു നൂറ്റാണ്ട്‌ മുമ്പ്‌ അറേബ്യയിലെ ഒരു നിരക്ഷരന്‌ സര്‍വജ്ഞനായ ലോകരക്ഷിതാവ്‌ വെളിപ്പെടുത്തിക്കൊടുത്തിട്ടല്ലാതെ ഈ സൂക്തങ്ങള്‍ സ്വയം രചിക്കാന്‍ കഴിയുമായിരുന്നില്ല എന്ന്‌ വസ്‌തുതകള്‍ സൂക്ഷ്‌മവിശകലനത്തിന്‌ വിധേയമാക്കുന്ന ആര്‍ക്കും ബോധ്യമാകും.

ഇപ്പോള്‍ കുറെ വിമര്‍ശകര്‍ ഇസ്‌ലാമിക നിയമങ്ങളില്‍ പുരുഷാധിപത്യത്തിന്റെ സ്വാധീനം പ്രകടമാണെന്നും അത്‌ ആധുനിക ലോകവീക്ഷണത്തിനും സാര്‍വലൗകിക നീതിക്കും നിരക്കാത്തതാണെന്നും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ദൈവിക മാര്‍ഗദര്‍ശനത്തിന്റെ മൗലികത മനസ്സിലാക്കാത്ത ചില മുസ്‌ലിം ബുദ്ധിജീവികളും ആ പക്ഷത്ത്‌ ചേരുകയോ അവരുടെ ചുവട്‌ പിടിച്ച്‌ നൂതനവ്യാഖ്യാനങ്ങളുമായി രംഗത്ത്‌ വരുകയോ ചെയ്യുന്നുണ്ട്‌. അല്ലാഹുവോ അവന്റെ റസൂലോ(സ) പുരുഷന്മാരോടും സ്‌ത്രീകളോടും അനീതി കാണിക്കുകയില്ല എന്ന്‌ ബോധ്യമുള്ള സത്യവിശ്വാസികള്‍ യാഥാര്‍ഥ്യം ഗ്രഹിക്കുകയും വിമര്‍ശകര്‍ക്കും സംശയാലുക്കള്‍ക്കും അത്‌ വ്യക്തമാക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്‌.

പുരുഷന്റെ മേല്‍ സ്‌ത്രീയുടെയോ സ്‌ത്രീയുടെ മേല്‍ പുരുഷന്റെയോ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗനിര്‍ദേശമല്ല ഇസ്‌ലാമിക പ്രമാണങ്ങളിലുള്ളത്‌. ഭര്‍ത്താവ്‌, ഭാര്യ എന്നീ പദങ്ങളില്‍ അടങ്ങിയിട്ടുള്ള ആധിപത്യത്തിന്റെ ധ്വനി പോലും ഇസ്‌ലാമിന്‌ അന്യമാണ്‌. ഇണ എന്നര്‍ഥമുള്ള സൗജ്‌ എന്ന പദം തന്നെയാണ്‌ ദമ്പതികളിരുവരെ കുറിക്കാനും വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. മനുഷ്യരെ ഇണകളായി സൃഷ്‌ടിച്ചത്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനു വേണ്ടിയാണെന്നും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പങ്കുവെക്കല്‍ കൊണ്ടാണ്‌ അത്‌ സാധ്യമാവുകയെന്നും അത്‌ അല്ലാഹുവിന്റെ ഒരു ദൃഷ്‌ടാന്തമാണെന്നും 30:12 സൂക്തം വ്യക്തമാക്കുന്നു.

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാരസ്‌പര്യം കൊണ്ട്‌ കുടുംബജീവിതം സമാധാന നിര്‍ഭരമാക്കുക എന്നത്‌ അധികാര സംസ്ഥാപനത്തിന്റെ പ്രശ്‌നമല്ല. അതൊരു നിയമപ്രശ്‌നം പോലുമല്ല. മാനവിക ധര്‍മത്തിന്റെ ഉദാത്തമായ സാക്ഷാത്‌കാരമാണത്‌. അത്യധികം സ്‌നേഹവും കാരുണ്യവും പകര്‍ന്നുതരുന്ന ജഗന്നിയന്താവിന്റെ മാര്‍ഗദര്‍ശനം കലവറ കൂടാതെ സ്വീകരിക്കുന്നവര്‍ക്ക്‌ മാത്രമേ ഈ സാക്ഷാത്‌കാരം സാധ്യമാകൂ. നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിക്കുന്നവര്‍ എത്രമാത്രം പ്രഗത്ഭരാണെങ്കിലും ദിവ്യസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശീതളച്ഛായയിലേക്ക്‌ ദമ്പതികളെ ആനയിക്കാന്‍ അവര്‍ക്ക്‌ കഴിയില്ല.

കുടുംബബന്ധം കൂട്ടിയിണക്കുക എന്ന മഹത്തായ ധര്‍മത്തെ സംബന്ധിച്ച്‌ പ്രാവചകതിരുമേനി(സ) പഠിപ്പിച്ചത്‌ അത്‌ സഹായസഹകരണങ്ങളുടെ പകരം വെക്കലായാല്‍ പോരെന്നാണ്‌. എന്റെ ബന്ധു അല്ലെങ്കില്‍ ജീവിതപങ്കാളി എന്നോട്‌ നന്നായി പെരുമാറിയാല്‍ ഞാന്‍ അങ്ങോട്ടും നന്നായി പെരുമാറും, ഇങ്ങോട്ട്‌ പെരുമാറ്റം മോശമായാല്‍ അങ്ങോട്ടും പെരുമാറ്റം മോശമാകും എന്ന നിലപാടാണ്‌ പകരംവെക്കല്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌. തുടര്‍ന്ന്‌ നബി(സ) ഉണര്‍ത്തിയത്‌ ബന്ധം വിച്ഛേദിച്ചവരോടു പോലും നന്നായി പെരുമാറുന്നതാണ്‌ കുടുംബബന്ധം കൂട്ടിയിണക്കുന്നതിന്റെ ശരിയായ മാതൃക എന്നത്രെ. ശുദ്ധശുഭ്രമായ ധര്‍മബോധത്തിന്റെ ഈ വിതാനത്തിലേക്ക്‌ മാനവരെ നയിക്കാന്‍ സ്‌നേഹസ്വരൂപനായ ലോകരക്ഷിതാവിലുള്ള അഗാധമായ വിശ്വാസം മാത്രമേ പര്യാപ്‌തമാവുകയുള്ളൂ. നിയമജ്ഞരുടെയും നീതിപാലകരുടെയും കഴിവിനതീതമാണ്‌ മനുഷ്യബന്ധങ്ങളുടെ ഈ ഉദാത്തീകരണം.

കുടുംബജീവിതവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ എല്ലാ ദൈവികനിയമങ്ങളും പ്രഥമമായും പ്രധാനമായും മുസ്‌ലിംകള്‍ വിശ്വാസപ്രചോദിതരായി ഏറ്റെടുക്കാനും നിറവേറ്റാനുമുള്ളതാണ്‌. അങ്ങനെ ചെയ്യാത്തവരുടെ കാര്യത്തില്‍ മാത്രമാണ്‌ ഭരണപരമായ നിയമങ്ങളും ചട്ടങ്ങളും വേണ്ടിവരുന്നത്‌. നിയമജ്ഞരും രാഷ്‌ട്രതന്ത്രജ്ഞരുമാണ്‌ ഇതിന്റെയൊക്കെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നത്‌. മാനുഷികമായ പരിമിതികളും സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനവും നിമിത്തം അവരുടെ ഭാഗത്തു നിന്ന്‌ വല്ല വീഴ്‌ചകളും സംഭവിച്ചുകൂടായ്‌കയില്ല. എന്നാല്‍ അതിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ കയറ്റുന്നത്‌ ഒട്ടും ന്യായമല്ല. ഉദാഹരണമായി മുത്വലാഖിന്റെ കാര്യമെടുക്കാം. ഒറ്റയിരിപ്പില്‍ എത്ര ത്വലാഖ്‌ ചൊല്ലിയാലും അത്‌ ഒരു ത്വലാഖായി മാത്രമാണ്‌ നബി(സ)യും ഒന്നാം ഖലീഫ അബൂബക്കറും(റ) ഗണിച്ചിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ കാണാം.

എന്നാല്‍ അതിനെതിരായ നിലപാടാണ്‌ പല പണ്ഡിതന്മാരും പില്‍ക്കാലത്ത്‌ സ്വീകരിച്ചത്‌. ഇന്ത്യയെപ്പോലുള്ള ചില നാടുകളില്‍ നിയമജ്ഞരും ന്യായാധിപന്മാരും ഈ പണ്ഡിതന്മാരില്‍ ചിലരുടെ ഗ്രന്ഥങ്ങള്‍ അവലംബിക്കാറുണ്ട്‌. അതുകൊണ്ടു തന്നെ ചില സന്ദര്‍ഭങ്ങളില്‍ കോടതിവിധി പ്രവാചകാധ്യാപനത്തിന്‌ വിരുദ്ധമാകാനുള്ള സാധ്യത നിലനില്‌ക്കുന്നുണ്ട്‌. അതിനുള്ള പരിഹാരം പേഴ്‌സണല്‍ ലോ (വ്യക്തിനിയമം) പ്രമാണബദ്ധമാക്കുകയാകുന്നു.

നീതി പാലിക്കാന്‍ കഴിയില്ലെന്ന്‌ ആശങ്കയുള്ളവര്‍ ഏകഭാര്യാത്വം സ്വീകരിക്കണമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (4:3) അനുശാസിച്ചിട്ടുണ്ട്‌. പക്ഷെ, നീതിനിഷ്‌ഠയില്ലാത്ത ആളുകള്‍ ഒന്നിലേറെ വിവാഹം കഴിക്കുന്ന സമ്പ്രദായം ഇവിടെ അഭംഗുരം തുടരുകയാണ്‌. ഖുര്‍ആനില്‍ നിഷ്‌കര്‍ഷിച്ച നീതി ഉറപ്പ്‌ വരുത്താന്‍ ഉതകുന്ന നിയമങ്ങളും ചട്ടങ്ങളും ഇന്ത്യയില്‍ ഇല്ലാത്തതാണ്‌ അതിന്‌ കാരണം. വ്യക്തിനിയമം തികച്ചും പ്രമാണബദ്ധമാക്കുക തന്നെയാണ്‌ ഇതിനുമുള്ള പരിഹാരം. അനാഥപൗത്രന്റെ അനന്തരാവകാശ പ്രശ്‌നത്തിനും ഖുര്‍ആനിക അധ്യാപനങ്ങളില്‍ പരിഹാരമുണ്ട്‌. അത്‌ നടപ്പാക്കാന്‍ പാകത്തില്‍ നിയമങ്ങളും ചട്ടങ്ങളും ക്രമപ്പെടുത്താത്തതിനാല്‍ അനാഥ പൗത്രന്‌ അര്‍ഹമായത്‌ ലഭിക്കാത്ത അവസ്ഥയുണ്ട്‌. ഇതിനും മാറ്റമുണ്ടാവുക തന്നെ വേണം. ഇതുപോലെ വേറെയും പ്രശ്‌നങ്ങളുണ്ടാകാം. ഉത്തരവാദപ്പെട്ട മതപണ്ഡിതന്മാരും നിയമജ്ഞരും രാഷ്‌ട്രതന്ത്രജ്ഞരും ചേര്‍ന്ന്‌ വിഷയം സമഗ്രമായി പഠിച്ചാല്‍ ദൈവിക നിയമത്തിന്റെ ചൈതന്യം രാഷ്‌ട്രനിയമത്തില്‍ പൂര്‍ണമായി പ്രതിഫലിപ്പിക്കാന്‍ കഴിയുമെന്ന്‌ പ്രത്യാശിക്കാവുന്നതാണ്‌.

പല സന്ദര്‍ഭങ്ങളിലും സ്‌ത്രീക്ക്‌ പുരുഷനെപ്പോലെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടി അധ്വാനിക്കാന്‍ കഴിയില്ല എന്ന കാര്യം സുവിദിതമാണ്‌. അതിനാല്‍ കുടുംബച്ചെലവും സംരക്ഷണബാധ്യതയും പൂര്‍ണമായി പുരുഷന്‍ വഹിക്കണമെന്ന്‌ അല്ലാഹു വിധിച്ചിരിക്കുന്നു. ഭാര്യയുടെയും മക്കളുടെയും ചെലവുകള്‍ മാത്രമല്ല, അധ്വാനിക്കാന്‍ കഴിവോ ആസ്‌തിയോ ഇല്ലാത്ത പിതാവിന്റെയും മാതാവിന്റെയും അനാഥരായ സഹോദരീ സഹോദരന്മാരുടെയും സംരക്ഷണബാധ്യതയും ആരോഗ്യമുള്ള പുരുഷനാണ്‌ വഹിക്കേണ്ടത്‌. സ്‌ത്രീയുടെ മേല്‍ ആരെയും സംരക്ഷിക്കേണ്ട ബാധ്യത ഇസ്‌ലാം ചുമത്തിയിട്ടില്ല. ഇതും പുരുഷാധിപത്യമായി വല്ലവരും ഗണിക്കുന്നുവെങ്കില്‍ അവര്‍ക്ക്‌ ഗുരുതരമായ വീക്ഷണവൈകല്യം ഉണ്ടെന്നേ പറയാനൊക്കൂ. ബാധ്യതയും അവകാശവും പരസ്‌പരബന്ധമുള്ള കാര്യങ്ങളാണ്‌.

കുടുംബത്തില്‍ എല്ലാവരുടെയും ജീവിതച്ചെലവ്‌ വഹിക്കാന്‍ ബാധ്യതയുള്ള ആള്‍ക്കും അത്തരം യാതൊരു ബാധ്യതയുമില്ലാത്ത ആള്‍ക്കും കുടുംബസ്വത്തില്‍ തുല്യവിഹിതം നല്‌കണമെന്ന്‌ പറയുന്നത്‌ തികഞ്ഞ അനീതിയായിരിക്കും. എല്ലാ വിഷയത്തിലും കണിശമായ നീതി നിര്‍ദേശിക്കുന്ന അല്ലാഹു അനീതിക്ക്‌ കൂട്ടുനില്‌ക്കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഇസ്‌ലാമിക നിയമം പാലിക്കപ്പെടുന്ന സമൂഹത്തില്‍ സ്‌ത്രീക്ക്‌ സ്വന്തം ജീവിതച്ചെലവോ കുടുംബാംഗങ്ങളുടെ ജീവിതച്ചെലവോ വഹിക്കേണ്ടിവരികയുള്ളൂ. ഇത്‌ പരിഗണിച്ചാകാം മകന്റെ/സഹോദരന്റെ വിഹിതത്തിന്റെ പകുതി മകള്‍ക്ക്‌/സഹോദരിക്ക്‌ നല്‌കാന്‍ ഖുര്‍ആനില്‍ അനുശാസിച്ചത്‌.

കുടുംബസ്വത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി സ്‌ത്രീകള്‍ യാതൊന്നും ചെയ്യാത്ത സാഹചര്യം പരിഗണിച്ചുള്ളതാണ്‌ സ്‌ത്രീയുടേതിന്റെ ഇരട്ടി അനന്തരാവകാശം പുരുഷന്‌ നല്‌കാനുള്ള ഇസ്‌ലാമിക നിയമമെന്നും, സ്‌ത്രീകളും പുരുഷന്മാരെപ്പോലെ ജോലി ചെയ്‌ത്‌ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ആധുനിക യുഗത്തില്‍ ആ നിയമം അപ്രസക്തമാണെന്നും ചിലര്‍ വാദിക്കാറുണ്ട്‌.

കുടുംബച്ചെലവുകള്‍ മുഴുവന്‍ പുരുഷനാണ്‌ വഹിക്കേണ്ടതെന്നും സ്വത്തും വരുമാനവുമുള്ള സ്‌ത്രീകള്‍ പോലും സ്വന്തം ധനം ഭര്‍ത്താവിനോ മക്കള്‍ക്കോ വേണ്ടി ചെലവഴിക്കാന്‍ ബാധ്യസ്ഥരല്ലെന്നുമുള്ള ഇസ്‌ലാമിക നിലപാട്‌ കാലഹരണപ്പെട്ടതാണെന്ന്‌ ഇവര്‍ വാദിക്കാറില്ല എന്നത്‌ ശ്രദ്ധേയമാണ്‌. സഹോദരനും സഹോദരിയും തുല്യമായി അധ്വാനിക്കുകയോ തുല്യനിലയില്‍ പണം മുടക്കി ബിസിനസ്‌ നടത്തുകയോ ചെയ്‌തിട്ട്‌ ഉണ്ടായ ആസ്‌തി ഭാഗിക്കുന്നത്‌ 2:1 എന്ന അനുപാദത്തിലായിരിക്കണമെന്ന്‌ ഇസ്‌ലാമില്‍ നിയമമില്ല. ആ ആസ്‌തി ഇരുവര്‍ക്കും തുല്യമായി അവകാശപ്പെട്ടതാണ്‌. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ സ്വത്ത്‌ ആണ്‍-പെണ്‍ അവകാശികള്‍ എങ്ങനെ ഭാഗിച്ചെടുക്കണമെന്നതാണ്‌ ഇസ്‌ലാമിക അനന്തരാവകാശ നിയമത്തിലെ പ്രതിപാദ്യം.

മരിച്ചുപോയ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥനായിരുന്ന പുരുഷ അവകാശിക്കും അത്തരം ബാധ്യതയൊന്നും ഇല്ലാതിരുന്ന പെണ്‍ അവകാശിക്കും തുല്യവിഹിതമല്ല നല്‌കേണ്ടതെന്ന്‌ നീതിബോധമുള്ള ആര്‍ക്കും ബോധ്യമാകും. സ്വാഭാവികനീതിയാണ്‌ അനന്തരാവകാശ വിഹിതത്തിലെ സ്‌ത്രീ-പുരുഷ ഭേദത്തിന്‌ നിദാനം. ഇനി വല്ല അസാധാരണ സാഹചര്യത്തിലും സ്വത്ത്‌ എല്ലാ മക്കള്‍ക്കും തുല്യമായി വീതിച്ചുകൊടുക്കലാണ്‌ നീതിയുടെ താല്‌പര്യമെന്ന്‌ പിതാവിനോ മാതാവിനോ ബോധ്യപ്പെടുകയാണെങ്കില്‍ ഇഷ്‌ടദാനത്തിലൂടെയോ വസ്വിയ്യത്തിലൂടെയോ ആ താല്‌പര്യം അവര്‍ക്ക്‌ നിറവേറ്റാവുന്നതാണ്‌. മാതാപിതാക്കളുടെ സാമ്പത്തിക വളര്‍ച്ചയില്‍ ആണ്‍മക്കളും പെണ്‍മക്കളും തുല്യ പങ്കുവഹിക്കുകയോ, മാതാപിതാക്കള്‍ക്ക്‌ ഇരുവിഭാഗവും തുല്യ അളവില്‍ സേവനങ്ങള്‍ അര്‍പ്പിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങള്‍ ഇതിനുദാഹരണമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ മക്കളില്‍ ആരോടും ഒട്ടും അനീതി കാണിക്കാന്‍ പാടില്ലെന്ന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും പ്രവാചക നിര്‍ദേശങ്ങളില്‍ നിന്നും സ്‌പഷ്‌ടമാകുന്നു.

വിശുദ്ധ ഖുര്‍ആനിലും തികച്ചും വിശ്വസ്‌തരായ വ്യക്തികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളിലും വ്യക്തമാക്കപ്പെട്ട നിയമങ്ങള്‍ മാത്രമേ പ്രമാദമുക്തമായും കാലാതിവര്‍ത്തിയായും പരിഗണിക്കപ്പെടേണ്ടതുള്ളൂ എന്ന യാഥാര്‍ഥ്യം ശരീഅത്തിനെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന ആരും വിസ്‌മരിക്കരുത്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ ശേഷമുള്ള ഏത്‌ പണ്ഡിതന്റെയും നിയമജ്ഞന്റെയും അഭിപ്രായങ്ങളില്‍ ശരിയും തെറ്റുമുണ്ടാകാം.

ശരീഅത്ത്‌ നിയമത്തിന്റെ പേരില്‍ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികളിലും തെറ്റുപറ്റാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ ദൈവികനിയമം വ്യാഖ്യാനിക്കുന്നവരുടെയും നടപ്പാക്കുന്നവരുടെയും അബദ്ധങ്ങളും വീഴ്‌ചകളും ഇസ്‌ലാമിനെ ഇകഴ്‌ത്താന്‍ ന്യായമാകാവുന്നതല്ല. ശരീഅത്ത്‌ നിയമങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥകര്‍ത്താക്കളുടെ നിഗമനങ്ങളും നിരീക്ഷണങ്ങളും കാലഹരണപ്പെടാന്‍ സാധ്യതയുണ്ട്‌. ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ക്കും ഹദീസുകള്‍ക്കും വ്യാഖ്യാതാക്കള്‍ നല്‌കിയ വിശദീകരണങ്ങളിലും മാനുഷികമായ തെറ്റുകള്‍ വന്നുകൂടായ്‌കയില്ല. എന്നാല്‍ ദൈവികവചനങ്ങളും അല്ലാഹു ബോധനം നല്‌കിയതിന്റെ അടിസ്ഥാനത്തില്‍ നബി(സ) പറഞ്ഞ വാക്കുകളും കാലാതിവര്‍ത്തിയും തെറ്റുകള്‍ക്ക്‌ അതീതവുമായിരിക്കും.

ബുദ്ധി പാശ്ചാത്യര്‍ക്ക്‌ പണയപ്പെടുത്തിയ ചില ആളുകള്‍ക്ക്‌ ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ പോലും കാലഹരണപ്പെട്ടതാണെന്ന്‌ തോന്നാം. യഥാര്‍ഥത്തില്‍ അത്‌ അവരുടെ കാഴ്‌ചപ്പാടിലെ വൈകല്യം മാത്രമാണ്‌. പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാലത്താണ്‌ മുഹമ്മദ്‌ നബി(സ) ``മാന്യന്മാരല്ലാതെ സ്‌ത്രീകളെ ആദരിച്ചിട്ടില്ല; നീചന്മാരല്ലാതെ സ്‌ത്രീകളെ അപമാനിച്ചിട്ടില്ല'' (ഇബ്‌നുമാജ) എന്ന്‌ പ്രഖ്യാപിച്ചത്‌. വനിതാവിമോചനം, സ്‌ത്രീശാക്തീകരണം തുടങ്ങിയ ശബ്‌ദങ്ങള്‍ ലോകം കേള്‍ക്കാന്‍ തുടങ്ങുന്നതിന്‌ നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ സ്‌ത്രീയെ ആദരിക്കല്‍ മാന്യതയുടെ മാനദണ്ഡമായി നിര്‍ണയിക്കാന്‍ മുഹമ്മദ്‌ നബി(സ)യല്ലാതെ മറ്റാരെങ്കിലും പഠിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ആധുനികതയുടെ വക്താക്കളില്‍ നിന്നും അതുപോലൊരു വചനം ലോകം കേട്ടിട്ടില്ല. കുടുംബജീവിതത്തെ മാന്യതയുടെ പാരസ്‌പര്യമാക്കുക എന്ന കാലഹരണപ്പെടാത്ത ആശയമാണ്‌ ശരീഅത്ത്‌ നിയമങ്ങളുടെ സാരസര്‍വസ്വം.


by ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി @ ശബാബ്

LinkWithin

Related Posts Plugin for WordPress, Blogger...

Popular Posts